27.1.17

ഏകാന്തമായ തുറന്നുപറച്ചിലുകള്‍





ഒറ്റപ്പെടല്‍... മടുപ്പിക്കുന്ന ഏകാന്തത! നിമിഷങ്ങളോ ദിവസങ്ങളോ മാസങ്ങളോ അല്ല, രണ്ടു വര്‍ഷം കടിച്ചു പിടിച്ചു നില്‍ക്കേണ്ടി വന്നു. പ്രകൃതിയാല്‍ കനിഞ്ഞനുഗ്രഹിക്കപ്പെട്ട ആ കലാലയത്തില്‍ പച്ചപ്പ്‌ മാത്രം എനിക്ക്‌ കൂട്ടായി. മുന്‍പ്‌ പഠിച്ചതോ ജോലി ചെയ്‌തതോ ആയ സ്ഥാപനങ്ങളെക്കുറിച്ച്‌ പഴി പറയുന്നത്‌ മോശമാണ്‌. ഇതുവരെ കഴിഞ്ഞ ഒരിടത്തെക്കുറിച്ചും ഞാന്‍ പരാതിപ്പെട്ടിട്ടില്ല. പഴയ ഓഫീസോ സ്‌കൂളുകളോ അല്ലെങ്കില്‍ കലാലയമോ ഒന്നും എന്റെ കണ്ണില്‍ വെളളം പൊടിച്ചിട്ടില്ല.

കേരളാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു സുന്ദര തമിഴ്‌ ഗ്രാമത്തിലാണ്‌ ഞാന്‍ പഠിച്ച ആ കോളേജ്‌ സ്ഥിതി ചെയ്യുന്നത്‌. മലയും പൂക്കളും കാറ്റും മരങ്ങളും അതിനിടയില്‍ മങ്ങിയ ഓറഞ്ച്‌ നിറത്തിലുളള കുറച്ച്‌ കെട്ടിടങ്ങളും. ക്യാമ്പസിനകത്ത്‌ പാളമുണ്ട്‌, റെയില്‍വെ സ്റ്റേഷനും. ഇതെല്ലാം മനസ്സിനെ കോള്‍മയില്‍ കൊളളിച്ചു. സുന്ദരിയായ ഒരു സ്ഥാപനത്തില്‍ പഠിക്കാന്‍ കഴിയുന്നത്‌ ഭാഗ്യമായി കരുതി. ഹോസ്‌റ്റലില്‍ കഴിഞ്ഞ ആദ്യ ദിവസം തന്നെ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ ബിരുദാനനന്തര ബിരുദത്തിനു ചേരാനായുളള അപേക്ഷ വീട്ടിലെത്തിയതായി അറിഞ്ഞു. എല്ലാവരും പറഞ്ഞു, വേണ്ട ഈ ക്യാമ്പസ്‌ മതിയെന്ന്‌. രണ്ടാമത്തെ ദിവസം ഒരു ദുരന്ത വാര്‍ത്ത എന്നെ തേടിയെത്തി, അമ്മയുടെ അമ്മ മരിച്ചു. നാട്ടില്‍ ഹര്‍ത്താലായതിനാല്‍ അച്ഛനു ഫാക്‌സ്‌ അയയ്‌ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ തന്നെ മരിച്ചാല്‍ എന്റെ മൃതദേഹം ആ കോളേജ്‌ ഗേറ്റിനു പുറത്തെത്തിക്കാന്‍ അച്ഛന്റെ ഫാക്‌സ്‌ ചോദിക്കുന്ന ടീമാണ്‌ അകത്തിരിക്കുന്നത്‌. കണ്ണീരടക്കാതെ ഞാന്‍ തേങ്ങി കരഞ്ഞു. പിന്നീട്‌ കരച്ചില്‍ എന്ന വികാരത്തിനു പോലും എന്നെ വേണ്ടാത്ത ദിവസങ്ങളായി.

ഒരോരുത്തര്‍ക്കും ഓരോ മുറിയാണ്‌. മറ്റു മുറികളില്‍ പോയാലും കിടപ്പ്‌ അവരവരുടേതില്‍ തന്നെ. സഹപാഠികളുടെ മുറികളില്‍ എനിക്ക്‌ അന്യത്വം അനുഭവപ്പെട്ടു. ഗ്രൂപ്പുകള്‍ പലതായി. ഗ്രാമത്തില്‍ നിന്നും വന്നെന്ന അപകര്‍ഷതാബോധം എനിക്ക്‌ പതിയെ തോന്നിത്തുടങ്ങി. ചായ സമയത്തോ ഹോസ്‌റ്റല്‍ താഴ്‌വരകളിലോ കാണുമ്പോള്‍ ബാക്കി കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളോട്‌ സംസാരിക്കും. ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ക്ക്‌ കോളേജ്‌ അധികാരികളും വിദ്യാര്‍ഥികള്‍ ബഹുഭൂരിപക്ഷവും കണ്ടത്‌ മോശപ്പെട്ട കാര്യമായാണ്‌. സ്വന്തം അനിയനോട്‌ സംസാരിക്കുന്ന ചേച്ചിമാരെപ്പോലും സെക്യൂരിറ്റി ഓടിച്ചു വിടുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. ബിരുദത്തിനു പഠിച്ച കോളേജില്‍ വിലക്കുകളില്ലായിരുന്നു. അവിടുത്തെ രഞ്‌ജിത്ത്‌, ജിതേഷ്‌ വിനീഷ്‌ എന്നിവര്‍ക്കെല്ലാം പലപ്പോഴും പെണ്‍സുഹൃത്തുക്കളെക്കാള്‍ നന്നായി എന്നെ അറിയാം.

പുതിയ കോളേജില്‍ മിക്കവാറും മലയാളികളാണ്‌. കൂടെ നടക്കാന്‍ ഓരോ കാലത്ത്‌ ഓരോ കൂട്ടുകാരെ കിട്ടുമെങ്കിലും അവരുമായി മാനസികമായ ഐക്യം സാധ്യമായില്ല. ഏറ്റവും ഒടുവില്‍ ജീവിതാവസാനം വരെ ചേര്‍ത്തു പിടിക്കും എന്നു കരുതിയ ഒരു കൂട്ട്‌ കിട്ടി. ക്യാമ്പസില്‍ നിന്ന്‌ പുറത്തെത്തുന്നത്‌ വരെ വളരെ ശക്തമായ ഒരു സൗഹൃദമായിരുന്നു അത്‌. പക്ഷെ കാലവും വിധിയും നിയോഗവും ആ കൂട്ടും അവസാനിപ്പിച്ചു. അത്‌ എന്റെ പതനമായിരുന്നു. കോളേജില്‍ നിന്നിറങ്ങിയെങ്കിലും ആ കലാലയം തന്ന ഏകാന്തത എന്നെ വേട്ടയാടി കൊണ്ടിരുന്നു. ഇപ്പോഴും ആ കോളേജിലെ പരിപാടികള്‍ക്കൊന്നും പോകാറില്ല. അവിടെ പഠിച്ചിറങ്ങിയവരുടെ വിവാഹ ചടങ്ങുകള്‍ക്കോ മടിച്ചുമടിച്ചാണ്‌ ഞാന്‍ പങ്കെടുക്കാറുളളത്‌. അവരുടെ ഇടയില്‍ ഒരു അന്യത്വം അനുഭവപ്പെടും. എന്റെ കുറ്റമായിരിക്കാം.

നാട്ടിന്‍പുറത്തെ കോളേജില്‍ പഠിച്ച്‌ ആ നന്മ ആര്‍ഭാടം കുത്തിനിറച്ച ക്യാമ്പസില്‍ പ്രതീക്ഷിച്ച ഞാന്‍ തന്നെയാകാം തെറ്റുകാരി. പൊതിച്ചോറുകളിലെ സ്‌നേഹം പങ്കുവെയ്‌ക്കലോ കൂട്ടുകാരുടെ ഇല്ലായ്‌മകളുടെ നെടുവീര്‍പ്പുകളിലോ ഞാനറിഞ്ഞ സത്യസന്ധതയുടെ സൗഹൃദത്തിന്റെ പത്തരമാറ്റു തിളക്കത്തോളമില്ലാത്തതോ ആകാം എന്നെ പുതിയ ലോകത്ത്‌ നിന്ന്‌ ഒറ്റപ്പെടുത്തിയത്‌. പക്ഷെ ആ ഇന്നലകളും എനിക്കിപ്പോള്‍ പഴയതാണ്‌. അവിടുത്തെ സൗഹൃദ തകര്‍ച്ചകള്‍ എന്നെ നവമാധ്യമങ്ങള്‍ക്ക്‌ അടിമയാക്കി. ആ ദുശ്ശീലത്തില്‍ നിന്നുളള മുക്തിയ്‌ക്കായി പുസ്‌തക വായനയില്‍ അഭയം തേടി. എന്നാലും ഫേസ്‌ബുക്കില്‍ വല്ലപ്പോഴും കയറിയിറങ്ങുമ്പോള്‍, പല മുഖങ്ങളും കാണുമ്പോള്‍, മനസ്സിനുളളിലൊരു നീറ്റല്‍....  

22 comments:

  1. Replies
    1. നന്ദി, ഈ പ്രോത്സാഹനത്തിന്

      Delete
  2. തുറന്ന് പറച്ചിലിനിടയിലും ഈ അന്യത്വം തൻറെ കുറ്റമായിരിക്കാം എന്ന് പറയുന്നുണ്ട്. ഗ്രാമത്തിൻറെ വിശുദ്ധി മറ്റിടങ്ങളിൽ പ്രതീക്ഷിക്കാതിരിക്കുക.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി കൂട്ടുകാരി

      Delete
  3. കുറെ ദിവസങ്ങള്‍ക്ക് ശേഷം ഞാനും ഇവിടെ വന്നു, ഒട്ടും നഷ്ടമായില്ല...പറയാതെ ബാക്കി വെച്ച തുറന്നു പറച്ചിലുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു...സന്തോഷം :)

    ReplyDelete
  4. കൊള്ളാട്ടോ...

    ReplyDelete
  5. കാലത്തിൽ അധിഷ്ഠിതമായ മാറ്റങ്ങൾ ഇന്ന് പ്രകൃതിപോലും തേടിപോകുന്നു, മനുഷ്യരായ നാം എന്തിനതിനെ വേണ്ടെന്നു വെക്കുന്നു.ചിന്തകൾക്കു നന്മയിലേക്കുള്ള മാറ്റങ്ങൾ കൂട്ടായിരിക്കട്ടെ

    ReplyDelete
    Replies
    1. നന്ദി, ഈ പ്രോത്സാഹനത്തിന്

      Delete
  6. മനസ്സിൽ വറ്റാത്ത നന്മ വാക്കുകളായി പുറത്തു വരുന്നു..നല്ലഎഴുത്ത്‌..ആശംസകൾ










    ReplyDelete
    Replies
    1. സ്നേഹത്തിനു നന്ദി

      Delete
  7. കൂടെ പഠിച്ചവരിൽ ഇപ്പോൾ ബന്ധമുള്ളത്‌ ഒരു പെൺകുട്ടിയുമായി മാത്രം.രസമെന്താന്ന് വെച്ചാൽ പഠനകാലയളവിൽ ഞങ്ങൾ തമ്മിൽ മിണ്ടിയിട്ടേയില്ലായിരുന്നു എന്നുള്ളതാണു.മ്യൂസിക്കിൽ ബിരുദം കഴിഞ്ഞ്‌ ബാംഗ്ലൂരിലെത്തിയ അവൾ ഇപ്പോൾ ഫോണിൽ വിളിച്ച്‌ ഇടയ്ക്കിടെ ആവശ്യപ്പെടുന്ന പാട്ട്‌ പാടിത്തരുമ്പോൾ ആ പഠനകാലത്ത്‌ മിസ്സായതെന്തെന്ന് ഇപ്പോൾ തിരിച്ചറിയാനാകുന്നു.

    ReplyDelete
    Replies
    1. ഹഹഹ...നന്ദി സുഹൃത്തേ

      Delete
    2. ഇതില്‍ നല്ലൊരു കഥക്കുള്ള വകുപ്പുണ്ടല്ലോ...

      Delete
  8. മറ്റൊരു ബ്ലോഗിലൂടെയാണ് ഇവിടേയ്ക്ക് വന്നത്. ' പറയാതെ ബാക്കിവച്ച കാര്യങ്ങൾ ' ' ഏകാന്തമായ തുറന്നുപറച്ചിൽ ' ഇഷ്ടം ഈ എഴുത്ത്.
    ഗ്രാമത്തിന്റെ വിശുദ്ധി നഷ്ടമായതിന്റെ വേദന ഈ എഴുത്തിൽ നിറഞ്ഞിരിക്കുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി വീണ്ടും വരിക

      Delete
  9. Replies
    1. സ്നേഹത്തിനു നന്ദി

      Delete
  10. അതൊരു അനുഭവം. അതിൽ ജീവിതത്തെ തളച്ചിടുന്നതു ശരിയല്ല. കൂട്ടുകൂടാൻ, എഴുതാൻ,ആസ്വദിക്കാൻ ഒക്കെ ജീവിതം ഇനിയെത്ര ബാക്കിയുണ്ട്.

    ReplyDelete
  11. അനുഭവങ്ങള്‍ എഴുതി തീരില്ല ആര്‍ക്കും... തുടരട്ടെ ഇനിയും അനുഭവങ്ങള്‍...

    ReplyDelete
  12. വരികളിലൂടെ കടന്നുപോയപ്പോള്‍ പഴയ എന്‍റെ കോളേജോര്‍മ്മകള്‍ വല്ലാതെ വീര്‍പ്പുമുട്ടിച്ചു.

    ReplyDelete