14.2.14

പ്രണയപൂര്‍വം





എന്നെ മയക്കിയ ആ കണ്ണുകളുടെ ഉടമയ്‌ക്ക്‌,

ആകാശത്ത്‌ വിടരുന്ന നക്ഷത്രങ്ങളും ഭൂമിയില്‍ പടരുന്ന ഇളം തണുപ്പും പ്രണയദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ആരെയും കൊതിപ്പിക്കുന്ന ഈ സായാഹ്നങ്ങളില്‍ പക്ഷെ ഞാന്‍ ഒറ്റയ്‌ക്കാണ്‌. ചുറ്റും മനുഷ്യര്‍ എന്നോട്‌ സംസാരിക്കുന്നുണ്ടെങ്കിലും ഞാന്‍ അതൊന്നും കേള്‍ക്കുന്നില്ല. എന്റെ മനസ്സ്‌ അങ്ങകലെ നിന്റെ മടിയില്‍ തല ചായ്‌ചു കഥകള്‍ പറയാനും ശ്രവിക്കാനും വെമ്പുകയാണ്‌.
    നീ അറിയുന്നുവോ, ഈ പ്രണയദിനത്തിലും ഞാന്‍ ഏകയാണ്‌. മാനത്തു മിന്നിച്ചിരിക്കുന്ന നക്ഷത്രത്തോടു ഞാന്‍ ചോദിച്ചു, 'നീ അവനെ കാണുന്നുണ്ടോ? എന്തു സന്ദേശമാണ്‌ എന്നോടു പറയാനായി നിനക്കു തന്നത്‌? '... ഒരു കളളനോട്ടം താഴേക്കു നോക്കിയിട്ട്‌ നക്ഷത്രം നിന്നെ കണ്ടില്ലെന്നു പറഞ്ഞു. ഞാന്‍ കണ്ണീരടക്കാന്‍ പാടുപ്പെട്ടു. ഏങ്ങിക്കരയുന്ന എന്നെ ആശ്വസിപ്പിച്ച്‌ താരകം മൊഴിഞ്ഞു, 'ഒരു തമാശ പറഞ്ഞതല്ലേ? അവന്‍ ഭൂമിയിലില്ലെന്നറിഞ്ഞാല്‍ ഏറ്റവും ദുഖിക്കുന്നതു നീയാണെന്നു ഞാന്‍ അറിഞ്ഞില്ല കുട്ടി. നിന്റെ പ്രാര്‍ത്ഥനകള്‍ അവനെ പൂര്‍ണ്ണ ആരോഗ്യവാനായി ഇരുത്തുന്നു. ചിരിച്ചിരിക്കുന്ന നിന്റെ മുഖമാണ്‌ അവന്‌ ഇഷ്ടം. അതുകൊണ്ട്‌ നീ കരയരുത്‌.'
   നക്ഷത്രം പറഞ്ഞത്‌ സത്യമല്ലേ? വിളിപ്പുറത്തല്ലെങ്കിലും നീയും ഞാനും ഒരേ ഭൂമുഖത്തു ജീവിക്കുന്നുവെന്നതു മാത്രമാണെന്റെ ആശ്വാസം. നീ ഇവിടുന്നു അപ്രത്യക്ഷമായാല്‍ പിന്നെ ഈ ജീവനു എന്തര്‍ത്ഥം! ബാഷ്‌പാഞ്‌ജലി നടത്തി ഞാനും നിന്നെ അനുഗമിക്കും. ഒന്നിച്ചെത്തിയാല്‍ മാത്രമെ ഒരുമിച്ചു പുനര്‍ജനിക്കാന്‍ കഴിയൂ. അടുത്ത ജന്‍മത്തെക്കുറിച്ച്‌ ഞാന്‍ കിനാവു കാണാന്‍ തുടങ്ങി.
ചിരിയോ വിഷമമോ മറ്റേതു വികാരമോ ആകട്ടെ, പങ്കിടാന്‍ ആദ്യം മനസ്സില്‍ വരുന്ന പേരു നിന്റെതാണ്‌. പനി പിടിച്ചു വിറച്ചു കിടക്കുമ്പോള്‍ നീ അടുത്തു വേണമെന്നു തോന്നും. 'എല്ലാം പെട്ടെന്നു ശരിയാകും. മോളു നന്നായി മൂടിപ്പുതച്ചു കിടന്നുറങ്ങിക്കോ!' എന്ന നിന്റെ വാക്കുകള്‍ തന്നെ വലിയൊരു ആശ്വാസമാണ്‌. 
   ഞാന്‍ എഴുതിയതു വായിച്ച്‌ മുകളിലിരിക്കുന്ന നക്ഷത്രം ചിരിക്കുന്നു. എല്ലാത്തിനും സാക്ഷിയായി ഒരു താരകം! എന്റെ ലോകം വളരെ ചെറുതാണ്‌, മറ്റൊരര്‍ത്ഥത്തില്‍ നീയാണ്‌. അതിനപ്പുറം എനിക്ക്‌ സ്വപ്‌നങ്ങളും ചിന്തകളുമില്ല.
വല്ലപ്പോഴും നീ നക്ഷത്രത്തെ നോക്കി പുഞ്ചിരിക്കൂ. എനിക്കേറ്റവും          പ്രിയപ്പെട്ട ആ ചിരി കാണാറുണ്ടെന്നു ആ താരം എന്നോടു മന്ത്രിക്കും. ഈ കുഞ്ഞു ഭൂമിയില്‍ നീയും ഞാനും അടുത്താണ്‌. ഒരേ ആകാശത്തിനു കീഴില്‍! എങ്കിലും ഞാന്‍ വെറുതെ ആഗ്രഹിച്ചു പോകുന്നു, കിട്ടില്ലെന്നറിഞ്ഞിട്ടും ഒരു നിമിഷമെങ്കിലും നിന്റെ സാമിപ്യം...!

സ്‌നേഹപൂര്‍വം


നിന്റെ പ്രിയ ആരാധിക


(മലയാളം ബ്ലോഗേഴ്‌സ്‌ എന്ന ഫേസ്‌ബുക്ക്‌ കൂട്ടായ്‌മ സംഘടിപ്പിച്ച പ്രണയലേഖനമത്സരത്തിലേക്കായി എഴുതിയത്‌. പറയാതെ ബാക്കി വെച്ചത്‌; ഇതില്‍ ഒന്നാം സമ്മാനം എനിക്കു കിട്ടി. നിങ്ങളും എന്നെപ്പോലെ ഞെട്ടിയല്ലേ?) 

6.2.14

ഈറന്‍ ചിന്തകള്‍


വീണ്ടും എഴുതിത്തുടങ്ങിയപ്പോള്‍ പഴയപോലെ മനസ്സില്‍ ആശയങ്ങള്‍ വരുന്നില്ലെന്നൊരു ഭയം. അങ്ങനെയുളള അവസരങ്ങളില്‍ ഞാന്‍ അഭയം തേടാറുളളത്‌ എന്റെ പ്രിയപ്പെട്ട വീട്ടിലാണ്‌. ഇത്തവണയും ഞാന്‍ പതിവുതെറ്റിച്ചില്ല. മകരമഞ്ഞില്‍ മൂടി നിന്ന്‌ ആ വീടും തറവാടും വയലേലകളും എനിക്കു സ്വാഗതമരുളി. ഒറ്റയ്‌ക്കായെന്നു തോന്നുമ്പോള്‍ എന്നെ പാട്ടുപാടി രസിപ്പിച്ച കിളികളെല്ലാം എനിക്കായി കാത്തു നില്‍ക്കുകയാണെന്നു തോന്നി.

    വീടിനകത്തു കയറി അടുക്കളയിലിരുന്ന കാച്ചിയ വെളിച്ചെണ്ണയെടുത്തു തലയില്‍ തേച്ചു പിടിപ്പിച്ചു. വെളിച്ചെണ്ണയും തുളസിയും, തെച്ചിയും, മൈലാഞ്ചിയും അല്‍പം കുരുമുളകുമിട്ടു ഈയ എന്നു ഞങ്ങള്‍ വിളിക്കുന്ന വീട്ടില്‍ സഹായത്തിനു നില്‍ക്കുന്ന സ്‌ത്രീ എനിക്കായി പ്രത്യേകമുണ്ടാക്കിയ എണ്ണയുടെ വാസന അവര്‍ണ്ണനീയമാണ്‌. ഷാമ്പുവിന്റെയും കണ്ടീഷണറിന്റെയും ജാഡകള്‍ മാറ്റി വച്ച്‌ ഞാന്‍ തനിനാടനാകുന്നത്‌ അവിടെയെത്തുമ്പോഴാണ്‌.
എല്ലാവരും എന്നെ വല്ലാതെ സ്‌നേഹിക്കുന്നു. എനിക്കായി പലതും ഒരുക്കിവെക്കുന്നു. ഞാന്‍ ഇല്ലെങ്കിലുമെന്റെ ശബ്ദം കേള്‍ക്കുന്നു. വരാനായി കാത്തു നില്‍ക്കുന്നു. ഈ ലാളനകളൊക്കെ ഞാന്‍ ഇഷ്ടപ്പെടുന്നു. പലരോടും അഹങ്കാരത്തോടെ ഞാന്‍ പറഞ്ഞിട്ടുമുണ്ട്‌. പക്ഷെ ചിലപ്പോഴെങ്കിലും ഈ സ്‌നേഹവായ്‌പകളൊക്കെ എന്നെ ബന്ധനത്തിലകപ്പെടുത്തുന്നതായി തോന്നുന്നു. ലാളന കൊണ്ട്‌ വീര്‍പ്പുമുട്ടിക്കാതെ, ഞാനെന്നൊരു വ്യക്തി ഈ ലോകത്തുണ്ടെന്നു ആരും ശ്രദ്ധിക്കാതെ ജീവിക്കാന്‍ കൊതിച്ചിട്ടുണ്ട്‌. ഓരോ ദിനം കഴിയും തോറും സ്‌നേഹിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. എല്ലാവരെയും വെറുപ്പിച്ച്‌ ഈ ലോകത്തോടു വിട പറയണമെന്നാണ്‌ എന്റെ വലിയൊരു സ്വപ്‌നം.
   തിരിച്ച്‌ വീട്ടിലേക്ക്‌... ഒരു തോര്‍ത്തുമുണ്ടെടുത്ത്‌ (ബാത്ത്‌ ടൗവലെന്നു നഗരഭാഷ്യം) കുളത്തിലേക്കു നടന്നു. തണുത്തു വിറച്ചു വെളളത്തിലേക്കിറങ്ങി. പണ്ടൊക്കെ തിരുവാതിരയ്‌ക്കും ക്രിസ്‌തുമസ്‌ അവധിക്കും തണുപ്പ്‌ വകവെക്കാതെ സഹോദരങ്ങളോടൊത്ത്‌ കുളത്തില്‍ തിമിര്‍ത്തത്‌ ഓര്‍മ്മ വന്നു. ഇന്ന്‌ കുളത്തില്‍ വെളളമനക്കാതെ മുങ്ങിക്കുളിച്ചു പോകാനാണ്‌ എല്ലാവരും താല്‍പര്യപ്പെടുന്നത്‌. മഴക്കാലത്ത്‌ നിറഞ്ഞൊഴുകുന്ന കുളത്തിലേക്ക്‌ ഞാന്‍ നിര്‍ബന്ധിച്ചാല്‍ മാത്രം അനിയത്തിമാര്‍ എന്നോടൊത്ത്‌ നീന്തും. 'എറങ്ങി ഒറ്റ മുങ്ങലു മുങ്ങ്യാ തണുപ്പൊക്കെ പോവും.' മുത്തശ്ശി പറഞ്ഞതോര്‍ത്തു മൂന്നു വട്ടം മുങ്ങി.
    തറവാട്ടു വളപ്പിലെ അമ്പലത്തില്‍ ഈറന്‍ വസ്‌ത്രമണിഞ്ഞേ പ്രവേശനമുളളു. കുളി കഴിഞ്ഞു നനഞ്ഞ വസ്‌ത്രവുമായി കുളത്തില്‍ നിന്നു കയറുമ്പോള്‍ പുല്ലാനിക്കാട്ടില്‍ നിന്ന്‌ ദോശയുടെ വാസന. തറവാടിനു ചുറ്റും പണിത നാലു വീടുകളിലായാണ്‌ അച്ഛനും ചെറിയച്ഛന്‍മാരും താമസിക്കുന്നത്‌. അതില്‍ മുത്തശ്ശിയും ഒരു ചെറിയച്ഛനും കുടുംബവും താമസിക്കുന്ന വീടാണ്‌ പുല്ലാനിക്കാട്‌. തറവാടിന്റയത്ര വലുപ്പമില്ലെങ്കിലും ഒരു കുഞ്ഞു തറവാടാണിതും. പണ്ട്‌ അച്ഛനും സഹോദരങ്ങളും അവിടെയായിരുന്നു. എന്റെ കുട്ടിക്കാലം ചിലവഴിച്ച വീട്‌. അവിടുത്തെ ദോശയ്‌ക്ക്‌ ഒരു പ്രത്യേക സ്വാദാണ്‌. പഴയ കല്ലു ഗ്രൈണ്ടറില്‍ അരച്ച മാവ്‌ വിറകു കൂട്ടിയ അടുപ്പില്‍ ചട്ടി വെച്ചു ചുട്ടെടുക്കുന്നതാണ്‌ ദോശയുടെ രുചിയിലെ രസതന്ത്രം.
   പ്രലോഭനത്തില്‍ വീഴാതെ മുന്നോട്ടു നടന്നു. പച്ചപ്പും കുറ്റിക്കാടുമെല്ലാം മാറ്റമില്ലാതെ നില്‍ക്കുന്നു, വര്‍ഷങ്ങളായി! അമ്പലത്തിലെത്തി തൊഴുമ്പോള്‍ പൂജാരി എമ്പ്രാന്തിരി പ്രസാദം തന്ന്‌ കുശലാന്വേഷണം നടത്തി. എന്റെ കുട്ടിക്കാലത്ത്‌ എന്നെ എടുത്ത്‌ നടന്നിരുന്ന ആളാണ്‌. ഇപ്പോഴും അതേ വാല്‍സല്യത്തോടെയാണ്‌ സംസാരിക്കുക. യാത്ര പറഞ്ഞ്‌ തറവാട്ടിലേക്കു നടന്നു.
    അവിടെ കൊയ്‌ത്തു നടക്കുകയാണ്‌. പൊടിയടിച്ചപ്പോള്‍ അറിയാതെ മൂക്കുപൊത്തി. ഞാനടക്കമുളള പലര്‍ക്കും ഇപ്പോള്‍ നെല്ലിന്റെ പൊടി അലര്‍ജിയായിരിക്കുന്നു. വൈകുന്നേരങ്ങളില്‍ വൈക്കോല്‍കൂനകളില്‍ കുത്തിമറിഞ്ഞ ദിവസങ്ങളുണ്ടായിരുന്നു. കാലം മാറി, ജീവിതരീതിയും! കൊയ്യാനെത്തുന്ന സ്‌ത്രീകള്‍ എന്നെ കുട്ടികാലത്ത്‌ സ്ഥിരമായി കളിയാക്കി. ആരു പരിഹസിച്ചാലും കണ്ണീരൊഴുക്കുന്ന ഒരു കുട്ടിയായിരുന്നു അന്ന്‌. പുതിയമുഖങ്ങളെ എനിക്കു പരിചയമില്ല. എന്നാലും ഞാന്‍ ചിരിച്ചു, അവരും.

    തറവാടിനകത്ത്‌ നിശബ്ദത. മൊബൈലിന്റെയോ ടിവിയുടെയോ ബഹളമില്ല. പലപ്പോഴും ആ ശാന്തത അസഹനീയമായി തോന്നാറുണ്ട്‌. ഭൂതകാലത്തിലെ ഓര്‍മ്മകളാകാം എന്നെ അത്തരത്തില്‍ ചിന്തിപ്പിക്കുന്നത്‌. ഞങ്ങള്‍ മുത്തശ്ശി എന്നു വിളിക്കുന്ന അച്ഛന്റെ ചെറിയമ്മ നാലുകെട്ടിലെ നിലത്തിരുന്ന്‌ മലരിലെ പതിരു കളയുന്നു. കേള്‍വിക്കും കാഴ്‌ചയ്‌ക്കും ചെറിയ കുറവുണ്ട്‌ ഇപ്പോള്‍ മുത്തശ്ശിക്ക്‌. ആരെന്തു പറഞ്ഞാലും പുഞ്ചിരിയോടെ കേള്‍ക്കും. മുത്തശ്ശിയോടു വിശേഷങ്ങള്‍ പങ്കുവെച്ച്‌ തറവാടിനകത്ത്‌ വേട്ടേക്കരനെ തൊഴുത്‌ തീര്‍ഥവും സേവിച്ച്‌ വീട്ടിലേക്ക്‌ നടന്നു!
   പുല്ലാനിക്കാടിനടുത്തെത്തിയപ്പോള്‍ അടുക്കളയില്‍ നിന്ന്‌ ചെറിയമ്മയുടെ സ്വരം, "ദോശ വേണോ?" ഈറനാണെന്നു പറഞ്ഞു ഞാന്‍ വീട്ടിലേക്കു നടന്നു. വഴിയില്‍ തിരുവാതിരയുടെ ശേഷിപ്പായ ഊഞ്ഞാല്‍ കാറ്റിനനുസരിച്ച്‌ ചെറുതായി ചലിച്ചു.
   എല്ലാമെന്നെ എഴുതാന്‍ നിര്‍ബന്ധിക്കുന്നു. ഞാന്‍ ഈ അക്ഷരങ്ങളെ വെറുക്കാന്‍ ആഗ്രഹിച്ചതാണ്‌. പക്ഷെ പ്രിയപ്പെട്ടവര്‍ എന്റെ എഴുത്തിനെ സ്‌നേഹിക്കുന്നു. വെറുക്കപ്പെടുമ്പോഴും എന്റെ കൈ ചലിക്കാന്‍ കൊതി. എഴുതുന്നു, വായിക്കുമെന്ന പ്രതീക്ഷയോടെ! 

4.2.14

സ്വപ്‌നലോകത്തിരുന്ന്‌ ഞാന്‍ വീണ്ടും...!




അക്ഷരങ്ങള്‍ പെറുക്കിവെക്കുന്നത്‌ ഒരു സാധനയാണ്‌. ചില ഘടകങ്ങള്‍ എഴുതാന്‍ പ്രേരിപ്പിക്കുമ്പോള്‍ മറ്റു ചിലത്‌ വിഘാതം സൃഷ്ടിക്കുന്നു. വാക്കുകളെ ധ്യാനിക്കാനുളള കഴിവ്‌ എനിക്കു നഷ്ടപ്പെട്ടുവെന്നു തോന്നിത്തുടങ്ങിയ അവസരത്തിലാണ്‌ സര്‍ഗാത്മക എഴുത്തിനോട്‌ യാത്ര പറയാന്‍ തീരുമാനിച്ചത്‌. യാതൊരു തരത്തിലും അക്ഷരങ്ങള്‍ കൂട്ടിയോജിപ്പിക്കാതെ സ്വയം പ്രതികാരം ചെയ്യണമെന്നായിരുന്നു ആഗ്രഹമെങ്കിലും ജോലി പോകുമെന്നു ഭയന്ന്‌ അത്യാവശ്യം വാര്‍ത്തകള്‍ മാത്രം കൊടുത്ത്‌ ദിനങ്ങള്‍ തളളി നീക്കി.
      ഞാന്‍ എഴുത്ത്‌ നിര്‍ത്തുമെന്നു പറഞ്ഞപ്പോള്‍ എന്റെ ആത്മാവ്‌ മന്ത്രിച്ചു, 'നിന്റെ ലോകം എഴുത്താണ്‌. നീ കൂടുതല്‍ സുന്ദരിയാകുന്നതും എഴുത്തിലൂടെയാണ്‌. നിന്റെ വാക്കുകള്‍ വായിക്കാന്‍ ഒരു സമൂഹമുണ്ട്‌. അവരെ മറക്കരുത്‌.'
     ആരെയും ചെവികൊളളാന്‍ എനിക്കു താല്‍പര്യം തോന്നിയില്ല. മനസ്സിലാക്കിയവര്‍ തളളി പറഞ്ഞപ്പോഴുളള വേദനയോ അമര്‍ഷമോ എന്നെ നിശ്ശബ്ദയാക്കി. കാരണങ്ങള്‍ ആരാഞ്ഞവരോടു എന്തെല്ലാമോ പറഞ്ഞൊഴിഞ്ഞു. പുറത്തു കളിചിരിയുമായി നടക്കുമ്പോഴും ഞാന്‍ എന്നിലേക്കു തന്നെ ഒതുങ്ങി. വിഷമം വരുമ്പോള്‍ അഭയം തേടാറുളള എഴുത്തിനെ ഞാന്‍ ഉപേക്ഷിച്ചതോടെ ശരീരവും മനസ്സും ക്ഷീണിച്ചു.
      ഒരു ബിന്ദുവില്‍ നിന്ന്‌ മറ്റൊന്നിലേക്കുളള യാത്ര എനിക്കു ഓര്‍ക്കാവുന്നതിലുമപ്പുറമായിരുന്നു. മനസ്സു മരവിച്ചു. ഒരു ദീപം കൊടുത്തി പുതിയത്‌ പ്രകാശിപ്പിക്കാന്‍ നന്നെ പ്രയാസപ്പെട്ടു. കാലമെല്ലാം ശരിയാക്കുമെന്ന വിശ്വാസമില്ലാതായി.
      പതുക്കെ ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി, മനവും മേനിയും രണ്ടാണെന്ന്‌. ശരീരം ചുമരുകള്‍ക്കിടയില്‍ ഒതുങ്ങി നിന്നെങ്കിലും മനസ്സ്‌ പാറി പറന്നു നടന്നു. ആകാശത്തു വിദൂരതയില്‍ ചന്ദ്രന്‍ നക്ഷത്രത്തെ നോക്കി നില്‍ക്കുമ്പോള്‍ അവിടെ പോയി രണ്ടു പേരെയും കൂട്ടിയോജിപ്പിക്കുന്നതു വരെ ഭാവനയില്‍ ഞാന്‍ കണ്ടു.
     അങ്ങനെ ഞാന്‍ എഴുതാന്‍ തീരുമാനിച്ചു. പേന ആദ്യമായി കൂട്ടിപ്പിടിച്ച എന്റെ വീട്ടുമുറ്റത്തും തൊടിയിലും പോയി ഞാന്‍ സമ്മതം ചോദിച്ചു. അവിടെ മൗനത്തിലൂടെ എന്നോടു സംവദിച്ച പലതും എന്നെ സ്‌നേഹത്തോടെ നോക്കി. എല്ലാവരും സന്തോഷത്തിലാണെന്നു തോന്നി. ആദ്യമായും അവസാനമായും ഞാന്‍ എന്റെ ആത്മാവിനോടു ചോദിച്ചു, ഞാന്‍ ചെയ്യുന്നത്‌ ശരിയാണോയെന്ന്‌! തീര്‍ച്ചയായും എന്നൊരുത്തരം എനിക്ക്‌ ആത്മവിശ്വാസം നല്‍കുന്നു.
     നെയ്‌തെടുത്ത ആ സ്വപ്‌നലോകത്തിരുന്ന്‌ ഞാന്‍ വീണ്ടും എഴുതിതുടങ്ങുന്നു....!