11.10.19

മുംബൈ യാത്ര - 2

ഉറക്കംവിട്ട് എഴുന്നേല്‍ക്കുമ്പോഴേക്കും ഉച്ചയോടടുത്തിരുന്നു. എന്റെ മകന്‍ ഉണ്ണികുട്ടന് ചെറിയ രീതിയില്‍ പനി തുടങ്ങിയത് ഞങ്ങളെ ആശങ്കയിലാഴ്ത്തി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നു. മകന്റെ അസുഖം കാഴ്ചകള്‍ കാണാനുളള ആവേശത്തെ തണുപ്പിച്ചു. വെയിലാറിയപ്പോഴേക്കും ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. ഓട്ടോയില്‍ മലയാളി ഡോക്ടറുടെ ക്ലിനിക്കിലെത്തി. അവിടെ ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് 19 രൂപയാണ്. രണ്ടു സിറപ്പ് എഴുതി തന്നു.

ഡോക്ടറെ കണ്ട് പുറത്തിറങ്ങിയപ്പോള്‍ തൊട്ടടുത്ത് ഒരു കഫെ. മനുഷ്യന്‍മാര്‍ക്കല്ല, വളര്‍ത്തുമൃഗങ്ങള്‍ക്കായി. ഓരോ ദിവസത്തെയും സ്‌പെഷല്‍ ഭക്ഷണവും പുറത്തൊരു ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. മൃഗങ്ങളുടെ മേക്കപ്പ്, ഇവന്റ് മാനേജ്‌മെന്റ്, പരിപാലനവസ്തുക്കള്‍ തുടങ്ങിയ പലവക സംഭവങ്ങള്‍ ഈ കഫെയിലുണ്ട്. കടയുടെ മുന്നില്‍ ഒരു കറുത്ത പുളളികളുളള വെളുത്ത പട്ടികുട്ടി കിടപ്പുണ്ട്. ഉണ്ണികുട്ടന് മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പ് തേടി ഞങ്ങള്‍ നടന്നു. ഒടുവില്‍ കേരളത്തിലെ സ്റ്റേഷനറി കട ഓര്‍മപ്പെടുത്തുന്ന ഒരു മെഡിക്കല്‍ ഷോപ്പില്‍നിന്ന് സംഭവം കിട്ടി.


(വളർത്തു മൃഗങ്ങള്‍ക്കായുളള കഫേ)

അടുത്ത് നല്ല വടാ പാവ് കിട്ടുമെന്ന് ഏടത്തിയുടെ മകന്‍ അപ്പു പറഞ്ഞു. കുറച്ചു ദൂരം നടന്നതും ഒരു തട്ടുകടയുടെ മുമ്പില്‍ ആള്‍ക്കൂട്ടം. അതാണ് അപ്പു പറഞ്ഞ സ്ഥലം. അഞ്ചെണ്ണത്തിന് 75 രൂപ. ആ കടയില്‍ വടാ പാവ് മാത്രമേ കിട്ടുളളൂ. ഓരോ ദിവസവും കടയുടമ വീട്ടില്‍ നിന്ന് അഞ്ഞൂറോളം വട പാവ് കൊണ്ടു വരും. തീരുന്നതോടെ കടയടച്ചു പോകും. ഏതാണ്ട് ഒമ്പതുമണി വരെയാണ് അയാളുടെ കച്ചവടം. മലബാറില്‍ വൈകുന്നേരം കഴിക്കുന്ന ചെറുപലഹാരങ്ങളെ എണ്ണക്കടിയെന്നു പറയും. അതുപോലെ മുംബൈയിലെ എണ്ണക്കടിയാണിത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി തളര്‍ന്നവശരായവര്‍ ഈ കടയ്ക്കു മുമ്പില്‍നിന്ന് ചൂടുളള ഒന്നോ രണ്ടോ വടാ പാവ് അകത്താക്കും. ഇതിന്റെ പടം വാട്‌സാപ്പ് സ്റ്റാറ്റസാക്കിയപ്പോള്‍ ഭര്‍ത്താവിന്റെ കസിന്റെ മകള്‍ പ്രിയങ്ക മെസേജ് അയച്ചു ദാദറിനടുത്ത് കീര്‍ത്തി കോളേജിനടുത്തും നല്ല വടാ പാവ് കിട്ടുമെന്ന്. ഡോംബിവ്‌ലിയില്‍ താമസിക്കുന്ന അവള്‍ നാട്ടിലാണെന്നതിനാല്‍ കാണാന്‍ കഴിയാത്തതിന്റെ വിഷമവും പങ്കുവെച്ചു. തിരിച്ച് റീനേടത്തിയുടെ ഫ്‌ളാറ്റിലെത്തി. ചെറിയൊരു ചുറ്റികറങ്ങല്‍ കൊണ്ട് ഉണ്ണികുട്ടന്‍ ഉഷാറായി.

(വടാ പാവ്. പ്രിയങ്ക അയച്ചുതന്ന ചിത്രം)

മുംബൈയുടെ രാത്രി ജീവിതം കാറില്‍ കാണാന്‍ തീരുമാനിച്ചു. കാഴ്ച കാണല്‍, ഭക്ഷണം, ഷോപ്പിങ്... ഇത്രയുമാണ് മുംബൈയില്‍ കാണണമെന്ന് ഞാന്‍ ആഗ്രഹം പറഞ്ഞത്. ആദ്യം പോയത് മറൈന്‍ ഡ്രൈവിലാണ്. പത്തുമണിയായിട്ടും അവിടെ കടല്‍ഭിത്തികളില്‍ ഇണക്കുരുവികളെപ്പോല്‍ യുവതീയുവാക്കളുണ്ടായിരുന്നു. അതിനടുത്താണ് ചൗപ്പാട്ടി ബീച്ച്. സ്ട്രീറ്റ് ഫുഡിനു പേരുകേട്ടയിടം. ഒരുപാട് കുഞ്ഞുകുഞ്ഞു ഭക്ഷണശാലകള്‍. അവിടെയെല്ലാം ഒരേ വിഭവങ്ങള്‍. വരുന്നവരെ വിളിച്ചിരുത്താന്‍ ഓരോ കടയ്ക്കുമുമ്പിലും ആളുകളുണ്ട്. ഏതാണ്ട് പിടിവലി കൂടുന്ന പോലെയാണ് അവര്‍. ഞങ്ങള്‍ ഒരു മേശയ്ക്കുചുറ്റുമിരുന്നു. പാവ് ബാജി, ബേല്‍പൂരി, റഗ്ഡാ പാട്ടിസ് എന്നിവ സ്വാദുനോക്കി.


(പാവ് ബാജി)




(ബേൽ പൂരി)


(റഗ്ഡാ പാട്ടിസ്)


 പിന്നീട് ചൗപ്പാട്ടി ബീച്ചില്‍ ചെറിയൊരു നടത്തം. പുല്‍പ്പായ വാടകയ്ക്ക് കൊടുക്കുന്ന ഒരുപാട് കച്ചവടക്കാരുണ്ടവിടെ. 20 രൂപ കൊടുത്തു അൽപനേരത്തേക്ക് വാങ്ങാനും നിരവധി ആളുകളുണ്ട്. പായ വിരിച്ച് കുടുംബക്കാരും സുഹൃത്തുക്കളും ഇരുന്ന് ആടിയും പാടിയും രാവുകളെ ആഘോഷമാക്കും. റീനേടത്തിയുടെ ഭര്‍ത്താവ് ശ്രീധരേട്ടന്‍ പറഞ്ഞപോലെ, 'ഒഴിഞ്ഞ സ്ഥലങ്ങളില്‍, ഉളള സ്‌പേസില്‍ അവര്‍ വിശ്രമിക്കുന്നു; ആനന്ദം കണ്ടെത്തുന്നു'. മാലിന്യകൂമ്പാരമായിരുന്നു ആ ബീച്ച്. കാപ്പാടും പോണ്ടിച്ചേരിയും കണ്ട് അങ്ങോട്ട് പോകുന്നവര്‍ക്ക്  (വിദേശത്തുളളവരുടെ കാര്യം പറയുകയേ വേണ്ട) നിരാശയാകും ഫലം. ഇപ്പോള്‍ വൃത്തിയാക്കിയതാണെത്രേ. അപ്പോള്‍ പഴയ കോലമെന്താകും!



എന്തായാലും അവിടുത്തെ പൊടി ഉണ്ണികുട്ടന്റെ ചുമ കൂട്ടി. അവന്റെ അവശത കണ്ടപ്പോള്‍ കാറില്‍ തിരിച്ചുപോകാന്‍ തീരുമാനിച്ചു. വഴിയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ, ഹോട്ടല്‍ താജ് മഹല്‍, ആനി ബസന്റ് ഹാള്‍, സി.എസ്.ടി. റെയില്‍വേ സ്റ്റേഷന്‍, മുംബൈ പോസ്റ്റ് ഓഫീസ്, പ്രിന്‍സ് ഓഫ് വെയ്ല്‍സ് മ്യൂസിയം, ആര്‍ട്ട് ഗാലറി, ഹൈക്കോടതി തുടങ്ങിയവയെല്ലാം കാറിലിരുന്ന് കണ്ടു. മകന്റെ അസുഖത്തില്‍ ആധി പിടിച്ചിരിക്കുന്ന അമ്മയുടെ മനസ്സും കാഴ്ചകള്‍ കാണാന്‍ വെമ്പുന്ന യാത്രക്കാരിയുടെ കൊതിയും ഒരേ നിമിഷം ഞാനനുഭവിച്ചു. അടുത്ത ദിനം ഉണ്ണികുട്ടനു സുഖമാകുമെന്ന പ്രതീക്ഷയില്‍ ഉറങ്ങാന്‍ കിടന്നപ്പോഴും പുറത്ത് റോഡില്‍ വാഹനങ്ങളൊഴുകി കൊണ്ടേയിരുന്നു.


ആദ്യ ഭാഗം വായിക്കാം 


9.10.19

മുംബൈ യാത്ര - 1



(ചിത്രം: റീനേടത്തിയുടെ ഫ്ലാറ്റിലെ ജനലിലൂടെയുളള കാഴ്ച)

ആ യാത്ര ഒരു കടം വീട്ടലായിരുന്നു. എന്റെ വിവാഹം കഴിഞ്ഞ് ആറു വർഷമായിട്ടും ഭർതൃസഹോദരിയെ സന്ദർശിക്കാൻ സമയം കിട്ടിയിട്ടില്ലെന്ന സ്‌നേഹപൂർണമായ പരിഭവം അവസാനിപ്പിക്കാനുളള ഒരു കൊച്ചു അവധിക്കാലം. എന്റെയും മകന്റെയും കന്നി വിമാനയാത്ര. ടിക്കറ്റ് നിരക്കും യാത്രാ സമയവും കുറവുളള വിമാനത്താവളത്തിനായുളള തിരച്ചിലാണ് കണ്ണൂരിൽ അവസാനിച്ചത്. സെപ്റ്റംബർ മുപ്പതിന് പെരുമഴ പെയ്യുന്നൊരു രാത്രിയിലാണ് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. കാറിൽ ഞാനും മകനും ഭർത്താവും അദ്ദേഹത്തിന്റെ അമ്മയും. എന്റെ അമ്മയുടെ നാടാണ് കണ്ണൂരെങ്കിലും പലപ്പോഴും എനിക്ക് വഴി തെറ്റും. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ മട്ടന്നൂരിൽ അമ്മയുടെ കസിന്റെ വീട്ടിലെത്തി. അവരുടെ ഡ്രൈവർ ഞങ്ങളെ എയർപോട്ടിലെത്തിച്ചു. ഒക്ടോബർ ഒന്നിന് പുലർച്ചെ മൂന്നിനാണ് വിമാനം പുറപ്പെടുക. ആദ്യം വിമാനത്താവളത്തിലേക്കുളള ചെക്കിങും പിന്നെ ടിക്കറ്റ് വാങ്ങലും ശാരീരിക പരിശോധനകളും മറ്റു നടപടി ക്രമങ്ങളും പൂർത്തിയാക്കി. ഗവിയിലേക്കുളള കെ.എസ്.ആർ.ടി.സി. ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെപ്പോലെ വല്ലപ്പോഴും വരുന്ന വിമാനങ്ങൾക്കായി ഉണരുകയും പിന്നീട് ആളനക്കമില്ലാതാകുകയും ചെയ്യുന്ന എയർപോട്ടാണ് കണ്ണൂരിലേത്.

പേടിപ്പിക്കും ടേക്ക് ഓഫും ലാൻഡിങ്ങുമെന്ന് പല വഴിക്ക് കേട്ടെങ്കിലും സംഭവം എന്നെ പരിഭ്രമിപ്പിച്ചില്ല. ഇരുട്ടായതിനാൽ സൈഡ് സീറ്റ് കിട്ടിയിട്ടും കാര്യമുണ്ടായില്ല. മുംബൈ സി.എസ്.ടി വിമാനത്താവളത്തിൽ ഏടത്തിയുടെ മകൻ അപ്പു കാറുമായി വന്നു. പത്രത്തിൽ മുംബൈ വാർത്തകൾ കൈകാര്യം ചെയ്തതിനാൽ അവിടുത്തെ പ്രാദേശിക പേരുകളും സവിശേഷതകളും കുറേയൊക്കെ സുപരിചിതമായിരുന്നു. അതെല്ലാം നേരിട്ടു കാണുന്നതിന്റെ ഉത്സാഹം എന്റെ മുഖത്ത് പ്രകടമായിരുന്നു.

വിമാനത്താവളത്തിൽനിന്ന് പുറത്തു കടന്നത് ഏകദേശം അഞ്ചരയ്ക്കാണ്. ചെമ്പൂരിലുളള ഏടത്തിയുടെ ഫ്‌ളാറ്റിലേക്ക് ഏകദേശം പത്തു കിലോമീറ്ററിനടുത്തുണ്ട്. അവിടെയെത്തി ആറാം നിലയിലിറങ്ങിയപ്പോൾ ജനാലയിലൂടെ സൂര്യരശ്മികൾ ഞങ്ങൾക്ക് സ്വാഗതമോതി. യാത്രാക്ഷീണവും ഉറക്കവും തളർത്തിയ ഞങ്ങൾ ഉറങ്ങി ഉച്ചയ്ക്കുശേഷം കാഴ്ചകൾ കാണാൻ തീരുമാനിച്ചു.


തുടരും...

15.9.19

ഓർമയോണം...




ഓരോ പെൺകുട്ടിയും വിവാഹം കഴിഞ്ഞു ഇറങ്ങിപ്പോകുമ്പോൾ ആത്മാവിന്റെ ഒരു അംശം അവളെ അവളാക്കിയ ലോകത്തു വെച്ചു പോകുന്നു. ഓണവും വിഷുവും ആ സ്വത്വത്തിന്റെ ഓർമകളിലേക്കുള്ള മടക്കയാത്രയാകുന്നു. അമ്മയായാലും മുത്തശ്ശിയായാലും ഈ കൊതിക്കു അവസാനമില്ല. സദ്യ വിളമ്പിയ ഇലയ്ക്കു മുമ്പിലിരുന്ന് അച്ഛനുമമ്മയ്ക്കുമൊപ്പം കഴിക്കുന്നതായി സങ്കൽപ്പിക്കും. ആഘോഷസമയത്ത് കൂട്ടുകുടുംബമായി മാറുന്ന വീടുകളിൽ നിന്നും പോയ സ്ത്രീകളുടെ കഥ പറയുകയും വേണ്ട...


അവസാനം പറഞ്ഞ ഗണത്തിലാണ് ഞാനുള്ളത്. ഓണത്തെക്കുറിച്ചു ഓർക്കുമ്പോൾ മുത്തശ്ശി താമസിക്കുന്ന പുല്ലാനിക്കാട് എന്ന വീടാണ് ആദ്യം ഓർമ വരിക. ചെമ്പിൽ പുഴുങ്ങിയ പഴത്തിന്റെയും നാലായി നുറുക്കിയ വറുത്തുപ്പേരിയുടെയും വാട്ടിയ നാക്കിലയുടെയും വാസനയാണ് ഓണത്തിന്. "ഓണമാണ്. കൈയും കഴുത്തും ഇങ്ങനെ ഒഴിഞ്ഞു കിടക്കരുത് കുട്ട്യോളെ" സ്വർണം ധരിക്കാൻ ഇഷ്ടമില്ലാത്ത എന്നെയും അപ്ഫന്റെ മകൾ അളക ഏടത്തിയേയും മുത്തശ്ശി ശാസിക്കും. എന്നിട്ടും ഞങ്ങൾ നന്നായിട്ടൊന്നുമില്ലാട്ടോ. 'ഓണായിട്ട് മുഷിഞ്ഞ മുണ്ടാണോ ഉടുത്തത്', 'തലമുടിയൊക്കെ പാറിപ്പറന്നു, ഇത്തിരി എണ്ണ തേച്ചു വൃത്തിയിലൊക്കെ നടന്നൂടെ'... അങ്ങനെ നീളും എന്റെ അനിയന്മാരോടുള്ള മുത്തശ്ശിയുടെ സ്നേഹപ്രകടനം.


വേലായുധൻ ഉണ്ടാക്കിയ തൃക്കാക്കരപ്പനുണ്ടാവും മുറ്റത്ത്. മണ്ണ് കുഴച്ചു കൃത്യമായ ആകൃതിയിൽ നിർമിച്ചെടുക്കാൻ അസാമാന്യ കൈവഴക്കമാണ് മൂപ്പർക്ക്. ചാണകം മെഴുകിയ മുറ്റത്ത് പീഠത്തിന്മേലും നിലത്തുമായി നിരവധി 'തൃക്കാരപ്പൻ'മാർ ഉണ്ടാവും. അരിപ്പൊടി കൊണ്ട് നിലം 'അണിയും'. അലങ്കാരത്തിന് ഇത്തിരി പൂക്കളും. പൂവിളിക്കണമെന്ന് അച്ഛന്റെ നേരെ താഴെയുള്ള അനിയൻ, വല്ല്യപ്ഫൻ പറയും. ശബ്ദം പോരെന്ന് പറഞ്ഞു ഉറക്കെ വിളിച്ചു കാണിക്കും അപ്ഫൻ. ഓണവില്ലു ആദ്യമായി പരിചയപ്പെടുത്തിയതും എനിക്ക് മീട്ടി തന്നതും ഇദ്ദേഹമാണ്.
രാവിലെ എഴുന്നേറ്റ് കുളത്തിൽ കുളിച്ചു അമ്പലത്തിലും തറവാട്ടിലും തൊഴും. ഇല്ലത്തെ മുത്തശ്ശി (അച്ഛന്റെ ചെറിയമ്മ) തൃക്കാരപ്പനെ അലങ്കരിച്ച കൂട്ടത്തിൽ 'തിരുവോണം സുഖം' എന്ന് അരിപ്പൊടിയിൽ എഴുതി വെക്കും. പൂമുഖത്തും 'നാന്റുള്ളിലും' (നാലുകെട്ടിൽ) തൃക്കാരപ്പനെ വെക്കും. ഇല്ലത്ത് പഴുത്ത പഴത്തിന്റെ ഗന്ധമാണ് നമ്മളെ വരവേൽക്കുക. വേഗം വേട്ടക്കരനെ തൊഴുത് പുല്ലാനിക്കാട്ടിലേക്ക്. ദിവസവും ദോശ നിർബന്ധമുള്ള ഞങ്ങൾ കുട്ടികൾക്ക് ഓണക്കാലത്തെ പഴം, പപ്പടം, വറുത്തുപ്പേരി അടങ്ങിയ പ്രാതൽ കഴിക്കാൻ ഇത്തിരി നീരസമൊക്കെ ഉണ്ട്. പക്ഷേ വേറെ വഴിയില്ല.


സിഗ്നൽ കിട്ടാത്ത ആന്റിന ഞങ്ങളുടെ ബാല്യകാലത്തെ ടിവിയുടെ മുമ്പിൽ തളച്ചിട്ടില്ല. ഉച്ചക്ക് വടക്കിനിയിൽ നിലത്തിരുന്നു ഊണ്. വിറകടുപ്പിൽ ചീനച്ചട്ടിയിൽ ഉണ്ടാക്കുന്ന നേന്ത്രക്കായയും ചേനയും ഉപ്പേരി (മെഴുക്കുപുരട്ടി) ഇരുമ്പിന്റെ വലിയ കരണ്ടിയിലേക്കെടുത്ത് വിളമ്പും. കൽച്ചട്ടിയിലെ കാളനും ഓലനും സാമ്പാറും എരിശ്ശേരിയും... ഭരണിയിലിട്ട കടുമാങ്ങയും പല സ്വാദ് നാവിലെത്തുന്ന മുളകാപച്ചടിയും (പുളിയിഞ്ചി)... പപ്പടവും കായ വറുത്തതും. തൈര് കടഞ്ഞെടുത്ത വെണ്ണയുരുക്കിയ നെയ്യ്. അവസാനം അമ്പലത്തിലെ എമ്പ്രാന്തിരി ഭഗവാനുണ്ടാക്കി നേദിച്ച പാൽപായസവും. ഇലയിൽ ഓരോ വിഭവത്തിനും ഓരോ സ്ഥാനമുണ്ട്. അവ കടുകിട തെറ്റിയാൽ മുത്തശ്ശിയും ബാക്കിയുള്ളവരും ചീത്ത പറയും. അതുകൊണ്ട് തന്നെ ഇന്നും ആ സ്ഥാനങ്ങൾ കാണാപ്പാഠം ആണ്.


പിന്നീട് ഞങ്ങൾ പുല്ലാനിക്കാടിനു അടുത്ത് ഒരു വീടുണ്ടാക്കി. അതിനുമുമ്പുള്ളവർ വിളിച്ച ചെറുകാവ് എന്നുതന്നെ വിളിച്ചു. അവിടെ തൃക്കാരപ്പന് പകരം പൂക്കളം ഇട്ടു. മുക്കുറ്റിയും തുമ്പയും ചെമ്പരത്തിയും ഓണപ്പൂവും പൂക്കളത്തിന് വർണം പകർന്നു. തികയാതെ വരുമ്പോൾ അങ്ങാടിയിൽ പോയി അന്യനാടുകളിൽ നിന്നെത്തിയ പൂക്കൾ കവറുകളിൽ വാങ്ങും. അളകേടത്തി, ഞാൻ, അമ്മിണി, അന്തി, കുട്ടൻ, അപ്പു, ആര്യക്കുട്ടി, അനിയൻകുട്ടൻ എന്നിവരാണ് പൂക്കളമൊരുക്കുക. ഇതിൽ അവസാനത്തെ മൂന്നുപേർ ഒഴികെ ബാക്കിയെല്ലാവരും വിവാഹിതരായി. കുട്ടന്റെ വധുവായി ശ്രീലക്ഷ്മിയെത്തി. ഞാനടക്കം നാലുപേർ കല്യാണം കഴിഞ്ഞു ഭർതൃഗൃഹത്തിൽ. വേലായുധൻ മരിച്ചു. മുത്തശ്ശിമാർക്ക് വയസ്സായി. അച്ഛന്റെ അമ്മ മുറിയുടെ പുറത്തിറങ്ങാറില്ല. അച്ഛന്റെ ചെറിയമ്മയ്ക്കും പ്രായത്തിന്റേതായ അവശതകളുണ്ട്. പുല്ലാനിക്കാട് പുതുക്കി പണിയുകയാണ്. തറവാട് പൂജാദികാര്യങ്ങൾക്കു മാത്രമേ തുറക്കാറുള്ളൂ. 

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓണം കോഴിക്കോട്ടെ ഫ്ലാറ്റിലാണ്. ഇത്തവണ താഴത്തെ നിലയിലായതിനാൽ മുറ്റത്തു നിൽക്കുന്ന വാഴയിൽ നിന്ന് ഇല അരിഞ്ഞു സദ്യ വിളമ്പി. വൈകീട്ട് കൃഷ്ണക്ഷേത്രത്തിൽ തൊഴുതു. ഒടുവിൽ രാത്രി പെയ്ത മഴയിൽ ഞാൻ ഓർമകളെ അലിയിച്ചു പിന്തിരിയാതെ യാഥാർഥ്യത്തിന്റെ ലോകത്തേക്ക് നടന്നുനീങ്ങി...!


ചിത്രം: തറവാട്ടിലേക്കുള്ള വഴി; ഞാനെടുത്ത പടം