18.6.16

ഒഴുകിയകലുന്നു നാം...അപൂര്‍വം നല്ല പെണ്‍സൗഹൃദങ്ങളെ എനിക്കുളളൂ. പല പെണ്‍കൂട്ടായ്‌മകളിലും എനിക്ക്‌ മടുപ്പ്‌ തോന്നും. വളയോടും കമ്മലിനോടും അല്‍പം ഭ്രമമുണ്ടെന്നല്ലാതെ മറ്റു സ്‌ത്രീകള്‍ ഇഷ്ടപ്പെടുന്ന വസ്‌തുക്കളിലൊന്നും വലിയ താത്‌പര്യമില്ല, സ്വര്‍ണ്ണം പ്രത്യേകിച്ചും. ലിപ്‌സ്റ്റിക്കിന്റെ ഷെയ്‌ഡുകളോ ഐ ഷാഡോവിന്റെ ബ്രാന്‍ഡുകളോ ചോദിച്ചാല്‍ പറയാനറിയില്ല. സ്വര്‍ണ്ണമാലകളിലെ വകഭേദങ്ങളെക്കുറിച്ച്‌ അജ്ഞയാണ്‌.

എന്നെ അറിഞ്ഞു സ്‌നേഹിക്കാന്‍ സ്‌ത്രീസുഹൃത്തുക്കളുണ്ടായില്ല പല ഘട്ടത്തിലും. പത്താം ക്ലാസ്‌ വരെ അയല്‍ക്കാരി രമ്യയുണ്ടായിരുന്നു. ഇന്നലെയാണ്‌ അവളുടെ വാട്‌സാപ്പ്‌ നമ്പര്‍ കിട്ടിയത്‌. ദുബായില്‍ ഭര്‍ത്താവിനോടും കുട്ടിയോടുമൊപ്പം ഉദ്യോഗസ്ഥജീവിതവുമായി കഴിയുന്നു. അന്നു വീട്‌ മാറിയപ്പോള്‍ മുറിഞ്ഞ സൗഹൃദമാണ്‌. പിന്നെ ഡിഗ്രിയ്‌ക്ക്‌ പഠിക്കുമ്പോള്‍ സുലു, ഷെറു എന്നു ഞാന്‍ വിളിക്കുന്ന ഇരട്ടകളും ദീപ്‌തിയും ശീതളും. അന്യമതസ്ഥരുമായുളള ചങ്ങാത്തം ഇരട്ടകളിലൊരാളുടെ ഭര്‍ത്താവ്‌ വിലക്കി. എന്നാലും വല്ലപ്പോഴുമുളള വിളി. പിന്നീട്‌ എംഎയ്‌ക്ക്‌ ചേര്‍ന്നപ്പോള്‍ സീനിയറായ അശ്വതി ചേച്ചിയായിരുന്നു കൂട്ട്‌. അനിയത്തിയെന്ന്‌ വിളിച്ച്‌ ശ്വാസം മുട്ടിച്ച്‌ സ്‌നേഹിച്ചു. ഞാന്‍ വിവാഹിതയാകുന്നുവെന്ന്‌ കേട്ടപ്പോള്‍ കരഞ്ഞു. അതിനുശേഷം വിളിയില്ല. ഇപ്പോള്‍ ഞാന്‍ കുറിക്കുന്ന വാക്കുകള്‍ മാത്രം വായിച്ച്‌ സ്‌നേഹാന്വേഷണം മൊബൈലില്‍ രണ്ടു വരിയില്‍ അയയ്‌ക്കുന്നു.

ആദ്യത്തെ ജോലി കിട്ടിയപ്പോള്‍ അയിഷ കൂട്ടായി. ബാംഗ്ലൂര്‍ക്കാരി. കേരളത്തിന്റെ മരുമകള്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ മെസേജുകളിലൂടെ മാത്രമുളള ബന്ധമായി അതും. അപ്പോഴും ഇപ്പോഴും ആണ്‍സുഹൃത്തുക്കള്‍ ധാരാളമുണ്ട്‌.

ഒടുവില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ഇടത്തും കിട്ടി ഒരു ചേച്ചിയേ! മൂന്നു വര്‍ഷം അടുത്തടുത്തിരുന്നു. ദിവസവും ആറു മണിക്കൂറിലധികം ഒരുമിച്ച്‌ ചെലവഴിച്ചു. ഒരേ കാറില്‍ മടക്കം. ഒരുമിച്ച്‌ ഭക്ഷണം. വിവാഹിതയാകണമെന്ന്‌ വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നിരുന്നു. ചേച്ചിയാണ്‌ സഹായിച്ചത്‌. എഴുതുന്നതും തിരുത്തുന്നതും എല്ലാം ചേച്ചിയോട്‌ ചോദിച്ച്‌. ഏറ്റവും സ്വകാര്യമായ രഹസ്യങ്ങള്‍ വരെ പങ്കുവെച്ചു. ഇപ്പോള്‍ തുറന്നു പറയുന്നു, ഒരു വല്ലാത്ത പൊസസീവ്‌നെസ്‌ തോന്നിയിരുന്നു. കഴിഞ്ഞ ജന്‍മത്തില്‍ എന്റെ കൂടെപ്പിറപ്പോ മറ്റോ ആയിരിക്കും. ചേച്ചിയുടെ ഓഫിന്റെ അന്ന്‌ എനിക്ക്‌ വല്ലാത്ത ശൂന്യത തോന്നും. എന്നെ ഉപദേശിക്കാനും വഴക്ക്‌ പറയാനും ചേച്ചിക്ക്‌ അധികാരം ഉണ്ടായിരുന്നു. ഭര്‍ത്താവ്‌ പോലും തമാശയ്‌ക്ക്‌ പറയും, 'ങും! ചേച്ചി പറഞ്ഞാല്‍ നിനക്ക്‌ ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ...'

സ്ഥലം മാറി ചേച്ചിയും പോവുകയാണ്‌. ഒരുപാട്‌ ശ്രമിച്ചെങ്കിലും കരയാതിരിക്കാനായില്ല. കരഞ്ഞിട്ടും കരഞ്ഞിട്ടും തേങ്ങലടക്കാനായില്ല. വെറും മൂന്ന്‌ വര്‍ഷത്തെ പരിചയത്തിന്‌ ഇത്രയൊക്കെ വേണോ എന്ന്‌ ഞാന്‍ സ്വയം ചോദിക്കുന്നു. മനസ്സ്‌ അറിയാതെ പിടയും.

ലോകം ചെറുതാണെന്നും ഒരു മൊബൈല്‍ ക്ലിക്കിന്റെ നീളമെയുളളൂവെന്നും അറിയാം. ആ കസേരയില്‍ പുതിയ ആള്‍ വരും. പക്ഷെ ചേച്ചി എന്നില്‍ അവശേഷിപ്പിക്കുന്ന ശൂന്യത എനിക്ക്‌ വാക്കുകളാല്‍ വര്‍ണ്ണിക്കാന്‍ കഴിയുന്നില്ല. ഒരു വലിയ ജനക്കൂട്ടത്തില്‍ നിന്ന്‌ ഒടുവിലെത്തിയ ബിന്ദുവിലേക്കുളള നീളം എനിക്ക്‌ വളരെ വലുതാണ്‌.