15.3.13

മായാലോകത്തിന്‍ മുഖംമൂടി












ശബ്ദിക്കുന്ന മനസ്സ്
ചലിക്കാത്ത ചുണ്ടുകള്‍
ഞാന്‍ മൂടി വെയ്ക്കുന്നു
എന്നെയും വാക്കുകളെയും!

നീറി പുകയുന്ന ഓര്‍മ്മകള്‍
വിസ്മൃതിയൊരു സ്വപ്നം!
വരണ്ടുണങ്ങിയ ഭൂമിപോല്‍
കണ്ണീരുണങ്ങിയ നയനങ്ങള്‍.

എനിക്ക് സുഖം തന്നെ
എല്ലാം ശുഭം തന്നെ
കേള്‍ക്കേണ്ട വാക്കുകള്‍
നിങ്ങളോട് പറയാനെളുപ്പം.

മദ്യമോ പുകവലിയോ
ഒന്നുമെനിക്കില്ലയെന്നാലും
ഒരു മായാലോകത്തിന്‍
ലഹരിക്കടിമ ഞാന്‍!

ഉന്മത്തതയില്‍ ആറാടി
ദിനങ്ങള്‍ കൊഴിയുമ്പോള്‍
ചിന്തകളൊക്കെ ഹോമിച്ചു
ഞാനെന്ന വികാരജീവി!

തിരിഞ്ഞു നോക്കാന്‍ പേടി
മാന്ത്രികലോകം വെടിയാനും
എനിക്ക് ഞാന്‍ ആവണ്ട
പ്രതിബിംബം മാത്രം മതി!

എന്‍റെ കാര്യം വിട്ടേക്കു
നിങ്ങള്‍ സുഖമായിരിക്കൂ
മുഖംമൂടി അഴിഞ്ഞി
ല്ലെങ്കില്‍
എന്‍ മുഖം പുഞ്ചിരിക്കും!

5.3.13

എന്‍റെ ജല്പനങ്ങള്‍

 
ഞാന്‍ പതുക്കെ കണ്ണുകള്‍ തുറന്നു. തികച്ചും അപരിചിതമായ ഒരു അന്തരീക്ഷമായിരുന്നു എനിക്ക് ആ സ്ഥലം. പച്ചയും വെള്ളയും നിറമണിഞ്ഞ ചുമരും ഒരു കട്ടിലും ചുറ്റും കുറെ ആളുകളും! അവര്‍ തന്നെത്തന്നെ നോക്കിയിരിക്കുന്നു. ആ മുഖങ്ങള്‍ ഒന്നും തന്നെ തനിക്കു പരിചയമില്ല. ഇവരൊക്കെ എന്താ എന്നെ നോക്കിയിരിക്കുന്നത്? അവരുടെ നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ പുറത്തേക്കു കണ്ണോടിച്ചു.

പകലാണെങ്കിലും  ആകാശം ഇരുണ്ടിരിക്കുന്നു. മഴക്കുള്ള പുറപ്പാടാണെന്നു തോന്നുന്നു. എങ്കിലും ഞാന്‍ എങ്ങനെ ഇവിടെ എത്തി? എനിക്ക് എന്ത് സംഭവിച്ചു? കണ്‍പോളകള്‍ക്ക് വല്ലാത്ത കനം തോന്നുന്നുവെങ്കിലും ഉറങ്ങാന്‍ കഴിയുന്നില്ല. പെട്ടന്ന് ഒരു ഇടിമിന്നല്‍ എന്‍റെ നേര്‍ക്ക്‌ വന്നു. ഞാന്‍ പേടിച്ചു ചെവി പൊത്തി. "അയ്യേ! ഇങ്ങനെ പേടിച്ചാലോ?" ആരോ എന്‍റെ അടുത്ത് നിന്ന് പറയുന്ന പോലെ തോന്നി. കിടക്കയ്ക്കരികില്‍ ഒരു സുമുഖനായ ചെറുപ്പക്കാരന്‍. "എന്നെ മനസ്സിലായോ?" അവന്‍ എന്‍റെ സമീപം വന്നിരുന്നു ചോദിച്ചു. ഇവനെന്താ ഇങ്ങനെ ചോദിക്കുന്നത്?

"നിനക്കെന്താ അങ്ങനെ ഒരു സംശയം? എന്‍റെ സ്വപ്നങ്ങള്‍ക്ക് എന്നും നിന്‍റെ രൂപവും ഗന്ധവുമായിരുന്നു." ഞാന്‍ അവനെ നോക്കി പറഞ്ഞു. ഇങ്ങനെയുള്ള സംസാരങ്ങള്‍ അവനു ഇഷ്ടമല്ലായിരുന്നു. എന്നെ വഴക്ക് പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചുവെങ്കിലും അത് സംഭവിച്ചില്ല. മറുപടി ഒരു ചിരിയില്‍ ഒതുക്കി അവന്‍ എന്നെ തന്നെ നോക്കി ഇരുന്നു. അവന്‍റെ ചിരി പലപ്പോഴും എനിക്ക് ഒരു ആശ്വാസമാണ്. എല്ലാം ശരിയാകും എന്നൊരു ശുഭാപ്തി വിശ്വാസം ആ പുഞ്ചിരി എനിക്ക് സമ്മാനിക്കാറുണ്ട്.

"ഇത് ഏതാ സ്ഥലം? ഞാന്‍ എങ്ങനെയാ ഇവിടെ എത്തിയത്? എന്നെ എന്തിനാ ഇവരൊക്കെ ഇങ്ങനെ നോക്കിയിരിക്കുന്നത്?" സംശയങ്ങള്‍ ഞാന്‍ എപ്പോഴും അവനോടാണ് ചോദിക്കാറുള്ളത്. "നീ ഇപ്പൊ അതൊന്നും ആലോചിക്കണ്ട. നല്ല കുട്ടിയായി ഇവിടെ കിടന്നോ!" അവന്‍ അങ്ങനെയാണ്, ഒന്നും വ്യക്തമായി പറയാറില്ല.

"അല്ലെങ്കിലും എനിക്കറിയാം നീ ഒന്നും പറയില്ലെന്ന്! നീ എങ്ങനെ ഇവിടെ എത്തി? നിനക്കിന്നു ജോലി ഇല്ലേ?" ഉത്തരങ്ങള്‍ കിട്ടില്ലെന്നറിഞ്ഞിട്ടും ഞാന്‍ പിന്നെയും ചോദിച്ചു. അവനു ദൂരെ ഒരു സ്ഥലത്താണ് ജോലി, നിന്ന് തിരിയാന്‍ സമയമില്ല എന്നൊക്കെയാണ് എന്നും പറയാറുള്ളത്. "ഞാന്‍ പറഞ്ഞിട്ടില്ലേ നിനക്ക് ഒരു ആവശ്യം വരുമ്പോള്‍ ഞാന്‍ എവിടെയാണെങ്കിലും എത്തുമെന്ന്!" എന്‍റെ കൈ പിടിച്ചു കൊണ്ട് അവന്‍ പറഞ്ഞു. അവന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഓര്‍മ്മ വരുന്നേ ഇല്ല! വാക്കുകള്‍ കൊണ്ട് മായ കാണിക്കാന്‍ പണ്ടേ അവന്‍ മിടുക്കനാണ്. ചിലപ്പോള്‍ ഈ പറഞ്ഞത് ശുദ്ധനുണയാകും. അവന്‍റെ നുണകള്‍ വിശ്വസിക്കാന്‍ ഞാന്‍ മാത്രമേ തയ്യാറാവുള്ളൂ.

പുറത്തെ മഴയുടെ ശക്തി കൂടി വരികയാണ്‌. ക്യാമറയുടെ ഫ്ലാഷ് പോലെ മിന്നലും, ചെവി പൊട്ടുമാറുച്ചത്തില്‍ ഇടിമുഴക്കവും ഉണ്ട്. അവന്‍ അടുത്തുള്ളതുകൊണ്ട് പേടി തോന്നിയില്ല. അവന്‍ ഇത്ര അടുത്ത് വന്നിരുന്നിട്ട് കാലമേറെയായി. "ഞാന്‍ വരുമ്പോള്‍ ഒരു സുന്ദരിയെ കണ്ടു. എന്താ ഭംഗി, നോക്കി നിന്ന് പോയി!" ഒരു കുസൃതി ചിരിയോടെ അവന്‍ പറഞ്ഞു. കാണുന്ന പെണ്ണുങ്ങളെയൊക്കെ വായ്നോക്കി അവരുടെ ഭംഗി എന്‍റെ  അടുത്ത് വിവരിക്കലാണ് അവന്‍റെ ഇഷ്ടവിനോദങ്ങളിലൊന്ന്. അവന്‍ ഓരോരുത്തരെ വര്‍ണ്ണിക്കുമ്പോഴും ഞാന്‍ മുഖം വീര്‍പ്പിക്കണം.അപ്പോള്‍ അവന്‍ പറയും 'നിന്‍റെ മുഖം ദേഷ്യം വരുമ്പോള്‍ കാണാന്‍ നല്ല ഭംഗിയാണ്'.

ഇനി ഒരിക്കലും എന്നെ കാണില്ല എന്ന് പറഞ്ഞിട്ട് അവന്‍ എന്തിനാ എന്‍റെ അടുത്തേക്ക് വീണ്ടും വന്നത്? ഇങ്ങോട്ട് വരുമ്പോള്‍ ആരും അവനെ എതിര്‍ത്തില്ലേ? എന്നോടുള്ള ദേഷ്യമൊക്കെ മാറിയോ? അല്ല,ഞാന്‍ അവനോടല്ലേ ദേഷ്യം കാണിക്കേണ്ടത്! എന്നെ ഏതോ അഗാധഗര്‍ത്തത്തിലേക്ക് തള്ളിയിട്ടു അവന്‍ ഓടി രക്ഷപ്പെട്ടില്ലേ! പിന്നെ എന്ത് സംഭവിച്ചു? ഒന്നും ഓര്‍മ്മ വരുന്നില്ല. പക്ഷെ എനിക്ക് അവനോടു ദേഷ്യമില്ല. അതെന്താ അങ്ങനെ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല.

എന്തൊക്കെയോ പറയണമെന്നുണ്ട്, പക്ഷെ ശരീരം വല്ലാതെ തളര്‍ന്നിരിക്കുന്നു. "എണ്ണീക്ക്, നമുക്ക് പുറത്ത് ഒന്ന് നടന്നിട്ട് വരാം." അവന്‍റെ ശബ്ദം! "വയ്യ... " ഞാന്‍ ദയനീയമായി മറുപടി പറഞ്ഞു. "എന്നാല്‍ ഞാന്‍ പോകുന്നു" അതും പറഞ്ഞു അവന്‍ അപ്രത്യക്ഷനായി.

"അയ്യോ പോവല്ലേ!" ഞാന്‍ അലറി വിളിച്ചു. എന്നെ  ഇവിടെ കുറെ അപരിചിതരുടെ നടുവിലാക്കി അവന്‍ എങ്ങോട്ടാ പോയത്? എപ്പോഴും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞിട്ട് ഒരു ചെറിയ കാര്യത്തിന് എന്തിനാ പിണങ്ങിയത്. "ഞാന്‍ പിന്നെയും ഒറ്റക്കായി." സങ്കടം സഹിക്കാതെ ഞാന്‍ വിങ്ങി പൊട്ടി.

"നീയെന്താ കുട്ടി ഇങ്ങനെയൊക്കെ പറയുന്നത്? ഞാന്‍ നിന്‍റെ അമ്മയല്ലേ! പിന്നെ കുറെ ബന്ധുക്കളും ഇവിടെ തന്നെ ഉണ്ടല്ലോ. നീയരോടാ ഈ ഒറ്റയ്ക്ക് പറയുന്നത്. എന്റീശ്വരാ ഈ കുട്ടിടെ മനസ്സ് വേഗം ശരിയാക്കി തരണേ. " എന്‍റെ അടുത്തിരുന്നു ഒരു സ്ത്രീ വിലപിക്കുന്നു. അപ്പോഴും എന്‍റെ കണ്ണുകളും വിരലുകളും  ആരെയോ തിരഞ്ഞു കൊണ്ടിരുന്നു. 



(ആദ്യമായി ഒരു ചെറുകഥ എഴുതാന്‍ ശ്രമം നടത്തിയതാണ്. പോരായ്മകള്‍ നിങ്ങള്‍ ചൂണ്ടി കാണിക്കുമെന്നു വിശ്വസിക്കട്ടെ!)

1.3.13

നിന്‍ കുഞ്ഞനിയത്തി



ഒരമ്മ പെറ്റ മക്കളല്ല,
ഒരു കൂരക്കു കീഴിലല്ല,
കുടുംബവേരുകള്‍ ഇല്ല,
എങ്കിലുമെന്‍ സഹോദരന്‍!

രക്തബന്ധം അല്ലെങ്കില്‍
മറ്റൊരു വ്യാഖ്യാനം!
പരിമിതികള്‍ തീര്‍ത്തു
സമൂഹത്തിന്‍ കണ്ണുകള്‍.

എന്‍റെയൊരു വിളി മതി
എവിടെയും മറുപടിയുറപ്പ്.
ഒരുകെട്ടു കഥകളുമായി
വായാടികളാകും ഞങ്ങള്‍.

കാലിടറുമ്പോള്‍ കൈത്താങ്ങ്
കരളലിയുമ്പോള്‍ കനിവായി,
സ്നേഹത്തിന്‍ ഉറവിടമായി
നന്മയെഴും ജ്യേഷ്ഠനായി!

നഷ്ടപ്പെടാന്‍ എനിക്ക് വയ്യ
നിന്‍ സാന്ത്വനസ്പര്‍ശം.
മരിക്കും വരെ ജീവിക്കണം
നിന്‍ കുഞ്ഞനിയത്തിയായി!