14.4.15

തുഞ്ചന്റെ തത്തയെ കൊഞ്ചിച്ചു മൂന്നാം വട്ടം



ഭാഷയെ സ്‌നേഹിക്കുന്നവരെയും ആരാധിക്കുന്നവരെയും സ്വീകരിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത മണ്ണാണ്‌ തിരൂര്‍ തുഞ്ചന്‍പറമ്പിലേത്‌. എഴുത്തോലകളില്‍ നിന്നും ബ്ലോഗുകളിലേക്കെത്തി നില്‍ക്കുമ്പോഴും അക്ഷരത്തെ സ്‌നേഹിക്കുന്ന ഒരുപാട്‌ മലയാളികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്‌. അതു തന്നെയാണ്‌ ഓരോ വട്ടവും തുഞ്ചന്‍പറമ്പിനപ്പുറമൊരു വേദിയെ ബ്ലോഗര്‍ സംഗമത്തിനായി ചിന്തിക്കാന്‍ കഴിയാത്തതും.

എഴുത്തിനെ ഓണ്‍ലൈന്‍വത്‌കരിച്ചപ്പോള്‍ പ്രമുഖ സാഹിത്യകാര്‍ അവരെ രണ്ടാം തരക്കാരായി കണക്കാക്കി. ഇതേ കാരണം കൊണ്ടു തന്നെ ബ്ലോഗര്‍മാര്‍ സ്വയം തുഞ്ചന്റെ പിന്‍ഗാമികളായി കണക്കാക്കാന്‍ പോലും സംശയിച്ചു. കാലക്രമേണ പ്രധാനവ്യക്തികള്‍ ഓണ്‍ലൈന്‍ എഴുത്തിലേക്കും ബ്ലോഗിങിലേക്കും എത്തിയപ്പോള്‍ ലോകം അവരുടെ കൃതികളും അംഗീകരിച്ചു തുടങ്ങി. ഇതു ഓണ്‍ലൈന്‍ എഴുത്തുകാരുടെ ആത്മവിശ്വാസം കൂട്ടി.

മടി കൂടാതെ തങ്ങളും എഴുത്തുകാരാണ്‌ എന്നു പറയുന്ന ബ്ലോഗര്‍മാരെയാണ്‌ ഏപ്രില്‍ 12നു ഞായറാഴ്‌ച തുഞ്ചന്‍ പറമ്പില്‍ കണ്ടത്‌. നൂറു കണക്കിനു ഇ-എഴുത്തുകാരാണ്‌ ഒത്തുകൂടിയത്‌. കെ. എ. ബീന, ഒരിക്കല്‍ മാലിദ്വീപിലെ ജയിലില്‍ അകപ്പെട്ട ജയചന്ദ്രന്‍ മൊകേരി, സോഷ്യല്‍ മീഡിയ നിരീക്ഷകരായ വി.കെ. ആദര്‍ശ്‌, ജിക്കു വര്‍ഗീസ്‌ തുടങ്ങിയവര്‍ ബ്ലോഗര്‍ സംഗമത്തിലെ താരങ്ങളായി. ഫേസ്‌ബുക്ക്‌ എന്ന മാധ്യമമോ ബ്ലോഗര്‍മാരുടെയും ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെയും സഹായമോ ഇല്ലായിരുന്നെങ്കില്‍ തനിക്കു ഈ രണ്ടാം ജന്മം ലഭിക്കില്ലായിരുന്നുവെന്ന ജയചന്ദ്രന്‍ മൊകേരിയുടെ വാക്കുകള്‍ നിറഞ്ഞ കൈയടിയോടെയാണ്‌ സദസ്സ്‌ സ്വീകരിച്ചത്‌.

മൂന്നാം തവണയാണ്‌ ഈ വേദിയില്‍ ബ്ലോഗര്‍ സംഗമം നടത്തുന്നത്‌. ദുബായില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങി നേരെ ഇവിടെയെത്തിയവരുണ്ട്‌. തിരുവനന്തപുരം മുതല്‍ കാസര്‍കോട്‌ വരെയുളള ഇ-എഴുത്തുകാരും എത്തി. എഴുപതു പിന്നിട്ടവര്‍ മുതല്‍ കൗമാരക്കാരുവരെ കൂട്ടുകൂടാനെത്തി. ഔപചാരിതകള്‍ക്കു സ്ഥാനമില്ലാത്ത പരിപാടിയ്‌ക്കു ഉദ്‌ഘാടനമോ സമാപനസമ്മേളനമോ ഇല്ലെന്നതു ശ്രദ്ധേയമാണ്‌.

പരിപാടിയ്‌ക്കെത്തിയ പലരും ആദ്യമായി തമ്മില്‍ കാണുകയാണ്‌. അക്ഷരങ്ങളിലൂടെ പരിഭവം പറഞ്ഞവരും മനസ്സു തുറന്നവരും തമ്മില്‍ കണ്ടപ്പോള്‍ അപരിചിതത്വം ഇല്ലേയില്ല. കഴിഞ്ഞ വട്ടം വന്നു ഇത്തവണയെത്താത്തവരുടെ എണ്ണം പറഞ്ഞു പരിഭവിച്ചു. ഒന്നിച്ചു സംസാരിച്ചും പരിചയപ്പെട്ടും ഭക്ഷണം കഴിച്ചും ബ്ലോഗിങ്ങിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തും അവര്‍ പിരിഞ്ഞു, വീണ്ടും കാണാമെന്ന ഉറപ്പില്‍.

16 comments:

  1. വായിച്ചിട്ട് സന്തോഷവും സങ്കടവും ഒപ്പത്തിനൊപ്പമാണ് രൂപാ....

    ReplyDelete
  2. ഞാനും മൂന്നാം വട്ടമാണ് തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റിൽ.

    ReplyDelete
    Replies
    1. ഇനിയും കാണുമെന്നു പ്രതീക്ഷിക്കാം...

      Delete
  3. ഞാനും എന്‍റ കുഞ്ഞീവിയും ഉണ്ടാര്‍ന്നു.

    ReplyDelete
    Replies
    1. കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം

      Delete
  4. സന്തോഷം തോന്നുന്നു
    ആശംസകള്‍

    ReplyDelete
  5. ഞാനും എന്റെ കുഞ്ഞീവിയും ഇല്ലാര്‍ന്നു.

    ReplyDelete
    Replies
    1. അടുത്ത വട്ടം കാണാം

      Delete
  6. ഞമ്മളൂ ബന്നിക്കില്ല. ...
    ഞമ്മളെ നാട്ടീ ബന്നു ഇങ്ങളു മീറ്റിയപ്പൊ ഞമ്മളു പ്രവാസത്തിൽ എന്താ ചെയ്യ...

    ReplyDelete
    Replies
    1. ജീവിതം അങ്ങനെയാ...

      Delete
  7. തുഞ്ചന്‍ പറമ്പിലെ പുണ്യം നുകരാന്‍.....ഞാനുമുണ്ടായിരുന്നു........എവിടെയും ഇടിച്ചു കയറിയില്ല അതുകൊണ്ട് ഒടിഞ്ഞു മടങ്ങിയതുമില്ല.......ആശംസകൾ......

    ReplyDelete