31.5.15

അലിയണം വെണ്ണപോല്‍


പുറത്തെ കനത്ത ചൂടും ശീതികരിച്ച മുറിയിലെ മരവിച്ച തണുപ്പിനുമിടയിലെ ജീവിതം. ലോകം ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ആരംഭിച്ച് ജനങ്ങള്‍ ഉണരുമ്പോള്‍ അവസാനിക്കുന്ന ദിനങ്ങള്‍. കൈവെളളയില്‍ സ്വന്തമെന്നു കരുതി താലോലിച്ച സൗഹൃദങ്ങള്‍ തകരുമ്പോള്‍ പോലും കിതയ്ക്കാനോ തേങ്ങാനോ കഴിയാത്ത അവസ്ഥ. ബസ് സ്‌റ്റോപ്പില്‍ കണ്ടക്ടറുടെ ഡബിള്‍ബെല്ലെന്ന ഔദാര്യത്തിനു കാത്ത് നഗരത്തിലെ സ്ഥിരം തിരക്കുകളിലലിഞ്ഞുളള യാത്ര. അടുത്ത ലക്ഷ്യത്തില്‍ കയറുന്ന യാത്രക്കാര്‍ക്കായി തിരക്കിട്ടിറങ്ങി വഴിമാറി നടക്കും. കത്തിയെരിഞ്ഞാലും ചാരത്തില്‍ നിന്നുമുയര്‍ന്ന് അന്നത്തെ അന്നത്തിനു വകതേടുന്ന മിഠായിത്തെരുവും മദ്യത്തിനായി മര്യാദയോടെ കാത്തു നില്‍ക്കുന്ന വിദേശമദ്യശാലയും കടന്ന് റെയില്‍വെ ഗേറ്റും കഴിഞ്ഞ് കിതച്ച് ഓഫീസിലേക്ക്.

രാത്രിയും പാതിരാത്രിയും കഴിഞ്ഞ്, വന്ന വഴി വിജനമായി കിടക്കുന്നതു നോക്കി വഴിയരികില്‍ ഉറങ്ങാന്‍ ഇടം തേടുന്ന സ്ത്രീയെ നോക്കി കാറിലിരുന്ന് നിശ്വസിച്ച് വീട്ടിലേക്കു മടക്കം. ദിവസവും പുതിയ വാര്‍ത്തകള്‍ കൈകളിലെത്തുമ്പോഴും മരവിക്കാതെ മനസ്സ്. നാളെ രാവിലെ കാപ്പിക്കൊപ്പം പത്രം കണ്ടില്ലെങ്കില്‍ പ്രാഥമികകൃത്യങ്ങള്‍ പോലും നടത്താന്‍ കഴിയാത്ത ഒരു വായനാലോകത്തിനു വേണ്ടി ജീവിക്കുന്നു. സമയത്തിനു പ്രാമുഖ്യം നല്‍കിയ ജോലിക്കിടയില്‍ കുടുംബത്തിനും അടുക്കളയ്ക്കും വായനയ്ക്കും എഴുത്തിനും ഫോണിനും നവമാധ്യമങ്ങള്‍ക്കും സമയം കണ്ടെത്താനാകാതെ കുഴങ്ങുമ്പോള്‍ ഓര്‍ക്കും ഇതൊന്നുമില്ലെങ്കില്‍ ജീവിതം എത്ര വിരസമാകുമെന്ന്.

സമയം ധാരാളം കിട്ടുന്നത് ഉറക്കത്തിനിടയിലെ സ്വപ്‌നങ്ങള്‍ക്കു മാത്രമാണ്. രണ്ടു നിമിഷത്തില്‍ ഒരു സംവത്സരം കാണാം. എത്താന്‍ കഴിയാത്ത സ്ഥലങ്ങളും മോഹിക്കാന്‍ പറ്റാത്ത പലതും എനിക്കു ചുറ്റുമെത്തുന്നു. ഒരിക്കലെങ്കിലും സാക്ഷ്യം വഹിക്കാനോ അനുഭവിക്കാനോ ആഗ്രഹിച്ച മുഹൂര്‍ത്തങ്ങള്‍ എനിക്കായി രചിക്കുന്നു എന്റെ ഉപബോധമനസ്സ്. സ്വപ്‌നങ്ങളിലലിഞ്ഞ് ഒരു നാള്‍ ഇല്ലാതാവണം,  ദോശയ്ക്കു മുകളില്‍ വെണ്ണ പതഞ്ഞു തീരുന്നത് പോലെ!

15.4.15

വിഷു ആശംസകള്‍



ഈശ്വരന്‍മാരുടെ ചിത്രങ്ങള്‍ പൊടി തുടച്ചു വച്ച്‌, കൊന്നയേ നോക്കി അത്ഭുതപ്പെട്ട്‌, കൈനീട്ടം എണ്ണി, പൂത്തിരിയും മത്താപ്പും കത്തിച്ച്‌, പടക്കത്തിന്റെ ശബ്ദം കേട്ട്‌ പേടിച്ച്‌ ചെവി പൊത്തി, മുത്തശ്ശിയുടെ ശകാരം പേടിച്ച്‌ ഓരോ കറിയും കൃത്യസ്ഥാനത്തു വിളമ്പി സദ്യ കഴിച്ച്‌, വേനലവധി ആഘോഷിക്കാനൊത്തു കൂടുന്ന സഹോദരങ്ങളോടൊത്ത്‌ ചക്കയും മാങ്ങയും മത്സരിച്ചു കഴിക്കുന്ന വിഷു ഭൂതകാലത്തെ ഫോട്ടോകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.

രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ സഹപ്രവര്‍ത്തക തന്ന ഒരു കെട്ടു കൊന്നപ്പൂവുമായി ഫ്‌ളാറ്റിലേക്കു കയറി വരുമ്പോള്‍ സമയം അര്‍ധരാത്രി. ഒക്കെ ഒരുക്കി ഉറങ്ങാന്‍ കിടന്നപ്പോഴേക്കും ഒരു മണി. ഉറക്കം പിടിക്കുമ്പോഴേക്കും അയല്‍ക്കാരില്‍ ചിലര്‍ മാലപ്പടക്കത്തിനു തിരി കൊളുത്തി. മനസ്സില്‍ പ്‌രാകി, "ഇവര്‍ക്കൊന്നും വേറെ പണിയില്ലേ! മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ...."

വിഷു ആശംസകള്‍......!!! 

14.4.15

തുഞ്ചന്റെ തത്തയെ കൊഞ്ചിച്ചു മൂന്നാം വട്ടം



ഭാഷയെ സ്‌നേഹിക്കുന്നവരെയും ആരാധിക്കുന്നവരെയും സ്വീകരിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത മണ്ണാണ്‌ തിരൂര്‍ തുഞ്ചന്‍പറമ്പിലേത്‌. എഴുത്തോലകളില്‍ നിന്നും ബ്ലോഗുകളിലേക്കെത്തി നില്‍ക്കുമ്പോഴും അക്ഷരത്തെ സ്‌നേഹിക്കുന്ന ഒരുപാട്‌ മലയാളികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്‌. അതു തന്നെയാണ്‌ ഓരോ വട്ടവും തുഞ്ചന്‍പറമ്പിനപ്പുറമൊരു വേദിയെ ബ്ലോഗര്‍ സംഗമത്തിനായി ചിന്തിക്കാന്‍ കഴിയാത്തതും.

എഴുത്തിനെ ഓണ്‍ലൈന്‍വത്‌കരിച്ചപ്പോള്‍ പ്രമുഖ സാഹിത്യകാര്‍ അവരെ രണ്ടാം തരക്കാരായി കണക്കാക്കി. ഇതേ കാരണം കൊണ്ടു തന്നെ ബ്ലോഗര്‍മാര്‍ സ്വയം തുഞ്ചന്റെ പിന്‍ഗാമികളായി കണക്കാക്കാന്‍ പോലും സംശയിച്ചു. കാലക്രമേണ പ്രധാനവ്യക്തികള്‍ ഓണ്‍ലൈന്‍ എഴുത്തിലേക്കും ബ്ലോഗിങിലേക്കും എത്തിയപ്പോള്‍ ലോകം അവരുടെ കൃതികളും അംഗീകരിച്ചു തുടങ്ങി. ഇതു ഓണ്‍ലൈന്‍ എഴുത്തുകാരുടെ ആത്മവിശ്വാസം കൂട്ടി.

മടി കൂടാതെ തങ്ങളും എഴുത്തുകാരാണ്‌ എന്നു പറയുന്ന ബ്ലോഗര്‍മാരെയാണ്‌ ഏപ്രില്‍ 12നു ഞായറാഴ്‌ച തുഞ്ചന്‍ പറമ്പില്‍ കണ്ടത്‌. നൂറു കണക്കിനു ഇ-എഴുത്തുകാരാണ്‌ ഒത്തുകൂടിയത്‌. കെ. എ. ബീന, ഒരിക്കല്‍ മാലിദ്വീപിലെ ജയിലില്‍ അകപ്പെട്ട ജയചന്ദ്രന്‍ മൊകേരി, സോഷ്യല്‍ മീഡിയ നിരീക്ഷകരായ വി.കെ. ആദര്‍ശ്‌, ജിക്കു വര്‍ഗീസ്‌ തുടങ്ങിയവര്‍ ബ്ലോഗര്‍ സംഗമത്തിലെ താരങ്ങളായി. ഫേസ്‌ബുക്ക്‌ എന്ന മാധ്യമമോ ബ്ലോഗര്‍മാരുടെയും ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെയും സഹായമോ ഇല്ലായിരുന്നെങ്കില്‍ തനിക്കു ഈ രണ്ടാം ജന്മം ലഭിക്കില്ലായിരുന്നുവെന്ന ജയചന്ദ്രന്‍ മൊകേരിയുടെ വാക്കുകള്‍ നിറഞ്ഞ കൈയടിയോടെയാണ്‌ സദസ്സ്‌ സ്വീകരിച്ചത്‌.

മൂന്നാം തവണയാണ്‌ ഈ വേദിയില്‍ ബ്ലോഗര്‍ സംഗമം നടത്തുന്നത്‌. ദുബായില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങി നേരെ ഇവിടെയെത്തിയവരുണ്ട്‌. തിരുവനന്തപുരം മുതല്‍ കാസര്‍കോട്‌ വരെയുളള ഇ-എഴുത്തുകാരും എത്തി. എഴുപതു പിന്നിട്ടവര്‍ മുതല്‍ കൗമാരക്കാരുവരെ കൂട്ടുകൂടാനെത്തി. ഔപചാരിതകള്‍ക്കു സ്ഥാനമില്ലാത്ത പരിപാടിയ്‌ക്കു ഉദ്‌ഘാടനമോ സമാപനസമ്മേളനമോ ഇല്ലെന്നതു ശ്രദ്ധേയമാണ്‌.

പരിപാടിയ്‌ക്കെത്തിയ പലരും ആദ്യമായി തമ്മില്‍ കാണുകയാണ്‌. അക്ഷരങ്ങളിലൂടെ പരിഭവം പറഞ്ഞവരും മനസ്സു തുറന്നവരും തമ്മില്‍ കണ്ടപ്പോള്‍ അപരിചിതത്വം ഇല്ലേയില്ല. കഴിഞ്ഞ വട്ടം വന്നു ഇത്തവണയെത്താത്തവരുടെ എണ്ണം പറഞ്ഞു പരിഭവിച്ചു. ഒന്നിച്ചു സംസാരിച്ചും പരിചയപ്പെട്ടും ഭക്ഷണം കഴിച്ചും ബ്ലോഗിങ്ങിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തും അവര്‍ പിരിഞ്ഞു, വീണ്ടും കാണാമെന്ന ഉറപ്പില്‍.