19.11.12

ഞമ്മടെ ബണ്ടി

"ഞമ്മടെ ബണ്ടില് ഇന്ന് ആള് കൊറവാണല്ലോ!" ഞങ്ങളുടെ നാട്ടില്‍ ആരെങ്കിലും ഇങ്ങനെ പറയുന്നത് കേട്ടാല്‍ വല്ല ബസ്‌ മുതലാളിയുമാകും ഈ ഡയലോഗ് അടിക്കുന്നത് എന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ആ സാധു മനുഷ്യന്‍ ഉദ്ദേശിക്കുന്നത് നിലമ്പൂര്‍-ഷൊര്‍ണൂര്‍ ട്രെയിന്‍ ആണ്. ആ വണ്ടി കടന്നു പോകുന്നത് അധികവും ഗ്രാമപ്രദേശങ്ങളിലൂടെയാണ്. ട്രെയിന്‍ ടു പാകിസ്താന്‍ എന്ന നോവലിലെ പോലെ പലപ്പോഴും ഗ്രാമങ്ങളിലെ ദിനചര്യകള്‍ ഈ വണ്ടിയെ ആശ്രയിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ ഈ വണ്ടിക്കു ഒരു അപകടവും സംഭവിക്കാതെ കടന്നു പോകാന്‍ നാട്ടുകാര്‍ ആത്മാര്‍ഥമായി ശ്രമിക്കാറുണ്ട്. "വണ്ടി" എന്നതുകൊണ്ട് ഞാന്‍ ഒരൊറ്റ ട്രെയിന്‍ അല്ല ഉദേശിച്ചത്, ഈ റൂട്ടില്‍ ഓടുന്ന ആറു വണ്ടികള്‍ ഉണ്ട്. ബ്രിട്ടിഷുകാരുടെ കാലത്ത് നിര്‍മിച്ച ഈ പാതയും റെയില്‍വേ സ്റ്റേഷനുകളും ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായവയിലോന്നാണ് എന്ന് സഞ്ചാരികള്‍ സാക് ഷ്യപ്പെടുത്തുന്നു.
നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ഏറെ കാത്തിരിപ്പിനു ശേഷം അവതരിച്ച ട്രെയിന്‍ ആണ് രാജ്യറാണി. ഷൊര്‍ണുരില്‍ വച്ച് അമൃത എക്സ്പ്രസ്സുമായി യോജിപ്പിച്ച് തിരുവനന്തപുരം വരെ ഈ ഗ്രാമീണരെ എത്തിക്കുന്ന വണ്ടിയാണ് രാജ്യറാണി. എനിക്ക് ആ അവതാരത്തെ ദര്‍ശിക്കാനായതും യാത്ര ചെയ്യാന്‍ അവസരം കിട്ടിയതും ഈയടുത്താണ്. രാത്രി ഒന്‍പതു മണിയോടടുത്ത് വാണിയമ്പലം എന്ന ഞങ്ങളുടെ കൊച്ചു സ്റ്റേഷനില്‍ രാജ്യറാണി എത്തി. കയറിയ ഉടന്‍ വണ്ടി യാത്ര തുടങ്ങി. ഒഴിഞ്ഞ കമ്പാര്‍ട്ട്മെന്റ് യാത്രയ്ക്കിടയില്‍ പതുക്കെ നിറഞ്ഞു തുടങ്ങി. പലപ്പോഴും രാജ്യറാണിയില്‍ യാത്ര ചെയ്യുന്നവരില്‍ ഭൂരിപക്ഷം പേരും രാഷ്ട്രീയസാമൂഹികരംഗത്തെ പ്രമുഖര്‍ ആയിരിക്കും. ഖദര്‍ ഇട്ട ഒരു നേതാവിനോട് അച്ഛന്‍ കുശലം പറയുന്നത് കണ്ടു. വണ്ടി പതുക്കെ ഷൊര്‍ണൂരില്‍ എത്തി. അവിടെ ഒരു മണിക്കൂറിലധികം വിശ്രമം ഉണ്ട്.

രാജ്യറാണി തന്‍റെ കൂട്ടുകാരിയായ അമൃതയെ കാത്തുകിടക്കുന്നതിനിടയില്‍ യാത്രക്കാര്‍ ഭക്ഷണപൊതികള്‍ തുറന്നു അത്താഴത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. "ബരീന്‍...ബസണം കയ്ക്കാം!" എതിര്‍വശത്തുള്ള സീറ്റിലെ ഒരു കൂട്ടം മദ്ധ്യവയസ്കര്‍ കൂടെയിരിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ക്ക് നേരെ ഭക്ഷണപൊതി നീട്ടിക്കൊണ്ട് പറഞ്ഞു. കഴിക്കണോ എന്ന ചോദിക്കുന്നതിനു പകരം തങ്ങളുടെ അത്താഴത്തിന്റെ ഒരു പങ്കു കൊടുക്കുന്ന മലബാര്‍ സംസ്കാരം കണ്ടു മനസ്സ് നിറഞ്ഞു സ്നേഹത്തോടെ അവര്‍ നിരസിച്ചു.

കൂട്ടുകാരിയുടെ കൈകോര്‍ത്തു രാജ്യറാണി പതുക്കെ നീങ്ങി തുടങ്ങി. ലൈറ്റുകള്‍ അണച്ച് എല്ലാവരും ഉറങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.ഞാന്‍ മുകളിലെ ബെര്‍ത്തില്‍ കയറി ഉറങ്ങാന്‍ കിടന്നു. എന്തോ ഉറക്കം വരുന്നില്ല! "തൃശൂര്‍ സ്റ്റേഷന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു." എന്ന് അനൌണ്‍സ്മെന്റ് കേട്ടപ്പോള്‍ ഞാന്‍ പതുക്കെ താഴേക്ക്‌ ഇറങ്ങി. ഞാന്‍ ഏറെ സ്നേഹിക്കുന്ന പലതും സമ്മാനിച്ച ആ നാടിനെ രാത്രിയുടെ മനോഹരിതയില്‍ കാണാനുള്ള ആഗ്രഹത്താല്‍ താഴേക്ക്‌ ഇറങ്ങിയപ്പോഴേക്കും വണ്ടി വിട്ടിരുന്നു. ഒരു ബിന്ദുവിനു ചുറ്റും കറങ്ങുന്ന ഒരു പട്ടണമാണ് തൃശൂര്‍. പലരെയും പോലെ എന്നെയും ഒരുപാട് ചുറ്റിച്ചിട്ടുന്ടെങ്കിലും ആ നാട് ഇന്നുമെനിക്ക്‌ ഉത്തരം തരാത്ത ഒരു ചോദ്യമായി നില്ക്കുന്നു. മഴയില്‍ കുതിര്‍ന്ന ഒരു യാത്രയുടെ ഓര്‍മകളുമായി ചുമ്മാ ഒരു നാടിനെ മാത്രം വര്‍ണിച്ചു അവസാനിപ്പിക്കാന്‍ ഉദ്ധേശമില്ലാത്തതുകൊണ്ട് വീണ്ടും മുന്നോട്ട്!

താഴെ ഇറങ്ങിയപ്പോള്‍ അച്ഛന്‍ ഉറങ്ങാതെ ഇരിക്കുന്നത് കണ്ടു. അച്ഛനെ മുകളിലെ ബെര്‍ത്തിലേക്ക് പറഞ്ഞു വിട്ടു ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു. പെണ്ണ് എന്നാ നിലയില്‍ പലപ്പോഴും രാത്രി യാത്ര നിഷിദ്ധമായതുകൊണ്ടാണോ എന്തോ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മഞ്ഞിന്‍ പുക മൂടി നില്‍ക്കുന്ന വയലുകളും പറമ്പുകളും കഴിഞ്ഞു വണ്ടി വലിയവലിയ കെട്ടിടങ്ങള്‍ക്കിടയിലൂടെ യാത്ര തുടര്‍ന്നു. ഇടയ്ക്ക് ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലം എത്തിയവേളയില്‍ ഞങ്ങളോട് യാത്ര പറഞ്ഞു രാജ്യറാണി നീങ്ങി.

കേരളത്തിന്‍റെ തലസ്ഥാനത്ത് രാജ്യറാണി യാത്ര അവസാനിപ്പിക്കുമ്പോള്‍ ഒരുപാട് വന്‍നഗരങ്ങളില്‍ നിന്നുമുള്ള തീവണ്ടികള്‍ പുച്ഛത്തോടെ അവളെ നോക്കുമ്പോള്‍  അവള്‍ പറഞ്ഞേക്കാം, 'ഞാന്‍ ഗ്രാമത്തില്‍ നിന്നും വരുന്ന വണ്ടി ആണ്. നിങ്ങളുടെയത്ര നാടുകള്‍ കണ്ടിട്ടില്ല. പക്ഷെ നിങ്ങളാരെക്കാളുമധികം സ്നേഹം എനിക്ക് ലഭിക്കുന്നു. എനിക്ക് അപകടം പിണയാത്തിരിക്കാന്‍ ഒരു സമൂഹം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളോട് വാദിക്കാന്‍ എനിക്ക് സമയം ഇല്ല. എനിക്കിപ്പോള്‍ ഉറങ്ങിയാലെ കണ്ണിലെണ്ണ ഒഴിച്ച് എന്നെ കാത്തിരിക്കുന്ന ആ ഗ്രാമങ്ങളിലൂടെ ഇന്ന് രാത്രി യാത്ര ചെയ്യാനാവൂ."


(ഇംഗ്ലീഷില്‍ നിലമ്പുര്‍-ഷൊര്‍ണൂര്‍ വണ്ടിയെ പറ്റി രണ്ടു വര്‍ഷം മുന്‍പ് വിശദമായി എഴുതിയതാണ്. അതുകൊണ്ട് തന്നെയാണ് ഈ പോസ്റ്റില്‍ വീണ്ടും ആവര്‍ത്തിക്കാതെ ചുരുക്കി കളഞ്ഞത്. ഇംഗ്ലീഷ് പോസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യു)

13.11.12

ചാന്ദനി - ഒരു സ്വപ്നം

കൂത്തുപറമ്പ്-തലശ്ശേരി റോഡിലുള്ള ഫത്തിമാസ് എന്ന വീടിനു സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അതിനു പറയാന്‍ ഒരുപാടു കഥകള്‍ ഉണ്ടാകും. സ്നേഹസമ്പന്നരായ ഒരു ദമ്പതികള്‍ അവരുടെ സ്വപ്നസൗധം പടുത്തുയര്‍ത്തിയതിന്റെയും ചിരിച്ചുല്ലസിച്ച്‌ എല്ലാ വിഷമങ്ങളും മറന്നു ജീവിച്ചതിന്റെയും ഒടുവില്‍ പല ചോദ്യങ്ങള്‍ക്കുത്തരം കിട്ടാതെ ആ വീടിന്‍റെ താക്കോല്‍ മറ്റൊരു ഉടമസ്ഥനെ ഏല്‍പ്പിച്ചതും അടക്കം ഒരുപാട് അദ്ധ്യായങ്ങള്‍ ആ വീടിനുള്ളില്‍ ഉറങ്ങി കിടക്കുന്നു.

ഫത്തിമാസ് എന്ന പേര് സ്വീകരിക്കുന്നതിനു മുന്‍പ് ആ ഗൃഹം ചാന്ദനി ആയിരുന്നു. എന്‍റെ മുത്തശ്ശന്‍ സ്വരുക്കൂട്ടി വച്ച സമ്പാദ്യത്തിന്‍റെ ഫലമായി ആ ഗൃഹം നിര്‍മിച്ചു. നിലാവില്‍ കുളിച്ചു നില്‍ക്കുന്ന വീടിന്‍റെ ഭംഗിയില്‍ ഞങ്ങള്‍ വല്യച്ഛന്‍ എന്ന് വിളിക്കുന്ന മുത്തശ്ശന്‍ മയങ്ങി പോയത് കൊണ്ടാണ് വീടിനു ചാന്ദനി എന്ന പേരിട്ടതെന്ന് അമ്മ പറയാറുണ്ട് ഞാന്‍ ജനിച്ചതും ഒഴിവു കാലം ചിലവിട്ടതും എല്ലാം ആ വീട്ടിലാണ്‌.




ചാന്ദനിയുടെ ഏറ്റവും വലിയ പ്രത്യേകത എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ അവിടെ ജാതിമത വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല. വല്യച്ഛന്റെയും അമ്മാവന്മാരുടെയും സുഹൃത്തുക്കളും മറ്റു ബന്ധുക്കളും സ്വഗൃഹം പോലെ ചാന്ദനിയില്‍ ജീവിച്ചു. സാമൂഹ്യപ്രവര്‍ത്തകന്‍ ആയ വല്യച്ഛനും, അദ്ദേഹത്തിന് താങ്ങും തണലുമായി എന്നുമൊരു പുഞ്ചിരിയോടെ മുത്തശ്ശിയും ആ ഗൃഹത്തെ സമ്പന്നമാക്കി. ഗ്രാമത്തില്‍ നിന്ന് പോയ എനിക്ക് അന്ന് അവിടം ഒരു അത്ഭുതം ആയിരുന്നു. ഇന്നത്തെ പോലെ എന്റെ നാട്ടില്‍ റോഡിലൂടെ അധികം വണ്ടികള്‍ ഓടാറില്ല. അത് കൊണ്ട് തന്നെ ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്ന അവിടുത്തെ റോഡിലേക്ക് ഞാന്‍ നോക്കി നില്‍ക്കാറുണ്ട്. ബസ്സിന്‍റെ പേര് വായിക്കുന്നതും എണ്ണം എടുക്കുന്നതും എന്‍റെയും അനിയത്തി ജ്യോതിയുടെയും പ്രധാനവിനോദം ആയിരുന്നു.

സാധാരണ ഇല്ലങ്ങളിലെ പോലെ ഏക്കറുകണക്കിന് ഭൂമി ഒന്നും അവിടെ ഇല്ലെങ്കിലും ഉള്ള സ്ഥലത്ത് എല്ലാവിധ ഫലവൃക്ഷങ്ങളും ഉണ്ടായിരുന്നു. പ്ലാവ്,മാവ്, സപ്പോട്ട, ബദാം തുടങ്ങി നാരങ്ങ മരം വരെ അവിടെ തഴച്ചു വളര്‍ന്നു. ആ ദമ്പതികളുടെ മക്കളുടെ ബാല്യവും വിവാഹവും കൊച്ചുമക്കളുടെ ജനനവും എല്ലാം ആ ഗൃഹത്തിലുള്ളപ്പോഴായിരുന്നു. എല്ലാം മംഗളകരമായി നടത്തിയ ശേഷം ആ ഗൃഹം മറ്റൊരാളെ ഏല്‍പ്പിച്ചു വല്യച്ഛനും കുടുംബവും മറ്റൊരു നാട്ടില്‍ ഒരു കൊച്ചു വീട് വാങ്ങി. പുതിയ വീട്ടില്‍ ഏതാനും വര്‍ഷം താമസിച്ചു ആ വൃദ്ധദമ്പതികള്‍ ഈ ലോകത്തോട്‌ വിട പറഞ്ഞു.


വല്യച്ഛനും മുത്തശ്ശിയും

എന്നെ ഒരുപാടു സ്വപ്നം കാണാന്‍ പഠിപ്പിച്ച വീടായിരുന്നു ചാന്ദനി. എന്നെ അക്ഷരലോകത്തേക്ക് വല്യച്ഛന്‍ കൈ പിടിച്ചു കയറ്റിയത് ഈ വീട്ടില്‍ വച്ചാണ്. ഞാന്‍ എഴുതുന്ന ഓരോ വാക്കുകള്‍ക്കും ഒരുപാടു അര്‍ത്ഥങ്ങളും ശക്തിയും ഉണ്ടെന്നു വല്യച്ഛന്‍ എന്നെ പഠിപ്പിച്ചത് ഇവിടുന്നാണ്‌. സ്ത്രീയുടെ നിഷ്കളങ്കമായ സ്നേഹം എന്തെന്ന് പഠിപ്പിച്ച മുത്തശ്ശി ജീവിച്ചത് ആ വീട്ടിലായിരുന്നു. ഭക്ഷണത്തിന് കൈപുണ്യത്തിന്റെ ലഹരി ചേര്‍ത്ത് വിളമ്പാന്‍ മുത്തശ്ശിയും അമ്മായിയും മത്സരിച്ചത് ഇവിടെ വച്ചായിരുന്നു. ഉറക്കെ ചിരിക്കണമെന്ന് എന്നെ പഠിപ്പിച്ച അമ്മാവന്‍മാരുടെ ചിരികള്‍ ആ വീടിനെ ഉത്സവലഹരിയിലാക്കി. വീട് എങ്ങനെ വൃത്തിയാക്കി വയ്ക്കാം എന്ന് ഞാന്‍ മനസിലാക്കിയത് ഇവിടെ എന്റെ ചെറിയ അമ്മായിയില്‍ നിന്നായിരുന്നു. സൗഹൃദവും ജാടയും എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ചു തന്നത് ഇവിടുത്തെ എന്‍റെ സഹോദരങ്ങള്‍ ആണ്.

ഒടുവില്‍ മനുഷ്യനെക്കാള്‍ നാം പരിസരത്തെ സ്നേഹിക്കുന്ന അവസ്ഥ വരുമെന്ന് ബോധ്യപ്പെടുത്തിയത് ചാന്ദനിയില്‍ നിന്ന് പടി ഇറങ്ങിയപ്പോഴാണ്. വീമ്പുപറയാന്‍ ഒരു രാജകൊട്ടാരത്തിന്റെ പ്രൗഡിയൊന്നും ആ വീടിനില്ലായിരുന്നു. ഒരു സാധാരണ കുടുംബം താമസിക്കുന്ന ഒരു കൊച്ചുവീട്. പക്ഷെ അതിനപ്പുറം കുടുംബം എന്ന വാക്കിന്റെ ശരിയായ പ്രയോഗമായ കൂടുമ്പോള്‍ ഇമ്പമുള്ള ഒരു അന്തരീക്ഷം അവിടെ ഉണ്ടായിരുന്നു.

ഇന്ന് ചാന്ദനി കെട്ടിലും മട്ടിലും പേരിലും ആകെ മാറിയിരിക്കുന്നു. ഈ മാറ്റം നടന്നിട്ട് ഒരുപാട് വര്‍ഷങ്ങള്‍ ആയെന്നു തോന്നുന്നു. പക്ഷെ ഞാനിതു ഇന്നലെ നടന്ന പോലെയേ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുള്ളൂ. ചാന്ദനിക്കും അങ്ങനെ തന്നെ ആണെന്ന് തോന്നുന്നു. വീടിനു ആത്മാവ് ഉണ്ടോ? ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്ക് താല്പര്യം. മുത്തശ്ശനെയും മുത്തശ്ശിയെയും ഓര്‍ക്കുന്ന പോലെ ആ വീടിനെയും എന്റെ ഒരു വഴികാട്ടിയായി ഞാന്‍ എന്നും നന്ദിയോടെ സ്മരിക്കും.

മനസ്സില്‍ മറക്കാന്‍ കഴിയാത്തതൊക്കെ  സ്വപ്‌നങ്ങള്‍ ആയി വരും. തീര്‍ച്ചയായും ചാന്ദനി അവിടെ താമസിച്ച ഓരോ കുടുംബാംഗങ്ങളുടെയും നിശാസ്വപ്നത്തില്‍ കടന്നു വരാറുണ്ട്. ഇന്നത്തെ രാത്രിയില്‍ ഉറപ്പായും ഞാന്‍ ചാന്ദനിയില്‍ ആകും. അതുകൊണ്ട് തന്നെ മനോഹരമായ ആ സ്വപ്നം പ്രതീക്ഷിച്ചു ഞാന്‍ ഉറങ്ങാന്‍ കിടക്കട്ടെ!

9.11.12

അയ്യോ ഞാന്‍ അവരല്ല!


പറയാതെ ബാക്കി വച്ചിട്ട് കുറെ നാളുകളായി. ഇന്നെങ്കിലും എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ ഈ ബ്ലോഗ്‌ കാട് മൂടി പോകും. സോണി ഭട്ടതിരിപ്പാടിന്റെ അമ്മയെ കുറിച്ചുള്ള പോസ്റ്റ്‌ എല്ലാവരും വായിച്ചോട്ടെ എന്ന് കരുതി ആയിരുന്നു ഈ മൗനം. ഞാന്‍ എന്ത് കൊണ്ട് എഴുതുന്നു, എങ്ങനെ എഴുതുന്നു എന്നൊക്കെ പലരും സംശയിക്കാറുണ്ട്! ആ ചോദ്യങ്ങള്‍ക്കൊന്നും പലപ്പോഴും എനിക്ക് ഉത്തരം പറയാന്‍ അറിയില്ല. എന്‍റെ നിശബ്ദതയെ ജാഡ എന്ന് വിളിക്കുന്നവരുമുണ്ട്.
 

വേറൊരു തമാശ എന്താണെന്ന് വച്ചാല്‍ എന്‍റെ എഴുത്തിന്റെ ശൈലി കമലാദാസിന്റേതു പോലെ ആണെന്ന് ചിലര്‍ പറയുന്നു! വായിച്ചിട്ട് നിങ്ങള്‍ ചിരിച്ചോ എന്നെനിക്കറിയില്ല, എങ്കിലും ഈ പേര് കുറച്ചു കാലമായി ആളുകള്‍ എന്‍റെ കൂടെ ചേര്‍ത്ത് വായിക്കുന്നു. ആദ്യമേ പറയട്ടെ കമല ദാസ്‌ എന്ന എഴുത്തുകാരി ജനിച്ചതും ജീവിച്ചതും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌. അവര്‍ കൈ കൊണ്ടെഴുതുമ്പോള്‍ ഞാന്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ടൈപ്പ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. വ്യാകരണപ്പിശകുകള്‍ ചൂണ്ടി കാണിക്കാന്‍ എനിക്ക് സോഫ്റ്റ്‌വെയര്‍ ഉണ്ട്. കമല ദാസ്‌ എഴുത്തിന്റെ മാന്ത്രികത സൃഷ്ടിച്ചത് കേവലം വിരലുകളുടെയും ഭാവനയുടെയും സഹായത്തോടെ മാത്രം ആണ്.



ഗുരുവായൂരപ്പന്റെ സ്വന്തം കോളേജ് ആയ ശ്രീകൃഷ്ണ കോളേജിലെ ഇരുള്‍ മൂടിയ ഹിസ്റ്ററി ബ്ലോക്കിലെ ഇംഗ്ലീഷ് ക്ലാസ്സില്‍ വച്ചാണ് ഞാന്‍ ആദ്യമായി ആ പേര് കേള്‍ക്കുന്നത്. പാലക്കാട്ടുകാരി ഗീത ടീച്ചര്‍ കോളേജ് മാഗസിനിലെ എന്റെ കഥ വായിച്ചിട്ട് പറഞ്ഞു, "രൂപ, കഥ നന്നായിട്ടുണ്ട്. കമല ദാസിന്റെ ഒരു ശൈലി പോലെ തോന്നി വായിച്ചപ്പോള്‍..."! ആദ്യമായി ഒരു കഥ പ്രസിദ്ധീകരിച്ചു വന്നതിലെ അന്ധാളിപ്പ് വിട്ടു മാറിയിട്ടില്ലാത്ത ഞാന്‍ ആ അഭിനന്ദനം കേട്ടമാത്രയില്‍ നാണത്താല്‍ ചൂളി പോയി.

പിന്നീട് കമല ദാസിന്റെ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ അവരുടെ എഴുത്തിന്റെ മനോഹാരിത എന്നെ അത്ഭുതപ്പെടുത്തിയിടുണ്ട്. എന്ത് കൊണ്ട് പലരും എന്റെ എഴുത്തിനെ അവരേതുമായി തരതമ്യപ്പെടുത്തുന്നു എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്....
എന്തായാലും ഈ ജന്മത്തില്‍ എനിക്ക് അവരെപോലെ എഴുതാന്‍ കഴിയില്ലെന്നതാണ് ഞാന്‍ അറിയുന്ന  യഥാര്‍ത്ഥ്യം.

കമല ദാസ്‌ എന്ന "
കുട്ടിയെ" ഞാന്‍ ആദ്യം അറിഞ്ഞത് പണ്ട് ദൂരദര്‍ശനില്‍ വന്നിരുന്ന "ബാല്യകാലസ്മരണകള്‍" എന്ന സീരിയലില്‍ നിന്നാണ്. ഇതേ പേരിലുള്ള അവരുടെ കഥയുടെ ചിത്രാവിഷ്കരണം ആയിരുന്നു ആ സീരിയല്‍. ചെറുപ്പത്തില്‍ മുത്തശ്ശിയുടെ കൂടെ ചിലവിട്ട ദിനങ്ങള്‍ എല്ലാം അത് പോലെ ആ കുട്ടിക്കും ഉണ്ടല്ലോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ അവര്‍ എഴുത്തുകാരി ആണെന്നൊന്നും എനിക്ക് അന്ന് അറിയില്ലായിരുന്നു.

ഇതൊക്കെയാണെങ്കിലും കമല എനിക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരി ആണ്. നാലപ്പാട്ട് തറവാട്ടിലെ നീര്‍മാതളത്തിന്റെ ഗന്ധവും കല്‍ക്കട്ട നഗരത്തിന്‍റെ യാന്ത്രികതയും അവരുടെ വാക്കുകളിലൂടെ മിന്നിമറഞ്ഞു. നഗരത്തില്‍ ജീവിക്കുമ്പോഴും മനസ്സ് ഗ്രാമീണതയില്‍ ലയിച്ച ആ കഥാകാരി പലപ്പോഴും ഏകയായിരുന്നു. ഞാനും ചെറുപ്പത്തില്‍ പുസ്തകങ്ങള്‍ക്ക് പുറകെ പോയി കൂട്ടുകാരില്‍ നിന്ന് എപ്പോഴും അകന്നു നിന്നു. പക്ഷെ അവരെ പോലെ ഏകാന്തതയെ വാക്കുകള്‍ ആക്കി മാറ്റാനുള്ള ശേഷി എനിക്കില്ലാത്തത് കൊണ്ട് ഞാന്‍ പുസ്തകങ്ങളുടെ ലോകത്തെ ഉപേക്ഷിച്ചു. പലപ്പോഴും എഴുതാന്‍ വാക്കുകള്‍ കിട്ടാതാവുമ്പോള്‍ പുസ്തകങ്ങളെ തേടി പോകാന്‍ ഞാന്‍ പേടിക്കുന്നു. അപൂര്‍വ്വം ചില നിമിഷങ്ങളില്‍ ഞാന്‍ വായനയില്‍ മുഴുകാറുണ്ട്. വാക്കുകള്‍ കൊണ്ട് വര്‍ണ്ണം വിതറിയ മനോഹരമായ രചനകള്‍ എന്നെ പിടിച്ചിരുതാറുണ്ട്. അങ്ങനെ അവസാനമായി ആര്‍ത്തിയോടെ വായിച്ച കൃതിയാണ് "നീര്‍മാതളം പൂത്ത കാലം"...
 

ഇങ്ങനെ ഒരു പോസ്റ്റ്‌ തന്നെ അധികപ്രസംഗം ആയി പോയെന്നു പലര്‍ക്കും തോന്നിയേക്കാം. എന്റെ ഉദ്ദേശവും അത് തന്നെയാണ്. കമല ദാസ്‌ എത്രയോ ഉയരങ്ങളില്‍ എത്തിയ ഒരു പ്രതിഭയാണ്. ഞാനാകട്ടെ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു എന്ന് മാത്രം! ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടു കൂടുന്നു. മറ്റൊരു മഴയെ ഏറ്റുവാങ്ങാനായി ഭൂമി ഒരുങ്ങി കഴിഞ്ഞു. ഞാനും നുകരട്ടെ പുതുമണ്ണിന്റെ സുഗന്ധം...വീണ്ടും കാണാം!