6.2.14

ഈറന്‍ ചിന്തകള്‍


വീണ്ടും എഴുതിത്തുടങ്ങിയപ്പോള്‍ പഴയപോലെ മനസ്സില്‍ ആശയങ്ങള്‍ വരുന്നില്ലെന്നൊരു ഭയം. അങ്ങനെയുളള അവസരങ്ങളില്‍ ഞാന്‍ അഭയം തേടാറുളളത്‌ എന്റെ പ്രിയപ്പെട്ട വീട്ടിലാണ്‌. ഇത്തവണയും ഞാന്‍ പതിവുതെറ്റിച്ചില്ല. മകരമഞ്ഞില്‍ മൂടി നിന്ന്‌ ആ വീടും തറവാടും വയലേലകളും എനിക്കു സ്വാഗതമരുളി. ഒറ്റയ്‌ക്കായെന്നു തോന്നുമ്പോള്‍ എന്നെ പാട്ടുപാടി രസിപ്പിച്ച കിളികളെല്ലാം എനിക്കായി കാത്തു നില്‍ക്കുകയാണെന്നു തോന്നി.

    വീടിനകത്തു കയറി അടുക്കളയിലിരുന്ന കാച്ചിയ വെളിച്ചെണ്ണയെടുത്തു തലയില്‍ തേച്ചു പിടിപ്പിച്ചു. വെളിച്ചെണ്ണയും തുളസിയും, തെച്ചിയും, മൈലാഞ്ചിയും അല്‍പം കുരുമുളകുമിട്ടു ഈയ എന്നു ഞങ്ങള്‍ വിളിക്കുന്ന വീട്ടില്‍ സഹായത്തിനു നില്‍ക്കുന്ന സ്‌ത്രീ എനിക്കായി പ്രത്യേകമുണ്ടാക്കിയ എണ്ണയുടെ വാസന അവര്‍ണ്ണനീയമാണ്‌. ഷാമ്പുവിന്റെയും കണ്ടീഷണറിന്റെയും ജാഡകള്‍ മാറ്റി വച്ച്‌ ഞാന്‍ തനിനാടനാകുന്നത്‌ അവിടെയെത്തുമ്പോഴാണ്‌.
എല്ലാവരും എന്നെ വല്ലാതെ സ്‌നേഹിക്കുന്നു. എനിക്കായി പലതും ഒരുക്കിവെക്കുന്നു. ഞാന്‍ ഇല്ലെങ്കിലുമെന്റെ ശബ്ദം കേള്‍ക്കുന്നു. വരാനായി കാത്തു നില്‍ക്കുന്നു. ഈ ലാളനകളൊക്കെ ഞാന്‍ ഇഷ്ടപ്പെടുന്നു. പലരോടും അഹങ്കാരത്തോടെ ഞാന്‍ പറഞ്ഞിട്ടുമുണ്ട്‌. പക്ഷെ ചിലപ്പോഴെങ്കിലും ഈ സ്‌നേഹവായ്‌പകളൊക്കെ എന്നെ ബന്ധനത്തിലകപ്പെടുത്തുന്നതായി തോന്നുന്നു. ലാളന കൊണ്ട്‌ വീര്‍പ്പുമുട്ടിക്കാതെ, ഞാനെന്നൊരു വ്യക്തി ഈ ലോകത്തുണ്ടെന്നു ആരും ശ്രദ്ധിക്കാതെ ജീവിക്കാന്‍ കൊതിച്ചിട്ടുണ്ട്‌. ഓരോ ദിനം കഴിയും തോറും സ്‌നേഹിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. എല്ലാവരെയും വെറുപ്പിച്ച്‌ ഈ ലോകത്തോടു വിട പറയണമെന്നാണ്‌ എന്റെ വലിയൊരു സ്വപ്‌നം.
   തിരിച്ച്‌ വീട്ടിലേക്ക്‌... ഒരു തോര്‍ത്തുമുണ്ടെടുത്ത്‌ (ബാത്ത്‌ ടൗവലെന്നു നഗരഭാഷ്യം) കുളത്തിലേക്കു നടന്നു. തണുത്തു വിറച്ചു വെളളത്തിലേക്കിറങ്ങി. പണ്ടൊക്കെ തിരുവാതിരയ്‌ക്കും ക്രിസ്‌തുമസ്‌ അവധിക്കും തണുപ്പ്‌ വകവെക്കാതെ സഹോദരങ്ങളോടൊത്ത്‌ കുളത്തില്‍ തിമിര്‍ത്തത്‌ ഓര്‍മ്മ വന്നു. ഇന്ന്‌ കുളത്തില്‍ വെളളമനക്കാതെ മുങ്ങിക്കുളിച്ചു പോകാനാണ്‌ എല്ലാവരും താല്‍പര്യപ്പെടുന്നത്‌. മഴക്കാലത്ത്‌ നിറഞ്ഞൊഴുകുന്ന കുളത്തിലേക്ക്‌ ഞാന്‍ നിര്‍ബന്ധിച്ചാല്‍ മാത്രം അനിയത്തിമാര്‍ എന്നോടൊത്ത്‌ നീന്തും. 'എറങ്ങി ഒറ്റ മുങ്ങലു മുങ്ങ്യാ തണുപ്പൊക്കെ പോവും.' മുത്തശ്ശി പറഞ്ഞതോര്‍ത്തു മൂന്നു വട്ടം മുങ്ങി.
    തറവാട്ടു വളപ്പിലെ അമ്പലത്തില്‍ ഈറന്‍ വസ്‌ത്രമണിഞ്ഞേ പ്രവേശനമുളളു. കുളി കഴിഞ്ഞു നനഞ്ഞ വസ്‌ത്രവുമായി കുളത്തില്‍ നിന്നു കയറുമ്പോള്‍ പുല്ലാനിക്കാട്ടില്‍ നിന്ന്‌ ദോശയുടെ വാസന. തറവാടിനു ചുറ്റും പണിത നാലു വീടുകളിലായാണ്‌ അച്ഛനും ചെറിയച്ഛന്‍മാരും താമസിക്കുന്നത്‌. അതില്‍ മുത്തശ്ശിയും ഒരു ചെറിയച്ഛനും കുടുംബവും താമസിക്കുന്ന വീടാണ്‌ പുല്ലാനിക്കാട്‌. തറവാടിന്റയത്ര വലുപ്പമില്ലെങ്കിലും ഒരു കുഞ്ഞു തറവാടാണിതും. പണ്ട്‌ അച്ഛനും സഹോദരങ്ങളും അവിടെയായിരുന്നു. എന്റെ കുട്ടിക്കാലം ചിലവഴിച്ച വീട്‌. അവിടുത്തെ ദോശയ്‌ക്ക്‌ ഒരു പ്രത്യേക സ്വാദാണ്‌. പഴയ കല്ലു ഗ്രൈണ്ടറില്‍ അരച്ച മാവ്‌ വിറകു കൂട്ടിയ അടുപ്പില്‍ ചട്ടി വെച്ചു ചുട്ടെടുക്കുന്നതാണ്‌ ദോശയുടെ രുചിയിലെ രസതന്ത്രം.
   പ്രലോഭനത്തില്‍ വീഴാതെ മുന്നോട്ടു നടന്നു. പച്ചപ്പും കുറ്റിക്കാടുമെല്ലാം മാറ്റമില്ലാതെ നില്‍ക്കുന്നു, വര്‍ഷങ്ങളായി! അമ്പലത്തിലെത്തി തൊഴുമ്പോള്‍ പൂജാരി എമ്പ്രാന്തിരി പ്രസാദം തന്ന്‌ കുശലാന്വേഷണം നടത്തി. എന്റെ കുട്ടിക്കാലത്ത്‌ എന്നെ എടുത്ത്‌ നടന്നിരുന്ന ആളാണ്‌. ഇപ്പോഴും അതേ വാല്‍സല്യത്തോടെയാണ്‌ സംസാരിക്കുക. യാത്ര പറഞ്ഞ്‌ തറവാട്ടിലേക്കു നടന്നു.
    അവിടെ കൊയ്‌ത്തു നടക്കുകയാണ്‌. പൊടിയടിച്ചപ്പോള്‍ അറിയാതെ മൂക്കുപൊത്തി. ഞാനടക്കമുളള പലര്‍ക്കും ഇപ്പോള്‍ നെല്ലിന്റെ പൊടി അലര്‍ജിയായിരിക്കുന്നു. വൈകുന്നേരങ്ങളില്‍ വൈക്കോല്‍കൂനകളില്‍ കുത്തിമറിഞ്ഞ ദിവസങ്ങളുണ്ടായിരുന്നു. കാലം മാറി, ജീവിതരീതിയും! കൊയ്യാനെത്തുന്ന സ്‌ത്രീകള്‍ എന്നെ കുട്ടികാലത്ത്‌ സ്ഥിരമായി കളിയാക്കി. ആരു പരിഹസിച്ചാലും കണ്ണീരൊഴുക്കുന്ന ഒരു കുട്ടിയായിരുന്നു അന്ന്‌. പുതിയമുഖങ്ങളെ എനിക്കു പരിചയമില്ല. എന്നാലും ഞാന്‍ ചിരിച്ചു, അവരും.

    തറവാടിനകത്ത്‌ നിശബ്ദത. മൊബൈലിന്റെയോ ടിവിയുടെയോ ബഹളമില്ല. പലപ്പോഴും ആ ശാന്തത അസഹനീയമായി തോന്നാറുണ്ട്‌. ഭൂതകാലത്തിലെ ഓര്‍മ്മകളാകാം എന്നെ അത്തരത്തില്‍ ചിന്തിപ്പിക്കുന്നത്‌. ഞങ്ങള്‍ മുത്തശ്ശി എന്നു വിളിക്കുന്ന അച്ഛന്റെ ചെറിയമ്മ നാലുകെട്ടിലെ നിലത്തിരുന്ന്‌ മലരിലെ പതിരു കളയുന്നു. കേള്‍വിക്കും കാഴ്‌ചയ്‌ക്കും ചെറിയ കുറവുണ്ട്‌ ഇപ്പോള്‍ മുത്തശ്ശിക്ക്‌. ആരെന്തു പറഞ്ഞാലും പുഞ്ചിരിയോടെ കേള്‍ക്കും. മുത്തശ്ശിയോടു വിശേഷങ്ങള്‍ പങ്കുവെച്ച്‌ തറവാടിനകത്ത്‌ വേട്ടേക്കരനെ തൊഴുത്‌ തീര്‍ഥവും സേവിച്ച്‌ വീട്ടിലേക്ക്‌ നടന്നു!
   പുല്ലാനിക്കാടിനടുത്തെത്തിയപ്പോള്‍ അടുക്കളയില്‍ നിന്ന്‌ ചെറിയമ്മയുടെ സ്വരം, "ദോശ വേണോ?" ഈറനാണെന്നു പറഞ്ഞു ഞാന്‍ വീട്ടിലേക്കു നടന്നു. വഴിയില്‍ തിരുവാതിരയുടെ ശേഷിപ്പായ ഊഞ്ഞാല്‍ കാറ്റിനനുസരിച്ച്‌ ചെറുതായി ചലിച്ചു.
   എല്ലാമെന്നെ എഴുതാന്‍ നിര്‍ബന്ധിക്കുന്നു. ഞാന്‍ ഈ അക്ഷരങ്ങളെ വെറുക്കാന്‍ ആഗ്രഹിച്ചതാണ്‌. പക്ഷെ പ്രിയപ്പെട്ടവര്‍ എന്റെ എഴുത്തിനെ സ്‌നേഹിക്കുന്നു. വെറുക്കപ്പെടുമ്പോഴും എന്റെ കൈ ചലിക്കാന്‍ കൊതി. എഴുതുന്നു, വായിക്കുമെന്ന പ്രതീക്ഷയോടെ! 

12 comments:

 1. എത്ര പറഞ്ഞാലും എന്തെങ്കിലും ബാക്കിയാവുമെന്നേ.....!!
  അതുംകൂടി പറയാതെ നാം പോവതെങ്ങ്?
  എഴുത്ത് തുടരുക, ആശംസകള്‍

  ReplyDelete
  Replies
  1. തീർച്ചയായും...നന്ദി അജിത്തെട്ടാ

   Delete
 2. തല്ലിയോടിച്ചാലും അകന്നുപോകാത്ത ചിലതുണ്ട്.
  മരിക്കാതെ, മായാതെ.

  ReplyDelete
 3. എല്ലാവരെയും വെറുപ്പിച്ച്‌ ഈ ലോകത്തോടു വിട പറയണമെന്നാണ്‌ എന്റെ വലിയൊരു സ്വപ്‌നം.

  ReplyDelete
 4. മനോഹരമായ ഒരു തിരച്ചു പോക്ക് , പ്രവാസം നല്‍കുന്ന നഷ്ടങ്ങള്‍ തന്നെയാണ് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളെല്ലാം , നാട്ടിലെ ഓര്‍മ്മകളിലേക്ക് ഞാനും ഒരു നിമിഷം മടങ്ങിപ്പോയി

  ReplyDelete
  Replies
  1. അറിഞ്ഞതിൽ സന്തോഷം സുഹൃത്തേ

   Delete
 5. രൂപ ആകെക്കൂടെ ഒരു സെന്റി മൂഡില്‍ ആന്നല്ലോ..? എന്നാ പറ്റി? ഞാന്‍ ഇടപെടണോ?

  ReplyDelete
  Replies
  1. ഹഹഹ..അയ്യോ ഒന്നുമില്ലേ

   Delete
 6. ജീവിതത്തിരക്കില്‍ നഷ്ടമാകുന്ന നന്മകള്‍ ......... ഇടയ്ക്കു തിരിച്ചെത്തുമ്പോള്‍ എല്ലാം കൂടുതല്‍ പ്രിയതരം ആകുന്നു .............. അവര്‍ ഭാഗ്യവാന്മാര്‍ ......... പോകാത്തവര്‍ വായിച്ച് നെടുവീര്‍പ്പിടും ......... നല്ല പോസ്റ്റ്‌ ....

  ReplyDelete
  Replies
  1. നന്ദി, ഈ പ്രോത്സാഹനത്തിന്

   Delete