25.11.14

ജാലകത്തിലൂടെ ഞാന്‍ കണ്ട രാത്രികള്‍- 2

ആദ്യ ഭാഗം വായിക്കണോ? എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യു

വയസ്സു കൂടുംതോറും രാത്രിക്ക്‌ ഇരുട്ടും കൂടി. ശാലീനസുന്ദരഗ്രാമമായ വണ്ടൂരില്‍ സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ ഗേറ്റിനു പുറത്തു കടക്കാന്‍ കഴിയാതായി. അന്നൊക്കെ ഋതുമതിയായാല്‍ മാത്രമേ രാത്രിയേയും ആണിന്റെ കണ്ണുകളേയും പേടിക്കേണ്ടതായുളളൂ. ആ രീതിയില്‍ ഞാന്‍ ഭാഗ്യവതിയാണ്‌. ഏതാനും വര്‍ഷങ്ങളായി പെണ്ണായി പിറന്ന നാളു മുതല്‍ പീഡനങ്ങള്‍ക്ക്‌ ഇരയായേക്കാമെന്ന അവസ്ഥയാണ്‌. നിര്‍ത്തിയിടത്തു തുടങ്ങാം. സ്‌ക്കൂള്‍ കാലം കഴിഞ്ഞു. ഞാന്‍ കോളേജില്‍ ചേര്‍ന്നു ഡിഗ്രിക്ക്‌. ഉണ്ണിക്കണ്ണന്റെ നാടായ ഗുരുവായൂരില്‍.

അച്ഛന്റെ അനുജത്തിയുടെ (അച്ചോളുടെ) വീട്ടില്‍ നിന്നാണ്‌ പഠിച്ചത്‌. അവിടെ പെണ്‍കിടാങ്ങള്‍ കുറവായതിനാല്‍ ആ തറവാട്ടിലെ എല്ലാവര്‍ക്കും എന്നെ കാര്യമാണ്‌. ഞാന്‍ അവിടെയ്‌ക്കെത്തുമ്പോള്‍ ഒരുപാടു അംഗങ്ങളുണ്ട്‌. അച്ചോളുടെ ഭര്‍തൃസഹോദരനും കുടുംബവും ഭര്‍തൃമാതാവും അവരെ നോക്കാനായി രണ്ടു പേരും പിന്നെ ഉണ്ണിയമ്മാവന്‍ എന്നു വിളിക്കുന്ന അച്ചോളുടെ ഭര്‍ത്താവും മകനുമടങ്ങിയ വലിയ കുടുംബം. സന്ധ്യയ്‌ക്ക്‌ കുളത്തില്‍ പോയി കുളിച്ച്‌ ദീപാരാധനയാകുമ്പോഴേക്കും അടുത്തുളള ഗ്രാമക്ഷേത്രത്തില്‍ പോകും. വയലുകള്‍ക്കു നടുവിലായി ഒരു ഭഗവതിയുടെ അമ്പലം. അതു കഴിഞ്ഞ്‌ പഠിപ്പ്‌ അല്ലെങ്കില്‍ വായന. ഫങ്‌ഷണല്‍ ഇംഗ്ലീഷ്‌ എടുത്തതു കൊണ്ട്‌ മിക്കപ്പോഴും ഓക്‌സ്‌ഫോഡ്‌ നിഘണ്ടുവാണ്‌ എന്റെ പ്രധാന 'പണിയായുധം'. രാത്രികളില്‍ വരാന്തയിലിരുന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യമുണ്ടായതു വായിച്ചു പഠിക്കാന്‍ വിഫലശ്രമം നടത്തുമ്പോള്‍ പുറത്ത്‌ മയിലുകളുടെ കരച്ചില്‍ കേള്‍ക്കാം. ഭൂമിയെ കുലുക്കിയുളള വെടിക്കെട്ടുണ്ടാകും കിലോമീറ്ററുകള്‍ക്കകലെയുളള പളളികളിലോ ക്ഷേത്രങ്ങളിലോ! ഭഗവതിയുടെ അമ്പലത്തില്‍ കഴകത്തിനു നില്‍ക്കുന്ന ദാക്ഷായണിയെന്ന സ്‌ത്രീ ആ വീട്ടിലായിരുന്നു താമസം. അവിടുത്തെ മുത്തശ്ശിയെ നോക്കലും അത്യാവശ്യം പുറംപണിയും ചെയ്യുമായിരുന്നു. മകനും ഭാര്യയ്‌ക്കും കൊച്ചുമകള്‍ക്കും വേണ്ടിയായിരുന്നു ഈ അധ്വാനം. മരുമകളും മകനും തീരെ ഉത്തരവാദിത്വമില്ലാതെ നടക്കുന്നതാണ്‌ അവരെ എഴുപതു പിന്നിട്ടിട്ടും തൊഴിലെടുപ്പിക്കുന്നത്‌. രാവിലെയും വൈകീട്ടും അമ്പലത്തില്‍ പണിക്കു പോകും. അയല്‍വീടുകളിലെല്ലാം സന്ദര്‍ശിച്ച്‌ രാത്രി 'ഹാവൂ, നിക്കൊന്നിനും വയ്യന്റെ മോളേ' എന്നും പറഞ്ഞു കയറി വരും. നാട്ടിലെ മുഴുവന്‍ കഥകളും അവര്‍ രാത്രികളില്‍ അച്ചോളോടു പറയും. ഞാന്‍ അവിടുന്നു മടങ്ങിയ വര്‍ഷം ദാക്ഷായണിയെ മകന്‍ കൊണ്ടു പോയി. മഞ്ഞുകാലത്ത്‌ വാസലിന്‍ വാങ്ങി പുരട്ടുന്ന, നാരങ്ങമിഠായി വാങ്ങി കാണുന്ന കുട്ടികള്‍ക്കൊക്കെ നല്‍കുന്ന അവര്‍ ഇന്നെവിടെയാണെന്ന്‌ ആര്‍ക്കുമറിയില്ല. ഇപ്പോഴും അവിടെ പോകുമ്പോള്‍ രാത്രികളില്‍ ധാരാളം കഥകളുമായി ദാക്ഷായണി കയറി വരുന്ന പോലെ തോന്നിയിട്ടുണ്ട്‌.


അച്ചോളുടെ ഭര്‍തൃമാതാവ്‌ ശയ്യാവലംബിയായി കിടക്കുകയായിരുന്നു. ഞാന്‍ ചെന്ന്‌ ഒന്നര വര്‍ഷം അവരുടെ കിടപ്പു കണ്ടും കരച്ചില്‍ കേട്ടുമാണ്‌ ഉണരുന്നതും ഉറങ്ങുന്നതും. ഒടുവില്‍ രാത്രിയാകാന്‍ കാത്തു നില്‍ക്കാതെ ആരോടും യാത്ര പറയാതെ ഒരു ദിവസം അവര്‍ ലോകത്തോടു വിട പറഞ്ഞു. അവിടത്തെ ഓര്‍മകളില്‍ നിറമേറിയത്‌ ഭഗവതിയുടെ അമ്പലത്തിലെ താലപ്പൊലിയാണ്‌. രാത്രിയാകുമ്പോള്‍ വെളിച്ചപ്പാടു വന്നു ആ ഇല്ലത്തെ ശിവപ്രതിഷ്‌ഠയ്‌ക്കു മുമ്പില്‍ വണങ്ങി മുല്ലത്തറയില്‍ ഉറഞ്ഞു തുളളും. അപ്പോള്‍ സമയം മൂന്നു മണി. ഒരിക്കല്‍ ഋതുമതിയായി 'ദൈവത്തിനു മുന്‍പില്‍ നില്‍ക്കാന്‍ പാടില്ലാത്ത സമയത്ത്‌' അടച്ചിട്ട മുറിയില്‍ കിടന്ന എന്നെ ഉറക്കമുണര്‍ത്തിയത്‌ ചിലമ്പിന്റെ ശബ്ദമാണ്‌. ആ ധ്വനി കേട്ട്‌ പട്ടിന്റെയും കുത്തുവിളക്കിന്റെയും പ്രകാശം മനസ്സില്‍ സങ്കല്‍പിച്ച്‌ ഞാന്‍ കിടന്നു. അവിടുന്നു പോന്നതിനു ശേഷവും താലപ്പൊലിക്കു ഞാന്‍ കൃത്യമായി എത്താറുണ്ട്‌.

ഡിഗ്രിക്കാലത്ത്‌ എനിക്കൊരു ഏട്ടനെ കിട്ടി. അച്ചോളുടെ ഭര്‍തൃസഹോദരന്റെ മകന്‍. എന്റെ എല്ലാ സന്ദേഹങ്ങള്‍ക്കും ഒരു ജേഷ്‌ഠന്റെ സ്ഥാനത്തു നിന്ന്‌, അല്ല ഏട്ടനായി ഉപദേശങ്ങള്‍ തന്നു. എന്റെ വിവാഹത്തിനു അവധി കിട്ടാത്തതിനാല്‍ വാരാന്ത്യ ഒഴിവിനു വീട്ടിലെത്തി. അന്നു രാത്രിയും നല്ല വാക്കുകള്‍ പറഞ്ഞ്‌ പുതിയ ജീവിതത്തിലേക്ക്‌ എല്ലാ ആശംസകളും നേര്‍ന്ന്‌ തിങ്കളാഴ്‌ച ഓഫീസിലെത്താന്‍ തക്കവിധത്തില്‍ ബസ്‌ കയറി. രക്തബന്ധത്തിലുളളവരെക്കാള്‍ ചിലപ്പോള്‍ നമ്മളെ സഹായിക്കുവാന്‍ തയ്യാറാകുന്നത്‌ ഇങ്ങനെ ചിലരാണ്‌.


ഗുരുവായൂരിനോട്‌ വിട പറഞ്ഞ്‌ എത്തിയത്‌ കോയമ്പത്തൂരിലാണ്‌. മലയുടെ താഴ്‌വാരത്തില്‍ വിശാലമായി ക്യാമ്പസ്‌. പൊങ്ങച്ചങ്ങളും പാരവെപ്പുകളും എന്നെ മടുപ്പിച്ചു. രാത്രി വീശിയടിക്കുന്ന പാലക്കാടന്‍ കാറ്റ്‌ അന്തരീക്ഷത്തെയും എന്റെ മനസ്സിനെയും വരണ്ടതാക്കി. അതിനിടയില്‍ ചില സൗഹൃദതകര്‍ച്ചകളും. ഏറെയടുപ്പമുണ്ടായിരുന്ന മറ്റൊരു അച്ചോളുടെ മകന്‍ എന്നോടു മിണ്ടാതായി. ഒരാള്‍ക്ക്‌ ഒരു മുറിയായിരുന്നു ഹോസ്‌ററലില്‍. ഏകാന്തത മടുപ്പിച്ചു. ഗ്യാങ്ങുകളെല്ലാം എന്നെ ഒറ്റപ്പെടുത്തി. ഒറ്റപ്പെട്ടു കഴിയുന്നവരാകട്ടെ അവരുടെ കാമുകന്‍മാരുമായി ഫോണില്‍ സംസാരിച്ച്‌ രാത്രികളില്‍ ഉറങ്ങാതെ കഴിഞ്ഞു. അതുകൊണ്ടു തന്നെ അവരുടെ മുറികളെല്ലാം എനിക്കു മുന്‍പില്‍ അടയ്‌ക്കപ്പെട്ടു. എഞ്ചിനിയറിങിനു പഠിക്കുന്ന ചിലരുമായി ചങ്ങാത്തം കൂടി. അവരുടെ കൂടെ നൈറ്റ്‌ കാന്റീനുകളില്‍ പോയി ഐസ്‌ കാന്‍ഡി വാങ്ങി തിന്നു.


കൊട്ടിയടയ്‌ക്കപ്പെട്ട എന്റെ ക്ലാസ്‌മേറ്റ്‌സിന്റെ മുറികള്‍ എനിക്കു മുന്‍പില്‍ തുറക്കപ്പെടുന്നത്‌ അവര്‍ പ്രതിസന്ധിയിലാകുമ്പോഴാണ്‌. അങ്ങനെ ഞാനും അവരും ഹോസ്‌റ്റലിലെ ടെറസിലിരുന്ന്‌ വിഷമങ്ങള്‍ പങ്കുവെക്കും. ആകാശത്ത്‌ നക്ഷത്രങ്ങള്‍ ഞങ്ങളെ നോക്കി പുഞ്ചിരി പൊഴിയും. എല്ലാം കഴിഞ്ഞ്‌ അവര്‍ മടങ്ങും. ഞാന്‍ എന്റെ മുറിയിലേക്കും. ഒറ്റയ്‌ക്കാണെന്നു തോന്നുമ്പോള്‍ ക്യാമ്പസിന്റെ അറ്റത്തുളള മലയേ നോക്കും. കാട്ടുതീ പടര്‍ന്ന്‌ ആ കുന്നുകള്‍ രാത്രികളില്‍ വെന്തുരുകുകയാകും.

ആ ക്യാമ്പസ്‌ എനിക്കു തന്നത്‌ സ്വപ്‌നങ്ങളേക്കാള്‍ മോഹഭംഗങ്ങളായിരുന്നു. ചിരിച്ചവര്‍ക്കും കരഞ്ഞവര്‍ക്കും ഞാന്‍ ഒരു കാണി മാത്രമായി. എല്ലാ വിഷമങ്ങളും കേള്‍ക്കാന്‍ സന്മനസ്സു കാണിച്ചവര്‍ പോലും എന്നെ ഒറ്റയ്‌ക്കാക്കി. കണ്ണുനീരിനു പോലും എന്നെ വേണ്ടാത്ത അവസ്ഥ. എങ്കിലും ഞാന്‍ ആ ജീവിതത്തെ ഇഷ്ടപ്പെടുന്നു. അത്രയും അനുഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാന്‍ ഉണ്ടാകില്ല. ചിരിയില്‍ എല്ലാം ഒതുക്കി ജീവിച്ച ഒരാളില്‍ നിന്ന്‌ സംസാരിക്കാനും എഴുതാനും പഠിപ്പിച്ചു എന്നെ മാറ്റിയെടുത്തത്‌ അവിടുത്തെ ദിനങ്ങളാണ്‌. പരിഭവം പറയാനും കേള്‍ക്കാനും പ്രകൃതിയും എന്റെ ഉണ്ണിക്കണ്ണന്റെ ചിത്രവും മാത്രമേ ഉണ്ടായിരുന്നുളളു. ഞാനും ഒരു ഗോപിക മാത്രമാണെന്ന തിരിച്ചറിവുണ്ടായപ്പോഴും ലോകം കണ്ണനു ചുറ്റും മാത്രമായി.


നീട്ടുന്നില്ല. അടുത്ത ഭാഗം ഉടന്‍...!

18 comments:

 1. ജാലകക്കാഴ്ച്കകള്‍ തുടരൂ.

  ReplyDelete
  Replies
  1. സ്‌നേഹത്തിനു വീണ്ടും നന്ദി അജിത്തേട്ടാ

   Delete
 2. വായിക്കുമ്പോൾ ഒരു പഴമയുടെ സുഖം.. :)

  ReplyDelete
  Replies
  1. പഴമയുടെ ഗന്ധവും ഓര്‍മ്മകളുമാണ് നമ്മെ നയിക്കുന്നത് സുഹൃത്തേ

   Delete
 3. "അത്രയും അനുഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാന്‍ ഉണ്ടാകില്ല".
  പിടിച്ചുനിന്നാല്‍ ഹോസ്റ്റല്‍ ജീവിതത്തിന് എതൊരു വ്യക്തിത്വത്തെയും ശക്തിപ്പെടുത്തുവാന്‍ കഴിയും.
  പില്‍ക്കാലത്ത് അവര്‍ ഏതു സാഹചര്യത്തേയും നേരിടാന്‍ കഴിവുളളവരായിരിക്കും.

  ReplyDelete
  Replies
  1. സത്യം സുധീറേട്ടാ

   Delete
 4. അടുത്ത ഭാഗം ഉടന്‍..ആശംസകൾ

  ReplyDelete
 5. ഇഷ്ടപ്പെട്ടൂ...

  ReplyDelete
  Replies
  1. സന്തോഷം സുഹൃത്തേ

   Delete
 6. ഓര്‍മ്മകളിലൂടെ..........................തുടരൂ‍
  ആശംസകള്‍

  ReplyDelete
 7. ഈ ജനലിലൂടെ പഴേയതും പുതിയതുമായ എന്തെല്ലാം കാഴ്ചകളാണ് കാണുന്നത്... നന്നായിട്ടോ...

  ReplyDelete
  Replies
  1. നന്ദി കൂട്ടുകാരി

   Delete
 8. ജാലകകാഴ്ചകള്‍ അങ്ങനെ മങ്ങിയും തെളിഞ്ഞും വിഷമിച്ചും സന്തോഷിപ്പിച്ചും ചിന്തിപ്പിച്ചും..അങ്ങനെ തുടരട്ടെ. ബന്ധുക്കളുടെ കാര്യം പറഞ്ഞത് ശെരിയാ, നമുക്ക് ആവശ്യസമയത്ത് കൂടെ നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ ബന്ധു

  ReplyDelete
  Replies
  1. താങ്ക്‌സ്‌ണ്ട്‌ട്ടാ

   Delete
 9. ashamsakal dear vannathu verutheyayillatto

  ReplyDelete
 10. ബാക്കി വായിക്കട്ടെ!!!!

  ReplyDelete