31.12.12

ഓണ്‍ലൈന്‍ ജീവി

കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും കരഞ്ഞും ദേഷ്യപ്പെട്ടും രാവിലെ മുതല്‍ രാത്രി വരെ നാം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. മഴയും മഞ്ഞും വെയിലുമെല്ലാം നാം മറ്റുള്ളവരുടെ മുന്‍പില്‍ വര്‍ണ്ണിക്കുന്നു. പക്ഷെ കറന്റ്‌ ഒന്ന് പോയാലോ അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ തകരാറിലായാലോ നമുക്ക് മുന്‍പിലെ ആ മായാലോകം മാഞ്ഞുപോകുന്നു. പറഞ്ഞു വന്നത് ഞാനടക്കം ഉള്ള ഓണ്‍ലൈന്‍ ജീവികളെ കുറിച്ചാണ്. വരുമാനത്തിനും സര്‍ഗഭാവനയുടെ പ്രോത്സാഹനത്തിനും വേണ്ടി കമ്പ്യുട്ടറിനു മുന്‍പില്‍ ഇരിക്കുന്ന ലക്ഷകണക്കിന് മനുഷ്യരില്‍ ഒരാള്‍ എന്ന നിലയില്‍ ഈ ജീവിതത്തെ കുറിച്ച് നല്ലതും ചീത്തയുമായി ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മനസിലാക്കി.


പലപ്പോഴും യഥാര്‍ത്ഥലോകത്ത് കിട്ടാത്ത എന്തൊക്കെയോ ഇ-ലോകത്ത് ലഭിക്കും എന്ന ഒരു ധാരണയാണ് ഓണ്‍ലൈന്‍ ജീവികളെ സൃഷ്ടിക്കുന്നത്. നാടിനെയും കാടിനേയും വര്‍ണ്ണിക്കുമ്പോള്‍ പലപ്പോഴും നമ്മുടെ ഭാവനയില്‍ നിന്ന് എടുത്തെഴുതേണ്ട ഒരു സ്ഥിതിവിശേഷമാണ് മിക്കസമയവും ഉണ്ടാകുന്നത്. ബ്ലോഗ്‌ എന്ന മാധ്യമത്തില്‍ കയ്യൊപ്പ് പതിപ്പിക്കാന്‍ വെറും എഴുത്ത് കൊണ്ട് മാത്രം കഴിയില്ല. ഞാന്‍ എഴുതുന്നു എന്ന് നാലാളോട് പറയാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പരിജ്ഞാനം വേണം. ചുമ്മാ സ്വന്തം ബ്ലോഗിന്റെ കാര്യം മാത്രം പറഞ്ഞാല്‍ ആരും നിങ്ങളെ ശ്രദ്ധിക്കണം എന്നില്ല. ബ്ലോഗിനപ്പുറം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ നിങ്ങളുടേതായ ഒരു വ്യക്തിത്വം ഉണ്ടാക്കുന്നതിനിടയില്‍ ബന്ധുക്കളും സുഹൃത്തുക്കളും അപരിചിതരുമായ ഒരു സമൂഹവുമായി ആശയവിനിമയം നടത്തേണ്ടതായി വരും. ഇത് കേവലം ഒരു ബ്ലോഗ്ഗറുടെ മാത്രം അവസ്ഥ അല്ല, മിക്കവാറും എല്ലാ തുറകളില്‍പ്പെട്ടവര്‍ക്കും ഇന്ന് ഇങ്ങനത്തെ ഓരോ വേഷങ്ങള്‍ കെട്ടിയാടെണ്ടി വരും.
ആരെങ്കിലും സംസാരിച്ചിലെങ്കിലോ കൂടുതല്‍ അടുപ്പം കാണിച്ചാലോ നിങ്ങള്‍ സംശയിക്കും. നിങ്ങളുടെ പ്രൊഫൈല്‍ അല്ലെങ്കില്‍ സോഷ്യല്‍ സൈറ്റില്‍ ലോഗ് ഇന്‍ ചെയ്താല്‍ അതില്‍ എന്തൊക്കെ പുതിയവ ഉണ്ടാകും എന്ന് ചിന്തിക്കും. ഇതാണ് സോഷ്യല്‍ ലോകം.





ചിലപ്പോഴൊക്കെ ഈ മായികലോകത്തോട്‌ വെറുപ്പ്‌ തോന്നിയിട്ടുണ്ട്‌. എനിക്ക് ചുറ്റും നടക്കുന്നതൊന്നും അറിയാതെ, ആളുകള്‍ കാണുമ്പോള്‍ ഫേസ്ബുക്കിനെയും ബ്ലോഗിനെയും പറ്റി മാത്രം എന്നോട് സംസാരിക്കുന്നു. ഒരുപാട് മടുക്കുമ്പോള്‍ ഞാന്‍ യാത്രകളില്‍ അഭയം തേടാറുണ്ട്. ഞാനും ഭൂമിയും മാത്രമായി സംസാരിച്ചു അങ്ങനെ കുറച്ചു മണിക്കൂറുകള്‍... അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌ ലോകത്തെ കുറിച്ച് അറിയാത്ത കൊച്ചു കുട്ടികളുമായി സംസാരിച്ചു ഇരിക്കും. കുട്ടികളുടെ ലോകം നമ്മുടെതിനെക്കാള്‍ വിശാലമാണ്, നിഷ്കളങ്കമാണ്. യാത്രകളില്‍ സൂര്യനെ നോക്കി പുഞ്ചിരിക്കാനും രശ്മികള്‍ എന്റെ കൈകളില്‍ പതിഞ്ഞു സ്വര്‍ണ്ണശോഭയോടെ തിളങ്ങുന്നത് നോക്കിയിരിക്കാനും ഞാന്‍ മറക്കാറില്ല.

ക്രിസ്തുമസ് അവധിയില്‍ വീട് നിറച്ചു ആളുകള്‍ ആയിരുന്നു. ഓണ്‍ലൈന്‍ ലോകത്തേക്ക് വരാന്‍ സമയം കിട്ടിയില്ല. എല്ലാവരും ഇന്നലെ സ്ഥലം വിട്ടപ്പോള്‍ ഞാന്‍ വീണ്ടും ഇ-ലോകത്തേക്ക് വന്നു. ഇനിയും യാത്രകള്‍ പോകണം, നാടുകള്‍ കാണണം. ഓണ്‍ലൈന്‍ ജീവിയെക്കാള്‍ എനിക്കിഷ്ടം ഓഫ്‌ലൈന്‍ മനുഷ്യനാകാനാണ്!



(ഈ വര്‍ഷത്തെ എന്‍റെ അവസാനത്തെ പോസ്റ്റ്‌ ആണ്. ബ്ലോഗ്‌ തുടങ്ങി ഒരു വര്‍ഷം പോലും ആകുന്നതിനു മുന്‍പേ ഇത്രയുമധികം പ്രോത്സാഹനം ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ല. ഇനിയും നിങ്ങളുടെ സ്നേഹവും സഹകരണവും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.)

15 comments:

  1. All the best Roopa.......wishes a very happy and prosperous new year to you.

    ReplyDelete
  2. പുതുവത്സരാശംസകള്‍

    ReplyDelete
  3. ഓണ്‍ലൈന്‍ ജീവിയെക്കാള്‍ എനിക്കിഷ്ടം ഓഫ്‌ലൈന്‍ മനുഷ്യനാകാനാണ്!

    നല്ലത്.

    ReplyDelete
    Replies
    1. ഈ വാക്കുകള്‍ക്ക് ഒരായിരം നന്ദി

      Delete
  4. ഇനി നിന്റെ ജീവിതത്തില്‍ ഞാനില്ല ....
    പോവുകയാണ് ...ഇനിയൊരു മടക്കമില്ല ,
    എനിക്കറിയില്ല ,നിനക്കതില്‍ ദുഖമോ ,സന്തോഷമോ എന്ന് .....
    എപ്പോഴും നിന്നോടൊപ്പമായിരുന്നു ഞാന്‍ ,
    എന്നാല്‍ നീയോ....എന്നെ വിസ്മൃതിയിലേക്ക് തള്ളിവിടുമായിരുന്നു....
    നിന്നോടെനിക്ക് പരിഭവമില്ല.....പിണക്കവുമില്ല.

    പറന്നകന്ന പട്ടമായ്‌ ,
    പെയ്തു തീര്‍ന്ന മഴയായി
    ഇനിയില്ലാത്ത കുട്ടിക്കാലമായി
    ഇടവേളകളിലെ നൊമ്പരമായി

    ഇന്നലത്തെ പത്രത്തിന്റെ പ്രസക്തിയോടെ
    ഒരു യാത്ര....
    അതെ മടക്കമില്ലാതെ ഒരു യാത്ര...
    വിട പറയുകയാണ്‌ ....
    ഒരുപ്പാട് സ്നേഹത്തോടെ
    നിന്റെ സ്വന്തം
    2012

    ReplyDelete
  5. ഓണ്‍ ലൈനോ ഓഫ് ലൈനോ...!!

    ഹാപ്പി ന്യൂ ഇയര്‍ മാത്രം പറയട്ടെ

    ReplyDelete
    Replies
    1. ഈ വാക്കുകള്‍ക്ക് നന്ദി

      Delete
  6. സന്തോഷത്തിന്റെയും സമൃദ്‌ധിയുടെയും പുതുവത്സരാശംസകൾ.
    മാതൃഭാഷയിൽ ഒരു നല്ല ബ്ലോഗും കൂടി കണ്ടതിൽ സന്തോഷം. ‘വില്ലേജ് ഗേൾ’ൽ കൊടുത്തിരുന്ന ലിങ്കിൽ നിന്നുമാണ്‌ ഇവിടെയെത്തിയത്.

    ReplyDelete
    Replies
    1. ഇവിടെ വരെ വന്നതിനു നന്ദി. ഇനിയും ഈ വഴി പ്രതീക്ഷിക്കുന്നു.

      Delete
  7. ലോകം സൈബറിലേക്ക് ചുരുങ്ങുന്നത് കണ്ടിട്ടുള്ള മറ്റൊരു രോദനം... ആശംസകള്‍... ഒപ്പം പുതുവല്‍സര ആശംസകളും

    ReplyDelete
  8. പുതുവത്സരാശംസകള്‍
    roopz നന്നായി എഴുതി .:-)

    ReplyDelete