29.4.13

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ഒരു വിളിപ്പാടകലെ
ഒരു പുഞ്ചിരിയായി
ഏറെ കൊതിച്ചോരെന്‍
പ്രിയപ്പെട്ട ഭൂതകാലം!

എന്തിനീ പ്രതീക്ഷ
എല്ലാം അറിഞ്ഞിട്ടും?
കരയണമെന്നാകിലും
ചിരിക്കുന്നതെന്തിന്?

അശ്രുക്കളെക്കാളിഷ്ടം
മന്ദഹാസമാകയാലോ?
മഴയെക്കാള്‍ പ്രതീക്ഷ
കാര്‍മേഘം തരുന്നുവോ?

പ്രാര്‍ത്ഥിക്കുന്നു ഞാന്‍
മഴയായി പതിക്കാന്‍.
പെയ്യാന്‍ കൊതിക്കുന്നു
സ്നേഹബാഷ്പമായി !

ജീവിക്കാന്‍ മറന്നുവോ
സ്വപ്നത്തില്‍ മയങ്ങിയോ?
ചോദ്യങ്ങള്‍ വര്‍ഷിക്കട്ടെ
ഉത്തരങ്ങളിലെങ്കിലും!

22.4.13

ബ്ലോഗ്ഗർ സംഗമം @ തുഞ്ചൻ പറമ്പ്തിരൂരിലെ തുഞ്ചൻപറമ്പിലെ ബ്ലോഗ്ഗർ മീറ്റ്‌ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ മുതൽ വിചാരിക്കുന്നതാണ് അതിനെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന്! ഒറ്റയിരുപ്പിൽ എഴുതി തീർക്കുവാനാണ്‌ എനിക്ക് ഇഷ്ടമെന്നതിനാൽ ഇടയ്ക്കിടയ്ക്ക് പവർ കട്ട്‌ ഉണ്ടാവുമോ എന്നൊരു ഭയമുണ്ട്. കെ എസ് ഇ ബിയുടെ ഒരു മണിക്കൂർ കട്ട്‌ ഇപ്പോഴെങ്ങാനും വന്നാൽ കഴിഞ്ഞു ഈ പോസ്റ്റിന്റെ കഥ. പക്ഷെ അബ്സർ ഡോക്ടറുടെ മീറ്റിന്റെ വിവരണം വായിച്ചിട്ട് വെറുതെ ഇരിക്കാനും തോന്നുന്നില്ല. വരുന്നത് വരട്ടെ, ഓണ്‍ലൈൻ റേഡിയോ ഓണ്‍ ചെയ്തു ഞാൻ ഒരു പോസ്റ്റ്‌ എഴുതാൻ തന്നെ തീരുമാനിച്ചു. കറന്റ്‌ ദേവനെ, കൂടെ നിന്നോളണേ!

അപ്പൊ പറഞ്ഞു വന്നത് തിരൂരിലെ സംഗമത്തെ കുറിച്ചാണ്. ബ്ലോഗ്‌ മീറ്റിലെ രസങ്ങളെക്കുറിച്ച് ഒരുപാട് നാളായി പലരും എഴുതി കൊതിപ്പിക്കുന്നു. നമ്മടെ ജില്ലയിൽ ഇത് രണ്ടാമത്തെ വർഷമാണ്‌ ബ്ലോഗ്ഗർമാർ ഒത്തുകൂടുന്നതെത്രേ! ഞാൻ ഈ ബ്ലോഗ്‌ തുടങ്ങിയിട്ട് ഒരു കൊല്ലം പോലുമായില്ല എന്നതിനാൽ എനിക്ക് പോകാൻ ഒരു പേടിയൊക്കെയുണ്ടായിരുന്നു. വലിയ ബ്ലോഗ്‌ പുലികളൊക്കെ വരുന്ന വേദിയിൽ ഞാൻ വെറുമൊരു നേഴ്സറികുട്ടിയല്ലേ? അറിയുന്ന ചില ബ്ലോഗ്ഗർമാരെ വിളിച്ചു നോക്കി, എല്ലാവർക്കും ഓരോരോ തിരക്കുകൾ. ഒടുവിൽ എന്റെ ബന്ധുവും സുഹൃത്തുമായ ശീതളിനോട് ചോദിച്ചു. അവൾ സന്തോഷപൂർവ്വം സമ്മതിച്ചു. ഭാവിയിൽ ഒരു ബ്ലോഗ്‌ തുടങ്ങാനുള്ള പരിപാടി അവൾക്കുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്കും ഉത്സാഹമായി.

അങ്ങനെ ഏപ്രിൽ 21നു രാവിലെ തിരൂർ ബസ്സിൽ കയറി. തുഞ്ചൻപറമ്പിൽ എത്തിയപ്പോൾ സമയം 11.30 ആയി. സമയം വൈകിയതിന്റെ ചെറിയ ഒരു ചമ്മലോടെയാണ് അകത്തേക്ക് കടന്നത്. വളരെ നല്ല സ്വീകരണമായിരുന്നു ലഭിച്ചത്. രജിസ്ട്രെഷൻ കഴിഞ്ഞു അതിനടുത്തു വച്ചിരുന്ന പുസ്തകങ്ങളിലൂടെ കണ്ണോടിച്ചു. ഫേസ്ബുക്കിൽ ഞാൻ തന്നെ മലബാരിസ് എന്ന ഗ്രൂപ്പിൽ പരസ്യം കൊടുത്ത പടന്നക്കാരന്റെ പുസ്തകം കണ്ണിൽപ്പെട്ടു. അന്ന് കവർ ഫോട്ടോ കണ്ടപ്പോൾ ഞാൻ കരുതിയത് കുറച്ചു കട്ടിയുള്ള പുസ്തകമാണെന്നായിരുന്നു. പക്ഷെ നേരിൽ കണ്ടപ്പോൾ ചെറുതായി പോയെന്നു തോന്നി.

അകത്തു പുസ്തകപ്രകാശനം നടക്കുന്നു. പുറത്തു തന്നെ നിന്ന ഞങ്ങൾക്ക് ലീല ചേച്ചി പുസ്തകങ്ങളെ പരിചയപ്പെടുത്തി തന്നു. അത് കഴിഞ്ഞപ്പോഴേക്കും ചായക്കുള്ള ഇടവേളയായി. ആദ്യമായി തുഞ്ചൻപറമ്പിൽ എത്തിയ എനിക്ക് ശീതൾ അവിടുത്തെ ഓരോ സ്ഥലവും കാണിച്ചു തന്നു. ആയിരത്തോളം വർഷം പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ ഉള്ള അവിടുത്തെ വായനശാലയിൽ പക്ഷെ കറന്റ്‌ പോയതിനാൽ ചുമ്മാ നടന്നു കാണാൻ പോലും കഴിഞ്ഞില്ല.

സ്ഥലം കണ്ടു തിരിച്ചു സംഗമം നടക്കുന്ന സ്ഥലത്തേക്ക് എത്തിയപ്പോൾ ഓരോ ഗ്ലാസ്‌ ചായയുമായി ഓരോരുത്തരും തമ്മിൽ പരിചയപ്പെടുകയാണ്. ബന്ധുക്കളുടെ വിവാഹത്തിന് പോയാൽ കേൾക്കുന്ന ഒരു ചോദ്യമാണ് "എന്താ ഇല്ലപ്പേര്?"! അത് പോലെ ഇവിടെ "എന്താ ബ്ലോഗിന്റെ പേര്?" എന്നാണു എല്ലാവർക്കും അറിയേണ്ടത്. ബെന്ജിയെട്ടനും മണ്ടൂസനും വിഡ്ഢിമാനും റിയാസ്ക്കയും റോബിനും സംഗീതുമെല്ലാം അരുണേട്ടനും വന്നു പരിചയപ്പെട്ടു. ചിലരെ ഫേസ്ബുക്കിൽ കണ്ടു മനസ്സിലായി. മറ്റു ചിലർ ഫോട്ടോഷോപ്പിന്റെ അതിപ്രസരമുള്ള ചിത്രങ്ങൾ എഫ്ബിയിൽ ഇട്ടതിനാൽ മനസ്സിലാകാൻ നന്നേ വിഷമിച്ചു.

"അറിയോ" കണ്ണടയിട്ട ഒരാൾ വന്നു ചോദിച്ചു. "ഇതെന്തൊരു ചോദ്യം, ഡോക്ടറല്ലേ?" സ്വന്തം ബ്ലോഗ്‌ ലിങ്ക്, കഷായം കൊടുക്കുന്നതിനേക്കാൾ ആത്മാർത്ഥതയോടെ ആളുകൾക്ക് കൊടുക്കുന്ന അബ്സർക്കയുടെ ചോദ്യത്തിന് വേഗം തന്നെ ഞാൻ ഉത്തരം കൊടുത്തു. എങ്കിലും എനിക്കും കിട്ടി ആ മഹാന്റെ ഒരു വിസിറ്റിംഗ് കാർഡ്‌. എല്ലാവരും സ്വയം പരിചയപ്പെടുത്തണമെന്ന് സംഗമത്തിന്റെ ഭാരവാഹിയായ ജയേട്ടൻ പറഞ്ഞപ്പോൾ എന്നെ കുറിച്ചും ബ്ലോഗിനെക്കുറിച്ചും രണ്ടു വരിയിൽ ഞാനും പറഞ്ഞു. തിരിച്ചു വന്നു കസേരയിൽ ഇരിക്കുമ്പോൾ അബ്സർക്കയുടെ കമന്റ്‌ "നിന്റെ ഇംഗ്ലീഷ് ബ്ലോഗ്‌ Voice of a Village Girl എന്നത് മലയാളത്തിൽ ഒരു പട്ടിക്കാട് പെണ്ണിന്റെ നാക്ക് എന്ന് മലയാളത്തിൽ പറയായിരുന്നു"! പട്ടിക്കാടൊക്കെ ഇന്ന് പട്ടണമായി എന്ന് പറയാൻ തോന്നിയെങ്കിലും മിണ്ടാതെയിരുന്നു."ചേച്ചിക്ക് എന്നെ മനസ്സിലായില്ലേ? ഞാനാ ചേച്ചിക്ക് എന്റെ ഓരോ ബ്ലോഗ്‌ പോസ്റ്റും ഫേസ്ബുക്കിൽ മെസ്സേജ് അയക്കുന്നത്" രാഗേഷ് ആ ഒരു ആമുഖത്തിൽ തുടങ്ങിയ ഞങ്ങളുടെ സംസാരം വൈകുന്നേരം മടങ്ങുന്നത് വരെ തുടർന്നു. അകന്നബന്ധുവാണെങ്കിലും ഇത് വരെ പരിചയപ്പെട്ടിട്ടില്ലാത്ത പ്രസന്നയേടത്തിയെയും കണ്ടു. എല്ലാവരുടെയും പരിചയപ്പെടലിനു ശേഷം ഗ്രൂപ്പ്‌ ഫോട്ടോ എടുത്തു. റിയാസ്ക്ക അഴകിയ രാവണനിലെ വേദനിക്കുന്ന കോടീശ്വരൻ നിർമാതാവ് ശങ്കർ ദാസിനെ പോലെ തന്റെ ചാനലിന്റെ ക്യാമറമാന് നിർദേശങ്ങൾ നൽകി കൊണ്ടിരുന്നു. ഒറ്റ ഫ്രെയിമിൽ ഒതുക്കാൻ ഫോട്ടോഗ്രാഫർമാർ നന്നേ കഷ്ടപ്പെട്ടു. വീണ്ടും അൽപ്പം നർമ്മസല്ലാപത്തിനു ശേഷം എല്ലാവരും ഊട്ടുപുരയിലേക്ക്‌...
സസ്യാഹരിയായതിനാൽ പലപ്പോഴും പരിപാടികളിൽ പങ്കെടുത്തു ഞാൻ വിശന്ന വയറുമായി ആതിഥേയനു ഒരു പുഞ്ചിരിയുമായി മടങ്ങാറാണുള്ളത്. ഇത്തവണ പക്ഷെ വിഭവസമൃദ്ധമായ സദ്യയാണ് ലഭിച്ചത്. എന്റെ മുൻപിലിരുന്നു ഭക്ഷണം കഴിച്ച ജയേട്ടൻ കുരുന്നു ബ്ലോഗ്ഗർമാരായ അബിദ്നും ഇന്ചൂരാനും മാംസാഹാരം ദിവസവും കഴിക്കുന്നതിലെ ദോഷങ്ങൾ വിവരിക്കുന്നുണ്ടായിരുന്നു. ഊണ് കഴിഞ്ഞു വീണ്ടും കത്തിയടി. പത്രക്കാരൻ, പൈമ, ജിനീഷ്, അംജദ്ക്ക എന്നിവരെ പരിചയപ്പെട്ടു.

ഉച്ചക്ക് ശേഷം ബ്ലോഗും ഭാഷയും എങ്ങനെ മെച്ചപ്പെടുത്താമെന്നു ചർച്ച നടന്നു. ചർച്ചയ്ക്കിടയിൽ ബൂലോകം.കോം എന്ന സൈറ്റിനെതിരെ ബ്ലോഗ്ഗർമാർ ആഞ്ഞടിച്ചു. ഈ മീറ്റ്‌ ഒരു പ്രഹസനമാണെന്നു വരെ പറഞ്ഞു പോസ്റ്റുകൾ എഴുതിയ സൈറ്റിനെ ഒരേ സ്വരത്തിൽ എല്ലാവരും വിമർശിച്ചു. അതിനിടക്കാണ്‌ ഒരു ഫോട്ടോഗ്രാഫർ ഞങ്ങളെ പല പോസുകളിൽ ഇരുന്നെടുക്കുന്നത് ശ്രദ്ധിച്ചത്. മലയാളി എന്ന പേരിൽ അറിയപ്പെടുന്ന ബ്ലോഗ്ഗർ ആയിരുന്നത്. അദ്ദേഹം ജോലിയെടുക്കുന്ന പത്രത്തിന് വേണ്ടി ഒരു വാർത്ത‍ എഴുതി കൊടുക്കാമെന്നു ഞാനെറ്റെങ്കിലും എഴുതി തുടങ്ങിയപ്പോഴാണ് എന്റെ പത്രഭാഷ ഒന്നൂടെ മൂർച്ച കൂട്ടാൻ സമയമായിയെന്നു ഞാൻ തിരിച്ചറിഞ്ഞത്. ബൈലൈൻ കിട്ടുമെന്ന വ്യാമോഹത്താൽ എന്തെല്ലാമോ കുറിച്ചിടുമ്പോൾ മനസ്സിൽ എന്റെ ഭാഷയെക്കുറിച്ച് ഒരു സംശയം ഉണ്ടായിരുന്നു. സംഭവം സത്യമായി, എഡിറ്റർമാർ ആ റിപ്പോർട്ട്‌ ചവറ്റു കൊട്ടയിലെക്കെറിഞ്ഞു.

എന്തൊക്കെയാണെങ്കിലും ഈ ബ്ലോഗ്‌ മീറ്റ്‌ ഒരുപാടു നല്ല സുഹൃത്തുക്കളെ നേരിൽ കാണാൻ സഹായിച്ചു. ഊണ് കഴിക്കുമ്പോൾ പപ്പടം തന്നാൽ നിന്റെ ബ്ലോഗിന് ഇന്ന് തന്നെ രണ്ടു കമന്റ്‌ ഇടുമെന്നൊക്കെ പറയുന്ന തമാശകൾ ഈ കൂട്ടായ്മയിൽ മാത്രം കേൾക്കുന്നവയാണ്. നല്ല ജോലിയുണ്ടെങ്കിൽ രൂപേച്ചിക്ക് കൊടുക്കണമെന്ന് പലരും എനിക്ക് വേണ്ടി ശുപാർശ ചെയ്യുന്നത് കണ്ടു.അപരിചിതത്വം തീരെയില്ലാതെ എത്രയോ കാലം മുൻപേ സൗഹൃദമുള്ളവരെ പോലെ ഞങ്ങൾ സംസാരിച്ചു. പലരും അവരുടെ പ്രണയകഥകൾ വരെ എന്നോട് പറഞ്ഞു. 

പണ്ട് മനോരമയിൽ ഇന്റെർന്ഷിപ്പ് ചെയ്യുമ്പോൾ പ്രസ്‌ ക്ലബ്ബിൽ മാധ്യമപ്രവർത്തകർ തമ്മിൽ ന്യൂസ്‌ റിപ്പോർട്ടുകളെ വിശകലനം ചെയ്യുന്നതും വിമർശിക്കുന്നതും അഭിനന്ദിക്കുന്നതും കാണാറുണ്ടായിരുന്നു. ഇവിടെയത് പോലെ പുതിയ ബ്ലോഗ്‌ പോസ്റ്റുകളെ കുറിച്ചുള്ള ചർച്ചകൾ ചെറുസംഘങ്ങൾ നടത്തുന്നത് കണ്ടു. കടുകട്ടി വാക്കുകൾ വായിക്കാനും എഴുതാനും ഇഷ്ടപ്പെടാത്ത എന്നെപ്പോലെ ഒരുപാടുപേരുണ്ടെന്നു ഞാൻ അറിഞ്ഞു. 

സമയം മൂന്നു കഴിഞ്ഞു. സംഗീതിനോടും രാഗേഷിനോടും പലതവണ യാത്ര പറഞ്ഞു പിന്നീടും സംസാരം തുടർന്നപ്പോൾ അവർ ചോദിച്ചു, "ചേച്ചിക്ക് പോവാൻ തോന്നുന്നില്ലല്ലേ?"! അവർ  പറഞ്ഞത് സത്യമാണ്. പക്ഷെ സാബു കൊട്ടോട്ടി യോഗം കഴിഞ്ഞെന്നു പറഞ്ഞാൽ പോകാതിരിക്കാൻ വയ്യല്ലോ... ഗ്രൂപ്പ്‌ ഫോട്ടോയിൽ ഞാൻ ഇല്ല, ബഷീർക്കയെ (വള്ളിക്കുന്ന്) പരിചയപ്പെടാനായില്ല, സജീവേട്ടനെ കൊണ്ട് എന്റെ കാർട്ടൂണ്‍ വരപ്പിക്കാനായില്ല എന്നിങ്ങനെ ചില്ലറ വിഷമങ്ങളോടെയും സൗഹൃദത്തിന്റെ വലിയ ഒരു ലോകം നേരിൽ കണ്ടതിന്റെ അളവറ്റ സന്തോഷത്തോടെയും ഞാൻ തുഞ്ചൻപറമ്പിനോട് വീണ്ടും കാണാമെന്നു യാത്ര പറഞ്ഞിറങ്ങി. 

സംഗമത്തിന്റെ ഭാരവാഹികളോടുള്ള നന്ദി പ്രസംഗത്തോട്‌ കൂടി ഞാൻ ഈ പോസ്റ്റ് നിർത്തുന്നു... എല്ലാവർക്കും നന്ദി നമസ്കാരം! 

(പേരുകൾ ഓർമ്മിക്കാൻ ഞാൻ വളരെ പുറകോട്ടാണെന്നതിനാൽ പലരെയും വിട്ടു പോയിട്ടുണ്ട്. എന്നെ തല്ലരുതമ്മാവാ ഞാൻ നന്നാവില്ല. പോരാത്തതിനു തുടക്കത്തിലേ പ്രാർത്ഥന ഫലിച്ചില്ല. രാവിലെ എഴുതി തുടങ്ങിയ പോസ്റ്റ്‌ കറന്റ്‌ കട്ടുകൾ കൊണ്ട് രാത്രിയാണ്‌ അവസാനിച്ചത്. എല്ലാത്തിനും ക്ഷമ)

ചിത്രങ്ങൾക്ക് കടപ്പാട് : മലയാളി 

8.4.13

ചക്കയും മാങ്ങയും വേനലും

വൈകുന്നേരം വെയിൽ താഴ്ന്നപ്പോൾ ഞാൻ പതുക്കെ എന്റെ തറവാട്ടിലേക്ക് നടന്നു. അകത്തേക്ക് കയറി ചെല്ലുമ്പോൾ ഞാൻ കേൾക്കുന്നത് ഞങ്ങളുടെ ചെറിയ അനിയൻ (ഇംഗ്ലീഷിൽ കസിൻ എന്ന് വായിക്കും) അവന്റെ അമ്മയോട് പരാതി പറയുന്നതാണ്.

"എന്താമ്മേ, ഞാൻ എങ്ങടെങ്കിലും പോട്ടെ? ഇവിടെരുന്നു ബോറടിക്കണു." വേനലവധിക്ക് സ്കൂൾ അടച്ചതിനു ശേഷം അവന്റെ സ്ഥിരം പരിഭവമാണിത്. ടിവിയാണ് ലോകമെന്നു കരുതുന്ന പുതുതലമുറയിൽപ്പെട്ട ഇവൻ മറ്റു വീടുകളിൽ പോവുന്നതും ഇവിടെ തന്നെ നില്ക്കുന്നതും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് എന്ന് ഞാൻ അത്ഭുതപ്പെട്ടു. "അല്ല! അവടെ പോയാലും ടിവിയും കമ്പ്യൂട്ടറും തന്നെ അല്ലെ കളിക്കാനുള്ളത്?" ഞാൻ ചോദിച്ചു. 

"അല്ലാതെ പിന്നെ വേറെ എന്താ ഉള്ളത്?" അനിയന്റെ ചോദ്യം എന്നെ പിടിച്ചിരുത്തി. എന്റെ കുട്ടിക്കാലത്തൊക്കെ രണ്ടു മാസം തീരുന്നത് ഞങ്ങൾ അറിയാറില്ല. ടിവി എന്നാൽ ദൂരദർശൻ ആയിരുന്നു ഞങ്ങൾ കുട്ടികൾക്ക്. അത് കൊണ്ട് തന്നെ മണിക്കൂറുകളോളം ആ പെട്ടിയുടെ മുൻപിൽ ചിലവിടാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു.ഞാനുമെന്റെ അനിയനും അച്ഛന്റെ അനിയന്മാരുടെയും സഹോദരിമാരുടെയും മക്കളുമെല്ലാം വിദ്യാലയം അടച്ചു കഴിഞ്ഞാൽ തറവാട്ടിലെത്തും. സമപ്രായക്കാരായ പത്തു സഹോദരർ ഉണ്ടെനിക്ക്. എല്ലാവരും കൂടി കഴിഞ്ഞാൽ ഉത്സവം തന്നെയാണ്. ഞങ്ങൾ കുട്ടികളെ അടക്കി നിർത്താൻ അമ്മമാർ കുറച്ചൊന്നുമല്ല ഈ മാസങ്ങളിൽ കഷ്ടപ്പെടാറുള്ളത്. 

വെക്കേഷനാണെന്ന് കരുതി രാവിലെ പത്തു മണി വരെ ഉറങ്ങാനൊന്നും കഴിയാറില്ല. അമ്പലത്തിൽ പാട്ട് വെക്കുമ്പോഴേക്കും, അതായത്  ഒരു 5 മണി ആയാൽ ഞങ്ങൾ ഉണരും. നേരെ മാവിന്റെ ചുവട്ടിലേക്ക്! കയ്യിൽ ചെറിയ പാത്രങ്ങളുമായി എല്ലാ മാവിന്റെയും ചുവട്ടിൽ പോയി മാങ്ങ പെറുക്കി തിരിച്ചെത്തുമ്പോഴേക്കും നേരം വെളുക്കും. ചില ദിവസങ്ങളിൽ പാത്രം നിറയെ മാങ്ങകളുമായി വരും, മറ്റു ചിലപ്പോൾ പേരിനു പോലും ഒന്നും കിട്ടാറില്ല. 
മാങ്ങയെല്ലാം ഒരു പത്രകടലാസ്സിൽ നിരത്തി വച്ച് നേരെ പല്ലു തേയ്ക്കാൻ പോകും. അവിടെ മുത്തശ്ശി ഉമിക്കേരി തയ്യാറാക്കി വച്ചിട്ടുണ്ടാവും. ഉമി കരിച്ചോ മറ്റോ ആണ് ഈ പൊടി ഉണ്ടാക്കുന്നത്. ക്ലോസപ്പിന്റെ മധുരമോർത്തു ഞങ്ങൾ പേസ്റ്റ് എടുക്കാൻ നോക്കിയാൽ മുത്തശ്ശി ശാസിക്കും, "നല്ല വെളുത്ത പല്ല് വരണെങ്കി മുക്കേരിയോണ്ട് തേക്കണം!"... അല്ല, അപ്പൊ പരസ്യത്തിൽ പറയുന്നതോ? ഇങ്ങനെ മനസ്സിലൊർക്കുമെങ്കിലും ചോദിക്കാറില്ല. 


പല്ല് തേപ്പു കഴിഞ്ഞു നേരെ കുളത്തിലേക്ക്‌ പോവണം! കുളിച്ചു ഈറനോടെ അമ്പലദർശനവും കഴിഞ്ഞു അവിടെ നിന്നുള്ള തീർഥവും സേവിച്ചാലെ പ്രഭാതഭക്ഷണം ലഭിക്കു. ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തി വേഷം മാറി തീൻമേശക്കു മുൻപിൽ ഇരിക്കുമ്പോൾ ആവി പറക്കുന്ന ദോശയും ചട്നിയും കിട്ടും. ഒരു നിയന്ത്രണവുമില്ലാതെ മത്സരിച്ചു കഴിക്കുകയെന്നത് ഞങ്ങളുടെ പതിവാണ്.


ഭക്ഷണം കഴിഞ്ഞാൽ അൽപം ചർച്ചകൾ. അന്ന് എന്ത് കളിക്കണം, ബാലരമ/ബാലഭുമി ആര് ആദ്യം വായിക്കണം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങൾക്ക് അവിടെ വച്ച് തീരുമാനമെടുക്കും. ക്രിക്കറ്റ്‌, ഒളിച്ചു കളി, 'ചൂടോ തണുപ്പോ' എന്നിങ്ങനെ പലവിധ കളികളിൽ ഉച്ച വരെ ഞങ്ങൾ ഏർപ്പെടും. അവിടെ സഹായത്തിനു വരുന്നവർ ഞങ്ങൾക്ക് 'കുട്ടിപ്പുര' ഉണ്ടാക്കി തന്നിരുന്നു. കഞ്ഞി വച്ചും മണ്ണപ്പം ചുട്ടും പൂക്കൾ കൊണ്ട് അലങ്കരിച്ചും ഞങ്ങൾ ആ പുരയെ ശരിക്കും ഒരു വീട് പോലെയാക്കും. അച്ഛനും അമ്മയും കുട്ടികളും, ടീച്ചറും വിദ്യാർത്ഥികളുമെല്ലാമായി ഞങ്ങളവിടെ നിറഞ്ഞു നിൽക്കും. 


കളിക്കിടയിൽ മാങ്ങ പെറുക്കാനും തിന്നാനുമായി ചെറിയ ഇടവേളകൾ ഉണ്ടാവാറുണ്ട്. ആ സമയത്ത് തൈര് കലക്കുന്ന മുത്തശ്ശിയുടെ അടുത്ത് ചെന്ന് ഒരു കഷ്ണം വെണ്ണ ഒപ്പിക്കാനും മറക്കാറില്ല. ഉച്ച വരെ നീളുന്ന ആദ്യത്തെ സെഷൻ കളികൾ "ഊണായി" എന്ന വിളി കേൾകേണ്ട സമയം അവസാനിക്കും. നെയ്യ് കൂട്ടി ഉരുട്ടിയ ഒരു ഉരുള എല്ലാവരുടെയും കിണ്ണത്തിൽ ഉണ്ടാവും. അത് കഴിഞ്ഞാൽ അടുപ്പിലെ കനൽപ്പുറത്ത് വച്ച ഇരുമ്പ് ചീനച്ചട്ടിയിൽ ഉണ്ടാക്കിയ കായ ഉപ്പേരിയും ഏതെങ്കിലും ഒരു കൂട്ടാനും കൂട്ടി ചോറുണ്ണും. ചക്ക വറുത്തതോ അമ്പലത്തിലെ പ്രസാദമായ പാൽ പായസമോ ചില ദിവസങ്ങളിൽ ഉണ്ടായേക്കും.
ഉച്ചഭക്ഷണം കഴിഞ്ഞാൽ വിശ്രമത്തിന്റെ സമയമാണ്. അകത്തു ഇരുന്നുള്ള കളികളാണ് വെയ്യിലാറുന്നത് വരെ ഞങ്ങൾ കളിക്കുന്നത്. പോലീസും കള്ളനും, നൂറാം കോൽ എന്നൊക്കെ പേരുള്ള കളികളായിരുന്നു ആ സമയത്തിനായി നീക്കി വച്ചത്. വൈകുന്നേരത്തെ ചായക്ക് അമ്മയും മറ്റുള്ളവരും ഒരു വലിയ പാത്രം നിറയെ ചക്കയും മാങ്ങയും മുറിച്ചു വച്ചാലും ഞങ്ങൾ അതെല്ലാം നിമിഷനേരം കൊണ്ട് കാലിയാക്കുമായിരുന്നു. 

നാല് മണി കഴിഞ്ഞാൽ വീണ്ടും മുറ്റത്ത് കളിയ്ക്കാൻ ഇറങ്ങുകയായി. അത് കഴിഞ്ഞു കുളത്തിലേക്ക്‌ ചാടും. നീന്തിയും വെള്ളം കുടിച്ചും മണിക്കൂറുകളോളം ഞങ്ങൾ കുളത്തിൽ അർമാദിക്കും. നീന്താൻ പഠിക്കുന്ന ചെറിയ കുട്ടികൾ തേങ്ങയും കയറും കൊണ്ടുണ്ടാക്കിയ "പേട്" എന്ന് പറഞ്ഞ സാധനത്തിനു മുകളിൽ പൊങ്ങി കിടന്നു കുളത്തിൽ തുഴയുന്നുണ്ടാവും. 


വെള്ളത്തിലേക്ക്‌ ഇറങ്ങിയ കുട്ടികളെ കയറ്റാൻ അമ്മമാർ പാടുപ്പെടും. ഒടുവിൽ എല്ലാവരെയും അനുനയിപ്പിച്ചു വെള്ളത്തിൽ നിന്ന് കയറ്റി അകത്തേക്ക് വിടുമ്പോഴേക്കും നേരമേറെയാകും. അവിടെ നിലത്തു കിണ്ണങ്ങളിൽ ഞങ്ങൾക്കായുള്ള അത്താഴം നിരത്തി വച്ചിട്ടുണ്ടാവും. ഭക്ഷണത്തിന് ശേഷം കയ്യുംകാലും കഴുകി വിളക്കിനു നാമം ചൊല്ലാനിരിക്കണം.ജപിച്ചത്തിനു ശേഷം കുറച്ചു സമയം വായന, അന്താക്ഷരി എന്നിങ്ങനെ ചില പരിപാടികൾ കഴിയുമ്പോഴേക്കും ഉറക്കം വരും! അന്ന് ഞങ്ങൾ ഉറങ്ങുമ്പോഴേക്കും സമയം ഏതാണ്ട് 8 മണിയൊക്കെയാവുള്ളു. ഇന്നത്തെ കുട്ടികൾക്ക് ഇതൊന്നും ആലോചിക്കാൻ പോലും വിഷമമാകും. 

മാവുകൾ പൂത്തു കണ്ണിമാങ്ങയുണ്ടായി, മധുരമൂറുന്നവയായി മാറുന്നതും കൊടും വേനലിൽ വെന്തുരുകി, പിന്നീട് പേടിപ്പിക്കുന്ന ഇടിയോടു കൂടിയ പുതുമഴ പെയ്യുന്നതിനുമെല്ലാം ഞാൻ എല്ലാ വർഷവും സാക്ഷിയാകാറുണ്ട്. ഒടുവിൽ നിറം മങ്ങിയ പഴയ പുസ്തകങ്ങൾ വലിച്ചെറിഞ്ഞു പുതിയവ വാങ്ങി അതിന്റെ ഗന്ധം ആസ്വദിച്ചു വേനലവധിക്ക് വിഷമത്തോടെ വിരമമിടുകയും ചെയ്യും!വേനലവധിയെ ഓർമ്മിപ്പിച്ചു തറവാട്ടുമുറ്റത്ത് പൂക്കുന്ന കൊന്നപ്പൂവിലും മെയ്‌ ഫ്ലവറിലും എന്റെയും സഹോദരങ്ങളുടെയും ബാല്യത്തിന്റെ ഗന്ധമുണ്ട്. കച്ചവടക്കാർ മത്സരിച്ചു വില പറഞ്ഞു പറിച്ചെടുത്തു കൊണ്ട് പോവുന്ന ചക്കയും മാങ്ങയും പഴയ കളിക്കൂട്ടുകാരായ ഞങ്ങളെ വിഷമത്തോടെ സ്മരിച്ചിരിക്കും.  

ചെറിയമ്മയോടും അനിയനോടും യാത്ര പറഞ്ഞു വീട്ടിലേക്കു നടക്കുമ്പോൾ ഞാൻ മുറ്റത്തേക്ക് തിരിഞ്ഞു നോക്കി. എന്താ എന്നെപ്പോലെ നിങ്ങൾക്കും അവിടെ നിന്ന് ഒരു കളിയാരവം കേൾക്കുന്നുണ്ടോ?

1.4.13

എല്ലാം പ്രതിബിംബങ്ങൾ


ഭൂമിതൻ മനോഹാരിത
പൂർണ്ണതയിൽ കാണാൻ
ഇരുട്ടിനെ മറയ്ക്കാൻ
നിലാവ് വരണം പോൽ!

പൗർണ്ണമിയിലുമെന്തിനു
ഓരോ രശ്മിയിലുമായി
ഞാൻ ദർശിക്കുന്നെന്നും
മഹാസൂര്യതേജസ്സിനെ!

അർക്കന്റെ ആർജവത്തിൽ
തിങ്കൾ അലിയുമ്പോൾ,
പൂർണ്ണവും അർദ്ധവും
ഇടയിൽ അമാവാസിയും!

സ്തുതിപദങ്ങൾ ചന്ദ്രന്
ശാപവാക്കുകൾ സൂര്യന്.
എങ്കിലും ആ ശക്തിയിൽ
എല്ലാം പ്രതിബിംബങ്ങൾ! 

വണങ്ങുവാൻ കഴിയുന്നില്ല
വേറൊരു രൂപങ്ങളെയും,
എൻ മുന്നിലെ വെളിച്ചം
അസ്തമിക്കില്ലൊരിക്കലും.

കറുത്തിരുണ്ട ആകാശം
നിശബ്ദതയിൽ ലോകവും
ഒരു നല്ല പ്രഭാതത്തിനായി
ഞാനും കാത്തിരിക്കട്ടെ!