31.12.14

ജാലകത്തിലൂടെ ഞാന്‍ കണ്ട രാത്രികള്‍- 3

ഒന്നിന്റെയും രണ്ടാം ഭാഗത്തിന്റെയും തുടര്‍ച്ച

പഠിപ്പു കഴിഞ്ഞു. ജോലിക്കായുളള തിരച്ചില്‍. രാത്രികള്‍ കമ്പ്യൂട്ടറിനു മുമ്പിലായി. ആര്‍ക്കെങ്കിലും ആളെ വേണോ എന്ന അന്വേഷണം. ഒടുവില്‍ കോഴിക്കോട്‌ കിട്ടി. കമ്പനികളുടെ ഉത്‌പന്നങ്ങളെക്കുറിച്ച്‌ എഴുതി കൊടുക്കലാണ്‌ പണി. രാവിലെ തുടങ്ങി സന്ധ്യ വരെ നീളുന്ന പണി. കോഴിക്കോട്‌ സ്‌ത്രീകളുടെ രാത്രിക്കു നീളം കൂടുതലുണ്ട്‌. എന്റെ ഗ്രാമത്തില്‍ ആറു മണിക്കു വീട്ടില്‍ കയറണമെങ്കില്‍ ഇവിടെ അന്തിയാകുന്നത്‌ ഒമ്പതു മണിക്കു ശേഷമാണ്‌. സഹപ്രവര്‍ത്തകരെല്ലാം സമപ്രായക്കാരായതു കൊണ്ട്‌ ഏതാണ്ട്‌ ഒരു കോളേജ്‌ ജീവിതം പോലെയാണ്‌.

ആ കാലത്താണു കോഴിക്കോടന്‍ രാത്രികളെന്നു എഴുത്തുകാരെഴുതിയ പ്രതിഭാസം ഞാന്‍ അടുത്തറിയുന്നത്‌. ചെറിയ വെളിച്ചത്തില്‍ തിളങ്ങുന്ന മാനാഞ്ചിറയിലെ വെളളവും, പകലു മുഴുവന്‍ പുല്‍കിയിട്ടും മതിയാകാത്ത കടലും കരയും, മുഹമ്മദ്‌ റാഫിയുടെ പാട്ടുകള്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ പാടുന്ന ഗായകരും, തട്ടുകടയിലെ ദോശയും, പിന്നീടു വന്ന മാളുകളിലെ വായ്‌നോക്കികളും, പുസ്‌തകത്തെ സ്‌നേഹിച്ചു അടയ്‌ക്കുന്നതു വരെ വായനശാലകളില്‍ അടയിരിക്കുന്ന ബുദ്ധിജീവികളും, ഇടുങ്ങിയ തെരുവിനുളളിലെ വിശാലമായ ലോകവുമായി ആളുകളെ കാത്തിരിക്കുന്ന മിഠായിത്തെരുവും, മധുരപാനീയങ്ങളുടെ കലവറയായ കലന്തന്‍ കൂള്‍ബാറും പുതുമയുളള കാഴ്‌ചകളായി. സസ്യബുക്കായതു കൊണ്ട്‌ രുചിക്കാന്‍ താത്‌പര്യമില്ലെങ്കിലും കോഴിക്കോടിന്റെ മറ്റു ചില കാഴ്‌ചകളായി കല്ലുമ്മക്കായ സ്‌പെഷലുകളും റഹ്മത്തിലെ ബിരിയാണിയും പാരഗണിലെ ഇറച്ചിക്കറികളും സുഹൃത്തുക്കള്‍ രാത്രിയിരുന്നു തട്ടുന്നതു കണ്ടിട്ടുണ്ട്‌.




കാലിനു പരിക്കേറ്റു ജോലിയുപേക്ഷിച്ചു വീണ്ടും നാട്ടിലേക്കു മടങ്ങി. രണ്ടു വര്‍ഷത്തോളം അതേയിരിപ്പ്‌. അന്നത്തെ രാത്രികളെയാണ്‌ ഞാന്‍ ഏറ്റവുമധികം വെറുത്തത്‌. ലോകത്തെ കാഴ്‌ചകള്‍ കാണാനും ആളുകളോട്‌ സംസാരിക്കാനും ലാപ്പ്‌ടോപ്പ്‌ ആയി കൂട്ട്‌. സോഷ്യല്‍ മീഡിയ, വ്യക്തമായി പറഞ്ഞാല്‍ ബ്ലോഗും ഫേസ്‌ബുക്കും ഇല്ലെങ്കില്‍ ഞാന്‍ ഒരു ഭ്രാന്തിയായേനെ. അവിടെ എന്നെ സാന്ത്വനിപ്പിക്കാന്‍ ഫേസ്‌ബുക്ക്‌ കൂട്ടായ്‌മകളുണ്ടായിരുന്നു. മലബാറീസ്‌ എന്ന ഗ്രൂപ്പിന്റെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തി. ഒരു രാത്രിയില്‍ ആ കൂട്ടായ്‌മയില്‍ ഒരു ലക്ഷം അംഗങ്ങളായി. ആ നിമിഷം മറക്കാന്‍ കഴിയില്ലായിരുന്നു. അതു പോലെ മറ്റൊന്നാണ്‌ മലയാളം ബ്ലോഗേഴ്‌സ്‌. എന്നെക്കാള്‍ അവശരായ പലരും അവിടെ മികച്ച എഴുത്തുകാരായി അവര്‍ ഭാവനയില്‍ കണ്ട ലോകത്തെക്കുറിച്ചെഴുതി കഴിയുന്നുവെന്നതു എന്നെ അത്ഭുതപ്പെടുത്തി. അല്‍പം ആരോഗ്യമൊക്കെ വന്നപ്പോള്‍ തുഞ്ചന്‍പറമ്പില്‍ ഇവര്‍ നടത്തിയ സംഗമത്തില്‍ പങ്കുകൊളളാനും പലരെയും പരിചയപ്പെടാനും സാധിച്ചു.

ഒരു കാലത്തു ഞാന്‍ സൗഹൃദങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യുമായിരുന്നു. അതു കൊണ്ടു തന്നെ ഓരോന്നു തകരുന്നതും മനസ്സിനെ വേദനിപ്പിച്ചു. എന്റെ ലോകമായിരുന്ന പലരും ഈ കാലഘട്ടത്തില്‍ എന്നില്‍ നിന്നും അകന്നു പോയി. ഫോണ്‍ എടുക്കില്ലെന്നുറപ്പായാല്‍ എസ്‌.എം.എസ്‌ അയച്ച്‌ വീണ്ടും കൂട്ടാവണമെന്നു കെഞ്ചിയിട്ടുണ്ട്‌. ഇതെല്ലാം രാത്രിയിലാണ്‌. കരയുന്നതു ആരും കാണുകയോ വിതുമ്പുന്നതു കേള്‍ക്കുകയോ ഇല്ലെന്ന ഉറപ്പാണ്‌ ഇരുട്ടില്‍ ആശയവിനിമയം നടത്താന്‍ പ്രേരിപ്പിച്ചത്‌. വളരെ ക്രൂരമായി പ്രതികരിച്ചപ്പോഴും ശുഭപ്രതീക്ഷ കൈവിട്ടില്ല. പക്ഷെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എന്റെ മനസ്സു ഏറ്റവും നന്നായി വായിച്ചറിഞ്ഞ ഒരു ഏട്ടനും സുഹൃത്തും തളളിപ്പറഞ്ഞപ്പോള്‍ പല രാത്രികളിലും ജീവന്‍ വെടിഞ്ഞാലോ എന്നു പോലും ആലോചിച്ചിട്ടുണ്ട്‌. ഒരുപാടു പേരുടെ നടുവില്‍ ഏകയായി കഴിയേണ്ട അവസ്ഥ ഒറ്റയ്‌ക്കു കഴിയുന്നതിനേക്കാള്‍ ഭീകരമാണ്‌. മുഖത്തു അതിന്റെ നേരിയ അടയാളങ്ങള്‍ പോലും ബാക്കി വെക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഇന്നു ഈ പോസ്‌റ്റ്‌ വായിക്കുമ്പോഴാകും ഏറ്റവുമടുത്ത ബന്ധുക്കള്‍ പോലും എന്റെ ഭൂതകാലമറിയുന്നത്‌. ഇപ്പോള്‍ ഞാന്‍ മാറി. ഒരു സുഹൃത്തു പോയാല്‍ മറ്റൊന്ന്‌... എന്നിരുന്നാലും ഇടയ്‌ക്ക്‌ ആ പഴയതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു നീറ്റല്‍.

ആരോഗ്യം ശരിയായപ്പോള്‍ ജോലിക്കു ശ്രമിച്ചു തുടങ്ങി. ഒരു ബന്ധുവിനായി വീട്ടിലിരുന്ന്‌ എഴുതികൊടുക്കാറുണ്ടായിരുന്നു അന്നും. വീട്ടില്‍ വിവാഹത്തിനായുളള നിര്‍ബന്ധവും തൊഴിലില്ലാത്തതിന്റെ മാനസികവിഷമവും എന്നെ തളര്‍ത്തി. പരീക്ഷകളെഴുതി മടുത്തു. ഇരക്കാത്ത ചാനലുകളോ പത്രങ്ങളോയില്ല. അവസാനം മാതൃഭൂമിയില്‍ നിന്നും വിളി വന്നു. വീണ്ടും കോഴിക്കോടേക്ക്‌. ഡസ്‌കിലാണ്‌ ഇപ്പോള്‍. വരുന്ന വാര്‍ത്തകള്‍ ശരിയാക്കി പേജില്‍ വെയ്‌ക്കുന്നതാണു പണി. രാത്രിയാണ്‌ ജോലി സമയം. സന്ധ്യയ്‌ക്കു പോയാല്‍ 12 മണിക്കു മടക്കം. പുറത്തു മഴയാണോ മഞ്ഞാണോ ഒന്നും അറിയാറില്ല. ഇതിനിടയില്‍ കല്യാണം. പുതിയ വേരുകള്‍ ഭാരതപ്പുഴയുടെ നാടായ പട്ടാമ്പിയില്‍. എന്നെ ഞാനായി അംഗീകരിച്ച വീട്ടുകാര്‍. വിവാഹത്തിനു മുന്‍പ്‌ ഞാന്‍ ആരായിരുന്നുവോ അതു തന്നെയാണ്‌ ഇപ്പോഴും.

മാതൃഭൂമി കോഴിക്കോട്‌ ഹെഡ്‌ഓഫീസിലെ എഡിറ്റോറിയലിലെ ഏറ്റവും പ്രായം കുറഞ്ഞ ആളായതു കൊണ്ട്‌ എല്ലാവരുടെയും അനിയത്തിയായി കഴിയുന്നു. ഒരിക്കലും ജോലിയില്‍ മടുപ്പു തോന്നിയിട്ടില്ല. വൈകീട്ട്‌ ബ്ലോക്കിനിടയിലൂടെ പോയാലും രാത്രി വിജനമായ തെരുവുകളിലൂടെ കമ്പനി കാറില്‍ മടക്കം. ഇപ്പോള്‍ രാത്രികള്‍ എനിക്കു അന്യമല്ല. ഒറ്റയ്‌ക്കിറങ്ങി നടക്കുന്നത്‌ സ്വപ്‌നമായാല്‍ പോലും കാറിന്റെ ഒരു ചില്ലിനപ്പുറം എനിക്കു കാണാം രാവിന്റെ മനോഹാരിത, വിജനത, ചിലപ്പോഴെങ്കിലും ഭീകരത. മഞ്ഞും മഴയും ഭൂമിയിലലിഞ്ഞു ഓരോ രാത്രിയും പുലരുന്നു.

ഒരു രാത്രി കഴിഞ്ഞാല്‍ പുതുവത്സരം... ചിങ്ങം ഒന്നും മേടം ഒന്നുമെല്ലാം പുതിയതെന്നു പറയുന്നു. ഭേദം ഓരോ രാത്രിയും പുതുയുഗത്തിലേക്കു നയിക്കുന്നെന്നു വിശ്വസിക്കലാണ്‌. എല്ലാവരെയും പോലെ ഞാനും പറയാം പുതുവര്‍ഷപുലരി ആശംസകള്‍!

(അവസാനിച്ചു.. ബ്ലോഗില്‍ അമ്പതു പോസ്‌റ്റും തികച്ചു...!) 

25.11.14

ജാലകത്തിലൂടെ ഞാന്‍ കണ്ട രാത്രികള്‍- 2

ആദ്യ ഭാഗം വായിക്കണോ? എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യു

വയസ്സു കൂടുംതോറും രാത്രിക്ക്‌ ഇരുട്ടും കൂടി. ശാലീനസുന്ദരഗ്രാമമായ വണ്ടൂരില്‍ സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ ഗേറ്റിനു പുറത്തു കടക്കാന്‍ കഴിയാതായി. അന്നൊക്കെ ഋതുമതിയായാല്‍ മാത്രമേ രാത്രിയേയും ആണിന്റെ കണ്ണുകളേയും പേടിക്കേണ്ടതായുളളൂ. ആ രീതിയില്‍ ഞാന്‍ ഭാഗ്യവതിയാണ്‌. ഏതാനും വര്‍ഷങ്ങളായി പെണ്ണായി പിറന്ന നാളു മുതല്‍ പീഡനങ്ങള്‍ക്ക്‌ ഇരയായേക്കാമെന്ന അവസ്ഥയാണ്‌. നിര്‍ത്തിയിടത്തു തുടങ്ങാം. സ്‌ക്കൂള്‍ കാലം കഴിഞ്ഞു. ഞാന്‍ കോളേജില്‍ ചേര്‍ന്നു ഡിഗ്രിക്ക്‌. ഉണ്ണിക്കണ്ണന്റെ നാടായ ഗുരുവായൂരില്‍.

അച്ഛന്റെ അനുജത്തിയുടെ (അച്ചോളുടെ) വീട്ടില്‍ നിന്നാണ്‌ പഠിച്ചത്‌. അവിടെ പെണ്‍കിടാങ്ങള്‍ കുറവായതിനാല്‍ ആ തറവാട്ടിലെ എല്ലാവര്‍ക്കും എന്നെ കാര്യമാണ്‌. ഞാന്‍ അവിടെയ്‌ക്കെത്തുമ്പോള്‍ ഒരുപാടു അംഗങ്ങളുണ്ട്‌. അച്ചോളുടെ ഭര്‍തൃസഹോദരനും കുടുംബവും ഭര്‍തൃമാതാവും അവരെ നോക്കാനായി രണ്ടു പേരും പിന്നെ ഉണ്ണിയമ്മാവന്‍ എന്നു വിളിക്കുന്ന അച്ചോളുടെ ഭര്‍ത്താവും മകനുമടങ്ങിയ വലിയ കുടുംബം. സന്ധ്യയ്‌ക്ക്‌ കുളത്തില്‍ പോയി കുളിച്ച്‌ ദീപാരാധനയാകുമ്പോഴേക്കും അടുത്തുളള ഗ്രാമക്ഷേത്രത്തില്‍ പോകും. വയലുകള്‍ക്കു നടുവിലായി ഒരു ഭഗവതിയുടെ അമ്പലം. അതു കഴിഞ്ഞ്‌ പഠിപ്പ്‌ അല്ലെങ്കില്‍ വായന. ഫങ്‌ഷണല്‍ ഇംഗ്ലീഷ്‌ എടുത്തതു കൊണ്ട്‌ മിക്കപ്പോഴും ഓക്‌സ്‌ഫോഡ്‌ നിഘണ്ടുവാണ്‌ എന്റെ പ്രധാന 'പണിയായുധം'. രാത്രികളില്‍ വരാന്തയിലിരുന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യമുണ്ടായതു വായിച്ചു പഠിക്കാന്‍ വിഫലശ്രമം നടത്തുമ്പോള്‍ പുറത്ത്‌ മയിലുകളുടെ കരച്ചില്‍ കേള്‍ക്കാം. ഭൂമിയെ കുലുക്കിയുളള വെടിക്കെട്ടുണ്ടാകും കിലോമീറ്ററുകള്‍ക്കകലെയുളള പളളികളിലോ ക്ഷേത്രങ്ങളിലോ! 



ഭഗവതിയുടെ അമ്പലത്തില്‍ കഴകത്തിനു നില്‍ക്കുന്ന ദാക്ഷായണിയെന്ന സ്‌ത്രീ ആ വീട്ടിലായിരുന്നു താമസം. അവിടുത്തെ മുത്തശ്ശിയെ നോക്കലും അത്യാവശ്യം പുറംപണിയും ചെയ്യുമായിരുന്നു. മകനും ഭാര്യയ്‌ക്കും കൊച്ചുമകള്‍ക്കും വേണ്ടിയായിരുന്നു ഈ അധ്വാനം. മരുമകളും മകനും തീരെ ഉത്തരവാദിത്വമില്ലാതെ നടക്കുന്നതാണ്‌ അവരെ എഴുപതു പിന്നിട്ടിട്ടും തൊഴിലെടുപ്പിക്കുന്നത്‌. രാവിലെയും വൈകീട്ടും അമ്പലത്തില്‍ പണിക്കു പോകും. അയല്‍വീടുകളിലെല്ലാം സന്ദര്‍ശിച്ച്‌ രാത്രി 'ഹാവൂ, നിക്കൊന്നിനും വയ്യന്റെ മോളേ' എന്നും പറഞ്ഞു കയറി വരും. നാട്ടിലെ മുഴുവന്‍ കഥകളും അവര്‍ രാത്രികളില്‍ അച്ചോളോടു പറയും. ഞാന്‍ അവിടുന്നു മടങ്ങിയ വര്‍ഷം ദാക്ഷായണിയെ മകന്‍ കൊണ്ടു പോയി. മഞ്ഞുകാലത്ത്‌ വാസലിന്‍ വാങ്ങി പുരട്ടുന്ന, നാരങ്ങമിഠായി വാങ്ങി കാണുന്ന കുട്ടികള്‍ക്കൊക്കെ നല്‍കുന്ന അവര്‍ ഇന്നെവിടെയാണെന്ന്‌ ആര്‍ക്കുമറിയില്ല. ഇപ്പോഴും അവിടെ പോകുമ്പോള്‍ രാത്രികളില്‍ ധാരാളം കഥകളുമായി ദാക്ഷായണി കയറി വരുന്ന പോലെ തോന്നിയിട്ടുണ്ട്‌.


അച്ചോളുടെ ഭര്‍തൃമാതാവ്‌ ശയ്യാവലംബിയായി കിടക്കുകയായിരുന്നു. ഞാന്‍ ചെന്ന്‌ ഒന്നര വര്‍ഷം അവരുടെ കിടപ്പു കണ്ടും കരച്ചില്‍ കേട്ടുമാണ്‌ ഉണരുന്നതും ഉറങ്ങുന്നതും. ഒടുവില്‍ രാത്രിയാകാന്‍ കാത്തു നില്‍ക്കാതെ ആരോടും യാത്ര പറയാതെ ഒരു ദിവസം അവര്‍ ലോകത്തോടു വിട പറഞ്ഞു. അവിടത്തെ ഓര്‍മകളില്‍ നിറമേറിയത്‌ ഭഗവതിയുടെ അമ്പലത്തിലെ താലപ്പൊലിയാണ്‌. രാത്രിയാകുമ്പോള്‍ വെളിച്ചപ്പാടു വന്നു ആ ഇല്ലത്തെ ശിവപ്രതിഷ്‌ഠയ്‌ക്കു മുമ്പില്‍ വണങ്ങി മുല്ലത്തറയില്‍ ഉറഞ്ഞു തുളളും. അപ്പോള്‍ സമയം മൂന്നു മണി. ഒരിക്കല്‍ ഋതുമതിയായി 'ദൈവത്തിനു മുന്‍പില്‍ നില്‍ക്കാന്‍ പാടില്ലാത്ത സമയത്ത്‌' അടച്ചിട്ട മുറിയില്‍ കിടന്ന എന്നെ ഉറക്കമുണര്‍ത്തിയത്‌ ചിലമ്പിന്റെ ശബ്ദമാണ്‌. ആ ധ്വനി കേട്ട്‌ പട്ടിന്റെയും കുത്തുവിളക്കിന്റെയും പ്രകാശം മനസ്സില്‍ സങ്കല്‍പിച്ച്‌ ഞാന്‍ കിടന്നു. അവിടുന്നു പോന്നതിനു ശേഷവും താലപ്പൊലിക്കു ഞാന്‍ കൃത്യമായി എത്താറുണ്ട്‌.





ഡിഗ്രിക്കാലത്ത്‌ എനിക്കൊരു ഏട്ടനെ കിട്ടി. അച്ചോളുടെ ഭര്‍തൃസഹോദരന്റെ മകന്‍. എന്റെ എല്ലാ സന്ദേഹങ്ങള്‍ക്കും ഒരു ജേഷ്‌ഠന്റെ സ്ഥാനത്തു നിന്ന്‌, അല്ല ഏട്ടനായി ഉപദേശങ്ങള്‍ തന്നു. എന്റെ വിവാഹത്തിനു അവധി കിട്ടാത്തതിനാല്‍ വാരാന്ത്യ ഒഴിവിനു വീട്ടിലെത്തി. അന്നു രാത്രിയും നല്ല വാക്കുകള്‍ പറഞ്ഞ്‌ പുതിയ ജീവിതത്തിലേക്ക്‌ എല്ലാ ആശംസകളും നേര്‍ന്ന്‌ തിങ്കളാഴ്‌ച ഓഫീസിലെത്താന്‍ തക്കവിധത്തില്‍ ബസ്‌ കയറി. രക്തബന്ധത്തിലുളളവരെക്കാള്‍ ചിലപ്പോള്‍ നമ്മളെ സഹായിക്കുവാന്‍ തയ്യാറാകുന്നത്‌ ഇങ്ങനെ ചിലരാണ്‌.


ഗുരുവായൂരിനോട്‌ വിട പറഞ്ഞ്‌ എത്തിയത്‌ കോയമ്പത്തൂരിലാണ്‌. മലയുടെ താഴ്‌വാരത്തില്‍ വിശാലമായി ക്യാമ്പസ്‌. പൊങ്ങച്ചങ്ങളും പാരവെപ്പുകളും എന്നെ മടുപ്പിച്ചു. രാത്രി വീശിയടിക്കുന്ന പാലക്കാടന്‍ കാറ്റ്‌ അന്തരീക്ഷത്തെയും എന്റെ മനസ്സിനെയും വരണ്ടതാക്കി. അതിനിടയില്‍ ചില സൗഹൃദതകര്‍ച്ചകളും. ഏറെയടുപ്പമുണ്ടായിരുന്ന മറ്റൊരു അച്ചോളുടെ മകന്‍ എന്നോടു മിണ്ടാതായി. ഒരാള്‍ക്ക്‌ ഒരു മുറിയായിരുന്നു ഹോസ്‌ററലില്‍. ഏകാന്തത മടുപ്പിച്ചു. ഗ്യാങ്ങുകളെല്ലാം എന്നെ ഒറ്റപ്പെടുത്തി. ഒറ്റപ്പെട്ടു കഴിയുന്നവരാകട്ടെ അവരുടെ കാമുകന്‍മാരുമായി ഫോണില്‍ സംസാരിച്ച്‌ രാത്രികളില്‍ ഉറങ്ങാതെ കഴിഞ്ഞു. അതുകൊണ്ടു തന്നെ അവരുടെ മുറികളെല്ലാം എനിക്കു മുന്‍പില്‍ അടയ്‌ക്കപ്പെട്ടു. എഞ്ചിനിയറിങിനു പഠിക്കുന്ന ചിലരുമായി ചങ്ങാത്തം കൂടി. അവരുടെ കൂടെ നൈറ്റ്‌ കാന്റീനുകളില്‍ പോയി ഐസ്‌ കാന്‍ഡി വാങ്ങി തിന്നു.


കൊട്ടിയടയ്‌ക്കപ്പെട്ട എന്റെ ക്ലാസ്‌മേറ്റ്‌സിന്റെ മുറികള്‍ എനിക്കു മുന്‍പില്‍ തുറക്കപ്പെടുന്നത്‌ അവര്‍ പ്രതിസന്ധിയിലാകുമ്പോഴാണ്‌. അങ്ങനെ ഞാനും അവരും ഹോസ്‌റ്റലിലെ ടെറസിലിരുന്ന്‌ വിഷമങ്ങള്‍ പങ്കുവെക്കും. ആകാശത്ത്‌ നക്ഷത്രങ്ങള്‍ ഞങ്ങളെ നോക്കി പുഞ്ചിരി പൊഴിയും. എല്ലാം കഴിഞ്ഞ്‌ അവര്‍ മടങ്ങും. ഞാന്‍ എന്റെ മുറിയിലേക്കും. ഒറ്റയ്‌ക്കാണെന്നു തോന്നുമ്പോള്‍ ക്യാമ്പസിന്റെ അറ്റത്തുളള മലയേ നോക്കും. കാട്ടുതീ പടര്‍ന്ന്‌ ആ കുന്നുകള്‍ രാത്രികളില്‍ വെന്തുരുകുകയാകും.





ആ ക്യാമ്പസ്‌ എനിക്കു തന്നത്‌ സ്വപ്‌നങ്ങളേക്കാള്‍ മോഹഭംഗങ്ങളായിരുന്നു. ചിരിച്ചവര്‍ക്കും കരഞ്ഞവര്‍ക്കും ഞാന്‍ ഒരു കാണി മാത്രമായി. എല്ലാ വിഷമങ്ങളും കേള്‍ക്കാന്‍ സന്മനസ്സു കാണിച്ചവര്‍ പോലും എന്നെ ഒറ്റയ്‌ക്കാക്കി. കണ്ണുനീരിനു പോലും എന്നെ വേണ്ടാത്ത അവസ്ഥ. എങ്കിലും ഞാന്‍ ആ ജീവിതത്തെ ഇഷ്ടപ്പെടുന്നു. അത്രയും അനുഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാന്‍ ഉണ്ടാകില്ല. ചിരിയില്‍ എല്ലാം ഒതുക്കി ജീവിച്ച ഒരാളില്‍ നിന്ന്‌ സംസാരിക്കാനും എഴുതാനും പഠിപ്പിച്ചു എന്നെ മാറ്റിയെടുത്തത്‌ അവിടുത്തെ ദിനങ്ങളാണ്‌. പരിഭവം പറയാനും കേള്‍ക്കാനും പ്രകൃതിയും എന്റെ ഉണ്ണിക്കണ്ണന്റെ ചിത്രവും മാത്രമേ ഉണ്ടായിരുന്നുളളു. ഞാനും ഒരു ഗോപിക മാത്രമാണെന്ന തിരിച്ചറിവുണ്ടായപ്പോഴും ലോകം കണ്ണനു ചുറ്റും മാത്രമായി.


നീട്ടുന്നില്ല. അടുത്ത ഭാഗം ഉടന്‍...!

4.11.14

ജാലകത്തിലൂടെ ഞാന്‍ കണ്ട രാത്രികള്‍


"പുലര്‍കാലങ്ങളില്‍ മനസ്സില്‍ വന്നുദിച്ച വരികള്‍ വീണ്ടുമോര്‍ത്തു നോക്കാന്‍ പോലും നേരമില്ലാതെ മൂര്‍ച്ച കൂടിയ കറിക്കത്തിയാല്‍ പച്ചക്കറികള്‍ അരിഞ്ഞു തളളുമ്പോള്‍... ഉളളുരുക്കങ്ങള്‍ കഞ്ഞിക്കലത്തില്‍ തിളച്ചു തൂവുമ്പോള്‍... സഞ്ചാരമോഹങ്ങള്‍ നിശ്ചയിക്കപ്പെട്ട ഇടങ്ങളിലേക്കു മാത്രമായി ഒടുങ്ങിത്തീരുമ്പോള്‍... പുറത്ത്‌ നിലാവാണോ മഴയാണോ എന്നു പോലുമറിയാനാവാതെ വീട്ടുപണികള്‍ക്കൊടുവില്‍ കണ്ണുകള്‍ കൂമ്പിയടയുമ്പോള്‍... എഴുതാന്‍ മോഹിച്ച കഥകളും പാട്ടുകളും മറ്റാരൊക്കെയോ പാടുന്നത്‌ കേള്‍ക്കുമ്പോള്‍...."

- കവിത.കെ.എസ്‌, 'ഇടങ്ങള്‍ ഉണ്ടാവുന്നത്‌' പെണ്‍രാത്രികള്‍, ഒലീവ്‌ പബ്ലിക്കേഷന്‍സ്‌, ഒക്ടോബര്‍ 2013



വാരാന്തപ്പതിപ്പിലെ പുസ്‌തകപരിചയവിഭാഗത്തിലേക്ക്‌ പുതുമണം വിട്ടു മാറാത്ത പുസ്‌തകങ്ങള്‍ സ്‌കാന്‍ ചെയ്യുകയായിരുന്ന അരുണേട്ടന്‍ എന്നെ അടുത്തേക്കു വിളിച്ചു. കൈയില്‍ ഈ പുസ്‌തകം വെച്ചു തന്നു. പെണ്‍രാത്രികള്‍! പിന്നിയിട്ട മുടിയില്‍ ഒരു ചുവന്ന റിബണ്‍ കെട്ടിയ മുഖചിത്രം. സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട സ്‌ത്രീകളുടെ രാത്രികാലാനുഭവങ്ങള്‍ വിവരിക്കുന്ന പുസ്‌തകം. സഹപ്രവര്‍ത്തകയായ സിസി ജേക്കബ്‌ രാത്രി കാഴ്‌ചകളെ കുറിച്ചുവെച്ചതാണ്‌ അരുണേട്ടന്‍ കാണിച്ചു തന്നത്‌. അന്നു വായിക്കാന്‍ സമയം കിട്ടിയില്ല.

പിന്നീട്‌ അടുത്തുളള ഒരു വായനശാലയില്‍ അംഗത്വമെടുത്തപ്പോള്‍ രണ്ടാമതെടുത്ത പുസ്‌തകം ഇതാണ്‌. 2013ല്‍ പുറത്തിറങ്ങിയെങ്കിലും കോഴിക്കോട്ടെ അതിപ്രശസ്‌തമായ ദേശപോഷിണി വായനശാലയില്‍ ഇതു വരെ 'പെണ്‍രാത്രികള്‍' എടുത്തു വായിക്കാന്‍ ആരും ധൈര്യപ്പെട്ടിട്ടില്ല എന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. പേരു കണ്ട്‌ വാങ്ങാന്‍ പലരും മടിക്കുന്നുവെന്നു സിസി പറഞ്ഞതോര്‍ത്തു.

ഏതു വാക്കിലും അശ്ലീലത മാത്രം തിരഞ്ഞു പിടിക്കാനുളള മലയാളിയുടെ കഴിവു തന്നെ ഈ പുസ്‌തകത്തിന്റെ പേരിനേയും ബാധിച്ചു. എന്നാല്‍ അങ്ങനെയൊരു അംശം പോലും അകത്തുളള താളുകളില്‍ ഇല്ലെന്നതു യാഥാര്‍ഥ്യം. പുറത്തിറങ്ങാന്‍ കഴിയാത്ത മണിക്കൂറുകളില്‍ അപൂര്‍വമായെങ്കിലും ലോകം കാണുന്നവരുടെ അനുഭവങ്ങള്‍, സ്വപ്‌നങ്ങള്‍, ആശകള്‍, സ്‌മരണകള്‍... എല്ലാം ഓരോ ഏടുകളായി അടുക്കിവെച്ചിരിക്കുന്നു.

എന്താണ്‌ രാത്രികളെക്കുറിച്ച്‌ എഴുതാനുളളത്‌ എന്നു പല ആണ്‍ സുഹൃത്തുക്കളും ചോദിച്ചു! രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പുറത്തിറങ്ങി നടക്കുന്ന ഒരു സമൂഹത്തിന്‌ ജനലിലൂടെയല്ലാതെ രാത്രിയുടെ സൗന്ദര്യം അസ്വദിക്കാന്‍ കഴിവില്ലാത്ത ഒരു വര്‍ഗത്തിന്റെ വിഷമം മനസ്സിലാകില്ല.





എനിക്കും രാത്രികള്‍ അത്ഭുതമാണ്‌. നിശബ്ദതയും നിലാവും ചന്ദ്രികയും അതു പകരുന്ന കുളിരും ഭീതിയും അന്നേരം മാത്രം ശബ്ദിക്കുന്ന ചീവിടുകളും ഓരിയിടുന്ന നായ്‌ക്കളും കുറുക്കന്‍മാരും രാവിനെ ചിലപ്പോള്‍ സുന്ദരവും ചിലനേരം ഭീകരവുമാക്കും. ഓരോ നാട്ടിലെ നിശകള്‍ക്കും ഓരോ ഭംഗിയാണ്‌. കടല്‍ക്കാറ്റേറ്റു മയങ്ങുകയും തീവണ്ടികളുടെ ചൂളംവിളിയില്‍ ഞെട്ടിയുണര്‍ന്ന്‌ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീഴുന്ന കോഴിക്കോടിന്റെ രാത്രി മുതല്‍ അങ്ങകലെ പച്ചപ്പു പുതച്ച്‌ ആലസ്യത്തോടെ രാത്രിയെ പുല്‍കുന്ന എന്റെ ഗ്രാമത്തിനു വരെ പല പല ചിത്രങ്ങളാണ്‌.

ബാല്യത്തിലെ രാത്രികള്‍ പുല്ലാനിക്കാടെന്നു വിളിപ്പേരുളള മുത്തശ്ശിയുടെ ഗൃഹത്തിലാണ്‌. കൊയ്‌ത്തു കഴിഞ്ഞ കറ്റകള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന നിലാവിന്റെ മനോഹാരിത ഒരു ചിത്രകാരനും തനിമയോടെ വരയ്‌ക്കാന്‍ കഴിയില്ല. തെളിഞ്ഞു കാണാത്ത ദൂരദര്‍ശനും കാറ്റടിച്ചാല്‍ തിരിയുന്ന ടിവിയുടെ ആന്റിനയും സീറോ വാട്ടിന്റെ ബള്‍ബും വോള്‍ട്ടേജില്ലായ്‌മയും സൂര്യാസ്‌തമയം കഴിയുമ്പോഴേക്കും ഉറങ്ങാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. അമ്മയുടെ ചൂടു പറ്റി ഉറങ്ങുമ്പോള്‍ ദൂരെ വയലില്‍ ആദിവാസികളുടെ പാട്ടു കേള്‍ക്കാം. ഒരു ദിവസത്തെ അധ്വാനം കഴിഞ്ഞ്‌ അല്‍പം മദ്യവും സേവിച്ച്‌ ആണും പെണ്ണും തീയ്‌ക്കു ചുറ്റും പാട്ടു പാടി നൃത്തം വെയ്‌ക്കുന്നു. അവരുടെ പബ്ബും പാര്‍ട്ടിയുമെല്ലാം അതു തന്നെ. ചോദിക്കാന്‍ സദാചാര പോലീസൊന്നും എത്താറില്ല.

പിന്നീട്‌ നിലമ്പൂരിലെ ഒരു കോവിലകത്തു ഞങ്ങള്‍ താമസിച്ചു. വേട്ടേക്കൊരുമകന്‍ ക്ഷേത്രത്തിലെ കളം പാട്ടും കതിനവെടിയുടെ ശബ്ദവും വര്‍ഷത്തിലൊരാഴ്‌ച നാടിനെ ബഹളമയമാക്കും. പിന്നീട്‌ ശാന്തത. ഒരു ദിവസം തൊട്ടടുത്ത വീട്ടിലെ ഗൃഹനാഥന്‍ മതിലിനടുത്ത്‌ വന്ന്‌ അച്ഛനെ അലറി വിളിച്ചു. ആ വീടിനകത്ത്‌ ചില പൊട്ടിത്തെറികളൊക്കെ കേട്ടു. കുട്ടികളായ എന്നെയും അനിയനെയും അമ്മ പെട്ടന്ന്‌ ഉറക്കി. പിന്നീടാണ്‌ മനസ്സിലായത്‌ അവിടുത്തെ ഗൃഹനാഥ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു ആത്മഹത്യ ചെയ്‌തുവെന്ന്‌. ജയ്‌ ഹനുമാനും നമശ്ശിവായ സീരിയലുമെല്ലാം ദൂരദര്‍ശനില്‍ വന്നപ്പോള്‍ രാത്രിക്കു ദൈര്‍ഘ്യം കൂടി. കേബിള്‍ വന്നതോടെ പാതിരാത്രികളും ഉറങ്ങാതായി.

ചാലിയാറിന്റെയും തേക്കിന്റെയും നാടിനോടു വിട പറഞ്ഞ്‌ ഒരു രാത്രി വീണ്ടും വണ്ടൂരെത്തി. പുല്ലാനിക്കാടിനടുത്ത്‌ മരക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരു വീട്‌. അടുത്ത്‌ തന്നെ നാലുകെട്ടും പത്തായപ്പുരയുമുളള തറവാട്‌. ഇല്ലത്ത്‌ അധികം ഞാന്‍ താമസിച്ചിട്ടില്ല. അപൂര്‍വമായി തിരുവാതിര രാവുകളില്‍ പാതിരാപ്പൂ ചൂടി കഴിഞ്ഞ്‌ 'ശേഷം കളി നാളെയാവട്ടെ' എന്നു പാടി കൈകൊട്ടിക്കളിയും (തിരുവാതിരക്കളി) കളിച്ചതിനു ശേഷം ഉറങ്ങാന്‍ കിടക്കാറുണ്ട്‌. ധനുമാസത്തിലെ തിരുവാതിരയ്‌ക്കു പിറ്റേന്നു മുത്തശ്ശന്റെയും അതിനടുത്ത ദിവസം മുത്തശ്ശന്റെ അനുജന്റെയും ശ്രാദ്ധമായതിനാല്‍ ആ ദിനങ്ങള്‍ കുടുംബസംഗമത്തിന്റെ നാളുകളാണ്‌. എല്ലാവരും ഇന്ന്‌ ഓരോ വഴിക്കായി. മുത്തശ്ശന്‍മാരുടെ മക്കളൊഴികെ ബാക്കിയെല്ലാവരും അപൂര്‍വമായി മാത്രമേ ഇപ്പോള്‍ വരാറുളളു.

ഇല്ലത്തെ രാത്രികളില്‍ ഏറ്റവും മനോഹരം കളംപ്പാട്ടിന്റെ ദിനങ്ങളാണ്‌. പഞ്ചവര്‍ണ്ണനിര്‍മിതമായ വേട്ടേക്കരന്റെ കളം ഒടുവില്‍ കലിതുളളി വെളിച്ചപ്പാട്‌ മായ്‌ക്കുന്നതോടെ കഴിയും. മൂന്നു ദിവസമുളള പാട്ടില്‍ യഥാക്രമം അയ്യപ്പന്‍, വേട്ടേക്കരന്‍, ഭഗവതി എന്നിവര്‍ക്കു വേണ്ടിയാണ്‌ നടക്കുക. ഇല്ലത്തെ പൂമുഖത്ത്‌ തായമ്പക കൊട്ടി കയറുമ്പോള്‍ ചീവിടുകളുടെയും തവളകളുടെയും ശബ്ദമല്ലാതെ മറ്റൊന്നുമില്ലാതെ മൂകമായിരിക്കുന്ന നാടിനെ ചെണ്ടയുടെ മേളത്താല്‍ ഉന്മത്തമാക്കും. ബലിഷ്‌ഠമായ കൈകളും ഉറച്ച ശരീരവുമുളള വേട്ടേക്കരന്റെ രൂപം നോക്കി നിന്നിട്ടുണ്ട്‌. ഇന്നും പരിപൂര്‍ണ്ണനായ പുരുഷരൂപം എന്നു പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത്‌ ഇരുട്ടില്‍ നിലവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഛായക്കൂട്ടുകളാല്‍ കൂറുപ്പ്‌ വരച്ച വേട്ടേക്കരന്റെ രൂപമാണ്‌.

കഥകളില്‍ കുടുംബാംഗങ്ങളെ രക്ഷിക്കുന്ന പരദേവത. രാത്രി ഇറങ്ങി നടക്കുന്ന വേട്ടേക്കരനും നരസിംഹമൂര്‍ത്തിയും ബ്രഹ്മരക്ഷസും മറ്റു പല ദൈവങ്ങളും... ഉറക്കം വരാത്ത രാത്രികള്‍ക്ക്‌ പേടിയുടെ മേമ്പൊടി ചേര്‍ക്കാന്‍ നേരിട്ടു കണ്ടെന്നൊക്കെയുളള ധാരാളം ഉദാഹരണങ്ങള്‍ നിരത്തി പലരും. വിശ്വസിക്കാനോ തളളിക്കളയാനോ തയാറാകാതെ ആ കഥകളൊക്കെ താലോലിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

പിന്നെയുളള രാത്രി ഓര്‍മ്മകള്‍ ചാന്ദ്‌നിയിലേതാണ്‌. അമ്മയുടെ വീടാണ്‌. കണ്ണൂരിലെ കൂത്തുപറമ്പില്‍. വല്യച്ഛനു രാത്രിയോടുളള ഇഷ്ടം കൊണ്ടാണോ വീടിന്‌ ആ പേരിട്ടതെന്നു മുത്തശ്ശനോട്‌ ഞാന്‍ ചോദിക്കാന്‍ മറന്നു പോയ ഒരു സംശയമാണ്‌. ഉത്തരം കിട്ടാന്‍ ഇനി യാതൊരു വഴിയുമില്ല. ആറു വര്‍ഷം മുന്‍പ്‌ ഒരു രാത്രിയില്‍ അദ്ദേഹം ലോകത്തോട്‌ വിട പറഞ്ഞു.

ചാന്ദ്‌നിയില്‍ രാത്രികളിലും വാഹനങ്ങളുടെ ശബ്ദമുണ്ടായിരുന്നു. ഗേറ്റിനു പുറത്ത്‌ മെയിന്‍ റോഡാണ്‌. രാത്രിയിരുന്ന്‌ ക്രിക്കറ്റും ഫുട്‌ബോളും കാസറ്റിട്ടു സിനിമ കാണലുമൊക്കെയാണ്‌ അവിടുത്തെ പ്രധാന പരിപാടികള്‍. എല്ലാവരും ഒന്നിച്ചിരുന്ന്‌ ഉറക്കെ സംസാരിച്ച്‌ പൊട്ടിച്ചിരിച്ച്‌ ഉറങ്ങാന്‍ കിടക്കും. കാലം നീങ്ങിയപ്പോള്‍ നിലാവില്‍ മുങ്ങിയ ചാന്ദ്‌നിയും ഓര്‍മ്മയായി.

നാടും നഗരവും വളര്‍ന്നു, ഞാനും. കുഞ്ഞായിരുന്നപ്പോള്‍ തുളളിച്ചാടിയ പോലെ കഴിയാതായി. രാത്രികളില്‍ പ്രേതങ്ങളേയും ഇരുട്ടിനെയുമല്ല, സ്‌ത്രീകള്‍ മനുഷ്യരെയാണ്‌ പേടിക്കേണ്ടതെന്നു പലരും പറഞ്ഞു പേടിപ്പിച്ചു തുടങ്ങി.


(കഥ നീണ്ടു പോയി. ഇനി 
അടുത്ത ഭാഗത്തില്‍ പറയാം. 
 അഭിപ്രായം രേഖപ്പെടുത്തി 
കാത്തിരിക്കുമല്ലോ)


4.10.14

എന്റെ വല്യച്ഛന്‍, നിങ്ങളുടെ അഡ്വ. എം.സി.വി.ഭട്ടതിരിപ്പാട്



'ഇവറ്റകള്‍ക്കൊക്കെ വീട്ടിലിരുന്നാല്‍ പോരേ. മനുഷ്യനെ മിനക്കെടുത്താന്‍.' മുന്‍പില്‍ ചാടിയ വയോധികനെ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ഇട്ടുകൊണ്ട് ടാക്‌സി ഡ്രൈവര്‍ ആക്രോശിച്ചു. പിന്‍സീറ്റിലിരിക്കുന്ന എഴുപതുകാരന്‍ ഇതു കേട്ടു ഞെട്ടി. താനും ഈ 'വീട്ടിലിരിക്കേണ്ട' ഗണത്തില്‍പ്പെടുമെന്ന യാഥാര്‍ഥ്യം ആ മനുഷ്യനെ വിഷമിപ്പിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ശബ്ദിക്കാന്‍ ആരുമില്ലെന്ന ചിന്ത അദ്ദേഹത്തെ അലട്ടി.

താമസിയാതെ ഒരു കൊച്ചു സംഘടന പിറന്നു, അദ്ദേഹത്തിന്റെ നാടായ കൂത്തുപറമ്പില്‍. തന്റെ വിയര്‍പ്പും പണവും കൊണ്ട് അതിനെ വളര്‍ത്തി. ഇന്ന് അത് വലിയ ഒരു കൂട്ടായ്മയാണ്- കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം. കേരളത്തിലെ വയോജനങ്ങളുടെ ഏറ്റവും വലിയ അംഗീകൃത കൂട്ടായ്മ.

അടിത്തറയിട്ട് സംഘടനയുടെ വളര്‍ച്ചയും കണ്ട് സന്തോഷത്തോടെ അദ്ദേഹം ഏഴു വര്‍ഷം മുന്‍പ് മരിച്ചു. എന്റെ വല്യച്ഛന്‍, അഡ്വ. എം.സി.വി.ഭട്ടതിരിപ്പാട്. അമ്മയുടെ അച്ഛനായതു മുത്തശ്ശനെന്നാണു വിളിക്കേണ്ടിയിരുന്നത്. പക്ഷെ തനിക്കു പ്രായമായതായി അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

അധികം സംസാരിക്കുന്ന പ്രകൃതിയല്ല. കേള്‍വിക്കുറവും കാഴ്ചക്കുറവും അലട്ടിയിരുന്നു. പങ്കെടുത്ത പരിപാടികളില്‍ തന്നെ പ്രസംഗത്തിനായി അധ്യക്ഷന്‍ ക്ഷണിക്കുന്നത് കേള്‍ക്കാതെ വേദിയില്‍ ചിരിച്ചുകൊണ്ടിരിക്കുമെന്നൊക്കെ തമാശാരൂപത്തില്‍ പറയും. എല്ലാം സരസമായി എടുക്കാനുളള അപാരമായ കഴിവ് അദ്ദേഹം മക്കള്‍ക്കടക്കം പകര്‍ന്നു നല്‍കി.

പക്ഷെ മുതിര്‍ന്ന പൗരന്‍മാരുടെ അവകാശത്തിനായി പോരാടി. പലപ്പോഴും പത്രങ്ങളിലെ മുഖപ്രസംഗപേജില്‍ എഴുതി. മരിച്ചപ്പോള്‍ മിക്ക മാധ്യമങ്ങളും പ്രാധാന്യത്തോടെ വാര്‍ത്ത കൊടുത്തു. മന്ത്രിമാര്‍ അനുശോചനമറിയിച്ചു വീട്ടിലേക്കു വിളിച്ചു.

അന്നാണ് വല്യച്ഛന്റെ മഹത്വം ഞാനും മറ്റു കുടുംബാംഗങ്ങളും മനസ്സിലാക്കിയത്. ഞങ്ങള്‍ക്കാര്‍ക്കും വേണ്ടി അദ്ദേഹം ഒരു ശുപാര്‍ശയ്ക്കും പോകാന്‍ തയ്യാറായില്ല. അദ്ദേഹം മരിച്ചതിനു ശേഷവും ആ പേരുപയോഗിച്ച് ഞാന്‍ എവിടെയും മുതലെടുത്തില്ല. അങ്ങനെ ചെയ്യാത്തത് മണ്ടത്തരമാണെന്നു പലരും ഉപദേശിച്ചിട്ടു പോലും!

എന്റെ നാവില്‍ ഹരിശ്രീ കുറിച്ചത് വല്യച്ഛനാണ്. അക്ഷരങ്ങളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചതും അദ്ദേഹം തന്നെ. ഒരിക്കല്‍ ഏതാനും വരി കവിതയെഴുതിയത് കാണിച്ചു കൊടുത്തപ്പോള്‍ തിരുത്തി വയോജനങ്ങളുടെ മാസികയില്‍ കൊടുത്തു. എന്റെ പേരില്‍ അച്ചടിച്ചു വന്ന ആദ്യ സൃഷ്ടി. അടുത്ത ദിവസം തന്നെ കവിതാ വൃത്തങ്ങളെയും അലങ്കാരങ്ങളേയും കുറിച്ച് ഒരു പുസ്തകം വാങ്ങി തന്നു. അതു വായിച്ചു മനസ്സിലാക്കാനുളള കഷ്ടപ്പാടുകൊണ്ട് ഞാന്‍ കവിതയെഴുത്ത് നിര്‍ത്തിയതു ബാക്കി കഥ.

അവസാനനാളുകളില്‍ അദ്ദേഹത്തിനുണ്ടായ ഏക വിഷമം ഭാര്യയേക്കുറിച്ചായിരുന്നു. അല്‍ഷൈമേഴ്‌സിന്റെ പിടിയില്‍ ഓര്‍മ്മയ്ക്കും മറവിക്കുമിടയിലുളള മുത്തശ്ശിയുടെ ജീവിതം അദ്ദേഹത്തിന്റെ കണ്ണു നിറച്ചു. വല്യച്ഛന്റെ അന്ത്യം പോലും മുത്തശ്ശി അറിഞ്ഞില്ല, മനസ്സിലാക്കിയില്ല. സ്‌നേഹം മാത്രം പങ്കുവെച്ച ഈ ദമ്പതികള്‍ ഒരു വര്‍ഷത്തിനിടെ മരിച്ചു.

എപ്പോഴും തിരക്കിട്ട് ഓടുന്ന വല്യച്ഛനെയാണ് ഞാന്‍ ചെറുപ്പത്തില്‍ കണ്ടത്. ഞാന്‍ കൗമാരത്തിലെത്തിയപ്പോള്‍ അദ്ദേഹം സാംസ്‌കാരികപ്രവര്‍ത്തകന്റെ വേഷത്തിലായിരുന്നു.

ഇനിയുമേറെ ചെയ്യാന്‍ ബാക്കി വെച്ച് വയോധികര്‍ക്കായി ഒരു സംഘടനയും നിര്‍മ്മിച്ചാണ് അദ്ദേഹം മരിച്ചത്. രാജ്യത്തെ നിയമമനുസരിച്ച് വ്യക്തികള്‍ മുതിര്‍ന്നവരായി കണക്കാക്കാന്‍ 18 വയസ്സു വേണം. അതേ രീതി സംഘടനയ്ക്കുമെടുത്താല്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം ഇന്നു മുതിര്‍ന്നു. 18 വര്‍ഷമായി വയോധികര്‍ക്ക് താങ്ങും തണലുമായി കഴിഞ്ഞു.

ഒക്ടോബര്‍ ഒന്ന് ലോക വയോജനദിനമാണ്. ഓരോ വൃദ്ധരിലും ഞാന്‍ കാണുന്നത് എന്റെ വല്യച്ഛനെയാണ്. മുപ്പതുകളിലെത്തുമ്പോഴേക്കും വയസ്സായി എന്നു വിലപിക്കുന്നവരോട് ഞാന്‍ പറയാറുണ്ട് 85ാം വയസ്സില്‍ മരിക്കുമ്പോഴും മനസ്സില്‍ ചെറുപ്പക്കാരനായി മരിച്ച എന്റെ വല്യച്ഛനെക്കുറിച്ച്...


16.9.14

മായാത്ത പുഞ്ചിരി

(നട്ടു നനച്ചു വളര്‍ത്തി കൊണ്ടു വന്ന ഒരു ചെടിയെ സ്വയം നശിപ്പിക്കുകയാണ്‌ കുറച്ചു നാളായി ഞാന്‍ ചെയ്യുന്നത്‌. ഇംഗ്ലീഷ്‌, മലയാളം ബ്ലോഗുകള്‍ മാസങ്ങളായി എഴുതിയിട്ട്‌. ആദ്യമൊക്കെ മനപ്പൂര്‍വം മുടിയട്ടെയെന്നു കരുതിയെങ്കിലും പിന്നീട്‌ സമയക്കുറവ്‌ കാരണമായി. പത്രത്തിലേക്കുളള എഴുത്തായി ചുരുങ്ങി.

എങ്കിലും മനസ്സു വല്ലാതെ പിടയുമ്പോള്‍ വന്നു ആശ്ലേഷിക്കാന്‍ ഈ ഇടം മാത്രമേ എനിക്കുളളൂ. വാക്കുകളും ചിന്തകളും എന്നില്‍ നിന്നും പകര്‍ത്തി ആശ്വാസം നല്‍കുന്ന എന്റെ സ്വന്തം ലോകം.)

പ്രതീക്ഷിച്ചതായിരുന്നു ആ മരണം. പരിചയപ്പെട്ടതിനു വര്‍ഷങ്ങളുടെ കണക്കോ സംസാരിച്ചതിനു മണിക്കൂറുകളുടെ എണ്ണമോ പറയാന്‍ എനിക്കില്ല. പക്ഷെ അനൂപേട്ടന്‍ മനസ്സില്‍ വല്ലാതെ സ്‌പര്‍ശിച്ച ഒരു വ്യക്തിത്വമായിരുന്നു.

പത്രത്തിലെ ജോലിക്കിടയില്‍ ഞാന്‍ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന ചിത്രഭൂമിയിലേക്കും എഴുതാറുണ്ട്‌ വല്ലപ്പോഴും. കുറിച്ചു കൊടുക്കുന്നത്‌ ശുദ്ധമണ്ടത്തരങ്ങളാണെങ്കില്‍ പോലും ആ കൈകളിലൂടെ ശുദ്ധീകരിക്കപ്പെട്ടാല്‍ അവ മനോഹരങ്ങളാകുന്നു. എന്തെഴുതിയാലും "അയച്ചോളു... നമുക്ക്‌ കൊടുക്കാം" എന്നു മാത്രമേ പറയാറുളളൂ. ആരെയും നിരാശരാക്കാറില്ല. ഒരു വര്‍ഷത്തിനിടയില്‍ ഞാന്‍ ആകെ ആ മനുഷ്യനെ രണ്ടോ മൂന്നോ തവണയേ കണ്ടിട്ടുളളൂ. ഫോണില്‍ സംസാരിച്ചതും വിരലില്‍ എണ്ണാവുന്നതു മാത്രം.
അസുഖബാധിതനായി ആസ്‌പത്രികിടക്കയില്‍ കിടന്നപ്പോഴും തനിക്ക്‌ ഒരു കുഴപ്പവുമില്ലെന്നു മെസ്സേജ്‌ അയച്ചിരുന്നു. ഞാന്‍ ഇതുവരെ കണ്ടിട്ടു പോലുമില്ലാത്ത അനൂപേട്ടന്റെ മകള്‍ ഇതളുമായും വാട്‌സ്‌പ്പില്‍ സംവദിച്ചു. പിന്നീട്‌ ആരോഗ്യസ്ഥിതി മോശമായെന്നു പലരും പറഞ്ഞപ്പോഴും അനൂപേട്ടന്‍ സുഖപ്പെട്ട്‌ തിരിച്ചു വരുമെന്നും ബാക്കി ഉളളവര്‍ ചുമ്മാ പറയുന്നതാണെന്നു സ്ഥിരം പുഞ്ചിരിയോടെ പറയുമെന്നും ഞാന്‍ വിശ്വസിച്ചു.
വെന്‍ഡിലേറ്ററിലായതും അതു മാറ്റാന്‍ പോവുകയാണെന്നും മരണവാര്‍ത്ത തിങ്കളാഴ്‌ച പ്രതീക്ഷിക്കാമെന്നും ഒരു സഹപ്രവര്‍ത്തക പറഞ്ഞപ്പോഴും അദ്ദേഹം രക്ഷപ്പെടുമെന്നു തന്നെ ഞാന്‍ കരുതി.
ഇന്നലെ ഉച്ചയോടെ മരണവാര്‍ത്തയെത്തി. 12 മണിക്ക്‌ ഭൗതികശരീരം മാതൃഭൂമിയുടെ പ്രസ്സിനു മുന്‍പില്‍ പൊതുദര്‍ശനത്തിനു വെയ്‌ക്കുമെന്ന്‌ അറിഞ്ഞു.
സ്ഥിരം കാണുന്ന പൊട്ടിക്കരച്ചിലുകളോ കണ്ണീരോ അവിടെ കണ്ടില്ല. ചിലര്‍ മാത്രം വിതുമ്പി നിന്നു. കലങ്ങിയ കണ്ണുകളിലൂടെ ലെന്‍സില്‍ തങ്ങളുടെ സഹപ്രവര്‍ത്തകന്റെ മൃതദേഹം നോക്കി ചിത്രങ്ങളെടുക്കുന്ന ക്യാമറാമാന്‍മാര്‍, മൗനത്തിലൂടെ അനുശോചനമറിയിക്കുന്നവര്‍, റീത്തുകള്‍, കറുത്തകൊടികള്‍, അനൂപേട്ടന്റെ ചിരിക്കുന്ന ചിത്രവുമായുളള റീത്തുകള്‍... ആംബുലന്‍സ്‌ യാത്രയ്‌ക്കൊരുങ്ങി, ജനിച്ച മണ്ണില്‍ എരിഞ്ഞടങ്ങാന്‍ ജീവനകന്ന ആ പ്രതിഭയുടെ ശരീരവുമായി!
പതുക്കെ എല്ലാവരും പിരിഞ്ഞു. ഹ്രസ്വമായ അനുശോചനയോഗങ്ങള്‍. വൈകുന്നേരത്തോടെ സജീവമായ പത്രമോഫീസ്‌. അവിടെ മരണത്തെക്കുറിച്ചു സംസാരിക്കാന്‍ ആര്‍ക്കും നേരമില്ല. ആകെ ഒന്നാം പേജില്‍ ആ മരണവാര്‍ത്ത വെയ്‌ക്കാന്‍ മറക്കരുതെന്നു മാത്രം ഓര്‍മ്മപ്പെടുത്തല്‍.
മംഗള്‍യാനും തിരഞ്ഞെടുപ്പും ഷ്വാസ്‌നെഗറിന്റെ ഇന്ത്യാ സന്ദര്‍ശനവും വായിക്കാനായി പത്രം വാങ്ങുന്ന വായനക്കാരനു ഞങ്ങളുടെ സഹപ്രവര്‍ത്തകന്റെ മരണം വലിയ സംഭവമല്ല. ഞങ്ങള്‍ ദുഖമാചരിക്കാനിരുന്നാല്‍ വായനക്കാരന്‍ സഹകരിക്കുമോ! ഉണ്ടെന്നു തോന്നുന്നില്ല. അപ്പോള്‍ വേദനകള്‍ കടിച്ചമര്‍ത്തി പുഞ്ചിരിയോടെ എഴുതുകയോ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നതാണ്‌ മാധ്യമപ്രവര്‍ത്തകരുടെ കര്‍ത്തവ്യം.

അനൂപേട്ടന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ 
സമര്‍പ്പിക്കട്ടെ ഈ വാക്കുകള്‍!

30.7.14

മാധ്യമപ്രവര്‍ത്തനം സ്‌ത്രീകള്‍ക്കായി- രണ്ടു പുസ്‌തകവിചാരങ്ങള്‍


ലോകം സ്‌ത്രീകളെ മാധ്യമപ്രവര്‍ത്തകരായി അംഗീകരിക്കാന്‍ തുടങ്ങുന്നത്‌ ഏതാനും പതിറ്റാണ്ടുകള്‍ മുന്‍പു മാത്രമാണ്‌. പത്രത്തിലാണ്‌ ജോലിയെടുക്കുന്നതെന്ന്‌ കേള്‍ക്കുമ്പോള്‍ ആശ്ചര്യഭാവത്തില്‍ വിശ്വാസം വരാതെ നോക്കുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്‌. സുരക്ഷയിലായ്‌മ, കൃത്യതയില്ലാത്ത ജോലി സമയം, കുടുംബാംഗങ്ങളോടൊപ്പം സമയം പങ്കിടല്‍ കുറവ്‌ തുടങ്ങിയ പലവിധ 'ആരോപണ'ങ്ങളാണ്‌ മാധ്യമപ്രവര്‍ത്തനത്തെ പണ്ടു മുതലേ സ്‌ത്രീകള്‍ക്കു പറ്റിയ ജോലിയല്ല എന്നു സമൂഹത്തെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്‌.

ഒഴിവു സമയങ്ങളിലെ ചര്‍ച്ചകള്‍ക്കിടയില്‍ സഹപ്രവര്‍ത്തകര്‍ തങ്ങളുടെ വിഷമങ്ങള്‍ പങ്കുവെക്കാറുണ്ട്‌. കുടുംബത്തിലെ ചടങ്ങുകള്‍ക്ക്‌ എത്തിയില്ലെങ്കില്‍ അഹങ്കാരിയെന്ന പേരു കിട്ടും. എത്ര മികച്ച പാചകക്കാരിയായാലും മാധ്യമപ്രവര്‍ത്തക അടുക്കളയില്‍ കയറില്ലെന്നാണ്‌ മിക്കവരുടെയും വിശ്വാസം. നവമാധ്യമങ്ങളിലൂടെ സംവദിച്ച്‌ വാര്‍ത്ത സ്രോതസ്സുകളെ കണ്ടെത്തുമ്പോഴും കിട്ടുന്ന കമന്റ്‌ മുഴുവന്‍ സമയവും വെറുതെ മൊബൈലില്‍ കുത്തിക്കൊണ്ടിരിക്കുന്നുവെന്നാണ്‌. ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും കൂടെ സമയം പങ്കിടാനും ഭക്ഷണമുണ്ടാക്കി കൊടുക്കാനും 24 മണിക്കൂര്‍ തികയുന്നില്ല എന്നു ഏതൊരു സാധാരണ സ്‌ത്രീയേയും പോലെ അവരും പരാതിപ്പെടുന്നു.


സ്‌ത്രീ മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുളള രണ്ടു പുസ്‌തകങ്ങള്‍ അടുത്ത ദിവസങ്ങളിലായി വായിച്ചു തീര്‍ക്കാനിടയായി. മൊബൈലും ഇന്റര്‍നെറ്റുമില്ലാത്ത ഒരു കാലത്തുളള വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഓര്‍മ്മകളുടെ ശേഖരമാണ്‌ 'അനുഭവസഞ്ചാരങ്ങള്‍'. കേരളപ്രസ്‌ അക്കാദമി പുറത്തിറക്കിയ ഈ പുസ്‌തകത്തില്‍ കണ്ടത്‌ ഇന്ത്യയില്‍ സ്‌ത്രീകള്‍ അനുഭവിച്ച യാതനകളുടെ നേര്‍സാക്ഷ്യമാണ്‌. മിക്ക വനിതാ പത്രപ്രവര്‍ത്തകരും അവരുടെ കാലത്തെ സ്‌ത്രീകളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. 


പുരുഷന്‍മാര്‍ മാത്രമുളള ഒരു ലോകത്തേക്ക്‌ കടന്നു വരേണ്ടി വന്നതിന്റെ പ്രശ്‌നങ്ങള്‍ എഴുതാന്‍ അവര്‍ മടിച്ചില്ല. ഡസ്‌കിലെ (എഡിറ്റിങ്‌ റൂം) അറയ്‌ക്കുന്ന കമന്റുകളും വൃത്തിഹീനമായ ടോയ്‌ലറ്റുകളുമാണ്‌ അവരെ വരവേറ്റത്‌. "തരംതാഴ്‌ന്ന തമാശകള്‍, മോശം ഭാഷ, സിഗരറ്റു പുകകൊണ്ടു നിറഞ്ഞ മുറികള്‍, ഒഴിഞ്ഞ ചായക്കോപ്പകള്‍, ടൈപ്പ്‌ റൈറ്ററിന്റെ കടകടാ ശബ്ദം... ഗൗരവമുളളവയെന്ന്‌ അവര്‍ കരുതുന്ന വിഷയങ്ങളില്‍ തലയിടാന്‍ പുരുഷപത്രപ്രവര്‍ത്തകര്‍ സ്‌ത്രീകളെ അനുവദിച്ചിരുന്നില്ല. ഫാഷന്‍ ഷോയും ഫ്‌ളവര്‍ ഷോയും റിപ്പോര്‍ട്ട്‌ ചെയ്യാനാണ്‌ എന്നെപ്പോലെയുളളവരെ നിയോഗിക്കപ്പെട്ടത്‌: തീന്‍മേശയില്‍ നിന്ന്‌ എറിഞ്ഞു കിട്ടുന്ന അപ്പക്കഷ്‌ണങ്ങള്‍ പോലെ."- പ്രമുഖ മാധ്യമപ്രവര്‍ത്തക ഉഷാറായുടെ വാക്കുകള്‍.


വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ചമേലി ദേവി പുരസ്‌കാരം നേടിയ 2012 വരെയുളള ഏതാനും ജേതാക്കളുടെ അനുഭവങ്ങളാണ്‌ പുസ്‌തകത്തിലുളളത്‌.
മലയാളത്തിലേക്കു മൊഴിമാറ്റിയതും പത്രപ്രവര്‍ത്തകര്‍ തന്നെ. അതു കൊണ്ടു തന്നെ വാക്കുകളിലെ തീക്ഷണതയും അനുഭവങ്ങളുടെ തന്‍മയത്വവും ചോര്‍ന്നു പോയില്ല. മാധ്യമപ്രവര്‍ത്തകര്‍ മാത്രം ഉപയോഗിക്കുന്ന ചില വാക്കുകള്‍ പുസ്‌തകത്തിലുണ്ട്‌. അവ മറ്റുളളവര്‍ക്ക്‌ ചിലപ്പോള്‍ മനസിലാകണമെന്നില്ല. എങ്കിലും അവ വളരെ കുറവവാണ്‌. 150 രൂപയാണ്‌ വില.


ഇതിന്റെ നേര്‍ വിപരീതമാണ്‌ രണ്ടാമത്തെ പുസ്‌തകം- കണ്‍ഫഷന്‍സ്‌ ഓഫ്‌ എ പേജ്‌ 3 റിപ്പോര്‍ട്ടര്‍. മേഘ മല്‍ഹോത്രയുടെ ഈ ബുക്കില്‍ കണ്ടത്‌. മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും വൃത്തിഹീനമായ വശമാണ്‌. മെട്രോയിലെ പാപ്പരാസി ജേര്‍ണലിസത്തിന്റെ മാലിന്യമാണ്‌ ഇവിടെ എഴുതി നിറച്ചത്‌. പ്രമോഷനായി ബോസി
നു വഴങ്ങി കൊടുക്കുന്ന പേജ്‌ 3 റിപ്പോര്‍ട്ടറായ നായിക. ഒടുവില്‍ താന്‍ വെറുമൊരു വെപ്പാട്ടിയാണെന്നു തിരിച്ചറിയുന്നു. വായിച്ചു തീര്‍ന്നപ്പോള്‍ 'ഹോ കഴിഞ്ഞു കിട്ടി' എന്നു തോന്നി. കഥാപാത്രങ്ങള്‍ സാങ്കല്‍പികമാണെന്നു തുടക്കത്തില്‍ പറയുന്നതാണ്‌ ഒരു ആശ്വാസം.

രണ്ടും രണ്ടു ലോകം. ഏതു വഴി വേണമെന്നു തിരഞ്ഞെടുക്കുന്നത്‌ വ്യക്തികളാണ്‌. തൊഴിലിനെ പഴിക്കുന്നത്‌ ശരിയല്ല. മറ്റേതൊരു ജോലിയേയും പോലെ ഇതും പരിപാവനമാണ്‌,  വിശ്വാസമുളളവര്‍ക്ക്‌!

15.7.14

മിഠായിത്തെരുവിലെ പരസ്യകല


---------------------------------
കോഴിക്കോട്‌ വന്നാല്‍ എന്തൊക്കെ ചെയ്യണമെന്നു ചോദിച്ചാല്‍ ഒരു വലിയ ലിസ്‌റ്റ്‌ തന്നെ കിട്ടും. അതില്‍ തീര്‍ച്ചയായുമുള്‍പ്പെടുന്ന രണ്ടു കാര്യങ്ങളാണ്‌, ഹല്‍വ തിന്നണം സണ്‍ഡെ മാര്‍ക്കറ്റില്‍ പോകണം.

മുകളില്‍ പറഞ്ഞ രണ്ടുമുളളത്‌ മിഠായിത്തെരുവിലാണ്‌. എസ്‌. എം. സ്‌ട്രീറ്റ്‌ എന്നതു 'കോയിക്കോട്ടുക്കാരുടെ മുട്ടായിത്തെരുവിന്റെ' പുതുനാമം. മിഠായിത്തെരുവിലെ ഞായറാഴ്‌ചകള്‍ക്ക്‌ ഉത്സവത്തിന്റെ പ്രതീതിയാണ്‌. ഗുണമേന്‍മയുളള വസ്‌തുക്കള്‍ ചെറിയ വിലയില്‍ തെരുവില്‍ നിന്നു വാങ്ങാമെന്നതാണ്‌ ഈ മേളയുടെ പ്രത്യേകത. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തുടങ്ങിയതാണെങ്കിലും എല്ലാ ഞായറാഴ്‌ചയും ഇവിടം ജനനിബിഡമാണ്‌.

---------------------------------

ദേ വന്നു ദാ പോയി... ഞായറാഴ്‌ച മിഠായിത്തെരുവിലൂടെ നടക്കുമ്പോള്‍ ഇങ്ങനെ ഒരു ശബ്ദം കേട്ടാല്‍ സുരേഷ്‌ ഗോപിയെവിടെയെന്നു തിരഞ്ഞാല്‍ നിരാശയായിരിക്കും ഫലം. ഇതൊക്കെ ആളുകളെ ആകര്‍ഷിക്കാനുളള ഇവിടുത്തെ കച്ചവടക്കാരുടെ വഴികള്‍ മാത്രം.

നിരത്തില്‍ വില്‍പ്പന നടത്തുന്നവരെ സഹായിക്കാന്‍ പരസ്യ ഏജന്‍സികളോ മാര്‍ക്കറ്റിംഗ്‌ എക്‌സിക്യൂട്ടിവോ ഇല്ല. തൊണ്ട പൊട്ടുമാറുച്ചത്തില്‍ തങ്ങള്‍ വില്‍ക്കുന്ന വസ്‌തുക്കളെക്കുറിച്ച്‌ വായില്‍ തോന്നുന്ന വാക്കുകളാല്‍ ഇവര്‍ വര്‍ണ്ണിക്കുന്നു. പലപ്പോഴും പ്രൊഫഷനല്‍ പരസ്യ സ്ഥാപനങ്ങളേക്കാള്‍ മികച്ച രീതിയില്‍ ഉപപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇവര്‍ക്കു കഴിയുന്നു. തിരക്കിനിടയിലും ഓരോരുത്തരോടും കുശലാന്വേഷണം നടത്താന്‍ ഇവര്‍ മറക്കാറില്ല.

എസ്‌. എം. സ്‌ട്രീറ്റില്‍ സണ്‍ഡെ മാര്‍ക്കറ്റിലെത്തുന്ന കച്ചവടക്കാരില്‍ മിക്കവരും ആഴ്‌ചയിലെ ബാക്കി 6 ദിവസവും മറ്റു ജോലികളിലേര്‍പ്പെടുന്നവരാണ്‌. ഇവരെ സഹായിക്കാന്‍ മക്കളും ബന്ധുക്കളുമുണ്ടാകും. തുണിത്തരങ്ങള്‍ മുതല്‍ ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ വരെ വാരാന്ത്യത്തില്‍ ഈ നിരത്തുകളില്‍ സ്ഥാനം പിടിക്കും. എല്ലാം കഴിയുമ്പോള്‍ വില്‍പ്പനക്കാര്‍ക്ക്‌ 1000 മുതല്‍ 3000 രുപ വരെ ലാഭം കിട്ടും.

എല്ലാ തരക്കാരും ഞായറാഴ്‌ച മിഠായിത്തെരുവിലെത്തി സാധനങ്ങള്‍ വാങ്ങും. മറ്റു ജില്ലകളില്‍ നിന്നു ആഡംബരക്കാറുകളില്‍ വരെ ഇവിടെ എത്താറുണ്ട്‌. ബ്രാന്റഡ്‌ ഉത്‌പന്നങ്ങള്‍ മാത്രം വാങ്ങുന്ന സംസ്‌കാരമുളള ഒരു തലമുറ മിഠായിത്തെരുവിലെ സാധനങ്ങളിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നുണ്ടെങ്കില്‍ കച്ചവടക്കാരുടെ മാര്‍ക്കറ്റിംഗിന്റെ വിജയമാണ്‌.

"വാങ്ങിയതിനെന്തെങ്കിലും പ്രശ്‌നമുണ്ടങ്കില്‍ ഇങ്ങള്‌ അടുത്ത ആഴ്‌ച കൊണ്ടു വന്നോളീന്‍, ഇമ്പള്‌ ഇബടെ തന്നെയുണ്ടാവും." വില്‍പ്പന തന്ത്രത്തിനപ്പുറം ഇതൊരു കോഴിക്കോട്ടുകാരന്റെ ഉറപ്പാണ്‌.



30.6.14

ഒരു നവമാധ്യമപ്രവര്‍ത്തകയുടെ കുറിപ്പുകള്‍



ഇന്നാണ്‌ പോലും സോഷ്യല്‍ മീഡിയാ ഡേ അഥവാ നവമാധ്യമദിനം. എല്ലാത്തിനും ഒരു ദിവസം കൊടുക്കുന്നതു പോലെ ഇതിനും കിട്ടി. കള്ളും കഞ്ചാവും പുകവലിയുമൊക്കെയുളള പോലെയാണ്‌ നവമാധ്യമമെന്നാണ്‌ ശാസ്‌ത്രവും ബുദ്ധിജീവികളും പറയുന്നത്‌. എന്നാല്‍ ഇവന്‍മാരുടെയൊക്കെ വിശേഷങ്ങള്‍ കൊട്ടിഘോഷിക്കാന്‍ ആദ്യം ആശ്രയിക്കുന്നതും ഇതിനെത്തന്നെയാണ്‌.
അത്യാവശ്യം ഈ ദുശ്ശീലം കിട്ടിയ കുരുത്തംകെട്ട ഒരു പെണ്ണാണ്‌ ഞാനും. എസ്‌എംഎസ്‌ ആയിരുന്നു തുടക്കം. പിന്നെ ഓര്‍ക്കുട്ട്‌, ഗൂഗിള്‍ ബസ്സ്‌, ഫേസ്‌ബുക്ക്‌, ബ്ലോഗ്‌, പ്ലസ്‌, വാട്‌സ്‌ആപ്പ്‌, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ ഇങ്ങനെ ആ നിര നീണ്ടു പോകും. ബ്ലോഗിലെ രൂപ്‌സും ഫേസ്‌ബുക്കിലെ രൂപ കരുമാരപ്പറ്റയും ട്വിറ്ററിലെ രൂപകുട്ടിയുമൊക്കെയായി ജീവിതം. ബ്ലോഗ്‌ എന്റെ ലോകവും ഫേസ്‌ബുക്ക്‌ വീടും ട്വിറ്റര്‍ ഓഫീസുമായി. സുഹൃത്തുക്കളുമായി ഗൂഗിള്‍ ചാറ്റില്‍ കത്തിയടിക്കാറുമുണ്ട്‌.
ഈ അസുഖം എപ്പോള്‍ തുടങ്ങിയെന്നു ചോദിച്ചാല്‍ ഒന്നാലോചിക്കേണ്ടി വരും. പക്ഷെ എനിക്ക്‌ ഡിഗ്രി കഴിഞ്ഞാണ്‌ ഒരു ഇമെയില്‍ വിലാസം ഉണ്ടാക്കിയത്‌ എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ! സത്യമാണ്‌. ഞാന്‍ ഇന്റര്‍നെറ്റ്‌ എന്താണെന്നു പഠിക്കുന്നത്‌ ബിരുദമെടുത്തതിനു ശേഷമാണ്‌. പിന്നീട്‌ ഒരു യാത്രക്കാരിയായി ഞാന്‍ ഇ-ലോകത്തു അലഞ്ഞു നടന്നു. പലതും പഠിച്ചു, ലഭിച്ചു! ഒളിപ്പിക്കേണ്ടതും പുറത്തു പറയേണ്ടതും വേര്‍തിരിക്കാന്‍ മനസ്സിലായി. അകറ്റുവാനും അടുപ്പിക്കുവാനും പഠിച്ചു.
തൊട്ടാവാടിയും നിശ്ശബ്ദയുമായ എന്നെ നവമാധ്യമം വായാടിയാക്കി. കൂട്ടായ്‌മകളെ നയിക്കാന്‍ സഹായിച്ചു. കൊഴിഞ്ഞു പോകുന്ന ബന്ധങ്ങളുടെ മുറിവുകള്‍ പുതിയവ ഉണക്കി. ലോകം കൂടുതല്‍ വിശാലമായി. നാലുകെട്ടിലെ നടുത്തളത്തില്‍ മാത്രമൊതുങ്ങിയിരുന്ന ഒരു പിടി സ്വപ്‌നങ്ങള്‍ ഞാനറിയാത്ത്‌ ആരോടൊക്കെയോ പങ്കു വെച്ചു.
കൂടുമ്പോള്‍ ഇമ്പമേറുന്ന കുടുംബത്തില്‍ അല്ലെങ്കില്‍ തറവാട്ടില്‍ എത്തിയാല്‍ ഞാന്‍ ജീവിക്കുന്നത്‌ യഥാര്‍ഥലോകത്താണ്‌. അവിടെ എനിക്കായി പച്ച വിരിച്ച ഒരു ഗ്രാമവും ലാളിക്കാന്‍ മത്സരിക്കുന്ന ഒരു വലിയ കുടുംബവുമുണ്ട്‌. അതുകൊണ്ടു തന്നെ മഴയെയും വെയിലിനെയും കുറിച്ചെഴുതുമ്പോള്‍ ഇവരും അതില്‍ ഉള്‍പ്പെടുന്നു.
തൊഴില്‍രഹിതയായി വീട്ടിലിരുന്നപ്പോള്‍ ആശ്വാസമായത്‌ സോഷ്യല്‍ മീഡിയയാണ്‌. ഇല്ലെങ്കില്‍ ഭ്രാന്തിയായി പോയേനെ ഞാന്‍! ഇന്നു പഴയ പോലെ നവമാധ്യമജീവി അല്ലെങ്കിലും എന്റെ ശേഷിപ്പുകള്‍ പല സൈറ്റുകളിലുമും കാണാം. ഇടയ്‌ക്കൊന്നു പൊടിതട്ടിയെടുക്കും, ഞാനും ഈ പുതുലോകത്തു ജീവിക്കുന്നുണ്ടെന്ന്‌ അറിയിക്കാന്‍!

9.5.14

മഴ ഭ്രമം

പാതിയടഞ്ഞ കണ്ണുകളെന്നോട്‌ പറയുന്നു, ഒന്നു ഉറങ്ങിക്കൂടേ! ഇല്ല, എനിക്കു സാധിക്കുന്നില്ല. പുറത്തു ഇരുളുന്ന ആകാശം ഭയപ്പെടുത്തുന്നതിനു പകരമെന്നെ മത്തു പിടിപ്പിക്കുന്നു. എഴുതി തുടങ്ങിയ വിഷയവും അവസാനിപ്പിക്കുന്നതും രണ്ടു വ്യത്യസ്‌തമായ തലങ്ങളിലുളളതാകുമെന്നു പൂര്‍ണ്ണ ബോധ്യമുളളതുകൊണ്ട്‌ മഴയെക്കുറിച്ചുളള പുസ്‌തകമെടുത്തു വായിക്കാന്‍ തീരുമാനിച്ചു.
ബാല്‍ക്കണിയില്‍ കസേരയിട്ടിരുന്നെങ്കിലും പച്ച പുറംചട്ടയുളള പുസ്‌തകം തുറക്കാന്‍ തോന്നിയില്ല. മനസ്സ്‌ എഴുതണമെന്ന ഒറ്റ വാശിയിലാണ്‌. ചിലപ്പോള്‍ എന്തെങ്കിലും കുറിക്കാന്‍ ഇരുന്നാല്‍ പോലും ചിന്തകള്‍ വാക്കുകളാക്കാന്‍ കഷ്ടപ്പെടാറുണ്ട്‌. 

ഇന്നലെ ഉച്ചയ്‌ക്കു തുടങ്ങിയ മഴയാണ്‌. ഗ്രാമങ്ങളിലെ മഴയ്‌ക്കൊരു പ്രത്യേക ഭംഗിയാണ്‌. കോഴിക്കോടു നഗരത്തില്‍ ആ മനോഹാരിത പ്രതീക്ഷിക്കുന്നതു തന്നെ വ്യര്‍ത്ഥം. ഫ്‌ളാറ്റിലെ ഒന്നാം നിലയിലിരുന്നു മഴയോടു കിന്നാരം പറയുമ്പോള്‍ ആകാശത്തേക്കു മാത്രം നോക്കും. ഭൂമിയില്‍ കറുത്ത മണ്ണു കലക്കി ഒഴുകുന്ന മഴയേക്കാളിഷ്ടം മാനത്തു നിന്നു താഴേക്കു പതിക്കുന്നതു കാണാനാണ്‌. തെങ്ങിന്റെ ഓലകളെ തഴുകിയും മാവിന്റെ ഇലകളെ ചുംബിച്ചും കാറ്റിനോടു കിന്നാരം പറഞ്ഞും ഭൂമിയിലേക്കു കുതിക്കുന്ന മഴത്തുള്ളികളുടെ വികൃതികള്‍ ആര്‍ക്കാണു കണ്ടു മതിവരിക!


ചിലപ്പോഴെങ്കിലും വര്‍ഷം എന്നെ കരയിച്ചിട്ടുണ്ട്‌. നഷ്ടങ്ങളും ഓര്‍മ്മകളും പെയ്‌തിറക്കി മഴ മനസ്സില്‍ വിതുമ്പലും സമ്മാനിക്കാറുണ്ട്‌. ഇരുണ്ട മഴക്കാലത്തേക്കാള്‍ വരണ്ട വേനലാണ്‌ ഭേദമെന്നു തോന്നിപ്പോയ നിമിഷങ്ങളുമുണ്ട്‌. ചുറ്റിലുമുളള ഇരുട്ട്‌ കൂടി. എങ്കിലും ഫാനോ ലൈറ്റോ ഇടാന്‍ തോന്നുന്നില്ല. മഴയുടെ ഭംഗി നശിപ്പിക്കണ്ട. ലോകാവസാനം ഇങ്ങനെയാണെന്നൊക്കെ മതഗ്രന്ഥങ്ങളിലുണ്ടത്രെ.


മഴപ്പാറ്റയുടെ ജന്‍മം കിട്ടാന്‍ കൊതി. പുതുമണ്ണിന്റെ ഗന്ധത്തില്‍ പിറന്ന്‌ നനഞ്ഞ ഭൂമിയില്‍ പാറിപ്പറന്ന്‌ അതേ സ്ഥലത്തു മരിച്ചു വീഴുന്നവര്‍. ഏതാനും മണിക്കൂറുകള്‍ മാത്രമുളള ജീവിതം. മോഹങ്ങളോ ഭംഗങ്ങളോ ജനിക്കാനോ നശിക്കാനോ സമയമില്ല. ഉളളപ്പോള്‍ പറന്നുല്ലസിച്ച്‌ തീരുന്നു.


മഴ ഇനിയും കനക്കുമെന്നാണ്‌ പ്രവചനം. കഷ്ടങ്ങളും നഷ്ടങ്ങളും മാധ്യമങ്ങള്‍ കണക്കെടുക്കുന്നു. പക്ഷെ എന്നെപ്പോലെ ചില വിചിത്രജീവികള്‍ ഈ പേമാരി തീരരുതെന്ന്‌ ആശിക്കുന്നു. അവസാനിക്കട്ടെ എല്ലാം ഈ മഴത്തുളളിക്കിലുക്കത്തില്‍!

മാതൃഭൂമിക്കൊപ്പം ഒരു വര്‍ഷം


മെയ്‌ എനിക്കു ഏറ്റവും പ്രിയപ്പെട്ട മാസമാണ്‌. മെയ്‌ ഫ്‌ളവര്‍ ഉണ്ടാകുന്നതും എന്റെ മാതാപിതാക്കളുടെ വിവാഹം കഴിഞ്ഞതും ഞാനും അനിയനും ഈ ഭൂമിയിലേക്കു വന്നതും ഈ മാസമാണ്‌. കഴിഞ്ഞ വര്‍ഷം മെയ്‌ എനിക്കു സമ്മാനിച്ചത്‌ സ്വപ്‌നതുല്യമായ ഒരു ജോലിയാണ്‌.
മറ്റേതൊരു തൊഴില്‍രഹിതരേയും പോലെ ഞാനും അലഞ്ഞു നടന്നു... മുട്ടാത്ത വാതിലുകളോ എഴുതാത്ത പരീക്ഷകളോ ഇല്ല. കുട്ടികളെ പഠിപ്പിച്ചു വെടക്കാക്കരുതെന്നു കരുതി അധ്യാപനത്തില്‍ ഒരു കൈ നോക്കിയില്ല. യഥാര്‍ഥ പത്രത്തിന്റെ ശക്തി അറിയിക്കുന്ന മാതൃഭൂമിയുടെ പരീക്ഷയും മുഖാമുഖവും കഴിഞ്ഞു യാതൊരു പ്രതീക്ഷയുമില്ലാതെ ഇരിക്കുകയായിരുന്നു. വ്യത്യസ്‌തതയും അതിലുപരി എനിക്കേറെ പ്രിയപ്പെട്ടതുമായ പേരിനുടമയായ ഉത്തര നവീന്‍ എന്നെ വിളിച്ച്‌ മാതൃഭൂമി കുടുംബത്തിലേക്കു സ്വാഗതമെന്നു പറഞ്ഞപ്പോള്‍ വളരെയേറെ സന്തോഷം തോന്നി.
ഞാന്‍ മലയാളഭാഷ ആദ്യമായി വായിച്ചു തുടങ്ങിയ പത്രം, മുത്തശ്ശന്‍ എഡിറ്റോറിയല്‍ പേജിലടക്കം എഴുതിയ പ്രസിദ്ധീകരണം... പേടി തോന്നി ഓഫീസിനു മുന്‍പിലെത്തിയപ്പോള്‍! മലയാളി മങ്ക എന്ന കവി ഭാവന അന്വര്‍ത്ഥമാക്കുന്ന ഒരു മുഖം എന്നെ സ്വാഗതം ചെയ്‌തു, സരസ്വതിയെന്നു പേര്‌.
വലിയങ്ങാടിയിലെ വലിയ മാര്‍ക്കറ്റുകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാതൃഭൂമി ഹെഡ്‌ ഓഫീസില്‍ നിന്നു ഞങ്ങളെ കൊണ്ടു പോയത്‌ പ്രസിന്റെ കെട്ടിടത്തിലേക്കാണ്‌. പത്രമൊഴികെയുളള പ്രസിദ്ധീകരണങ്ങളും ചാനലും പ്രസും പ്രവര്‍ത്തിക്കുന്നത്‌ അവിടെയാണ്‌. സ്വീകരിച്ചത്‌ ന്യൂസ്‌ പ്രിന്റുകളുടെ ഭ്രമിപ്പിക്കുന്ന മണവും ഓരോ നിമിഷവും ചലിക്കുന്ന യന്ത്രങ്ങളുടെ ശബ്ദവും പുറത്തേക്കു നോക്കിയാല്‍ അനന്തമായി കിടക്കുന്ന കടലിന്റെ കാഴ്‌ചയുമാണ്‌.
ഒരു ഹാളില്‍ മൂന്നാഴ്‌ച ക്ലാസ്‌. അതിനിടയ്‌ക്കു ലഭിച്ച ചില ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍- ആമി അശ്വതി, രേഖ നമ്പ്യാര്‍, സൗമ്യ, ശിവദേവ്‌, റീഷ്‌മ ദാമോദര്‍, രശ്‌മി രഘുനാഥ്‌, ലിസി, സൂര്യ സുരേഷ്‌, ജിനോ, രാഖി, സുനില്‍, ജസ്‌റ്റിന്‍. പലരും മറ്റു പല വഴിക്കു തിരിഞ്ഞെങ്കിലും സൗഹൃദം നിലനില്‍ക്കുന്നു. മനസ്സു തുറന്നു ചിരിച്ചു കളിച്ചു കലാലയജീവിതത്തെപ്പോലെ ആഘോഷിച്ചു.
അതു കഴിഞ്ഞ്‌ ജോലിയിലേക്ക്‌. മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്ന ഒരു സംഭവമുണ്ട്‌. ഡസ്‌കില്‍ (എഡിറ്റിംഗ്‌ സെക്ഷന്‍) പോസ്‌റ്റിങ്ങ്‌ കിട്ടി അധികം കഴിയാതെ ഒരു മഴ പെയ്യുന്ന വൈകുന്നേരം ഒരു ചെറിയ മനുഷ്യന്‍ കടന്നു വന്നു അടുത്തിരിക്കുന്ന സഹപ്രവര്‍ത്തകനോട്‌ സംസാരിച്ചു തിരിച്ചു പോയി. നനഞ്ഞു കുളിച്ചു വന്ന ആ വ്യക്തി വാര്‍ത്ത കൊടുക്കാന്‍ വന്ന ആരെങ്കിലുമാണെന്നു ധരിച്ച്‌ ഞാന്‍ ജോലി തുടര്‍ന്നു. അപ്പോള്‍ എന്റെ സഹപ്രവര്‍ത്തകന്‍ ചോദിച്ചു: "അയാളെ അറിയില്ലേ, ആര്‍ട്ടിസ്‌റ്റ്‌ മദനന്‍." ഈശ്വരാ! ഒരുപാടു കേട്ടിട്ടുണ്ട്‌ ആ മഹാനെക്കുറിച്ച്‌... വര്‍ണ്ണങ്ങള്‍ കൊണ്ട്‌ കവിത രചിക്കുന്ന മഹാചിത്രകാരന്‍, എന്തൊരു എളിമ... അങ്ങനെ ഒരുപാടു മുഖങ്ങള്‍- ഗോപികൃഷ്‌ണന്‍, രജീന്ദ്രകുമാര്‍, ഫോട്ടോഗ്രാഫര്‍ മധുരാജ്‌, നിരൂപകന്‍ പി. കെ. രാജശേഖരന്‍, എഴുത്തുകാരന്‍ സുഭാഷ്‌ ചന്ദ്രന്‍, ഷാജികുമാര്‍, ഡോ. കെ ശ്രീകുമാര്‍. ലിസ്‌റ്റ്‌ നീണ്ടു പോകും.
രാത്രി പകലാക്കിയുളള ജോലിയും ഒടുവില്‍ പേജ്‌ അയച്ച്‌ മേശക്കു ചുറ്റുമിരുന്ന്‌ അര്‍ധരാത്രിയുളള ചായകുടിയും കമ്പനിയുടെ കാറില്‍ മടങ്ങുമ്പോള്‍ പുറത്തു കാണുന്ന അശരണരുടെ ഭീകരമായ നിശാജീവിതവും ആദ്യമായി പേര്‌ അച്ചടിച്ചു വന്ന സന്തോഷവും ഓഫീസിലെ ഏറ്റവും ഇളയ ആള്‍ എന്ന നിലയില്‍ കിട്ടുന്ന ലാളനയും... കുറെ എഴുതണമെന്നു കരുതിയതാണ്‌! പക്ഷെ വാക്കുകള്‍ മുറിയുന്നു. നന്ദി മാതൃഭൂമിക്കും എന്നെ പ്രോത്സാഹിപ്പിച്ചവര്‍ക്കും.

15.3.14

ഇഷ്ടിക ചുമരുകള്‍ക്കിടയില്‍


സമയം രാത്രി പന്ത്രണ്ടര. ഗള്‍ഫിലെ മഴയേയും കൊടുങ്കാറ്റിനെയും കുറിച്ചെഴുതി ഇപ്പോള്‍ വീട്ടിലെത്തി. വെന്തുരുകാന്‍ തുടങ്ങിയ ദൈവത്തിന്റെ സ്വന്തം നാടിനെ മഴയ്‌ക്കു പോലും വേണ്ട. കണ്ണുകള്‍ക്ക്‌ ഉറക്കച്ചടവ്‌. കാന്റീനില്‍ നിന്നും കഴിച്ച രണ്ടു ദോശയ്‌ക്കും ഒരു ഗ്ലാസ്‌ ചായയ്‌ക്കും എന്റെ കണ്ണുകളെ എത്ര നേരം ഉണര്‍ത്തിയിരിക്കാന്‍ കഴിയുമെന്നറിയില്ല. ഭക്ഷണക്രമവും ജീവിതരീതികള്‍ മൊത്തമായും മാറി. ഓഫീസിലെ ഏസി കാറില്‍ ഒരു യാത്രയാണെങ്കിലും ഞാന്‍ ഇഷ്ടപ്പെടുന്നു, ഭയപ്പാടില്ലാതെ ഏതൊരു സ്‌ത്രീയും കൊതിക്കുന്നതു പോലെ രാത്രിയെ വിജനമായി കാണുന്നതില്‍! ഉറക്കം വരുന്നെങ്കില്‍ നിര്‍ത്തി കൂടെ ഈ കഥ പറച്ചിലെന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. എനിക്കിതു എഴുതാന്‍ അധികസമയമില്ല, അതു കൊണ്ട്‌ വൈകിയാണെങ്കിലും എനിക്ക്‌ പറയേണ്ടിയിരിക്കുന്നു.
ജനിക്കുന്നതു മുതല്‍ മരിക്കുന്നതു വരെ മനുഷ്യന്‍ ഓരോ മുറികളില്‍ ജീവിക്കണം. ആദ്യത്തെ ആശുപത്രി വാര്‍ഡ്‌ തൊട്ട്‌ ശവമായി ഒരു മുറിയില്‍ വെറും തറയില്‍ കിടക്കുന്നതു വരെ. ഇതിലേതാണു കൂടുതലിഷ്ടപ്പെട്ടതെന്നു ചോദിച്ചാല്‍ ഉത്തരം കിട്ടില്ല. തറവാട്ടിലെ എന്റെ അച്ഛന്റെയും അമ്മയുടെയും മുറിയാണ്‌ എനിക്കു ആദ്യം ഓര്‍മ്മയുളളത്‌. കുഞ്ഞുവാവ ആയിരുന്ന ഞാനന്ന്‌ മുകളിലത്തെ നിലയിലുളള ഇവരുടെ മുറിയില്‍ നിന്ന്‌ ഉണര്‍ന്നാല്‍ താഴെയുളള അമ്മയോടു ഉറക്കെ വിളിച്ചു പറയും. അമ്മ വന്നെന്നെ എടുത്തു താഴേക്കു കൊണ്ടു പോകും. പിന്നെ ഇഷ്ടപ്പെട്ടത്‌ കാലിനു പരിക്ക്‌ പറ്റി വീട്ടുകാരെയല്ലാതെ വേറൊരു മനുഷ്യജീവിയേയും കാണാതെ കിടന്നപ്പോള്‍ ഭ്രാന്തിയാക്കാതെ എനിക്കു ചുറ്റും മായിക വലയം തീര്‍ത്ത എന്റെ വീട്ടിലെ മുറിയാണ്‌. വിവാഹം കഴിഞ്ഞു ഞാന്‍ പടിയിറങ്ങിയപ്പോഴും എന്റെ കുടുംബം ആ മുറിക്കു മാറ്റങ്ങള്‍ വരുത്തിയില്ല. ഇപ്പൊഴും അവിടെ എന്റെ വളകളും പൗഡര്‍ ടിന്നുകളും ടെഡി ബെയറുകളും അതേ പോലെ ഇരിക്കുന്നുണ്ട്‌.
ഇതിനിടയില്‍ പറയാത്ത രണ്ടു മുറികളുണ്ട്‌. ഒന്ന്‌ ഡിഗ്രിക്കു പഠിക്കുമ്പോള്‍ അച്ഛന്റെ പെങ്ങളുടെ വീട്ടില്‍ ഞാന്‍ താമസിച്ച മുറിയാണ്‌. ജനല്‍പ്പാളിക്കപ്പുറം ഒരു വലിയ മാവും കുറേ കാടും ഇടയ്‌ക്കു വന്നു പോകുന്ന മയിലിന്‍കൂട്ടവും! അടുത്തത്‌ കോയമ്പത്തൂരിലെ ഹോസ്‌റ്റല്‍ മുറി. ഞാന്‍ നേടിയെന്നു പ്രതീക്ഷകള്‍ നല്‍കിയ സ്വപ്‌നങ്ങള്‍ നെയ്‌തു കൂട്ടിയ മുറി. ചിലപ്പോള്‍ തണുത്തു വിറങ്ങലിച്ച അല്ലെങ്കില്‍ പേടിപ്പിക്കുന്ന ഹൂങ്കാരത്തോടെ അടിച്ചെത്തുന്ന കാറ്റും വേനലില്‍ തീക്കനലുകളും വര്‍ഷക്കാലത്ത്‌ മഴക്കാറും തണുപ്പുകാലത്ത്‌ മഞ്ഞും മൂടിയ ഒരു മലയുടെ ദൃശ്യം അവിടത്തെ കണിയാണ്‌. എനിക്കു പ്രിയപ്പെട്ട മുറിയായി ഞാന്‍ ആ ചെറിയ ഇടത്തെ വര്‍ണ്ണിക്കുമായിരുന്നു. പക്ഷെ കാലം നമ്മുടെ ഇഷ്ടത്തിനു നിന്നു തരില്ലല്ലോ!
ഇനിയുളള മുറിയിലാണ്‌ ഇപ്പോള്‍ ഞാന്‍ ഇരുന്നെഴുതുന്നത്‌. ഇത്‌ ശരിക്കും പറഞ്ഞാല്‍ അളകേടത്തിയുടെതാണ്‌. ഞാനൊരു വിരുന്നുകാരിയായി ഇവിടെ കൂടിയിട്ട്‌ മൂന്നു വര്‍ഷമാകുന്നു. വരുന്ന സമയത്ത്‌ അളകേടത്തിയും ഇവിടെയുണ്ട്‌. കഥകളും പരദൂഷണവും പറഞ്ഞ്‌ ഏറെ സമയം കഴിഞ്ഞാണ്‌ ഞങ്ങള്‍ അന്നു കിടക്കാറുളളത്‌.
പിന്നീട്‌ വിവാഹം കഴിഞ്ഞ്‌ അവര്‍ കടലു കടന്നപ്പോള്‍ ഞാന്‍ മാത്രമായി. എന്റെ മുറിയുടെ കഥ പോലെത്തന്നെ അളകേടത്തിയുടെ കല്യാണം കഴിഞ്ഞതൊന്നും ഈ മുറിയെ ബാധിച്ചിട്ടില്ല. ഇഷ്ടിക കൊണ്ട്‌ നിര്‍മിച്ചതാണ്‌ ഈ മുറി. രാവിലെയും വൈകീട്ടും തൊട്ടടുത്ത അമ്പലത്തില്‍ നിന്നു പാട്ടു കേള്‍ക്കും. ആദ്യമൊക്കെ പാട്ട്‌ ഉറക്കത്തെ ബാധിച്ചെങ്കിലും പിന്നീടു അറിയാതെയായി. അതു പോലെത്തന്നെയാണ്‌ അമ്പലത്തിനപ്പുറമുളള റെയില്‍വെ ട്രാക്കിലൂടെ ഏതു സമയവും ഓടുന്ന തീവണ്ടികളുടെ ശബ്ദവും മുഴക്കവും.
പതുക്കെ ഞാന്‍ എന്റെ വിഷമങ്ങള്‍ ഈ മുറിയോടു പങ്കുവെച്ചു. ചില ദിവസങ്ങള്‍ ഇവിടെ മാത്രമായി ഒതുക്കി. ആദ്യ ജോലിക്കു പോയതും പ്രിയപ്പെട്ടവനോടു ഫോണില്‍ ഇണങ്ങിയതും പിണങ്ങിയതും മുതല്‍ സ്വപ്‌നങ്ങള്‍ കണ്ടതും അവ ജീര്‍ണ്ണിച്ചു തുടങ്ങിയതും ഇവിടെ വച്ചാണ്‌. പറയാന്‍ കഴിയാതെ എഴുതുന്നതും ഒരിക്കലും വാക്കുകള്‍ കൂട്ടിയോജിപ്പിക്കാന്‍ പറ്റില്ലെന്ന സ്ഥിതി വന്നതും ഈ ചുവരുകള്‍ക്കുളളില്‍വെച്ചാണ്‌ ഞാന്‍ തിരിച്ചറിഞ്ഞത്‌. വീണ്ടും എഴുതിത്തുടങ്ങിയപ്പോള്‍ ഏറെ സന്തോഷിച്ചെന്നു ഞാന്‍ ഭാവനയില്‍ കാണുന്നവരുടെ കൂട്ടത്തില്‍ ഈ മുറിയുമുണ്ട്‌.
പൊട്ടിച്ചിരിപ്പിച്ചതും വിതുമ്പിക്കരയിച്ചതും ഈ മുറിയാണ്‌. ഇവിടെ എനിക്ക്‌ അധികനാളുകളില്ല.
ഇനി ഒരിക്കലും കിട്ടാത്ത പല ഓര്‍മ്മകളും സമ്മാനിച്ച ദിവസങ്ങളില്‍ എന്നോടൊപ്പം ഒരു കാഴ്‌ചക്കാരിയായി നിന്ന എന്‍ പ്രിയ സഖിയോടു വിട ചൊല്ലല്‍ അനിവാര്യമായിരിക്കുന്നു. തന്നതിനും തട്ടിപ്പറിച്ചതിനും തരാത്തതിനും നന്ദി. വീണ്ടും കാണാമെന്നതു പോലും ഒരു പാഴ്‌ വാക്കായേക്കാം. പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടുന്നത്‌ എനിക്കൊരു ശീലമായിത്തുടങ്ങി, അതിലൊടുവിലായി നീയും!

14.2.14

പ്രണയപൂര്‍വം





എന്നെ മയക്കിയ ആ കണ്ണുകളുടെ ഉടമയ്‌ക്ക്‌,

ആകാശത്ത്‌ വിടരുന്ന നക്ഷത്രങ്ങളും ഭൂമിയില്‍ പടരുന്ന ഇളം തണുപ്പും പ്രണയദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ആരെയും കൊതിപ്പിക്കുന്ന ഈ സായാഹ്നങ്ങളില്‍ പക്ഷെ ഞാന്‍ ഒറ്റയ്‌ക്കാണ്‌. ചുറ്റും മനുഷ്യര്‍ എന്നോട്‌ സംസാരിക്കുന്നുണ്ടെങ്കിലും ഞാന്‍ അതൊന്നും കേള്‍ക്കുന്നില്ല. എന്റെ മനസ്സ്‌ അങ്ങകലെ നിന്റെ മടിയില്‍ തല ചായ്‌ചു കഥകള്‍ പറയാനും ശ്രവിക്കാനും വെമ്പുകയാണ്‌.
    നീ അറിയുന്നുവോ, ഈ പ്രണയദിനത്തിലും ഞാന്‍ ഏകയാണ്‌. മാനത്തു മിന്നിച്ചിരിക്കുന്ന നക്ഷത്രത്തോടു ഞാന്‍ ചോദിച്ചു, 'നീ അവനെ കാണുന്നുണ്ടോ? എന്തു സന്ദേശമാണ്‌ എന്നോടു പറയാനായി നിനക്കു തന്നത്‌? '... ഒരു കളളനോട്ടം താഴേക്കു നോക്കിയിട്ട്‌ നക്ഷത്രം നിന്നെ കണ്ടില്ലെന്നു പറഞ്ഞു. ഞാന്‍ കണ്ണീരടക്കാന്‍ പാടുപ്പെട്ടു. ഏങ്ങിക്കരയുന്ന എന്നെ ആശ്വസിപ്പിച്ച്‌ താരകം മൊഴിഞ്ഞു, 'ഒരു തമാശ പറഞ്ഞതല്ലേ? അവന്‍ ഭൂമിയിലില്ലെന്നറിഞ്ഞാല്‍ ഏറ്റവും ദുഖിക്കുന്നതു നീയാണെന്നു ഞാന്‍ അറിഞ്ഞില്ല കുട്ടി. നിന്റെ പ്രാര്‍ത്ഥനകള്‍ അവനെ പൂര്‍ണ്ണ ആരോഗ്യവാനായി ഇരുത്തുന്നു. ചിരിച്ചിരിക്കുന്ന നിന്റെ മുഖമാണ്‌ അവന്‌ ഇഷ്ടം. അതുകൊണ്ട്‌ നീ കരയരുത്‌.'
   നക്ഷത്രം പറഞ്ഞത്‌ സത്യമല്ലേ? വിളിപ്പുറത്തല്ലെങ്കിലും നീയും ഞാനും ഒരേ ഭൂമുഖത്തു ജീവിക്കുന്നുവെന്നതു മാത്രമാണെന്റെ ആശ്വാസം. നീ ഇവിടുന്നു അപ്രത്യക്ഷമായാല്‍ പിന്നെ ഈ ജീവനു എന്തര്‍ത്ഥം! ബാഷ്‌പാഞ്‌ജലി നടത്തി ഞാനും നിന്നെ അനുഗമിക്കും. ഒന്നിച്ചെത്തിയാല്‍ മാത്രമെ ഒരുമിച്ചു പുനര്‍ജനിക്കാന്‍ കഴിയൂ. അടുത്ത ജന്‍മത്തെക്കുറിച്ച്‌ ഞാന്‍ കിനാവു കാണാന്‍ തുടങ്ങി.
ചിരിയോ വിഷമമോ മറ്റേതു വികാരമോ ആകട്ടെ, പങ്കിടാന്‍ ആദ്യം മനസ്സില്‍ വരുന്ന പേരു നിന്റെതാണ്‌. പനി പിടിച്ചു വിറച്ചു കിടക്കുമ്പോള്‍ നീ അടുത്തു വേണമെന്നു തോന്നും. 'എല്ലാം പെട്ടെന്നു ശരിയാകും. മോളു നന്നായി മൂടിപ്പുതച്ചു കിടന്നുറങ്ങിക്കോ!' എന്ന നിന്റെ വാക്കുകള്‍ തന്നെ വലിയൊരു ആശ്വാസമാണ്‌. 
   ഞാന്‍ എഴുതിയതു വായിച്ച്‌ മുകളിലിരിക്കുന്ന നക്ഷത്രം ചിരിക്കുന്നു. എല്ലാത്തിനും സാക്ഷിയായി ഒരു താരകം! എന്റെ ലോകം വളരെ ചെറുതാണ്‌, മറ്റൊരര്‍ത്ഥത്തില്‍ നീയാണ്‌. അതിനപ്പുറം എനിക്ക്‌ സ്വപ്‌നങ്ങളും ചിന്തകളുമില്ല.
വല്ലപ്പോഴും നീ നക്ഷത്രത്തെ നോക്കി പുഞ്ചിരിക്കൂ. എനിക്കേറ്റവും          പ്രിയപ്പെട്ട ആ ചിരി കാണാറുണ്ടെന്നു ആ താരം എന്നോടു മന്ത്രിക്കും. ഈ കുഞ്ഞു ഭൂമിയില്‍ നീയും ഞാനും അടുത്താണ്‌. ഒരേ ആകാശത്തിനു കീഴില്‍! എങ്കിലും ഞാന്‍ വെറുതെ ആഗ്രഹിച്ചു പോകുന്നു, കിട്ടില്ലെന്നറിഞ്ഞിട്ടും ഒരു നിമിഷമെങ്കിലും നിന്റെ സാമിപ്യം...!

സ്‌നേഹപൂര്‍വം


നിന്റെ പ്രിയ ആരാധിക


(മലയാളം ബ്ലോഗേഴ്‌സ്‌ എന്ന ഫേസ്‌ബുക്ക്‌ കൂട്ടായ്‌മ സംഘടിപ്പിച്ച പ്രണയലേഖനമത്സരത്തിലേക്കായി എഴുതിയത്‌. പറയാതെ ബാക്കി വെച്ചത്‌; ഇതില്‍ ഒന്നാം സമ്മാനം എനിക്കു കിട്ടി. നിങ്ങളും എന്നെപ്പോലെ ഞെട്ടിയല്ലേ?) 

6.2.14

ഈറന്‍ ചിന്തകള്‍


വീണ്ടും എഴുതിത്തുടങ്ങിയപ്പോള്‍ പഴയപോലെ മനസ്സില്‍ ആശയങ്ങള്‍ വരുന്നില്ലെന്നൊരു ഭയം. അങ്ങനെയുളള അവസരങ്ങളില്‍ ഞാന്‍ അഭയം തേടാറുളളത്‌ എന്റെ പ്രിയപ്പെട്ട വീട്ടിലാണ്‌. ഇത്തവണയും ഞാന്‍ പതിവുതെറ്റിച്ചില്ല. മകരമഞ്ഞില്‍ മൂടി നിന്ന്‌ ആ വീടും തറവാടും വയലേലകളും എനിക്കു സ്വാഗതമരുളി. ഒറ്റയ്‌ക്കായെന്നു തോന്നുമ്പോള്‍ എന്നെ പാട്ടുപാടി രസിപ്പിച്ച കിളികളെല്ലാം എനിക്കായി കാത്തു നില്‍ക്കുകയാണെന്നു തോന്നി.

    വീടിനകത്തു കയറി അടുക്കളയിലിരുന്ന കാച്ചിയ വെളിച്ചെണ്ണയെടുത്തു തലയില്‍ തേച്ചു പിടിപ്പിച്ചു. വെളിച്ചെണ്ണയും തുളസിയും, തെച്ചിയും, മൈലാഞ്ചിയും അല്‍പം കുരുമുളകുമിട്ടു ഈയ എന്നു ഞങ്ങള്‍ വിളിക്കുന്ന വീട്ടില്‍ സഹായത്തിനു നില്‍ക്കുന്ന സ്‌ത്രീ എനിക്കായി പ്രത്യേകമുണ്ടാക്കിയ എണ്ണയുടെ വാസന അവര്‍ണ്ണനീയമാണ്‌. ഷാമ്പുവിന്റെയും കണ്ടീഷണറിന്റെയും ജാഡകള്‍ മാറ്റി വച്ച്‌ ഞാന്‍ തനിനാടനാകുന്നത്‌ അവിടെയെത്തുമ്പോഴാണ്‌.
എല്ലാവരും എന്നെ വല്ലാതെ സ്‌നേഹിക്കുന്നു. എനിക്കായി പലതും ഒരുക്കിവെക്കുന്നു. ഞാന്‍ ഇല്ലെങ്കിലുമെന്റെ ശബ്ദം കേള്‍ക്കുന്നു. വരാനായി കാത്തു നില്‍ക്കുന്നു. ഈ ലാളനകളൊക്കെ ഞാന്‍ ഇഷ്ടപ്പെടുന്നു. പലരോടും അഹങ്കാരത്തോടെ ഞാന്‍ പറഞ്ഞിട്ടുമുണ്ട്‌. പക്ഷെ ചിലപ്പോഴെങ്കിലും ഈ സ്‌നേഹവായ്‌പകളൊക്കെ എന്നെ ബന്ധനത്തിലകപ്പെടുത്തുന്നതായി തോന്നുന്നു. ലാളന കൊണ്ട്‌ വീര്‍പ്പുമുട്ടിക്കാതെ, ഞാനെന്നൊരു വ്യക്തി ഈ ലോകത്തുണ്ടെന്നു ആരും ശ്രദ്ധിക്കാതെ ജീവിക്കാന്‍ കൊതിച്ചിട്ടുണ്ട്‌. ഓരോ ദിനം കഴിയും തോറും സ്‌നേഹിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. എല്ലാവരെയും വെറുപ്പിച്ച്‌ ഈ ലോകത്തോടു വിട പറയണമെന്നാണ്‌ എന്റെ വലിയൊരു സ്വപ്‌നം.
   തിരിച്ച്‌ വീട്ടിലേക്ക്‌... ഒരു തോര്‍ത്തുമുണ്ടെടുത്ത്‌ (ബാത്ത്‌ ടൗവലെന്നു നഗരഭാഷ്യം) കുളത്തിലേക്കു നടന്നു. തണുത്തു വിറച്ചു വെളളത്തിലേക്കിറങ്ങി. പണ്ടൊക്കെ തിരുവാതിരയ്‌ക്കും ക്രിസ്‌തുമസ്‌ അവധിക്കും തണുപ്പ്‌ വകവെക്കാതെ സഹോദരങ്ങളോടൊത്ത്‌ കുളത്തില്‍ തിമിര്‍ത്തത്‌ ഓര്‍മ്മ വന്നു. ഇന്ന്‌ കുളത്തില്‍ വെളളമനക്കാതെ മുങ്ങിക്കുളിച്ചു പോകാനാണ്‌ എല്ലാവരും താല്‍പര്യപ്പെടുന്നത്‌. മഴക്കാലത്ത്‌ നിറഞ്ഞൊഴുകുന്ന കുളത്തിലേക്ക്‌ ഞാന്‍ നിര്‍ബന്ധിച്ചാല്‍ മാത്രം അനിയത്തിമാര്‍ എന്നോടൊത്ത്‌ നീന്തും. 'എറങ്ങി ഒറ്റ മുങ്ങലു മുങ്ങ്യാ തണുപ്പൊക്കെ പോവും.' മുത്തശ്ശി പറഞ്ഞതോര്‍ത്തു മൂന്നു വട്ടം മുങ്ങി.
    തറവാട്ടു വളപ്പിലെ അമ്പലത്തില്‍ ഈറന്‍ വസ്‌ത്രമണിഞ്ഞേ പ്രവേശനമുളളു. കുളി കഴിഞ്ഞു നനഞ്ഞ വസ്‌ത്രവുമായി കുളത്തില്‍ നിന്നു കയറുമ്പോള്‍ പുല്ലാനിക്കാട്ടില്‍ നിന്ന്‌ ദോശയുടെ വാസന. തറവാടിനു ചുറ്റും പണിത നാലു വീടുകളിലായാണ്‌ അച്ഛനും ചെറിയച്ഛന്‍മാരും താമസിക്കുന്നത്‌. അതില്‍ മുത്തശ്ശിയും ഒരു ചെറിയച്ഛനും കുടുംബവും താമസിക്കുന്ന വീടാണ്‌ പുല്ലാനിക്കാട്‌. തറവാടിന്റയത്ര വലുപ്പമില്ലെങ്കിലും ഒരു കുഞ്ഞു തറവാടാണിതും. പണ്ട്‌ അച്ഛനും സഹോദരങ്ങളും അവിടെയായിരുന്നു. എന്റെ കുട്ടിക്കാലം ചിലവഴിച്ച വീട്‌. അവിടുത്തെ ദോശയ്‌ക്ക്‌ ഒരു പ്രത്യേക സ്വാദാണ്‌. പഴയ കല്ലു ഗ്രൈണ്ടറില്‍ അരച്ച മാവ്‌ വിറകു കൂട്ടിയ അടുപ്പില്‍ ചട്ടി വെച്ചു ചുട്ടെടുക്കുന്നതാണ്‌ ദോശയുടെ രുചിയിലെ രസതന്ത്രം.
   പ്രലോഭനത്തില്‍ വീഴാതെ മുന്നോട്ടു നടന്നു. പച്ചപ്പും കുറ്റിക്കാടുമെല്ലാം മാറ്റമില്ലാതെ നില്‍ക്കുന്നു, വര്‍ഷങ്ങളായി! അമ്പലത്തിലെത്തി തൊഴുമ്പോള്‍ പൂജാരി എമ്പ്രാന്തിരി പ്രസാദം തന്ന്‌ കുശലാന്വേഷണം നടത്തി. എന്റെ കുട്ടിക്കാലത്ത്‌ എന്നെ എടുത്ത്‌ നടന്നിരുന്ന ആളാണ്‌. ഇപ്പോഴും അതേ വാല്‍സല്യത്തോടെയാണ്‌ സംസാരിക്കുക. യാത്ര പറഞ്ഞ്‌ തറവാട്ടിലേക്കു നടന്നു.
    അവിടെ കൊയ്‌ത്തു നടക്കുകയാണ്‌. പൊടിയടിച്ചപ്പോള്‍ അറിയാതെ മൂക്കുപൊത്തി. ഞാനടക്കമുളള പലര്‍ക്കും ഇപ്പോള്‍ നെല്ലിന്റെ പൊടി അലര്‍ജിയായിരിക്കുന്നു. വൈകുന്നേരങ്ങളില്‍ വൈക്കോല്‍കൂനകളില്‍ കുത്തിമറിഞ്ഞ ദിവസങ്ങളുണ്ടായിരുന്നു. കാലം മാറി, ജീവിതരീതിയും! കൊയ്യാനെത്തുന്ന സ്‌ത്രീകള്‍ എന്നെ കുട്ടികാലത്ത്‌ സ്ഥിരമായി കളിയാക്കി. ആരു പരിഹസിച്ചാലും കണ്ണീരൊഴുക്കുന്ന ഒരു കുട്ടിയായിരുന്നു അന്ന്‌. പുതിയമുഖങ്ങളെ എനിക്കു പരിചയമില്ല. എന്നാലും ഞാന്‍ ചിരിച്ചു, അവരും.

    തറവാടിനകത്ത്‌ നിശബ്ദത. മൊബൈലിന്റെയോ ടിവിയുടെയോ ബഹളമില്ല. പലപ്പോഴും ആ ശാന്തത അസഹനീയമായി തോന്നാറുണ്ട്‌. ഭൂതകാലത്തിലെ ഓര്‍മ്മകളാകാം എന്നെ അത്തരത്തില്‍ ചിന്തിപ്പിക്കുന്നത്‌. ഞങ്ങള്‍ മുത്തശ്ശി എന്നു വിളിക്കുന്ന അച്ഛന്റെ ചെറിയമ്മ നാലുകെട്ടിലെ നിലത്തിരുന്ന്‌ മലരിലെ പതിരു കളയുന്നു. കേള്‍വിക്കും കാഴ്‌ചയ്‌ക്കും ചെറിയ കുറവുണ്ട്‌ ഇപ്പോള്‍ മുത്തശ്ശിക്ക്‌. ആരെന്തു പറഞ്ഞാലും പുഞ്ചിരിയോടെ കേള്‍ക്കും. മുത്തശ്ശിയോടു വിശേഷങ്ങള്‍ പങ്കുവെച്ച്‌ തറവാടിനകത്ത്‌ വേട്ടേക്കരനെ തൊഴുത്‌ തീര്‍ഥവും സേവിച്ച്‌ വീട്ടിലേക്ക്‌ നടന്നു!
   പുല്ലാനിക്കാടിനടുത്തെത്തിയപ്പോള്‍ അടുക്കളയില്‍ നിന്ന്‌ ചെറിയമ്മയുടെ സ്വരം, "ദോശ വേണോ?" ഈറനാണെന്നു പറഞ്ഞു ഞാന്‍ വീട്ടിലേക്കു നടന്നു. വഴിയില്‍ തിരുവാതിരയുടെ ശേഷിപ്പായ ഊഞ്ഞാല്‍ കാറ്റിനനുസരിച്ച്‌ ചെറുതായി ചലിച്ചു.
   എല്ലാമെന്നെ എഴുതാന്‍ നിര്‍ബന്ധിക്കുന്നു. ഞാന്‍ ഈ അക്ഷരങ്ങളെ വെറുക്കാന്‍ ആഗ്രഹിച്ചതാണ്‌. പക്ഷെ പ്രിയപ്പെട്ടവര്‍ എന്റെ എഴുത്തിനെ സ്‌നേഹിക്കുന്നു. വെറുക്കപ്പെടുമ്പോഴും എന്റെ കൈ ചലിക്കാന്‍ കൊതി. എഴുതുന്നു, വായിക്കുമെന്ന പ്രതീക്ഷയോടെ! 

4.2.14

സ്വപ്‌നലോകത്തിരുന്ന്‌ ഞാന്‍ വീണ്ടും...!




അക്ഷരങ്ങള്‍ പെറുക്കിവെക്കുന്നത്‌ ഒരു സാധനയാണ്‌. ചില ഘടകങ്ങള്‍ എഴുതാന്‍ പ്രേരിപ്പിക്കുമ്പോള്‍ മറ്റു ചിലത്‌ വിഘാതം സൃഷ്ടിക്കുന്നു. വാക്കുകളെ ധ്യാനിക്കാനുളള കഴിവ്‌ എനിക്കു നഷ്ടപ്പെട്ടുവെന്നു തോന്നിത്തുടങ്ങിയ അവസരത്തിലാണ്‌ സര്‍ഗാത്മക എഴുത്തിനോട്‌ യാത്ര പറയാന്‍ തീരുമാനിച്ചത്‌. യാതൊരു തരത്തിലും അക്ഷരങ്ങള്‍ കൂട്ടിയോജിപ്പിക്കാതെ സ്വയം പ്രതികാരം ചെയ്യണമെന്നായിരുന്നു ആഗ്രഹമെങ്കിലും ജോലി പോകുമെന്നു ഭയന്ന്‌ അത്യാവശ്യം വാര്‍ത്തകള്‍ മാത്രം കൊടുത്ത്‌ ദിനങ്ങള്‍ തളളി നീക്കി.
      ഞാന്‍ എഴുത്ത്‌ നിര്‍ത്തുമെന്നു പറഞ്ഞപ്പോള്‍ എന്റെ ആത്മാവ്‌ മന്ത്രിച്ചു, 'നിന്റെ ലോകം എഴുത്താണ്‌. നീ കൂടുതല്‍ സുന്ദരിയാകുന്നതും എഴുത്തിലൂടെയാണ്‌. നിന്റെ വാക്കുകള്‍ വായിക്കാന്‍ ഒരു സമൂഹമുണ്ട്‌. അവരെ മറക്കരുത്‌.'
     ആരെയും ചെവികൊളളാന്‍ എനിക്കു താല്‍പര്യം തോന്നിയില്ല. മനസ്സിലാക്കിയവര്‍ തളളി പറഞ്ഞപ്പോഴുളള വേദനയോ അമര്‍ഷമോ എന്നെ നിശ്ശബ്ദയാക്കി. കാരണങ്ങള്‍ ആരാഞ്ഞവരോടു എന്തെല്ലാമോ പറഞ്ഞൊഴിഞ്ഞു. പുറത്തു കളിചിരിയുമായി നടക്കുമ്പോഴും ഞാന്‍ എന്നിലേക്കു തന്നെ ഒതുങ്ങി. വിഷമം വരുമ്പോള്‍ അഭയം തേടാറുളള എഴുത്തിനെ ഞാന്‍ ഉപേക്ഷിച്ചതോടെ ശരീരവും മനസ്സും ക്ഷീണിച്ചു.
      ഒരു ബിന്ദുവില്‍ നിന്ന്‌ മറ്റൊന്നിലേക്കുളള യാത്ര എനിക്കു ഓര്‍ക്കാവുന്നതിലുമപ്പുറമായിരുന്നു. മനസ്സു മരവിച്ചു. ഒരു ദീപം കൊടുത്തി പുതിയത്‌ പ്രകാശിപ്പിക്കാന്‍ നന്നെ പ്രയാസപ്പെട്ടു. കാലമെല്ലാം ശരിയാക്കുമെന്ന വിശ്വാസമില്ലാതായി.
      പതുക്കെ ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി, മനവും മേനിയും രണ്ടാണെന്ന്‌. ശരീരം ചുമരുകള്‍ക്കിടയില്‍ ഒതുങ്ങി നിന്നെങ്കിലും മനസ്സ്‌ പാറി പറന്നു നടന്നു. ആകാശത്തു വിദൂരതയില്‍ ചന്ദ്രന്‍ നക്ഷത്രത്തെ നോക്കി നില്‍ക്കുമ്പോള്‍ അവിടെ പോയി രണ്ടു പേരെയും കൂട്ടിയോജിപ്പിക്കുന്നതു വരെ ഭാവനയില്‍ ഞാന്‍ കണ്ടു.
     അങ്ങനെ ഞാന്‍ എഴുതാന്‍ തീരുമാനിച്ചു. പേന ആദ്യമായി കൂട്ടിപ്പിടിച്ച എന്റെ വീട്ടുമുറ്റത്തും തൊടിയിലും പോയി ഞാന്‍ സമ്മതം ചോദിച്ചു. അവിടെ മൗനത്തിലൂടെ എന്നോടു സംവദിച്ച പലതും എന്നെ സ്‌നേഹത്തോടെ നോക്കി. എല്ലാവരും സന്തോഷത്തിലാണെന്നു തോന്നി. ആദ്യമായും അവസാനമായും ഞാന്‍ എന്റെ ആത്മാവിനോടു ചോദിച്ചു, ഞാന്‍ ചെയ്യുന്നത്‌ ശരിയാണോയെന്ന്‌! തീര്‍ച്ചയായും എന്നൊരുത്തരം എനിക്ക്‌ ആത്മവിശ്വാസം നല്‍കുന്നു.
     നെയ്‌തെടുത്ത ആ സ്വപ്‌നലോകത്തിരുന്ന്‌ ഞാന്‍ വീണ്ടും എഴുതിതുടങ്ങുന്നു....!