24.9.12

വല്യുമ്മ എന്ന വീട്ടുകാരി


കുറച്ചു ദിവസമായി പറയാതെ ബാക്കി വച്ചതൊന്നും മനസ്സിലേക്ക് ഓടി എത്തുന്നില്ല. ഈ ബ്ലോഗില്‍ അനാവശ്യമായി ഒന്നും കുത്തി നിറക്കില്ല എന്ന് ആദ്യമേ തീരുമാനിച്ചത് കൊണ്ട് പേരിനു മാത്രമായി ഒന്നും കുറിച്ചിടാന്‍ ഞാന്‍ ഉദേശിക്കുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്നലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകാന്‍ ഇടയായത്. അവിടെ കണ്ട ഒരു കാഴ്ച മനസ്സിന് വളരെ സന്തോഷം തോന്നിക്കുന്നതായിരുന്നു. കിടപ്പിലായ അവളുടെ അമ്മൂമ്മയെ വളരെ സ്നേഹത്തോടെ ശുശ്രുഷിക്കുന്നതു കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞു.

നിങ്ങള്‍ കരുതുന്നുണ്ടാകും ഇന്ന് കേരളത്തില്‍ ഒരുപാടു വൃദ്ധര്‍ ഉണ്ട്, അവരില്‍ ഭൂരിപക്ഷം പേരെയും വീട്ടുകാര്‍ നോക്കുന്നുണ്ട്. അത് കൊണ്ട് തന്നെ എന്താണ് ഇത് ഇത്ര വലിയ സംഭവം ആയി എഴുതി പിടിപ്പിക്കേണ്ടത് എന്നെല്ലാം സ്വാഭാവികമായി തോന്നിയേക്കാം. എന്റെ മുത്തശ്ശന്‍ കേരള സീനിയര്‍ സിറ്റിസന്‍സ് ഫോറം എന്ന ഒരു സംഘടന ഉണ്ടാക്കിയത് കൊണ്ടും അതിന്റെ ആസ്ഥാന മേധാവി ആയി മരിക്കുവോളം പ്രവര്‍ത്തിച്ചത് കൊണ്ടും വൃദ്ധരുടെ പ്രശ്നങ്ങള്‍ കുറച്ചൊക്കെ ഞാന്‍ മനസ്സിലാക്കി.

സാധാരണ കിടപ്പിലായ വൃദ്ധരുടെ സ്ഥാനം വീട്ടില്‍ ആരും പോകാത്ത ഒരു മുറിയിലാകും. അവിടെ അവരുടെ മരുന്നുകളുടെയും മലമൂത്രവിസര്‍ജ്ജനങ്ങളുടെയും രൂക്ഷ ഗന്ധമായിരിക്കും.ആരും അവിടേക്ക് കയറി ചെല്ലാന്‍ ഒന്ന് അറയ്ക്കും. പിന്നെ മുഖത്ത് ഒരു കൃത്രിമ വിഷമഭാവം വരുത്തി വിരുന്നുകാര്‍ അവിടെ കയറി അവരെ കണ്ടു എന്ന് വരുത്തി ഇറങ്ങും. എന്നാല്‍ ഈ സുഹൃത്തിന്റെ വീട്ടില്‍ അവരുടെ അമ്മൂമ്മ എല്ലാവരും പെരുമാറുന്ന ഹാളില്‍ തന്നെയാണ് കിടക്കുന്നത്.

വീട്ടുകാര്‍ അമ്മൂമ്മയുടെ അടുത്തിരുന്നു ഭക്ഷണം കഴിക്കുകയും ടിവി കാണുകയും സംസാരിക്കുകയും ചെയ്യുന്നു. ഓര്‍മ്മകള്‍ മരവിച്ച ഒരു സ്ഥിതിയില്‍ എന്തൊക്കെയോ വിളിച്ചു പറയുന്ന ആ "വല്യുമ്മ"യുടെ വാക്കുകള്‍ക്ക് വീട്ടുകാര്‍ സ്നേഹത്തോടെ മറുപടി പറയുന്നു.ഇത്രയും വൃത്തിയില്‍ കിടക്കുന്ന ഒരു വൃദ്ധയെ ഞാന്‍ കണ്ടിട്ടില്ല. തീര്‍ച്ചയായും ആ വീട്ടുകാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. വയസ്സായാല്‍ ഒരു മൂലയ്ക്കിടെണ്ടവരല്ല, എന്നും വീട്ടിലെ ഒരു അംഗം തന്നെയാണ് അവര്‍ എന്ന വലിയ സന്ദേശമാണ് ആ ഗൃഹത്തില്‍ പോയ ഓരോരുത്തരുടെ മനസ്സിലും എത്തുന്നത്.

യാത്ര പറഞ്ഞിറങ്ങുമ്പോഴും ആ വീട്ടുകാരുടെ ഹൃദയം നിറഞ്ഞ സ്നേഹസല്‍ക്കരത്തെക്കാള്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ചത് അവരുടെ അമ്മൂമ്മയോടുള്ള സ്നേഹമാണ്. ഇത്രയ്ക്കധികം സ്നേഹലാളനകള്‍ ഏറ്റുവാങ്ങുന്ന ആ വല്യുമ്മ തീര്‍ച്ചയായും ഭാഗ്യവതി തന്നെ!

10.9.12

ഇമ്പള കോയിക്കോട്
സല്ക്കാരത്തിനും സ്നേഹത്തിനും പേര് കേട്ട കോഴിക്കോടിനോട് ഞാന്‍ വിട പറഞ്ഞിട്ട് അരക്കൊല്ലത്തില്‍ അധികം ആയിരിക്കുന്നു. "ഇമ്പളെ നാട്ടില്ക്കൊന്നും വരവില്ലേ?" എന്ന ഒരു കോഴിക്കോടന്‍ സുഹൃത്തിന്റെ സ്നേഹപൂര്‍ണ്ണമായ അന്വേഷണമാണ് എന്റെ ചിന്തകളെ വീണ്ടും ബിരിയാണിയുടെയും ഹലുവയുടെയും നാട്ടിലേക്കു എത്തിച്ചത്. ഒരു വര്‍ഷം സ്വന്തം നാട്ടുകാരിയെ പോലെ ലാളിച്ച ആ സ്നേഹം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്.

ബാല്യത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ നഗരം ആയിരുന്നു കോഴിക്കോട്.ചെറുപ്പത്തില്‍ അമ്മയുടെ നാടായ കണ്ണൂര്‍ക്ക് ഉള്ള യാത്രകളില്‍ ഈ പട്ടണം എന്നെ അത്ഭുതപെടുത്തി. പിന്നെ ജോലിയായി അതെ നഗരത്തിന്റെ സ്പന്ദനം അറിയാന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കൃതാര്‍ഥയായി . 


നാട്ടുകാരുടെ "കോയിക്കോട്‌" വന്‍നഗരം ആയി വികസിക്കുമ്പോഴും തലമുറകള്‍ കൈമാറി വന്ന ആതിഥ്യമര്യാദയുടെ പാഠങ്ങള്‍ അവര്‍ ഇന്നും അതേപടി പാലിച്ചു പോരുന്നു. ഏയ്‌ ഓട്ടോയും കോഴിക്കോട് ചിത്രീകരിച്ച മറ്റു സിനിമകളും കെട്ടുകഥകള്‍ അല്ലെന്നും എന്റെ ഔദ്യോഗിക ജീവിതത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു.

പലപ്പോഴും നഗരം വലുതാകുന്നത് പുതിയ ബസ്‌ സ്റ്റാന്റ് പരിസരത്താണെങ്കിലും കോഴിക്കോടിന്റെ യഥാര്‍ത്ഥ സംസ്കാരം പാളയം മാര്‍ക്കറ്റിലും "മുട്ടായി" തെരുവിലും ആണ്. മാനാഞ്ചിറക്ക് ചുറ്റുമാണ് ആ നഗരവും സംസ്കാരവും നിലകൊള്ളുന്നത്. പാളയം മാര്‍ക്കറ്റിലെ തട്ടുകടയിലെ ചൂടു ദോശയുടെയും ഈ അടുത്ത് കത്തി കരിഞ്ഞു പോയ ഭാരത്‌ ഹോട്ടലിലെ "കടി"കളുടെയും മിഠായി തെരുവിലെ ഹല്‍വയും ചിപ്സിന്റെയും സ്വാദ് ഇന്നും നാവില്‍ തങ്ങി നില്‍ക്കുന്നു.കട്ടന്‍ ചായയോടും സുലൈമാനിയോടും എനിക്ക് പ്രണയം തുടങ്ങിയത് പാളയത്തെ കൊച്ചു "ചായപീടിക"കളില്‍ നിന്നാണ്. നാടന്‍ ഭക്ഷണങ്ങള്‍ക്ക്‌ പുറമേ "കുത്തക"കമ്പനികളായ ഡോമിനോസിലെ പിസയും കോഴിക്കോടിന്റെ മാത്രം "ഐസ് ഉരച്ചതും" കലന്തന്‍സിലെ ഷെയ്ക്കും എല്ലാം രുചിച്ചു നോക്കാന്‍ ഭാഗ്യമുണ്ടായി. 

എന്ത് കൊണ്ട് ഇവള്‍ ഭക്ഷണത്തെ കുറിച്ച് മാത്രം പറയുന്നു എന്ന് നിങ്ങള്‍ ചിന്തിക്കും എന്ന് എനിക്കറിയാം... പക്ഷെ കോഴിക്കോടിനെ കുറിച്ച് പറയുന്ന എല്ലാവരും അവിടുത്തെ ഭക്ഷണത്തെ കുറിച്ചാണ് വാതോരാതെ ആദ്യം സംസാരിക്കുക. അത്രയ്ക്ക് പ്രത്യേകമാണ് അവിടുത്തെ ഭക്ഷണവിശേഷം.

കോഴിക്കോടിലെ മറ്റൊരു പ്രത്യേകതയാണ് അവിടുത്തെ ബീച്ച്. "കടല്‍ക്കര" എന്നൊക്കെ മലയാളീകരിച്ചു പറയാമെങ്കിലും ബീച്ചിനാണ്‌ അധികം ഭംഗി. പലപ്പോഴും ജോലിക്കിടയിലെ മടുപ്പ് മാറ്റാന്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ എല്ലാവരും കൂടെ കടല്‍ക്കരയില്‍ നടക്കുന്നതും സ്വല്പം വായ്നോക്കുന്നതും പതിവായിരുന്നു. ഇടയ്ക്കു ഏതെങ്കിലും ഒരു കോണില്‍ റാഫി സാബിന്റെ പാട്ടുകള്‍ ഉയരുന്നത് കേള്‍ക്കാം. 

റാഫി എന്ന ഗായകന്‍റെ മധുരമായ ഗാനങ്ങള്‍ എന്നും ഈ നാട്ടുകാര്‍ക്ക്‌ ഒരു ഹരമാണ്. നറുനിലാവും തണുത്തകടല്‍ക്കാറ്റും സംഗീതവും മനോഹരമായ ഒരു അനുഭൂതി ജനിപ്പിക്കും.അവസാന ബസ്‌ പോയില്ലെന്നു ഉറപ്പാക്കി ഇടയ്ക്കു ഞങ്ങളും ആ  സംഗീതസന്ദ്യയുടെ ആസ്വാദകവൃന്ദത്തിന്റെ കൂടെ കൂടാറുണ്ട്.കോഴിക്കോടിന്റെ റോഡുകളില്‍ ഇപ്പോഴും പച്ച നിറമണിഞ്ഞ സിറ്റിബസ്സുകള്‍ പായുന്നുണ്ടാകും, ലോകത്ത് ഇത്രയും ആത്മാര്‍ത്ഥതയുള്ള ഓട്ടോക്കാരുണ്ടോ എന്ന് ഏതെങ്കിലും മറുനാട്ടുകാര്‍ യാത്രാവസാനം അത്ഭുതപ്പെടുന്നുണ്ടാകും എസ് എം സ്ട്രീറ്റ് ആയി മാറിയ മിഠായി തെരുവില്‍ ചങ്കുപ്പൊട്ടുമാറുച്ചത്തില്‍ കച്ചവടക്കാര്‍ ആളുകളെ വിളിക്കുന്നുണ്ടാകും മറ്റൊരിടത്തില്‍ ഐ ടി പ്രൊഫെഷനലുകള്‍ ജീവിക്കുവാന്‍ വേണ്ടി പെടാപാട് പെടുന്നുണ്ടാകും... അപ്പോഴും ഇമചിമ്മാത്ത വിളക്കുകളുടെ നടുവില്‍ നിശ്ചലയായി, കാലത്തിന്റെയും മാറ്റങ്ങളുടെയും സാക്ഷിയായി മാനാഞ്ചിറ പുഞ്ചിരി തൂവുന്നുണ്ടാകും.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫേസ് ബുക്ക്‌ 

4.9.12

ഹായ് ബാലരമ

ഫേസ്ബുക്കിലെ വിരസമായ തിരച്ചിലുകളില്‍ മടുത്തപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന ബാലരമയില്‍ കണ്ണുടക്കിയത്. ഏതായാലും ദിവസവും ആളുകളെ ഫേസ് ബുക്കിലൂടെ ശല്യപ്പെടുത്തി ചീത്ത വാങ്ങുന്നുണ്ട്, എന്നാല്‍ ഇതും കൂടെ കിടക്കട്ടെ... "ഞാന്‍ ഒരു ബാലരമ വാങ്ങി...!" എഫ് ബിയിലെ എന്റെ സ്വന്തം ഇടത്തില്‍ ഞാന്‍ കുറിച്ചു! ഒന്നുകില്‍ ആരും ശ്രദ്ധിക്കില്ല, അല്ലെങ്കില്‍ 'എന്തെങ്കിലും ഒക്കെ എഴുതി വച്ചോളും' എന്ന മട്ടിലുള്ള ഉപദേശങ്ങളാണ് പ്രതീക്ഷിച്ചത്.എന്റെ ഈ ഊഹങ്ങള്‍ എല്ലാം തെറ്റിച്ചു ഒരുപാടു മറുപടികള്‍ ലഭിച്ചു. രാജുവിനോടും രാധയോടും അന്വേഷണം പറയണം, സൂത്രന്റെ കഥ സ്കാന്‍ ചെയ്തു അയച്ചു കൊടുക്കണം എന്നിങ്ങനെ എന്നെ പോലും അത്ഭുതപ്പെടുത്തുന്ന വാക്കുകളാണ് എനിക്കവിടെ വായിക്കാന്‍ കഴിഞ്ഞത്.

ഒരിക്കലും എഴുതാന്‍ വേണ്ടി തിരഞ്ഞു പിടിച്ചതല്ല ഞാന്‍ ആ പുസ്തകം. വളരെ മോഹിച്ചു വാങ്ങിയതാണ്. ഇത്രയും പേരുകള്‍ ഞാന്‍ മുകളില്‍ പറഞ്ഞെങ്കിലും അതിനൊന്നും വിശദീകരണം ആവശ്യമില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാന്‍ വിവരിക്കാത്തതും. കാരണം ബാലരമ എന്ന പുസ്തകം എഴുപതുകള്‍ മുതല്‍ മലയാളികളുടെ ബാല്യത്തിലെ ഇണ പിരിയാത്ത സുഹൃത്തായിരിക്കുന്നു.

ഇന്നത്തെ അഥവാ ഇരുപത്തിയോന്നാം നൂറ്റാണ്ടിലെ കുട്ടികളുടെ കാര്യത്തില്‍ മുഴുവന്‍ പേരും വായിക്കാറുണ്ടോ എന്നറിയില്ല. അവര്‍ക്ക് കാര്‍ട്ടൂണ്‍ ചാനലും കൊച്ചു ടിവിയും ചലിക്കുന്ന ദൃശ്യങ്ങള്‍ സമ്മാനിക്കുന്നു. കുരുന്നുകളിലെ ഭാവന ശേഷിയെ ഇല്ലാതാക്കുന്ന ഈ പ്രവണതയെ ഒരു പരിധി വരെ ഞാന്‍ എതിര്‍ക്കുന്നു.

പറഞ്ഞു പറഞ്ഞു കാട് കയറുന്നില്ല. വീണ്ടും ബാലരമയിലേക്കു! മണ്ണപ്പത്തിന്റെയും കളികൊപ്പുകളുടെയും കൂടെ മറ്റൊരു കളിപ്പാട്ടമായി ഈ പുസ്തകം കുട്ടിക്കാലത്ത് എനിക്ക് കൂട്ടായി ഉണ്ടായിരുന്നു. ഡാകിനിയുടെയും മായാവിയുടെയും ടാറ്റു ഗ്ലാസ്സുകളിലും സച്ചിന്റെയും ദ്രാവിഡിന്റെയും സ്റ്റിക്കറുകള്‍ എന്റെ വീടിന്റെ ചുമരുകളിലും ബാല്യത്തിന്റെ തിരുശേഷിപ്പായി ഇന്നുമുണ്ട്.

അന്ന് സ്റ്റിക്കര്‍ എന്നതിന് പകരം ബാലരമ തന്ന പദമാണ്‌ "ഒട്ടിപ്പോ"! സ്കൂള്‍ തുറക്കുന്നതിനു മുന്‍പേ ബാലരമ നെയിം സ്ലിപ് തരും. വേറെയും ഒരുപാടു ഉണ്ടെങ്കിലും ഈ സ്ലിപ്പിനായി കാത്തിരിക്കും. ഓര്‍മകളുടെ ബാണ്ഡക്കെട്ട് തുറന്നാല്‍ എണ്ണിയാല്‍ ഒടുങ്ങാത്ത സ്മരണകളാണ് അവശേഷിക്കുന്നത് എന്നതിനാല്‍ തല്‍കാലം നമുക്ക് ഇന്നത്തെ ബാലരമയിലേക്കു വരാം.


എന്റെ അനിയന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'പെറ്റിക്കോട്ടിട്ട' ലുട്ടാപ്പിയും ടി-ഷര്‍ട്ട് ഇട്ട മായാവിയും ആണ് പ്രധാന മാറ്റങ്ങള്‍. മൊബൈലിലൂടെ മന്ത്രം ചൊല്ലി കൊടുക്കുന്ന കുട്ടൂസന്‍ ആധുനികതയുടെ വക്താവായി മാറിയിരിക്കുന്നു. ഇക്കണക്കിനു ജീന്‍സ് ഇട്ട രാധയേം ലോ വൈസ്റ്റ് പാന്‍ട്സ് ധരിച്ച രാജുവിനേം കാണേണ്ടി വരുമോ എന്ന് പരിഭ്രമിച്ചെങ്കിലും അവര്‍ക്ക് ഈ ആഴ്ച റോള്‍ ഇല്ലാത്തതില്‍ സമാധാനിച്ചു ഞാന്‍ അടുത്ത കഥയിലേക്ക് കടന്നു.

തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന ശിക്കാരി ശംഭു ആളൊന്നു മാറിയിടുണ്ട്. ഹിറ്റ്‌ കഥയിലെ നായകന്‍ ആയതു കൊണ്ടാണോ എന്തോ ശംഭു ചേട്ടന്റെ മുഖത്തിന്‌ നല്ല വണ്ണം! സൂത്രനും ഷെരുവും പഴയ നിഷ്കളങ്കര്‍ ആണ്! ഒരു കഥയെങ്കിലും മാറ്റമില്ലാതെ തുടരുന്നുണ്ടല്ലോ എന്ന് ഓര്‍ത്തു അടുത്ത കഥയിലേക്ക് കടന്നപ്പോള്‍ അതും നമ്മുടെ പഴയ ജമ്പനും തുമ്പനും തന്നെ! കളിക്കുടുക്കയില്‍ പ്രശസ്തമായ ലുട്ടാപ്പിയെ കേന്ദ്രകഥാപത്രം ആക്കിയുള്ള കഥ ബാലരമയിലും കാണുന്നു. രണ്ടു ലുട്ടപ്പിമാര്‍ ഒരേ പുസ്തകത്തിലുള്ളത് കുറച്ചു കടുപ്പമല്ലേ എന്ന് ഓര്‍ത്തു പോയി.

ഇംഗ്ലീഷില്‍ കുറച്ചൂടെ വിവരമുള്ളവരാണ് ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ എന്ന കാരണം കൊണ്ടാകാം ഒരു ആംഗലേയ കഥയും ഉണ്ട് ന്യൂ ജെനറെഷന്‍ ബാലരമയില്‍. പഴയതില്‍ നിന്ന് വിഭിന്നമായി ഒരുപാടു പൊതു വിജ്ഞാനം തരുന്ന പംക്തികളും കണ്ടു ആ പുസ്തകത്തില്‍. ഏറ്റവും പുതിയ വീഡിയോ ഗെയിംസ് പരിചയപ്പെടുത്തുന്ന കോളം കണ്ടപ്പോള്‍ മനസ്സിലായി ബാലരമ ബഹുദൂരം സഞ്ചരിച്ചെന്ന്!

പണ്ട് അഞ്ചു രൂപയ്ക്കു ബാലരമ വാങ്ങിയ ഞാന്‍ ആറേഴു വര്‍ഷത്തിനു ശേഷം പത്തു രൂപ എന്ന വില കേട്ട് ഞെട്ടിയപോലെ തന്നെ അതിലെ ഉള്ളടക്കവും എന്നെ തീര്‍ത്തും അത്ഭുതപരതന്ത്രയാക്കി! അന്നത്തെ അതെ മനസ്ഥിതിയില്‍ പുസ്തകം തുറന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. മണ്ണപ്പം എന്നാല്‍ കുട്ടികള്‍ക്കിന്നു ചോക്ലേറ്റ് കേക്ക് ആണ്. അത് പോലെയാണ് ഓരോ മാറ്റവും. ഇങ്ങനെ പലതും ചിന്തിച്ചു ബാലരമ അടച്ചു വച്ചപ്പോള്‍ അറിയാതെ ഒരു പരസ്യത്തിന്റെ ഈരടികള്‍ ഞാന്‍ മൂളി, "കാലം മാറി, കഥ മാറി...!"