24.1.13

കള്ളം പറയാത്ത മനുഷ്യൻഅവന്‍ ഒരിക്കലും അവളെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. പക്ഷെ അവന്റെ കണ്ണുകള്‍ അവളെ പ്രണയിക്കുന്നതായി തോന്നി. ആ നയനങ്ങള്‍ അവള്‍ക്കു ഏറെ പ്രിയപ്പെട്ടതാണ്. അവന്റെ കണ്ണുകളില്‍ നോക്കി ഇരിക്കുമ്പോള്‍ സ്വയം ഇല്ലാതാകുന്നതായി അവള്‍ക്കു അനുഭവപ്പെട്ടു.

ഒരു മഴക്കാലവും ശിഷിരകാലവും വേനലും അവര്‍ പറയാതെ പ്രണയിച്ചു. ഒരു വര്‍ഷത്തിനു ശേഷം അവളുടെ കണ്ണുകളില്‍ നോക്കി അവന്‍ ശബ്ദം താഴ്ത്തി പറഞ്ഞു, "നിനക്ക് ഏറെ പ്രിയപ്പെട്ട ഈ കണ്ണുകളെ ആരാധിക്കുന്ന ഒരുവള്‍ എനിക്കുണ്ട്. അവളാകും എന്റെ ജീവിതസഖി.പക്ഷെ നീ എന്നും എനിക്ക് ഏറ്റവും നല്ല കൂട്ടുകാരി ആണ്."

അവന്‍റെ വാക്കുകള്‍ കേട്ട് നിര്‍നിമേഷയായി അവന്‍റെ കണ്ണുകളിലേക്കു നോക്കി നില്‍ക്കാനേ അവള്‍ക്കു സാധിച്ചുള്ളൂ. അവനെ ഇന്നും അവള്‍ പ്രണയിക്കുന്നു, കാരണം ആ കണ്ണുകളെ കള്ളം പറഞ്ഞുള്ളൂ അവന്‍ എന്നും ഒരു കള്ളം പറയാത്ത മനുഷ്യൻ!


(പണ്ടൊരിക്കല്‍ മലയാളം ബ്ലോഗേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ മിനി കഥ മത്സരത്തിനു വേണ്ടി എഴുതിയത്.)
 

15.1.13

പുനര്‍ജ്ജന്മം: എന്‍റെ സ്വപ്നലോകംഈ ജന്മം എത്ര സുന്ദരം,
ഇനി എന്തിനു വേറൊന്ന്‌?
ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല,
എങ്കിലും എനിക്ക് വേണം!

സ്വതന്ത്രമായി നടക്കാന്‍
ഉച്ചത്തില്‍ സംസാരിക്കാന്‍,
പെണ്ണെന്നു അഭിമാനിക്കാന്‍,
വേണം പുനര്‍ജ്ജന്മം!

പൊട്ടിച്ചെറിഞ്ഞ സ്വപ്‌നങ്ങള്‍
ശപിക്കാതെ പൊഴിച്ച പുഞ്ചിരി
മായ്ക്കാന്‍ ശ്രമിക്കാതെ
മറക്കാന്‍ കഴിയാതെ!

ശബ്ദിക്കുന്ന ഈ വാക്കുകളെ
നിങ്ങള്‍ വ്യഖ്യാനിക്കൂ!
ഞാന്‍ കാണുന്ന അര്‍ത്ഥം
എന്‍റെ മാത്രം സ്വപ്നലോകം!

7.1.13

നിലമ്പൂര്‍ പാട്ടുത്സവം: ഒരു ഓര്‍മ്മകുറിപ്പ്

പത്തു വര്‍ഷം മുന്‍പു ആ ഗ്രാമത്തില്‍ നിന്ന് തൊട്ടടുത്തുള്ള നാട്ടിലേക്ക് ഞങ്ങളുടെ കുടുംബം പറിച്ചു നട്ടുവെങ്കിലും എല്ലാ കൊല്ലത്തെയും പോലെ എന്റെ മനസ്സ് ഇന്ന് ആ അമ്പലപറമ്പിലാണ്. ഇന്നാണ് നിലമ്പൂര്‍ വലിയ കളംപാട്ട്. എന്‍റെ ബാല്യകാലത്തെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ സമ്മാനിച്ച ദിവസങ്ങള്‍ വര്‍ഷം തോറും നടന്നു വരുന്ന ഒരാഴ്ച നീളുന്ന കളംപാട്ടാണ്.

നിലമ്പൂര്‍ കോവിലകത്തിന്റെ കുടുംബക്ഷേത്രമായ വേട്ടെക്കൊരുമകന്റെ അമ്പലത്തിലാണ് കളംപാട്ടെന്ന ഉത്സവം നടക്കുന്നതെങ്കിലും നാട് മുഴുവന്‍ ഈ ആഘോഷത്തില്‍ പങ്കു ചേരും. ഇന്നത്തെ കമ്മ്യൂണിസം പറയുന്ന പോലെ ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണം എന്ന തത്വം പഴയകാലം തൊട്ടേ ഈ പാട്ടുല്‍സവത്തില്‍ സര്‍വാണി സദ്യ എന്ന പേരില്‍ നടത്തി പോരുന്നു. കളംപാട്ടിനു മുന്നോടിയായി കൊടിമരം നാട്ടുന്നതിനുള്ള മുള ആദിവാസികള്‍ കൊണ്ട് വരുന്നു. ഏഴു ദിവസം നീളുന്ന പാട്ടുത്സവം തീരുന്നത് വരെ അമ്പലത്തിനു മുന്‍പില്‍ അവര്‍ കുടില്‍ കെട്ടി താമസിക്കുന്നു. വലിയ കളംപാട്ടിന്റെ ദിവസം സദ്യ കഴിഞ്ഞു ഇവര്‍ക്ക് തിരിച്ചു കാട്ടിലേക്ക് പോകുമ്പോള്‍ അടുത്ത വര്‍ഷം വരെ പട്ടിണി കൂടാതെ ഭക്ഷിക്കാനുള്ള ചോറ് ഇവിടുന്നു നല്‍കുന്നു. ഒടുവില്‍ "ആഹാരം മതിമതിയെ" എന്ന് പറഞ്ഞു നിറഞ്ഞ മനസ്സോടെ അവര്‍ കാട്ടിലേക്ക് മടങ്ങുന്നു. ഐതിഹ്യപ്രകാരം വേട്ടെക്കൊരുമകനെ നമ്പോല കോട്ടയില്‍ നിന്ന് നിലമ്പൂരെക്ക് ക്ഷണിച്ച കോവിലകത്തെ തമ്പുരാന് മുന്‍പില്‍ ദേവന്‍ ഒരു നിബന്ധന വച്ചത്  കാട്ടിലെ തന്‍റെ  മക്കള്‍ക്ക്‌ എല്ലാ വര്‍ഷവും ഒരു ദിവസം വയറു നിറയെ ഭക്ഷണം നല്‍കണം എന്നയിരുന്നെത്രേ! കാട്ടിലേയും നാട്ടിലെയും മക്കള്‍ ഒരുമിച്ചിരുന്നു ഭക്ഷിക്കുന്ന കാഴ്ചയാണ് ഇന്നത്തെ സര്‍വാണി സദ്യയില്‍ കാണാന്‍ കഴിയുന്നത്.


കോവിലകത്തിന്റെ പരിസരത്തുള്ള ഒരു കൊച്ചു വാടകവീട്ടിലാണ് ഞാനും എന്റെ കുടുംബവും നിലമ്പൂര്‍ എന്ന നാട്ടില്‍ ആദ്യം താമസിച്ചത്. പാട്ടുത്സവം തുടങ്ങുമ്പോള്‍ ദൂരെ ദേശങ്ങളില്‍ താമസിക്കുന്ന അംഗങ്ങള്‍ കോവിലകങ്ങളിലേക്ക് എത്തുകയും ഒരാഴ്ചക്ക് ശേഷം ആ മണിമാളികകള്‍ വീണ്ടും ശൂന്യമാവുകയും ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ച ആണ്. തൃശൂരിലെയും വള്ളുവനാടിലെയും പോലെ ഉത്സവങ്ങള്‍ ആനകളുടെ എണ്ണം നോക്കി കേമത്തം നിശ്ചയിക്കുന്ന സമ്പ്രദായം മലബാറിലും ഏറനാടിലും ഇല്ലാത്തതുകൊണ്ട് നിലമ്പൂര്‍ പാട്ടിനു ഒരു ആന മാത്രമേ ഉണ്ടാകാറുള്ളൂ. ആനക്ക് ഏഴു ദിവസവും വൈകുന്നേരം ചോറ് കൊടുക്കുന്നത് ഞങ്ങള്‍ താമസിച്ചിരുന്ന വീടിനു മുന്‍പിലെ അഗ്രശാലക്ക് സമീപമാണ്. പാപ്പാന്മാര്‍ ഉരുളിയിലെ ചോറ് വലിയ ഉരുളകളാക്കി ആനവായില്‍ വച്ച് കൊടുക്കുന്നത് കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ നോക്കി നിന്നിടുണ്ട്. രാവിലെ നട തുറക്കുമ്പോഴും ഓരോ പൂജ ആരംഭിക്കുമ്പോഴും കഴിയുമ്പോഴും ക്ഷേത്രത്തില്‍ ഈ ദിവസങ്ങളില്‍ കതിന വെടി പൊട്ടിക്കാറുണ്ട്. അന്നും ഇന്നും വെടിയൊച്ച എന്നെ ഞെട്ടിക്കാറുണ്ട് എന്ന സത്യം ഞാന്‍ മറച്ചു വക്കുന്നില്ല.

കളംപാട്ടിന്‍റെ വന്യമായ സൗന്ദര്യവും തീക്ഷ്ണതയും രാത്രിയാണ്‌ ദൃശ്യമാകുന്നത്. പഞ്ചവര്‍ണ്ണപൊടികള്‍ കയ്യിലെടുത്ത് ചുരികയും അമ്പും കയ്യിലേന്തിയ വേട്ടെക്കരന്റെ മനോഹരമായ കളം വരയ്ക്കുന്ന കുറുപ്പന്മാരെ ഞാന്‍ മനസ്സുകൊണ്ട് എപ്പോഴും നമിക്കാറുണ്ട്. പതിഞ്ഞ താളത്തില്‍ കൊട്ടുന്ന ചെണ്ടയുടെ ശബ്ദത്തില്‍ ചുവന്ന പട്ടും ചിലമ്പും അണിഞ്ഞ വെളിച്ചപാട് (കോമരം) കളം മായ്ക്കുന്നതോടെ ഒരു ദിവസത്തെ ചടങ്ങുകള്‍ അവസാനിക്കും. സാധാരണ ചടങ്ങുകള്‍ക്ക് പുറമേ ചിലദിവസങ്ങളില്‍ തായമ്പകയും പഞ്ചവാദ്യവും പന്തീരായിരം നാളികേരമേറും നടക്കാറുണ്ട്.  വെളിച്ചപ്പാട് ഒറ്റയിരിപ്പില്‍ പന്തീരായിരം നാളികേരമെറിയുന്നത് കാഴ്ചക്കാരില്‍ അത്ഭുതം ജനിപ്പിക്കും.


ക്ഷേത്രത്തിനു പുറത്ത് നഗരവും പാട്ടുത്സവം ആഘോഷിക്കും. നിലമ്പൂര്‍ പാട്ട് എന്നാല്‍ പണ്ട് ഞങ്ങള്‍ക്ക് ബലൂണും പൊരിയും വളയും മാലയും വാങ്ങാനുള്ള കാലമാണ്. ആദ്യമൊക്കെ നിലമ്പൂരിലെ കോവിലകം റോഡ്‌ എന്ന ചെറിയ സ്ഥലത്ത് ഒതുങ്ങി നിന്ന വഴിവാണിഭം ഇന്ന് നഗരത്തില്‍ മുഴുവനായും വ്യാപിച്ചു. മരണക്കിണറിന്റെ ഭീകരതയും യന്ത്ര ഊഞ്ഞാലിന്റെ വലിപ്പവും കണ്ടു ആദ്യമായി ഞാന്‍ അത്ഭുതപ്പെട്ടത് "പാട്ടങ്ങാടിയില്‍" വച്ചാണ്.


ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്കുള്ള നിലമ്പൂരിന്റെ വളര്‍ച്ചയ്ക്കിടയില്‍ പാട്ടുല്സവതിന്റെയും മുഖം മിനുക്കപ്പെട്ടു. ഷോപ്പിംഗ്‌ ഫെസ്റ്റിവലും സാംസ്‌കാരിക സമ്മേളനവും കലസന്ധ്യകളുമായി ഒരു മാസത്തിലധികം നീണ്ടു നില്‍കുന്ന ആഘോഷങ്ങളില്‍ നഗരം ആറാടുമ്പോള്‍ ജാതിമതഭേദമന്യേ എല്ലാ ജനങ്ങളും അതില്‍ പങ്കു കൊള്ളുന്നു. നിലമ്പൂര്‍ പാട്ടുത്സവദൃശ്യങ്ങള്‍ ലോക്കല്‍ ചാനലില്‍ മാത്രം കണ്ടു കൊണ്ട് ഞാനും പഴയ ഓര്‍മ്മകളിലേക്ക് ഒന്നുകൂടെ ഇറങ്ങി ചെല്ലട്ടെ! എല്ലാ നിലമ്പൂര്‍ നിവാസികള്‍ക്കും എന്റെ പാട്ടുല്‍സവശംസകള്‍...