31.12.12

ഓണ്‍ലൈന്‍ ജീവി

കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും കരഞ്ഞും ദേഷ്യപ്പെട്ടും രാവിലെ മുതല്‍ രാത്രി വരെ നാം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. മഴയും മഞ്ഞും വെയിലുമെല്ലാം നാം മറ്റുള്ളവരുടെ മുന്‍പില്‍ വര്‍ണ്ണിക്കുന്നു. പക്ഷെ കറന്റ്‌ ഒന്ന് പോയാലോ അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ തകരാറിലായാലോ നമുക്ക് മുന്‍പിലെ ആ മായാലോകം മാഞ്ഞുപോകുന്നു. പറഞ്ഞു വന്നത് ഞാനടക്കം ഉള്ള ഓണ്‍ലൈന്‍ ജീവികളെ കുറിച്ചാണ്. വരുമാനത്തിനും സര്‍ഗഭാവനയുടെ പ്രോത്സാഹനത്തിനും വേണ്ടി കമ്പ്യുട്ടറിനു മുന്‍പില്‍ ഇരിക്കുന്ന ലക്ഷകണക്കിന് മനുഷ്യരില്‍ ഒരാള്‍ എന്ന നിലയില്‍ ഈ ജീവിതത്തെ കുറിച്ച് നല്ലതും ചീത്തയുമായി ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മനസിലാക്കി.


പലപ്പോഴും യഥാര്‍ത്ഥലോകത്ത് കിട്ടാത്ത എന്തൊക്കെയോ ഇ-ലോകത്ത് ലഭിക്കും എന്ന ഒരു ധാരണയാണ് ഓണ്‍ലൈന്‍ ജീവികളെ സൃഷ്ടിക്കുന്നത്. നാടിനെയും കാടിനേയും വര്‍ണ്ണിക്കുമ്പോള്‍ പലപ്പോഴും നമ്മുടെ ഭാവനയില്‍ നിന്ന് എടുത്തെഴുതേണ്ട ഒരു സ്ഥിതിവിശേഷമാണ് മിക്കസമയവും ഉണ്ടാകുന്നത്. ബ്ലോഗ്‌ എന്ന മാധ്യമത്തില്‍ കയ്യൊപ്പ് പതിപ്പിക്കാന്‍ വെറും എഴുത്ത് കൊണ്ട് മാത്രം കഴിയില്ല. ഞാന്‍ എഴുതുന്നു എന്ന് നാലാളോട് പറയാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പരിജ്ഞാനം വേണം. ചുമ്മാ സ്വന്തം ബ്ലോഗിന്റെ കാര്യം മാത്രം പറഞ്ഞാല്‍ ആരും നിങ്ങളെ ശ്രദ്ധിക്കണം എന്നില്ല. ബ്ലോഗിനപ്പുറം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ നിങ്ങളുടേതായ ഒരു വ്യക്തിത്വം ഉണ്ടാക്കുന്നതിനിടയില്‍ ബന്ധുക്കളും സുഹൃത്തുക്കളും അപരിചിതരുമായ ഒരു സമൂഹവുമായി ആശയവിനിമയം നടത്തേണ്ടതായി വരും. ഇത് കേവലം ഒരു ബ്ലോഗ്ഗറുടെ മാത്രം അവസ്ഥ അല്ല, മിക്കവാറും എല്ലാ തുറകളില്‍പ്പെട്ടവര്‍ക്കും ഇന്ന് ഇങ്ങനത്തെ ഓരോ വേഷങ്ങള്‍ കെട്ടിയാടെണ്ടി വരും.
ആരെങ്കിലും സംസാരിച്ചിലെങ്കിലോ കൂടുതല്‍ അടുപ്പം കാണിച്ചാലോ നിങ്ങള്‍ സംശയിക്കും. നിങ്ങളുടെ പ്രൊഫൈല്‍ അല്ലെങ്കില്‍ സോഷ്യല്‍ സൈറ്റില്‍ ലോഗ് ഇന്‍ ചെയ്താല്‍ അതില്‍ എന്തൊക്കെ പുതിയവ ഉണ്ടാകും എന്ന് ചിന്തിക്കും. ഇതാണ് സോഷ്യല്‍ ലോകം.

ചിലപ്പോഴൊക്കെ ഈ മായികലോകത്തോട്‌ വെറുപ്പ്‌ തോന്നിയിട്ടുണ്ട്‌. എനിക്ക് ചുറ്റും നടക്കുന്നതൊന്നും അറിയാതെ, ആളുകള്‍ കാണുമ്പോള്‍ ഫേസ്ബുക്കിനെയും ബ്ലോഗിനെയും പറ്റി മാത്രം എന്നോട് സംസാരിക്കുന്നു. ഒരുപാട് മടുക്കുമ്പോള്‍ ഞാന്‍ യാത്രകളില്‍ അഭയം തേടാറുണ്ട്. ഞാനും ഭൂമിയും മാത്രമായി സംസാരിച്ചു അങ്ങനെ കുറച്ചു മണിക്കൂറുകള്‍... അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌ ലോകത്തെ കുറിച്ച് അറിയാത്ത കൊച്ചു കുട്ടികളുമായി സംസാരിച്ചു ഇരിക്കും. കുട്ടികളുടെ ലോകം നമ്മുടെതിനെക്കാള്‍ വിശാലമാണ്, നിഷ്കളങ്കമാണ്. യാത്രകളില്‍ സൂര്യനെ നോക്കി പുഞ്ചിരിക്കാനും രശ്മികള്‍ എന്റെ കൈകളില്‍ പതിഞ്ഞു സ്വര്‍ണ്ണശോഭയോടെ തിളങ്ങുന്നത് നോക്കിയിരിക്കാനും ഞാന്‍ മറക്കാറില്ല.

ക്രിസ്തുമസ് അവധിയില്‍ വീട് നിറച്ചു ആളുകള്‍ ആയിരുന്നു. ഓണ്‍ലൈന്‍ ലോകത്തേക്ക് വരാന്‍ സമയം കിട്ടിയില്ല. എല്ലാവരും ഇന്നലെ സ്ഥലം വിട്ടപ്പോള്‍ ഞാന്‍ വീണ്ടും ഇ-ലോകത്തേക്ക് വന്നു. ഇനിയും യാത്രകള്‍ പോകണം, നാടുകള്‍ കാണണം. ഓണ്‍ലൈന്‍ ജീവിയെക്കാള്‍ എനിക്കിഷ്ടം ഓഫ്‌ലൈന്‍ മനുഷ്യനാകാനാണ്!(ഈ വര്‍ഷത്തെ എന്‍റെ അവസാനത്തെ പോസ്റ്റ്‌ ആണ്. ബ്ലോഗ്‌ തുടങ്ങി ഒരു വര്‍ഷം പോലും ആകുന്നതിനു മുന്‍പേ ഇത്രയുമധികം പ്രോത്സാഹനം ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ല. ഇനിയും നിങ്ങളുടെ സ്നേഹവും സഹകരണവും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.)

20.12.12

ഞാനും കുറിക്കട്ടെ


ഞാനൊരു ശിശു
ഇതെന്‍ ആദ്യ സ്വരം.
തെറ്റുകളുണ്ടെങ്കില്‍
ക്ഷമിച്ചീടുക!

പറയാന്‍ ബാക്കി വച്ചും
പറയാതെ ബാക്കി വച്ചും
എന്‍റെ ശബ്ദമിടറിയും
കൈകള്‍ വിറച്ചും!

ആരെയും ഉണര്‍ത്താതെ
നിലാവിന്‍റെ കുളിര്‍മയില്‍
ഞാനും കുറിക്കട്ടെ
നാലു വരി കവിത!

12.12.12

നൂറില്‍ പറയാതെ ബാക്കി വച്ചത്

രാവിലെ കൊതുകുകളുടെ സംഘഗാനം കേട്ടാണ് ഉണര്‍ന്നത്. പവര്‍ കട്ട്‌ രാത്രി കുടുംബാംഗങ്ങളോടൊത്ത് വെടി പറയാനുള്ള സമയമാണെങ്കില്‍ രാവിലെ എഴുന്നേല്‍ക്കാനുള്ള അലാറം ആണ്, പ്രത്യേകിച്ച് ആറു മണിക്കുള്ളത്! ഏതായാലും ഉണര്‍ന്നു. എഴുത്തുകുത്ത് പണികളൊക്കെ ഇന്നലെ ചെയ്തു തീര്‍ത്തത് കൊണ്ട് ഇന്ന് പറയാതെ ബാക്കി വച്ചത് അല്‍പ്പം പറഞ്ഞേക്കാം എന്ന് കരുതി.

നാട് ഉണര്‍ന്നു വരുന്നതേ ഉള്ളു. അമ്പലത്തിലെ സുപ്രഭാതവും പള്ളിയിലെ ബാങ്കു വിളിയും എല്ലാം പതിവ് ശബ്ദങ്ങളായതുകൊണ്ട് വീണ്ടും വര്‍ണ്ണിക്കുന്നില്ല. വൃശ്ചികത്തിന്റെ ആലസ്യത്തില്‍ ഉറങ്ങുന്ന നാട് കരിമ്പടം നീക്കി പുറത്ത് ഉണര്‍ന്നെഴുന്നേല്‍ക്കുന്നതേ ഉള്ളു. പതിവ് തെറ്റിക്കാതെ ട്രെയിനിന്‍റെ ശബ്ദവും ടിപ്പര്‍ ലോറികളുടെ ഇരമ്പലും കേള്‍ക്കുന്നു. ഇടയ്ക്ക് ആരുടെയോ മരണവിവരം അറിയിച്ചു കൊണ്ട് ഒരു ജീപ്പും വീടിനു മുന്‍പിലൂടെ കടന്നു പോയി.
ശോ! ഇതാണ് എന്‍റെയൊരു കാര്യം, പറയാന്‍ വന്നത് പറയാതെ വേറെ എന്തൊക്കെയോ എഴുതി കൊണ്ടിരിക്കുന്നു. നൂറു കൂട്ടുകാരെ കിട്ടിയതിന്‍റെ സന്തോഷം കൊണ്ട് ഇവിടെ ഒരു കൃതജ്ഞത പോസ്റ്റ്‌ ആണ് ഞാന്‍ ഉദേശിച്ചത്. എന്നാല്‍ നമുക്ക് കാര്യപരിപാടിയിലേക്ക് കടക്കാം. നൂറ് എന്ന അക്കം വന്‍ സംഭവമാണ് എന്ന് എല്ലാവരും പറയുന്നു. ക്രിക്കറ്റ്‌ മാച്ചിലൊക്കെ "ഓന് സെഞ്ച്വറി ഇല്ലാത്തോണ്ട് ഓനെ പൊറത്താക്കണം" എന്നൊക്കെ ടൈയും കൊട്ടും ഇട്ട പഴയ കളിക്കാര്‍ പറയുന്നത് കേള്‍ക്കാം. 90 റണ്‍ കഴിഞ്ഞാല്‍ വല്ലാതെ ടെന്‍ഷന്‍ അടിക്കുന്ന കളിക്കാരെ കാണാം. ഒരു സിക്സും ഫോറും അടിച്ചു വേഗം 100 തികയ്കുന്ന സേവാഗിനെ പോലത്തെ കിറുക്കന്‍മാരും ഉണ്ട്.

വീണ്ടും ഞാന്‍ എന്തൊക്കെയോ പറയുന്നു. ഇനി കുറച്ചു ഗൌരവക്കാരി ആവട്ടെ! പണ്ടേന്‍റെ ഇംഗ്ലീഷ് ബ്ലോഗില്‍ 50 ഫോളോവേഴ്സ്
ആയപ്പോഴേക്കും ഇനി എന്ന് 100 ആകും എന്ന ആധിയിലായിരുന്നു. വോയിസ്‌ ഓഫ് എ വില്ലജ് ഗേള്‍ എന്ന ബ്ലോഗും അതിലെ ചില പോസ്റ്റുകളും ഒരു അഭിമാനപ്രശ്നം എന്ന നിലയില്‍ നിലനിര്‍ത്തി പോരുന്നതാണ്. "ഈ പൈങ്കിളി ബ്ലോഗൊക്കെ ആര് വായിക്കാനാ?" എന്ന് എന്നെയും ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ഗ്രാമീണരെയും പരിഹസിക്കുന്നവര്‍ക്കുള്ള മറുപടി ആണ് വില്ലജ് ഗേളിന്റെ മുന്നേറ്റം. അതിനു വേണ്ടി ഞാന്‍ പരമാവധി ശ്രമിച്ചു. 

ഒടുവില്‍ ഇംഗ്ലീഷില്‍ മാത്രം ചിന്തിക്കാന്‍ തുടങ്ങി എന്ന യാഥാര്‍ത്ഥ്യത്തോടൊപ്പം പരസ്യവും സ്വയം പ്രശംസയും മടുത്തപ്പോള്‍ "തറവാട്ടി"ലേക്ക് മടങ്ങി. മാതൃഭാഷയോടുള്ള അമിതസ്നേഹമെന്നോന്നും പറഞ്ഞു ഞാന്‍ ഈ മടക്കത്തെ നാടകീയമാക്കുന്നില്ല. എങ്കിലും നാം അധികം പുറംമോടികള്‍ ഒന്നുമില്ലാതെ പെരുമാറുന്നതും സംസാരിക്കുന്നതും മാതൃഭാഷയില്‍ ആണ്.

പറയാതെ ബാക്കി വച്ചത് എന്ന പേര് പോലെ തന്നെ എഴുതാന്‍ എനിക്ക് തോന്നുമ്പോള്‍ മാത്രമേ ഇവിടെ പുതിയ പോസ്റ്റുകള്‍ പതിപ്പിക്കാറുള്ളൂ. ഇംഗ്ലീഷ് ബ്ലോഗിന് വിഭിന്നമായി ആരെയും
ഇവിടെ നിര്‍ബന്ധപൂര്‍വം ഫോളോ ചെയ്യാന്‍ ആവശ്യപ്പെടാറില്ല. എന്നിട്ടും കുറച്ചു പരിചിതമുഖങ്ങളെ ഇവിടെ കാണാറുമുണ്ട്. ഇതിനൊക്കെ പുറമേ മലയാളം ബ്ലോഗേഴ്സ് എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പ്‌ തരുന്ന പ്രോത്സാഹനമാണ് എന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നത്.

പെണ്ണെഴുത്തിന് വായനക്കാര്‍ കൂടു
മെന്ന് ഇതിനിടയില്‍ ആരോ പറഞ്ഞു. ഫെമിനിസം തലയ്ക്കു പിടിച്ച ഒരു കാലം ഈ എഴുത്തുകാരിക്കും ഉണ്ടായിരുന്നു. ആ രീതിയില്‍ നോക്കിയാല്‍ ഇത് ഒരു പ്രശംസാവാചകമായെടുക്കം. പക്ഷെ ആ മഹാന്‍ പരിഹാസരൂപേണയാണ് പറഞ്ഞത്. മലയാളത്തിലെ പ്രശസ്തമായ ഭൂരിപക്ഷം ബ്ലോഗുകളും പുരുഷന്മാരുടെതാണ് എന്ന് അദ്ദേഹത്തിന് അറിയില്ലെന്ന് തോന്നുന്നു.

ഞാന്‍ ഒരിക്കലും ഒരു നല്ല വായനക്കാരി അല്ല. ഒരുപാടു പോസ്റ്റുകള്‍ ഒന്നും ഞാന്‍ വായിക്കാറും ഇല്ല. അതുകൊണ്ട് തന്നെ എന്‍റെ ഭാഷ അത്ര കേമമല്ലെന്നുള്ള തിരിച്ചറിവും എനിക്കുണ്ട്. എന്നിട്ടും
ഈ ബ്ലോഗ്‌ തുടങ്ങി അഞ്ചു മാസത്തിനുള്ളില്‍ നൂറു കൂട്ടുകാര്‍ എന്നെ പിന്തുണക്കാന്‍ എത്തി. മിക്കവാറും പേരെ ഞാന്‍ നേരിട്ട് പരിചയം ഇല്ല. നന്ദി എന്ന ഒറ്റവാക്കില്‍ നിങ്ങളോടുള്ള എന്റെ കടപ്പാട് പറഞ്ഞു തീര്‍ക്കാന്‍ കഴിയുമോ? ഈ സ്നേഹവും പ്രോത്സാഹനവും പ്രാര്‍ത്ഥനയും എന്നും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ നിര്‍ത്തട്ടെ!

5.12.12

ഉച്ചമയക്കത്തിനിടയില്‍...

"ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ
 
ശാസ്തേ തുഭ്യം നമോ നമ:"

അടുത്തുള്ള ഗ്രാമക്ഷേത്രത്തിലെ അഖണ്ഡനാമയജ്ഞത്തിലെ പ്രാര്‍ത്ഥനമന്ത്രങ്ങള്‍ ശ്രദ്ധിച്ചു ഞാനങ്ങനെ കിടന്നു. വൃശ്ചികമാസത്തിലെ ഉച്ചനേരങ്ങള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. രാവിലത്തെ തണുപ്പിനു ശമനമേകുന്ന ഭൂമിയിലെ ഇളം ചൂടും നീലവര്‍ണ്ണമണിഞ്ഞ ആകാശവും ആസ്വദിച്ചങ്ങനെ കിടക്കുന്നത് എന്‍റെ ഇഷ്ടവിനോദങ്ങളില്‍ ഒന്നാണ്. റോഡിലൂടെ പായുന്ന ബൈക്കിന്റെയും മറ്റു വാഹനങ്ങളുടെയും ഒച്ചയും നിലമ്പൂര്‍-ഷൊര്‍ണൂര്‍ വണ്ടിയൂടെ ശബ്ദവും കിളികളുടെ
കളകളാരവവുമെല്ലാം ഉച്ചമയക്കത്തിന് താരാട്ടു പാടി.


(മോഡല്‍: എന്‍റെ ഏട്ടന്റെ മകള്‍ അംഗിത)

ചെറുപ്പകാലത്ത് എനിക്ക് വീട്ടുകാരുടെയാരുടേയും ഉച്ചക്കുള്ള ഉറക്കം ഇഷ്ടമല്ലായിരുന്നു. സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അധികവും ഞങ്ങള്‍ തറവാട്ടിലാകും. വെയിലാറുന്നത് വരെ ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ വല്ല "ഇന്‍ഡോര്‍ ഗെയിംസ്" കളിച്ചിരിക്കുകയാണ് അന്നത്തെ പരിപാടി. മുതിര്‍ന്നവര്‍ എല്ലാവരുമൊന്നും ഉറങ്ങാറില്ല. എങ്കിലും അടുക്കളപണി കഴിഞ്ഞു അമ്മയും ചെറിയമ്മമാരും ചെറിയ ഒരു പൂച്ചയുറക്കം നടത്താറുണ്ട്. അച്ഛനും അപ്ഫന്‍മാരും ചിലപ്പോള്‍ ഉറങ്ങുകയോ അല്ലെങ്കില്‍ കൃഷിക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയോ ആവും. മുത്തശ്ശി നാരായണീയമോ ഭാഗവതമോ വായിക്കുകയാകും. ഞങ്ങളെ സഹായിക്കാന്‍ വരുന്ന സ്ത്രീകള്‍ ഉച്ചവിശ്രമവും അതിനിടയ്ക്ക് നാട്ടിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യും. അവര്‍ പറയുന്ന കഥകളിലെ കഥാപാത്രങ്ങള്‍ എനിക്ക് അജ്ഞാതരാണെങ്കിലും ആ കഥകള്‍ കേള്‍ക്കാന്‍ ഞാന്‍ ഇടയ്ക്കു പോയി ഇരിക്കാറുണ്ട്. തൊടിയില്‍ കെട്ടിയ പശുക്കളും കിടാങ്ങളും രാവിലെ കഴിച്ച ഭക്ഷണം അയവിറക്കി കൊണ്ട് കിടക്കും. എല്ലാവരുടെയും സംരക്ഷണം ഏറ്റെടുത്തു കൊണ്ട് റാണി ജാഗരൂകയായി തന്‍റെ കൂട്ടില്‍ അക്ഷമയോടെ നില്‍ക്കാറുണ്ട്.

ഇതൊക്കെ ഒരിക്കലും തിരിച്ചു കിട്ടാത്ത മധുരമുള്ള പഴയ കഥകള്‍. പുതിയ സ്വപ്‌നങ്ങള്‍ കാണാനായി
ഇപ്പോള്‍ ഞാനും ഒരു ഉച്ചമയക്കത്തിലേക്ക്..!

19.11.12

ഞമ്മടെ ബണ്ടി

"ഞമ്മടെ ബണ്ടില് ഇന്ന് ആള് കൊറവാണല്ലോ!" ഞങ്ങളുടെ നാട്ടില്‍ ആരെങ്കിലും ഇങ്ങനെ പറയുന്നത് കേട്ടാല്‍ വല്ല ബസ്‌ മുതലാളിയുമാകും ഈ ഡയലോഗ് അടിക്കുന്നത് എന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ആ സാധു മനുഷ്യന്‍ ഉദ്ദേശിക്കുന്നത് നിലമ്പൂര്‍-ഷൊര്‍ണൂര്‍ ട്രെയിന്‍ ആണ്. ആ വണ്ടി കടന്നു പോകുന്നത് അധികവും ഗ്രാമപ്രദേശങ്ങളിലൂടെയാണ്. ട്രെയിന്‍ ടു പാകിസ്താന്‍ എന്ന നോവലിലെ പോലെ പലപ്പോഴും ഗ്രാമങ്ങളിലെ ദിനചര്യകള്‍ ഈ വണ്ടിയെ ആശ്രയിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ ഈ വണ്ടിക്കു ഒരു അപകടവും സംഭവിക്കാതെ കടന്നു പോകാന്‍ നാട്ടുകാര്‍ ആത്മാര്‍ഥമായി ശ്രമിക്കാറുണ്ട്. "വണ്ടി" എന്നതുകൊണ്ട് ഞാന്‍ ഒരൊറ്റ ട്രെയിന്‍ അല്ല ഉദേശിച്ചത്, ഈ റൂട്ടില്‍ ഓടുന്ന ആറു വണ്ടികള്‍ ഉണ്ട്. ബ്രിട്ടിഷുകാരുടെ കാലത്ത് നിര്‍മിച്ച ഈ പാതയും റെയില്‍വേ സ്റ്റേഷനുകളും ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായവയിലോന്നാണ് എന്ന് സഞ്ചാരികള്‍ സാക് ഷ്യപ്പെടുത്തുന്നു.
നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ഏറെ കാത്തിരിപ്പിനു ശേഷം അവതരിച്ച ട്രെയിന്‍ ആണ് രാജ്യറാണി. ഷൊര്‍ണുരില്‍ വച്ച് അമൃത എക്സ്പ്രസ്സുമായി യോജിപ്പിച്ച് തിരുവനന്തപുരം വരെ ഈ ഗ്രാമീണരെ എത്തിക്കുന്ന വണ്ടിയാണ് രാജ്യറാണി. എനിക്ക് ആ അവതാരത്തെ ദര്‍ശിക്കാനായതും യാത്ര ചെയ്യാന്‍ അവസരം കിട്ടിയതും ഈയടുത്താണ്. രാത്രി ഒന്‍പതു മണിയോടടുത്ത് വാണിയമ്പലം എന്ന ഞങ്ങളുടെ കൊച്ചു സ്റ്റേഷനില്‍ രാജ്യറാണി എത്തി. കയറിയ ഉടന്‍ വണ്ടി യാത്ര തുടങ്ങി. ഒഴിഞ്ഞ കമ്പാര്‍ട്ട്മെന്റ് യാത്രയ്ക്കിടയില്‍ പതുക്കെ നിറഞ്ഞു തുടങ്ങി. പലപ്പോഴും രാജ്യറാണിയില്‍ യാത്ര ചെയ്യുന്നവരില്‍ ഭൂരിപക്ഷം പേരും രാഷ്ട്രീയസാമൂഹികരംഗത്തെ പ്രമുഖര്‍ ആയിരിക്കും. ഖദര്‍ ഇട്ട ഒരു നേതാവിനോട് അച്ഛന്‍ കുശലം പറയുന്നത് കണ്ടു. വണ്ടി പതുക്കെ ഷൊര്‍ണൂരില്‍ എത്തി. അവിടെ ഒരു മണിക്കൂറിലധികം വിശ്രമം ഉണ്ട്.

രാജ്യറാണി തന്‍റെ കൂട്ടുകാരിയായ അമൃതയെ കാത്തുകിടക്കുന്നതിനിടയില്‍ യാത്രക്കാര്‍ ഭക്ഷണപൊതികള്‍ തുറന്നു അത്താഴത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. "ബരീന്‍...ബസണം കയ്ക്കാം!" എതിര്‍വശത്തുള്ള സീറ്റിലെ ഒരു കൂട്ടം മദ്ധ്യവയസ്കര്‍ കൂടെയിരിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ക്ക് നേരെ ഭക്ഷണപൊതി നീട്ടിക്കൊണ്ട് പറഞ്ഞു. കഴിക്കണോ എന്ന ചോദിക്കുന്നതിനു പകരം തങ്ങളുടെ അത്താഴത്തിന്റെ ഒരു പങ്കു കൊടുക്കുന്ന മലബാര്‍ സംസ്കാരം കണ്ടു മനസ്സ് നിറഞ്ഞു സ്നേഹത്തോടെ അവര്‍ നിരസിച്ചു.

കൂട്ടുകാരിയുടെ കൈകോര്‍ത്തു രാജ്യറാണി പതുക്കെ നീങ്ങി തുടങ്ങി. ലൈറ്റുകള്‍ അണച്ച് എല്ലാവരും ഉറങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.ഞാന്‍ മുകളിലെ ബെര്‍ത്തില്‍ കയറി ഉറങ്ങാന്‍ കിടന്നു. എന്തോ ഉറക്കം വരുന്നില്ല! "തൃശൂര്‍ സ്റ്റേഷന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു." എന്ന് അനൌണ്‍സ്മെന്റ് കേട്ടപ്പോള്‍ ഞാന്‍ പതുക്കെ താഴേക്ക്‌ ഇറങ്ങി. ഞാന്‍ ഏറെ സ്നേഹിക്കുന്ന പലതും സമ്മാനിച്ച ആ നാടിനെ രാത്രിയുടെ മനോഹരിതയില്‍ കാണാനുള്ള ആഗ്രഹത്താല്‍ താഴേക്ക്‌ ഇറങ്ങിയപ്പോഴേക്കും വണ്ടി വിട്ടിരുന്നു. ഒരു ബിന്ദുവിനു ചുറ്റും കറങ്ങുന്ന ഒരു പട്ടണമാണ് തൃശൂര്‍. പലരെയും പോലെ എന്നെയും ഒരുപാട് ചുറ്റിച്ചിട്ടുന്ടെങ്കിലും ആ നാട് ഇന്നുമെനിക്ക്‌ ഉത്തരം തരാത്ത ഒരു ചോദ്യമായി നില്ക്കുന്നു. മഴയില്‍ കുതിര്‍ന്ന ഒരു യാത്രയുടെ ഓര്‍മകളുമായി ചുമ്മാ ഒരു നാടിനെ മാത്രം വര്‍ണിച്ചു അവസാനിപ്പിക്കാന്‍ ഉദ്ധേശമില്ലാത്തതുകൊണ്ട് വീണ്ടും മുന്നോട്ട്!

താഴെ ഇറങ്ങിയപ്പോള്‍ അച്ഛന്‍ ഉറങ്ങാതെ ഇരിക്കുന്നത് കണ്ടു. അച്ഛനെ മുകളിലെ ബെര്‍ത്തിലേക്ക് പറഞ്ഞു വിട്ടു ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു. പെണ്ണ് എന്നാ നിലയില്‍ പലപ്പോഴും രാത്രി യാത്ര നിഷിദ്ധമായതുകൊണ്ടാണോ എന്തോ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മഞ്ഞിന്‍ പുക മൂടി നില്‍ക്കുന്ന വയലുകളും പറമ്പുകളും കഴിഞ്ഞു വണ്ടി വലിയവലിയ കെട്ടിടങ്ങള്‍ക്കിടയിലൂടെ യാത്ര തുടര്‍ന്നു. ഇടയ്ക്ക് ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലം എത്തിയവേളയില്‍ ഞങ്ങളോട് യാത്ര പറഞ്ഞു രാജ്യറാണി നീങ്ങി.

കേരളത്തിന്‍റെ തലസ്ഥാനത്ത് രാജ്യറാണി യാത്ര അവസാനിപ്പിക്കുമ്പോള്‍ ഒരുപാട് വന്‍നഗരങ്ങളില്‍ നിന്നുമുള്ള തീവണ്ടികള്‍ പുച്ഛത്തോടെ അവളെ നോക്കുമ്പോള്‍  അവള്‍ പറഞ്ഞേക്കാം, 'ഞാന്‍ ഗ്രാമത്തില്‍ നിന്നും വരുന്ന വണ്ടി ആണ്. നിങ്ങളുടെയത്ര നാടുകള്‍ കണ്ടിട്ടില്ല. പക്ഷെ നിങ്ങളാരെക്കാളുമധികം സ്നേഹം എനിക്ക് ലഭിക്കുന്നു. എനിക്ക് അപകടം പിണയാത്തിരിക്കാന്‍ ഒരു സമൂഹം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളോട് വാദിക്കാന്‍ എനിക്ക് സമയം ഇല്ല. എനിക്കിപ്പോള്‍ ഉറങ്ങിയാലെ കണ്ണിലെണ്ണ ഒഴിച്ച് എന്നെ കാത്തിരിക്കുന്ന ആ ഗ്രാമങ്ങളിലൂടെ ഇന്ന് രാത്രി യാത്ര ചെയ്യാനാവൂ."


(ഇംഗ്ലീഷില്‍ നിലമ്പുര്‍-ഷൊര്‍ണൂര്‍ വണ്ടിയെ പറ്റി രണ്ടു വര്‍ഷം മുന്‍പ് വിശദമായി എഴുതിയതാണ്. അതുകൊണ്ട് തന്നെയാണ് ഈ പോസ്റ്റില്‍ വീണ്ടും ആവര്‍ത്തിക്കാതെ ചുരുക്കി കളഞ്ഞത്. ഇംഗ്ലീഷ് പോസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യു)

13.11.12

ചാന്ദനി - ഒരു സ്വപ്നം

കൂത്തുപറമ്പ്-തലശ്ശേരി റോഡിലുള്ള ഫത്തിമാസ് എന്ന വീടിനു സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അതിനു പറയാന്‍ ഒരുപാടു കഥകള്‍ ഉണ്ടാകും. സ്നേഹസമ്പന്നരായ ഒരു ദമ്പതികള്‍ അവരുടെ സ്വപ്നസൗധം പടുത്തുയര്‍ത്തിയതിന്റെയും ചിരിച്ചുല്ലസിച്ച്‌ എല്ലാ വിഷമങ്ങളും മറന്നു ജീവിച്ചതിന്റെയും ഒടുവില്‍ പല ചോദ്യങ്ങള്‍ക്കുത്തരം കിട്ടാതെ ആ വീടിന്‍റെ താക്കോല്‍ മറ്റൊരു ഉടമസ്ഥനെ ഏല്‍പ്പിച്ചതും അടക്കം ഒരുപാട് അദ്ധ്യായങ്ങള്‍ ആ വീടിനുള്ളില്‍ ഉറങ്ങി കിടക്കുന്നു.

ഫത്തിമാസ് എന്ന പേര് സ്വീകരിക്കുന്നതിനു മുന്‍പ് ആ ഗൃഹം ചാന്ദനി ആയിരുന്നു. എന്‍റെ മുത്തശ്ശന്‍ സ്വരുക്കൂട്ടി വച്ച സമ്പാദ്യത്തിന്‍റെ ഫലമായി ആ ഗൃഹം നിര്‍മിച്ചു. നിലാവില്‍ കുളിച്ചു നില്‍ക്കുന്ന വീടിന്‍റെ ഭംഗിയില്‍ ഞങ്ങള്‍ വല്യച്ഛന്‍ എന്ന് വിളിക്കുന്ന മുത്തശ്ശന്‍ മയങ്ങി പോയത് കൊണ്ടാണ് വീടിനു ചാന്ദനി എന്ന പേരിട്ടതെന്ന് അമ്മ പറയാറുണ്ട് ഞാന്‍ ജനിച്ചതും ഒഴിവു കാലം ചിലവിട്ടതും എല്ലാം ആ വീട്ടിലാണ്‌.
ചാന്ദനിയുടെ ഏറ്റവും വലിയ പ്രത്യേകത എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ അവിടെ ജാതിമത വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല. വല്യച്ഛന്റെയും അമ്മാവന്മാരുടെയും സുഹൃത്തുക്കളും മറ്റു ബന്ധുക്കളും സ്വഗൃഹം പോലെ ചാന്ദനിയില്‍ ജീവിച്ചു. സാമൂഹ്യപ്രവര്‍ത്തകന്‍ ആയ വല്യച്ഛനും, അദ്ദേഹത്തിന് താങ്ങും തണലുമായി എന്നുമൊരു പുഞ്ചിരിയോടെ മുത്തശ്ശിയും ആ ഗൃഹത്തെ സമ്പന്നമാക്കി. ഗ്രാമത്തില്‍ നിന്ന് പോയ എനിക്ക് അന്ന് അവിടം ഒരു അത്ഭുതം ആയിരുന്നു. ഇന്നത്തെ പോലെ എന്റെ നാട്ടില്‍ റോഡിലൂടെ അധികം വണ്ടികള്‍ ഓടാറില്ല. അത് കൊണ്ട് തന്നെ ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്ന അവിടുത്തെ റോഡിലേക്ക് ഞാന്‍ നോക്കി നില്‍ക്കാറുണ്ട്. ബസ്സിന്‍റെ പേര് വായിക്കുന്നതും എണ്ണം എടുക്കുന്നതും എന്‍റെയും അനിയത്തി ജ്യോതിയുടെയും പ്രധാനവിനോദം ആയിരുന്നു.

സാധാരണ ഇല്ലങ്ങളിലെ പോലെ ഏക്കറുകണക്കിന് ഭൂമി ഒന്നും അവിടെ ഇല്ലെങ്കിലും ഉള്ള സ്ഥലത്ത് എല്ലാവിധ ഫലവൃക്ഷങ്ങളും ഉണ്ടായിരുന്നു. പ്ലാവ്,മാവ്, സപ്പോട്ട, ബദാം തുടങ്ങി നാരങ്ങ മരം വരെ അവിടെ തഴച്ചു വളര്‍ന്നു. ആ ദമ്പതികളുടെ മക്കളുടെ ബാല്യവും വിവാഹവും കൊച്ചുമക്കളുടെ ജനനവും എല്ലാം ആ ഗൃഹത്തിലുള്ളപ്പോഴായിരുന്നു. എല്ലാം മംഗളകരമായി നടത്തിയ ശേഷം ആ ഗൃഹം മറ്റൊരാളെ ഏല്‍പ്പിച്ചു വല്യച്ഛനും കുടുംബവും മറ്റൊരു നാട്ടില്‍ ഒരു കൊച്ചു വീട് വാങ്ങി. പുതിയ വീട്ടില്‍ ഏതാനും വര്‍ഷം താമസിച്ചു ആ വൃദ്ധദമ്പതികള്‍ ഈ ലോകത്തോട്‌ വിട പറഞ്ഞു.


വല്യച്ഛനും മുത്തശ്ശിയും

എന്നെ ഒരുപാടു സ്വപ്നം കാണാന്‍ പഠിപ്പിച്ച വീടായിരുന്നു ചാന്ദനി. എന്നെ അക്ഷരലോകത്തേക്ക് വല്യച്ഛന്‍ കൈ പിടിച്ചു കയറ്റിയത് ഈ വീട്ടില്‍ വച്ചാണ്. ഞാന്‍ എഴുതുന്ന ഓരോ വാക്കുകള്‍ക്കും ഒരുപാടു അര്‍ത്ഥങ്ങളും ശക്തിയും ഉണ്ടെന്നു വല്യച്ഛന്‍ എന്നെ പഠിപ്പിച്ചത് ഇവിടുന്നാണ്‌. സ്ത്രീയുടെ നിഷ്കളങ്കമായ സ്നേഹം എന്തെന്ന് പഠിപ്പിച്ച മുത്തശ്ശി ജീവിച്ചത് ആ വീട്ടിലായിരുന്നു. ഭക്ഷണത്തിന് കൈപുണ്യത്തിന്റെ ലഹരി ചേര്‍ത്ത് വിളമ്പാന്‍ മുത്തശ്ശിയും അമ്മായിയും മത്സരിച്ചത് ഇവിടെ വച്ചായിരുന്നു. ഉറക്കെ ചിരിക്കണമെന്ന് എന്നെ പഠിപ്പിച്ച അമ്മാവന്‍മാരുടെ ചിരികള്‍ ആ വീടിനെ ഉത്സവലഹരിയിലാക്കി. വീട് എങ്ങനെ വൃത്തിയാക്കി വയ്ക്കാം എന്ന് ഞാന്‍ മനസിലാക്കിയത് ഇവിടെ എന്റെ ചെറിയ അമ്മായിയില്‍ നിന്നായിരുന്നു. സൗഹൃദവും ജാടയും എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ചു തന്നത് ഇവിടുത്തെ എന്‍റെ സഹോദരങ്ങള്‍ ആണ്.

ഒടുവില്‍ മനുഷ്യനെക്കാള്‍ നാം പരിസരത്തെ സ്നേഹിക്കുന്ന അവസ്ഥ വരുമെന്ന് ബോധ്യപ്പെടുത്തിയത് ചാന്ദനിയില്‍ നിന്ന് പടി ഇറങ്ങിയപ്പോഴാണ്. വീമ്പുപറയാന്‍ ഒരു രാജകൊട്ടാരത്തിന്റെ പ്രൗഡിയൊന്നും ആ വീടിനില്ലായിരുന്നു. ഒരു സാധാരണ കുടുംബം താമസിക്കുന്ന ഒരു കൊച്ചുവീട്. പക്ഷെ അതിനപ്പുറം കുടുംബം എന്ന വാക്കിന്റെ ശരിയായ പ്രയോഗമായ കൂടുമ്പോള്‍ ഇമ്പമുള്ള ഒരു അന്തരീക്ഷം അവിടെ ഉണ്ടായിരുന്നു.

ഇന്ന് ചാന്ദനി കെട്ടിലും മട്ടിലും പേരിലും ആകെ മാറിയിരിക്കുന്നു. ഈ മാറ്റം നടന്നിട്ട് ഒരുപാട് വര്‍ഷങ്ങള്‍ ആയെന്നു തോന്നുന്നു. പക്ഷെ ഞാനിതു ഇന്നലെ നടന്ന പോലെയേ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുള്ളൂ. ചാന്ദനിക്കും അങ്ങനെ തന്നെ ആണെന്ന് തോന്നുന്നു. വീടിനു ആത്മാവ് ഉണ്ടോ? ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്ക് താല്പര്യം. മുത്തശ്ശനെയും മുത്തശ്ശിയെയും ഓര്‍ക്കുന്ന പോലെ ആ വീടിനെയും എന്റെ ഒരു വഴികാട്ടിയായി ഞാന്‍ എന്നും നന്ദിയോടെ സ്മരിക്കും.

മനസ്സില്‍ മറക്കാന്‍ കഴിയാത്തതൊക്കെ  സ്വപ്‌നങ്ങള്‍ ആയി വരും. തീര്‍ച്ചയായും ചാന്ദനി അവിടെ താമസിച്ച ഓരോ കുടുംബാംഗങ്ങളുടെയും നിശാസ്വപ്നത്തില്‍ കടന്നു വരാറുണ്ട്. ഇന്നത്തെ രാത്രിയില്‍ ഉറപ്പായും ഞാന്‍ ചാന്ദനിയില്‍ ആകും. അതുകൊണ്ട് തന്നെ മനോഹരമായ ആ സ്വപ്നം പ്രതീക്ഷിച്ചു ഞാന്‍ ഉറങ്ങാന്‍ കിടക്കട്ടെ!

9.11.12

അയ്യോ ഞാന്‍ അവരല്ല!


പറയാതെ ബാക്കി വച്ചിട്ട് കുറെ നാളുകളായി. ഇന്നെങ്കിലും എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ ഈ ബ്ലോഗ്‌ കാട് മൂടി പോകും. സോണി ഭട്ടതിരിപ്പാടിന്റെ അമ്മയെ കുറിച്ചുള്ള പോസ്റ്റ്‌ എല്ലാവരും വായിച്ചോട്ടെ എന്ന് കരുതി ആയിരുന്നു ഈ മൗനം. ഞാന്‍ എന്ത് കൊണ്ട് എഴുതുന്നു, എങ്ങനെ എഴുതുന്നു എന്നൊക്കെ പലരും സംശയിക്കാറുണ്ട്! ആ ചോദ്യങ്ങള്‍ക്കൊന്നും പലപ്പോഴും എനിക്ക് ഉത്തരം പറയാന്‍ അറിയില്ല. എന്‍റെ നിശബ്ദതയെ ജാഡ എന്ന് വിളിക്കുന്നവരുമുണ്ട്.
 

വേറൊരു തമാശ എന്താണെന്ന് വച്ചാല്‍ എന്‍റെ എഴുത്തിന്റെ ശൈലി കമലാദാസിന്റേതു പോലെ ആണെന്ന് ചിലര്‍ പറയുന്നു! വായിച്ചിട്ട് നിങ്ങള്‍ ചിരിച്ചോ എന്നെനിക്കറിയില്ല, എങ്കിലും ഈ പേര് കുറച്ചു കാലമായി ആളുകള്‍ എന്‍റെ കൂടെ ചേര്‍ത്ത് വായിക്കുന്നു. ആദ്യമേ പറയട്ടെ കമല ദാസ്‌ എന്ന എഴുത്തുകാരി ജനിച്ചതും ജീവിച്ചതും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌. അവര്‍ കൈ കൊണ്ടെഴുതുമ്പോള്‍ ഞാന്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ടൈപ്പ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. വ്യാകരണപ്പിശകുകള്‍ ചൂണ്ടി കാണിക്കാന്‍ എനിക്ക് സോഫ്റ്റ്‌വെയര്‍ ഉണ്ട്. കമല ദാസ്‌ എഴുത്തിന്റെ മാന്ത്രികത സൃഷ്ടിച്ചത് കേവലം വിരലുകളുടെയും ഭാവനയുടെയും സഹായത്തോടെ മാത്രം ആണ്.ഗുരുവായൂരപ്പന്റെ സ്വന്തം കോളേജ് ആയ ശ്രീകൃഷ്ണ കോളേജിലെ ഇരുള്‍ മൂടിയ ഹിസ്റ്ററി ബ്ലോക്കിലെ ഇംഗ്ലീഷ് ക്ലാസ്സില്‍ വച്ചാണ് ഞാന്‍ ആദ്യമായി ആ പേര് കേള്‍ക്കുന്നത്. പാലക്കാട്ടുകാരി ഗീത ടീച്ചര്‍ കോളേജ് മാഗസിനിലെ എന്റെ കഥ വായിച്ചിട്ട് പറഞ്ഞു, "രൂപ, കഥ നന്നായിട്ടുണ്ട്. കമല ദാസിന്റെ ഒരു ശൈലി പോലെ തോന്നി വായിച്ചപ്പോള്‍..."! ആദ്യമായി ഒരു കഥ പ്രസിദ്ധീകരിച്ചു വന്നതിലെ അന്ധാളിപ്പ് വിട്ടു മാറിയിട്ടില്ലാത്ത ഞാന്‍ ആ അഭിനന്ദനം കേട്ടമാത്രയില്‍ നാണത്താല്‍ ചൂളി പോയി.

പിന്നീട് കമല ദാസിന്റെ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ അവരുടെ എഴുത്തിന്റെ മനോഹാരിത എന്നെ അത്ഭുതപ്പെടുത്തിയിടുണ്ട്. എന്ത് കൊണ്ട് പലരും എന്റെ എഴുത്തിനെ അവരേതുമായി തരതമ്യപ്പെടുത്തുന്നു എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്....
എന്തായാലും ഈ ജന്മത്തില്‍ എനിക്ക് അവരെപോലെ എഴുതാന്‍ കഴിയില്ലെന്നതാണ് ഞാന്‍ അറിയുന്ന  യഥാര്‍ത്ഥ്യം.

കമല ദാസ്‌ എന്ന "
കുട്ടിയെ" ഞാന്‍ ആദ്യം അറിഞ്ഞത് പണ്ട് ദൂരദര്‍ശനില്‍ വന്നിരുന്ന "ബാല്യകാലസ്മരണകള്‍" എന്ന സീരിയലില്‍ നിന്നാണ്. ഇതേ പേരിലുള്ള അവരുടെ കഥയുടെ ചിത്രാവിഷ്കരണം ആയിരുന്നു ആ സീരിയല്‍. ചെറുപ്പത്തില്‍ മുത്തശ്ശിയുടെ കൂടെ ചിലവിട്ട ദിനങ്ങള്‍ എല്ലാം അത് പോലെ ആ കുട്ടിക്കും ഉണ്ടല്ലോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ അവര്‍ എഴുത്തുകാരി ആണെന്നൊന്നും എനിക്ക് അന്ന് അറിയില്ലായിരുന്നു.

ഇതൊക്കെയാണെങ്കിലും കമല എനിക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരി ആണ്. നാലപ്പാട്ട് തറവാട്ടിലെ നീര്‍മാതളത്തിന്റെ ഗന്ധവും കല്‍ക്കട്ട നഗരത്തിന്‍റെ യാന്ത്രികതയും അവരുടെ വാക്കുകളിലൂടെ മിന്നിമറഞ്ഞു. നഗരത്തില്‍ ജീവിക്കുമ്പോഴും മനസ്സ് ഗ്രാമീണതയില്‍ ലയിച്ച ആ കഥാകാരി പലപ്പോഴും ഏകയായിരുന്നു. ഞാനും ചെറുപ്പത്തില്‍ പുസ്തകങ്ങള്‍ക്ക് പുറകെ പോയി കൂട്ടുകാരില്‍ നിന്ന് എപ്പോഴും അകന്നു നിന്നു. പക്ഷെ അവരെ പോലെ ഏകാന്തതയെ വാക്കുകള്‍ ആക്കി മാറ്റാനുള്ള ശേഷി എനിക്കില്ലാത്തത് കൊണ്ട് ഞാന്‍ പുസ്തകങ്ങളുടെ ലോകത്തെ ഉപേക്ഷിച്ചു. പലപ്പോഴും എഴുതാന്‍ വാക്കുകള്‍ കിട്ടാതാവുമ്പോള്‍ പുസ്തകങ്ങളെ തേടി പോകാന്‍ ഞാന്‍ പേടിക്കുന്നു. അപൂര്‍വ്വം ചില നിമിഷങ്ങളില്‍ ഞാന്‍ വായനയില്‍ മുഴുകാറുണ്ട്. വാക്കുകള്‍ കൊണ്ട് വര്‍ണ്ണം വിതറിയ മനോഹരമായ രചനകള്‍ എന്നെ പിടിച്ചിരുതാറുണ്ട്. അങ്ങനെ അവസാനമായി ആര്‍ത്തിയോടെ വായിച്ച കൃതിയാണ് "നീര്‍മാതളം പൂത്ത കാലം"...
 

ഇങ്ങനെ ഒരു പോസ്റ്റ്‌ തന്നെ അധികപ്രസംഗം ആയി പോയെന്നു പലര്‍ക്കും തോന്നിയേക്കാം. എന്റെ ഉദ്ദേശവും അത് തന്നെയാണ്. കമല ദാസ്‌ എത്രയോ ഉയരങ്ങളില്‍ എത്തിയ ഒരു പ്രതിഭയാണ്. ഞാനാകട്ടെ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു എന്ന് മാത്രം! ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടു കൂടുന്നു. മറ്റൊരു മഴയെ ഏറ്റുവാങ്ങാനായി ഭൂമി ഒരുങ്ങി കഴിഞ്ഞു. ഞാനും നുകരട്ടെ പുതുമണ്ണിന്റെ സുഗന്ധം...വീണ്ടും കാണാം!

29.10.12

മകനെ കാത്ത് ഒരമ്മആ കൂടികാഴ്ച എന്നെങ്കിലും ഉണ്ടാകും എന്നെനിക്കു അറിയാമായിരുന്നു. സത്യം പറഞ്ഞാല്‍ അവരെ എങ്ങനെ നേരിടണം എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. മക്കളെ നഷ്ടപ്പെടുക എന്നത് ഒരമ്മയെ സംബന്ധിച്ച് ഏറ്റവും വലിയ വേദനകളില്‍ ഒന്നാണ്. ഇന്നലെ ഒരു പരിപാടിക്കിടയിലാണ് അവര്‍ എന്നെ പരിചയപ്പെടാന്‍ വന്നത്. അമ്മയുടെ ചെറിയമ്മ ആണെങ്കിലും അവര്‍ക്ക് എന്നെ അറിയില്ലായിരുന്നു. പക്ഷെ ഞാന്‍ അവരെ പല വേദികളിലും വച്ച് കണ്ടിടുണ്ട്, ഈ അടുത്തായി അവരെ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാറുമുണ്ടായിരുന്നു. കാരണം മാധ്യമലോകം കുറച്ചു കാലം വരെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട സോണി ഭട്ടതിരിപ്പാട് എന്ന പത്രപ്രവര്‍ത്തകന്റെ അമ്മയായ സുവര്‍ണിനി ആയിരുന്നു അവര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തീവണ്ടി യാത്രക്കിടയില്‍ എങ്ങോ മറഞ്ഞു പോയ ഒരു മകന്റെ അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും ഞാന്‍ സംസാരിച്ചു, അവര്‍ എന്റെ ഇംഗ്ലീഷ് ബ്ലോഗ്‌ പോസ്റ്റ്‌ വായിച്ചിരുന്നെന്നും അത് വായിച്ച ആരെങ്കിലും എന്നോട് അവരുടെ മകനെ കുറിച്ച് സൂചന വല്ലതും തന്നോ എന്നും തിരക്കാനായിരുന്നു അവര്‍ എന്നെ സമീപിച്ചത്. ഇനി നിങ്ങള്‍ക്ക് തുടര്‍ന്ന് വായിക്കണമെങ്കില്‍ "Where is Soni Bhattathiripad" എന്ന എന്റെ ഇംഗ്ലീഷ് പോസ്റ്റ്‌ വായിച്ചതിനു ശേഷം തുടരുക.

ആള്‍കൂട്ടത്തില്‍ നിന്ന് മാറി നിന്ന് സുവര്‍ണെച്ചി സംസാരിച്ചു തുടങ്ങി. എല്ലാ വേദികളിലും ചുറുചുറുക്കോടെ മാത്രം കണ്ടിട്ടുള്ള അവര്‍ വല്ലാതെ ക്ഷീണിച്ചു പോയിരിക്കുന്നു. വര്‍ത്തമാനം പറയുന്നതിനിടയില്‍ പലപ്പോഴും അവര്‍ വിതുമ്പി. പക്ഷെ ആ കണ്ണുകള്‍ ഒരിക്കലും നിറഞ്ഞില്ല. ഒരുപക്ഷെ കുറെ വര്‍ഷങ്ങള്‍ കരഞ്ഞു കണ്ണുനീരെല്ലാം വറ്റി പോയിട്ടുണ്ടാകും. മാധ്യമലോകത്ത് മിന്നുന്ന താരമായിരുന്നപ്പോഴാണ് സോണി ഭട്ടതിരിപ്പാടിന്റെ തിരോധാനം. ഗോവ ഫിലിം ഫെസ്റിവല്‍ കഴിഞ്ഞു മടങ്ങുമ്പോള്‍ ട്രെയിനില്‍ വച്ച് സോണിയെ കാണാതായി. പത്രപ്രവര്‍ത്തകരും പോലീസും എല്ലാം ഒരുപാടു വര്‍ഷം തിരഞ്ഞെങ്കിലും സോണി എവിടെ എന്നത് ഇന്നും ഒരു ചോദ്യമായി അവശേഷിക്കുന്നു. 


"അവന്‍ പോയതിനു ശേഷം എനിക്ക് ഇല്ലാത്ത അസുഖങ്ങള്‍ ഇല്ല. പ്രഷറും ഷുഗറും പോരാത്തതിനു ഹാര്‍ട്ടിനും സുഖമില്ല. മരുന്നിന്‍റെ മുകളില്‍ ആണ് ജീവിതം." സുവര്‍ണേച്ചി പറഞ്ഞു. വിഷമം മറക്കാന്‍ ഡോക്ടര്‍ അവരോടു ടിവി കാണാന്‍ ഉപദേശിച്ചു. പക്ഷെ ടെലിവിഷനിലെ ചാനലുകള്‍ കാണുമ്പോള്‍ വാര്‍ത്ത വായിച്ചിരുന്ന അവരുടെ മകനെ ഓര്‍മ വരും. അത് കൊണ്ട് തന്നെ ടിവിയും ഓണ്‍ ചെയ്യാറില്ല. അവര്‍ക്ക് ആകെ ഒരു ആശ്വാസം പൊതുപ്രവര്‍ത്തനം ആണ്. വാര്‍ഡ്‌ മെമ്പര്‍ ആയ സുവര്‍ണേച്ചി ജനസെവനത്തില്‍ ഏര്‍പ്പെട്ടു കുറച്ചു നിമിഷത്തേക്കെങ്കിലും വിഷമങ്ങള്‍ മറക്കുന്നു. ഞങ്ങളുടെ സംസാരത്തിനിടയില്‍ ആ വഴി വന്ന ഒന്ന് രണ്ടു പേരോട് ആധാറിനെ കുറിച്ച് ഓര്‍മിപ്പിക്കാനും മറന്നില്ല.

ആ ഇടവേളയില്‍ എന്‍റെ മനസ്സ് പഴയ ചിന്തകളിലേക്ക് പോയി. സോണി ഭട്ടതിരിപ്പാട് എന്ന പേര് ഞാന്‍ ആദ്യം വായിച്ചത് അമ്മയുടെ വീട്ടില്‍ നിന്നാണ്. അന്ന് മനോരമയുടെ "ശ്രീ" എന്ന സപ്ലിമെന്റില്‍ ഇദ്ദേഹത്തിന്റെ പേര് കണ്ടപ്പോള്‍ തന്നെ ഞാന്‍ അമ്മായിയോട് ചോദിച്ചു വല്ല ബന്ധുവും ആണോയെന്ന്. "നമ്മടെ ഇല്ലത്തെ ആണ്", എന്‍റെ അമ്മയും അദ്ദേഹവും ഒരേ കുടുംബത്തിലാണ് ജനിച്ചത് എന്നത് പലപ്പോഴും വളരെ അഭിമാനത്തോടെയാണ് ഞാന്‍ ഓര്‍ത്തത്. സ്ഥാനം കൊണ്ട് ഞാന്‍ അമ്മാവന്‍ എന്ന് വിളികേണ്ട ആ പേരിനുടമയെ പിന്നീട് ടിവിയിലൂടെ കണ്ടു. ഒരു ചെറുപുഞ്ചിരിയോടെ വാര്‍ത്ത അവതരിപ്പിക്കുന്ന ആ വ്യക്തി പിന്നീട് മലയാളിക്ക് പരിചിതമായ മുഖം ആയി. ഇടയ്ക്കെപ്പോഴോ അദേഹത്തെ കാണാനില്ലെന്ന കാര്യം അമ്മയാണ് എന്നോട് പറഞ്ഞത്. 

നാട്ടുകാരുമായുള്ള കുശലാന്വേഷണം വേഗം അവസാനിപ്പിച്ച്‌ സുവര്‍ണേച്ചി വീണ്ടും എന്റെ അടുത്തേക്ക് വന്നു. മകന്‍ പോയതിനു ശേഷം ആ അമ്മ ഒഴിച്ച് കൂടാനാവാത്ത ചടങ്ങുകളില്‍ മാത്രമേ പങ്കെടുക്കാറുള്ളു. "ആളുകള്‍ മുഖത്ത് നോക്കി ചോദിക്കും എന്താ മോന്‍ തിരിച്ചു വന്നില്ലേ എന്ന്." ശബ്ദം ഇടറി കൊണ്ട് അവര്‍ പറഞ്ഞു. പലപ്പോഴും മറ്റുള്ളവരുടെ വിഷമങ്ങളില്‍ സന്തോഷിക്കുന്നവരാണ് അധികജനങ്ങളും എന്ന് ആ വാക്കുകള്‍ കേട്ടപ്പോള്‍ തോന്നിപ്പോയി. സോണി എന്ന മനുഷ്യന്‍ ലഹരിക്ക്‌ അടിമപ്പെട്ടവന്‍ ആണെന്നും മാനസികവിഭ്രാന്തി ഉണ്ടെന്നതുമൊക്കെയുള്ള പ്രചരണങ്ങള്‍ പച്ചക്കള്ളം ആണെന്ന് ആ അമ്മ ഉറപ്പിച്ചു പറയുന്നു. "അങ്ങനെ പ്രശ്നം ഉള്ള ഒരാളെ ഇത്രയും വലിയ ഒരു ചാനല്‍ പ്രധാനറിപ്പോര്‍ട്ടറായി അയക്കുമോ?" എന്ന സുവര്‍ണേച്ചിയുടെ ചോദ്യം ബാക്കി ഉള്ളവരെ പോലെ പല നുണകളും വിശ്വസിച്ചിരുന്ന എനിക്ക് ഒരു പുതിയ ബോധോദയം തന്നു. ശരിയാണല്ലോ, ടീമിനെ നയിക്കാന്‍ കെല്‍പ്പുണ്ടെന്നു പൂര്‍ണബോധ്യം ഉള്ളത് കൊണ്ടല്ലേ അന്ന് ഇന്ത്യവിഷന്‍ അദേഹത്തെ തന്നെ തിരഞ്ഞെടുത്തത്! ഏറ്റവും എളുപ്പത്തില്‍ വ്യാപിപ്പിക്കാന്‍ പറ്റുന്ന രണ്ടു കാര്യങ്ങളില്‍ ഒന്ന് പരദൂഷണവും മറ്റേതു പകര്‍ച്ചവ്യധിയുമാണെന്ന് മനസ്സില്‍ ഓര്‍ത്തു.

"അവന്‍ തിരിച്ചു വരണം എന്നൊന്നും ഞാന്‍ പറയില്ല. അവനിഷ്ടം ഒളിച്ചു കഴിയാന്‍ ആണെങ്കില്‍ അങ്ങനെ ആയിക്കോട്ടെ! പക്ഷെ ഇടക്കൊന്നു അവന്റെ കുടുംബത്തിലേക്ക് വിളിച്ചു സുഖാന്വേഷണമെങ്കിലും നടത്തിയാല്‍ ഞങ്ങള്‍ക്കൊരു സമാധാനം ഉണ്ട്." സുവര്‍ണേച്ചി പറഞ്ഞു നിര്‍ത്തി. ഒരിക്കലും നേരിട്ട് ഞാന്‍ കണ്ടിട്ടില്ലാത്ത സോണി ഏട്ടന്‍ ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍ വച്ച് ഇത് വായിക്കുന്നുണ്ടെങ്കില്‍ ഓര്‍ക്കുക, താങ്കളുടെ അമ്മ ആവശ്യപ്പെടുന്നത് താങ്കള്‍ സുരക്ഷിതനായി ഇരിക്കുന്നു എന്ന ഒരു വാര്‍ത്ത മാത്രം ആണ്. ഇംഗ്ലീഷ് ബ്ലോഗില്‍ ഞാന്‍ എഴുതിയ "വേര്‍ ഈസ്‌ സോണി ഭട്ടതിരിപ്പാട്" എന്ന പോസ്റ്റ്‌ ഇന്നും ആളുകള്‍ വായിക്കുന്നു. "സോണി എവിടെ" എന്ന് അവര്‍ ഗൂഗിളിനോട് ചോദിക്കുന്നു!


ഞാന്‍ സംസാരിച്ച ഏതാനും ചില മാധ്യമപ്രവര്‍ത്തകരും സോണിയുടെ വരവിനായി കാത്തിരിക്കുകയാണ്. അവര്‍ക്ക് അദ്ദേഹം ഒരു പ്രചോദനം ആയിരുന്നു. തിരിച്ചു വന്നാല്‍ സോണി ഭട്ടതിരിപ്പാട് എന്ന പത്രപ്രവര്‍ത്തകനു മുന്‍പില്‍ ഇനിയും ഒരു വലിയ ലോകമുണ്ട്. മാധ്യമലോകത്തിലെ കൃത്രിമത്വത്തിനുമപ്പുറം സോണി എന്ന നാട്ടുകാരനെ നീര്‍വേലി എന്ന കൊച്ചു ഗ്രാമവും അവിടുത്തെ പുഴയും കാറ്റും കിളികളും കാതോര്‍ത്തിരിക്കുന്നു. സോണിയെ സ്നേഹം കൊണ്ട് മൂടാനായി കാത്തു നില്‍ക്കുന്ന മന്ദ്യത്തില്ലത്തെ രണ്ടു വൃദ്ധദമ്പതികളുടെ കാത്തിരിപ്പ്‌ ഉടന്‍ ശുഭപര്യവസായിയായി അവസാനിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

(ഞാന്‍ അടക്കം എല്ലാ ബ്ലോഗ്ഗര്‍മാരും ആളുകളുടെ വായനയും 
അഭിപ്രായവും അറിയാനായി ഒരുപാട്  
സൂത്രങ്ങള്‍ ചെയ്യുന്നവരാണ്. 
പക്ഷെ ഈ പോസ്റ്റ്‌ തികച്ചും ഒരു അപേക്ഷ രൂപത്തില്‍ ആണ്. 
ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയുമെങ്കില്‍ 
ആ അമ്മയെ അറിയിച്ചാല്‍ പുണ്യം കിട്ടും)

25.10.12

അപരിചിതനായ മറഡോണ


മലപ്പുറം ജില്ലയില്‍ ജനിച്ച ഒരാള്‍ക്കും ഫുട്ബോള്‍ എന്ന കളി എന്താണെന്നു അറിയാതിരിക്കാന്‍ വഴി ഇല്ല. രാത്രികളില്‍ സെവന്‍സ് മേളകളുടെ ബഹളങ്ങളില്‍ മുഴുകാത്ത ഗ്രാമങ്ങള്‍ ഈ ജില്ലയില്‍ ഇല്ല എന്ന് തന്നെ പറയാം. പ്രാണവായു പോലെ ഇവിടെയുള്ളവര്‍ കാല്‍പന്തു കളിയെ സ്നേഹിക്കുന്നു. ഓര്‍മ്മ വച്ച കാലം മുതല്‍ ബ്രസീല്‍ ആണോ അര്‍ജന്റിനയാണോ കേമന്മാര്‍ എന്ന സ്ഥിരം പോര്‍വിളികളും വേള്‍ഡ്കപ്പിനെക്കള്‍ വലിയ കപ്പുകളും പല രാജ്യങ്ങളിലെ ടീമുകള്‍ക്ക് ആശംസ നേരുന്ന ഫ്ലക്സുകളും കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്. അത് കൊണ്ട് തന്നെ മറഡോണ കേരളത്തില്‍ വരുന്നുണ്ട് എന്ന വാര്‍ത്ത എല്ലാ മലയാളികളെയും പോലെ ഞാനും ആവേശത്തോടെയാണ് ശ്രവിച്ചത്.

നവമാധ്യമങ്ങളും ചാനലുകളും പത്രങ്ങളും പൊടിപ്പും തൊങ്ങലും വച്ച് ഫുട്ബോള്‍ മാന്ത്രികന്‍റെ വരവിനെ വര്‍ണ്ണിച്ചു. "ദൈവം സ്വന്തം നാട്ടില്‍ " എന്ന് വരെ പേരിട്ട പല ഫീച്ചറുകള്‍ക്കും അസാധ്യമായ ജനപ്രീതി ലഭിച്ചു. സത്യം പറഞ്ഞാല്‍ മറഡോണ ജനിച്ചത്‌ മുതല്‍ പല കാര്യങ്ങളും ഞാനും അറിഞ്ഞത് ഈ പരിപാടികളില്‍ കൂടെ ആയിരുന്നു. അങ്ങനെ കാത്തുകാത്തു വിജയദശമിക്ക് വിദ്യ പോലും ആരംഭിക്കാന്‍ നില്‍ക്കാതെ പലരും ടിവിയുടെ മുന്‍പില്‍ ഇരിപ്പായി. കണ്ണൂരിലെ കഥയാണെങ്കില്‍ പറയുകയും വേണ്ട. തലേ ദിവസം മുതല്‍ ദൈവദര്‍ശനത്തിനായി ഹെലിപാഡ് മുതല്‍ അദ്ദേഹം താമസിക്കുന്ന ഹോട്ടല്‍ വരെ ആളുകളുടെ നീണ്ട നിര ആയിരുന്നു. 

വിജയദശമിയുടെ അന്ന് രാവിലെ ഒന്‍പതു മണിക്ക് എന്റെ അനിയന്‍ ടിവി വച്ചിട്ട് പറഞ്ഞു, "ദാ.. പരിപാടി തുടങ്ങി"...! അയ്യോ ദൈവദര്‍ശനം മുടക്കണ്ട എന്ന് കരുതി ഞാനും എന്റെ വീട്ടുകാരും ടിവിക്ക് മുന്‍പില്‍ ഇരിപ്പുറപ്പിച്ചു. ചാനലുകള്‍ മാറ്റി കളിക്കുന്നതിനിടയ്ക്കു ഒരു റിപ്പോര്‍ട്ടര്‍ അലറി വിളിച്ചു പറഞ്ഞു, "മറഡോണ എത്തി പോയി"! ഇതെന്താ നേരത്തെ ആണോ എന്ന് ചിന്തിച്ചപ്പോഴേക്കും മനസ്സിലായി, ആ പാവം മനുഷ്യന്‍ പ്രേക്ഷകരില്‍ ആവേശം വാരി വിതറാനുള്ള തത്രപാടില്‍ ഇടയ്ക്ക് കയറി വന്ന ഡ്യുപ്പ് ചേട്ടനെ കണ്ടു ചാടി കയറി പറഞ്ഞതാണെന്ന്!


വീണ്ടും കാത്തിരിപ്പ്‌. പതിനൊന്നു മണിക്ക് ശേഷം ദൈവം ഹെലികോപ്ടറില്‍ നിന്ന് മണ്ണിലെക്കിറങ്ങി. ആകാശത്ത് നിന്ന് ഭൂമിയിലേക്ക്‌ പന്തുകള്‍ വര്‍ഷിക്കുന്ന കലാപ്രകടനം ഉണ്ടാകും എന്ന് കരുതിയെങ്കിലും അതൊന്നും സംഭവിച്ചില്ല. ഭക്തര്‍ പ്രതീക്ഷിക്കുന്നതെല്ലാം ദൈവത്തിനു തരാന്‍ കഴിയില്ലല്ലോ, പ്രത്യേകിച്ച് ഇസെഡ് കാറ്റഗറി സുരക്ഷ ഉള്ളപ്പോള്‍! മലയാളി "മങ്കന്‍" ആയി മുണ്ടും വെളുത്ത കസവ് ഷര്‍ട്ടും ഉടുത്തു വരും എന്ന് കരുതി നോക്കിയപ്പോള്‍ ഒരു വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയുടെ യുണിഫോം പോലെ ഒരു വേഷത്തില്‍ യഥാര്‍ത്ഥ മറഡോണ. അല്ലേലും മുണ്ടൊക്കെ ഉടുത്തു തുള്ളിച്ചാടാന്‍ വലിയ പണി ആണ്! അതും ക്ഷമിച്ചു.മന്ത്രിപുംഗവന്മാരും രാഷ്ട്രീയക്കാരും കേരളത്തിലെ പാവം കുറച്ചു ഫുട്ബോളു താരങ്ങളും പിന്നെ രഞ്ജിനി ഹരിദാസും മറഡോണയെ വാരി പുണര്‍ന്നു. ഇതിനിടയ്ക്ക് നമ്മടെ ഐ എം വിജയനുമായി പന്ത് ഹെഡ് ചെയ്തു കളിച്ച ദൈവത്തിനു അവസാനം തോല്‍വി സമ്മതിക്കേണ്ടി വന്നു. ഒരു സ്പാനിഷ്‌ നാടന്‍ പാട്ടും മൈക്കിലൂടെ എന്തൊക്കെയോ വിളിച്ചു പറയലും പിറന്നാള്‍ കേക്ക് മുറിക്കലും കഴിഞ്ഞു മറഡോണ മടങ്ങി.

"ഹോ അത് കഴിഞ്ഞു കിട്ടി." മറഡോണയുടെ കണ്ണൂരിലെ പ്രകടനം അവസാനിച്ചപ്പോള്‍ എനിക്ക് മനസ്സില്‍ അങ്ങനെയാണ് തോന്നിയത്. വെറും ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് മറഡോണ എന്ന താരത്തെ കൊണ്ട് വന്നതിലൂടെ മന്ത്രിമാരുടെ താമസം മുതല്‍ ഗതാഗതനിയന്ത്രണം വരെ വരുത്തി ജനങ്ങള്‍ക്കും സര്‍ക്കാരിനും നഷ്‌ടമായ ധനത്തിന്റെയും സമയത്തിന്റെയും കണക്കു ആര് നികത്തും? മറഡോണ വരുന്നതു വരെയുള്ള ആ വേദിയിലെ സമയം കൊല്ലാനുള്ള പരിപാടികള്‍ പോലും വലിയ പ്രാധാന്യത്തോടെ തത്സമയം സംപ്രേക്ഷണം ചെയ്തു പ്രേക്ഷകരെ വിഡ്ഢികള്‍ ആക്കുന്ന ചാനലുകളുടെ രാഷ്ട്രീയം എന്താണ്? ദിവസങ്ങളുടെ അധ്വാനത്തിന്റെ ഫലമായി അവിടെ എത്തി ചേര്‍ന്ന ജനങ്ങളോട് ഒരു നന്ദി വാക്ക് എങ്കിലും പറയാന്‍ മറഡോണയോട് ജ്വല്ലറി ഉടമ എന്ത് കൊണ്ട് നിര്‍ബന്ധിച്ചില്ല? "ഞാന്‍ കേരളത്തെ സ്നേഹിക്കുന്നു" എന്ന ഒറ്റവാക്യത്തില്‍ ഒതുക്കിയത് എന്ത് കൊണ്ട്? ഒരു മണിക്കൂറോളം ദൈവം കാണികളെ ത്രസിപ്പിക്കും എന്ന് പറഞ്ഞു അരമണിക്കൂര്‍ കൊണ്ട് പരിപാടി അവസാനിപ്പിച്ചത് വെയിലിന്റെ കാഠിന്യം കൊണ്ടാണെന്ന് ന്യായികരിക്കുന്ന അധികൃതര്‍ മറഡോണ വെയിലത്ത് മുളച്ച ഒരു താരമാണെന്ന് എന്ത് കൊണ്ട് മറന്നു? ഇങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ ബാക്കി വച്ച് അര്ജന്റീനിയന്‍ താരം ഇന്നലെ മടങ്ങി.


എല്ലാം കഴിയുമ്പോള്‍ ഈയുള്ളവള്‍ മനസ്സിലാക്കുന്നു, ഞാന്‍ ആരാധിച്ചത് ഈ മറഡോണയെ അല്ല! കോര്‍ട്ടില്‍ എതിരാളികള്‍ക്ക് പന്ത് കൊടുക്കാതെ ഗോള്‍പോസ്റ്റിലേക്ക് ഓടി കയറുന്ന, കളികളത്തിനു പുറത്ത് അടിച്ചമര്‍ത്തപ്പെട്ടവന്  വേണ്ടി ശബ്ദം ഉയര്‍ത്തുന്ന ധീരനായ ഒരു പോരാളിയാണ് മറഡോണ എന്നാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്. അത് കൊണ്ട് തന്നെ പട്ടിണിപാവങ്ങളുടെ കണ്ണീരു വീഴാന്‍ മാത്രം ഉരുക്കിയ മഞ്ഞലോഹത്തിന് വേണ്ടി വേദിയില്‍ ഒരു ലഹരിക്കടിമപ്പെട്ടവനെപ്പോലെ ഉറഞ്ഞു തുള്ളിയ ഈ കളിപ്പാവ എനിക്ക് തീര്‍ത്തും അപരിചിതന്‍ ആണ്.

18.10.12

എന്‍റെ ഇല്ലത്തിന്‍റെ സ്വപ്നം


"ഓ കുട്ട്യാണോ?"... ക്യാമറയുമായി ഇല്ലത്ത് എത്തിയ എന്നെ കണ്ടു മുത്തശ്ശി പുഞ്ചിരിയോടെ ചോദിച്ചു. "ഈ കുട്ടീടെ ഒരു കാര്യം. മാറാലയല്ലാതെ ഇവടെ വേറൊന്നുല്യ." ഞാനും എന്റെ സഹോദരങ്ങളും മുത്തശ്ശി എന്ന് വിളിക്കുന്ന അച്ഛന്റെ ചെറിയമ്മ എന്നോട് സ്നേഹത്തോടെ പറഞ്ഞു. 'മാറാലകള്‍ക്കിടയില്‍ എനിക്ക് ഒരു പിടി ഓര്‍മ്മകള്‍ ഉണ്ട്. അവ തേടിയാണ് ഞാന്‍ ഇടയ്ക്കിടെ ഇങ്ങോട്ട് വരുന്നത്.' എന്ന് പറയാന്‍ തോന്നിയെങ്കിലും ഒരു ചിരിയോടെ ഞാന്‍ ഇല്ലത്തിന്റെ അകത്തളത്തിലേക്ക് നടന്നു.

ഓര്‍മ്മകളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. മനുഷ്യജന്മം അല്ലെങ്കില്‍ കൂടി എന്റെ ഇല്ലവും ഒരുപാടു മധുരസ്മരണകള്‍ അയവിറക്കിയാവും ഓരോ ദിനങ്ങളും തള്ളി നീക്കുന്നത്. നാലുകെട്ടും പൂമുഖവും അഗ്രശാലയും വേട്ടെക്കൊരുമകന്റെ ശ്രീകോവിലും കുളപ്പുരയോടു കൂടിയ കുളവും വയലും അമ്പലവും കാവും എല്ലാമുള്ള പ്രതാപകാലത്തിന്റെ അവശേഷിപ്പായി എന്റെ ഇല്ലം ആള്‍താമസം ഇല്ലെങ്കിലും തല ഉയര്‍ത്തി പ്രൗഡിയോട് കൂടി തന്നെ ഇന്നും നിലനില്‍ക്കുന്നു. രാവിലെയും സന്ധ്യക്കും വേട്ടെക്കരനെ തൊഴാന്‍ കുടുംബാംഗങ്ങള്‍ എത്താറുണ്ട് എന്നതൊഴിച്ചാല്‍ പകല്‍ മുഴുവന്‍ മുത്തശ്ശി മാത്രമാണ് ആ വലിയ വീടിനു കൂട്ട്. രാത്രി ആയാല്‍ മുത്തശ്ശിയും മകന്റെ വീട്ടിലേക്കു മടങ്ങും. 


ഇല്ലത്തിന്റെ ഏകാന്തതയ്ക്ക് ആരെയും കുറ്റപ്പെടുത്താനൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാവര്‍ക്കും അവരവരുടേതായ ലോകം, കുടുംബം, പ്രാരാബ്ദങ്ങള്‍... ഇടയ്ക്കെപ്പോഴോ ഞാന്‍ ആസ്വദിച്ച എന്റെ കുട്ടികാലത്തിനു നിറം പകര്‍ന്നത് ഈ ഇല്ലമാണ്, ഇവിടുത്തെ മനോഹരമായ നിമിഷങ്ങള്‍ ആണ്. ഞാനും എന്റെ മാതാപിതാക്കളും ഇവിടെ താമസിച്ചിട്ടിലെങ്കില്‍ കൂടെ ആഘോഷങ്ങള്‍ക്കും മറ്റും എല്ലാവരും ഒത്തു കൂടുന്ന ഒരു സ്ഥലമാണ്‌ ഈ വീട്. 

ഓണത്തിനും വിഷുവിനും അപ്പുറം ഇല്ലത്ത് പ്രത്യേകമായി ആഘോഷിക്കുന്നത് തിരുവാതിരയും കളംപാട്ടുമാണ്. പാതിരാ വരെ നീളുന്ന കൈകൊട്ടികളിയും പാതിരപൂ ചൂടലും കുളത്തിലെ തുടിച്ചു കുളിയും ഊഞ്ഞാലാട്ടവുമായി തിരുവാതിര ഒരു രസം തന്നെ ആയിരുന്നു. ഇരുട്ടില്‍ വിളക്കിന്റെ ചെറുവെളിച്ചത്തില്‍ അഞ്ചു വര്‍ണങ്ങള്‍ കൊണ്ടെഴുതിയ ദേവന്മാരുടെയും കാളിയുടെയും കളങ്ങളും ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടും ഞെട്ടി വിറപ്പിക്കുന്ന കതിനവെടികളും കളിചിരികള്‍ നിറഞ്ഞ പകലും കളംപാട്ടിനെ കുട്ടികളായ ഞങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ടതാക്കി.

ഞങ്ങള്‍ ക്രിക്കറ്റ്‌ കളിച്ചിരുന്ന പൂമുഖവും നീന്തി തുടിച്ചിരുന്ന കുളവും ഇന്ന് നിശബ്ദമായി കിടക്കുന്നു. വാഗ്മിയായിരുന്ന മുത്തപ്ഫന്റെ (അച്ഛന്റെ ചെറിയച്ചന്‍) പുസ്തകശേഖരങ്ങള്‍ അദ്ദേഹത്തിന്റെ മരണശേഷം മുറിയില്‍ പൊടി പിടിച്ചും ചിതലരിച്ചും ഇരിക്കുന്നു. ഒരുപാട് ആളുകള്‍ക്ക് ഭക്ഷണം പാകം ചെയ്ത അവിടുത്തെ അടുപ്പ് ഇന്ന് ദേവന് നിവേദ്യം വയ്ക്കാന്‍ മാത്രമായി കത്തിക്കുന്നു. കിണറിലെ വെള്ളം തീര്‍ത്ഥത്തിനായി മാത്രം ഉപയോഗിക്കുന്നു. ഇന്ന് ഇല്ലം പൂജകള്‍ക്കും ശ്രാദ്ധങ്ങള്‍ക്കും അപൂര്‍വമായി മറ്റു വിശേഷങ്ങള്‍ക്കും മാത്രമുള്ള ഒരു വേദി മാത്രമായി മാറിയിരിക്കുന്നു.

ചിത്രങ്ങള്‍ എടുത്തു മടങ്ങുമ്പോള്‍ "കുറച്ച് നേരം കഴിഞ്ഞു പോകാം കുട്ടി. എനിക്ക് ആരുടെയെങ്കിലും ശബ്ദം കേള്‍ക്കാന്‍ കൊതിയാകുന്നത് കൊണ്ടാണ്" എന്ന് ആരോ പറയുന്ന പോലെ തോന്നി. തിരിച്ച് നടക്കുന്നതിനിടയില്‍ പിന്നിലേക്ക്‌ നോക്കിയപ്പോള്‍ ഇല്ലത്തിനു കൂട്ടായി എന്നും തണല്‍ വിരിച്ചിട്ടുള്ള ആല്‍മരത്തിനപ്പുറം മറ്റൊരു സുവര്‍ണ്ണഭാവിയെയും കിനാകണ്ട്‌ കഴിയുന്ന എന്റെ ഇല്ലം നിശബ്ദയായി ഉറങ്ങുന്ന കാഴ്ചയാണ് കണ്ടത്. വേണ്ട, ആ സ്വപ്നം അങ്ങനെ തന്നെ നില്‍ക്കട്ടെ. ഉണര്‍ത്തി വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാന്‍ പതുക്കെ എന്റെ യാത്ര തുടര്‍ന്നു...
(അവസാനത്തെ ചിത്രത്തിന് കടപ്പാട് എന്റെ സഹോദരന്‍ ശരത്തിനോട്. മലയാളത്തില്‍ ഒന്നും എഴുതാന്‍ കഴിയില്ലെന്ന് വിലപിച്ച എനിക്ക് ഇത് എഴുതാന്‍ സഹായിച്ചത് ഒരു സഹബ്ലോഗറുടെ വീടിനെ കുറിച്ചുള്ള സ്മരണകള്‍ വായിച്ചിട്ടാണ്. നന്ദി അനാമിക.)

9.10.12

കടി വേണോ?

"മാനേജര്‍ കൊള്ളാം" ഞങ്ങളുടെ ഓഫീസില്‍ മാനേജര്‍ ഇന്റര്‍വ്യൂവിനു വന്ന കുട്ടിയെ ഒളിക്കണ്ണിട്ട് നോക്കിയിട്ട് ചിക്കു എന്നോടായി പറഞ്ഞു. സ്വതവേ കുസൃതി നിറഞ്ഞ അവന്റെ കണ്ണുകളില്‍ ഇത് പറയുമ്പോള്‍ കൂടുതല്‍ വികൃതി നിറഞ്ഞതായി എനിക്ക് തോന്നി. ജീവിതത്തിലെ സകലമാന ദുഖങ്ങളും സന്തോഷങ്ങളും രഹസ്യങ്ങളും ഒന്നും പങ്കു വെച്ചില്ലെങ്കിലും ഞാനും അവനും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. കൃത്യമായി പറഞ്ഞാല്‍ ടോം ആന്‍ഡ്‌ ജെറി പോലെ! എന്നും അടിയും ബഹളവും തന്നെ ആണെങ്കിലും ഞങ്ങള്‍ എന്ന ഈ രണ്ടു "സുഹൃത്തുക്കള്‍" ഇല്ലെങ്കില്‍ ഓഫീസ് ശ്മശാനമൂകം ആണ്.

ഏതായാലും ചിക്കു "അപ്സരസുന്ദരി" എന്ന മട്ടില്‍ വര്‍ണ്ണിച്ചവളെ ഒന്ന് കണ്ടേക്കാം എന്ന് ഞാനും തീരുമാനിച്ചു. ശരിയാണ്, നല്ല മുഖപ്രസാദവും വിടര്‍ന്ന കണ്ണുകളും മനോഹരമായ പുഞ്ചിരിയും! സുന്ദരിയെ എനിക്കും 'പിടിച്ചു'. പാലക്കാട്ടുകാരി ആണെന്നും അഗ്രഹാരത്തിലെ പട്ടത്തിക്കുട്ടി ആണെന്നുമൊക്കെ ബാക്കി ഓഫീസിലെ ബാക്കി ഉള്ളവര്‍ അടക്കം പറഞ്ഞു. ആ സമയത്തും ഏതൊരു പെണ്ണിനേയും കുപ്പിയിലാക്കാന്‍ ഒരായിരം വഴികള്‍ കണ്ടെത്തുന്ന ചിക്കു ഇവളെ എങ്ങനെ വളക്കാം എന്ന ചിന്തയില്‍ ആണ്.സമയം അഞ്ചു മണി. സുന്ദരി അപ്പോഴും ഇന്റര്‍വ്യൂവിനു മുന്‍പത്തെ പരീക്ഷ എഴുതി കൊണ്ടിരിക്കുകയാണ്. "നമുക്ക് ചായ കുടിക്കാം. എല്ലാരും പറ എന്തൊക്കെയാ കഴിക്കാന്‍ വേണ്ടത്?" ചിക്കു ചായ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഓഫീസിനു അടുത്തുള്ള ഹോട്ടലില്‍ ചൂടു ചായയും കോഴിക്കോടന്‍ പലഹാരങ്ങളും കിട്ടും. ദിവസേനെ പലതരം പലഹാരങ്ങള്‍ പറയാറുണ്ടെങ്കിലും ഉള്ളിവട തന്നെ മതി എന്ന തീരുമാനത്തില്‍ ഞാന്‍ വിളിച്ചു പറഞ്ഞു, "ഡാ, ഒരു ലൈം ടീ...പിന്നെ ഉള്ളിവട"! ചിക്കുവിനെ കാണുന്നില്ല.


ഓ! അവന്‍ സുന്ദരിയുടെ അടുത്ത് കുശുകുശുക്കുകയാണ്. എന്റെ അടുത്തേക്ക് ലിസ്റ്റ് എഴുതാന്‍ വന്ന ചിക്കു ഒരു കള്ള ചിരിയോടെ ശബ്ദം താഴ്ത്തി പറഞ്ഞു,"ഞാനെ അവള്‍ടെ അടുത്ത് പോയി ചായ വേണോ എന്ന് ചോദിച്ചു"! 


"ഓ! എന്നിട്ട്?" അവനു പറയാനുള്ള കഥ കേട്ടിട്ട് ബാക്കി പണി തുടരാം എന്ന് ഞാന്‍ തീരുമാനിച്ചു. അവന്‍ ആവേശത്തോടെ തുടര്‍ന്നു, "വേണ്ട എന്ന് പറഞ്ഞു. പിന്നെ ഞാന്‍ കടി വേണോ എന്ന് ചോദിച്ചു. അതും വേണ്ടാന്നു!"


പാലക്കാട്ടു നിന്ന് നേരെ കോഴിക്കോട് വന്നിറങ്ങിയ ഒരു പെണ്‍ക്കുട്ടിയോട് "കടി" വേണോ എന്ന് ചോദിച്ച അവനു അടി കിട്ടിയില്ലല്ലോ എന്നോര്‍ത്ത് എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.മലബാറില്‍ "കടി" എന്നാല്‍ ഇടനേരങ്ങളില്‍ ചായക്കൊപ്പം കഴിക്കുന്ന ലഘുഭക്ഷണങ്ങള്‍ ആണ്. ഞാന്‍ ഈ തമാശ ബാക്കി സഹപ്രവര്‍ത്തകരുമായി പങ്കു വച്ചു. അവരും ചിരിയുടെ അലമാല തീര്‍ത്തപ്പോള്‍ ആദ്യത്തെ ശ്രമം പാളിയതിന്റെ ചളിപ്പുമായി ചിക്കു അവന്റെ മോണിട്ടറിലേക്ക് നോക്കി ഓഫീസ് ജോലികള്‍ തുടര്‍ന്നു.വാല്‍കഷ്ണം: മാനേജര്‍ ആയി വന്ന സുന്ദരി കുറച്ചു ദിവസം കഴിഞ്ഞു എന്നോട് ഈ സംഭവം പറഞ്ഞു, "കടി വേണോ എന്ന് ചോദിച്ചപ്പോള്‍ ഇതെന്താ ഇവന്‍ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് വിചാരിച്ചു. പിന്നെ പരീക്ഷയുടെ തിരക്കില്‍ ഞാന്‍ കൂടുതല്‍ ആലോചിച്ചില്ല"! ചിരിയോടെ ഞാന്‍ ചോദിച്ചു, "ഇനി പറ നിനക്കിന്നു കടി വേണോ?"

(ചിക്കു എന്നത് യഥാര്‍ത്ഥ പേരല്ല. ശരിക്കുമുള്ള പേര് വെച്ചാല്‍ ഞാന്‍ ബാക്കി ഉണ്ടാവില്ല എന്നാ സത്യം മനസ്സിലാക്കി ഞാന്‍ ആ വ്യക്തിയുമായി സാമ്യമുള്ള മറ്റൊരു പേര് ഇട്ടതാണ്.)
 

3.10.12

ആനവണ്ടിയില്‍ ഒരു രാത്രി സവാരി


കൃത്യം 6.30നു തന്നെ പെരിന്തല്‍മണ്ണയില്‍ നിന്നും കല്പറ്റ കെഎസ്ആര്‍ടിസി ബസ്സ്‌ പുറപ്പെട്ടു. പലപ്പോഴും വയനാടിലെക്കുള്ള ബസ്സുകളോട് എനിക്ക് അസൂയ തോന്നാറുണ്ട്. കോട മഞ്ഞിന്‍റെ കുളിരും കാനനഭംഗിയും ആസ്വദിച്ചു ആ ബസ്സുകള്‍ എന്നും യാത്ര ചെയ്യുന്നു. യാത്രകള്‍ എനിക്ക് എന്നും ഒരു ഹരമാണ്. സഞ്ചാരങ്ങളില്‍ മനസ്സ് പലപല ചിന്തകളിലൂടെ ചലിക്കുന്നു. മിക്കപ്പോഴും ഒരു സവാരി കഴിഞ്ഞാല്‍ കൂടുതല്‍ ഊര്ജസ്വലതയോടെ എഴുതാന്‍ കഴിയുന്നു. എങ്കിലും യാത്രകളില്‍ മനസ്സില്‍ കടന്നെത്തുന്ന വികാരവിചാരങ്ങള്‍ അതെ ശക്തിയോടെ എഴുതാന്‍ മിക്കപ്പോഴും അതിനടുത്ത ദിവസങ്ങളില്‍ കഴിയാറില്ല. ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് യാത്രകള്‍ അവസാനിക്കാതിരുന്നെങ്കില്‍ എന്ന്!

സന്ധ്യക്ക്‌ ആറു മണി കഴിഞ്ഞാല്‍ സ്ത്രീകളെ അപൂര്‍വ്വമായേ എന്റെ ജില്ലയില്‍ വീടിനു പുറത്തേക്കു കാണാറുള്ളു. തുഞ്ചന്റെ നാടും നല്ല റോഡും പ്രശസ്തമായ യുനിവേഴ്സിറ്റിയും വിമാനത്താവളവും എല്ലാം ഉള്ള ജില്ലയാണെങ്കിലും മലപ്പുറത്ത് കേരളത്തിലെ മറ്റു പല സ്ഥലങ്ങളും പോലെ സ്ത്രീകള്‍ക്ക് രാത്രി സഞ്ചാരം നിഷിദ്ധമാണ്. സുര്യന്‍ ഉദിച്ച്  അസ്തമിക്കുന്ന വരെ ഞങ്ങള്‍ മനുഷ്യരും അത് കഴിഞ്ഞാല്‍ വളര്‍ത്തു മൃഗത്തെ പോലെ വീടിനുള്ളില്‍ കതകടച്ചിരിക്കണം എന്നുമാണ് സമൂഹനിയമം. ഇല്ലെങ്കില്‍ പുരുഷന്‍ എന്ന ക്രൂരനാല്‍ അക്രമിക്കപ്പെട്ടെക്കാം എന്നാണ് ജനിച്ചു വീഴുന്ന ഓരോ പെണ്കുഞ്ഞിനോടും സമൂഹം മന്ത്രിക്കുന്നത്.

മൊബൈല്‍ അടിച്ചു കൊണ്ടേ ഇരിക്കുന്നു. എല്ലാം ബന്ധുക്കള്‍ ആണ്. 'അസമയത്ത്' ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിലെ ആധി  എനിക്ക് അവരുടെ ശബ്ദത്തില്‍ തിരിച്ചറിയാം. ഞാന്‍ പുറത്തേക്കു നോക്കി. മാനത്ത് ആയിരം വര്‍ണങ്ങള്‍ വിരിയിച്ചു സൂര്യന്‍ പതുക്കെ പിന്‍വാങ്ങുന്നു. ഓരോ ദിവസവും സുഖമായി ഉറങ്ങാനാണ് മനുഷ്യന്‍ രാവിലെ മുതല്‍ അധ്വാനിക്കുന്നത്. അതിനിടയ്ക്ക് രാത്രിയുടെ മനോഹാരിത കാണാന്‍ ആര്‍ക്കും സമയം ഇല്ല. ബസ്സിനു പുറത്ത് മഴ പെയ്തു കൊണ്ടിരിക്കുന്നു. റോഡില്‍ കാറുകള്‍ ചീറി പായുന്നു. ഗ്ലാസ്‌ ഉയര്‍ത്തി എസി ഇട്ടു തണുപ്പില്‍ സീറ്റ്‌ ബെല്‍റ്റിനുള്ളില്‍ സുരക്ഷിതമായി ഇരുന്ന് കൂടെയുള്ള പുരുഷനോടും കുഞ്ഞുങ്ങളോടും കിന്നാരം പറയുന്ന സ്ത്രീജന്മങ്ങള്‍ മാത്രം നിരത്തിലെ പെണ്‍സാന്നിധ്യങ്ങള്‍ ആയി. സ്വന്തമായി വാഹനം അല്ലെങ്കില്‍ ആണ്‍തുണ ഇല്ലാത്ത സ്ത്രീകള്‍ക്ക് വീട്ടില്‍ "അടങ്ങി ഒതുങ്ങി മിണ്ടാതെ" ഇരിക്കാം. ഞാന്‍ യാത്ര ചെയ്യുന്ന ബസ്സിലും ഭര്‍ത്താവിനോ മകനോ അച്ഛനോ സഹോദരനോ ഒപ്പം "ധൈര്യപൂര്‍വ്വം" യാത്ര ചെയ്യുന്ന കുറച്ച് തരുണി മണികള്‍ ഉണ്ടായിരുന്നു.

ചെറുപ്പത്തില്‍ കേട്ട് ശീലിച്ചതിന്റെ പേടി കൊണ്ടോ എന്തോ ഇടയ്ക്കിടയ്ക്ക് 'ഏതെങ്കിലും കൈയോ കാലോ എന്നെ ആക്രമിക്കാന്‍ വരുന്നുണ്ടോ' എന്ന് ഞാനും ഇടയ്ക്കു സംശയിച്ചു. അങ്ങനെ ഇരിക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരു തോണ്ടല്‍. "ആരെടാ അത്" എന്നാ ഭാവത്തില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ പിന്‍സീറ്റിലെ ചേച്ചി സൈഡിലെ ഷട്ടര്‍ താഴ്ത്താന്‍ സഹായിക്കാന്‍ വിളിച്ചതാണ്. മനസ്സില്ലാമനസ്സോടെ ഓടി മറയുന്ന ജനലിലെ കാഴ്ച്ചകള്‍ ഞാന്‍ ആ ചേച്ചിക്ക് വേണ്ടി മൂടി വച്ചു.

സര്‍ക്കാര്‍ ബസ്സിലെ യാത്രകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം ആ വണ്ടികളില്‍ സാധാരണ വാഹനങ്ങളിലെക്കാള്‍ വലിയ ജനലുകള്‍ ആയിരിക്കും. കാഴ്ച്ചകള്‍ക്കും അതുകൊണ്ട് തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ചിന്തകള്‍ക്ക് ബ്രേക്ക്‌ ഇട്ടു ഞാന്‍ വണ്ടൂരില്‍ ഇറങ്ങി. എന്തുകൊണ്ട് ഞാന്‍ ഇത്രയും കാലം രാത്രി യാത്രയെ ഭയപ്പെട്ടു എന്ന് ഞാന്‍ അത്ഭുതപെട്ടു. കൂടെ മനസ്സ് മറ്റു സ്ത്രീകളോടായി പറഞ്ഞു, " ന്‍റെ പെണ്ണുങ്ങളെ, ഇങ്ങള് ഇങ്ങനെ രാത്രി കുടീല് കുത്തിരിക്കാതെ പോറത്തെക്കൊക്കെ ഒന്നെറങ്ങീന്‍. അന്തിയാവുമ്പോ ഈ ദുനിയാവ് കാണാന്‍ നല്ല ശേലാണ്."

24.9.12

വല്യുമ്മ എന്ന വീട്ടുകാരി


കുറച്ചു ദിവസമായി പറയാതെ ബാക്കി വച്ചതൊന്നും മനസ്സിലേക്ക് ഓടി എത്തുന്നില്ല. ഈ ബ്ലോഗില്‍ അനാവശ്യമായി ഒന്നും കുത്തി നിറക്കില്ല എന്ന് ആദ്യമേ തീരുമാനിച്ചത് കൊണ്ട് പേരിനു മാത്രമായി ഒന്നും കുറിച്ചിടാന്‍ ഞാന്‍ ഉദേശിക്കുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്നലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകാന്‍ ഇടയായത്. അവിടെ കണ്ട ഒരു കാഴ്ച മനസ്സിന് വളരെ സന്തോഷം തോന്നിക്കുന്നതായിരുന്നു. കിടപ്പിലായ അവളുടെ അമ്മൂമ്മയെ വളരെ സ്നേഹത്തോടെ ശുശ്രുഷിക്കുന്നതു കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞു.

നിങ്ങള്‍ കരുതുന്നുണ്ടാകും ഇന്ന് കേരളത്തില്‍ ഒരുപാടു വൃദ്ധര്‍ ഉണ്ട്, അവരില്‍ ഭൂരിപക്ഷം പേരെയും വീട്ടുകാര്‍ നോക്കുന്നുണ്ട്. അത് കൊണ്ട് തന്നെ എന്താണ് ഇത് ഇത്ര വലിയ സംഭവം ആയി എഴുതി പിടിപ്പിക്കേണ്ടത് എന്നെല്ലാം സ്വാഭാവികമായി തോന്നിയേക്കാം. എന്റെ മുത്തശ്ശന്‍ കേരള സീനിയര്‍ സിറ്റിസന്‍സ് ഫോറം എന്ന ഒരു സംഘടന ഉണ്ടാക്കിയത് കൊണ്ടും അതിന്റെ ആസ്ഥാന മേധാവി ആയി മരിക്കുവോളം പ്രവര്‍ത്തിച്ചത് കൊണ്ടും വൃദ്ധരുടെ പ്രശ്നങ്ങള്‍ കുറച്ചൊക്കെ ഞാന്‍ മനസ്സിലാക്കി.

സാധാരണ കിടപ്പിലായ വൃദ്ധരുടെ സ്ഥാനം വീട്ടില്‍ ആരും പോകാത്ത ഒരു മുറിയിലാകും. അവിടെ അവരുടെ മരുന്നുകളുടെയും മലമൂത്രവിസര്‍ജ്ജനങ്ങളുടെയും രൂക്ഷ ഗന്ധമായിരിക്കും.ആരും അവിടേക്ക് കയറി ചെല്ലാന്‍ ഒന്ന് അറയ്ക്കും. പിന്നെ മുഖത്ത് ഒരു കൃത്രിമ വിഷമഭാവം വരുത്തി വിരുന്നുകാര്‍ അവിടെ കയറി അവരെ കണ്ടു എന്ന് വരുത്തി ഇറങ്ങും. എന്നാല്‍ ഈ സുഹൃത്തിന്റെ വീട്ടില്‍ അവരുടെ അമ്മൂമ്മ എല്ലാവരും പെരുമാറുന്ന ഹാളില്‍ തന്നെയാണ് കിടക്കുന്നത്.

വീട്ടുകാര്‍ അമ്മൂമ്മയുടെ അടുത്തിരുന്നു ഭക്ഷണം കഴിക്കുകയും ടിവി കാണുകയും സംസാരിക്കുകയും ചെയ്യുന്നു. ഓര്‍മ്മകള്‍ മരവിച്ച ഒരു സ്ഥിതിയില്‍ എന്തൊക്കെയോ വിളിച്ചു പറയുന്ന ആ "വല്യുമ്മ"യുടെ വാക്കുകള്‍ക്ക് വീട്ടുകാര്‍ സ്നേഹത്തോടെ മറുപടി പറയുന്നു.ഇത്രയും വൃത്തിയില്‍ കിടക്കുന്ന ഒരു വൃദ്ധയെ ഞാന്‍ കണ്ടിട്ടില്ല. തീര്‍ച്ചയായും ആ വീട്ടുകാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. വയസ്സായാല്‍ ഒരു മൂലയ്ക്കിടെണ്ടവരല്ല, എന്നും വീട്ടിലെ ഒരു അംഗം തന്നെയാണ് അവര്‍ എന്ന വലിയ സന്ദേശമാണ് ആ ഗൃഹത്തില്‍ പോയ ഓരോരുത്തരുടെ മനസ്സിലും എത്തുന്നത്.

യാത്ര പറഞ്ഞിറങ്ങുമ്പോഴും ആ വീട്ടുകാരുടെ ഹൃദയം നിറഞ്ഞ സ്നേഹസല്‍ക്കരത്തെക്കാള്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ചത് അവരുടെ അമ്മൂമ്മയോടുള്ള സ്നേഹമാണ്. ഇത്രയ്ക്കധികം സ്നേഹലാളനകള്‍ ഏറ്റുവാങ്ങുന്ന ആ വല്യുമ്മ തീര്‍ച്ചയായും ഭാഗ്യവതി തന്നെ!

10.9.12

ഇമ്പള കോയിക്കോട്
സല്ക്കാരത്തിനും സ്നേഹത്തിനും പേര് കേട്ട കോഴിക്കോടിനോട് ഞാന്‍ വിട പറഞ്ഞിട്ട് അരക്കൊല്ലത്തില്‍ അധികം ആയിരിക്കുന്നു. "ഇമ്പളെ നാട്ടില്ക്കൊന്നും വരവില്ലേ?" എന്ന ഒരു കോഴിക്കോടന്‍ സുഹൃത്തിന്റെ സ്നേഹപൂര്‍ണ്ണമായ അന്വേഷണമാണ് എന്റെ ചിന്തകളെ വീണ്ടും ബിരിയാണിയുടെയും ഹലുവയുടെയും നാട്ടിലേക്കു എത്തിച്ചത്. ഒരു വര്‍ഷം സ്വന്തം നാട്ടുകാരിയെ പോലെ ലാളിച്ച ആ സ്നേഹം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്.

ബാല്യത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ നഗരം ആയിരുന്നു കോഴിക്കോട്.ചെറുപ്പത്തില്‍ അമ്മയുടെ നാടായ കണ്ണൂര്‍ക്ക് ഉള്ള യാത്രകളില്‍ ഈ പട്ടണം എന്നെ അത്ഭുതപെടുത്തി. പിന്നെ ജോലിയായി അതെ നഗരത്തിന്റെ സ്പന്ദനം അറിയാന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കൃതാര്‍ഥയായി . 


നാട്ടുകാരുടെ "കോയിക്കോട്‌" വന്‍നഗരം ആയി വികസിക്കുമ്പോഴും തലമുറകള്‍ കൈമാറി വന്ന ആതിഥ്യമര്യാദയുടെ പാഠങ്ങള്‍ അവര്‍ ഇന്നും അതേപടി പാലിച്ചു പോരുന്നു. ഏയ്‌ ഓട്ടോയും കോഴിക്കോട് ചിത്രീകരിച്ച മറ്റു സിനിമകളും കെട്ടുകഥകള്‍ അല്ലെന്നും എന്റെ ഔദ്യോഗിക ജീവിതത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു.

പലപ്പോഴും നഗരം വലുതാകുന്നത് പുതിയ ബസ്‌ സ്റ്റാന്റ് പരിസരത്താണെങ്കിലും കോഴിക്കോടിന്റെ യഥാര്‍ത്ഥ സംസ്കാരം പാളയം മാര്‍ക്കറ്റിലും "മുട്ടായി" തെരുവിലും ആണ്. മാനാഞ്ചിറക്ക് ചുറ്റുമാണ് ആ നഗരവും സംസ്കാരവും നിലകൊള്ളുന്നത്. പാളയം മാര്‍ക്കറ്റിലെ തട്ടുകടയിലെ ചൂടു ദോശയുടെയും ഈ അടുത്ത് കത്തി കരിഞ്ഞു പോയ ഭാരത്‌ ഹോട്ടലിലെ "കടി"കളുടെയും മിഠായി തെരുവിലെ ഹല്‍വയും ചിപ്സിന്റെയും സ്വാദ് ഇന്നും നാവില്‍ തങ്ങി നില്‍ക്കുന്നു.കട്ടന്‍ ചായയോടും സുലൈമാനിയോടും എനിക്ക് പ്രണയം തുടങ്ങിയത് പാളയത്തെ കൊച്ചു "ചായപീടിക"കളില്‍ നിന്നാണ്. നാടന്‍ ഭക്ഷണങ്ങള്‍ക്ക്‌ പുറമേ "കുത്തക"കമ്പനികളായ ഡോമിനോസിലെ പിസയും കോഴിക്കോടിന്റെ മാത്രം "ഐസ് ഉരച്ചതും" കലന്തന്‍സിലെ ഷെയ്ക്കും എല്ലാം രുചിച്ചു നോക്കാന്‍ ഭാഗ്യമുണ്ടായി. 

എന്ത് കൊണ്ട് ഇവള്‍ ഭക്ഷണത്തെ കുറിച്ച് മാത്രം പറയുന്നു എന്ന് നിങ്ങള്‍ ചിന്തിക്കും എന്ന് എനിക്കറിയാം... പക്ഷെ കോഴിക്കോടിനെ കുറിച്ച് പറയുന്ന എല്ലാവരും അവിടുത്തെ ഭക്ഷണത്തെ കുറിച്ചാണ് വാതോരാതെ ആദ്യം സംസാരിക്കുക. അത്രയ്ക്ക് പ്രത്യേകമാണ് അവിടുത്തെ ഭക്ഷണവിശേഷം.

കോഴിക്കോടിലെ മറ്റൊരു പ്രത്യേകതയാണ് അവിടുത്തെ ബീച്ച്. "കടല്‍ക്കര" എന്നൊക്കെ മലയാളീകരിച്ചു പറയാമെങ്കിലും ബീച്ചിനാണ്‌ അധികം ഭംഗി. പലപ്പോഴും ജോലിക്കിടയിലെ മടുപ്പ് മാറ്റാന്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ എല്ലാവരും കൂടെ കടല്‍ക്കരയില്‍ നടക്കുന്നതും സ്വല്പം വായ്നോക്കുന്നതും പതിവായിരുന്നു. ഇടയ്ക്കു ഏതെങ്കിലും ഒരു കോണില്‍ റാഫി സാബിന്റെ പാട്ടുകള്‍ ഉയരുന്നത് കേള്‍ക്കാം. 

റാഫി എന്ന ഗായകന്‍റെ മധുരമായ ഗാനങ്ങള്‍ എന്നും ഈ നാട്ടുകാര്‍ക്ക്‌ ഒരു ഹരമാണ്. നറുനിലാവും തണുത്തകടല്‍ക്കാറ്റും സംഗീതവും മനോഹരമായ ഒരു അനുഭൂതി ജനിപ്പിക്കും.അവസാന ബസ്‌ പോയില്ലെന്നു ഉറപ്പാക്കി ഇടയ്ക്കു ഞങ്ങളും ആ  സംഗീതസന്ദ്യയുടെ ആസ്വാദകവൃന്ദത്തിന്റെ കൂടെ കൂടാറുണ്ട്.കോഴിക്കോടിന്റെ റോഡുകളില്‍ ഇപ്പോഴും പച്ച നിറമണിഞ്ഞ സിറ്റിബസ്സുകള്‍ പായുന്നുണ്ടാകും, ലോകത്ത് ഇത്രയും ആത്മാര്‍ത്ഥതയുള്ള ഓട്ടോക്കാരുണ്ടോ എന്ന് ഏതെങ്കിലും മറുനാട്ടുകാര്‍ യാത്രാവസാനം അത്ഭുതപ്പെടുന്നുണ്ടാകും എസ് എം സ്ട്രീറ്റ് ആയി മാറിയ മിഠായി തെരുവില്‍ ചങ്കുപ്പൊട്ടുമാറുച്ചത്തില്‍ കച്ചവടക്കാര്‍ ആളുകളെ വിളിക്കുന്നുണ്ടാകും മറ്റൊരിടത്തില്‍ ഐ ടി പ്രൊഫെഷനലുകള്‍ ജീവിക്കുവാന്‍ വേണ്ടി പെടാപാട് പെടുന്നുണ്ടാകും... അപ്പോഴും ഇമചിമ്മാത്ത വിളക്കുകളുടെ നടുവില്‍ നിശ്ചലയായി, കാലത്തിന്റെയും മാറ്റങ്ങളുടെയും സാക്ഷിയായി മാനാഞ്ചിറ പുഞ്ചിരി തൂവുന്നുണ്ടാകും.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫേസ് ബുക്ക്‌ 

4.9.12

ഹായ് ബാലരമ

ഫേസ്ബുക്കിലെ വിരസമായ തിരച്ചിലുകളില്‍ മടുത്തപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന ബാലരമയില്‍ കണ്ണുടക്കിയത്. ഏതായാലും ദിവസവും ആളുകളെ ഫേസ് ബുക്കിലൂടെ ശല്യപ്പെടുത്തി ചീത്ത വാങ്ങുന്നുണ്ട്, എന്നാല്‍ ഇതും കൂടെ കിടക്കട്ടെ... "ഞാന്‍ ഒരു ബാലരമ വാങ്ങി...!" എഫ് ബിയിലെ എന്റെ സ്വന്തം ഇടത്തില്‍ ഞാന്‍ കുറിച്ചു! ഒന്നുകില്‍ ആരും ശ്രദ്ധിക്കില്ല, അല്ലെങ്കില്‍ 'എന്തെങ്കിലും ഒക്കെ എഴുതി വച്ചോളും' എന്ന മട്ടിലുള്ള ഉപദേശങ്ങളാണ് പ്രതീക്ഷിച്ചത്.എന്റെ ഈ ഊഹങ്ങള്‍ എല്ലാം തെറ്റിച്ചു ഒരുപാടു മറുപടികള്‍ ലഭിച്ചു. രാജുവിനോടും രാധയോടും അന്വേഷണം പറയണം, സൂത്രന്റെ കഥ സ്കാന്‍ ചെയ്തു അയച്ചു കൊടുക്കണം എന്നിങ്ങനെ എന്നെ പോലും അത്ഭുതപ്പെടുത്തുന്ന വാക്കുകളാണ് എനിക്കവിടെ വായിക്കാന്‍ കഴിഞ്ഞത്.

ഒരിക്കലും എഴുതാന്‍ വേണ്ടി തിരഞ്ഞു പിടിച്ചതല്ല ഞാന്‍ ആ പുസ്തകം. വളരെ മോഹിച്ചു വാങ്ങിയതാണ്. ഇത്രയും പേരുകള്‍ ഞാന്‍ മുകളില്‍ പറഞ്ഞെങ്കിലും അതിനൊന്നും വിശദീകരണം ആവശ്യമില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാന്‍ വിവരിക്കാത്തതും. കാരണം ബാലരമ എന്ന പുസ്തകം എഴുപതുകള്‍ മുതല്‍ മലയാളികളുടെ ബാല്യത്തിലെ ഇണ പിരിയാത്ത സുഹൃത്തായിരിക്കുന്നു.

ഇന്നത്തെ അഥവാ ഇരുപത്തിയോന്നാം നൂറ്റാണ്ടിലെ കുട്ടികളുടെ കാര്യത്തില്‍ മുഴുവന്‍ പേരും വായിക്കാറുണ്ടോ എന്നറിയില്ല. അവര്‍ക്ക് കാര്‍ട്ടൂണ്‍ ചാനലും കൊച്ചു ടിവിയും ചലിക്കുന്ന ദൃശ്യങ്ങള്‍ സമ്മാനിക്കുന്നു. കുരുന്നുകളിലെ ഭാവന ശേഷിയെ ഇല്ലാതാക്കുന്ന ഈ പ്രവണതയെ ഒരു പരിധി വരെ ഞാന്‍ എതിര്‍ക്കുന്നു.

പറഞ്ഞു പറഞ്ഞു കാട് കയറുന്നില്ല. വീണ്ടും ബാലരമയിലേക്കു! മണ്ണപ്പത്തിന്റെയും കളികൊപ്പുകളുടെയും കൂടെ മറ്റൊരു കളിപ്പാട്ടമായി ഈ പുസ്തകം കുട്ടിക്കാലത്ത് എനിക്ക് കൂട്ടായി ഉണ്ടായിരുന്നു. ഡാകിനിയുടെയും മായാവിയുടെയും ടാറ്റു ഗ്ലാസ്സുകളിലും സച്ചിന്റെയും ദ്രാവിഡിന്റെയും സ്റ്റിക്കറുകള്‍ എന്റെ വീടിന്റെ ചുമരുകളിലും ബാല്യത്തിന്റെ തിരുശേഷിപ്പായി ഇന്നുമുണ്ട്.

അന്ന് സ്റ്റിക്കര്‍ എന്നതിന് പകരം ബാലരമ തന്ന പദമാണ്‌ "ഒട്ടിപ്പോ"! സ്കൂള്‍ തുറക്കുന്നതിനു മുന്‍പേ ബാലരമ നെയിം സ്ലിപ് തരും. വേറെയും ഒരുപാടു ഉണ്ടെങ്കിലും ഈ സ്ലിപ്പിനായി കാത്തിരിക്കും. ഓര്‍മകളുടെ ബാണ്ഡക്കെട്ട് തുറന്നാല്‍ എണ്ണിയാല്‍ ഒടുങ്ങാത്ത സ്മരണകളാണ് അവശേഷിക്കുന്നത് എന്നതിനാല്‍ തല്‍കാലം നമുക്ക് ഇന്നത്തെ ബാലരമയിലേക്കു വരാം.


എന്റെ അനിയന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'പെറ്റിക്കോട്ടിട്ട' ലുട്ടാപ്പിയും ടി-ഷര്‍ട്ട് ഇട്ട മായാവിയും ആണ് പ്രധാന മാറ്റങ്ങള്‍. മൊബൈലിലൂടെ മന്ത്രം ചൊല്ലി കൊടുക്കുന്ന കുട്ടൂസന്‍ ആധുനികതയുടെ വക്താവായി മാറിയിരിക്കുന്നു. ഇക്കണക്കിനു ജീന്‍സ് ഇട്ട രാധയേം ലോ വൈസ്റ്റ് പാന്‍ട്സ് ധരിച്ച രാജുവിനേം കാണേണ്ടി വരുമോ എന്ന് പരിഭ്രമിച്ചെങ്കിലും അവര്‍ക്ക് ഈ ആഴ്ച റോള്‍ ഇല്ലാത്തതില്‍ സമാധാനിച്ചു ഞാന്‍ അടുത്ത കഥയിലേക്ക് കടന്നു.

തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന ശിക്കാരി ശംഭു ആളൊന്നു മാറിയിടുണ്ട്. ഹിറ്റ്‌ കഥയിലെ നായകന്‍ ആയതു കൊണ്ടാണോ എന്തോ ശംഭു ചേട്ടന്റെ മുഖത്തിന്‌ നല്ല വണ്ണം! സൂത്രനും ഷെരുവും പഴയ നിഷ്കളങ്കര്‍ ആണ്! ഒരു കഥയെങ്കിലും മാറ്റമില്ലാതെ തുടരുന്നുണ്ടല്ലോ എന്ന് ഓര്‍ത്തു അടുത്ത കഥയിലേക്ക് കടന്നപ്പോള്‍ അതും നമ്മുടെ പഴയ ജമ്പനും തുമ്പനും തന്നെ! കളിക്കുടുക്കയില്‍ പ്രശസ്തമായ ലുട്ടാപ്പിയെ കേന്ദ്രകഥാപത്രം ആക്കിയുള്ള കഥ ബാലരമയിലും കാണുന്നു. രണ്ടു ലുട്ടപ്പിമാര്‍ ഒരേ പുസ്തകത്തിലുള്ളത് കുറച്ചു കടുപ്പമല്ലേ എന്ന് ഓര്‍ത്തു പോയി.

ഇംഗ്ലീഷില്‍ കുറച്ചൂടെ വിവരമുള്ളവരാണ് ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ എന്ന കാരണം കൊണ്ടാകാം ഒരു ആംഗലേയ കഥയും ഉണ്ട് ന്യൂ ജെനറെഷന്‍ ബാലരമയില്‍. പഴയതില്‍ നിന്ന് വിഭിന്നമായി ഒരുപാടു പൊതു വിജ്ഞാനം തരുന്ന പംക്തികളും കണ്ടു ആ പുസ്തകത്തില്‍. ഏറ്റവും പുതിയ വീഡിയോ ഗെയിംസ് പരിചയപ്പെടുത്തുന്ന കോളം കണ്ടപ്പോള്‍ മനസ്സിലായി ബാലരമ ബഹുദൂരം സഞ്ചരിച്ചെന്ന്!

പണ്ട് അഞ്ചു രൂപയ്ക്കു ബാലരമ വാങ്ങിയ ഞാന്‍ ആറേഴു വര്‍ഷത്തിനു ശേഷം പത്തു രൂപ എന്ന വില കേട്ട് ഞെട്ടിയപോലെ തന്നെ അതിലെ ഉള്ളടക്കവും എന്നെ തീര്‍ത്തും അത്ഭുതപരതന്ത്രയാക്കി! അന്നത്തെ അതെ മനസ്ഥിതിയില്‍ പുസ്തകം തുറന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. മണ്ണപ്പം എന്നാല്‍ കുട്ടികള്‍ക്കിന്നു ചോക്ലേറ്റ് കേക്ക് ആണ്. അത് പോലെയാണ് ഓരോ മാറ്റവും. ഇങ്ങനെ പലതും ചിന്തിച്ചു ബാലരമ അടച്ചു വച്ചപ്പോള്‍ അറിയാതെ ഒരു പരസ്യത്തിന്റെ ഈരടികള്‍ ഞാന്‍ മൂളി, "കാലം മാറി, കഥ മാറി...!"

24.8.12

എങ്ങനെയുണ്ട് എന്‍റെ പൂക്കളം?


സാധാരണ രാവിലെ അമ്മ വിളിച്ചാല്‍ എണീക്കാതെ തിരിഞ്ഞു കിടക്കുകയാണ് എന്‍റെ പതിവ്. രാവിലെ നേരത്തെ എണീക്കുന്ന ശീലം ഈയിടെയായി മറന്നു തുടങ്ങിയതായിരുന്നു. എന്നാല്‍ അത്തം മുതല്‍ ഞാന്‍ നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ നേരത്തെ ഉണരാന്‍ തുടങ്ങിയിരിക്കുന്നു. എനിക്ക് അലാറം എന്നാ വസ്തുവിനെക്കള്‍ എന്നും ഇഷ്ടം അമ്മ വന്നു വിളിക്കുന്നതാണ്. ഞാന്‍ എപ്പോഴും അമ്മയോട് പറയാറുമുണ്ട് അമ്മയാണ് എന്‍റെ അലാറം എന്ന്.

അപ്പോള്‍ പറഞ്ഞു വന്നത് അത്തം മുതല്‍ നല്ല കുട്ടി ആയ കഥ. പണ്ട് സ്കൂളില്‍ ഓണത്തെ കുറിച്ച് ഗണ്ഡിക എഴുതാറുള്ള പോലെ അത്തം മുതല്‍ പത്തു ദിവസം പൂക്കളം മുറ്റത്ത്‌ ഇടണം. ഇത്തവണ രണ്ടു നാള്‍ ഒരുമിച്ചു വരുന്നത് കൊണ്ട് ഒന്‍പതു ദിവസം കഴിഞ്ഞാല്‍ ഓണം ആകും എന്നൊക്കെ പത്രത്തില്‍ കണ്ടു. പിന്നെയും ഞാന്‍ വിഷയത്തില്‍ നിന്ന് മാറി പോകുന്നു.

പഴയ കാല ഓര്‍മകളുടെ ചുവടു പിടിച്ചു ഞാന്‍ ഇന്നും പൂക്കളം ഇടുന്നു. നിങ്ങള്‍ ചിന്തിച്ചേക്കാം എല്ലാരും പൂക്കളം ഇടുന്നുണ്ടല്ലോ അതിലെന്താ ഇത്ര നൊസ്റ്റാള്‍ജിയ എന്ന്! എന്‍റെ പൂക്കളവും നിങ്ങളില്‍ പലരുടെ പൂക്കളവും ചിലപ്പോള്‍ ഈ ഒരു കാര്യത്തില്‍ വ്യത്യസ്തമായിരിക്കും. എന്‍റെതു നാട്ടുപൂക്കള്‍ കൊണ്ടുണ്ടാക്കുന്ന പൂക്കളം ആണ്. മാര്‍ക്കറ്റില്‍ നിന്നും നിറയെ പൂ കിട്ടാത്തത് കൊണ്ടൊന്നുമല്ല ഞാന്‍ നാടനെ ആശ്രയിച്ചത്... ഒരിക്കലും വാങ്ങിയ പൂക്കള്‍ കൊണ്ട് തീര്‍ത്ത പുഷ്പകളത്തിന്റെ ഭംഗി തൊടിയിലെതിനു ഇല്ലെന്നും അറിയാം. അതിനൊരു കാരണം ഉണ്ട്. എന്തെന്നല്ലേ? പറയാം.

രാവിലെ എഴുന്നേറ്റിട്ട് പ്രഭാതകര്‍മങ്ങള്‍ക്ക് ശേഷം ഉമ്മറം അടിച്ചു വൃത്തിയാക്കി ഞാന്‍ മുറ്റത്തേക്ക് ഇറങ്ങും. വീട്ടിലെ പൂക്കള്‍ തികയാതെ വരുമ്പോള്‍ തറവാട്ടിലേക്ക് പോകും. തൃക്കാക്കരപ്പനെ വയ്ക്കുന്നതിനാല്‍ അവിടെ വലിയ പൂക്കളം ഇടാറില്ല. എന്ന് പറഞ്ഞാല്‍ അവിടുത്തെ പൂക്കളും എനിക്ക് പറിച്ചെടുക്കാം. ഓണപ്പൂവും ചെമ്പരത്തിയും ഹനുമാന്‍ കിരീടവും മന്താരപൂവും നന്ത്യാര്‍വട്ടവും പിന്നെ പേരറിയാത്ത ഒരുപാട് പൂക്കളുമായി ഞാന്‍ മടങ്ങും. ഇടയ്ക്കു എന്നെ നുള്ളി നോവിക്കുന്ന തൊട്ടാവാടി ചെടിയുടെ കുഞ്ഞു പൂക്കളെയും ഞാന്‍ വെറുതെ വിടാറില്ല.

എല്ലാം കൂടെ ഒരു കവറില്‍ ആക്കി വീട്ടിലേക്കു തിരിച്ചു വീട്ടില്‍ കയറുമ്പോഴാണ് ഓര്‍ക്കുന്നത് "അയ്യോ! മുക്കുറ്റി ഇല്ലാതെ എങ്ങനെ പൂവിടും?"... മുക്കുറ്റി പൂക്കളത്തിലെ അവിഭാജ്യ ഘടകം ആണ്. കാട്ടു പൊന്തയ്കിടയില്‍ മുക്കുറ്റിക്കായി തിരയുമ്പോള്‍ അച്ഛന്‍ പറയും, "ആ കാട്ടില്‍ക്കൊന്നും പോവണ്ട"! ചെവി കേള്‍ക്കാത്തവളെ പോലെ ഞാന്‍ ഭാവിക്കും. ഒടുക്കം ആ ചെടി കയ്യില്‍ കിട്ടിയാല്‍ ഏതോ യുദ്ധം ജയിച്ച പോലെ വിജയശ്രീലാളിതയായി ഞാന്‍ മടങ്ങും. അങ്ങനെ പൂക്കളം ഒരുക്കി കഴിയുമ്പോഴേക്കും പത്തു മണി ആകും.

വീട്ടില്‍ വരുന്നവരോടൊക്കെ ചോദിക്കും, "എങ്ങനെ ഉണ്ട് ഞാന്‍ പൂവിട്ടത്?"... എന്നെ വിഷമിപ്പിക്കാതിരിക്കാനോ അതോ എന്റെ പൂക്കളം യാദൃശ്ചികമായി മനോഹരമായി പോയത് കൊണ്ടോ അവരൊക്കെ പറയും, "ഉഷാറായി"! ആര് എന്ത് പറഞ്ഞാലും എനിക്ക് അത് മനോഹരം തന്നെ ആണ്.ആരും സഹായത്തിനില്ലാതെ എന്റെ സ്വന്തം അധ്വാനത്തിന്റെ പ്രതീകമായി ആ പൂക്കളം പിറ്റേന്ന് രാവിലെ വരെ നില്‍ക്കും.

(എന്‍റെ പൂക്കളം )
കഷ്ടപ്പെട്ട് പറിച്ചതായത് കൊണ്ട് ഒരു പൂവ് പോയിട്ട് ഒരു ഇതള്‍ പോലും ഞാന്‍ കളയാറില്ല. ഓണം അടുക്കുമ്പോള്‍ പൂക്കളം വലുതാക്കണം. അതിനു എന്റെ മുറ്റത്തെയും തൊടിയിലെയും പുഷ്പങ്ങള്‍ തികയണം എന്നില്ല. ചന്തയില്‍ പോയി പൂ വങ്ങേണ്ടി വരും. അന്ന് ഈ നാടന്‍ പൂക്കള്‍ എന്നോട് ചോദിച്ചേക്കാം 'എന്താ ഞങ്ങളെ മടുത്തോ എന്ന്'...

'ഞാനും പരിഷ്കാരി ആയി' എന്ന് അവയോടു പറയുമ്പോഴും അടുത്ത ഓണത്തിന് ഞാന്‍ നിങ്ങളുടെ അടുത്ത് വീണ്ടും ഓടിയെത്തും എന്ന് മനസ്സ് മന്ത്രിക്കുന്നുണ്ടാകും.

19.8.12

നിള എന്ന മലയാളി


ഓണം, വിഷു, ചക്ക,
മാങ്ങ, പുട്ടും കടലയും, വള്ളം കളി, തൃശൂര്‍ പൂരം, കുട്ടനാട്... അങ്ങനെ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ച ഒരുപാടു പേരുകളില്‍ ഒന്നാണ് നിള. ഇന്ന് കേരളം കണ്ണുനീരോടെ ഓര്‍ക്കുന്ന ഒരു നാമമാണെങ്കിലും ഏതൊരു കേരളീയന്റെയും നാടിനെ കുറിച്ചുള്ള ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് നിള നദി. തീര്‍ച്ചയായും അതിനെക്കുറിച്ച് ഒരു വിലാപകാവ്യം എഴുതാനല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഞാന്‍ പറഞ്ഞു വരുന്ന നിള വറ്റിവരണ്ടുണങ്ങിയ പുഴയെ കുറിച്ചല്ല, മറിച്ച് ചുറുചുറുക്കും ഓജസ്സും ഉള്ള ഒരു പെണ്‍കുട്ടിയെ കുറിച്ചാണ്. എല്ലാ മലയാളികളെയും പോലെ അവളുടെ മാതാപിതാക്കളും ഗൃഹാതുരതയുടെ ബാക്കിപത്രമായാകണം അവള്‍ക്കു നിള എന്ന് പേരിട്ടത്. പേരിന്റെ പ്രത്യേകത കൊണ്ട് തന്നെ അവര്‍ ബന്ധുക്കള്‍ക്കിടയില്‍ 'നിളയുടെ അച്ഛനും അമ്മയും' എന്ന പേരില്‍ മാത്രമാണ് അധികവും അറിയപ്പെട്ടത്.

ഹോ! ഉണ്ണിമായ, നളിനി, ലക്ഷ്മി, ജാനകി... എത്രയോ മലയാളിത്തമുള്ള പേരുകളുണ്ട്. അതുപോലെ ഏതോ ഒരു പേര് പറയാനാണോ ഇവള്‍ ഇത്രയും കഷ്ടപ്പെട്ട് ഞങ്ങളെ കൊണ്ട് വായിപ്പിച്ചത് എന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. പേരിന്റെ പ്രത്യേകത വിവരിക്കലല്ല എന്റെ ഉദ്ദേശം. ഇതിലെ കഥാനായിക നിള എന്ന പേരുള്ള ഒരു പെണ്‍കുട്ടി ആണെന്ന് മാത്രം.

അമേരിക്കയില്‍ ജനിച്ചു ഹൈദരാബാദില്‍ വളരുന്ന ഒരു മലയാളി കുട്ടിക്ക് മാതൃഭാഷ എത്ര അറിവുണ്ടാകും? ചിലപ്പോള്‍ നന്നായി മലയാളം പറയുമായിരിക്കും, ഏറി വന്നാല്‍ അക്ഷരമാലയും പഠിച്ചു കാണും. ഇതൊക്കെയാകാം നിളയെ കാണുമ്പോള്‍ നിങ്ങള്‍ മനസ്സില്‍ ഓര്‍ക്കുക. അവളോട്‌ സംസാരിക്കുമ്പോള്‍ നിങ്ങള്‍ പറഞ്ഞേക്കും: "! കുട്ടി നന്നായി മലയാളം പറയുന്നുണ്ടല്ലോ..."! എന്നാല്‍ നിങ്ങള്‍ അറിയണം അവളുടെയും മാതാപിതാക്കളുടെയും കഠിനാദ്ധ്വാനത്തെക്കുറിച്ച്!

ഹൈദരാബാദിലെ അറിയപ്പെടുന്ന എഞ്ചിനീയറിംഗ് കോളേജിലെ ഡീന്‍ (മേധാവി) ആയ നിളയുടെ അച്ഛന് മകള്‍ മലയാളം പഠിക്കണം എന്ന് നിര്‍ബന്ധം ആയിരുന്നു. സാധാരണ പുറം നാട്ടില്‍ താമസിക്കുന്ന മലയാളികളുടെ പോലെ "എനിക്ക് കുരച്ചു കുരച്ചു മലയാലം അരിയാം" എന്ന് മകള്‍ പറയരുത് എന്ന ആഗ്രഹത്തില്‍ അവളെ ശുദ്ധമലയാളം പറയാനും അത് കഴിഞ്ഞു എഴുതാനും വായിക്കാനും പഠിപ്പിച്ചു. 'തറ, പറ' തുടങ്ങിയ വാക്കുകളില്‍ അവളുടെ മലയാളപഠനം അവസാനിച്ചില്ല. എംടിയുടെയും ബഷീറിന്റെയും കഥകള്‍ അവള്‍ക്കു സുപരിചിതമാണ്.

കേരളത്തില്‍ മറുനാടന്‍ മലയാളി എന്ന നിലയില്‍ അവഹേളനം ഒരിക്കലും നിളക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. മാത്രമല്ല അവളുടെ ഭാഷജ്ഞാനം കണ്ടു പ്രായത്തിലുള്ള കുട്ടികള്‍ അത്ഭുതപ്പെട്ടിട്ടും ഉണ്ട്. കുട്ടിയോട് സംസാരിച്ചപ്പോള്‍ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്‌ പതിനാലു വര്‍ഷം മലയാളം പഠിച്ച എന്നേക്കാള്‍ അവള്‍ക്കു ഭാഷയില്‍ വിവരവും താല്‍പര്യവും ഉണ്ട്.

തന്‍റെ മക്കള്‍ക്ക്‌ മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്നു അഭിമാനിക്കുന്ന കേരളത്തില്‍ താമസിക്കുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും നിളയുടെ അച്ഛനമ്മമാരെ കണ്ടു പഠിക്കേണ്ടതുണ്ട്. കേരളത്തില്‍ ജനിച്ചത്‌ കൊണ്ട് മാത്രം ഒരാള്‍ മലയാളി ആകുന്നില്ല. എന്റെ ഭാഷ മലയാളം ആണെന്നും അത് സങ്കോചം കൂടാതെ പറയാന്‍ കഴിയും എന്നും അഭിമാനത്തോടെ പറയാന്‍ കഴിയുന്നവരെയാണ് മലയാളി എന്ന് വിളിക്കേണ്ടത്. ഇതിനര്‍ത്ഥം വേറെ ഭാഷ പഠിക്കേണ്ട എന്നല്ല. ഒരുപാടു ഭാഷ പഠിക്കുമ്പോഴും സ്വന്തം വേരുകളെയും നാടിനെയും കുറിച്ച് ബോധമുണ്ടാകേണ്ടത് അനിവാര്യമാണ്. നിലയ്ക്ക് നമ്മെക്കാള്‍ ശുദ്ധിയോടെ ഭാഷയെ മനസിലാക്കിയ അവളെയാണ് മലയാളി എന്ന് വിളിക്കേണ്ടത്.

17.8.12

ഈശ്വരന്‍ ഉണ്ട്... വെള്ളം പോലെ!

കറുത്ത ഫ്രെയിം ഉള്ള കണ്ണട വച്ച തടിച്ചു ഉയരമുള്ള ഒരു ചേച്ചി എന്നോട് ചോദിച്ചു: "നിന്‍റെ മതം ഏതാണ്?"! ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എനിക്ക് അന്ന് ജാതിയും മതവും എന്താണെന്നു അറിയില്ലായിരുന്നു. പക്ഷെ ആ ചേച്ചിയുടെ രൂപവും ഭാവവും എന്നെ പേടിപ്പിച്ചു. അതുകൊണ്ട് ഉത്തരം തന്നിലെങ്കില്‍ ആ ചേച്ചി എന്നെ കണ്ണുരുട്ടി പേടിപ്പിക്കും എന്ന് ഞാന്‍ ഭയന്നു. ഞാന്‍ പറഞ്ഞു: "ക് വച്ച് തുടങ്ങുന്ന ഒന്നാണ്."

"ഓ! നീ ക്രിസ്ത്യാനി ആണോ?" ചേച്ചി ചോദിച്ചു. "ഉം"...രസം തോന്നിയ പേരുള്ള ആ മതം തന്നെ ആകാം എന്‍റെതു എന്ന് ഞാന്‍ വിശ്വസിച്ചു. പിന്നെ വീട്ടിലെത്തിയപ്പോള്‍ ഞാന്‍ അച്ഛനോട് ചോദിച്ചു, "അച്ഛാ നമ്മടെ മതം ഏതാണ്" എന്ന്! അച്ഛന്‍ പറഞ്ഞു തന്നെങ്കിലും ഞാന്‍ കരുതിയത് സ്കൂളില്‍ ഒന്ന് എ, ബി എന്നിങ്ങനെ ക്ലാസുകള്‍ ഉള്ള പോലെ ആകും എന്നാണ്. പിന്നീട് അതിനെപ്പറ്റി അധികം ചിന്തിച്ചതുമില്ല.കടലാസ്സു പൂവുകള്‍ കൊണ്ട് വേലി തീര്‍ത്ത ഒരു വിദ്യാലയത്തിലെ മൂന്നാം ക്ലാസ്സിലെ കുഞ്ഞു വിദ്യാര്‍ത്ഥികളോട് ഇന്ദുമതി മിസ്സ്‌ പറഞ്ഞു തുടങ്ങി: "നമ്മള്‍ വെള്ളം എന്ന് പറയുന്നു, ഇംഗ്ലിഷ് ഭാഷ പറയുന്നവര്‍ വാട്ടര്‍ എന്നും തമിഴന്‍ തണ്ണി എന്നും ഹിന്ദിക്കാര്‍ പാനി എന്നും പറയുന്നു. പല ഭാഷയില്‍ പറയുന്നുണ്ടെങ്കിലും സാധനം ഒന്ന് തന്നെയാണ്. അത് പോലെ തന്നെയാണ് ദൈവങ്ങളുടെ കാര്യവും; നമ്മള്‍ ജീസ്സസ്, അള്ളാഹു, കൃഷ്ണന്‍ എന്നൊക്കെ പറയുമെങ്കിലും എല്ലാം ഒന്ന് തന്നെയാണ്."

ടീച്ചറുടെ ക്ലാസ്സില്‍ ഇരുന്ന ഞാന്‍ അന്ന് മനസ്സില്‍ കുറിച്ചിട്ടതാണ് എല്ലാ ദൈവങ്ങളും ഒന്നാണെന്ന്. ഇംഗ്ലിഷ് വ്യാകരണം പഠിപ്പിക്കുന്നതിനിടയില്‍ അധ്യാപികക്ക് വിഷയം പറയേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല. ഇന്ദുമതി മിസ്സ്‌ ഒരിക്കലും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല അവര്‍ പറഞ്ഞ വാക്കുകള്‍ വിദ്യാര്‍ത്ഥികളുടെ ചിന്തകളില്‍ ഇത്രത്തോളം ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടാവും എന്ന യാഥാര്‍ത്ഥ്യം.
ദൈവവും ജലവും പലപേരുകളില്‍ ഉള്ള ഒരേ വസ്തുവാണെന്ന് തിരിച്ചറിഞ്ഞ ശേഷം ചരിത്രപുസ്തകം പഠിക്കുമ്പോള്‍ അത് തികച്ചും ഒരു തമാശ പോലെ ആണ് എനിക്ക് തോന്നിയത്. "എന്‍റെ ഗുരുവായുരപ്പാ", "എന്‍റെ ഈശോയെ", "ഇന്ഷ അള്ള"... ഇതില്‍ ഓരോന്നും വ്യത്യസ്തമാണെന്ന് എനിക്ക് ഒരിക്കലും തോന്നാറില്ല. ആദ്യം നാം ഓരോരുത്തരിലും ഉള്ള ഈശ്വരനെ കണ്ടെത്തണം. പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും എല്ലാവരും തയ്യാറാകണം.

മാഹി പള്ളിക്ക് മുന്‍പിലൂടെ ബസ്സു പോകുമ്പോള്‍ ഒരു നിമിഷം ധ്യാനനിരതയാവാനും അറബി ചാനലില്‍ ഹജ്ജ് കര്‍മങ്ങള്‍ കാണുമ്പോള്‍ ഭാഷ മനസിലായിലെങ്കിലും ബഹുമാനപൂര്‍വ്വം കാണാനും ആരും എന്നെ പഠിപ്പിച്ചതല്ല. പലപ്പോഴും ആചാരങ്ങള്‍ അറിയാത്തത് കൊണ്ട് ഞാന്‍ അമ്പലങ്ങള്‍ അല്ലാതെ മറ്റു ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാറില്ല. ഒരിക്കല്‍ ഞാന്‍ എന്‍റെ ഒരു സുഹൃത്തിനോട്‌ ചോദിച്ചിരുന്നു എന്നെ പള്ളിയില്‍ കൊണ്ടുപോകാമോ എന്ന്. സുഹൃത്തിനു താല്പര്യം ഇല്ലാത്തതു കൊണ്ട് യാത്ര നടന്നില്ല.

മനുഷ്യര്‍ ഉണ്ടാക്കുന്ന ജാതിമതങ്ങളുടെ വേലിക്കെട്ടു അതുപോലെ തന്നെ നിലനിര്‍ത്താനാണ് ബഹുഭൂരിപക്ഷം അധ്യാപകരും ശ്രമിക്കുന്നത്. തീര്‍ച്ചയായും ഇന്ദുമതി മിസ്സിനെ പോലെ ഉള്ളവരെ ആണ് ഇന്ന് ലോകത്തിനു ആവശ്യം. പിന്നീട് പലരും ദൈവങ്ങളെ പറ്റി പലതും പറഞ്ഞെങ്കിലും ഇന്നും എന്‍റെ മനസ്സില്‍ ദൈവം എന്നാല്‍ പലപേരുകളുള്ള ഒരു ശക്തി എന്നാണ് നിര്‍വചനം.

13.8.12

മഴയിലെ വികൃതി ചിന്തകള്‍


ഇന്നലെ തറവാട്ടിലെ പൂജ തൊഴുതു പുറത്തേക്കിറങ്ങുമ്പോള്‍ നല്ല മഴ! കുറച്ചു നേരം പൂമുഖത്ത്
മഴ കുറയാന്‍ കാത്തു നിന്നു . അവസാനം സന്ധ്യ നേരത്ത് ഇനിയും അധികനേരം അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് തോന്നി.

കയ്യില്‍ കരുതിയ ഒരു പ്ലാസ്റ്റിക്‌ തൊപ്പി തലയില്‍ വച്ച് മഴ നനയാന്‍ തീരുമാനിച്ചു. "ഏടത്തീടെ കയ്യില്‍ കുട ഇല്ലേ?" എന്‍റെ കൂടെ ഇറങ്ങിയ അനിയത്തിമാര്‍ ചോദിച്ചു! ചെറിയച്ഛന്റെ മക്കള്‍ ആണെങ്കിലും അവരെ അനിയത്തിമാര്‍ എന്ന് വിളിക്കാനാണ് എനിക്ക് പ്രിയം.

"അച്ഛന്റെ സമാധാനത്തിനു എടുത്തതാണ് ഈ തൊപ്പി. ഇടക്കൊരു മഴ നനഞ്ഞിലെങ്കില്‍ പിന്നെ ഈ വര്‍ഷക്കാലതിനെന്താ ഒരു രസം!" എന്‍റെ ഈ മറുപടി കേട്ടപ്പോള്‍ എനിക്കായി നീട്ടിയ കുട അവര്‍ തിരിച്ചെടുത്തു.

ഇക്കൊല്ലം മഴ ഒളിച്ചു കളിക്കുകയാണ്. ഇടവത്തില്‍ തുടങ്ങി കര്‍ക്കിടകത്തില്‍ തിമിര്‍ത്തുപെയ്യേണ്ടതിന് പകരമായി കഴിഞ്ഞ ആഴ്ച മാത്രമാണ് മഴ ഇടതടവില്ലാതെ വര്‍ഷിക്കാന്‍ തുടങ്ങിയത്. ഡോക്ടര്‍ ആയ അച്ഛന്റെ മകള്‍ ആയതു കൊണ്ട് ആരോഗ്യകാര്യത്തില്‍ വല്ലാത്ത ശ്രദ്ധ വച്ച് പുലര്‍ത്തുന്നത് ചെറുപ്പം മുതലേ ഉള്ള ഒരു ശീലമായി.

ഇടയ്ക്കു കോളേജില്‍ എത്തിയപ്പോഴാണ് മഴ നനയുന്നതിന്റെ സുഖം മനസിലായത്. പിന്നീട് ഇങ്ങോട്ട് ആരും കാണാതെ മഴത്തുള്ളികളോട് സംസാരിക്കാന്‍ മുറ്റത്തേക്കും പറമ്പിലേക്കും ഇറങ്ങി തുടങ്ങി...

അങ്ങനെ ഞാനും അനിയത്തിമാരും കൂടെ പുറത്തേക്കു ഇറങ്ങി. തറവാട്ടില്‍ നിന്നു വീട്ടിലേക്കുള്ള വഴിയിലൂടെ ഞാന്‍ കുഞ്ഞുനാളില്‍ പിച്ച വയ്ക്കാന്‍ തുടങ്ങിയത് മുതല്‍ നടക്കുന്ന വഴി ആണ്.

"ഈ കുട പാറി പോയാല്‍ നല്ല രസമായിരിക്കും അല്ലെ?", ആര്യക്കുട്ടി ഞങ്ങളോട് ചോദിച്ചു. "ങ്ങും! പത്താം ക്ലാസ്സ്‌ പരീക്ഷയാണ്‌ വരുന്നത്. പനി പിടിച്ചാല്‍ നല്ല രസമായിരിക്കും." മെഡിസിനു പഠിക്കുന്ന മറ്റേ അനിയത്തിയിലെ ഡോക്ടര്‍ ഉണര്‍ന്നു. ആര്യക്കുട്ടി പറഞ്ഞതു എന്റെ മനസ്സിലെ അതെ വാക്കുകളാണെന്ന് തോന്നി.

ഞങ്ങളുടെ തലമുറയിലെ ഏറ്റവും ചെറിയ അനിയത്തി ആയതു കൊണ്ട്
ആര്യക്കുട്ടി ഞങ്ങളുടെ ഓമന ആണ്. കൌമാരം എത്തിയെങ്കിലും അവളുടെ കണ്ണുകളില്‍ ഇന്നും കുട്ടിത്തം ഉണ്ട്. അപരിചിരതരുടെ മുന്‍പില്‍ നിശബ്ദയാകുന്ന അവള്‍ പക്ഷെ ഏട്ടന്മാര്‍ക്കും ഏടത്തിമാര്‍ക്കും വായാടിയായ കുഞ്ഞനുജത്തി ആണ്!

ഡോക്ടര്‍ ആകാന്‍ പോകുന്ന ഏടത്തിയുടെ വാക്കുകള്‍ അല്പം നീരസത്തോടെയാണെങ്കിലും അനുസരിച്ച് അവള്‍ കുട മുറുകെ പിടിച്ചു നടന്നു. കുടുംബക്ഷേത്രത്തിലെ ദീപസ്തംഭം മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്നു. അതിനപ്പുറം കണ്ണെത്താദൂരത്തെ വയലില്‍ വെള്ളം കെട്ടി കിടക്കുന്നു. തൊഴുത്തിലെ പശുക്കള്‍ ചെവികള്‍ കൊണ്ട് മഴയുടെ അതിമനോഹരമായ ഈണത്തിന് താളം പിടിക്കുന്നു.

മരങ്ങളും ചെടികളും പൂക്കളും പുല്ലുകളും വഴികളും വെള്ളത്തിന്‌ പോകാനായി ഒതുങ്ങി നില്‍ക്കുന്നു. പലപ്പോഴും എനിക്ക് ഇവയോടെല്ലാം അസൂയ തോന്നിയിട്ടുണ്ട്‌. കുടയുടെ ഭാരമില്ലാതെ ഇവക്കു ജീവിക്കാം!

മഴ ഒരു ആവേശമാണ്, ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും സന്തോഷിപ്പിക്കുന്ന വരപ്രസാദം. അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്ന പോലെ ഒരുപാട് പെയ്യുമ്പോള്‍ വെള്ളപോക്കമെന്ന ദൂഷ്യം ഉണ്ടെങ്കിലും എല്ലാവരും എല്ലാ വര്‍ഷവും മനസ്സുരുകി പ്രാര്‍ത്ഥിക്കും ഒരു മഴ പെയ്തിരുന്നെങ്കിലെന്ന്!

ഈ വക ചിന്തകളില്‍ അലിഞ്ഞു നടക്കുമ്പോള്‍ ആര്യക്കുട്ടിയുടെ വീടെത്തി. അവിടെ കെട്ടി കിടന്ന വെള്ളത്തില്‍ അവള്‍ ചാടി കളിയ്ക്കാന്‍ നോക്കുമ്പോഴേക്കും അവളുടെ അച്ഛന്‍ ബഹളം വച്ചു: "ആ ചളിയിലോക്കെ കളിയ്ക്കാന്‍ നിക്കണ്ട"...!

വീടിനകത്തേക്ക് മൌനിയായി നടക്കുമ്പോള്‍ അവള്‍ എന്നെ തിരിഞ്ഞു നോക്കി. ആ കണ്ണുകളിലെ കുസൃതിത്തരം എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തി. അപ്പോഴും അവളുടെ കണ്ണിലെ വികൃതിത്തരം പോലെ ഒന്നുമറിയാത്ത മട്ടില്‍ വീടിനു പുറത്ത് മഴ പെയ്തുകൊണ്ടേ ഇരുന്നു.

11.8.12

ഓര്‍മചെപ്പില്‍ ഒരു കുമ്പിള്‍ വെള്ളം


ഓര്‍മ്മകളാണ്
മനുഷ്യനെ ജീവിക്കാനും മരിക്കാനും പ്രേരിപ്പിക്കുന്നത്... ഈശ്വരസഹായം കൊണ്ട് എനിക്ക് ഒരു നല്ല ബാല്യകാലം ആണ് ലഭിച്ചത്. കാര്‍ട്ടൂണ്‍ ചാനലുകളുടെയും ടീവിയുടെയും അതിപ്രസരം ഇല്ലാത്ത മനോഹരമായ ഒരു കുട്ടിക്കാലം!

ചക്കയും മാങ്ങയും വയലും മഴയും നീര്‍ച്ചാലുകളും നിറം പകര്‍ന്ന എന്റെ ചെറുപ്പത്തില്‍ തറവാട്ടിലെ കുളത്തില്‍ നീന്തുന്നത് ഒരു പ്രധാന വിനോദം ആയിരുന്നു. ആണ്‍പെണ്‍ വ്യത്യാസം ഇല്ലാത്ത കുട്ടികാലത്തെ വൈകുന്നേരങ്ങളില്‍ ഞാനും എന്റെ സഹോദരീസഹോദരന്മാരും അടക്കം ഒരു 8-10 പേര്‍ കുളത്തിലേക്ക്‌ എടുത്തു ചാടും.

അമ്മയോ ചെറിയമ്മമാരോ മുത്തശ്ശിയോ വന്നു ചീത്ത പറഞ്ഞാലേ ഞങ്ങള്‍ വെള്ളത്തില്‍ നിന്ന് കയറാറുള്ളൂ
. സൂര്യന്‍ അപ്പോഴേക്കും വിശ്രമത്തില്‍ ആയിക്കാണും. നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന മഴക്കാലത്തെ കുളം ഒരു ലഹരി ആയിരുന്നു. പുതിയ കുഞ്ഞു മല്‍സ്യങ്ങളോട് കിന്നാരം പറഞ്ഞും നീര്‍ക്കോലിയേയും തവളയെയും പേടിച്ചും ഉല്ലസിച്ച നിമിഷങ്ങള്‍ ഇന്ന് ഓര്‍മകളാണ്...

ഇന്ന് തറവാട്ടിലെ കുളങ്ങള്‍ നിശ്ചലമായി കിടക്കുന്നു. ചില വൈകുന്നേരങ്ങളില്‍ എന്റെ ഏറ്റവും ഇളയ അനിയനും അനിയത്തിയും നീന്തിത്തുടിക്കുന്നതൊഴിച്ചാല്‍
അധികനേരവും ഓളങ്ങള്‍ ഇല്ലാതെ അനങ്ങാതെ തപസ്വികളെ പോലെ അവ കാത്തിരിക്കുന്നു, അതോ എന്നെ പോലെ അവയും പഴയ ഓര്‍മകളെ തലോലിക്കുകയാണോ?അറിയില്ല...

നാഗരികതയിലെ തിരക്കില്‍ മഴവെള്ളപാച്ചില്‍ പോലെ നമ്മള്‍ കുളങ്ങളെ സൌകര്യപൂര്‍വ്വം മറക്കുവാനും മറ്റു ചിലപ്പോള്‍ പൊങ്ങച്ചത്തിന് യോജിക്കില്ലെന്ന് സ്വയം പറയാനും തുടങ്ങുമ്പോഴും ജലാശയങ്ങള്‍ നമ്മുടെ പഴമയുടെ ഓര്‍മചെപ്പായി ഒരു കുമ്പിള്‍ വെള്ളവുമായി നമ്മെ കാത്തിരിക്കുന്നു...

10.8.12

എന്തുകൊണ്ടു പറയാതെ ബാക്കി വച്ചു?പലപ്പോഴും നാലുകെട്ടിനുള്ളിലെ വെളിച്ചത്തെയും വരിക്കചക്കയുടെ മധുരത്തെയും അന്യന്റെ ഭാഷയില്‍ വിവരിക്കാന്‍ പാടുപെടുമ്പോള്‍ മനസ്സ് എപ്പോഴും മന്ത്രികാറുണ്ട് സ്വന്തം ഭാഷയില്‍ എഴുതികൂടെ എന്ന്... അങ്ങനെയാണ് ഞാന്‍ ബ്ലോഗില്‍ എഴുതാന്‍ തുടങ്ങുന്നത്... ഇതിനര്‍ത്ഥം എന്റെ ആദ്യത്തെതു മടുത്തു എന്നല്ല... എന്നും ആദ്യതെതിനാകും അധികം മധുരം...
പക്ഷെ ഞാന്‍ ഇതില്‍ എഴുതുന്നത് ആദ്യത്തെ പോലെ ബാക്കി ഉള്ളവര്‍ക്ക് വേണ്ടി അല്ല... പേര് പോലെ ഗ്രാമീണകന്യകയില്‍ ഞാന്‍ പറയാന്‍ ബാക്കി വയ്കുന്നതാണ് ഇവിടെ എന്റെ സ്വന്തം ഭാഷയില്‍ കുറികുന്നത്..
മലയാളത്തില്‍ ഇടമുറിയാതെ എഴുതാന്‍ കഴിയും എന്നത് ഒരിക്കല്‍ എന്റെ സ്വകാര്യ അഹങ്കാരമായിരുന്നു! കഴിവ് ഇന്ന് എവിടെയോ പോയിപോയിരികുന്നു... അഹങ്കാരത്തിന് വേണ്ടി അല്ലെങ്കിലും വീണ്ടും എന്നിലുള്ള മലയാളഭാഷയെ പൊടി തട്ടി എടുക്കാനുള്ള ഒരു എളിയ ശ്രമം ആണ്!