8.4.13

ചക്കയും മാങ്ങയും വേനലും

വൈകുന്നേരം വെയിൽ താഴ്ന്നപ്പോൾ ഞാൻ പതുക്കെ എന്റെ തറവാട്ടിലേക്ക് നടന്നു. അകത്തേക്ക് കയറി ചെല്ലുമ്പോൾ ഞാൻ കേൾക്കുന്നത് ഞങ്ങളുടെ ചെറിയ അനിയൻ (ഇംഗ്ലീഷിൽ കസിൻ എന്ന് വായിക്കും) അവന്റെ അമ്മയോട് പരാതി പറയുന്നതാണ്.

"എന്താമ്മേ, ഞാൻ എങ്ങടെങ്കിലും പോട്ടെ? ഇവിടെരുന്നു ബോറടിക്കണു." വേനലവധിക്ക് സ്കൂൾ അടച്ചതിനു ശേഷം അവന്റെ സ്ഥിരം പരിഭവമാണിത്. ടിവിയാണ് ലോകമെന്നു കരുതുന്ന പുതുതലമുറയിൽപ്പെട്ട ഇവൻ മറ്റു വീടുകളിൽ പോവുന്നതും ഇവിടെ തന്നെ നില്ക്കുന്നതും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് എന്ന് ഞാൻ അത്ഭുതപ്പെട്ടു. "അല്ല! അവടെ പോയാലും ടിവിയും കമ്പ്യൂട്ടറും തന്നെ അല്ലെ കളിക്കാനുള്ളത്?" ഞാൻ ചോദിച്ചു. 

"അല്ലാതെ പിന്നെ വേറെ എന്താ ഉള്ളത്?" അനിയന്റെ ചോദ്യം എന്നെ പിടിച്ചിരുത്തി. എന്റെ കുട്ടിക്കാലത്തൊക്കെ രണ്ടു മാസം തീരുന്നത് ഞങ്ങൾ അറിയാറില്ല. ടിവി എന്നാൽ ദൂരദർശൻ ആയിരുന്നു ഞങ്ങൾ കുട്ടികൾക്ക്. അത് കൊണ്ട് തന്നെ മണിക്കൂറുകളോളം ആ പെട്ടിയുടെ മുൻപിൽ ചിലവിടാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു.



ഞാനുമെന്റെ അനിയനും അച്ഛന്റെ അനിയന്മാരുടെയും സഹോദരിമാരുടെയും മക്കളുമെല്ലാം വിദ്യാലയം അടച്ചു കഴിഞ്ഞാൽ തറവാട്ടിലെത്തും. സമപ്രായക്കാരായ പത്തു സഹോദരർ ഉണ്ടെനിക്ക്. എല്ലാവരും കൂടി കഴിഞ്ഞാൽ ഉത്സവം തന്നെയാണ്. ഞങ്ങൾ കുട്ടികളെ അടക്കി നിർത്താൻ അമ്മമാർ കുറച്ചൊന്നുമല്ല ഈ മാസങ്ങളിൽ കഷ്ടപ്പെടാറുള്ളത്. 

വെക്കേഷനാണെന്ന് കരുതി രാവിലെ പത്തു മണി വരെ ഉറങ്ങാനൊന്നും കഴിയാറില്ല. അമ്പലത്തിൽ പാട്ട് വെക്കുമ്പോഴേക്കും, അതായത്  ഒരു 5 മണി ആയാൽ ഞങ്ങൾ ഉണരും. നേരെ മാവിന്റെ ചുവട്ടിലേക്ക്! കയ്യിൽ ചെറിയ പാത്രങ്ങളുമായി എല്ലാ മാവിന്റെയും ചുവട്ടിൽ പോയി മാങ്ങ പെറുക്കി തിരിച്ചെത്തുമ്പോഴേക്കും നേരം വെളുക്കും. ചില ദിവസങ്ങളിൽ പാത്രം നിറയെ മാങ്ങകളുമായി വരും, മറ്റു ചിലപ്പോൾ പേരിനു പോലും ഒന്നും കിട്ടാറില്ല. 




മാങ്ങയെല്ലാം ഒരു പത്രകടലാസ്സിൽ നിരത്തി വച്ച് നേരെ പല്ലു തേയ്ക്കാൻ പോകും. അവിടെ മുത്തശ്ശി ഉമിക്കേരി തയ്യാറാക്കി വച്ചിട്ടുണ്ടാവും. ഉമി കരിച്ചോ മറ്റോ ആണ് ഈ പൊടി ഉണ്ടാക്കുന്നത്. ക്ലോസപ്പിന്റെ മധുരമോർത്തു ഞങ്ങൾ പേസ്റ്റ് എടുക്കാൻ നോക്കിയാൽ മുത്തശ്ശി ശാസിക്കും, "നല്ല വെളുത്ത പല്ല് വരണെങ്കി മുക്കേരിയോണ്ട് തേക്കണം!"... അല്ല, അപ്പൊ പരസ്യത്തിൽ പറയുന്നതോ? ഇങ്ങനെ മനസ്സിലൊർക്കുമെങ്കിലും ചോദിക്കാറില്ല. 


പല്ല് തേപ്പു കഴിഞ്ഞു നേരെ കുളത്തിലേക്ക്‌ പോവണം! കുളിച്ചു ഈറനോടെ അമ്പലദർശനവും കഴിഞ്ഞു അവിടെ നിന്നുള്ള തീർഥവും സേവിച്ചാലെ പ്രഭാതഭക്ഷണം ലഭിക്കു. ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തി വേഷം മാറി തീൻമേശക്കു മുൻപിൽ ഇരിക്കുമ്പോൾ ആവി പറക്കുന്ന ദോശയും ചട്നിയും കിട്ടും. ഒരു നിയന്ത്രണവുമില്ലാതെ മത്സരിച്ചു കഴിക്കുകയെന്നത് ഞങ്ങളുടെ പതിവാണ്.


ഭക്ഷണം കഴിഞ്ഞാൽ അൽപം ചർച്ചകൾ. അന്ന് എന്ത് കളിക്കണം, ബാലരമ/ബാലഭുമി ആര് ആദ്യം വായിക്കണം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങൾക്ക് അവിടെ വച്ച് തീരുമാനമെടുക്കും. ക്രിക്കറ്റ്‌, ഒളിച്ചു കളി, 'ചൂടോ തണുപ്പോ' എന്നിങ്ങനെ പലവിധ കളികളിൽ ഉച്ച വരെ ഞങ്ങൾ ഏർപ്പെടും. അവിടെ സഹായത്തിനു വരുന്നവർ ഞങ്ങൾക്ക് 'കുട്ടിപ്പുര' ഉണ്ടാക്കി തന്നിരുന്നു. കഞ്ഞി വച്ചും മണ്ണപ്പം ചുട്ടും പൂക്കൾ കൊണ്ട് അലങ്കരിച്ചും ഞങ്ങൾ ആ പുരയെ ശരിക്കും ഒരു വീട് പോലെയാക്കും. അച്ഛനും അമ്മയും കുട്ടികളും, ടീച്ചറും വിദ്യാർത്ഥികളുമെല്ലാമായി ഞങ്ങളവിടെ നിറഞ്ഞു നിൽക്കും. 


കളിക്കിടയിൽ മാങ്ങ പെറുക്കാനും തിന്നാനുമായി ചെറിയ ഇടവേളകൾ ഉണ്ടാവാറുണ്ട്. ആ സമയത്ത് തൈര് കലക്കുന്ന മുത്തശ്ശിയുടെ അടുത്ത് ചെന്ന് ഒരു കഷ്ണം വെണ്ണ ഒപ്പിക്കാനും മറക്കാറില്ല. ഉച്ച വരെ നീളുന്ന ആദ്യത്തെ സെഷൻ കളികൾ "ഊണായി" എന്ന വിളി കേൾകേണ്ട സമയം അവസാനിക്കും. നെയ്യ് കൂട്ടി ഉരുട്ടിയ ഒരു ഉരുള എല്ലാവരുടെയും കിണ്ണത്തിൽ ഉണ്ടാവും. അത് കഴിഞ്ഞാൽ അടുപ്പിലെ കനൽപ്പുറത്ത് വച്ച ഇരുമ്പ് ചീനച്ചട്ടിയിൽ ഉണ്ടാക്കിയ കായ ഉപ്പേരിയും ഏതെങ്കിലും ഒരു കൂട്ടാനും കൂട്ടി ചോറുണ്ണും. ചക്ക വറുത്തതോ അമ്പലത്തിലെ പ്രസാദമായ പാൽ പായസമോ ചില ദിവസങ്ങളിൽ ഉണ്ടായേക്കും.




ഉച്ചഭക്ഷണം കഴിഞ്ഞാൽ വിശ്രമത്തിന്റെ സമയമാണ്. അകത്തു ഇരുന്നുള്ള കളികളാണ് വെയ്യിലാറുന്നത് വരെ ഞങ്ങൾ കളിക്കുന്നത്. പോലീസും കള്ളനും, നൂറാം കോൽ എന്നൊക്കെ പേരുള്ള കളികളായിരുന്നു ആ സമയത്തിനായി നീക്കി വച്ചത്. വൈകുന്നേരത്തെ ചായക്ക് അമ്മയും മറ്റുള്ളവരും ഒരു വലിയ പാത്രം നിറയെ ചക്കയും മാങ്ങയും മുറിച്ചു വച്ചാലും ഞങ്ങൾ അതെല്ലാം നിമിഷനേരം കൊണ്ട് കാലിയാക്കുമായിരുന്നു. 

നാല് മണി കഴിഞ്ഞാൽ വീണ്ടും മുറ്റത്ത് കളിയ്ക്കാൻ ഇറങ്ങുകയായി. അത് കഴിഞ്ഞു കുളത്തിലേക്ക്‌ ചാടും. നീന്തിയും വെള്ളം കുടിച്ചും മണിക്കൂറുകളോളം ഞങ്ങൾ കുളത്തിൽ അർമാദിക്കും. നീന്താൻ പഠിക്കുന്ന ചെറിയ കുട്ടികൾ തേങ്ങയും കയറും കൊണ്ടുണ്ടാക്കിയ "പേട്" എന്ന് പറഞ്ഞ സാധനത്തിനു മുകളിൽ പൊങ്ങി കിടന്നു കുളത്തിൽ തുഴയുന്നുണ്ടാവും. 


വെള്ളത്തിലേക്ക്‌ ഇറങ്ങിയ കുട്ടികളെ കയറ്റാൻ അമ്മമാർ പാടുപ്പെടും. ഒടുവിൽ എല്ലാവരെയും അനുനയിപ്പിച്ചു വെള്ളത്തിൽ നിന്ന് കയറ്റി അകത്തേക്ക് വിടുമ്പോഴേക്കും നേരമേറെയാകും. അവിടെ നിലത്തു കിണ്ണങ്ങളിൽ ഞങ്ങൾക്കായുള്ള അത്താഴം നിരത്തി വച്ചിട്ടുണ്ടാവും. ഭക്ഷണത്തിന് ശേഷം കയ്യുംകാലും കഴുകി വിളക്കിനു നാമം ചൊല്ലാനിരിക്കണം.



ജപിച്ചത്തിനു ശേഷം കുറച്ചു സമയം വായന, അന്താക്ഷരി എന്നിങ്ങനെ ചില പരിപാടികൾ കഴിയുമ്പോഴേക്കും ഉറക്കം വരും! അന്ന് ഞങ്ങൾ ഉറങ്ങുമ്പോഴേക്കും സമയം ഏതാണ്ട് 8 മണിയൊക്കെയാവുള്ളു. ഇന്നത്തെ കുട്ടികൾക്ക് ഇതൊന്നും ആലോചിക്കാൻ പോലും വിഷമമാകും. 

മാവുകൾ പൂത്തു കണ്ണിമാങ്ങയുണ്ടായി, മധുരമൂറുന്നവയായി മാറുന്നതും കൊടും വേനലിൽ വെന്തുരുകി, പിന്നീട് പേടിപ്പിക്കുന്ന ഇടിയോടു കൂടിയ പുതുമഴ പെയ്യുന്നതിനുമെല്ലാം ഞാൻ എല്ലാ വർഷവും സാക്ഷിയാകാറുണ്ട്. ഒടുവിൽ നിറം മങ്ങിയ പഴയ പുസ്തകങ്ങൾ വലിച്ചെറിഞ്ഞു പുതിയവ വാങ്ങി അതിന്റെ ഗന്ധം ആസ്വദിച്ചു വേനലവധിക്ക് വിഷമത്തോടെ വിരമമിടുകയും ചെയ്യും!



വേനലവധിയെ ഓർമ്മിപ്പിച്ചു തറവാട്ടുമുറ്റത്ത് പൂക്കുന്ന കൊന്നപ്പൂവിലും മെയ്‌ ഫ്ലവറിലും എന്റെയും സഹോദരങ്ങളുടെയും ബാല്യത്തിന്റെ ഗന്ധമുണ്ട്. കച്ചവടക്കാർ മത്സരിച്ചു വില പറഞ്ഞു പറിച്ചെടുത്തു കൊണ്ട് പോവുന്ന ചക്കയും മാങ്ങയും പഴയ കളിക്കൂട്ടുകാരായ ഞങ്ങളെ വിഷമത്തോടെ സ്മരിച്ചിരിക്കും.  

ചെറിയമ്മയോടും അനിയനോടും യാത്ര പറഞ്ഞു വീട്ടിലേക്കു നടക്കുമ്പോൾ ഞാൻ മുറ്റത്തേക്ക് തിരിഞ്ഞു നോക്കി. എന്താ എന്നെപ്പോലെ നിങ്ങൾക്കും അവിടെ നിന്ന് ഒരു കളിയാരവം കേൾക്കുന്നുണ്ടോ?

40 comments:

  1. ഇന്നത്തെ കുട്ടികള്‍ക്ക് നമ്മുടെ അവധിക്കാല രസങ്ങള്‍ പറഞ്ഞാല്‍ മനസിലാവില്ല... കൊതിയാവുന്നു...

    ReplyDelete
    Replies
    1. സത്യം മുബി... അവരുടെ നഷ്ടം അവർ അറിയുന്നില്ല

      Delete
  2. ഇതൊക്കെ തന്നെ അല്ലെ ഞാനും ചെയ്തിരുന്നത് എന്ന് വായിച്ചു കഴിഞ്ഞപ്പോ ഓര്ത് പോയി!

    നല്ല കുറിപ്പ് !

    ReplyDelete
    Replies
    1. തീർച്ചയായും അങ്ങനെയാകാം... ടിവിയുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും അതിപ്രസരമില്ലാത്ത ഏതു തലമുറയും വേനലവധി ഈവിധമാകും ആഘോഷിച്ചത്

      Delete
  3. ഇങ്ങനെ എന്തെല്ലാം മധുര സ്മരണകള്‍.........................;

    ReplyDelete
  4. മനസ്സ് പഴയ കാലത്തിലേക്ക് പോയി ...ഇനി ഒരിക്കലും തിരികെ കിട്ടാത്ത കാലം

    ReplyDelete
    Replies
    1. ഓർമ്മകൾ ജീവിക്കാൻ പ്രേരിപ്പിക്കും. വീണ്ടും ബാല്യകാലത്തേക്ക് താങ്കളെ കൊണ്ടുപോകാനായി എന്നറിഞ്ഞതിൽ സന്തോഷം

      Delete
  5. നല്ല കുറെ ഓര്‍മ്മകള്‍ !!! വീണ്ടും ആ അവധിക്കാലത്തേക്ക് കൊണ്ട് പോയതില്‍ സന്തോഷം...എന്റെ ഒക്കെ കുട്ടിക്കാലം ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു...ഊണ് കലായി എന്നു കേള്‍ക്കുന്നത് വരെ കളി തന്നെ..നന്ദി രൂപ....

    ReplyDelete
    Replies
    1. വായിച്ചതിനും പ്രോത്സാഹനത്തിനും നന്ദി വസന്തേടതി

      Delete
  6. നല്ല ബാല്യകാല സ്മരണകൾ

    ReplyDelete
    Replies
    1. നന്ദി രഘു മേനോൻ സർ

      Delete
  7. മനോഹരമായ ഓര്‍മ്മകള്‍ മനോഹരമായിത്തന്നെ അവതരിപ്പിച്ചു.ഒരു കാഴ്ച അനുഭവം നല്‍കി.ആശംസകള്‍ .

    ReplyDelete
    Replies
    1. ആശംസകൾക്ക് നന്ദി

      Delete
  8. നമ്മൾ
    വയലിൽ മെതിച്ച്
    ചളിയിൽ കളിച്ച്
    തോട്ടിൽ കുളിച്ച്
    മാങ്ങ പറിച്ച്
    മാമ്പൂ മണത്ത്
    നല്ലോണം നടന്നോരാ കാലം
    ഇന്ന് എന്ത് ഇതെല്ലാം അവർക്ക് .............

    ReplyDelete
    Replies
    1. സത്യം ഷാജു അത്താണിക്കല്‍

      Delete
  9. ഓര്‍മ്മകളങ്ങനെ ചറപറാന്ന് പെയ്യുകയാണല്ലോ

    ReplyDelete
    Replies
    1. മഴയോ പെയ്യുന്നില്ല... ഓർമ്മകളെങ്കിലും പെയ്യണ്ടെ

      Delete
  10. നല്ലത് പോലെ എഴുതി. ആശംസകൾ ഇന്നത്തെ കുട്ടികൾ ,ഇന്നത്തെ കുട്ടികൾ എന്ന് തയഞ്ഞു കുട്ടികളെ കൂടിലടകാനും മറ്റു കുട്ടികളോട് (അയൽ വാസികളോടു
    സംസരികാനും കളികനും വിടാതെ കൂട്ടിലടക്കുന്ന പഴമയുടെ പുതുമ അറിയുന്ന നിങ്ങളെ പോലെ ഉള്ള മാതാ പിതാക്കൾ ഉണ്ടോ ?) എനിക്ക് ഒരു സംശയം.

    ReplyDelete
    Replies
    1. ക്ഷമിക്കണം... താങ്കൾക്ക് ഒരു തെറ്റിധാരണ ഉണ്ടെന്നു തോന്നുന്നു... ഞാൻ എന്റെ കുട്ടികാലത്തെ കുറിച്ചാണ് എഴുതിയത്. ഞാൻ വിവാഹിതയോന്നുമല്ല ;)

      Delete
  11. ജീവിതം എന്നും എല്ലായ്പ്പോഴും ഓര്‍മ്മകളാല്‍ സമ്പുഷ്ടമാണ്.മുന്‍ കഴിഞ്ഞു പോയ തലമുറക്ക്‌ അവരുടെ ഓര്‍മ്മകളും ഇന്നത്തെ തലമുറക്ക്‌ ഇന്നലത്തെ ഓര്‍മ്മകളും നാളത്തെ തലമുറക്ക്‌ ഇന്നും നല്ല ഓര്‍മ്മകലളായിരിക്കും. ഇന്നത്തെ തലമുറക്ക്‌ നാളെ ഇന്നിന്‍റെ ഓര്‍മ്മകള്‍ നമ്മളെപ്പോലെ തന്നെ രസകരമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഏതായാലും ഒരിക്കല്‍ കൂടി ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തേക്ക് ഞങ്ങളെ കൂട്ടി കൊണ്ട് പോയി വിഭവ സ്മ്ര്ഷ്‌ടമായ ഒരു വേനലവധിക്കാലം ഒരുക്കി ഞങ്ങളെ വീണ്ടും ഞങ്ങളെ ഉന്മാദിപ്പിച്ച രൂപ ചേച്ചിക്ക് എല്ലാ വിധ ആശംസകളും.

    ReplyDelete
    Replies
    1. എന്റെ ഓർമ്മകളിലൂടെ നടന്നതിനും അഭിപ്രായം പങ്കു വച്ചതിലും നന്ദി നൗഫൽ

      Delete
  12. ശൈലി മാറിയ ജീവിതങ്ങള്‍ . .പുതുമകള്‍ ആവശ്യമായി വരുന്നു. .എല്ലാത്തിലും. പക്ഷെ പഴമകള്‍ എന്നും നഷ്ടസ്വപ്നങ്ങള്‍ . . .

    ReplyDelete
    Replies
    1. താങ്കൾ പറഞ്ഞത് തികച്ചും സത്യമാണ് ബിജു!

      Delete
  13. എന്തെല്ലാം മധുര സ്മരണകള്‍...........

    ReplyDelete
    Replies
    1. ഓർമ്മകൾക്കൊരു സുഗന്ധമുണ്ട് നിതീഷ്

      Delete
  14. കൊതിപ്പിക്കുക എന്നു പറയുന്നതിതാണു. വായിക്കുകയല്ല മറിച്ച് അനുഭവിക്കുകയായിരുന്നു. ആ ചക്കച്ചുളയുടെ ചിത്രം കണ്ടപ്പോള്‍ വായിലൊരു കപ്പലോടിക്കുവാന്‍ പറ്റുന്ന പരുവമായി.

    ReplyDelete
    Replies
    1. ഹഹഹ... ഈ വാക്കുകൾക്കു നന്ദി ശ്രീക്കുട്ടെട്ടാ

      Delete
  15. മാറുന്ന കാലത്തിനു മുൻപേ ഓടുന്നു നമ്മൾ ,ഓർത്തു അയവിറക്കാൻ എങ്കിലും നമുക്ക് അങ്ങിനെ ഒരു കാലം .... പുതു തലമുറക്കോ ...

    ഓർമ്മകൾ നന്നായിട്ട് കുറിച്ചിട്ടു ....

    ReplyDelete
  16. Replies
    1. മാറ്റങ്ങൾ അനിവാര്യം... എങ്കിലും ചിലത് നികത്താനാകാതെ അവശേഷിക്കുന്നു

      Delete
  17. പഴയ സ്കൂള്‍ അവധിക്കാലത്തേക്ക് കൊണ്ടു പോയി.
    മെയ്‌ മാസം തീരാറാകുമ്പോള്‍ അവധി തീരുന്നതിന്റെ സങ്കടം ഇപ്പോഴും മനസ്സിലുണ്ട്

    ReplyDelete
  18. ഹായ് ഇതെന്റെ കൂടി കുട്ടിക്കാലമാണല്ലോ.....!!!

    ReplyDelete
    Replies
    1. തീർച്ചയായും ഇത് താങ്കളുടെയും ആയേക്കാം

      Delete
  19. തലക്കെട്ടില്‍ കടുത്ത വേനല്‍., വായിക്കുമ്പോള്‍ പൊട്ടിയൊലിക്കുന്ന വേനല്‍ മഴയുടെ കുളിര്‍മ്മ, അനുഭൂതി പകരുന്ന വായന നല്‍കിയതിനു നന്ദി.

    ReplyDelete
    Replies
    1. ഇത്തരം വാക്കുകൾ കേൾക്കുന്നതിൽ എനിക്കും സന്തോഷം

      Delete
  20. ബാല്യകാലത്തെ
    മാടിവിളിച്ചിരിക്കുകയാണല്ലോ ഇവിടെ

    ReplyDelete
    Replies
    1. അവധിക്കാലം എന്നത് ചെറുപ്പക്കാലത്തോളം മനോഹരമായ ഒന്ന് പിന്നീട് ലഭിക്കുകയില്ല.

      Delete