29.10.12

മകനെ കാത്ത് ഒരമ്മആ കൂടികാഴ്ച എന്നെങ്കിലും ഉണ്ടാകും എന്നെനിക്കു അറിയാമായിരുന്നു. സത്യം പറഞ്ഞാല്‍ അവരെ എങ്ങനെ നേരിടണം എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. മക്കളെ നഷ്ടപ്പെടുക എന്നത് ഒരമ്മയെ സംബന്ധിച്ച് ഏറ്റവും വലിയ വേദനകളില്‍ ഒന്നാണ്. ഇന്നലെ ഒരു പരിപാടിക്കിടയിലാണ് അവര്‍ എന്നെ പരിചയപ്പെടാന്‍ വന്നത്. അമ്മയുടെ ചെറിയമ്മ ആണെങ്കിലും അവര്‍ക്ക് എന്നെ അറിയില്ലായിരുന്നു. പക്ഷെ ഞാന്‍ അവരെ പല വേദികളിലും വച്ച് കണ്ടിടുണ്ട്, ഈ അടുത്തായി അവരെ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാറുമുണ്ടായിരുന്നു. കാരണം മാധ്യമലോകം കുറച്ചു കാലം വരെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട സോണി ഭട്ടതിരിപ്പാട് എന്ന പത്രപ്രവര്‍ത്തകന്റെ അമ്മയായ സുവര്‍ണിനി ആയിരുന്നു അവര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തീവണ്ടി യാത്രക്കിടയില്‍ എങ്ങോ മറഞ്ഞു പോയ ഒരു മകന്റെ അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും ഞാന്‍ സംസാരിച്ചു, അവര്‍ എന്റെ ഇംഗ്ലീഷ് ബ്ലോഗ്‌ പോസ്റ്റ്‌ വായിച്ചിരുന്നെന്നും അത് വായിച്ച ആരെങ്കിലും എന്നോട് അവരുടെ മകനെ കുറിച്ച് സൂചന വല്ലതും തന്നോ എന്നും തിരക്കാനായിരുന്നു അവര്‍ എന്നെ സമീപിച്ചത്. ഇനി നിങ്ങള്‍ക്ക് തുടര്‍ന്ന് വായിക്കണമെങ്കില്‍ "Where is Soni Bhattathiripad" എന്ന എന്റെ ഇംഗ്ലീഷ് പോസ്റ്റ്‌ വായിച്ചതിനു ശേഷം തുടരുക.

ആള്‍കൂട്ടത്തില്‍ നിന്ന് മാറി നിന്ന് സുവര്‍ണെച്ചി സംസാരിച്ചു തുടങ്ങി. എല്ലാ വേദികളിലും ചുറുചുറുക്കോടെ മാത്രം കണ്ടിട്ടുള്ള അവര്‍ വല്ലാതെ ക്ഷീണിച്ചു പോയിരിക്കുന്നു. വര്‍ത്തമാനം പറയുന്നതിനിടയില്‍ പലപ്പോഴും അവര്‍ വിതുമ്പി. പക്ഷെ ആ കണ്ണുകള്‍ ഒരിക്കലും നിറഞ്ഞില്ല. ഒരുപക്ഷെ കുറെ വര്‍ഷങ്ങള്‍ കരഞ്ഞു കണ്ണുനീരെല്ലാം വറ്റി പോയിട്ടുണ്ടാകും. മാധ്യമലോകത്ത് മിന്നുന്ന താരമായിരുന്നപ്പോഴാണ് സോണി ഭട്ടതിരിപ്പാടിന്റെ തിരോധാനം. ഗോവ ഫിലിം ഫെസ്റിവല്‍ കഴിഞ്ഞു മടങ്ങുമ്പോള്‍ ട്രെയിനില്‍ വച്ച് സോണിയെ കാണാതായി. പത്രപ്രവര്‍ത്തകരും പോലീസും എല്ലാം ഒരുപാടു വര്‍ഷം തിരഞ്ഞെങ്കിലും സോണി എവിടെ എന്നത് ഇന്നും ഒരു ചോദ്യമായി അവശേഷിക്കുന്നു. 


"അവന്‍ പോയതിനു ശേഷം എനിക്ക് ഇല്ലാത്ത അസുഖങ്ങള്‍ ഇല്ല. പ്രഷറും ഷുഗറും പോരാത്തതിനു ഹാര്‍ട്ടിനും സുഖമില്ല. മരുന്നിന്‍റെ മുകളില്‍ ആണ് ജീവിതം." സുവര്‍ണേച്ചി പറഞ്ഞു. വിഷമം മറക്കാന്‍ ഡോക്ടര്‍ അവരോടു ടിവി കാണാന്‍ ഉപദേശിച്ചു. പക്ഷെ ടെലിവിഷനിലെ ചാനലുകള്‍ കാണുമ്പോള്‍ വാര്‍ത്ത വായിച്ചിരുന്ന അവരുടെ മകനെ ഓര്‍മ വരും. അത് കൊണ്ട് തന്നെ ടിവിയും ഓണ്‍ ചെയ്യാറില്ല. അവര്‍ക്ക് ആകെ ഒരു ആശ്വാസം പൊതുപ്രവര്‍ത്തനം ആണ്. വാര്‍ഡ്‌ മെമ്പര്‍ ആയ സുവര്‍ണേച്ചി ജനസെവനത്തില്‍ ഏര്‍പ്പെട്ടു കുറച്ചു നിമിഷത്തേക്കെങ്കിലും വിഷമങ്ങള്‍ മറക്കുന്നു. ഞങ്ങളുടെ സംസാരത്തിനിടയില്‍ ആ വഴി വന്ന ഒന്ന് രണ്ടു പേരോട് ആധാറിനെ കുറിച്ച് ഓര്‍മിപ്പിക്കാനും മറന്നില്ല.

ആ ഇടവേളയില്‍ എന്‍റെ മനസ്സ് പഴയ ചിന്തകളിലേക്ക് പോയി. സോണി ഭട്ടതിരിപ്പാട് എന്ന പേര് ഞാന്‍ ആദ്യം വായിച്ചത് അമ്മയുടെ വീട്ടില്‍ നിന്നാണ്. അന്ന് മനോരമയുടെ "ശ്രീ" എന്ന സപ്ലിമെന്റില്‍ ഇദ്ദേഹത്തിന്റെ പേര് കണ്ടപ്പോള്‍ തന്നെ ഞാന്‍ അമ്മായിയോട് ചോദിച്ചു വല്ല ബന്ധുവും ആണോയെന്ന്. "നമ്മടെ ഇല്ലത്തെ ആണ്", എന്‍റെ അമ്മയും അദ്ദേഹവും ഒരേ കുടുംബത്തിലാണ് ജനിച്ചത് എന്നത് പലപ്പോഴും വളരെ അഭിമാനത്തോടെയാണ് ഞാന്‍ ഓര്‍ത്തത്. സ്ഥാനം കൊണ്ട് ഞാന്‍ അമ്മാവന്‍ എന്ന് വിളികേണ്ട ആ പേരിനുടമയെ പിന്നീട് ടിവിയിലൂടെ കണ്ടു. ഒരു ചെറുപുഞ്ചിരിയോടെ വാര്‍ത്ത അവതരിപ്പിക്കുന്ന ആ വ്യക്തി പിന്നീട് മലയാളിക്ക് പരിചിതമായ മുഖം ആയി. ഇടയ്ക്കെപ്പോഴോ അദേഹത്തെ കാണാനില്ലെന്ന കാര്യം അമ്മയാണ് എന്നോട് പറഞ്ഞത്. 

നാട്ടുകാരുമായുള്ള കുശലാന്വേഷണം വേഗം അവസാനിപ്പിച്ച്‌ സുവര്‍ണേച്ചി വീണ്ടും എന്റെ അടുത്തേക്ക് വന്നു. മകന്‍ പോയതിനു ശേഷം ആ അമ്മ ഒഴിച്ച് കൂടാനാവാത്ത ചടങ്ങുകളില്‍ മാത്രമേ പങ്കെടുക്കാറുള്ളു. "ആളുകള്‍ മുഖത്ത് നോക്കി ചോദിക്കും എന്താ മോന്‍ തിരിച്ചു വന്നില്ലേ എന്ന്." ശബ്ദം ഇടറി കൊണ്ട് അവര്‍ പറഞ്ഞു. പലപ്പോഴും മറ്റുള്ളവരുടെ വിഷമങ്ങളില്‍ സന്തോഷിക്കുന്നവരാണ് അധികജനങ്ങളും എന്ന് ആ വാക്കുകള്‍ കേട്ടപ്പോള്‍ തോന്നിപ്പോയി. സോണി എന്ന മനുഷ്യന്‍ ലഹരിക്ക്‌ അടിമപ്പെട്ടവന്‍ ആണെന്നും മാനസികവിഭ്രാന്തി ഉണ്ടെന്നതുമൊക്കെയുള്ള പ്രചരണങ്ങള്‍ പച്ചക്കള്ളം ആണെന്ന് ആ അമ്മ ഉറപ്പിച്ചു പറയുന്നു. "അങ്ങനെ പ്രശ്നം ഉള്ള ഒരാളെ ഇത്രയും വലിയ ഒരു ചാനല്‍ പ്രധാനറിപ്പോര്‍ട്ടറായി അയക്കുമോ?" എന്ന സുവര്‍ണേച്ചിയുടെ ചോദ്യം ബാക്കി ഉള്ളവരെ പോലെ പല നുണകളും വിശ്വസിച്ചിരുന്ന എനിക്ക് ഒരു പുതിയ ബോധോദയം തന്നു. ശരിയാണല്ലോ, ടീമിനെ നയിക്കാന്‍ കെല്‍പ്പുണ്ടെന്നു പൂര്‍ണബോധ്യം ഉള്ളത് കൊണ്ടല്ലേ അന്ന് ഇന്ത്യവിഷന്‍ അദേഹത്തെ തന്നെ തിരഞ്ഞെടുത്തത്! ഏറ്റവും എളുപ്പത്തില്‍ വ്യാപിപ്പിക്കാന്‍ പറ്റുന്ന രണ്ടു കാര്യങ്ങളില്‍ ഒന്ന് പരദൂഷണവും മറ്റേതു പകര്‍ച്ചവ്യധിയുമാണെന്ന് മനസ്സില്‍ ഓര്‍ത്തു.

"അവന്‍ തിരിച്ചു വരണം എന്നൊന്നും ഞാന്‍ പറയില്ല. അവനിഷ്ടം ഒളിച്ചു കഴിയാന്‍ ആണെങ്കില്‍ അങ്ങനെ ആയിക്കോട്ടെ! പക്ഷെ ഇടക്കൊന്നു അവന്റെ കുടുംബത്തിലേക്ക് വിളിച്ചു സുഖാന്വേഷണമെങ്കിലും നടത്തിയാല്‍ ഞങ്ങള്‍ക്കൊരു സമാധാനം ഉണ്ട്." സുവര്‍ണേച്ചി പറഞ്ഞു നിര്‍ത്തി. ഒരിക്കലും നേരിട്ട് ഞാന്‍ കണ്ടിട്ടില്ലാത്ത സോണി ഏട്ടന്‍ ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍ വച്ച് ഇത് വായിക്കുന്നുണ്ടെങ്കില്‍ ഓര്‍ക്കുക, താങ്കളുടെ അമ്മ ആവശ്യപ്പെടുന്നത് താങ്കള്‍ സുരക്ഷിതനായി ഇരിക്കുന്നു എന്ന ഒരു വാര്‍ത്ത മാത്രം ആണ്. ഇംഗ്ലീഷ് ബ്ലോഗില്‍ ഞാന്‍ എഴുതിയ "വേര്‍ ഈസ്‌ സോണി ഭട്ടതിരിപ്പാട്" എന്ന പോസ്റ്റ്‌ ഇന്നും ആളുകള്‍ വായിക്കുന്നു. "സോണി എവിടെ" എന്ന് അവര്‍ ഗൂഗിളിനോട് ചോദിക്കുന്നു!


ഞാന്‍ സംസാരിച്ച ഏതാനും ചില മാധ്യമപ്രവര്‍ത്തകരും സോണിയുടെ വരവിനായി കാത്തിരിക്കുകയാണ്. അവര്‍ക്ക് അദ്ദേഹം ഒരു പ്രചോദനം ആയിരുന്നു. തിരിച്ചു വന്നാല്‍ സോണി ഭട്ടതിരിപ്പാട് എന്ന പത്രപ്രവര്‍ത്തകനു മുന്‍പില്‍ ഇനിയും ഒരു വലിയ ലോകമുണ്ട്. മാധ്യമലോകത്തിലെ കൃത്രിമത്വത്തിനുമപ്പുറം സോണി എന്ന നാട്ടുകാരനെ നീര്‍വേലി എന്ന കൊച്ചു ഗ്രാമവും അവിടുത്തെ പുഴയും കാറ്റും കിളികളും കാതോര്‍ത്തിരിക്കുന്നു. സോണിയെ സ്നേഹം കൊണ്ട് മൂടാനായി കാത്തു നില്‍ക്കുന്ന മന്ദ്യത്തില്ലത്തെ രണ്ടു വൃദ്ധദമ്പതികളുടെ കാത്തിരിപ്പ്‌ ഉടന്‍ ശുഭപര്യവസായിയായി അവസാനിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

(ഞാന്‍ അടക്കം എല്ലാ ബ്ലോഗ്ഗര്‍മാരും ആളുകളുടെ വായനയും 
അഭിപ്രായവും അറിയാനായി ഒരുപാട്  
സൂത്രങ്ങള്‍ ചെയ്യുന്നവരാണ്. 
പക്ഷെ ഈ പോസ്റ്റ്‌ തികച്ചും ഒരു അപേക്ഷ രൂപത്തില്‍ ആണ്. 
ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയുമെങ്കില്‍ 
ആ അമ്മയെ അറിയിച്ചാല്‍ പുണ്യം കിട്ടും)

25.10.12

അപരിചിതനായ മറഡോണ


മലപ്പുറം ജില്ലയില്‍ ജനിച്ച ഒരാള്‍ക്കും ഫുട്ബോള്‍ എന്ന കളി എന്താണെന്നു അറിയാതിരിക്കാന്‍ വഴി ഇല്ല. രാത്രികളില്‍ സെവന്‍സ് മേളകളുടെ ബഹളങ്ങളില്‍ മുഴുകാത്ത ഗ്രാമങ്ങള്‍ ഈ ജില്ലയില്‍ ഇല്ല എന്ന് തന്നെ പറയാം. പ്രാണവായു പോലെ ഇവിടെയുള്ളവര്‍ കാല്‍പന്തു കളിയെ സ്നേഹിക്കുന്നു. ഓര്‍മ്മ വച്ച കാലം മുതല്‍ ബ്രസീല്‍ ആണോ അര്‍ജന്റിനയാണോ കേമന്മാര്‍ എന്ന സ്ഥിരം പോര്‍വിളികളും വേള്‍ഡ്കപ്പിനെക്കള്‍ വലിയ കപ്പുകളും പല രാജ്യങ്ങളിലെ ടീമുകള്‍ക്ക് ആശംസ നേരുന്ന ഫ്ലക്സുകളും കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്. അത് കൊണ്ട് തന്നെ മറഡോണ കേരളത്തില്‍ വരുന്നുണ്ട് എന്ന വാര്‍ത്ത എല്ലാ മലയാളികളെയും പോലെ ഞാനും ആവേശത്തോടെയാണ് ശ്രവിച്ചത്.

നവമാധ്യമങ്ങളും ചാനലുകളും പത്രങ്ങളും പൊടിപ്പും തൊങ്ങലും വച്ച് ഫുട്ബോള്‍ മാന്ത്രികന്‍റെ വരവിനെ വര്‍ണ്ണിച്ചു. "ദൈവം സ്വന്തം നാട്ടില്‍ " എന്ന് വരെ പേരിട്ട പല ഫീച്ചറുകള്‍ക്കും അസാധ്യമായ ജനപ്രീതി ലഭിച്ചു. സത്യം പറഞ്ഞാല്‍ മറഡോണ ജനിച്ചത്‌ മുതല്‍ പല കാര്യങ്ങളും ഞാനും അറിഞ്ഞത് ഈ പരിപാടികളില്‍ കൂടെ ആയിരുന്നു. അങ്ങനെ കാത്തുകാത്തു വിജയദശമിക്ക് വിദ്യ പോലും ആരംഭിക്കാന്‍ നില്‍ക്കാതെ പലരും ടിവിയുടെ മുന്‍പില്‍ ഇരിപ്പായി. കണ്ണൂരിലെ കഥയാണെങ്കില്‍ പറയുകയും വേണ്ട. തലേ ദിവസം മുതല്‍ ദൈവദര്‍ശനത്തിനായി ഹെലിപാഡ് മുതല്‍ അദ്ദേഹം താമസിക്കുന്ന ഹോട്ടല്‍ വരെ ആളുകളുടെ നീണ്ട നിര ആയിരുന്നു. 

വിജയദശമിയുടെ അന്ന് രാവിലെ ഒന്‍പതു മണിക്ക് എന്റെ അനിയന്‍ ടിവി വച്ചിട്ട് പറഞ്ഞു, "ദാ.. പരിപാടി തുടങ്ങി"...! അയ്യോ ദൈവദര്‍ശനം മുടക്കണ്ട എന്ന് കരുതി ഞാനും എന്റെ വീട്ടുകാരും ടിവിക്ക് മുന്‍പില്‍ ഇരിപ്പുറപ്പിച്ചു. ചാനലുകള്‍ മാറ്റി കളിക്കുന്നതിനിടയ്ക്കു ഒരു റിപ്പോര്‍ട്ടര്‍ അലറി വിളിച്ചു പറഞ്ഞു, "മറഡോണ എത്തി പോയി"! ഇതെന്താ നേരത്തെ ആണോ എന്ന് ചിന്തിച്ചപ്പോഴേക്കും മനസ്സിലായി, ആ പാവം മനുഷ്യന്‍ പ്രേക്ഷകരില്‍ ആവേശം വാരി വിതറാനുള്ള തത്രപാടില്‍ ഇടയ്ക്ക് കയറി വന്ന ഡ്യുപ്പ് ചേട്ടനെ കണ്ടു ചാടി കയറി പറഞ്ഞതാണെന്ന്!


വീണ്ടും കാത്തിരിപ്പ്‌. പതിനൊന്നു മണിക്ക് ശേഷം ദൈവം ഹെലികോപ്ടറില്‍ നിന്ന് മണ്ണിലെക്കിറങ്ങി. ആകാശത്ത് നിന്ന് ഭൂമിയിലേക്ക്‌ പന്തുകള്‍ വര്‍ഷിക്കുന്ന കലാപ്രകടനം ഉണ്ടാകും എന്ന് കരുതിയെങ്കിലും അതൊന്നും സംഭവിച്ചില്ല. ഭക്തര്‍ പ്രതീക്ഷിക്കുന്നതെല്ലാം ദൈവത്തിനു തരാന്‍ കഴിയില്ലല്ലോ, പ്രത്യേകിച്ച് ഇസെഡ് കാറ്റഗറി സുരക്ഷ ഉള്ളപ്പോള്‍! മലയാളി "മങ്കന്‍" ആയി മുണ്ടും വെളുത്ത കസവ് ഷര്‍ട്ടും ഉടുത്തു വരും എന്ന് കരുതി നോക്കിയപ്പോള്‍ ഒരു വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയുടെ യുണിഫോം പോലെ ഒരു വേഷത്തില്‍ യഥാര്‍ത്ഥ മറഡോണ. അല്ലേലും മുണ്ടൊക്കെ ഉടുത്തു തുള്ളിച്ചാടാന്‍ വലിയ പണി ആണ്! അതും ക്ഷമിച്ചു.മന്ത്രിപുംഗവന്മാരും രാഷ്ട്രീയക്കാരും കേരളത്തിലെ പാവം കുറച്ചു ഫുട്ബോളു താരങ്ങളും പിന്നെ രഞ്ജിനി ഹരിദാസും മറഡോണയെ വാരി പുണര്‍ന്നു. ഇതിനിടയ്ക്ക് നമ്മടെ ഐ എം വിജയനുമായി പന്ത് ഹെഡ് ചെയ്തു കളിച്ച ദൈവത്തിനു അവസാനം തോല്‍വി സമ്മതിക്കേണ്ടി വന്നു. ഒരു സ്പാനിഷ്‌ നാടന്‍ പാട്ടും മൈക്കിലൂടെ എന്തൊക്കെയോ വിളിച്ചു പറയലും പിറന്നാള്‍ കേക്ക് മുറിക്കലും കഴിഞ്ഞു മറഡോണ മടങ്ങി.

"ഹോ അത് കഴിഞ്ഞു കിട്ടി." മറഡോണയുടെ കണ്ണൂരിലെ പ്രകടനം അവസാനിച്ചപ്പോള്‍ എനിക്ക് മനസ്സില്‍ അങ്ങനെയാണ് തോന്നിയത്. വെറും ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് മറഡോണ എന്ന താരത്തെ കൊണ്ട് വന്നതിലൂടെ മന്ത്രിമാരുടെ താമസം മുതല്‍ ഗതാഗതനിയന്ത്രണം വരെ വരുത്തി ജനങ്ങള്‍ക്കും സര്‍ക്കാരിനും നഷ്‌ടമായ ധനത്തിന്റെയും സമയത്തിന്റെയും കണക്കു ആര് നികത്തും? മറഡോണ വരുന്നതു വരെയുള്ള ആ വേദിയിലെ സമയം കൊല്ലാനുള്ള പരിപാടികള്‍ പോലും വലിയ പ്രാധാന്യത്തോടെ തത്സമയം സംപ്രേക്ഷണം ചെയ്തു പ്രേക്ഷകരെ വിഡ്ഢികള്‍ ആക്കുന്ന ചാനലുകളുടെ രാഷ്ട്രീയം എന്താണ്? ദിവസങ്ങളുടെ അധ്വാനത്തിന്റെ ഫലമായി അവിടെ എത്തി ചേര്‍ന്ന ജനങ്ങളോട് ഒരു നന്ദി വാക്ക് എങ്കിലും പറയാന്‍ മറഡോണയോട് ജ്വല്ലറി ഉടമ എന്ത് കൊണ്ട് നിര്‍ബന്ധിച്ചില്ല? "ഞാന്‍ കേരളത്തെ സ്നേഹിക്കുന്നു" എന്ന ഒറ്റവാക്യത്തില്‍ ഒതുക്കിയത് എന്ത് കൊണ്ട്? ഒരു മണിക്കൂറോളം ദൈവം കാണികളെ ത്രസിപ്പിക്കും എന്ന് പറഞ്ഞു അരമണിക്കൂര്‍ കൊണ്ട് പരിപാടി അവസാനിപ്പിച്ചത് വെയിലിന്റെ കാഠിന്യം കൊണ്ടാണെന്ന് ന്യായികരിക്കുന്ന അധികൃതര്‍ മറഡോണ വെയിലത്ത് മുളച്ച ഒരു താരമാണെന്ന് എന്ത് കൊണ്ട് മറന്നു? ഇങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ ബാക്കി വച്ച് അര്ജന്റീനിയന്‍ താരം ഇന്നലെ മടങ്ങി.


എല്ലാം കഴിയുമ്പോള്‍ ഈയുള്ളവള്‍ മനസ്സിലാക്കുന്നു, ഞാന്‍ ആരാധിച്ചത് ഈ മറഡോണയെ അല്ല! കോര്‍ട്ടില്‍ എതിരാളികള്‍ക്ക് പന്ത് കൊടുക്കാതെ ഗോള്‍പോസ്റ്റിലേക്ക് ഓടി കയറുന്ന, കളികളത്തിനു പുറത്ത് അടിച്ചമര്‍ത്തപ്പെട്ടവന്  വേണ്ടി ശബ്ദം ഉയര്‍ത്തുന്ന ധീരനായ ഒരു പോരാളിയാണ് മറഡോണ എന്നാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്. അത് കൊണ്ട് തന്നെ പട്ടിണിപാവങ്ങളുടെ കണ്ണീരു വീഴാന്‍ മാത്രം ഉരുക്കിയ മഞ്ഞലോഹത്തിന് വേണ്ടി വേദിയില്‍ ഒരു ലഹരിക്കടിമപ്പെട്ടവനെപ്പോലെ ഉറഞ്ഞു തുള്ളിയ ഈ കളിപ്പാവ എനിക്ക് തീര്‍ത്തും അപരിചിതന്‍ ആണ്.

18.10.12

എന്‍റെ ഇല്ലത്തിന്‍റെ സ്വപ്നം


"ഓ കുട്ട്യാണോ?"... ക്യാമറയുമായി ഇല്ലത്ത് എത്തിയ എന്നെ കണ്ടു മുത്തശ്ശി പുഞ്ചിരിയോടെ ചോദിച്ചു. "ഈ കുട്ടീടെ ഒരു കാര്യം. മാറാലയല്ലാതെ ഇവടെ വേറൊന്നുല്യ." ഞാനും എന്റെ സഹോദരങ്ങളും മുത്തശ്ശി എന്ന് വിളിക്കുന്ന അച്ഛന്റെ ചെറിയമ്മ എന്നോട് സ്നേഹത്തോടെ പറഞ്ഞു. 'മാറാലകള്‍ക്കിടയില്‍ എനിക്ക് ഒരു പിടി ഓര്‍മ്മകള്‍ ഉണ്ട്. അവ തേടിയാണ് ഞാന്‍ ഇടയ്ക്കിടെ ഇങ്ങോട്ട് വരുന്നത്.' എന്ന് പറയാന്‍ തോന്നിയെങ്കിലും ഒരു ചിരിയോടെ ഞാന്‍ ഇല്ലത്തിന്റെ അകത്തളത്തിലേക്ക് നടന്നു.

ഓര്‍മ്മകളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. മനുഷ്യജന്മം അല്ലെങ്കില്‍ കൂടി എന്റെ ഇല്ലവും ഒരുപാടു മധുരസ്മരണകള്‍ അയവിറക്കിയാവും ഓരോ ദിനങ്ങളും തള്ളി നീക്കുന്നത്. നാലുകെട്ടും പൂമുഖവും അഗ്രശാലയും വേട്ടെക്കൊരുമകന്റെ ശ്രീകോവിലും കുളപ്പുരയോടു കൂടിയ കുളവും വയലും അമ്പലവും കാവും എല്ലാമുള്ള പ്രതാപകാലത്തിന്റെ അവശേഷിപ്പായി എന്റെ ഇല്ലം ആള്‍താമസം ഇല്ലെങ്കിലും തല ഉയര്‍ത്തി പ്രൗഡിയോട് കൂടി തന്നെ ഇന്നും നിലനില്‍ക്കുന്നു. രാവിലെയും സന്ധ്യക്കും വേട്ടെക്കരനെ തൊഴാന്‍ കുടുംബാംഗങ്ങള്‍ എത്താറുണ്ട് എന്നതൊഴിച്ചാല്‍ പകല്‍ മുഴുവന്‍ മുത്തശ്ശി മാത്രമാണ് ആ വലിയ വീടിനു കൂട്ട്. രാത്രി ആയാല്‍ മുത്തശ്ശിയും മകന്റെ വീട്ടിലേക്കു മടങ്ങും. 


ഇല്ലത്തിന്റെ ഏകാന്തതയ്ക്ക് ആരെയും കുറ്റപ്പെടുത്താനൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാവര്‍ക്കും അവരവരുടേതായ ലോകം, കുടുംബം, പ്രാരാബ്ദങ്ങള്‍... ഇടയ്ക്കെപ്പോഴോ ഞാന്‍ ആസ്വദിച്ച എന്റെ കുട്ടികാലത്തിനു നിറം പകര്‍ന്നത് ഈ ഇല്ലമാണ്, ഇവിടുത്തെ മനോഹരമായ നിമിഷങ്ങള്‍ ആണ്. ഞാനും എന്റെ മാതാപിതാക്കളും ഇവിടെ താമസിച്ചിട്ടിലെങ്കില്‍ കൂടെ ആഘോഷങ്ങള്‍ക്കും മറ്റും എല്ലാവരും ഒത്തു കൂടുന്ന ഒരു സ്ഥലമാണ്‌ ഈ വീട്. 

ഓണത്തിനും വിഷുവിനും അപ്പുറം ഇല്ലത്ത് പ്രത്യേകമായി ആഘോഷിക്കുന്നത് തിരുവാതിരയും കളംപാട്ടുമാണ്. പാതിരാ വരെ നീളുന്ന കൈകൊട്ടികളിയും പാതിരപൂ ചൂടലും കുളത്തിലെ തുടിച്ചു കുളിയും ഊഞ്ഞാലാട്ടവുമായി തിരുവാതിര ഒരു രസം തന്നെ ആയിരുന്നു. ഇരുട്ടില്‍ വിളക്കിന്റെ ചെറുവെളിച്ചത്തില്‍ അഞ്ചു വര്‍ണങ്ങള്‍ കൊണ്ടെഴുതിയ ദേവന്മാരുടെയും കാളിയുടെയും കളങ്ങളും ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടും ഞെട്ടി വിറപ്പിക്കുന്ന കതിനവെടികളും കളിചിരികള്‍ നിറഞ്ഞ പകലും കളംപാട്ടിനെ കുട്ടികളായ ഞങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ടതാക്കി.

ഞങ്ങള്‍ ക്രിക്കറ്റ്‌ കളിച്ചിരുന്ന പൂമുഖവും നീന്തി തുടിച്ചിരുന്ന കുളവും ഇന്ന് നിശബ്ദമായി കിടക്കുന്നു. വാഗ്മിയായിരുന്ന മുത്തപ്ഫന്റെ (അച്ഛന്റെ ചെറിയച്ചന്‍) പുസ്തകശേഖരങ്ങള്‍ അദ്ദേഹത്തിന്റെ മരണശേഷം മുറിയില്‍ പൊടി പിടിച്ചും ചിതലരിച്ചും ഇരിക്കുന്നു. ഒരുപാട് ആളുകള്‍ക്ക് ഭക്ഷണം പാകം ചെയ്ത അവിടുത്തെ അടുപ്പ് ഇന്ന് ദേവന് നിവേദ്യം വയ്ക്കാന്‍ മാത്രമായി കത്തിക്കുന്നു. കിണറിലെ വെള്ളം തീര്‍ത്ഥത്തിനായി മാത്രം ഉപയോഗിക്കുന്നു. ഇന്ന് ഇല്ലം പൂജകള്‍ക്കും ശ്രാദ്ധങ്ങള്‍ക്കും അപൂര്‍വമായി മറ്റു വിശേഷങ്ങള്‍ക്കും മാത്രമുള്ള ഒരു വേദി മാത്രമായി മാറിയിരിക്കുന്നു.

ചിത്രങ്ങള്‍ എടുത്തു മടങ്ങുമ്പോള്‍ "കുറച്ച് നേരം കഴിഞ്ഞു പോകാം കുട്ടി. എനിക്ക് ആരുടെയെങ്കിലും ശബ്ദം കേള്‍ക്കാന്‍ കൊതിയാകുന്നത് കൊണ്ടാണ്" എന്ന് ആരോ പറയുന്ന പോലെ തോന്നി. തിരിച്ച് നടക്കുന്നതിനിടയില്‍ പിന്നിലേക്ക്‌ നോക്കിയപ്പോള്‍ ഇല്ലത്തിനു കൂട്ടായി എന്നും തണല്‍ വിരിച്ചിട്ടുള്ള ആല്‍മരത്തിനപ്പുറം മറ്റൊരു സുവര്‍ണ്ണഭാവിയെയും കിനാകണ്ട്‌ കഴിയുന്ന എന്റെ ഇല്ലം നിശബ്ദയായി ഉറങ്ങുന്ന കാഴ്ചയാണ് കണ്ടത്. വേണ്ട, ആ സ്വപ്നം അങ്ങനെ തന്നെ നില്‍ക്കട്ടെ. ഉണര്‍ത്തി വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാന്‍ പതുക്കെ എന്റെ യാത്ര തുടര്‍ന്നു...
(അവസാനത്തെ ചിത്രത്തിന് കടപ്പാട് എന്റെ സഹോദരന്‍ ശരത്തിനോട്. മലയാളത്തില്‍ ഒന്നും എഴുതാന്‍ കഴിയില്ലെന്ന് വിലപിച്ച എനിക്ക് ഇത് എഴുതാന്‍ സഹായിച്ചത് ഒരു സഹബ്ലോഗറുടെ വീടിനെ കുറിച്ചുള്ള സ്മരണകള്‍ വായിച്ചിട്ടാണ്. നന്ദി അനാമിക.)

9.10.12

കടി വേണോ?

"മാനേജര്‍ കൊള്ളാം" ഞങ്ങളുടെ ഓഫീസില്‍ മാനേജര്‍ ഇന്റര്‍വ്യൂവിനു വന്ന കുട്ടിയെ ഒളിക്കണ്ണിട്ട് നോക്കിയിട്ട് ചിക്കു എന്നോടായി പറഞ്ഞു. സ്വതവേ കുസൃതി നിറഞ്ഞ അവന്റെ കണ്ണുകളില്‍ ഇത് പറയുമ്പോള്‍ കൂടുതല്‍ വികൃതി നിറഞ്ഞതായി എനിക്ക് തോന്നി. ജീവിതത്തിലെ സകലമാന ദുഖങ്ങളും സന്തോഷങ്ങളും രഹസ്യങ്ങളും ഒന്നും പങ്കു വെച്ചില്ലെങ്കിലും ഞാനും അവനും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. കൃത്യമായി പറഞ്ഞാല്‍ ടോം ആന്‍ഡ്‌ ജെറി പോലെ! എന്നും അടിയും ബഹളവും തന്നെ ആണെങ്കിലും ഞങ്ങള്‍ എന്ന ഈ രണ്ടു "സുഹൃത്തുക്കള്‍" ഇല്ലെങ്കില്‍ ഓഫീസ് ശ്മശാനമൂകം ആണ്.

ഏതായാലും ചിക്കു "അപ്സരസുന്ദരി" എന്ന മട്ടില്‍ വര്‍ണ്ണിച്ചവളെ ഒന്ന് കണ്ടേക്കാം എന്ന് ഞാനും തീരുമാനിച്ചു. ശരിയാണ്, നല്ല മുഖപ്രസാദവും വിടര്‍ന്ന കണ്ണുകളും മനോഹരമായ പുഞ്ചിരിയും! സുന്ദരിയെ എനിക്കും 'പിടിച്ചു'. പാലക്കാട്ടുകാരി ആണെന്നും അഗ്രഹാരത്തിലെ പട്ടത്തിക്കുട്ടി ആണെന്നുമൊക്കെ ബാക്കി ഓഫീസിലെ ബാക്കി ഉള്ളവര്‍ അടക്കം പറഞ്ഞു. ആ സമയത്തും ഏതൊരു പെണ്ണിനേയും കുപ്പിയിലാക്കാന്‍ ഒരായിരം വഴികള്‍ കണ്ടെത്തുന്ന ചിക്കു ഇവളെ എങ്ങനെ വളക്കാം എന്ന ചിന്തയില്‍ ആണ്.സമയം അഞ്ചു മണി. സുന്ദരി അപ്പോഴും ഇന്റര്‍വ്യൂവിനു മുന്‍പത്തെ പരീക്ഷ എഴുതി കൊണ്ടിരിക്കുകയാണ്. "നമുക്ക് ചായ കുടിക്കാം. എല്ലാരും പറ എന്തൊക്കെയാ കഴിക്കാന്‍ വേണ്ടത്?" ചിക്കു ചായ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഓഫീസിനു അടുത്തുള്ള ഹോട്ടലില്‍ ചൂടു ചായയും കോഴിക്കോടന്‍ പലഹാരങ്ങളും കിട്ടും. ദിവസേനെ പലതരം പലഹാരങ്ങള്‍ പറയാറുണ്ടെങ്കിലും ഉള്ളിവട തന്നെ മതി എന്ന തീരുമാനത്തില്‍ ഞാന്‍ വിളിച്ചു പറഞ്ഞു, "ഡാ, ഒരു ലൈം ടീ...പിന്നെ ഉള്ളിവട"! ചിക്കുവിനെ കാണുന്നില്ല.


ഓ! അവന്‍ സുന്ദരിയുടെ അടുത്ത് കുശുകുശുക്കുകയാണ്. എന്റെ അടുത്തേക്ക് ലിസ്റ്റ് എഴുതാന്‍ വന്ന ചിക്കു ഒരു കള്ള ചിരിയോടെ ശബ്ദം താഴ്ത്തി പറഞ്ഞു,"ഞാനെ അവള്‍ടെ അടുത്ത് പോയി ചായ വേണോ എന്ന് ചോദിച്ചു"! 


"ഓ! എന്നിട്ട്?" അവനു പറയാനുള്ള കഥ കേട്ടിട്ട് ബാക്കി പണി തുടരാം എന്ന് ഞാന്‍ തീരുമാനിച്ചു. അവന്‍ ആവേശത്തോടെ തുടര്‍ന്നു, "വേണ്ട എന്ന് പറഞ്ഞു. പിന്നെ ഞാന്‍ കടി വേണോ എന്ന് ചോദിച്ചു. അതും വേണ്ടാന്നു!"


പാലക്കാട്ടു നിന്ന് നേരെ കോഴിക്കോട് വന്നിറങ്ങിയ ഒരു പെണ്‍ക്കുട്ടിയോട് "കടി" വേണോ എന്ന് ചോദിച്ച അവനു അടി കിട്ടിയില്ലല്ലോ എന്നോര്‍ത്ത് എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.മലബാറില്‍ "കടി" എന്നാല്‍ ഇടനേരങ്ങളില്‍ ചായക്കൊപ്പം കഴിക്കുന്ന ലഘുഭക്ഷണങ്ങള്‍ ആണ്. ഞാന്‍ ഈ തമാശ ബാക്കി സഹപ്രവര്‍ത്തകരുമായി പങ്കു വച്ചു. അവരും ചിരിയുടെ അലമാല തീര്‍ത്തപ്പോള്‍ ആദ്യത്തെ ശ്രമം പാളിയതിന്റെ ചളിപ്പുമായി ചിക്കു അവന്റെ മോണിട്ടറിലേക്ക് നോക്കി ഓഫീസ് ജോലികള്‍ തുടര്‍ന്നു.വാല്‍കഷ്ണം: മാനേജര്‍ ആയി വന്ന സുന്ദരി കുറച്ചു ദിവസം കഴിഞ്ഞു എന്നോട് ഈ സംഭവം പറഞ്ഞു, "കടി വേണോ എന്ന് ചോദിച്ചപ്പോള്‍ ഇതെന്താ ഇവന്‍ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് വിചാരിച്ചു. പിന്നെ പരീക്ഷയുടെ തിരക്കില്‍ ഞാന്‍ കൂടുതല്‍ ആലോചിച്ചില്ല"! ചിരിയോടെ ഞാന്‍ ചോദിച്ചു, "ഇനി പറ നിനക്കിന്നു കടി വേണോ?"

(ചിക്കു എന്നത് യഥാര്‍ത്ഥ പേരല്ല. ശരിക്കുമുള്ള പേര് വെച്ചാല്‍ ഞാന്‍ ബാക്കി ഉണ്ടാവില്ല എന്നാ സത്യം മനസ്സിലാക്കി ഞാന്‍ ആ വ്യക്തിയുമായി സാമ്യമുള്ള മറ്റൊരു പേര് ഇട്ടതാണ്.)
 

3.10.12

ആനവണ്ടിയില്‍ ഒരു രാത്രി സവാരി


കൃത്യം 6.30നു തന്നെ പെരിന്തല്‍മണ്ണയില്‍ നിന്നും കല്പറ്റ കെഎസ്ആര്‍ടിസി ബസ്സ്‌ പുറപ്പെട്ടു. പലപ്പോഴും വയനാടിലെക്കുള്ള ബസ്സുകളോട് എനിക്ക് അസൂയ തോന്നാറുണ്ട്. കോട മഞ്ഞിന്‍റെ കുളിരും കാനനഭംഗിയും ആസ്വദിച്ചു ആ ബസ്സുകള്‍ എന്നും യാത്ര ചെയ്യുന്നു. യാത്രകള്‍ എനിക്ക് എന്നും ഒരു ഹരമാണ്. സഞ്ചാരങ്ങളില്‍ മനസ്സ് പലപല ചിന്തകളിലൂടെ ചലിക്കുന്നു. മിക്കപ്പോഴും ഒരു സവാരി കഴിഞ്ഞാല്‍ കൂടുതല്‍ ഊര്ജസ്വലതയോടെ എഴുതാന്‍ കഴിയുന്നു. എങ്കിലും യാത്രകളില്‍ മനസ്സില്‍ കടന്നെത്തുന്ന വികാരവിചാരങ്ങള്‍ അതെ ശക്തിയോടെ എഴുതാന്‍ മിക്കപ്പോഴും അതിനടുത്ത ദിവസങ്ങളില്‍ കഴിയാറില്ല. ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് യാത്രകള്‍ അവസാനിക്കാതിരുന്നെങ്കില്‍ എന്ന്!

സന്ധ്യക്ക്‌ ആറു മണി കഴിഞ്ഞാല്‍ സ്ത്രീകളെ അപൂര്‍വ്വമായേ എന്റെ ജില്ലയില്‍ വീടിനു പുറത്തേക്കു കാണാറുള്ളു. തുഞ്ചന്റെ നാടും നല്ല റോഡും പ്രശസ്തമായ യുനിവേഴ്സിറ്റിയും വിമാനത്താവളവും എല്ലാം ഉള്ള ജില്ലയാണെങ്കിലും മലപ്പുറത്ത് കേരളത്തിലെ മറ്റു പല സ്ഥലങ്ങളും പോലെ സ്ത്രീകള്‍ക്ക് രാത്രി സഞ്ചാരം നിഷിദ്ധമാണ്. സുര്യന്‍ ഉദിച്ച്  അസ്തമിക്കുന്ന വരെ ഞങ്ങള്‍ മനുഷ്യരും അത് കഴിഞ്ഞാല്‍ വളര്‍ത്തു മൃഗത്തെ പോലെ വീടിനുള്ളില്‍ കതകടച്ചിരിക്കണം എന്നുമാണ് സമൂഹനിയമം. ഇല്ലെങ്കില്‍ പുരുഷന്‍ എന്ന ക്രൂരനാല്‍ അക്രമിക്കപ്പെട്ടെക്കാം എന്നാണ് ജനിച്ചു വീഴുന്ന ഓരോ പെണ്കുഞ്ഞിനോടും സമൂഹം മന്ത്രിക്കുന്നത്.

മൊബൈല്‍ അടിച്ചു കൊണ്ടേ ഇരിക്കുന്നു. എല്ലാം ബന്ധുക്കള്‍ ആണ്. 'അസമയത്ത്' ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിലെ ആധി  എനിക്ക് അവരുടെ ശബ്ദത്തില്‍ തിരിച്ചറിയാം. ഞാന്‍ പുറത്തേക്കു നോക്കി. മാനത്ത് ആയിരം വര്‍ണങ്ങള്‍ വിരിയിച്ചു സൂര്യന്‍ പതുക്കെ പിന്‍വാങ്ങുന്നു. ഓരോ ദിവസവും സുഖമായി ഉറങ്ങാനാണ് മനുഷ്യന്‍ രാവിലെ മുതല്‍ അധ്വാനിക്കുന്നത്. അതിനിടയ്ക്ക് രാത്രിയുടെ മനോഹാരിത കാണാന്‍ ആര്‍ക്കും സമയം ഇല്ല. ബസ്സിനു പുറത്ത് മഴ പെയ്തു കൊണ്ടിരിക്കുന്നു. റോഡില്‍ കാറുകള്‍ ചീറി പായുന്നു. ഗ്ലാസ്‌ ഉയര്‍ത്തി എസി ഇട്ടു തണുപ്പില്‍ സീറ്റ്‌ ബെല്‍റ്റിനുള്ളില്‍ സുരക്ഷിതമായി ഇരുന്ന് കൂടെയുള്ള പുരുഷനോടും കുഞ്ഞുങ്ങളോടും കിന്നാരം പറയുന്ന സ്ത്രീജന്മങ്ങള്‍ മാത്രം നിരത്തിലെ പെണ്‍സാന്നിധ്യങ്ങള്‍ ആയി. സ്വന്തമായി വാഹനം അല്ലെങ്കില്‍ ആണ്‍തുണ ഇല്ലാത്ത സ്ത്രീകള്‍ക്ക് വീട്ടില്‍ "അടങ്ങി ഒതുങ്ങി മിണ്ടാതെ" ഇരിക്കാം. ഞാന്‍ യാത്ര ചെയ്യുന്ന ബസ്സിലും ഭര്‍ത്താവിനോ മകനോ അച്ഛനോ സഹോദരനോ ഒപ്പം "ധൈര്യപൂര്‍വ്വം" യാത്ര ചെയ്യുന്ന കുറച്ച് തരുണി മണികള്‍ ഉണ്ടായിരുന്നു.

ചെറുപ്പത്തില്‍ കേട്ട് ശീലിച്ചതിന്റെ പേടി കൊണ്ടോ എന്തോ ഇടയ്ക്കിടയ്ക്ക് 'ഏതെങ്കിലും കൈയോ കാലോ എന്നെ ആക്രമിക്കാന്‍ വരുന്നുണ്ടോ' എന്ന് ഞാനും ഇടയ്ക്കു സംശയിച്ചു. അങ്ങനെ ഇരിക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരു തോണ്ടല്‍. "ആരെടാ അത്" എന്നാ ഭാവത്തില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ പിന്‍സീറ്റിലെ ചേച്ചി സൈഡിലെ ഷട്ടര്‍ താഴ്ത്താന്‍ സഹായിക്കാന്‍ വിളിച്ചതാണ്. മനസ്സില്ലാമനസ്സോടെ ഓടി മറയുന്ന ജനലിലെ കാഴ്ച്ചകള്‍ ഞാന്‍ ആ ചേച്ചിക്ക് വേണ്ടി മൂടി വച്ചു.

സര്‍ക്കാര്‍ ബസ്സിലെ യാത്രകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം ആ വണ്ടികളില്‍ സാധാരണ വാഹനങ്ങളിലെക്കാള്‍ വലിയ ജനലുകള്‍ ആയിരിക്കും. കാഴ്ച്ചകള്‍ക്കും അതുകൊണ്ട് തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ചിന്തകള്‍ക്ക് ബ്രേക്ക്‌ ഇട്ടു ഞാന്‍ വണ്ടൂരില്‍ ഇറങ്ങി. എന്തുകൊണ്ട് ഞാന്‍ ഇത്രയും കാലം രാത്രി യാത്രയെ ഭയപ്പെട്ടു എന്ന് ഞാന്‍ അത്ഭുതപെട്ടു. കൂടെ മനസ്സ് മറ്റു സ്ത്രീകളോടായി പറഞ്ഞു, " ന്‍റെ പെണ്ണുങ്ങളെ, ഇങ്ങള് ഇങ്ങനെ രാത്രി കുടീല് കുത്തിരിക്കാതെ പോറത്തെക്കൊക്കെ ഒന്നെറങ്ങീന്‍. അന്തിയാവുമ്പോ ഈ ദുനിയാവ് കാണാന്‍ നല്ല ശേലാണ്."