ഇന്നു വായനക്കാരില്ല, എല്ലാവരും എഴുത്തുകാരാണ് - ഏപ്രില്‍ 12നു തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന ബ്ലോഗേഴ്‌സ് മീറ്റിനു ക്ഷണിക്കാനായി സാബു കൊട്ടോട്ടി വിളിച്ചപ്പോള്‍ പറഞ്ഞ വാചകമാണിത്. സത്യമാണ്. രണ്ടു വര്‍ഷം മുമ്പ് ഏപ്രിലിലെ ഉരുകുന്ന ചൂടില്‍ നിന്നും രക്ഷപ്പെട്ടു തുഞ്ചന്റെ മണ്ണില്‍ ഒത്തു കൂടിയപ്പോള്‍ ധാരാളം എഴുത്തുകാരും വായനക്കാരുമുണ്ടായിരുന്നു. ബ്ലോഗെഴുത്ത് ഒരു കലയായും തപസ്സായും ആത്മാര്‍ഥമായി കൊണ്ടു നടക്കുന്ന പല മുഖങ്ങളെയും ഞാന്‍ അവിടെ കണ്ടു.
ഫേസ്‌ബുക്ക് എന്ന മാധ്യമമില്ലെങ്കില്‍ ഞാനടക്കമുളള ബ്ലോഗര്‍മാരെ ആരും അറിയുമായിരുന്നില്ല എന്നതു വാസ്‌തവം തന്നെയാണ്. പക്ഷെ മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ ഇന്നു നിലനില്‍ക്കുന്നതു ഗ്രൂപ്പിസമെന്ന വൃത്തികെട്ട പ്രവണതയാണ്. ഫേസ്‌ബുക്കിലെ രണ്ടു പ്രബല ബ്ലോഗര്‍ കൂട്ടായ്‌മകള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ പലപ്പോഴും ബ്ലോഗുകളുടെ വളര്‍ച്ചയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. തമാശയെന്തെന്നാല്‍ ഈ രണ്ടു ഗ്രൂപ്പിനും പേര് ഒന്നു തന്നെയാണ്‌്. ഒരു കൂട്ടായ്‌മയുടെ സഹകരണമുളള പരിപാടിക്കു മറ്റൊന്നു കൂടെ കൂടില്ല. തമ്മില്‍ പരിഹാസവും പാരവെയ്‌പ്പും. ഒന്നു ചെയ്യുന്നതു പോലെ തന്നെ മറ്റേതും അനുകരിക്കും. അവരെ വിശ്വസിക്കരുതെന്നു ഇരുവരും ഉപദേശിക്കും. ഇത്തരം പ്രവണതകള്‍ ഏതൊരു പുതിയ ബ്ലോഗറേയും ചിന്താകുഴപ്പത്തിലാക്കാം. ഞാന്‍ അനുഭവസ്ഥയാണ്.
ആദ്യമായി കൂടിയ ബ്ലോഗ് കൂട്ടായ്‌മയില്‍ നിന്നും മറ്റേ സംഘത്തെക്കുറിച്ചു മോശമായ പരാമര്‍ശങ്ങള്‍ കേട്ടു. ഞാന്‍ വിശ്വസിച്ചു. പിന്നീട് മറ്റേതില്‍ പോയപ്പോഴാണ് തിരിച്ചു അവര്‍ ചിന്തിക്കുന്നതും ഇതു തന്നെയാണെന്നു കണ്ടത്. പിന്നീടു മനസ്സിലായി രണ്ടിലും വലിയ കഴമ്പില്ലെന്ന്. ഇപ്പോള്‍ ഇതില്‍ രണ്ടിലും ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചകള്‍ നടക്കാറില്ലെന്നതും ഖേദകരമായ ഒരു വസ്‌തുതയാണ്. ഒരു കൂട്ടായ്‌മ പ്രോത്സാഹിപ്പിച്ച മെബൈല്‍ ആപ്പ് മറ്റവര്‍ തിരിഞ്ഞു നോക്കിയില്ല. വളരെ നല്ല ഒരു സംരംഭമായിട്ടു പോലും സഹകരണമനോഭാവമില്ലാതിരിക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നും. നാളെ നടക്കുന്ന ബ്ലോഗേഴ്‌സ് കൂട്ടായ്‌മയ്‌ക്കായി ഓടി നടക്കുന്നത് രണ്ടാമത്തെ ഗ്രൂപ്പിലുളളവരാണ് എന്ന ഒറ്റ കാരണം കൊണ്ട് ആദ്യ സംഘത്തിലുളള മിക്കവരും നിസ്സഹകരണത്തിലാണ്.
വര്‍ഷങ്ങളായി നിര്‍ജീവമായ പല ബ്ലോഗുകളുണ്ട്. ഒറ്റ പോസ്‌റ്റില്‍ മരണം വരിച്ചവയുമുണ്ട്. ഇവയെല്ലാം പുനരുജ്ജീവിപ്പിക്കാന്‍ ഒറ്റക്കെട്ടായുളള കൂട്ടായ്‌മകള്‍ വേണം. അതിനു ഗ്രൂപ്പുകളുടെ അംഗത്വം നോക്കാതെ എല്ലാത്തിലും അഭിപ്രായം രേഖപ്പെടുത്തുന്ന അജിത്തേട്ടനെപ്പോലെയുളള വായനക്കാരും വേണം.