15.6.15

ഇപ്രാവശ്യവും രക്ഷയില്ല



ഈ ചേര്‍ച്ചകള്‍ക്കുളള അടിസ്ഥാനമെന്ത്? പറഞ്ഞു വരുമ്പോള്‍ ഇരട്ടകളോ നേര്‍ സഹോദരങ്ങളോ അല്ല. ഏടത്തിയെന്നു ഞാന്‍ ആദ്യം വിളിച്ച വ്യക്തി, ആറു മാസത്തെ മൂപ്പ് വില വെക്കേണ്ടെങ്കില്‍ പോലും. സഹോദരന്‍മാരുടെ മക്കളാണെങ്കിലും ഒരേ ദിനത്തില്‍ മണിക്കൂറുകളുടെയോ നിമിഷങ്ങളുടെയോ വ്യത്യാസത്തില്‍ ഒരേ അമ്മയ്ക്കു ജനിച്ച വ്യക്തികളേക്കാള്‍ ഒരു പോലെ ഞങ്ങളെ തറവാടിലെ അംഗങ്ങള്‍ കണ്ടു.

പുളളികളും നിറങ്ങളും ഒരു പോലെ നോക്കി പുത്തനുടുപ്പുകള്‍ വിശേഷാവസരങ്ങള്‍ക്കായി ഞങ്ങള്‍ക്കു വേണ്ടി വാങ്ങി വെച്ചു. ഒന്നിച്ചു കൈ പിടിച്ചു നടക്കാന്‍ പഠിച്ചു. അല്ല, ആദ്യം നടന്നു തുടങ്ങിയ അളകേടത്തി എനിക്കു വഴികാട്ടിയായി. വീഴാതെ പിടിച്ചു നിര്‍ത്തി.

നിഗൂഡമായ മനസ്സുളള ഒരു വ്യക്തിത്വമാണ് ഏടത്തിയുടേതെന്നു പലപ്പോഴും തോന്നാറുണ്ട്. പക്ഷെ ഒരുമ നിറങ്ങളില്‍ ഞങ്ങളെ പിടിച്ചു നിര്‍ത്തി. വെവ്വേറെ വീടുകളില്‍ നിന്നും ചടങ്ങുകള്‍ക്കെത്തി അവിടെ വെച്ചു കണ്ടു മുട്ടുമ്പോഴും വസ്ത്രങ്ങളിലെ നിറങ്ങളുടെ സാദൃശ്യം ഞങ്ങളെ വിസ്മയപ്പെടുത്തി.

പറഞ്ഞാല്‍ ഫലം പോകുമെന്ന കേട്ടുകേള്‍വിയനുസരിച്ച് പലരോടും ഞങ്ങള്‍ ഈ നിറങ്ങളിലെ ഒരുമയെക്കുറിച്ചു പറഞ്ഞു. ഒരു ഫലിതമെന്നോണം അവര്‍ ഇതിനെ ചിരിച്ചു തളളി, അല്ല ഇന്നും ആ പതിവ് തുടര്‍ന്നു.

ഇന്ന് അളകേടത്തിയുടെ മുത്തശ്ശന്റെ നവതിയാഘോഷത്തിനു കോഴിക്കോട് തളിയിലെ പത്മശ്രീ ഓഡിറ്റോറിയത്തിലെത്തിയ ഞാന്‍ ആളുകള്‍ക്കിടയില്‍ ആ മുഖം എവിടെയെന്നു നോക്കി. ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം കാണുന്നതിന്റെ ആകാംക്ഷയ്ക്കപ്പുറം ഞാന്‍ ഏടത്തിയെ തിരഞ്ഞത് വേഷമെന്തെന്നറിയാനായിരുന്നു.

ഏടത്തിയെ അന്വേഷിച്ചു തിരക്കിനിടയില്‍ പച്ച സാരിയില്‍ നടന്ന എനിക്കു കണ്ടു പിടിക്കാന്‍ അധികം കഷ്ടപ്പെടേണ്ടി വന്നില്ല. പച്ച ദാവണിയുടുത്ത് ഹാളിനകത്ത് ആരോടോ സംസാരിച്ചു നില്‍ക്കുന്നു. പരസ്പരം ചിരിച്ചു കൊണ്ട് പറഞ്ഞു, 'ഇപ്രാവശ്യവും രക്ഷയില്ല.'