31.5.15

അലിയണം വെണ്ണപോല്‍


പുറത്തെ കനത്ത ചൂടും ശീതികരിച്ച മുറിയിലെ മരവിച്ച തണുപ്പിനുമിടയിലെ ജീവിതം. ലോകം ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ആരംഭിച്ച് ജനങ്ങള്‍ ഉണരുമ്പോള്‍ അവസാനിക്കുന്ന ദിനങ്ങള്‍. കൈവെളളയില്‍ സ്വന്തമെന്നു കരുതി താലോലിച്ച സൗഹൃദങ്ങള്‍ തകരുമ്പോള്‍ പോലും കിതയ്ക്കാനോ തേങ്ങാനോ കഴിയാത്ത അവസ്ഥ. ബസ് സ്‌റ്റോപ്പില്‍ കണ്ടക്ടറുടെ ഡബിള്‍ബെല്ലെന്ന ഔദാര്യത്തിനു കാത്ത് നഗരത്തിലെ സ്ഥിരം തിരക്കുകളിലലിഞ്ഞുളള യാത്ര. അടുത്ത ലക്ഷ്യത്തില്‍ കയറുന്ന യാത്രക്കാര്‍ക്കായി തിരക്കിട്ടിറങ്ങി വഴിമാറി നടക്കും. കത്തിയെരിഞ്ഞാലും ചാരത്തില്‍ നിന്നുമുയര്‍ന്ന് അന്നത്തെ അന്നത്തിനു വകതേടുന്ന മിഠായിത്തെരുവും മദ്യത്തിനായി മര്യാദയോടെ കാത്തു നില്‍ക്കുന്ന വിദേശമദ്യശാലയും കടന്ന് റെയില്‍വെ ഗേറ്റും കഴിഞ്ഞ് കിതച്ച് ഓഫീസിലേക്ക്.

രാത്രിയും പാതിരാത്രിയും കഴിഞ്ഞ്, വന്ന വഴി വിജനമായി കിടക്കുന്നതു നോക്കി വഴിയരികില്‍ ഉറങ്ങാന്‍ ഇടം തേടുന്ന സ്ത്രീയെ നോക്കി കാറിലിരുന്ന് നിശ്വസിച്ച് വീട്ടിലേക്കു മടക്കം. ദിവസവും പുതിയ വാര്‍ത്തകള്‍ കൈകളിലെത്തുമ്പോഴും മരവിക്കാതെ മനസ്സ്. നാളെ രാവിലെ കാപ്പിക്കൊപ്പം പത്രം കണ്ടില്ലെങ്കില്‍ പ്രാഥമികകൃത്യങ്ങള്‍ പോലും നടത്താന്‍ കഴിയാത്ത ഒരു വായനാലോകത്തിനു വേണ്ടി ജീവിക്കുന്നു. സമയത്തിനു പ്രാമുഖ്യം നല്‍കിയ ജോലിക്കിടയില്‍ കുടുംബത്തിനും അടുക്കളയ്ക്കും വായനയ്ക്കും എഴുത്തിനും ഫോണിനും നവമാധ്യമങ്ങള്‍ക്കും സമയം കണ്ടെത്താനാകാതെ കുഴങ്ങുമ്പോള്‍ ഓര്‍ക്കും ഇതൊന്നുമില്ലെങ്കില്‍ ജീവിതം എത്ര വിരസമാകുമെന്ന്.

സമയം ധാരാളം കിട്ടുന്നത് ഉറക്കത്തിനിടയിലെ സ്വപ്‌നങ്ങള്‍ക്കു മാത്രമാണ്. രണ്ടു നിമിഷത്തില്‍ ഒരു സംവത്സരം കാണാം. എത്താന്‍ കഴിയാത്ത സ്ഥലങ്ങളും മോഹിക്കാന്‍ പറ്റാത്ത പലതും എനിക്കു ചുറ്റുമെത്തുന്നു. ഒരിക്കലെങ്കിലും സാക്ഷ്യം വഹിക്കാനോ അനുഭവിക്കാനോ ആഗ്രഹിച്ച മുഹൂര്‍ത്തങ്ങള്‍ എനിക്കായി രചിക്കുന്നു എന്റെ ഉപബോധമനസ്സ്. സ്വപ്‌നങ്ങളിലലിഞ്ഞ് ഒരു നാള്‍ ഇല്ലാതാവണം,  ദോശയ്ക്കു മുകളില്‍ വെണ്ണ പതഞ്ഞു തീരുന്നത് പോലെ!

6 comments:

 1. നല്ല ചിന്തകൾ...
  നെട്ടോട്ടം തന്നെ.!!

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ

   Delete
 2. പത്രത്തിലെ ജോലിക്ക് ഇങ്ങനെ ചില പ്രത്യേകതകളും ഉണ്ട്. വാര്‍ത്തകള്‍ കൈകളിലെത്തും ചൂടോടെ. അത് കൃത്യസമയത്ത് വിളമ്പിക്കൊടുക്കുന്നതിനിടയില്‍ സ്വന്തം കാര്യങ്ങളൊക്കെ പടിക്ക് പുറത്ത്.

  ReplyDelete
  Replies
  1. തീര്‍ച്ചയായും അജിത്തേട്ടാ

   Delete
 3. ഇതൊന്നുമല്ലെങ്കില്‍ വിരസമാകും ജീവിതം!
  ആശംസകള്‍

  ReplyDelete