21.12.18

ആരാരു കേൾക്കും, ആത്മാവിൻ ഉൾക്കനം.



വാക്കുകൾ വ്യർത്ഥം,
അറിയില്ലതിൻ അർത്ഥം...
മൃതിയാം മധുരം,
അണിയണം അധരം.

വിണ്ടുകീറിയ മുദ്രകൾ,
വാർന്നുപോയ നിദ്രകൾ...
കിനിഞ്ഞിറങ്ങും മോഹം,
ജീവിക്കണമെന്ന ദാഹം...

അടർന്നു വീഴുന്നു
അലഞ്ഞു കേഴുന്നു...
ആരാരു കേൾക്കും,
ആത്മാവിൻ ഉൾക്കനം.

വേണ്ടെനിക്ക് ഒഴിവ്,
വേണ്ടതോ മിഴിവ്...
പ്രതീതി അല്ല പ്രീതി,
പ്രാണൻ തന്നെ പ്രിയം ...

27.1.17

ഏകാന്തമായ തുറന്നുപറച്ചിലുകള്‍





ഒറ്റപ്പെടല്‍... മടുപ്പിക്കുന്ന ഏകാന്തത! നിമിഷങ്ങളോ ദിവസങ്ങളോ മാസങ്ങളോ അല്ല, രണ്ടു വര്‍ഷം കടിച്ചു പിടിച്ചു നില്‍ക്കേണ്ടി വന്നു. പ്രകൃതിയാല്‍ കനിഞ്ഞനുഗ്രഹിക്കപ്പെട്ട ആ കലാലയത്തില്‍ പച്ചപ്പ്‌ മാത്രം എനിക്ക്‌ കൂട്ടായി. മുന്‍പ്‌ പഠിച്ചതോ ജോലി ചെയ്‌തതോ ആയ സ്ഥാപനങ്ങളെക്കുറിച്ച്‌ പഴി പറയുന്നത്‌ മോശമാണ്‌. ഇതുവരെ കഴിഞ്ഞ ഒരിടത്തെക്കുറിച്ചും ഞാന്‍ പരാതിപ്പെട്ടിട്ടില്ല. പഴയ ഓഫീസോ സ്‌കൂളുകളോ അല്ലെങ്കില്‍ കലാലയമോ ഒന്നും എന്റെ കണ്ണില്‍ വെളളം പൊടിച്ചിട്ടില്ല.

കേരളാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു സുന്ദര തമിഴ്‌ ഗ്രാമത്തിലാണ്‌ ഞാന്‍ പഠിച്ച ആ കോളേജ്‌ സ്ഥിതി ചെയ്യുന്നത്‌. മലയും പൂക്കളും കാറ്റും മരങ്ങളും അതിനിടയില്‍ മങ്ങിയ ഓറഞ്ച്‌ നിറത്തിലുളള കുറച്ച്‌ കെട്ടിടങ്ങളും. ക്യാമ്പസിനകത്ത്‌ പാളമുണ്ട്‌, റെയില്‍വെ സ്റ്റേഷനും. ഇതെല്ലാം മനസ്സിനെ കോള്‍മയില്‍ കൊളളിച്ചു. സുന്ദരിയായ ഒരു സ്ഥാപനത്തില്‍ പഠിക്കാന്‍ കഴിയുന്നത്‌ ഭാഗ്യമായി കരുതി. ഹോസ്‌റ്റലില്‍ കഴിഞ്ഞ ആദ്യ ദിവസം തന്നെ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ ബിരുദാനനന്തര ബിരുദത്തിനു ചേരാനായുളള അപേക്ഷ വീട്ടിലെത്തിയതായി അറിഞ്ഞു. എല്ലാവരും പറഞ്ഞു, വേണ്ട ഈ ക്യാമ്പസ്‌ മതിയെന്ന്‌. രണ്ടാമത്തെ ദിവസം ഒരു ദുരന്ത വാര്‍ത്ത എന്നെ തേടിയെത്തി, അമ്മയുടെ അമ്മ മരിച്ചു. നാട്ടില്‍ ഹര്‍ത്താലായതിനാല്‍ അച്ഛനു ഫാക്‌സ്‌ അയയ്‌ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ തന്നെ മരിച്ചാല്‍ എന്റെ മൃതദേഹം ആ കോളേജ്‌ ഗേറ്റിനു പുറത്തെത്തിക്കാന്‍ അച്ഛന്റെ ഫാക്‌സ്‌ ചോദിക്കുന്ന ടീമാണ്‌ അകത്തിരിക്കുന്നത്‌. കണ്ണീരടക്കാതെ ഞാന്‍ തേങ്ങി കരഞ്ഞു. പിന്നീട്‌ കരച്ചില്‍ എന്ന വികാരത്തിനു പോലും എന്നെ വേണ്ടാത്ത ദിവസങ്ങളായി.

ഒരോരുത്തര്‍ക്കും ഓരോ മുറിയാണ്‌. മറ്റു മുറികളില്‍ പോയാലും കിടപ്പ്‌ അവരവരുടേതില്‍ തന്നെ. സഹപാഠികളുടെ മുറികളില്‍ എനിക്ക്‌ അന്യത്വം അനുഭവപ്പെട്ടു. ഗ്രൂപ്പുകള്‍ പലതായി. ഗ്രാമത്തില്‍ നിന്നും വന്നെന്ന അപകര്‍ഷതാബോധം എനിക്ക്‌ പതിയെ തോന്നിത്തുടങ്ങി. ചായ സമയത്തോ ഹോസ്‌റ്റല്‍ താഴ്‌വരകളിലോ കാണുമ്പോള്‍ ബാക്കി കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളോട്‌ സംസാരിക്കും. ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ക്ക്‌ കോളേജ്‌ അധികാരികളും വിദ്യാര്‍ഥികള്‍ ബഹുഭൂരിപക്ഷവും കണ്ടത്‌ മോശപ്പെട്ട കാര്യമായാണ്‌. സ്വന്തം അനിയനോട്‌ സംസാരിക്കുന്ന ചേച്ചിമാരെപ്പോലും സെക്യൂരിറ്റി ഓടിച്ചു വിടുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. ബിരുദത്തിനു പഠിച്ച കോളേജില്‍ വിലക്കുകളില്ലായിരുന്നു. അവിടുത്തെ രഞ്‌ജിത്ത്‌, ജിതേഷ്‌ വിനീഷ്‌ എന്നിവര്‍ക്കെല്ലാം പലപ്പോഴും പെണ്‍സുഹൃത്തുക്കളെക്കാള്‍ നന്നായി എന്നെ അറിയാം.

പുതിയ കോളേജില്‍ മിക്കവാറും മലയാളികളാണ്‌. കൂടെ നടക്കാന്‍ ഓരോ കാലത്ത്‌ ഓരോ കൂട്ടുകാരെ കിട്ടുമെങ്കിലും അവരുമായി മാനസികമായ ഐക്യം സാധ്യമായില്ല. ഏറ്റവും ഒടുവില്‍ ജീവിതാവസാനം വരെ ചേര്‍ത്തു പിടിക്കും എന്നു കരുതിയ ഒരു കൂട്ട്‌ കിട്ടി. ക്യാമ്പസില്‍ നിന്ന്‌ പുറത്തെത്തുന്നത്‌ വരെ വളരെ ശക്തമായ ഒരു സൗഹൃദമായിരുന്നു അത്‌. പക്ഷെ കാലവും വിധിയും നിയോഗവും ആ കൂട്ടും അവസാനിപ്പിച്ചു. അത്‌ എന്റെ പതനമായിരുന്നു. കോളേജില്‍ നിന്നിറങ്ങിയെങ്കിലും ആ കലാലയം തന്ന ഏകാന്തത എന്നെ വേട്ടയാടി കൊണ്ടിരുന്നു. ഇപ്പോഴും ആ കോളേജിലെ പരിപാടികള്‍ക്കൊന്നും പോകാറില്ല. അവിടെ പഠിച്ചിറങ്ങിയവരുടെ വിവാഹ ചടങ്ങുകള്‍ക്കോ മടിച്ചുമടിച്ചാണ്‌ ഞാന്‍ പങ്കെടുക്കാറുളളത്‌. അവരുടെ ഇടയില്‍ ഒരു അന്യത്വം അനുഭവപ്പെടും. എന്റെ കുറ്റമായിരിക്കാം.

നാട്ടിന്‍പുറത്തെ കോളേജില്‍ പഠിച്ച്‌ ആ നന്മ ആര്‍ഭാടം കുത്തിനിറച്ച ക്യാമ്പസില്‍ പ്രതീക്ഷിച്ച ഞാന്‍ തന്നെയാകാം തെറ്റുകാരി. പൊതിച്ചോറുകളിലെ സ്‌നേഹം പങ്കുവെയ്‌ക്കലോ കൂട്ടുകാരുടെ ഇല്ലായ്‌മകളുടെ നെടുവീര്‍പ്പുകളിലോ ഞാനറിഞ്ഞ സത്യസന്ധതയുടെ സൗഹൃദത്തിന്റെ പത്തരമാറ്റു തിളക്കത്തോളമില്ലാത്തതോ ആകാം എന്നെ പുതിയ ലോകത്ത്‌ നിന്ന്‌ ഒറ്റപ്പെടുത്തിയത്‌. പക്ഷെ ആ ഇന്നലകളും എനിക്കിപ്പോള്‍ പഴയതാണ്‌. അവിടുത്തെ സൗഹൃദ തകര്‍ച്ചകള്‍ എന്നെ നവമാധ്യമങ്ങള്‍ക്ക്‌ അടിമയാക്കി. ആ ദുശ്ശീലത്തില്‍ നിന്നുളള മുക്തിയ്‌ക്കായി പുസ്‌തക വായനയില്‍ അഭയം തേടി. എന്നാലും ഫേസ്‌ബുക്കില്‍ വല്ലപ്പോഴും കയറിയിറങ്ങുമ്പോള്‍, പല മുഖങ്ങളും കാണുമ്പോള്‍, മനസ്സിനുളളിലൊരു നീറ്റല്‍....  

25.12.16

വേണ്ടപ്പെട്ട സ്വപ്‌നങ്ങള്‍




പനിക്കാലമാണ്‌. എനിക്കും കിട്ടി. ഒരാഴ്‌ച ഒരേ കിടപ്പ്‌. തണുത്ത്‌ കിടുകിടാ വിറച്ച്‌ അരനിമിഷം കൊണ്ട്‌ വിയര്‍ത്തൊലിച്ച്‌ അങ്ങനെ കിടക്കണം. അന്വേഷണങ്ങള്‍ക്കും കുശലം പറയാനും ശബ്ദമില്ല. ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തു. ഓണ്‍ ആക്കാതെ ഇരുന്നാല്‍ 3-4 ദിവസമൊക്കെ ചാര്‍ജ്‌ നില്‍ക്കും. പിന്നെ ആകെയുണ്ടായ ഗുണം കുറേ പുസ്‌തകങ്ങള്‍ വായിച്ചു. വായനശാലയില്‍ നിന്നെടുത്തതും എന്റെ ശേഖരത്തില്‍ ഞാന്‍ പിന്നീട്‌ വായിക്കാമെന്നു കരുതി മാറ്റി വെച്ചവയുമായ ചിലത്‌. പെരുമാള്‍ മുരുകന്റെ PYRE, ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി, എംടിയുടെ മുത്തശ്ശിമാരുടെ രാത്രി, ബെന്യാമിന്റെ ആടുജീവിതം, സിഡ്‌നി ഷെല്‍ഡന്റെ Reckless എന്നിവയാണത്‌. വാര്‍ത്തകള്‍ കണ്ടില്ല, പത്രം വായിച്ചില്ല. ഈ പുസ്‌തകങ്ങള്‍ എനിക്കു ചുറ്റും സൃഷ്ടിച്ച ലോകത്ത്‌ ഞാനങ്ങനെ ജീവിച്ചു. ഒരു കെട്ട്‌ മരുന്നുകളും കഞ്ഞിയുമൊക്കെയായി ഭക്ഷണം.

പതുക്കെ പതുക്കെ ഞാന്‍ ആരോഗ്യം വീണ്ടെടുക്കുന്നു. അപ്പോഴാണ്‌ ബോറടിയെന്ന അസുഖം തുടങ്ങിയത്‌. ടിവി കണ്ട്‌ അത്‌ മാറ്റാന്‍ എനിക്ക്‌ താത്‌പര്യമില്ല. പിന്നെയെന്ത്‌ എന്നു ചിന്തിച്ചിരിക്കുമ്പോഴാണ്‌ മുറിയ്‌ക്കടുത്തുളള ബാല്‍ക്കണിയില്‍ ഇരിക്കാമെന്ന്‌ തീരുമാനിച്ചത്‌. സമയം ഏതാണ്ട്‌ ഒമ്പത്‌ മണി. കഷ്ടിച്ച്‌ ഒരു കുഞ്ഞു കസേരയില്‍ ഇരിക്കാനുളള സ്ഥലമേ അവിടെയുളളൂ. അതിനു ചുറ്റുമുളള ജനലും വാതിലും ഞാന്‍ അടച്ചു.

ഇരമ്പുന്ന നഗരം. വാഹനങ്ങളുടെ ചീറല്‍, ഹോണടി. ആംബുലന്‍സിന്റെ സൈറണ്‍. എങ്ങോ ഗാനമേളയില്‍ യേശുദാസിന്റെ പാട്ട്‌ ''ചമക്ക്‌ ചം ചം"... പണി കഴിഞ്ഞ്‌ വലിയ സഞ്ചികള്‍ സാധനം വാങ്ങി വീടണയുന്ന സ്‌ത്രീപുരുഷന്‍മാര്‍. പഠിപ്പില്‍ മുഴുകിയ സ്‌കൂള്‍ കുട്ടികള്‍. പഴയ ടെക്‌സ്റ്റ്‌ബുക്കുകളുടെ വാസന എന്നില്‍ നിറഞ്ഞോ! പണ്ടു എങ്ങനെയെങ്കിലും പാസാകണമെന്നു കരുതി പഠിച്ച ഫിസിക്‌സും കണക്കുമൊക്കെ ഓര്‍മ്മ വന്നു. ഹോ! ഭയങ്കരം. ചോറു വെച്ച കലങ്ങള്‍ മേശപ്പുറത്ത്‌ വെയ്‌ക്കുന്ന ശബ്ദം, ചട്ടുകം കൊണ്ട്‌ വിളമ്പുന്ന ശബ്ദം. ഒടുവില്‍ കാലി പാത്രങ്ങള്‍ കൊട്ടത്തളങ്ങളിലേയ്‌ക്ക്‌ പതിക്കുന്ന ശബ്ദം. താഴത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന താത്തയുണ്ടാക്കിയ ബിരിയാണിയുടെ മണം. ഒരു പാത്രത്തില്‍ മകളുടെ അടുത്ത്‌ തൊട്ടപ്പുറത്ത്‌ താമസിക്കുന്ന സ്വന്തം സഹോദരിയ്‌ക്ക്‌ പകര്‍ച്ച നല്‍കുകയാണ്‌ താത്ത. മുകളിലിരുന്ന്‌ താഴേക്ക്‌ നോക്കുമ്പോള്‍ എന്തു രസം. എന്നെ ആരും കാണുന്നില്ല. ഞാനാകട്ടെ എല്ലാവരെയും നിരീക്ഷിച്ച്‌ ഇരിയ്‌ക്കുന്നു. വിരുന്നുകാര്‍, വീട്ടുകാര്‍... ആളുകളെ ഊട്ടുന്നത്‌ കോഴിക്കോടിന്‌ മടുക്കാത്ത കാര്യമാണ്‌.

ചെറു കാറ്റുപോലുമില്ല. തെങ്ങോലകള്‍ നിശ്ചലമായി നില്‍ക്കുന്നു. പക്ഷെ ധനുമാസത്തിന്റെ ചെറിയൊരു തണുപ്പുണ്ട്‌. മഞ്ഞിന്റെ തണുപ്പ്‌ അസുഖം കൂട്ടുമെന്ന്‌ വീട്ടുകാരുടെ ഉപദേശം. എനിക്ക്‌ തിരിച്ച്‌ മുറിയിലേക്ക്‌ പോകാന്‍ നേരമായി. ശബ്ദങ്ങളെ വിട, ഇനി ഫാനിന്റെ മുരള്‍ച്ചയുടെ ലോകത്തേക്ക്‌. കമ്പിളിപുതപ്പും ഒരു കെട്ടു പുസ്‌തകങ്ങളും പിന്നെ ഞാനും സ്വപ്‌നങ്ങളും. ഈ എഴുത്തിന്റെ അവസാന വാക്കായി 'സ്വപ്‌നങ്ങളും' എന്ന കഴിഞ്ഞ വാക്യത്തില്‍ നിര്‍ത്തണമെന്ന്‌ കരുതിയതാണ്‌. മനസ്സ്‌ സമ്മതിക്കുന്നില്ല, സ്വപ്‌നങ്ങളെ കുറിച്ച്‌ പറയാതിരിക്കാന്‍. ബോധത്തിന്റെയും സ്വപ്‌നത്തിന്റെയും രേഖ പനിയ്‌ക്കുമ്പോള്‍ വളരെ നേര്‍ത്തതാകും. അച്ഛനുമമ്മയും വിളിക്കുന്നുണ്ടോയെന്നു തോന്നും. അകാലത്തില്‍ തകര്‍ന്ന സൗഹൃദങ്ങളിലെ കൂട്ടുകാര്‍ വന്ന്‌ സല്ലപിക്കുന്നതായി അനുഭവപ്പെടും. നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം പനിയായി കിടക്കുമ്പോള്‍ അന്തരാത്മാവ്‌ നമ്മെ കാണിച്ചു തരും. അതേ, ഞാനും കാണട്ടെ കുറച്ചു വേണ്ടപ്പെട്ട സ്വപ്‌നങ്ങള്‍....