3.5.13

ശപിക്കപ്പെട്ട നാമം



കാണാൻ അഴകില്ല
സ്നേഹിക്കാൻ ആരുമില്ല
ഇഷ്ടക്കേടുകൾ മാത്രം
വെറുക്കാൻ പലവകകൾ!

നീ തുലഞ്ഞു പോവട്ടെ,
ഒറ്റ തുള്ളി വെള്ളമില്ല.
എല്ലാം കേട്ട് പരിചിതം
ശാപമെൻ സ്വന്തമെന്നും!

തൊണ്ട നനയ്ക്കാൻ
ഒരിറ്റു ജലമില്ലെനിക്ക്.
വെറുക്കപ്പെട്ടവളായി
ദിനങ്ങൾ കൊഴിക്കുന്നു.

കൂടെപ്പിറപ്പിൻ പെരുമ
എന്നോടോതാൻ ചിലർ.
മഹതികൾ വരുന്നതു വരെ
കാത്തുനിൽക്കണമെത്രെ!

വ്യത്യസ്തമാം ദിശകളിൽ 
ഞാനുമെൻ സഹോദരികളും!
അവർക്ക് വഴി മാറാൻ
എരിഞ്ഞടങ്ങണം ഞാൻ.

വേദനകൾ സഹിക്കാൻ
ദൈവനിയോഗമെനിക്ക്!
ഇഷ്ടം തോന്നിയിട്ടുണ്ടോ
ഒരു വട്ടമെങ്കിലുമെന്നോട്?

പറയാതെ ബാക്കി വച്ചത്
എന്റെ പേര് വേനൽ!
നിങ്ങളും നടന്നകലുന്നുവോ
ഈ നാമം ശ്രവിച്ച മാത്രയിൽ!


മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക്‌ ഗ്രൂപ്പിലെ മെയ്‌ ലക്കം ഇ മഷിയില്‍ പ്രസിദ്ധീകരിച്ച എന്‍റെ കവിത