16.9.14

മായാത്ത പുഞ്ചിരി

(നട്ടു നനച്ചു വളര്‍ത്തി കൊണ്ടു വന്ന ഒരു ചെടിയെ സ്വയം നശിപ്പിക്കുകയാണ്‌ കുറച്ചു നാളായി ഞാന്‍ ചെയ്യുന്നത്‌. ഇംഗ്ലീഷ്‌, മലയാളം ബ്ലോഗുകള്‍ മാസങ്ങളായി എഴുതിയിട്ട്‌. ആദ്യമൊക്കെ മനപ്പൂര്‍വം മുടിയട്ടെയെന്നു കരുതിയെങ്കിലും പിന്നീട്‌ സമയക്കുറവ്‌ കാരണമായി. പത്രത്തിലേക്കുളള എഴുത്തായി ചുരുങ്ങി.

എങ്കിലും മനസ്സു വല്ലാതെ പിടയുമ്പോള്‍ വന്നു ആശ്ലേഷിക്കാന്‍ ഈ ഇടം മാത്രമേ എനിക്കുളളൂ. വാക്കുകളും ചിന്തകളും എന്നില്‍ നിന്നും പകര്‍ത്തി ആശ്വാസം നല്‍കുന്ന എന്റെ സ്വന്തം ലോകം.)

പ്രതീക്ഷിച്ചതായിരുന്നു ആ മരണം. പരിചയപ്പെട്ടതിനു വര്‍ഷങ്ങളുടെ കണക്കോ സംസാരിച്ചതിനു മണിക്കൂറുകളുടെ എണ്ണമോ പറയാന്‍ എനിക്കില്ല. പക്ഷെ അനൂപേട്ടന്‍ മനസ്സില്‍ വല്ലാതെ സ്‌പര്‍ശിച്ച ഒരു വ്യക്തിത്വമായിരുന്നു.

പത്രത്തിലെ ജോലിക്കിടയില്‍ ഞാന്‍ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന ചിത്രഭൂമിയിലേക്കും എഴുതാറുണ്ട്‌ വല്ലപ്പോഴും. കുറിച്ചു കൊടുക്കുന്നത്‌ ശുദ്ധമണ്ടത്തരങ്ങളാണെങ്കില്‍ പോലും ആ കൈകളിലൂടെ ശുദ്ധീകരിക്കപ്പെട്ടാല്‍ അവ മനോഹരങ്ങളാകുന്നു. എന്തെഴുതിയാലും "അയച്ചോളു... നമുക്ക്‌ കൊടുക്കാം" എന്നു മാത്രമേ പറയാറുളളൂ. ആരെയും നിരാശരാക്കാറില്ല. ഒരു വര്‍ഷത്തിനിടയില്‍ ഞാന്‍ ആകെ ആ മനുഷ്യനെ രണ്ടോ മൂന്നോ തവണയേ കണ്ടിട്ടുളളൂ. ഫോണില്‍ സംസാരിച്ചതും വിരലില്‍ എണ്ണാവുന്നതു മാത്രം.
അസുഖബാധിതനായി ആസ്‌പത്രികിടക്കയില്‍ കിടന്നപ്പോഴും തനിക്ക്‌ ഒരു കുഴപ്പവുമില്ലെന്നു മെസ്സേജ്‌ അയച്ചിരുന്നു. ഞാന്‍ ഇതുവരെ കണ്ടിട്ടു പോലുമില്ലാത്ത അനൂപേട്ടന്റെ മകള്‍ ഇതളുമായും വാട്‌സ്‌പ്പില്‍ സംവദിച്ചു. പിന്നീട്‌ ആരോഗ്യസ്ഥിതി മോശമായെന്നു പലരും പറഞ്ഞപ്പോഴും അനൂപേട്ടന്‍ സുഖപ്പെട്ട്‌ തിരിച്ചു വരുമെന്നും ബാക്കി ഉളളവര്‍ ചുമ്മാ പറയുന്നതാണെന്നു സ്ഥിരം പുഞ്ചിരിയോടെ പറയുമെന്നും ഞാന്‍ വിശ്വസിച്ചു.
വെന്‍ഡിലേറ്ററിലായതും അതു മാറ്റാന്‍ പോവുകയാണെന്നും മരണവാര്‍ത്ത തിങ്കളാഴ്‌ച പ്രതീക്ഷിക്കാമെന്നും ഒരു സഹപ്രവര്‍ത്തക പറഞ്ഞപ്പോഴും അദ്ദേഹം രക്ഷപ്പെടുമെന്നു തന്നെ ഞാന്‍ കരുതി.
ഇന്നലെ ഉച്ചയോടെ മരണവാര്‍ത്തയെത്തി. 12 മണിക്ക്‌ ഭൗതികശരീരം മാതൃഭൂമിയുടെ പ്രസ്സിനു മുന്‍പില്‍ പൊതുദര്‍ശനത്തിനു വെയ്‌ക്കുമെന്ന്‌ അറിഞ്ഞു.
സ്ഥിരം കാണുന്ന പൊട്ടിക്കരച്ചിലുകളോ കണ്ണീരോ അവിടെ കണ്ടില്ല. ചിലര്‍ മാത്രം വിതുമ്പി നിന്നു. കലങ്ങിയ കണ്ണുകളിലൂടെ ലെന്‍സില്‍ തങ്ങളുടെ സഹപ്രവര്‍ത്തകന്റെ മൃതദേഹം നോക്കി ചിത്രങ്ങളെടുക്കുന്ന ക്യാമറാമാന്‍മാര്‍, മൗനത്തിലൂടെ അനുശോചനമറിയിക്കുന്നവര്‍, റീത്തുകള്‍, കറുത്തകൊടികള്‍, അനൂപേട്ടന്റെ ചിരിക്കുന്ന ചിത്രവുമായുളള റീത്തുകള്‍... ആംബുലന്‍സ്‌ യാത്രയ്‌ക്കൊരുങ്ങി, ജനിച്ച മണ്ണില്‍ എരിഞ്ഞടങ്ങാന്‍ ജീവനകന്ന ആ പ്രതിഭയുടെ ശരീരവുമായി!
പതുക്കെ എല്ലാവരും പിരിഞ്ഞു. ഹ്രസ്വമായ അനുശോചനയോഗങ്ങള്‍. വൈകുന്നേരത്തോടെ സജീവമായ പത്രമോഫീസ്‌. അവിടെ മരണത്തെക്കുറിച്ചു സംസാരിക്കാന്‍ ആര്‍ക്കും നേരമില്ല. ആകെ ഒന്നാം പേജില്‍ ആ മരണവാര്‍ത്ത വെയ്‌ക്കാന്‍ മറക്കരുതെന്നു മാത്രം ഓര്‍മ്മപ്പെടുത്തല്‍.
മംഗള്‍യാനും തിരഞ്ഞെടുപ്പും ഷ്വാസ്‌നെഗറിന്റെ ഇന്ത്യാ സന്ദര്‍ശനവും വായിക്കാനായി പത്രം വാങ്ങുന്ന വായനക്കാരനു ഞങ്ങളുടെ സഹപ്രവര്‍ത്തകന്റെ മരണം വലിയ സംഭവമല്ല. ഞങ്ങള്‍ ദുഖമാചരിക്കാനിരുന്നാല്‍ വായനക്കാരന്‍ സഹകരിക്കുമോ! ഉണ്ടെന്നു തോന്നുന്നില്ല. അപ്പോള്‍ വേദനകള്‍ കടിച്ചമര്‍ത്തി പുഞ്ചിരിയോടെ എഴുതുകയോ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നതാണ്‌ മാധ്യമപ്രവര്‍ത്തകരുടെ കര്‍ത്തവ്യം.

അനൂപേട്ടന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ 
സമര്‍പ്പിക്കട്ടെ ഈ വാക്കുകള്‍!