19.10.19

മുംബൈ യാത്ര - 3


(മുംബൈ തെരുവിലെ കാഴ്ച)

'ജയദേവ്... ജയദേവ്', കർണ്ണകഠോരമായ ശബ്ദത്തിൽ ആരോ താഴെയുളള 'ഗളളി'യിൽ ഭജന പാടുന്നതുകേട്ടാണ് ഉണർന്നത്. തലേദിവസം രാത്രി ചുമച്ചും കരഞ്ഞും ഏറെ കഴിഞ്ഞാണ് ഉണ്ണികുട്ടൻ ഉറങ്ങിയത്. അതുകൊണ്ട് സൂര്യനുദിച്ചത് ഞാനറിഞ്ഞില്ല. ആ ഭജനയെന്ന ഭീകരശബ്ദം കേട്ടാണ് രാവിലെയായി എന്ന തിരിച്ചറിവുണ്ടായത്. താഴെയെന്താ സംഭവമെന്ന് റീനേടത്തിയോട് ചോദിച്ചപ്പോൾ പറഞ്ഞു, 'ഏതു ആഘോഷത്തിനും ഭജന തുടങ്ങുക ജയദേവ് എന്നു പാടിയാണ്. ദേവിയുമായി ബന്ധപ്പെട്ടാണെങ്കിൽ ജയദേവിയെന്നാകും.'

രണ്ടാം ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകത പതിനഞ്ചു വർഷത്തിനുശേഷം എന്റെ ഒരു സുഹൃത്തിനെ കാണാൻ പോകുന്നുവെന്നതാണ്. യദുവെന്നാണ് പേര്. സ്‌കൂളിൽ എന്റെ നാടായ നിലമ്പൂരിൽ ഞങ്ങളൊന്നിച്ചു പത്താം ക്ലാസ് വരെ പഠിച്ചതാണ്. അവന് ഒരു ഇരട്ട സഹോദരനുണ്ട്, വിധു. അവനങ്ങ് ഖത്തറിലാണ്. യദു നവിമുംബൈയിലെ കാമോത്തെയിലാണ് താമസം. എന്റെ വിവാഹം കഴിഞ്ഞ് ആറു വർഷമായി. എല്ലാ വർഷവും മുംബൈ യാത്ര സ്വപ്നം കാണുമ്പോൾ ഇവനും വിധുവിനും മെസേജ് അയയ്ക്കാറുണ്ട്, വരാൻ പ്ലാനുണ്ടെന്നു പറഞ്ഞ്. പക്ഷെ അതൊരു പകൽകിനാവായി ആറുവർഷം കൊണ്ടുനടന്നു. ഇത്തവണയും മെസേജ് അയച്ചപ്പോൾ മറുപടി വന്നതിങ്ങനെ, 'മുംബൈക്കു വരാൻ പ്ലാനുണ്ട്. എന്നാ വരാൻ പറ്റുകയെന്നറിയില്ല എന്നു പറയാനല്ലേ ഉദ്ദേശം?'... അല്ല, ടിക്കറ്റ് ബുക്ക് ചെയ്തുവെന്നു പറഞ്ഞപ്പോൾ അവൻ ചെമ്പൂരിലേക്ക് വന്നു കാണാമെന്നു പറഞ്ഞു.

ഒക്ടോബർ രണ്ട് അവധി ദിവസമായതിനാൽ അവനും ഭാര്യയ്ക്കും വരാൻ പ്രയാസമില്ലെന്നും അറിയിച്ചു. ഭാര്യ സ്‌നേഹ ചെമ്പൂരിലെ കോളേജിൽ അധ്യാപികയാണ്. യദുവും സ്‌നേഹയും മകൾ സായുവും വന്നു. ഉണ്ണികുട്ടന് ഒരു ചോക്ലേറ്റും കൈയിൽ പിടിച്ചാണ് സായുവിന്റെ വരവ്. അവൻ അസുഖമായി കിടപ്പാണെന്നു കേട്ടപ്പോൾ അവളുടെ മുഖം വാടി. എന്നാലും കൊണ്ടുവന്ന സാധനം അവനു കൊടുത്തു. ഞാനും യദുവും സ്‌നേഹയും റീനേടത്തിയും ബാക്കിയുളളവരും രണ്ടുമണിക്കൂറോളം കത്തിവെച്ചു. ഇറങ്ങുമ്പോൾ സെൽഫിയെടുക്കാൻ യദുവും ഞാനും ക്യാമറയിൽ നോക്കിയപ്പോഴാണ് വർഷങ്ങളുടെ മാറ്റം മനസിലായത്. അവന്റെ മുടി ഏതാണ്ട് പൂർണമായും കൊഴിഞ്ഞിരിക്കുന്നു. ഞാനും തടി കൂടി. എന്നാലും കുറച്ചുനിമിഷം സ്‌കൂളിലെ പഴയ എട്ടാം ക്ലാസിലെത്തിയപ്പോലെ... പല സ്ഥലങ്ങളിൽ കയറാനുളളതിനാൽ യദു യാത്ര പറഞ്ഞിറങ്ങി. കൂട്ടത്തിൽ ഉണ്ണികുട്ടന് ഒരു സ്‌നേഹസമ്മാനവും.



(യദുവിനൊപ്പം ഒരു സെൽഫി)

ഞങ്ങളും അടുത്ത സ്ഥലത്തേക്ക് പോകാനൊരുങ്ങി. അതൊരു കുടുംബയോഗമാണ്. ബാബാ അറ്റോമിക് റിസേർച്ച് സെന്റർ അഥവാ ബി.എ.ആർ.സി.യിലാണ് പരിപാടി. തിരക്കുപിടിച്ച മഹാനഗരത്തിൽ ശാന്തമായൊരിടം, അതാണ് ബി.എ.ആർ.സി. അവിടുത്തെ ജീവനക്കാർക്കെല്ലാം ക്വാർട്ടേഴ്‌സുണ്ട്. അതിലൊരു കുഞ്ഞു ക്വാർട്ടേഴ്‌സിലാണ് അമ്പതോളം ആളുകൾ ഒത്തുകൂടിയത്. മാങ്കുളം വിഷ്ണുവേട്ടനും സുഷമേടത്തിയുമായിരുന്നു ആതിഥേയർ. ഗൃഹനാഥൻ റിട്ടയറായതിന്റെ പാർട്ടിയാണ്. ഫ്രൈഡ് റൈസ്, ജീരാ റൈസ്, ദാൽ, പനീർ കുറുമ, വെജ് മസാലക്കറി, ബൂന്ദി റായ്ത്ത, ഗുലാബ് ജാം, ഐസ്‌ക്രീം, അച്ചാർ, വെജിറ്റബിൾ സാലഡ് എന്നിവയായിരുന്നു മേശമേൽ നിരത്തിവെച്ചത്. സ്റ്റാർട്ടേഴ്‌സായി ചെന്നു കയറുമ്പോൾ ട്രോപ്പിക്കാന ജ്യൂസും ബാജിയയും കോളിഫ്‌ളവർ ഫ്രൈയും. തയാറാക്കിയതും വിളമ്പി കൊടുക്കുന്നതും മറാഠ സ്വദേശികൾ തന്നെ. ഉണ്ണികുട്ടനെ റീനേടത്തിയുടെ മകൻ അപ്പുവിന്റെയടുത്ത് ഏൽപിച്ചു വന്നതിനാൽ വേഗം തന്നെ വന്നവരെയെല്ലാം കണ്ട് ഭക്ഷണവും കഴിച്ചിറങ്ങി. അച്ഛന്റെ ചിറ്റമ്മ ഇന്ദിരയും കുടുംബവും അവിടെയുണ്ടായിരുന്നു. മകൾ ശ്രുതി എന്നെ നേരത്തെ തന്നെ അവരുടെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചതുമാണ്. തൊട്ടടുത്ത ബ്ലോക്കിലാണത്രെ താമസം. പിന്നൊരിക്കൽ വരാമെന്നു പറഞ്ഞിറങ്ങി. തിരിച്ച് ഫ്‌ളാറ്റിലെത്തിയപ്പോൾ കണ്ടത് ഉത്സാഹവാനായ ഉണ്ണികുട്ടനെയാണ്. പനിക്കുളള മരുന്ന് ഫലിച്ചു. അപ്പുവിന്റെ കൂടെ സൊഹൈൽ എന്ന കൂട്ടുകാരനും ഞങ്ങളുടെ മറ്റൊരു ബന്ധുവായ വേറൊരു അപ്പുവും (അരുൺ വാസുദേവ്)  അവിടെയുണ്ടായിരുന്നു. ഇവരെല്ലാം ഇതേ അപ്പാർട്ട്‌മെന്റിലാണ് താമസം. ഉണ്ണികുട്ടൻ അവരുടെ കൂടെ ഡാൻസൊക്കെ കളിച്ച് ഹാപ്പിയായി ഇരിപ്പാണ്. അതിനേക്കാൾ സമാധാനമായി എനിക്കും വീട്ടുകാർക്കും.

വൈകീട്ട് ഷോപ്പിങ്ങിനും ഭക്ഷണം കഴിക്കാനും പുറത്തുപോകാമെന്നു തീരുമാനിച്ചു. ഉണ്ണികുട്ടനെ അടുത്ത ദിവസം മുതൽ പുറത്തു കൊണ്ടുപോയാൽ മതിയെന്നു അമ്മ പറഞ്ഞു. അമ്മ അവനെ നോക്കാമെന്നും ഞങ്ങളോട് പൊയ്‌കോളാനും പറഞ്ഞു. അങ്ങനെ ഞാനും ശബരിയും റീനേടത്തിയും ശ്രീധരേട്ടനും കൂടെ ചെമ്പൂർ റെയിൽവെ സ്റ്റേഷനടുത്ത് ഷോപ്പിങ്ങിനിറങ്ങി. ഇടുങ്ങിയ നടവഴികൾക്കിടയിൽ തിങ്ങിനിറഞ്ഞ കടകളിൽ പല തരത്തിലും വർണങ്ങളിലുമുളള ഫാൻസി ആഭരണങ്ങൾ, ചെരിപ്പുകൾ, വസ്ത്രങ്ങൾ, ബാഗുകൾ. ഒരു ചായക്കടയ്ക്കു മുമ്പിൽ ഒരു ചായക്കാരന്റെ വലിയ പ്രതിമ. വലിയ ക്യൂ. അമൃത് എന്നാണ് ചായയുടെ പേര്. മുംബൈയിൽ നിരവധി ഔട്ട്‌ലെറ്റുകളിൽ ചായ വിതരണം ചെയ്യുന്നുണ്ട്. അഞ്ചുരൂപയാണ് വില. ഞങ്ങളും വാങ്ങി. ചെറിയൊരു മസാല സ്വാദുണ്ടെങ്കിലും സംഗതി കിടിലൻ. ചായ കുടിച്ചതോടെ നടപ്പിന്റെ ക്ഷീണം പോയി എല്ലാവരും ഉഷാറായി.



(ചായക്കടയുടെ മുമ്പിലെ പ്രതിമ)

ഒരു കടയിൽ നിറയെ സെക്കൻഡ് ഹാൻഡ് ബുക്കുകൾ. പകുതി വിലയിൽ വാങ്ങാം. ഏതു കാലത്തായാലും തിരിച്ചുകൊടുത്താൽ ഏതാണ്ട് വാങ്ങിയ വില തന്നെ കിട്ടും. ഇരുണ്ട വെളിച്ചത്തിൽ പുസ്തകം വിൽക്കുന്ന കടക്കാരൻ നീട്ടി വിളിച്ചു, 'അരേ ബേട്ടി... ഏക് പുസ്തക് ലേ ലോ...' സച്ചിന്റെയും കരൺ ജോഹറുമെല്ലാം വിരാജിച്ചു നടക്കുന്ന നാട്ടിൽ അവരുടെ ആത്മകഥ വാങ്ങണമെന്ന് കരുതിയെങ്കിലും ഇഷ്ടപ്പെട്ട പുസ്തകങ്ങളെല്ലാം കേടുപാടു പറ്റിയവയാണ്. പുതിയതായാലും വായിച്ചതായാലും പോറലേറ്റ പുസ്തകങ്ങൾ ഷെൽഫിൽ സൂക്ഷിക്കാൻ താത്പര്യമില്ല.


(പുസ്തകകട)



(ദബേലി)



(സേവ് പുരി)



(മോമോസ്)

തിരക്കും കച്ചവടവും കാഴ്ചകളും കണ്ടാസ്വദിക്കുന്നതിനിടെ വിശപ്പിന്റെ വിളി വന്നു. സേവ് പുരി, ദബേലി, മൊമോസ് തുടങ്ങിയ പ്ലേറ്റുകളിൽ മുന്നിലെത്തി. ഏറെ കാലത്തിനുശേഷം ഒരു മിറിൻഡയും കുടിച്ചു. കുറച്ചുനേരം സംസാരിച്ചിരുന്ന് ചൂടോടെ മഹാരാഷ്ട്രയുടെ തനതുരുചികളാസ്വദിച്ച് വീണ്ടും നടപ്പു തുടർന്നു.



മുൻഭാഗങ്ങൾ വായിക്കാൻ താഴെയുളള
ലിങ്ക് ക്ലിക്ക് ചെയ്യുക:

11.10.19

മുംബൈ യാത്ര - 2

ഉറക്കംവിട്ട് എഴുന്നേല്‍ക്കുമ്പോഴേക്കും ഉച്ചയോടടുത്തിരുന്നു. എന്റെ മകന്‍ ഉണ്ണികുട്ടന് ചെറിയ രീതിയില്‍ പനി തുടങ്ങിയത് ഞങ്ങളെ ആശങ്കയിലാഴ്ത്തി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നു. മകന്റെ അസുഖം കാഴ്ചകള്‍ കാണാനുളള ആവേശത്തെ തണുപ്പിച്ചു. വെയിലാറിയപ്പോഴേക്കും ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. ഓട്ടോയില്‍ മലയാളി ഡോക്ടറുടെ ക്ലിനിക്കിലെത്തി. അവിടെ ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് 19 രൂപയാണ്. രണ്ടു സിറപ്പ് എഴുതി തന്നു.

ഡോക്ടറെ കണ്ട് പുറത്തിറങ്ങിയപ്പോള്‍ തൊട്ടടുത്ത് ഒരു കഫെ. മനുഷ്യന്‍മാര്‍ക്കല്ല, വളര്‍ത്തുമൃഗങ്ങള്‍ക്കായി. ഓരോ ദിവസത്തെയും സ്‌പെഷല്‍ ഭക്ഷണവും പുറത്തൊരു ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. മൃഗങ്ങളുടെ മേക്കപ്പ്, ഇവന്റ് മാനേജ്‌മെന്റ്, പരിപാലനവസ്തുക്കള്‍ തുടങ്ങിയ പലവക സംഭവങ്ങള്‍ ഈ കഫെയിലുണ്ട്. കടയുടെ മുന്നില്‍ ഒരു കറുത്ത പുളളികളുളള വെളുത്ത പട്ടികുട്ടി കിടപ്പുണ്ട്. ഉണ്ണികുട്ടന് മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പ് തേടി ഞങ്ങള്‍ നടന്നു. ഒടുവില്‍ കേരളത്തിലെ സ്റ്റേഷനറി കട ഓര്‍മപ്പെടുത്തുന്ന ഒരു മെഡിക്കല്‍ ഷോപ്പില്‍നിന്ന് സംഭവം കിട്ടി.


(വളർത്തു മൃഗങ്ങള്‍ക്കായുളള കഫേ)

അടുത്ത് നല്ല വടാ പാവ് കിട്ടുമെന്ന് ഏടത്തിയുടെ മകന്‍ അപ്പു പറഞ്ഞു. കുറച്ചു ദൂരം നടന്നതും ഒരു തട്ടുകടയുടെ മുമ്പില്‍ ആള്‍ക്കൂട്ടം. അതാണ് അപ്പു പറഞ്ഞ സ്ഥലം. അഞ്ചെണ്ണത്തിന് 75 രൂപ. ആ കടയില്‍ വടാ പാവ് മാത്രമേ കിട്ടുളളൂ. ഓരോ ദിവസവും കടയുടമ വീട്ടില്‍ നിന്ന് അഞ്ഞൂറോളം വട പാവ് കൊണ്ടു വരും. തീരുന്നതോടെ കടയടച്ചു പോകും. ഏതാണ്ട് ഒമ്പതുമണി വരെയാണ് അയാളുടെ കച്ചവടം. മലബാറില്‍ വൈകുന്നേരം കഴിക്കുന്ന ചെറുപലഹാരങ്ങളെ എണ്ണക്കടിയെന്നു പറയും. അതുപോലെ മുംബൈയിലെ എണ്ണക്കടിയാണിത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി തളര്‍ന്നവശരായവര്‍ ഈ കടയ്ക്കു മുമ്പില്‍നിന്ന് ചൂടുളള ഒന്നോ രണ്ടോ വടാ പാവ് അകത്താക്കും. ഇതിന്റെ പടം വാട്‌സാപ്പ് സ്റ്റാറ്റസാക്കിയപ്പോള്‍ ഭര്‍ത്താവിന്റെ കസിന്റെ മകള്‍ പ്രിയങ്ക മെസേജ് അയച്ചു ദാദറിനടുത്ത് കീര്‍ത്തി കോളേജിനടുത്തും നല്ല വടാ പാവ് കിട്ടുമെന്ന്. ഡോംബിവ്‌ലിയില്‍ താമസിക്കുന്ന അവള്‍ നാട്ടിലാണെന്നതിനാല്‍ കാണാന്‍ കഴിയാത്തതിന്റെ വിഷമവും പങ്കുവെച്ചു. തിരിച്ച് റീനേടത്തിയുടെ ഫ്‌ളാറ്റിലെത്തി. ചെറിയൊരു ചുറ്റികറങ്ങല്‍ കൊണ്ട് ഉണ്ണികുട്ടന്‍ ഉഷാറായി.

(വടാ പാവ്. പ്രിയങ്ക അയച്ചുതന്ന ചിത്രം)

മുംബൈയുടെ രാത്രി ജീവിതം കാറില്‍ കാണാന്‍ തീരുമാനിച്ചു. കാഴ്ച കാണല്‍, ഭക്ഷണം, ഷോപ്പിങ്... ഇത്രയുമാണ് മുംബൈയില്‍ കാണണമെന്ന് ഞാന്‍ ആഗ്രഹം പറഞ്ഞത്. ആദ്യം പോയത് മറൈന്‍ ഡ്രൈവിലാണ്. പത്തുമണിയായിട്ടും അവിടെ കടല്‍ഭിത്തികളില്‍ ഇണക്കുരുവികളെപ്പോല്‍ യുവതീയുവാക്കളുണ്ടായിരുന്നു. അതിനടുത്താണ് ചൗപ്പാട്ടി ബീച്ച്. സ്ട്രീറ്റ് ഫുഡിനു പേരുകേട്ടയിടം. ഒരുപാട് കുഞ്ഞുകുഞ്ഞു ഭക്ഷണശാലകള്‍. അവിടെയെല്ലാം ഒരേ വിഭവങ്ങള്‍. വരുന്നവരെ വിളിച്ചിരുത്താന്‍ ഓരോ കടയ്ക്കുമുമ്പിലും ആളുകളുണ്ട്. ഏതാണ്ട് പിടിവലി കൂടുന്ന പോലെയാണ് അവര്‍. ഞങ്ങള്‍ ഒരു മേശയ്ക്കുചുറ്റുമിരുന്നു. പാവ് ബാജി, ബേല്‍പൂരി, റഗ്ഡാ പാട്ടിസ് എന്നിവ സ്വാദുനോക്കി.


(പാവ് ബാജി)




(ബേൽ പൂരി)


(റഗ്ഡാ പാട്ടിസ്)


 പിന്നീട് ചൗപ്പാട്ടി ബീച്ചില്‍ ചെറിയൊരു നടത്തം. പുല്‍പ്പായ വാടകയ്ക്ക് കൊടുക്കുന്ന ഒരുപാട് കച്ചവടക്കാരുണ്ടവിടെ. 20 രൂപ കൊടുത്തു അൽപനേരത്തേക്ക് വാങ്ങാനും നിരവധി ആളുകളുണ്ട്. പായ വിരിച്ച് കുടുംബക്കാരും സുഹൃത്തുക്കളും ഇരുന്ന് ആടിയും പാടിയും രാവുകളെ ആഘോഷമാക്കും. റീനേടത്തിയുടെ ഭര്‍ത്താവ് ശ്രീധരേട്ടന്‍ പറഞ്ഞപോലെ, 'ഒഴിഞ്ഞ സ്ഥലങ്ങളില്‍, ഉളള സ്‌പേസില്‍ അവര്‍ വിശ്രമിക്കുന്നു; ആനന്ദം കണ്ടെത്തുന്നു'. മാലിന്യകൂമ്പാരമായിരുന്നു ആ ബീച്ച്. കാപ്പാടും പോണ്ടിച്ചേരിയും കണ്ട് അങ്ങോട്ട് പോകുന്നവര്‍ക്ക്  (വിദേശത്തുളളവരുടെ കാര്യം പറയുകയേ വേണ്ട) നിരാശയാകും ഫലം. ഇപ്പോള്‍ വൃത്തിയാക്കിയതാണെത്രേ. അപ്പോള്‍ പഴയ കോലമെന്താകും!



എന്തായാലും അവിടുത്തെ പൊടി ഉണ്ണികുട്ടന്റെ ചുമ കൂട്ടി. അവന്റെ അവശത കണ്ടപ്പോള്‍ കാറില്‍ തിരിച്ചുപോകാന്‍ തീരുമാനിച്ചു. വഴിയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ, ഹോട്ടല്‍ താജ് മഹല്‍, ആനി ബസന്റ് ഹാള്‍, സി.എസ്.ടി. റെയില്‍വേ സ്റ്റേഷന്‍, മുംബൈ പോസ്റ്റ് ഓഫീസ്, പ്രിന്‍സ് ഓഫ് വെയ്ല്‍സ് മ്യൂസിയം, ആര്‍ട്ട് ഗാലറി, ഹൈക്കോടതി തുടങ്ങിയവയെല്ലാം കാറിലിരുന്ന് കണ്ടു. മകന്റെ അസുഖത്തില്‍ ആധി പിടിച്ചിരിക്കുന്ന അമ്മയുടെ മനസ്സും കാഴ്ചകള്‍ കാണാന്‍ വെമ്പുന്ന യാത്രക്കാരിയുടെ കൊതിയും ഒരേ നിമിഷം ഞാനനുഭവിച്ചു. അടുത്ത ദിനം ഉണ്ണികുട്ടനു സുഖമാകുമെന്ന പ്രതീക്ഷയില്‍ ഉറങ്ങാന്‍ കിടന്നപ്പോഴും പുറത്ത് റോഡില്‍ വാഹനങ്ങളൊഴുകി കൊണ്ടേയിരുന്നു.


ആദ്യ ഭാഗം വായിക്കാം 


9.10.19

മുംബൈ യാത്ര - 1



(ചിത്രം: റീനേടത്തിയുടെ ഫ്ലാറ്റിലെ ജനലിലൂടെയുളള കാഴ്ച)

ആ യാത്ര ഒരു കടം വീട്ടലായിരുന്നു. എന്റെ വിവാഹം കഴിഞ്ഞ് ആറു വർഷമായിട്ടും ഭർതൃസഹോദരിയെ സന്ദർശിക്കാൻ സമയം കിട്ടിയിട്ടില്ലെന്ന സ്‌നേഹപൂർണമായ പരിഭവം അവസാനിപ്പിക്കാനുളള ഒരു കൊച്ചു അവധിക്കാലം. എന്റെയും മകന്റെയും കന്നി വിമാനയാത്ര. ടിക്കറ്റ് നിരക്കും യാത്രാ സമയവും കുറവുളള വിമാനത്താവളത്തിനായുളള തിരച്ചിലാണ് കണ്ണൂരിൽ അവസാനിച്ചത്. സെപ്റ്റംബർ മുപ്പതിന് പെരുമഴ പെയ്യുന്നൊരു രാത്രിയിലാണ് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. കാറിൽ ഞാനും മകനും ഭർത്താവും അദ്ദേഹത്തിന്റെ അമ്മയും. എന്റെ അമ്മയുടെ നാടാണ് കണ്ണൂരെങ്കിലും പലപ്പോഴും എനിക്ക് വഴി തെറ്റും. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ മട്ടന്നൂരിൽ അമ്മയുടെ കസിന്റെ വീട്ടിലെത്തി. അവരുടെ ഡ്രൈവർ ഞങ്ങളെ എയർപോട്ടിലെത്തിച്ചു. ഒക്ടോബർ ഒന്നിന് പുലർച്ചെ മൂന്നിനാണ് വിമാനം പുറപ്പെടുക. ആദ്യം വിമാനത്താവളത്തിലേക്കുളള ചെക്കിങും പിന്നെ ടിക്കറ്റ് വാങ്ങലും ശാരീരിക പരിശോധനകളും മറ്റു നടപടി ക്രമങ്ങളും പൂർത്തിയാക്കി. ഗവിയിലേക്കുളള കെ.എസ്.ആർ.ടി.സി. ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെപ്പോലെ വല്ലപ്പോഴും വരുന്ന വിമാനങ്ങൾക്കായി ഉണരുകയും പിന്നീട് ആളനക്കമില്ലാതാകുകയും ചെയ്യുന്ന എയർപോട്ടാണ് കണ്ണൂരിലേത്.

പേടിപ്പിക്കും ടേക്ക് ഓഫും ലാൻഡിങ്ങുമെന്ന് പല വഴിക്ക് കേട്ടെങ്കിലും സംഭവം എന്നെ പരിഭ്രമിപ്പിച്ചില്ല. ഇരുട്ടായതിനാൽ സൈഡ് സീറ്റ് കിട്ടിയിട്ടും കാര്യമുണ്ടായില്ല. മുംബൈ സി.എസ്.ടി വിമാനത്താവളത്തിൽ ഏടത്തിയുടെ മകൻ അപ്പു കാറുമായി വന്നു. പത്രത്തിൽ മുംബൈ വാർത്തകൾ കൈകാര്യം ചെയ്തതിനാൽ അവിടുത്തെ പ്രാദേശിക പേരുകളും സവിശേഷതകളും കുറേയൊക്കെ സുപരിചിതമായിരുന്നു. അതെല്ലാം നേരിട്ടു കാണുന്നതിന്റെ ഉത്സാഹം എന്റെ മുഖത്ത് പ്രകടമായിരുന്നു.

വിമാനത്താവളത്തിൽനിന്ന് പുറത്തു കടന്നത് ഏകദേശം അഞ്ചരയ്ക്കാണ്. ചെമ്പൂരിലുളള ഏടത്തിയുടെ ഫ്‌ളാറ്റിലേക്ക് ഏകദേശം പത്തു കിലോമീറ്ററിനടുത്തുണ്ട്. അവിടെയെത്തി ആറാം നിലയിലിറങ്ങിയപ്പോൾ ജനാലയിലൂടെ സൂര്യരശ്മികൾ ഞങ്ങൾക്ക് സ്വാഗതമോതി. യാത്രാക്ഷീണവും ഉറക്കവും തളർത്തിയ ഞങ്ങൾ ഉറങ്ങി ഉച്ചയ്ക്കുശേഷം കാഴ്ചകൾ കാണാൻ തീരുമാനിച്ചു.


തുടരും...