15.3.14

ഇഷ്ടിക ചുമരുകള്‍ക്കിടയില്‍


സമയം രാത്രി പന്ത്രണ്ടര. ഗള്‍ഫിലെ മഴയേയും കൊടുങ്കാറ്റിനെയും കുറിച്ചെഴുതി ഇപ്പോള്‍ വീട്ടിലെത്തി. വെന്തുരുകാന്‍ തുടങ്ങിയ ദൈവത്തിന്റെ സ്വന്തം നാടിനെ മഴയ്‌ക്കു പോലും വേണ്ട. കണ്ണുകള്‍ക്ക്‌ ഉറക്കച്ചടവ്‌. കാന്റീനില്‍ നിന്നും കഴിച്ച രണ്ടു ദോശയ്‌ക്കും ഒരു ഗ്ലാസ്‌ ചായയ്‌ക്കും എന്റെ കണ്ണുകളെ എത്ര നേരം ഉണര്‍ത്തിയിരിക്കാന്‍ കഴിയുമെന്നറിയില്ല. ഭക്ഷണക്രമവും ജീവിതരീതികള്‍ മൊത്തമായും മാറി. ഓഫീസിലെ ഏസി കാറില്‍ ഒരു യാത്രയാണെങ്കിലും ഞാന്‍ ഇഷ്ടപ്പെടുന്നു, ഭയപ്പാടില്ലാതെ ഏതൊരു സ്‌ത്രീയും കൊതിക്കുന്നതു പോലെ രാത്രിയെ വിജനമായി കാണുന്നതില്‍! ഉറക്കം വരുന്നെങ്കില്‍ നിര്‍ത്തി കൂടെ ഈ കഥ പറച്ചിലെന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. എനിക്കിതു എഴുതാന്‍ അധികസമയമില്ല, അതു കൊണ്ട്‌ വൈകിയാണെങ്കിലും എനിക്ക്‌ പറയേണ്ടിയിരിക്കുന്നു.
ജനിക്കുന്നതു മുതല്‍ മരിക്കുന്നതു വരെ മനുഷ്യന്‍ ഓരോ മുറികളില്‍ ജീവിക്കണം. ആദ്യത്തെ ആശുപത്രി വാര്‍ഡ്‌ തൊട്ട്‌ ശവമായി ഒരു മുറിയില്‍ വെറും തറയില്‍ കിടക്കുന്നതു വരെ. ഇതിലേതാണു കൂടുതലിഷ്ടപ്പെട്ടതെന്നു ചോദിച്ചാല്‍ ഉത്തരം കിട്ടില്ല. തറവാട്ടിലെ എന്റെ അച്ഛന്റെയും അമ്മയുടെയും മുറിയാണ്‌ എനിക്കു ആദ്യം ഓര്‍മ്മയുളളത്‌. കുഞ്ഞുവാവ ആയിരുന്ന ഞാനന്ന്‌ മുകളിലത്തെ നിലയിലുളള ഇവരുടെ മുറിയില്‍ നിന്ന്‌ ഉണര്‍ന്നാല്‍ താഴെയുളള അമ്മയോടു ഉറക്കെ വിളിച്ചു പറയും. അമ്മ വന്നെന്നെ എടുത്തു താഴേക്കു കൊണ്ടു പോകും. പിന്നെ ഇഷ്ടപ്പെട്ടത്‌ കാലിനു പരിക്ക്‌ പറ്റി വീട്ടുകാരെയല്ലാതെ വേറൊരു മനുഷ്യജീവിയേയും കാണാതെ കിടന്നപ്പോള്‍ ഭ്രാന്തിയാക്കാതെ എനിക്കു ചുറ്റും മായിക വലയം തീര്‍ത്ത എന്റെ വീട്ടിലെ മുറിയാണ്‌. വിവാഹം കഴിഞ്ഞു ഞാന്‍ പടിയിറങ്ങിയപ്പോഴും എന്റെ കുടുംബം ആ മുറിക്കു മാറ്റങ്ങള്‍ വരുത്തിയില്ല. ഇപ്പൊഴും അവിടെ എന്റെ വളകളും പൗഡര്‍ ടിന്നുകളും ടെഡി ബെയറുകളും അതേ പോലെ ഇരിക്കുന്നുണ്ട്‌.
ഇതിനിടയില്‍ പറയാത്ത രണ്ടു മുറികളുണ്ട്‌. ഒന്ന്‌ ഡിഗ്രിക്കു പഠിക്കുമ്പോള്‍ അച്ഛന്റെ പെങ്ങളുടെ വീട്ടില്‍ ഞാന്‍ താമസിച്ച മുറിയാണ്‌. ജനല്‍പ്പാളിക്കപ്പുറം ഒരു വലിയ മാവും കുറേ കാടും ഇടയ്‌ക്കു വന്നു പോകുന്ന മയിലിന്‍കൂട്ടവും! അടുത്തത്‌ കോയമ്പത്തൂരിലെ ഹോസ്‌റ്റല്‍ മുറി. ഞാന്‍ നേടിയെന്നു പ്രതീക്ഷകള്‍ നല്‍കിയ സ്വപ്‌നങ്ങള്‍ നെയ്‌തു കൂട്ടിയ മുറി. ചിലപ്പോള്‍ തണുത്തു വിറങ്ങലിച്ച അല്ലെങ്കില്‍ പേടിപ്പിക്കുന്ന ഹൂങ്കാരത്തോടെ അടിച്ചെത്തുന്ന കാറ്റും വേനലില്‍ തീക്കനലുകളും വര്‍ഷക്കാലത്ത്‌ മഴക്കാറും തണുപ്പുകാലത്ത്‌ മഞ്ഞും മൂടിയ ഒരു മലയുടെ ദൃശ്യം അവിടത്തെ കണിയാണ്‌. എനിക്കു പ്രിയപ്പെട്ട മുറിയായി ഞാന്‍ ആ ചെറിയ ഇടത്തെ വര്‍ണ്ണിക്കുമായിരുന്നു. പക്ഷെ കാലം നമ്മുടെ ഇഷ്ടത്തിനു നിന്നു തരില്ലല്ലോ!
ഇനിയുളള മുറിയിലാണ്‌ ഇപ്പോള്‍ ഞാന്‍ ഇരുന്നെഴുതുന്നത്‌. ഇത്‌ ശരിക്കും പറഞ്ഞാല്‍ അളകേടത്തിയുടെതാണ്‌. ഞാനൊരു വിരുന്നുകാരിയായി ഇവിടെ കൂടിയിട്ട്‌ മൂന്നു വര്‍ഷമാകുന്നു. വരുന്ന സമയത്ത്‌ അളകേടത്തിയും ഇവിടെയുണ്ട്‌. കഥകളും പരദൂഷണവും പറഞ്ഞ്‌ ഏറെ സമയം കഴിഞ്ഞാണ്‌ ഞങ്ങള്‍ അന്നു കിടക്കാറുളളത്‌.
പിന്നീട്‌ വിവാഹം കഴിഞ്ഞ്‌ അവര്‍ കടലു കടന്നപ്പോള്‍ ഞാന്‍ മാത്രമായി. എന്റെ മുറിയുടെ കഥ പോലെത്തന്നെ അളകേടത്തിയുടെ കല്യാണം കഴിഞ്ഞതൊന്നും ഈ മുറിയെ ബാധിച്ചിട്ടില്ല. ഇഷ്ടിക കൊണ്ട്‌ നിര്‍മിച്ചതാണ്‌ ഈ മുറി. രാവിലെയും വൈകീട്ടും തൊട്ടടുത്ത അമ്പലത്തില്‍ നിന്നു പാട്ടു കേള്‍ക്കും. ആദ്യമൊക്കെ പാട്ട്‌ ഉറക്കത്തെ ബാധിച്ചെങ്കിലും പിന്നീടു അറിയാതെയായി. അതു പോലെത്തന്നെയാണ്‌ അമ്പലത്തിനപ്പുറമുളള റെയില്‍വെ ട്രാക്കിലൂടെ ഏതു സമയവും ഓടുന്ന തീവണ്ടികളുടെ ശബ്ദവും മുഴക്കവും.
പതുക്കെ ഞാന്‍ എന്റെ വിഷമങ്ങള്‍ ഈ മുറിയോടു പങ്കുവെച്ചു. ചില ദിവസങ്ങള്‍ ഇവിടെ മാത്രമായി ഒതുക്കി. ആദ്യ ജോലിക്കു പോയതും പ്രിയപ്പെട്ടവനോടു ഫോണില്‍ ഇണങ്ങിയതും പിണങ്ങിയതും മുതല്‍ സ്വപ്‌നങ്ങള്‍ കണ്ടതും അവ ജീര്‍ണ്ണിച്ചു തുടങ്ങിയതും ഇവിടെ വച്ചാണ്‌. പറയാന്‍ കഴിയാതെ എഴുതുന്നതും ഒരിക്കലും വാക്കുകള്‍ കൂട്ടിയോജിപ്പിക്കാന്‍ പറ്റില്ലെന്ന സ്ഥിതി വന്നതും ഈ ചുവരുകള്‍ക്കുളളില്‍വെച്ചാണ്‌ ഞാന്‍ തിരിച്ചറിഞ്ഞത്‌. വീണ്ടും എഴുതിത്തുടങ്ങിയപ്പോള്‍ ഏറെ സന്തോഷിച്ചെന്നു ഞാന്‍ ഭാവനയില്‍ കാണുന്നവരുടെ കൂട്ടത്തില്‍ ഈ മുറിയുമുണ്ട്‌.
പൊട്ടിച്ചിരിപ്പിച്ചതും വിതുമ്പിക്കരയിച്ചതും ഈ മുറിയാണ്‌. ഇവിടെ എനിക്ക്‌ അധികനാളുകളില്ല.
ഇനി ഒരിക്കലും കിട്ടാത്ത പല ഓര്‍മ്മകളും സമ്മാനിച്ച ദിവസങ്ങളില്‍ എന്നോടൊപ്പം ഒരു കാഴ്‌ചക്കാരിയായി നിന്ന എന്‍ പ്രിയ സഖിയോടു വിട ചൊല്ലല്‍ അനിവാര്യമായിരിക്കുന്നു. തന്നതിനും തട്ടിപ്പറിച്ചതിനും തരാത്തതിനും നന്ദി. വീണ്ടും കാണാമെന്നതു പോലും ഒരു പാഴ്‌ വാക്കായേക്കാം. പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടുന്നത്‌ എനിക്കൊരു ശീലമായിത്തുടങ്ങി, അതിലൊടുവിലായി നീയും!

12 comments:

 1. സംസാരിക്കുന്ന ചുവരുകള്‍ ഉണ്ട്

  ReplyDelete
 2. ശീലമായാല്‍ വേദനയുടെ കാഠിന്യം കുറയും.

  ReplyDelete
 3. ഇഷ്ടപ്പെടുന്നത് നഷ്ടപ്പെടുമ്പോൾ വല്ലാത്തിരു വിങ്ങല് തന്നെയാണ്

  ReplyDelete
  Replies
  1. തീര്‍ച്ചയായും

   Delete
 4. അതാത് സമയത്തെ മനോനിലയനുസരിച്ച് എനിക്ക് വീട്ടിലെ എല്ലാ മുറികളും ഇഷ്ടമാണ്. സത്യം പറഞ്ഞാൽ ഗഹനമായ പല ചിന്തകളും വരുന്നത് കുളിമുറിയിലും കക്കൂസിലുമൊക്കെ വച്ചാണ്. :)

  വരുന്നെങ്കില്‍ നിര്‍ത്തി കൂടെ ഈ കഥ >> നിർത്തിക്കൂടേ എന്നല്ലേ എഴുതേണ്ടത് ?

  ReplyDelete
  Replies
  1. അക്ഷരപിശാച് വന്നതാണ്‌... നന്ദി :)

   Delete
 5. ഏതൊരു സ്നേഹബന്ധവും അതെങ്ങിനെ ഉള്ളതും ആയിക്കൊള്ളട്ടെ....ഉണങ്ങാത്ത ആഴത്തിലുള്ള മുറിവുകള്‍ ആയിരിക്കും നമുക്ക് സമ്മാനിക്കുക,,,rr

  ReplyDelete
  Replies
  1. ഈ വാക്കുകള്‍ക്കു നന്ദി

   Delete
 6. ജീവനുള്ള പലരെയുംകാൾ നമുക്ക് അടുപ്പം തോന്നുക ജീവനില്ലെന്നു നമ്മൾ വിശ്വസിക്കുന്ന പലതിനോടുമാണ്...:(

  ReplyDelete
  Replies
  1. ജീവനില്ലെന്നു നമ്മൾ വിശ്വസിക്കുന്ന പലതിനോടും... സത്യം

   Delete