7.1.13

നിലമ്പൂര്‍ പാട്ടുത്സവം: ഒരു ഓര്‍മ്മകുറിപ്പ്

പത്തു വര്‍ഷം മുന്‍പു ആ ഗ്രാമത്തില്‍ നിന്ന് തൊട്ടടുത്തുള്ള നാട്ടിലേക്ക് ഞങ്ങളുടെ കുടുംബം പറിച്ചു നട്ടുവെങ്കിലും എല്ലാ കൊല്ലത്തെയും പോലെ എന്റെ മനസ്സ് ഇന്ന് ആ അമ്പലപറമ്പിലാണ്. ഇന്നാണ് നിലമ്പൂര്‍ വലിയ കളംപാട്ട്. എന്‍റെ ബാല്യകാലത്തെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ സമ്മാനിച്ച ദിവസങ്ങള്‍ വര്‍ഷം തോറും നടന്നു വരുന്ന ഒരാഴ്ച നീളുന്ന കളംപാട്ടാണ്.

നിലമ്പൂര്‍ കോവിലകത്തിന്റെ കുടുംബക്ഷേത്രമായ വേട്ടെക്കൊരുമകന്റെ അമ്പലത്തിലാണ് കളംപാട്ടെന്ന ഉത്സവം നടക്കുന്നതെങ്കിലും നാട് മുഴുവന്‍ ഈ ആഘോഷത്തില്‍ പങ്കു ചേരും. ഇന്നത്തെ കമ്മ്യൂണിസം പറയുന്ന പോലെ ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണം എന്ന തത്വം പഴയകാലം തൊട്ടേ ഈ പാട്ടുല്‍സവത്തില്‍ സര്‍വാണി സദ്യ എന്ന പേരില്‍ നടത്തി പോരുന്നു. കളംപാട്ടിനു മുന്നോടിയായി കൊടിമരം നാട്ടുന്നതിനുള്ള മുള ആദിവാസികള്‍ കൊണ്ട് വരുന്നു. ഏഴു ദിവസം നീളുന്ന പാട്ടുത്സവം തീരുന്നത് വരെ അമ്പലത്തിനു മുന്‍പില്‍ അവര്‍ കുടില്‍ കെട്ടി താമസിക്കുന്നു. വലിയ കളംപാട്ടിന്റെ ദിവസം സദ്യ കഴിഞ്ഞു ഇവര്‍ക്ക് തിരിച്ചു കാട്ടിലേക്ക് പോകുമ്പോള്‍ അടുത്ത വര്‍ഷം വരെ പട്ടിണി കൂടാതെ ഭക്ഷിക്കാനുള്ള ചോറ് ഇവിടുന്നു നല്‍കുന്നു. ഒടുവില്‍ "ആഹാരം മതിമതിയെ" എന്ന് പറഞ്ഞു നിറഞ്ഞ മനസ്സോടെ അവര്‍ കാട്ടിലേക്ക് മടങ്ങുന്നു. ഐതിഹ്യപ്രകാരം വേട്ടെക്കൊരുമകനെ നമ്പോല കോട്ടയില്‍ നിന്ന് നിലമ്പൂരെക്ക് ക്ഷണിച്ച കോവിലകത്തെ തമ്പുരാന് മുന്‍പില്‍ ദേവന്‍ ഒരു നിബന്ധന വച്ചത്  കാട്ടിലെ തന്‍റെ  മക്കള്‍ക്ക്‌ എല്ലാ വര്‍ഷവും ഒരു ദിവസം വയറു നിറയെ ഭക്ഷണം നല്‍കണം എന്നയിരുന്നെത്രേ! കാട്ടിലേയും നാട്ടിലെയും മക്കള്‍ ഒരുമിച്ചിരുന്നു ഭക്ഷിക്കുന്ന കാഴ്ചയാണ് ഇന്നത്തെ സര്‍വാണി സദ്യയില്‍ കാണാന്‍ കഴിയുന്നത്.


കോവിലകത്തിന്റെ പരിസരത്തുള്ള ഒരു കൊച്ചു വാടകവീട്ടിലാണ് ഞാനും എന്റെ കുടുംബവും നിലമ്പൂര്‍ എന്ന നാട്ടില്‍ ആദ്യം താമസിച്ചത്. പാട്ടുത്സവം തുടങ്ങുമ്പോള്‍ ദൂരെ ദേശങ്ങളില്‍ താമസിക്കുന്ന അംഗങ്ങള്‍ കോവിലകങ്ങളിലേക്ക് എത്തുകയും ഒരാഴ്ചക്ക് ശേഷം ആ മണിമാളികകള്‍ വീണ്ടും ശൂന്യമാവുകയും ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ച ആണ്. തൃശൂരിലെയും വള്ളുവനാടിലെയും പോലെ ഉത്സവങ്ങള്‍ ആനകളുടെ എണ്ണം നോക്കി കേമത്തം നിശ്ചയിക്കുന്ന സമ്പ്രദായം മലബാറിലും ഏറനാടിലും ഇല്ലാത്തതുകൊണ്ട് നിലമ്പൂര്‍ പാട്ടിനു ഒരു ആന മാത്രമേ ഉണ്ടാകാറുള്ളൂ. ആനക്ക് ഏഴു ദിവസവും വൈകുന്നേരം ചോറ് കൊടുക്കുന്നത് ഞങ്ങള്‍ താമസിച്ചിരുന്ന വീടിനു മുന്‍പിലെ അഗ്രശാലക്ക് സമീപമാണ്. പാപ്പാന്മാര്‍ ഉരുളിയിലെ ചോറ് വലിയ ഉരുളകളാക്കി ആനവായില്‍ വച്ച് കൊടുക്കുന്നത് കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ നോക്കി നിന്നിടുണ്ട്. രാവിലെ നട തുറക്കുമ്പോഴും ഓരോ പൂജ ആരംഭിക്കുമ്പോഴും കഴിയുമ്പോഴും ക്ഷേത്രത്തില്‍ ഈ ദിവസങ്ങളില്‍ കതിന വെടി പൊട്ടിക്കാറുണ്ട്. അന്നും ഇന്നും വെടിയൊച്ച എന്നെ ഞെട്ടിക്കാറുണ്ട് എന്ന സത്യം ഞാന്‍ മറച്ചു വക്കുന്നില്ല.

കളംപാട്ടിന്‍റെ വന്യമായ സൗന്ദര്യവും തീക്ഷ്ണതയും രാത്രിയാണ്‌ ദൃശ്യമാകുന്നത്. പഞ്ചവര്‍ണ്ണപൊടികള്‍ കയ്യിലെടുത്ത് ചുരികയും അമ്പും കയ്യിലേന്തിയ വേട്ടെക്കരന്റെ മനോഹരമായ കളം വരയ്ക്കുന്ന കുറുപ്പന്മാരെ ഞാന്‍ മനസ്സുകൊണ്ട് എപ്പോഴും നമിക്കാറുണ്ട്. പതിഞ്ഞ താളത്തില്‍ കൊട്ടുന്ന ചെണ്ടയുടെ ശബ്ദത്തില്‍ ചുവന്ന പട്ടും ചിലമ്പും അണിഞ്ഞ വെളിച്ചപാട് (കോമരം) കളം മായ്ക്കുന്നതോടെ ഒരു ദിവസത്തെ ചടങ്ങുകള്‍ അവസാനിക്കും. സാധാരണ ചടങ്ങുകള്‍ക്ക് പുറമേ ചിലദിവസങ്ങളില്‍ തായമ്പകയും പഞ്ചവാദ്യവും പന്തീരായിരം നാളികേരമേറും നടക്കാറുണ്ട്.  വെളിച്ചപ്പാട് ഒറ്റയിരിപ്പില്‍ പന്തീരായിരം നാളികേരമെറിയുന്നത് കാഴ്ചക്കാരില്‍ അത്ഭുതം ജനിപ്പിക്കും.


ക്ഷേത്രത്തിനു പുറത്ത് നഗരവും പാട്ടുത്സവം ആഘോഷിക്കും. നിലമ്പൂര്‍ പാട്ട് എന്നാല്‍ പണ്ട് ഞങ്ങള്‍ക്ക് ബലൂണും പൊരിയും വളയും മാലയും വാങ്ങാനുള്ള കാലമാണ്. ആദ്യമൊക്കെ നിലമ്പൂരിലെ കോവിലകം റോഡ്‌ എന്ന ചെറിയ സ്ഥലത്ത് ഒതുങ്ങി നിന്ന വഴിവാണിഭം ഇന്ന് നഗരത്തില്‍ മുഴുവനായും വ്യാപിച്ചു. മരണക്കിണറിന്റെ ഭീകരതയും യന്ത്ര ഊഞ്ഞാലിന്റെ വലിപ്പവും കണ്ടു ആദ്യമായി ഞാന്‍ അത്ഭുതപ്പെട്ടത് "പാട്ടങ്ങാടിയില്‍" വച്ചാണ്.


ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്കുള്ള നിലമ്പൂരിന്റെ വളര്‍ച്ചയ്ക്കിടയില്‍ പാട്ടുല്സവതിന്റെയും മുഖം മിനുക്കപ്പെട്ടു. ഷോപ്പിംഗ്‌ ഫെസ്റ്റിവലും സാംസ്‌കാരിക സമ്മേളനവും കലസന്ധ്യകളുമായി ഒരു മാസത്തിലധികം നീണ്ടു നില്‍കുന്ന ആഘോഷങ്ങളില്‍ നഗരം ആറാടുമ്പോള്‍ ജാതിമതഭേദമന്യേ എല്ലാ ജനങ്ങളും അതില്‍ പങ്കു കൊള്ളുന്നു. നിലമ്പൂര്‍ പാട്ടുത്സവദൃശ്യങ്ങള്‍ ലോക്കല്‍ ചാനലില്‍ മാത്രം കണ്ടു കൊണ്ട് ഞാനും പഴയ ഓര്‍മ്മകളിലേക്ക് ഒന്നുകൂടെ ഇറങ്ങി ചെല്ലട്ടെ! എല്ലാ നിലമ്പൂര്‍ നിവാസികള്‍ക്കും എന്റെ പാട്ടുല്‍സവശംസകള്‍...

20 comments:

 1. നിലമ്പൂർ പാട്ടെന്നത് കുഞ്ഞുന്നാള് തൊട്ടേ ഒരു അഘോഷമാണ്, എന്റെ വീടിന്റെ അടുത്തുള്ള പെരുമുണ്ടശ്ശേരി പൂരംഉത്സവമാണ് അതു കഴിഞാൽ വലിയ മറ്റൊരു ഇത്സവം ,
  ആദ്യമൊക്കെ വല്ല്യ ആളുകൾ പോയി കൊണ്ടു വരുന്ന പലഹാരങ്ങളായിരുന്നു സന്തോഷം , പിന്നെ എല്ലാരേയും കൂടേ പോകാനയപ്പോൾ വല്ല്യ രസംതന്നെആയിരുന്നു,

  ഇന്ന് അത് മാറി വലിയ ആരവങ്ങൾ ആയി എങ്കിലും ഒട്ടും മാറ്റു കുറഞ്ഞിട്ടില്ല ,
  പ്രാവാസി ആയതിൽ പിന്നെ മൂന്ന് വർഷം എത്താൻ കഴിഞ്ഞില്ല, വല്ല്യ നഷ്ടം

  നല്ല പോസ്റ്റ്
  വരട്ടെ ഇനിയും നാടിന്റെ നല്ല പോസ്റ്റുകൾ..........

  ReplyDelete
  Replies
  1. പ്രിയനിമിഷങ്ങള്‍ നഷ്ടപ്പെടുമ്പോഴാണ് നാം ഓര്‍മ്മകളിലൂടെ ജീവിക്കുന്നത്. നന്ദി ഷാജു

   Delete
 2. വായിച്ചു വന്നപ്പോ, ഈ വായനയിലൂടെ എന്റെ മനസ്സില്‍ ഉറങ്ങുന്ന ഒരല്പം ഗൃഹാതുരത്വ സ്മരണകളെ തട്ടിയുനര്താം എന്നാണു കരുതിയത്‌

  അപ്പൊ ദേ, കെടക്കണ്, മ്മടെ നാടിനിട്ട് ഒരു തട്ട്...
  "തൃശൂരിലെയും വള്ളുവനാടിലെയും പോലെ ഉത്സവങ്ങള്‍ ആനകളുടെ എണ്ണം നോക്കി കേമത്തം നിശ്ചയിക്കുന്ന സമ്പ്രദായം മലബാറിലും ഏറനാടിലും ഇല്ലാത്തതുകൊണ്ട്"

  അല്ല അതെന്താപ്പോ ആനേനെ എണ്ണി കേമത്തം പറഞ്ഞാല് ??? ങേ ങേ ങേ ??? അസൂയ അസൂയ :)

  അസൂയിച്ചിട്ടു കാര്യല്ല, ആയിനോക്കെ തോനെ കായി ഇറക്കണം ചെല്ലക്കിളീ

  എന്താ കുട്ട്യേ ഇങ്ങ ളോട് അയിനും മാത്രം വല്യ ചെയ്തു മ്പടെ തൃശൂര്‍ ചെയ്തത്... ആന മ്മടെ പഞ്ചായത്ത് മൃഗമല്ലേ, അയിനീം മ്മളീം മ്മടെ നാടിനീം ഇങ്ങനെ ഇട്ടു തോണ്ടണത് മ്മക്കത്ര ഇഷ്ടള്ള കാര്യോന്നോല്ലാ ട്ടാ

  ReplyDelete
  Replies
  1. ഒന്ന് ക്ഷമികെന്റിഷ്ടാ!

   Delete
 3. പാട്ടും പാട്ടുത്സവവും നമുക്ക് മറക്കാന്‍ കഴിയുന്ന ഒന്നല്ല ജ്യോതി പടിയിലെ തിരക്കും സര്‍ക്കസ് കൂടാരങ്ങളും ചക്കര മിട്ടായിയും പൊരിയും ഹലുവയും യന്ത്ര ഊഞ്ഞാലും എല്ലാം ഒരനുഭവം തന്നെ

  ReplyDelete
  Replies
  1. സത്യം...ഓര്‍മ്മകള്‍ മനോഹരം അല്ലെ!

   Delete
 4. പാലാക്കാരായ ഞങ്ങളൊക്കെ കേട്ടിട്ടുപോലുമുണ്ടാവില്ല ഈ പാട്ടുത്സവം

  ReplyDelete
  Replies
  1. ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതും ഞങ്ങളുടെ നാടിനെ കുറിച്ച് എല്ലാവരും അറിയാനല്ലേ!

   Delete
 5. ഒരു കുഞ്ഞു ഡൌട്ട് വന്നു ഇടയ്ക്ക്.... "വലിയ കളംപാട്ടിന്റെ ദിവസം സദ്യ കഴിഞ്ഞു ഇവര്‍ക്ക് തിരിച്ചു കാട്ടിലേക്ക് പോകുമ്പോള്‍ അടുത്ത വര്‍ഷം വരെ പട്ടിണി കൂടാതെ ഭക്ഷിക്കാനുള്ള ചോറ് ഇവിടുന്നു നല്‍കുന്നു" ഒരു വര്ഷം വരെ വിഷക്കതെ ഇരിക്കാന്‍ ഉള്ള ചോര്‍ നല്‍കുമോ അതോ അരിയാണോ നല്‍കുന്നത്? ഈ ചോദ്യം ഉടലെടുത്ത നിമിഷം അടുത്ത ലൈന്‍ വായിച്ചു അപ്പോള്‍ വീണ്ടും ഡൌട്ട് വന്നു.

  "ഐതിഹ്യപ്രകാരം വേട്ടെക്കൊരുമകനെ നമ്പോല കോട്ടയില്‍ നിന്ന് നിലമ്പൂരെക്ക് ക്ഷണിച്ച കോവിലകത്തെ തമ്പുരാന് മുന്‍പില്‍ ദേവന്‍ ഒരു നിബന്ധന വച്ചത് കാട്ടിലെ തന്‍റെ മക്കള്‍ക്ക്‌ എല്ലാ വര്‍ഷവും ഒരു ദിവസം വയറു നിറയെ ഭക്ഷണം നല്‍കണം എന്നയിരുന്നെത്രേ!" ഈ സ്ഥലം വായിച്ചപ്പോള്‍ വന്ന ഡൌട്ട് വയര്‍ നിറയെ കഴിക്കുന്ന ദിവസം ആണോ അതോ വര്ഷം മുഴുവന്‍ വയര്‍ നിറക്കാന്‍ സഹായിക്കുമോ??? എന്തായാലും സംഭവം എനിക്ക് ഒരുപാട് അറിവുകള്‍ നല്‍കി...

  ReplyDelete
  Replies
  1. അമ്പലത്തില്‍ നിന്നും ലഭിക്കുന്ന ചോറ് അന്നൊക്കെ ഉണക്കി സൂക്ഷിച്ചു വീണ്ടും ഉപയോഗിക്കുമായിരുന്നു. അങ്ങനെ സൂക്ഷിച്ചാല്‍ വര്‍ഷം മുഴുവന്‍ പട്ടിണി കൂടാതെ കഴിയാം എന്നാണ് വിശ്വാസം. പിന്നീട് ഈ ചോറ് തന്നെ ഉപയോഗിക്കും എന്നര്‍ത്ഥം ഇല്ല.സംശയം വന്നെങ്കില്‍ ഞാന്‍ തിരുത്താം!

   Delete
 6. അതുവഴി പോയപ്പോള്‍ പാട്ടുത്സവത്തിന്‍റെ പോസ്റ്ററുകള്‍ എങ്ങും കണ്ടിരുന്നു.
  പഴയ ഓര്‍മ്മകളും പുതിയ വിശേഷങ്ങളും നന്നായി

  ReplyDelete
  Replies
  1. നന്ദി മന്‍സൂര്‍

   Delete
 7. പാട്ടുത്സവത്തിനെ പറ്റി പണ്ട് നിലമ്പൂരില്‍ നിന്നുള്ള കൂട്ടുകാരി പറഞ്ഞതോര്‍ക്കുന്നു. വീണ്ടും ഓര്‍മ്മപ്പെടുത്തിയതിനു നന്ദി രൂപാ...

  ReplyDelete
  Replies
  1. ഒരിക്കല്‍ പാട്ടു കാണാന്‍ നാട്ടിലേക്കു വരൂ മുബി...ഞാന്‍ ക്ഷണിക്കുന്നു

   Delete
 8. പാട്ടുത്സവത്തെ കുറിച്ച് ഞാനും ആദ്യമായി കേൾക്കുകയാണ്.
  വിഗ്നേഷ് പറഞ്ഞ സംശയം എനിക്കുമുണ്ടായി.

  ReplyDelete
  Replies
  1. വിഗ്നേഷിനു ഞാന്‍ കൊടുത്ത മറുപടി വായിച്ചു കാണുമല്ലോ!

   Delete
 9. ഞാനും കേട്ടിട്ടുണ്ടായിരുന്നില്ല

  ReplyDelete
  Replies
  1. പുതിയ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്...

   Delete
 10. വീണ്ടും ഒരു പാട്ടുൽസവ് കൂടി വരുന്നു. പഴയ പോലെ യന്ത്ര ഊഞ്ഞാലും മരണക്കിണറും ഇപ്പോഴത്തെ തലമുറയ്ക്ക് കൌതുകമേകുന്നില്ല. അരങ്ങു തകർക്കാൻ പോകുന്ന തൈക്കൂടം ബ്രിഡ്ജും മഞ്ജു വാര്യരെയും ഒക്കെ ആണ് അവർ ഉറ്റു നോക്കുന്നത്. പ്രമുഖ ടീമുകളുടെ പ്രൊഫഷണൽ നാടകങ്ങളും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. രൂപയെയും മറ്റെല്ലാവരെയും നിലമ്പൂരിലേക്ക് ക്ഷണിക്കുന്നു..

  ReplyDelete
 11. https://www.youtube.com/watch?v=cl16pGKKtRs ഈ വര്‍ഷത്തെ stage shows

  ReplyDelete