9.10.19

മുംബൈ യാത്ര - 1



(ചിത്രം: റീനേടത്തിയുടെ ഫ്ലാറ്റിലെ ജനലിലൂടെയുളള കാഴ്ച)

ആ യാത്ര ഒരു കടം വീട്ടലായിരുന്നു. എന്റെ വിവാഹം കഴിഞ്ഞ് ആറു വർഷമായിട്ടും ഭർതൃസഹോദരിയെ സന്ദർശിക്കാൻ സമയം കിട്ടിയിട്ടില്ലെന്ന സ്‌നേഹപൂർണമായ പരിഭവം അവസാനിപ്പിക്കാനുളള ഒരു കൊച്ചു അവധിക്കാലം. എന്റെയും മകന്റെയും കന്നി വിമാനയാത്ര. ടിക്കറ്റ് നിരക്കും യാത്രാ സമയവും കുറവുളള വിമാനത്താവളത്തിനായുളള തിരച്ചിലാണ് കണ്ണൂരിൽ അവസാനിച്ചത്. സെപ്റ്റംബർ മുപ്പതിന് പെരുമഴ പെയ്യുന്നൊരു രാത്രിയിലാണ് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. കാറിൽ ഞാനും മകനും ഭർത്താവും അദ്ദേഹത്തിന്റെ അമ്മയും. എന്റെ അമ്മയുടെ നാടാണ് കണ്ണൂരെങ്കിലും പലപ്പോഴും എനിക്ക് വഴി തെറ്റും. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ മട്ടന്നൂരിൽ അമ്മയുടെ കസിന്റെ വീട്ടിലെത്തി. അവരുടെ ഡ്രൈവർ ഞങ്ങളെ എയർപോട്ടിലെത്തിച്ചു. ഒക്ടോബർ ഒന്നിന് പുലർച്ചെ മൂന്നിനാണ് വിമാനം പുറപ്പെടുക. ആദ്യം വിമാനത്താവളത്തിലേക്കുളള ചെക്കിങും പിന്നെ ടിക്കറ്റ് വാങ്ങലും ശാരീരിക പരിശോധനകളും മറ്റു നടപടി ക്രമങ്ങളും പൂർത്തിയാക്കി. ഗവിയിലേക്കുളള കെ.എസ്.ആർ.ടി.സി. ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെപ്പോലെ വല്ലപ്പോഴും വരുന്ന വിമാനങ്ങൾക്കായി ഉണരുകയും പിന്നീട് ആളനക്കമില്ലാതാകുകയും ചെയ്യുന്ന എയർപോട്ടാണ് കണ്ണൂരിലേത്.

പേടിപ്പിക്കും ടേക്ക് ഓഫും ലാൻഡിങ്ങുമെന്ന് പല വഴിക്ക് കേട്ടെങ്കിലും സംഭവം എന്നെ പരിഭ്രമിപ്പിച്ചില്ല. ഇരുട്ടായതിനാൽ സൈഡ് സീറ്റ് കിട്ടിയിട്ടും കാര്യമുണ്ടായില്ല. മുംബൈ സി.എസ്.ടി വിമാനത്താവളത്തിൽ ഏടത്തിയുടെ മകൻ അപ്പു കാറുമായി വന്നു. പത്രത്തിൽ മുംബൈ വാർത്തകൾ കൈകാര്യം ചെയ്തതിനാൽ അവിടുത്തെ പ്രാദേശിക പേരുകളും സവിശേഷതകളും കുറേയൊക്കെ സുപരിചിതമായിരുന്നു. അതെല്ലാം നേരിട്ടു കാണുന്നതിന്റെ ഉത്സാഹം എന്റെ മുഖത്ത് പ്രകടമായിരുന്നു.

വിമാനത്താവളത്തിൽനിന്ന് പുറത്തു കടന്നത് ഏകദേശം അഞ്ചരയ്ക്കാണ്. ചെമ്പൂരിലുളള ഏടത്തിയുടെ ഫ്‌ളാറ്റിലേക്ക് ഏകദേശം പത്തു കിലോമീറ്ററിനടുത്തുണ്ട്. അവിടെയെത്തി ആറാം നിലയിലിറങ്ങിയപ്പോൾ ജനാലയിലൂടെ സൂര്യരശ്മികൾ ഞങ്ങൾക്ക് സ്വാഗതമോതി. യാത്രാക്ഷീണവും ഉറക്കവും തളർത്തിയ ഞങ്ങൾ ഉറങ്ങി ഉച്ചയ്ക്കുശേഷം കാഴ്ചകൾ കാണാൻ തീരുമാനിച്ചു.


തുടരും...

13 comments:

  1. ഇത്ര നല്ലൊരു View ഉണ്ടെന്ന് ഞാനിപ്പഴാ ഓർത്തേ😍

    ReplyDelete
  2. വീണ്ടും പറയാൻ ബാക്കി വെച്ചതൊക്കെ പറയാൻ തുടങ്ങൂ... :)

    ReplyDelete
    Replies
    1. നിങ്ങളുടെയൊക്കെ പ്രോത്സാഹനമുണ്ടെങ്കിൽ തീർച്ചയായും ഇതിനു ജീവൻ വെക്കും

      Delete
  3. വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ബ്ലോഗ് സന്ദർശനം.. ഏതായാലും വെറുതെയായില്ല. ബോംബെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. ആരാണെന്ന് മനസ്സിലായില്ല. എന്തായാലും ഈ വാക്കുകൾക്ക് നന്ദി!

      Delete
  4. ബ്ലോഗുഗ്രൂപ്പിൽ ലിങ്കിട്ടത് നന്നായി.വായിക്കാൻ കഴിഞ്ഞു!
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും...

      Delete
  5. ആംച്ചി മുംബൈയുടെ കഥ തുടക്കം കൊള്ളാമല്ലോ :-) ബ്ലോഗേഴ്സ് ഗ്രൂപ്പിൽ ലിങ്ക് കണ്ടാണ് ഇവിടെയെത്തിയത്.. ഇനിയും വരാം :-)

    ReplyDelete
    Replies
    1. ഹഹഹ... തീർച്ചയായും വരണം

      Delete
  6. നന്നായിട്ടുണ്ട് രൂപ!

    ReplyDelete
  7. നല്ല യാത്രാ വിവരണം... ഇഷ്ടായി.

    ReplyDelete