21.2.13

വന്നോ ആ ടെലിഗ്രാം?

മരണമെന്നത് നമ്മെ വിഷമിപ്പിക്കുന്ന ഒരു സത്യമാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ ഇനിയില്ലയെന്ന യാഥാര്‍ത്ഥ്യം പലപ്പോഴും അംഗീകരിക്കാന്‍ നമുക്ക് കഴിയാറില്ല. അത് കൊണ്ട് തന്നെ മരണവീട് ശോകമൂകമാകും. ആറു വര്‍ഷം മുന്‍പ് എന്‍റെ വല്യച്ചന്‍ (അമ്മയുടെ അച്ഛന്‍) മരിച്ചപ്പോഴും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. പക്ഷെ അദ്ദേഹം മരിച്ചപ്പോഴാണ് ഞങ്ങള്‍ വീട്ടുകാര്‍ അദ്ദേഹം ജനങ്ങളുടെ ഇടയില്‍ ഇത്രയധികം പ്രിയപ്പെട്ടവനാണെന്നറിയുന്നത്. ഒരിക്കലും അദ്ദേഹം തന്‍റെ പ്രശസ്തിയെക്കുറിച്ച് ഒരു സൂചന പോലും നല്‍കിയില്ല.

വല്യച്ചന്‍റെ ഭൗതികശരീരത്തിനു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോളേജില്‍ നിന്നും ഞാന്‍ അമ്മാവന്റെ വീട്ടില്‍ എത്തിയപ്പോള്‍ എനിക്ക് കാണാനായത് ഒരു ജനസാഗരത്തെയാണ്. സമൂഹത്തിന്‍റെ നാനതുറകളില്‍പ്പെട്ട ഒരുപാട് പേര്‍ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ തടിച്ചു കൂടിയിരുന്നു. അതില്‍ രാഷ്ട്രീയക്കാരും സാമൂഹികപ്രവര്‍ത്തകരും മുതല്‍ കൂലി തൊഴിലാളികള്‍ വരെയുണ്ട്. പിറ്റേന്ന് പത്രങ്ങളൊക്കെ വലിയ വാര്‍ത്തയാക്കി അദ്ദേഹത്തിന്റെ മരണവാര്‍ത്ത കൊടുത്തു. കേരള സീനിയര്‍ സിറ്റിസന്‍ ഫോറം എന്ന വയോജനസംഘടനയുടെ സ്ഥാപക പ്രസിഡണ്ട്‌ എന്നതോടൊപ്പം പത്രത്തിലെ സ്ഥിരം എഴുത്തുക്കാരന്‍ എന്ന രീതിയിലും മാതൃഭൂമി എഡിറ്റോറിയല്‍ എഴുതി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

സംസ്കാരം കഴിഞ്ഞു നാട്ടുകാരും, അടുത്ത ദിനം രാവിലെ ബന്ധുക്കളും പോയി കഴിഞ്ഞപ്പോള്‍ അമ്മയുടെ ഓഫീസില്‍ നിന്ന് ഒരു ഫോണ്‍ വിളി, "ഞങ്ങള്‍ അങ്ങോട്ട്‌ ഒരു കമ്പി അയച്ചിടുണ്ട്!"... ഔദ്യോഗിക അനുശോചനം എന്ന രീതിയില്‍ ടെലിഗ്രാം അയച്ചുവെന്നാണ് അവര്‍ ഉദേശിച്ചത്. കമ്പിയെന്നാലെന്താണെന്നു പലര്‍ക്കും ഇനി അറിയണമെന്നില്ല. 




അമ്മ കമ്പിയുടെ കാര്യം എന്നോട് സൂചിപ്പിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് പടങ്ങളിലെ രംഗങ്ങളാണ്.  പോസ്റ്റ്‌ മാനിനു പിന്നാലെ ഒരു ജാഥക്കുള്ള ആളുകള്‍ ഒരു വീടിനു മുന്‍പിലെത്തുന്നതും വിറയാര്‍ന്ന കൈകളോടെ കമ്പി വാങ്ങി വായിച്ചു നെഞ്ചത്തടിച്ചു കരയുകയും ചെയ്യുന്ന വികാരനിര്‍ഭരമായ ദൃശ്യങ്ങള്‍ ഓര്‍ത്തു.

കമ്പി അയക്കുന്നത് വിവരം പെട്ടന്ന് അറിയിക്കാനാണ്. മന്ത്രിമാരടക്കം എല്ലാവരും ഫോണിലൂടെയാണ്  അമ്മാവന്മാരെ അനുശോചനങ്ങള്‍ അറിയിക്കുന്നത്. അടുത്ത പ്രഭാതത്തിലും കമ്പി വന്നില്ല. എല്ലാ ദിവസവും അമ്മയുടെ ഓഫീസില്‍ നിന്ന് വിളിച്ചു അന്വേഷിക്കും, "കമ്പി കിട്ടിയോ?"... ഇല്ലെന്നു പറഞ്ഞു അമ്മ ഫോണ്‍ വെക്കും. ഏതാണ്ട് ഒരാഴ്ച്ച ഇതേ കലാപരിപാടി തുടര്‍ന്നു.

ഒടുവില്‍ ആ ദിനം വന്നെത്തി! 7-8 ദിവസത്തിന് ശേഷം, പോസ്റ്റ്‌ മാന്‍ 'കമ്പിയുമായി' വന്നു. ഞങ്ങള്‍ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്ന ആ കമ്പി ഒപ്പിട്ടു വാങ്ങിയ ശേഷം അമ്മ എനിക്ക് കാണിച്ചു തന്നു. ഒരു കൊച്ചു കടലാസ്സില്‍ ഒറ്റ വരിയില്‍ അനുശോചനം അറിയിക്കുന്നുവെന്നാണ് അതിലെ ഉള്ളടക്കം.

ടെലിഗ്രാം തന്നു പോസ്റ്റ്‌ മാന്‍ പോയപ്പോള്‍ അമ്മ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു, " ഹോ! അങ്ങനെ കമ്പി കിട്ടി." മരണവീടാണെന്നു മറന്നു ഒരു നിമിഷം ആ വീട്ടില്‍ പൊട്ടിച്ചിരി ഉയര്‍ന്നു!
 

4.2.13

ഞാനിതാ വീണ്ടും



എഴുതാനറിയാതെ
വിവരിക്കാനറിയാതെ
ശബ്ദിക്കാനാകാതെ
ഞാന്‍ തരിച്ചിരുന്നു!

എന്നെ നോക്കി ചിരിച്ചു
ഈ സ്വാര്‍ത്ഥലോകം!
വിതുമ്പാനാകാതെ
ഞാന്‍ വിറച്ചു പോയി.

എന്‍ വാക്കുകള്‍
എങ്ങോ പോയ്‌ മറഞ്ഞു.
മായുന്ന സ്വപ്‌നങ്ങള്‍
മറയുന്ന ചിന്തകള്‍!

ഞാന്‍ മനസ്സിലോതി
എനിക്കാവില്ല ലോകമേ!
യവനികയ്ക്കുളില്‍ നിന്ന്
പിന്നെയും കണ്ണോടിച്ചു!

"ഇനിയും നീ എഴുതുക
നിന്‍റെ ദിനം വിദൂരമല്ല"
ഒരു പരിചിതശബ്ദം,
സുഹൃത്തെന്നു വിളിപ്പേര്!

തുടങ്ങാന്‍ ഒടുങ്ങണം
എഴുതി തെളിയണം.
തിരശീല മാറ്റി
ഞാനിതാ വീണ്ടും!