2.9.15

അഭിമുഖത്തിനിടയില്‍...



ചിലപ്പോള്‍ അങ്ങനെയാണ്‌, എഴുതിയില്ലെങ്കില്‍ ഒരു വല്ലായ്‌മ. എന്റെ ഈ ഇടത്തില്‍ എനിക്കു തോന്നുന്നതൊക്കെ കുത്തിക്കുറിച്ചു കൊണ്ടിരിക്കണം. ചെറുകാവ്‌ എന്നു പഴയ ഉടമസ്ഥര്‍ പേരിട്ട എന്റെ വീട്ടിലിരിക്കുന്ന സുഖശീതളിമയില്‍ പ്രവഹിച്ച വാക്കുകളുടെ സുഗന്ധമോ സൗന്ദര്യമോ എന്റെ ഭാവനയ്‌ക്കു പിന്നീട്‌ വന്നിട്ടില്ല. വിവാഹം കഴിഞ്ഞാല്‍ ലോകം ചുരുങ്ങുമെന്നു വിശ്വസിച്ചിരുന്നില്ല, രണ്ടു വര്‍ഷം മുമ്പ്‌ വരെ. ആഴ്‌ചയില്‍ ഒരു വാര്‍ത്തയെങ്കിലും എഴുതിയിരുന്ന ഞാന്‍ മാസത്തിലൊന്നു പോലും എഴുതാതെയായി. ദോശമാവ്‌ പരത്തി വട്ടത്തിലാക്കാനും പൊട്ടാതെ കിണ്ണത്തിലെത്തിക്കാനും അരി വാങ്ങാനും പച്ചക്കറിയുടെ വിലയോര്‍ത്ത്‌ ദീര്‍ഘനിശ്വാസം വലിക്കാനും മുഷിഞ്ഞ വസ്‌ത്രങ്ങള്‍ അലക്കിയുണക്കി മടക്കി വയ്‌ക്കാനുമുളള ഓട്ടത്തിനിടയില്‍ ഉച്ചയ്‌ക്ക്‌ ഒരു മണിക്കൂറെങ്കിലും ഉറങ്ങാന്‍ കിട്ടിയാല്‍ ഭാഗ്യം. ഫോണിലെ അലാറത്തിന്റെ നിലവിളി കേട്ട്‌ ഞെട്ടിയുണരുമ്പോഴും ഉറക്കത്തില്‍ സുഖനിദ്രയുടെ സ്വപ്‌നത്തിന്റെ ദൃശ്യങ്ങള്‍ ഓര്‍ത്തെടുക്കാനുളള ശ്രമമാകും. പിന്നീട്‌ ഓഫീസിലേക്കുളള പരക്കം പാച്ചില്‍. അവിടെ വാര്‍ത്തകളുടെ ഇടയില്‍. രാത്രി ഒഴിഞ്ഞ നഗരവീഥിയിലൂടെ കാറില്‍ ഫ്‌ളാറ്റിലേക്ക്‌. അടുത്ത ദിവസത്തേയ്‌ക്കുളള ഭക്ഷണമെന്തൊക്കെയെന്നു കണക്കു കൂട്ടി കിടക്കയിലേക്ക്‌. മൊബൈലില്‍ വന്ന സന്ദേശങ്ങള്‍ വായിച്ച്‌ ആവശ്യമെങ്കില്‍ മറുപടിയും നല്‍കി നിദ്രയേ പുല്‍കുമ്പോള്‍ ബ്രാഹ്മമുഹൂര്‍ത്തമായി കാണും. നാലോ അഞ്ചോ മണിക്കൂറുകളുടെ ഇടവേള. പിന്നീട്‌ വീണ്ടും യാന്ത്രികതയിലേക്ക്‌.

ഈ തിരക്കുകള്‍ക്കിടയിലും ഞാന്‍ എന്നോടു തന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്‌, മാധ്യമപ്രവര്‍ത്തകയാണെന്ന സത്യം. ചുറ്റും നടക്കുന്നത്‌ പോലും കണ്ണോടിക്കാന്‍ കഴിയാതെയുളള ഓട്ടത്തിനിടയില്‍ കിട്ടിയ ഒരു അഭിമുഖം. സിനിമാ സപ്ലിമെന്റിനായി എഴുതാനിരിക്കുന്നു. പുതിയ താരോദയം. ഒരു ചെറു മോശമായ വാക്കു പോലും ആ ചെറുപ്പക്കാരന്റെ ഭാവി കളഞ്ഞേക്കും. ബാല്‍ക്കണിയിലിരുന്ന്‌ എങ്ങനെ തുടങ്ങണമെന്ന്‌ ആലോചിച്ചപ്പോള്‍ മുമ്പില്‍ ഗ്യാസ്‌ സിലിണ്ടര്‍. കഴിഞ്ഞ ആഴ്‌ച തീര്‍ന്നതാണ്‌. ബുക്ക്‌ ചെയ്യാന്‍ ഇനിയും സമയം കിട്ടിയിട്ടില്ല. നിലത്തെ പായകള്‍ കഴുകാനിടണം. നിലം തുടയ്‌ക്കുന്ന തുണി വൃത്തിയാക്കാന്‍ വൈകി. അരി അടുപ്പത്തു തിളച്ചു മറിഞ്ഞോ! ഇല്ല, എഴുതാന്‍ സമയമായിട്ടില്ല. പണിയൊക്കെ തീര്‍ത്തിട്ടിരിക്കാം.

കിടപ്പുമുറി അടുക്കിപ്പെറുക്കിവെച്ച്‌ കസേര വലിച്ചിട്ട്‌ ലാപ്പ്‌ ടോപ്പ്‌ തുറന്നു. പുറത്തു കാട്‌ വെട്ടുന്ന ശബ്ദം. പണ്ട്‌ നിലമ്പൂരിലെ വീട്ടിലൊരു കൃഷ്‌ണന്‍ വരാറുണ്ട്‌. യാതൊരു ഒച്ചയുമില്ലാതെ പണിയെടുക്കും. നിലത്ത്‌ പുല്ലു മുളയ്‌ക്കാറേ ഇല്ലെന്ന മട്ടില്‍ വെടിപ്പാക്കും. വെട്ടിയവയൊക്കെ കുട്ടയിലാക്കി തെങ്ങിന്റെ ചുവട്ടില്‍ കൊണ്ടിടും. മണ്ണിന്റെ മണം മൂക്കിലേക്ക്‌ അടിച്ചു കയറും. ഇവിടെ ആ സുഗന്ധമുണ്ടോ! ഞാന്‍ മൂക്കു വിടര്‍ത്തി നോക്കി. ചെറുതായിട്ടുണ്ട്‌. പക്ഷെ അതിനേക്കാളേറെയുളളത്‌ യന്ത്രത്തില്‍ നിന്നും വരുന്ന ഡീസലിന്റെ ഗന്ധമാണ്‌. അഭിമുഖം എങ്ങനെ തുടങ്ങണം. ആരംഭമാണ്‌ ഓരോ വാര്‍ത്തയിലേക്കും ആളുകളെ ആകര്‍ഷിക്കുന്നത്‌. കുത്തിക്കുറിച്ചു മായ്‌ച്ചും കുറെ നേരമിരുന്നു. പിന്നെ എന്തെങ്കിലുമാകട്ടെയെന്നു കരുതി എഴുതി തുടങ്ങി. കൂട്ടിനു സോപാനസംഗീതവും കഥകളിപദവും ലാപ്‌ടോപ്പില്‍ വച്ചു. താഴെ കാട്ടു വെട്ടാന്‍ വന്നയാള്‍ വെളളത്തിന്റെ പൈപ്പ്‌ മുറിച്ചിരിക്കുന്നു. ഒന്നാം നിലയിലുളള താത്തമാര്‍ അയാളുമായി അങ്കം വെട്ടുകയാണ്‌. തല പുറത്തേയ്‌ക്കിട്ട എന്നോടും അവര്‍ പരാതി പറയുന്നു. കേള്‍ക്കാന്‍ നേരമില്ല, അല്‍പം വെളളം പിടിച്ചു വെയ്‌ക്കണം. ഞാനും സ്വാര്‍ഥയാവുകയാണ്‌.

എങ്ങനെയൊക്കെയോ എഴുതിത്തീര്‍ത്തു. ഒരു പിടി ചോറു വാരി കഴിച്ചു. എല്ലാം ഒതുക്കി വെച്ചപ്പോഴാണ്‌ വായനശാലയില്‍ നിന്നെടുത്ത പുസ്‌തകം കണ്ണില്‍പ്പെട്ടത്‌. മടക്കി കൊടുക്കണം. ആകെ ആഴ്‌ചയിലൊരിക്കലേ കയറൂ. ലൈബ്രറിയിലേക്കു കയറിയപ്പോള്‍ കുറേയായല്ലോ കണ്ടിട്ട്‌ എന്നു അവിടെയിരിക്കുന്ന ചേച്ചിയുടെ കമന്റ്‌. ലോകപ്രശസ്‌ത ചെറുകഥകളെന്നൊരു കനമുളള ഇംഗ്ലീഷ്‌ പുസ്‌തകമെടുത്ത്‌ ബാഗിലിട്ട്‌ ബസ്സില്‍ കയറി.

മാനാഞ്ചിറയിറങ്ങി റോഡു മുറിച്ചു കടക്കാന്‍ നോക്കുമ്പോള്‍ 'കുട്ടി'പോലീസ്‌ തടുത്തു. ഒരു നിമിഷം കാക്കൂ എന്ന സ്‌നേഹപൂര്‍ണ്ണമായ ഉപദേശം. വണ്ടികളെ തടുത്ത്‌ വഴികാണിച്ചു തന്നു. ചിറയുടെ ഓരത്തു കൂടെ നടക്കുമ്പോള്‍ ഒരു കാമുകന്‍ വേലിക്കിടയിലൂടെ നടപ്പാതയിലേക്കു കടന്നു തന്റെ കാമുകിയേയും വിളിക്കുന്നു. പര്‍ദ്ദയണിഞ്ഞ അവള്‍ നാണത്തോടെയും വിഷമത്തോടെയും കഴിയില്ലെന്നു പറയുന്നു. ഒരു വേലിക്കപ്പുറവുമിപ്പുറവും അവര്‍ കൈകോര്‍ത്തു നടന്നു.

മിഠായിത്തെരുവിലെ കലന്തന്‍സ്‌ കൂള്‍ബാറിലേക്ക്‌ ഷൈയ്‌ക്കു കുടിക്കാന്‍ ക്ഷണിക്കുന്ന ജീവനക്കാരന്‍. തെരുവില്‍ പുസ്‌തകം വില്‍ക്കുന്നയാളുടെ പരിചയഭാവം, വിദേശമദ്യക്കടയ്‌ക്കു മുന്നിലെ തിരക്ക്‌... ഓഫീസിലെത്തി ഹാജര്‍ വെച്ചു. എഴുതിയ അഭിമുഖത്തില്‍ കുറച്ചു തിരുത്തലുകള്‍ വരുത്തി അയച്ചു കൊടുത്തു. വാര്‍ത്തകളുടെ ലോകത്തേയ്‌ക്ക്‌, പോള്‍ മുത്തൂറ്റും എസ്‌ കത്തിയും! 

20.7.15

അപരിചിതം ഈ സൗഹൃദം

'എന്തൂന്നാ ഈ കുത്തിക്കുറിയ്ക്കുന്നേ'... തൃശ്ശൂര്‍ ഭാഷയിലുളള വാക്കുകള്‍ കേട്ടപ്പോള്‍ അറിയാതെ തിരിഞ്ഞു നോക്കി. ഇല്ല, എല്ലാം എന്റെ തോന്നല്‍ മാത്രം. തിമിര്‍ത്തു പെയ്യുന്ന മഴയ്ക്കു അങ്ങനെയൊരു അസുഖമുണ്ട്. പണ്ട് എന്റെ ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു, 'മഴയും മഞ്ഞും ആരെയും ഭ്രാന്തരാക്കും.'

പാടവും തോടും വെളളം നിറഞ്ഞ് ഒന്നായി കിടക്കുന്ന ഒരു ദിനത്തിലാണ് വളരെ സ്‌നേഹത്തോടെ കാത്തുസൂക്ഷിച്ചൊരു സൗഹൃദം തകര്‍ന്നത്. സ്ഥാനം കൊണ്ട് ഏട്ടനാണെങ്കിലും (ഇംഗ്ലീഷില്‍ കസിന്‍ എന്നു വായിക്കാം) ബാല്യത്തില്‍ എന്റെ മനസ്സ് ഏറ്റവുമടുത്തു വായിച്ച കൂട്ടുകാരനാണ്. പേരു ചോദിക്കരുത്.

പുസ്തകങ്ങളുമായി കൂട്ടുകൂടിയ എന്നെ സമപ്രായക്കാരായ കുട്ടികള്‍ ഒഴിവാക്കി. നിശ്ശബ്ദമായൊരു ബാല്യമായിരുന്നു എന്റെത്. പിന്നീട് പുസ്തകങ്ങളെയും അക്ഷരങ്ങളെയും ഒഴിവാക്കി ശബ്ദങ്ങളില്‍ അലിഞ്ഞു ചേരേണ്ടി വന്നു കൂട്ടു കിട്ടാന്‍. എല്ലാവരില്‍ നിന്നും അകന്നിരിക്കുന്ന എന്റെ അടുത്തു വന്നു സംസാരിക്കാനും മനസ്സു തുറക്കാനും ഏട്ടനെ ഉണ്ടായിരുന്നുളളൂ. വേനലവധിക്കു കൂട്ടുകുടുംബവും പിന്നീട് അണുകുടുംബവുമായുളള ജീവിതമായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. വയലിലും തൊടിയിലും നടന്നും  ക്രിക്കറ്റു കളിച്ചും ചക്കയും മാങ്ങയും തിന്നും അവധി ഞങ്ങള്‍ ആഘോഷമാക്കി.

കൗമാരകാലത്ത് ഋതുമതിയായി തറവാട്ടിലെ നാലുകെട്ടിന്റെ അറയില്‍ വിശേഷാവസരങ്ങളില്‍ ആരും കാണാതെ ഒളിച്ചിരിക്കേണ്ടി വരുമ്പോള്‍ മനസ്സു തേങ്ങാറുണ്ട്. പുറത്തെ ആരവങ്ങളില്‍ ചെവിയോര്‍ത്തു ഞാന്‍ സ്വയം അവിടുത്തെ ആഘോഷങ്ങള്‍ക്കു മനസ്സില്‍ ഛായം പൂശും. ആ സമയത്ത് കൂട്ടായി ഏട്ടന്‍ വരാറുണ്ട്. തൊടാതെ അകലത്തിരുന്നു പുറത്തു നടക്കുന്ന സംഭവങ്ങള്‍ വിവരിക്കും. ഇരുളു നിറഞ്ഞ അറയ്ക്കപ്പുറമുളള ആ ലോകം ഞാന്‍ ഏട്ടനിലൂടെ കാണും.

ആ കൂട്ട് എങ്ങനെ തകര്‍ന്നുവെന്ന് എനിക്കിപ്പോഴും അറിയില്ല. പല തവണ ഞാന്‍ ശ്രമിച്ചെങ്കിലും ഏട്ടന്‍ ഫോണെടുക്കാറില്ല. എങ്കിലും നമ്പര്‍ ഡിലീറ്റ് ചെയ്യാനൊന്നും ഞാന്‍ മെനക്കെട്ടില്ല. എന്നെങ്കിലും വിളിച്ചാലോ! എന്നെ വേദനപ്പിക്കുന്ന ഈ സംഭവത്തെക്കുറിച്ചു ഓര്‍ക്കുന്നതു പോലും എന്റെ കൂടപ്പിറപ്പിന് ഇഷ്ടമല്ല. ഞാന്‍ എഴുതിയതു കണ്ടാല്‍ എന്നെ വിളിച്ചു അനിയന്‍ ചീത്ത വിളിക്കുമെന്നും ഉറപ്പാണ്.

എങ്കിലും മനസ്സ് വല്ലാതെ നോവും. ഒരിക്കല്‍ എന്റെ ചിന്തകള്‍ വായിച്ചറിഞ്ഞിരുന്ന ഏട്ടന്റെ  നോട്ടങ്ങളില്‍ ഇന്നു നിസ്സംഗത മാത്രമേ നിഴലിക്കുന്നുളളൂ. ഒരിക്കല്‍ ഒന്നിച്ച് ഓടിക്കളിച്ചിരുന്ന തറവാട്ടുമുറ്റത്ത് ഇപ്പോള്‍ അപരിചിതരെപ്പോലെ ഞങ്ങള്‍ അവധിക്കു ഒത്തുകൂടുന്നു. നാലുകെട്ടിലെ മഴ മാത്രം ഞങ്ങള്‍ക്കിടയില്‍ വല്ലപ്പോഴും ശബ്ദിക്കും.

15.6.15

ഇപ്രാവശ്യവും രക്ഷയില്ല



ഈ ചേര്‍ച്ചകള്‍ക്കുളള അടിസ്ഥാനമെന്ത്? പറഞ്ഞു വരുമ്പോള്‍ ഇരട്ടകളോ നേര്‍ സഹോദരങ്ങളോ അല്ല. ഏടത്തിയെന്നു ഞാന്‍ ആദ്യം വിളിച്ച വ്യക്തി, ആറു മാസത്തെ മൂപ്പ് വില വെക്കേണ്ടെങ്കില്‍ പോലും. സഹോദരന്‍മാരുടെ മക്കളാണെങ്കിലും ഒരേ ദിനത്തില്‍ മണിക്കൂറുകളുടെയോ നിമിഷങ്ങളുടെയോ വ്യത്യാസത്തില്‍ ഒരേ അമ്മയ്ക്കു ജനിച്ച വ്യക്തികളേക്കാള്‍ ഒരു പോലെ ഞങ്ങളെ തറവാടിലെ അംഗങ്ങള്‍ കണ്ടു.

പുളളികളും നിറങ്ങളും ഒരു പോലെ നോക്കി പുത്തനുടുപ്പുകള്‍ വിശേഷാവസരങ്ങള്‍ക്കായി ഞങ്ങള്‍ക്കു വേണ്ടി വാങ്ങി വെച്ചു. ഒന്നിച്ചു കൈ പിടിച്ചു നടക്കാന്‍ പഠിച്ചു. അല്ല, ആദ്യം നടന്നു തുടങ്ങിയ അളകേടത്തി എനിക്കു വഴികാട്ടിയായി. വീഴാതെ പിടിച്ചു നിര്‍ത്തി.

നിഗൂഡമായ മനസ്സുളള ഒരു വ്യക്തിത്വമാണ് ഏടത്തിയുടേതെന്നു പലപ്പോഴും തോന്നാറുണ്ട്. പക്ഷെ ഒരുമ നിറങ്ങളില്‍ ഞങ്ങളെ പിടിച്ചു നിര്‍ത്തി. വെവ്വേറെ വീടുകളില്‍ നിന്നും ചടങ്ങുകള്‍ക്കെത്തി അവിടെ വെച്ചു കണ്ടു മുട്ടുമ്പോഴും വസ്ത്രങ്ങളിലെ നിറങ്ങളുടെ സാദൃശ്യം ഞങ്ങളെ വിസ്മയപ്പെടുത്തി.

പറഞ്ഞാല്‍ ഫലം പോകുമെന്ന കേട്ടുകേള്‍വിയനുസരിച്ച് പലരോടും ഞങ്ങള്‍ ഈ നിറങ്ങളിലെ ഒരുമയെക്കുറിച്ചു പറഞ്ഞു. ഒരു ഫലിതമെന്നോണം അവര്‍ ഇതിനെ ചിരിച്ചു തളളി, അല്ല ഇന്നും ആ പതിവ് തുടര്‍ന്നു.

ഇന്ന് അളകേടത്തിയുടെ മുത്തശ്ശന്റെ നവതിയാഘോഷത്തിനു കോഴിക്കോട് തളിയിലെ പത്മശ്രീ ഓഡിറ്റോറിയത്തിലെത്തിയ ഞാന്‍ ആളുകള്‍ക്കിടയില്‍ ആ മുഖം എവിടെയെന്നു നോക്കി. ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം കാണുന്നതിന്റെ ആകാംക്ഷയ്ക്കപ്പുറം ഞാന്‍ ഏടത്തിയെ തിരഞ്ഞത് വേഷമെന്തെന്നറിയാനായിരുന്നു.

ഏടത്തിയെ അന്വേഷിച്ചു തിരക്കിനിടയില്‍ പച്ച സാരിയില്‍ നടന്ന എനിക്കു കണ്ടു പിടിക്കാന്‍ അധികം കഷ്ടപ്പെടേണ്ടി വന്നില്ല. പച്ച ദാവണിയുടുത്ത് ഹാളിനകത്ത് ആരോടോ സംസാരിച്ചു നില്‍ക്കുന്നു. പരസ്പരം ചിരിച്ചു കൊണ്ട് പറഞ്ഞു, 'ഇപ്രാവശ്യവും രക്ഷയില്ല.'

31.5.15

അലിയണം വെണ്ണപോല്‍


പുറത്തെ കനത്ത ചൂടും ശീതികരിച്ച മുറിയിലെ മരവിച്ച തണുപ്പിനുമിടയിലെ ജീവിതം. ലോകം ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ആരംഭിച്ച് ജനങ്ങള്‍ ഉണരുമ്പോള്‍ അവസാനിക്കുന്ന ദിനങ്ങള്‍. കൈവെളളയില്‍ സ്വന്തമെന്നു കരുതി താലോലിച്ച സൗഹൃദങ്ങള്‍ തകരുമ്പോള്‍ പോലും കിതയ്ക്കാനോ തേങ്ങാനോ കഴിയാത്ത അവസ്ഥ. ബസ് സ്‌റ്റോപ്പില്‍ കണ്ടക്ടറുടെ ഡബിള്‍ബെല്ലെന്ന ഔദാര്യത്തിനു കാത്ത് നഗരത്തിലെ സ്ഥിരം തിരക്കുകളിലലിഞ്ഞുളള യാത്ര. അടുത്ത ലക്ഷ്യത്തില്‍ കയറുന്ന യാത്രക്കാര്‍ക്കായി തിരക്കിട്ടിറങ്ങി വഴിമാറി നടക്കും. കത്തിയെരിഞ്ഞാലും ചാരത്തില്‍ നിന്നുമുയര്‍ന്ന് അന്നത്തെ അന്നത്തിനു വകതേടുന്ന മിഠായിത്തെരുവും മദ്യത്തിനായി മര്യാദയോടെ കാത്തു നില്‍ക്കുന്ന വിദേശമദ്യശാലയും കടന്ന് റെയില്‍വെ ഗേറ്റും കഴിഞ്ഞ് കിതച്ച് ഓഫീസിലേക്ക്.

രാത്രിയും പാതിരാത്രിയും കഴിഞ്ഞ്, വന്ന വഴി വിജനമായി കിടക്കുന്നതു നോക്കി വഴിയരികില്‍ ഉറങ്ങാന്‍ ഇടം തേടുന്ന സ്ത്രീയെ നോക്കി കാറിലിരുന്ന് നിശ്വസിച്ച് വീട്ടിലേക്കു മടക്കം. ദിവസവും പുതിയ വാര്‍ത്തകള്‍ കൈകളിലെത്തുമ്പോഴും മരവിക്കാതെ മനസ്സ്. നാളെ രാവിലെ കാപ്പിക്കൊപ്പം പത്രം കണ്ടില്ലെങ്കില്‍ പ്രാഥമികകൃത്യങ്ങള്‍ പോലും നടത്താന്‍ കഴിയാത്ത ഒരു വായനാലോകത്തിനു വേണ്ടി ജീവിക്കുന്നു. സമയത്തിനു പ്രാമുഖ്യം നല്‍കിയ ജോലിക്കിടയില്‍ കുടുംബത്തിനും അടുക്കളയ്ക്കും വായനയ്ക്കും എഴുത്തിനും ഫോണിനും നവമാധ്യമങ്ങള്‍ക്കും സമയം കണ്ടെത്താനാകാതെ കുഴങ്ങുമ്പോള്‍ ഓര്‍ക്കും ഇതൊന്നുമില്ലെങ്കില്‍ ജീവിതം എത്ര വിരസമാകുമെന്ന്.

സമയം ധാരാളം കിട്ടുന്നത് ഉറക്കത്തിനിടയിലെ സ്വപ്‌നങ്ങള്‍ക്കു മാത്രമാണ്. രണ്ടു നിമിഷത്തില്‍ ഒരു സംവത്സരം കാണാം. എത്താന്‍ കഴിയാത്ത സ്ഥലങ്ങളും മോഹിക്കാന്‍ പറ്റാത്ത പലതും എനിക്കു ചുറ്റുമെത്തുന്നു. ഒരിക്കലെങ്കിലും സാക്ഷ്യം വഹിക്കാനോ അനുഭവിക്കാനോ ആഗ്രഹിച്ച മുഹൂര്‍ത്തങ്ങള്‍ എനിക്കായി രചിക്കുന്നു എന്റെ ഉപബോധമനസ്സ്. സ്വപ്‌നങ്ങളിലലിഞ്ഞ് ഒരു നാള്‍ ഇല്ലാതാവണം,  ദോശയ്ക്കു മുകളില്‍ വെണ്ണ പതഞ്ഞു തീരുന്നത് പോലെ!

15.4.15

വിഷു ആശംസകള്‍



ഈശ്വരന്‍മാരുടെ ചിത്രങ്ങള്‍ പൊടി തുടച്ചു വച്ച്‌, കൊന്നയേ നോക്കി അത്ഭുതപ്പെട്ട്‌, കൈനീട്ടം എണ്ണി, പൂത്തിരിയും മത്താപ്പും കത്തിച്ച്‌, പടക്കത്തിന്റെ ശബ്ദം കേട്ട്‌ പേടിച്ച്‌ ചെവി പൊത്തി, മുത്തശ്ശിയുടെ ശകാരം പേടിച്ച്‌ ഓരോ കറിയും കൃത്യസ്ഥാനത്തു വിളമ്പി സദ്യ കഴിച്ച്‌, വേനലവധി ആഘോഷിക്കാനൊത്തു കൂടുന്ന സഹോദരങ്ങളോടൊത്ത്‌ ചക്കയും മാങ്ങയും മത്സരിച്ചു കഴിക്കുന്ന വിഷു ഭൂതകാലത്തെ ഫോട്ടോകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.

രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ സഹപ്രവര്‍ത്തക തന്ന ഒരു കെട്ടു കൊന്നപ്പൂവുമായി ഫ്‌ളാറ്റിലേക്കു കയറി വരുമ്പോള്‍ സമയം അര്‍ധരാത്രി. ഒക്കെ ഒരുക്കി ഉറങ്ങാന്‍ കിടന്നപ്പോഴേക്കും ഒരു മണി. ഉറക്കം പിടിക്കുമ്പോഴേക്കും അയല്‍ക്കാരില്‍ ചിലര്‍ മാലപ്പടക്കത്തിനു തിരി കൊളുത്തി. മനസ്സില്‍ പ്‌രാകി, "ഇവര്‍ക്കൊന്നും വേറെ പണിയില്ലേ! മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ...."

വിഷു ആശംസകള്‍......!!! 

14.4.15

തുഞ്ചന്റെ തത്തയെ കൊഞ്ചിച്ചു മൂന്നാം വട്ടം



ഭാഷയെ സ്‌നേഹിക്കുന്നവരെയും ആരാധിക്കുന്നവരെയും സ്വീകരിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത മണ്ണാണ്‌ തിരൂര്‍ തുഞ്ചന്‍പറമ്പിലേത്‌. എഴുത്തോലകളില്‍ നിന്നും ബ്ലോഗുകളിലേക്കെത്തി നില്‍ക്കുമ്പോഴും അക്ഷരത്തെ സ്‌നേഹിക്കുന്ന ഒരുപാട്‌ മലയാളികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്‌. അതു തന്നെയാണ്‌ ഓരോ വട്ടവും തുഞ്ചന്‍പറമ്പിനപ്പുറമൊരു വേദിയെ ബ്ലോഗര്‍ സംഗമത്തിനായി ചിന്തിക്കാന്‍ കഴിയാത്തതും.

എഴുത്തിനെ ഓണ്‍ലൈന്‍വത്‌കരിച്ചപ്പോള്‍ പ്രമുഖ സാഹിത്യകാര്‍ അവരെ രണ്ടാം തരക്കാരായി കണക്കാക്കി. ഇതേ കാരണം കൊണ്ടു തന്നെ ബ്ലോഗര്‍മാര്‍ സ്വയം തുഞ്ചന്റെ പിന്‍ഗാമികളായി കണക്കാക്കാന്‍ പോലും സംശയിച്ചു. കാലക്രമേണ പ്രധാനവ്യക്തികള്‍ ഓണ്‍ലൈന്‍ എഴുത്തിലേക്കും ബ്ലോഗിങിലേക്കും എത്തിയപ്പോള്‍ ലോകം അവരുടെ കൃതികളും അംഗീകരിച്ചു തുടങ്ങി. ഇതു ഓണ്‍ലൈന്‍ എഴുത്തുകാരുടെ ആത്മവിശ്വാസം കൂട്ടി.

മടി കൂടാതെ തങ്ങളും എഴുത്തുകാരാണ്‌ എന്നു പറയുന്ന ബ്ലോഗര്‍മാരെയാണ്‌ ഏപ്രില്‍ 12നു ഞായറാഴ്‌ച തുഞ്ചന്‍ പറമ്പില്‍ കണ്ടത്‌. നൂറു കണക്കിനു ഇ-എഴുത്തുകാരാണ്‌ ഒത്തുകൂടിയത്‌. കെ. എ. ബീന, ഒരിക്കല്‍ മാലിദ്വീപിലെ ജയിലില്‍ അകപ്പെട്ട ജയചന്ദ്രന്‍ മൊകേരി, സോഷ്യല്‍ മീഡിയ നിരീക്ഷകരായ വി.കെ. ആദര്‍ശ്‌, ജിക്കു വര്‍ഗീസ്‌ തുടങ്ങിയവര്‍ ബ്ലോഗര്‍ സംഗമത്തിലെ താരങ്ങളായി. ഫേസ്‌ബുക്ക്‌ എന്ന മാധ്യമമോ ബ്ലോഗര്‍മാരുടെയും ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെയും സഹായമോ ഇല്ലായിരുന്നെങ്കില്‍ തനിക്കു ഈ രണ്ടാം ജന്മം ലഭിക്കില്ലായിരുന്നുവെന്ന ജയചന്ദ്രന്‍ മൊകേരിയുടെ വാക്കുകള്‍ നിറഞ്ഞ കൈയടിയോടെയാണ്‌ സദസ്സ്‌ സ്വീകരിച്ചത്‌.

മൂന്നാം തവണയാണ്‌ ഈ വേദിയില്‍ ബ്ലോഗര്‍ സംഗമം നടത്തുന്നത്‌. ദുബായില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങി നേരെ ഇവിടെയെത്തിയവരുണ്ട്‌. തിരുവനന്തപുരം മുതല്‍ കാസര്‍കോട്‌ വരെയുളള ഇ-എഴുത്തുകാരും എത്തി. എഴുപതു പിന്നിട്ടവര്‍ മുതല്‍ കൗമാരക്കാരുവരെ കൂട്ടുകൂടാനെത്തി. ഔപചാരിതകള്‍ക്കു സ്ഥാനമില്ലാത്ത പരിപാടിയ്‌ക്കു ഉദ്‌ഘാടനമോ സമാപനസമ്മേളനമോ ഇല്ലെന്നതു ശ്രദ്ധേയമാണ്‌.

പരിപാടിയ്‌ക്കെത്തിയ പലരും ആദ്യമായി തമ്മില്‍ കാണുകയാണ്‌. അക്ഷരങ്ങളിലൂടെ പരിഭവം പറഞ്ഞവരും മനസ്സു തുറന്നവരും തമ്മില്‍ കണ്ടപ്പോള്‍ അപരിചിതത്വം ഇല്ലേയില്ല. കഴിഞ്ഞ വട്ടം വന്നു ഇത്തവണയെത്താത്തവരുടെ എണ്ണം പറഞ്ഞു പരിഭവിച്ചു. ഒന്നിച്ചു സംസാരിച്ചും പരിചയപ്പെട്ടും ഭക്ഷണം കഴിച്ചും ബ്ലോഗിങ്ങിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തും അവര്‍ പിരിഞ്ഞു, വീണ്ടും കാണാമെന്ന ഉറപ്പില്‍.

11.4.15

തുഞ്ചന്റെ മണ്ണിലെത്തുന്നതിനു മുമ്പത്തെ ചിന്തകള്‍



ഇന്നു വായനക്കാരില്ല, എല്ലാവരും എഴുത്തുകാരാണ്‌ - ഏപ്രില്‍ 12നു തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന ബ്ലോഗേഴ്‌സ്‌ മീറ്റിനു ക്ഷണിക്കാനായി സാബു കൊട്ടോട്ടി വിളിച്ചപ്പോള്‍ പറഞ്ഞ വാചകമാണിത്‌. സത്യമാണ്‌. രണ്ടു വര്‍ഷം മുമ്പ്‌ ഏപ്രിലിലെ ഉരുകുന്ന ചൂടില്‍ നിന്നും രക്ഷപ്പെട്ടു തുഞ്ചന്റെ മണ്ണില്‍ ഒത്തു കൂടിയപ്പോള്‍ ധാരാളം എഴുത്തുകാരും വായനക്കാരുമുണ്ടായിരുന്നു. ബ്ലോഗെഴുത്ത്‌ ഒരു കലയായും തപസ്സായും ആത്മാര്‍ഥമായി കൊണ്ടു നടക്കുന്ന പല മുഖങ്ങളെയും ഞാന്‍ അവിടെ കണ്ടു.

ഫേസ്‌ബുക്ക്‌ എന്ന മാധ്യമമില്ലെങ്കില്‍ ഞാനടക്കമുളള ബ്ലോഗര്‍മാരെ ആരും അറിയുമായിരുന്നില്ല എന്നതു വാസ്‌തവം തന്നെയാണ്‌. പക്ഷെ മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ ഇന്നു നിലനില്‍ക്കുന്നതു ഗ്രൂപ്പിസമെന്ന വൃത്തികെട്ട പ്രവണതയാണ്‌. ഫേസ്‌ബുക്കിലെ രണ്ടു പ്രബല ബ്ലോഗര്‍ കൂട്ടായ്‌മകള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ പലപ്പോഴും ബ്ലോഗുകളുടെ വളര്‍ച്ചയെ വല്ലാതെ ബാധിച്ചിട്ടുണ്ട്‌. തമാശയെന്തെന്നാല്‍ ഈ രണ്ടു ഗ്രൂപ്പിനും പേര്‌ ഒന്നു തന്നെയാണ്‌്‌. ഒരു കൂട്ടായ്‌മയുടെ സഹകരണമുളള പരിപാടിക്കു മറ്റൊന്നു കൂടെ കൂടില്ല. തമ്മില്‍ പരിഹാസവും പാരവെയ്‌പ്പും. ഒന്നു ചെയ്യുന്നതു പോലെ തന്നെ മറ്റേതും അനുകരിക്കും. അവരെ വിശ്വസിക്കരുതെന്നു ഇരുവരും ഉപദേശിക്കും. ഇത്തരം പ്രവണതകള്‍ ഏതൊരു പുതിയ ബ്ലോഗറേയും ചിന്താകുഴപ്പത്തിലാക്കാം. ഞാന്‍ അനുഭവസ്ഥയാണ്‌.

ആദ്യമായി കൂടിയ ബ്ലോഗ്‌ കൂട്ടായ്‌മയില്‍ നിന്നും മറ്റേ സംഘത്തെക്കുറിച്ചു മോശമായ പരാമര്‍ശങ്ങള്‍ കേട്ടു. ഞാന്‍ വിശ്വസിച്ചു. പിന്നീട്‌ മറ്റേതില്‍ പോയപ്പോഴാണ്‌ തിരിച്ചു അവര്‍ ചിന്തിക്കുന്നതും ഇതു തന്നെയാണെന്നു കണ്ടത്‌. പിന്നീടു മനസ്സിലായി രണ്ടിലും വലിയ കഴമ്പില്ലെന്ന്‌. ഇപ്പോള്‍ ഇതില്‍ രണ്ടിലും ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചകള്‍ നടക്കാറില്ലെന്നതും ഖേദകരമായ ഒരു വസ്‌തുതയാണ്‌. ഒരു കൂട്ടായ്‌മ പ്രോത്സാഹിപ്പിച്ച മെബൈല്‍ ആപ്പ്‌ മറ്റവര്‍ തിരിഞ്ഞു നോക്കിയില്ല. വളരെ നല്ല ഒരു സംരംഭമായിട്ടു പോലും സഹകരണമനോഭാവമില്ലാതിരിക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നും. നാളെ നടക്കുന്ന ബ്ലോഗേഴ്‌സ്‌ കൂട്ടായ്‌മയ്‌ക്കായി ഓടി നടക്കുന്നത്‌ രണ്ടാമത്തെ ഗ്രൂപ്പിലുളളവരാണ്‌ എന്ന ഒറ്റ കാരണം കൊണ്ട്‌ ആദ്യ സംഘത്തിലുളള മിക്കവരും നിസ്സഹകരണത്തിലാണ്‌.

വര്‍ഷങ്ങളായി നിര്‍ജീവമായ പല ബ്ലോഗുകളുണ്ട്‌. ഒറ്റ പോസ്‌റ്റില്‍ മരണം വരിച്ചവയുമുണ്ട്‌. ഇവയെല്ലാം പുനരുജ്ജീവിപ്പിക്കാന്‍ ഒറ്റക്കെട്ടായുളള കൂട്ടായ്‌മകള്‍ വേണം. അതിനു ഗ്രൂപ്പുകളുടെ അംഗത്വം നോക്കാതെ എല്ലാത്തിലും അഭിപ്രായം രേഖപ്പെടുത്തുന്ന അജിത്തേട്ടനെപ്പോലെയുളള വായനക്കാരും വേണം.  

4.4.15

നാട്ടുവൈദ്യ ഡോക്ടറാന്റി


തീരെ വയ്യ. ശരീരം മുഴുവന്‍ ഒരു വിറ. നല്ല ക്ഷീണം- രോഗി ക്ഷീണിച്ച കണ്ണുകളോടെ പറഞ്ഞു തുടങ്ങി. എല്ലാം അനുഭാവപൂര്‍വം കേട്ട ഡോക്ടര്‍ അകത്തേക്കു പോയി. ഒരു വലിയ മരുന്നു ലിസ്‌റ്റോ അല്ലെങ്കില്‍ വീട്ടില്‍ ചെലവാവാതെയിരിക്കുന്ന സാമ്പിളുകളോ പ്രതീക്ഷിച്ചിരുന്ന രോഗി ഡോക്ടറെ കണ്ടു ഞെട്ടി. കൈയില്‍ ഒരു നാരങ്ങ.
വീട്ടില്‍ ഉണ്ടായതാണ്. ഇതു പിഴിഞ്ഞു കുടിച്ചാല്‍ മതി. എല്ലാം മാറിക്കോളും - ഡോക്ടര്‍ നാരങ്ങ നീട്ടി കൊണ്ട് രോഗിയോടു പറഞ്ഞു. രണ്ടു പേരുടെയും മുഖത്തു പുഞ്ചിരി.
ഈ ഡോക്ടര്‍ പ്രകൃതിചികിത്സകയൊന്നുമല്ല, ഒന്നാന്തരം എം.ബി.ബി.എസുകാരി. വീടിനടുത്തുളള ഇവരെ ഞങ്ങള്‍ അയല്‍ക്കാര്‍ ഡോക്ടറാന്റി എന്നാണു വിളിക്കുന്നത്. മരുന്നു കഴിയുന്നതും കുറച്ചേ കൊടുക്കാറുളളൂ. നാട്ടുവൈദ്യത്തിലാണ് വിശ്വാസം. നാരങ്ങയും നെല്ലിക്കയും കഞ്ഞിയും പയറുമെല്ലാം മരുന്നുകളാണ്.
എന്തു കൊണ്ടു ഈ നല്ല കാര്യം വാര്‍ത്തയായി കൊടുക്കുന്നില്ലയെന്ന ചോദ്യത്തിനു ഡോക്ടറാന്റിക്കു ഉത്തരമുണ്ട്: ഞാന്‍ ഒരു മെഡിക്കല്‍ സംഘടനയുടെ ആജീവനാന്ത അംഗമാണ്. അതു കൊണ്ട് സംഘടനയെ മറികടന്നു വാര്‍ത്ത കൊടുക്കുന്നതു ശരിയല്ല.
പുറത്തിറങ്ങുമ്പോള്‍ ഒരു കെട്ടു കരുവേപ്പിലയുമായി ഒരു വയോധിക കാത്തു നില്‍ക്കുന്നു. മകളുടെ അസുഖത്തെക്കുറിച്ചു ആവലാതിപ്പെടുന്നു. 'പേടിക്കണ്ട താത്ത... കഞ്ഞിവെളളം ഉപ്പിട്ടു കുടിക്കാന്‍ പറ മോളോട്. പിന്നെ എന്നെ വിശ്വസിച്ചാല്‍ മാത്രം മതി.'

15.3.15

മഴയ്ക്ക് ഒരു ആമുഖം



വേനല്‍ മഴ... പ്രതീക്ഷകള്‍ക്കു ചിറകേകി പെയ്തു കൊണ്ടിരിക്കുന്നു. എനിക്കു മുന്‍പില്‍ 'മനുഷ്യന് ഒരു ആമുഖം' പുസ്തകം. ആരും തുറക്കാത്ത ആ താളുകള്‍ക്കും ആദ്യമായി പെയ്യുന്ന മഴയ്ക്കും ഒരേ ഗന്ധം.
മഴ സമ്മാനിക്കുന്ന സ്വപ്‌നങ്ങള്‍, ഏകാന്തത, വിചാരങ്ങള്‍... എല്ലാത്തിനേയും ഞാന്‍ സ്‌നേഹിക്കുന്നു. ഞാന്‍ ലോകത്ത്  വെറുക്കുന്ന വസ്തക്കളുടെ എണ്ണം നന്നേ കുറവാണ്. എന്നെ ഇഷ്ടപ്പെടാത്തവരുടെ പേരുകള്‍ എടുത്താല്‍ അതു ധാരാളമുണ്ടാകും.
ഞാനും മഴ പോലെയാണോ? ഇല്ലാത്ത സമയത്ത് എന്നെ ഓര്‍ക്കുകയും ഉളളപ്പോള്‍ മുഖം കറുപ്പിച്ചു നോക്കുകയും ചെയ്യുന്നവരാണോ ചുറ്റും? മഴ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കും. എന്തോക്കെയോ എഴുതാന്‍ തോന്നും. ഏറ്റവും പ്രിയപ്പെട്ട ഒരു ചങ്ങാതി അടുത്തെത്തിയ പോലെ!
പുറത്തു പൊട്ടിച്ചിരികള്‍... അവര്‍ ചിരിക്കട്ടെ! ഞാന്‍ നിശബ്ദമായി ഈ മഴയെ പ്രണയിക്കട്ടെ, എല്ലാ വര്‍ഷത്തെയും പോലെ.

23.2.15

മിലിയും ഞാനും തമ്മില്‍



പൊതുവെ നിരൂപണങ്ങള്‍ വായിച്ചും അഭിപ്രായമാരാഞ്ഞുമാണ് ഞാന്‍ സിനിമയ്ക്കു പോകാറുളളത്. പക്ഷെ മിലി കണ്ടത് യാതൊരു മുന്‍ധാരണകളുമില്ലാതെയാണ്. സഹപ്രവര്‍ത്തക അടുത്ത ദിവസം ഈ ചിത്രത്തിനു പോവുകയല്ലെയെന്നു ക്ഷണിച്ചപ്പോള്‍ ആവട്ടെയെന്നു കരുതി. അവര്‍ക്കും ഈ സിനിമയേക്കുറിച്ചു വലിയ ധാരണകളൊന്നുമില്ലായിരുന്നു. ഈയിടയ്ക്കിറങ്ങിയവയില്‍ ഭേദപ്പെട്ടതെന്നു മാത്രമാണ് ഞങ്ങള്‍ക്കിരുവര്‍ക്കും കിട്ടിയ വിവരം.

സിനിമയില്‍ പക്ഷെ ഞാന്‍ കണ്ടത് എന്നെ തന്നെയായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഒരു വലിയ കൂട്ടുകുടുംബത്തിന്റെയും (ഒന്നിച്ചല്ല താമസമെങ്കിലും) ലാളനകള്‍ മാത്രം ഏറ്റു വാങ്ങാന്‍ ഭാഗ്യം ലഭിച്ച ഒരു ജന്മം. ഇടയ്ക്കു പതറി പോകുമ്പോള്‍ കൈത്താങ്ങായി അച്ഛനോ ചെറിയച്ഛന്‍മാരോ അമ്മാവന്‍മാരോ അതുമല്ലെങ്കില്‍ സഹോദരങ്ങളോ ഉണ്ടാകും. ഇവരുടെ പങ്കാളികളും അങ്ങനെ തന്നെ. ചിലപ്പോള്‍ ഓര്‍ക്കാറുണ്ട്, എനിക്കു ഒറ്റയ്ക്കു നില്‍ക്കാന്‍ കെല്‍പില്ലാതാക്കിയതും ഇവരാണെന്ന്. ഒരു കുറ്റപ്പെടുത്തലായല്ല. സ്‌നേഹകൂടുതലും ബന്ധനങ്ങളാകുന്ന നിമിഷങ്ങളുണ്ട്. ഒരിക്കലും പൊട്ടിച്ചെറിയാന്‍ കഴിയാത്ത വിധം ചുറ്റിവരിഞ്ഞ് അതങ്ങനെ കിടക്കും. വിവാഹശേഷം ഭര്‍തൃവീട്ടുകാരും സ്‌നേഹിക്കാന്‍ മത്സരിക്കുന്നു. അവരുടെയെല്ലാം ഇടയില്‍ നിന്നും എന്നെ ഞാനാക്കി മാറ്റി നിര്‍ത്തുന്നത് പലപ്പോഴും അടുത്ത സുഹൃത്തുക്കളാണ്.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഒരു സുഹൃത്തിന്റെ വിവാഹവേദിയില്‍ വച്ച് എന്നെ സ്‌കൂളില്‍ തുടക്കം മുതല്‍ അവസാനം വരെ വഴികാട്ടിയായ അധ്യാപിക പറഞ്ഞു, 'സ്‌കൂളില്‍ വച്ചു പോയ ബാച്ചുകളില്‍ എനിക്കേറ്റവും അഭിമാനം തോന്നിയത് നിന്നെക്കുറിച്ചാണ്.'

അവര്‍ എന്തു കൊണ്ട് അങ്ങനെ പറഞ്ഞുവെന്നു ഇപ്പോഴും എനിക്കു മനസ്സിലാകുന്നില്ല. ഞാന്‍ ഒരു വിധത്തിലുളള മഹത് പ്രവര്‍ത്തികളും ചെയ്തിട്ടില്ല. ക്ലാസില്‍ അന്തര്‍മുഖയായിരുന്നു. അധികം സംസാരിക്കില്ല. ആണ്‍കുട്ടികളോടു മിണ്ടാന്‍ ചമ്മലായിരുന്നു. പരീക്ഷകളിലൊക്കെ ജയിക്കാനുളള മാര്‍ക്കു മാത്രം വാങ്ങി. വിനോദയാത്രകളിലോ കലാപരിപാടികളിലോ കായികമേളകളിലോ എന്റെ സാന്നിധ്യമുണ്ടാകാറില്ല. ഒരു പുസ്തകവുമായി ഒതുങ്ങി കഴിഞ്ഞു.

കാലം എന്നെ മാറ്റി. ഞാന്‍ സംസാരിച്ചു തുടങ്ങി. ആളുകളെ പ്രശംസിക്കാനും പുകഴ്ത്താനും പഠിച്ചു. വായന ഏതാനും വര്‍ഷം ഉപേക്ഷിച്ചു. ഒരുപാടു സുഹൃത്തുക്കളെ ലഭിച്ചു. ഇന്റര്‍നെറ്റു ലോകത്തു സജീവമായി. എങ്കിലും ഇതിലൊന്നും യാതൊരു കേമത്തവും എനിക്കു കാണാന്‍ കഴിയുന്നില്ല.

മിലിയേ പോലെ ഞാനും സ്‌നേഹത്തിനു കൊതിക്കുന്നവളാണ്. സ്വപ്‌നം കണ്ടു നടക്കുന്നവളാണ്. കുടുംബത്തിന്റെ തണലും വായനയുടെ സ്പന്ദനവും ഇഷ്ടപ്പെടുന്നവളാണ്. ആ സിനിമയിലില്ലാത്ത ഒരേയൊരു കാര്യം എഴുത്താണ്. ഇവിടെയിങ്ങനെ കുറിച്ചിടുന്നത് എനിക്കൊരു ആശ്വാസമാണ്, എന്റെ വാക്കുകള്‍ക്ക് മഹത്വത്തിന്റെ ഒരംശം പോലുമില്ലെന്നു സ്വയം മനസ്സിലാക്കുമ്പോഴും!

3.2.15

ഇടയ്‌ക്കൊന്നു കരഞ്ഞൂടേ



മേഘാവൃതമായ ആകാശം മഴയ്‌ക്കു ശേഷം പ്രസന്നയായി കാണപ്പെടുന്നതു പോലെ ഒരുപാടു കരയുന്നത്‌ സുഖമാണ്‌. നേത്രങ്ങളില്‍ നിന്നു വെളളം ഉത്ഭവിക്കാനേ പ്രയാസമുളളൂ. അതു കഴിഞ്ഞാല്‍ പുറത്തേയ്‌ക്കെറിയപ്പെടുമ്പോള്‍ ശരീരം ഭീകരമായി പ്രതികരിക്കും. ചിലപ്പോള്‍ നമുക്കു തന്നെ നിയന്ത്രിക്കാനാവാതെ മറ്റവസരങ്ങളില്‍ ശാന്തമായി. ഈ അനിശ്ചിതാവസ്ഥ തന്നെയാണ്‌ കരച്ചിലിലെ മനോഹാരിത. ജനിക്കുമ്പോള്‍ കരഞ്ഞു കൊണ്ടും മരിക്കുമ്പോള്‍ മറ്റുളളവരെ കരയിപ്പിച്ചു കൊണ്ടും മനുഷ്യന്‍ ജന്‍മം തീര്‍ക്കുന്നു. എങ്കിലും എല്ലാവര്‍ക്കും ഈ വികാരത്തെ വെറുപ്പാണ്‌.

കണ്ണുനീരാല്‍ പ്രളയം തീര്‍ത്താല്‍ അതു കഴിഞ്ഞു കിട്ടുന്ന ശാന്തത വേറൊന്നിനും നല്‍കാനാകില്ല. അക്ഷികളുടെ കുളിര്‍മയ്‌ക്കൊപ്പം വ്യക്തമായ ആശയങ്ങളും തീരുമാനങ്ങളും കൈകൊളളാന്‍ ഇതു പ്രേരിപ്പിക്കുന്നു. കരയുന്നതിനിടയില്‍ വരുന്ന ചിന്തകള്‍ അപകടമാണ്‌. യാതൊരു കാരണവശാലും അവയുടെ പുറകെ പോകരുത്‌. ഭാവി ക്രിയാത്മകമാക്കാന്‍ ഇടയ്‌ക്കൊരു കരച്ചില്‍ നല്ലതാണ്‌. ബാത്ത്‌ റൂമിലോ തലയണയില്‍ മുഖം അമര്‍ത്തിയോ ശാന്തമായി കരയാം. അല്ലെങ്കില്‍ പൊട്ടി കരയാം. ആശ്വാസം തീര്‍ച്ച. ആനന്ദകണ്ണുനീരു കാണാന്‍ സുഖമാണ്‌. പക്ഷെ അതു രണ്ടു മൂന്നു കണ്ണീര്‍ത്തുളളിയില്‍ തീരും.

10.1.15

അനൂപേട്ടന്റെ കഥകള്‍




ഏതു ബന്ധത്തിലും ഒരു അവിഹിതം, ഏതിടപാടിലും ഒരു അഴിമതി എന്നിങ്ങനെ എന്തിനു പിന്നിലും ഒരു വാര്‍ത്ത കണ്ടെത്താനുളള പത്രപ്രവര്‍ത്തകന്റെ ദുഷിച്ച ബുദ്ധി - ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍, കെ.വി. അനൂപിന്റെ കഥകള്‍, മാതൃഭൂമി ബുക്‌സ്‌, 190 രൂപ, 248 പേജ്‌

കോഴിക്കോട്‌ പുതിയ ബസ്‌ സ്റ്റാന്‍ഡിനടുത്തുളള മാതൃഭൂമി ബുക്‌സിലേക്കു കയറുമ്പോള്‍ മനസ്സില്‍ രണ്ടു പുസ്‌തകങ്ങളുടെ പേരേ ഉണ്ടായിരുന്നുളളൂ. സുഭാഷേട്ടന്റെ മനുഷ്യന്‌ ഒരു ആമുഖം പിന്നെ അനൂപേട്ടന്റെ സമ്പൂര്‍ണ്ണസമാഹാരം. അനൂപേട്ടന്റെ ചിരിച്ചു കൊണ്ടിരിക്കുന്ന മുഖമുളള പുസ്‌തകം ആദ്യം തന്നെ കണ്ണില്‍ പെട്ടു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ ശേഷം സുഭാഷ്‌ ചന്ദ്രന്റെ നോവല്‍ എവിടെയും കിട്ടാനില്ല. ബുക്‌സില്‍ ചുറ്റി നടന്നു. ഭ്രമിപ്പിക്കുന്ന ലോകം. മോഹന്‍ലാലിന്റെ യാത്രാവിവരണമൊക്കെ കൈയെത്തും ദൂരത്തു അടുക്കി വച്ചിട്ടുണ്ട്‌. രണ്ടായിരം രൂപ കൊടുക്കാന്‍ ഇപ്പോള്‍ ശേഷിയില്ലാത്തതിനാല്‍ കെ.വി. അനൂപിന്റെ കഥകള്‍ വാങ്ങി വീട്ടിലേക്കു മടങ്ങി.

എത്തിയപ്പോള്‍ തന്നെ പുസ്‌തകം വായിക്കാനെടുത്തു. മുഖചിത്രം നോക്കാന്‍ തോന്നുന്നില്ല. അത്രയ്‌ക്കു ജീവനുളള ഫോട്ടോ. കണ്ണുകളിലെ തിളക്കവും മുഖത്തെ ചുളിവുകളും നേരിയ നര ബാധിച്ച മുടിയും താടിയും. അടുത്ത ദിവസം തന്നെ മറ്റൊരാള്‍ക്ക്‌ എത്തിക്കാനായി വാങ്ങിയതാണ്‌. പക്ഷെ മറച്ചു നോക്കാതെ കൊടുക്കാനായില്ല. ഉച്ചയ്‌ക്കു തുടങ്ങിയ വായന ഇടയ്‌ക്കു ഓഫീസിലെത്തിയപ്പോള്‍ നിര്‍ത്തിയെങ്കിലും മടങ്ങി വന്നു രാത്രി ഒരു മണിയോടെ അവസാനിപ്പിച്ചു. 248 പേജ്‌ വായിക്കാനായി എന്നത്‌ ഇപ്പോഴത്തെ സ്ഥിതിയില്‍ എന്റെ റെക്കോഡാണ്‌. കാരണം ബാല്യത്തില്‍ നിര്‍ത്തിയ ആ പുസ്‌തകപ്രേമം 2014 സെപ്‌തംബറിലാണ്‌ വീണ്ടും തുടങ്ങിയത്‌. ദേശപോഷിണി വായനശാലയില്‍ അംഗത്വമെടുത്തപ്പോള്‍ ആദ്യമെടുത്തതും അനൂപേട്ടന്റെ പുസ്‌തകമാണ്‌, അമ്മ ദൈവങ്ങളുടെ നാട്‌. അന്നു അനൂപേട്ടന്‍ ഈ ലോകത്തോടു പുഞ്ചിരിയോടെ വേദന കടിച്ചമര്‍ത്തി വിട പറഞ്ഞിട്ടു ഏതാനും ദിവസങ്ങളേ ആയിരുന്നുളളൂ.ഈ വര്‍ഷം ആദ്യമായി വായിച്ച കഥകള്‍ അനൂപേട്ടന്റെതാണ്‌.

മുകളില്‍ പറഞ്ഞ ദുഷിച്ച ബുദ്ധി ഒട്ടും തീണ്ടിയിട്ടില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. അമ്മയുടെ നാട്ടുകാരനായിരുന്നു അദ്ദേഹം എന്നത്‌ വൈകിയാണ്‌ ഞാനറിഞ്ഞത്‌. 'കൂത്താറമ്പത്ത്‌' എന്ന തനി നാട്ടുശൈലിയില്‍ കൂത്തുപറമ്പിനെ കഥകളില്‍ വിശേഷിപ്പിച്ചിട്ടുണ്ട്‌. അന്ധവിശ്വാസത്തിനെതിരെയും അടിച്ചമര്‍ത്തപ്പെട്ടവനു വേണ്ടിയും ഇക്കഥകള്‍ ശബ്ദിക്കുന്നു.
പുസ്‌തകത്തിന്റെ ഫോട്ടോ എടുക്കാനായി മൊബൈല്‍ കാമറ ഓണ്‍ ചെയ്‌തപ്പോള്‍ 'മനുഷ്യന്റെ ചിരി' ഡിറ്റക്ട്‌ ചെയ്യുന്ന സംവിധാനത്തില്‍ തെളിഞ്ഞു നിന്നു ആ മന്ദസ്‌മിതം. ഈ ബ്ലോഗ്‌ നിങ്ങള്‍ വായിക്കുന്നുണ്ടെങ്കില്‍ കെ.വി. അനൂപിന്റെ കഥകള്‍ വാങ്ങണം. അകാലത്തില്‍ പൊലിഞ്ഞൊരു ജീവിതത്തിനോടുളള ആദരവു മാത്രമല്ല, നിങ്ങള്‍ നല്‍കുന്ന പണത്തിന്റെ ഒരു വിഹിതം അദ്ദേഹത്തിന്റെ കുടുംബത്തിനെത്തും. സഹായാഭ്യര്‍ഥനയായി കാണണ്ട, ഈ പുസ്‌തകം വാങ്ങുന്നതും വായിക്കുന്നതും നഷ്ടക്കച്ചവടമാകുകയില്ലെന്നതുറപ്പ്‌.

വായിച്ചു തീര്‍ന്നപ്പോള്‍ തന്നെ പറയാതെ ബാക്കി വയ്‌ക്കാന്‍ തോന്നിയില്ല. ആ പുസ്‌തകത്തിലെ മുഖചിത്രത്തില്‍ നിന്നും കണ്ണുകളേ മനപ്പൂര്‍വം പിന്‍വലിക്കാന്‍ വിഫലശ്രമം. എഴുത്തുകാരുടെ അനുഗ്രഹം അവരുടെ കൈകള്‍ നിലച്ചാലും ആ വാക്കുകള്‍ ജീവിക്കുമെന്നതാണ്‌. പല രൂപത്തില്‍ പ്രസിദ്ധപ്പെടുത്തുമ്പോഴും അക്ഷരങ്ങളാണ്‌ അതില്‍ അവരുടെ ശബ്ദമാകുന്നത്‌.

എങ്കിലും ഒരു നെടുവീര്‍പ്പോടെ ഞാന്‍ അനൂപേട്ടന്റെ മുഖത്തേക്കു നോക്കുന്നു. എന്തെന്നാല്‍, മാതൃഭൂമി പ്രസിന്റെ മുറ്റത്തു കിടത്തിയ ചേതനയറ്റ ശരീരത്തേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം ജീവന്‍ തുടിക്കുന്ന ഈ ചിത്രമാണ്‌.