18.10.12

എന്‍റെ ഇല്ലത്തിന്‍റെ സ്വപ്നം


"ഓ കുട്ട്യാണോ?"... ക്യാമറയുമായി ഇല്ലത്ത് എത്തിയ എന്നെ കണ്ടു മുത്തശ്ശി പുഞ്ചിരിയോടെ ചോദിച്ചു. "ഈ കുട്ടീടെ ഒരു കാര്യം. മാറാലയല്ലാതെ ഇവടെ വേറൊന്നുല്യ." ഞാനും എന്റെ സഹോദരങ്ങളും മുത്തശ്ശി എന്ന് വിളിക്കുന്ന അച്ഛന്റെ ചെറിയമ്മ എന്നോട് സ്നേഹത്തോടെ പറഞ്ഞു. 'മാറാലകള്‍ക്കിടയില്‍ എനിക്ക് ഒരു പിടി ഓര്‍മ്മകള്‍ ഉണ്ട്. അവ തേടിയാണ് ഞാന്‍ ഇടയ്ക്കിടെ ഇങ്ങോട്ട് വരുന്നത്.' എന്ന് പറയാന്‍ തോന്നിയെങ്കിലും ഒരു ചിരിയോടെ ഞാന്‍ ഇല്ലത്തിന്റെ അകത്തളത്തിലേക്ക് നടന്നു.

ഓര്‍മ്മകളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. മനുഷ്യജന്മം അല്ലെങ്കില്‍ കൂടി എന്റെ ഇല്ലവും ഒരുപാടു മധുരസ്മരണകള്‍ അയവിറക്കിയാവും ഓരോ ദിനങ്ങളും തള്ളി നീക്കുന്നത്. നാലുകെട്ടും പൂമുഖവും അഗ്രശാലയും വേട്ടെക്കൊരുമകന്റെ ശ്രീകോവിലും കുളപ്പുരയോടു കൂടിയ കുളവും വയലും അമ്പലവും കാവും എല്ലാമുള്ള പ്രതാപകാലത്തിന്റെ അവശേഷിപ്പായി എന്റെ ഇല്ലം ആള്‍താമസം ഇല്ലെങ്കിലും തല ഉയര്‍ത്തി പ്രൗഡിയോട് കൂടി തന്നെ ഇന്നും നിലനില്‍ക്കുന്നു. രാവിലെയും സന്ധ്യക്കും വേട്ടെക്കരനെ തൊഴാന്‍ കുടുംബാംഗങ്ങള്‍ എത്താറുണ്ട് എന്നതൊഴിച്ചാല്‍ പകല്‍ മുഴുവന്‍ മുത്തശ്ശി മാത്രമാണ് ആ വലിയ വീടിനു കൂട്ട്. രാത്രി ആയാല്‍ മുത്തശ്ശിയും മകന്റെ വീട്ടിലേക്കു മടങ്ങും. 


ഇല്ലത്തിന്റെ ഏകാന്തതയ്ക്ക് ആരെയും കുറ്റപ്പെടുത്താനൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാവര്‍ക്കും അവരവരുടേതായ ലോകം, കുടുംബം, പ്രാരാബ്ദങ്ങള്‍... ഇടയ്ക്കെപ്പോഴോ ഞാന്‍ ആസ്വദിച്ച എന്റെ കുട്ടികാലത്തിനു നിറം പകര്‍ന്നത് ഈ ഇല്ലമാണ്, ഇവിടുത്തെ മനോഹരമായ നിമിഷങ്ങള്‍ ആണ്. ഞാനും എന്റെ മാതാപിതാക്കളും ഇവിടെ താമസിച്ചിട്ടിലെങ്കില്‍ കൂടെ ആഘോഷങ്ങള്‍ക്കും മറ്റും എല്ലാവരും ഒത്തു കൂടുന്ന ഒരു സ്ഥലമാണ്‌ ഈ വീട്. 

ഓണത്തിനും വിഷുവിനും അപ്പുറം ഇല്ലത്ത് പ്രത്യേകമായി ആഘോഷിക്കുന്നത് തിരുവാതിരയും കളംപാട്ടുമാണ്. പാതിരാ വരെ നീളുന്ന കൈകൊട്ടികളിയും പാതിരപൂ ചൂടലും കുളത്തിലെ തുടിച്ചു കുളിയും ഊഞ്ഞാലാട്ടവുമായി തിരുവാതിര ഒരു രസം തന്നെ ആയിരുന്നു. ഇരുട്ടില്‍ വിളക്കിന്റെ ചെറുവെളിച്ചത്തില്‍ അഞ്ചു വര്‍ണങ്ങള്‍ കൊണ്ടെഴുതിയ ദേവന്മാരുടെയും കാളിയുടെയും കളങ്ങളും ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടും ഞെട്ടി വിറപ്പിക്കുന്ന കതിനവെടികളും കളിചിരികള്‍ നിറഞ്ഞ പകലും കളംപാട്ടിനെ കുട്ടികളായ ഞങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ടതാക്കി.

ഞങ്ങള്‍ ക്രിക്കറ്റ്‌ കളിച്ചിരുന്ന പൂമുഖവും നീന്തി തുടിച്ചിരുന്ന കുളവും ഇന്ന് നിശബ്ദമായി കിടക്കുന്നു. വാഗ്മിയായിരുന്ന മുത്തപ്ഫന്റെ (അച്ഛന്റെ ചെറിയച്ചന്‍) പുസ്തകശേഖരങ്ങള്‍ അദ്ദേഹത്തിന്റെ മരണശേഷം മുറിയില്‍ പൊടി പിടിച്ചും ചിതലരിച്ചും ഇരിക്കുന്നു. ഒരുപാട് ആളുകള്‍ക്ക് ഭക്ഷണം പാകം ചെയ്ത അവിടുത്തെ അടുപ്പ് ഇന്ന് ദേവന് നിവേദ്യം വയ്ക്കാന്‍ മാത്രമായി കത്തിക്കുന്നു. കിണറിലെ വെള്ളം തീര്‍ത്ഥത്തിനായി മാത്രം ഉപയോഗിക്കുന്നു. ഇന്ന് ഇല്ലം പൂജകള്‍ക്കും ശ്രാദ്ധങ്ങള്‍ക്കും അപൂര്‍വമായി മറ്റു വിശേഷങ്ങള്‍ക്കും മാത്രമുള്ള ഒരു വേദി മാത്രമായി മാറിയിരിക്കുന്നു.

ചിത്രങ്ങള്‍ എടുത്തു മടങ്ങുമ്പോള്‍ "കുറച്ച് നേരം കഴിഞ്ഞു പോകാം കുട്ടി. എനിക്ക് ആരുടെയെങ്കിലും ശബ്ദം കേള്‍ക്കാന്‍ കൊതിയാകുന്നത് കൊണ്ടാണ്" എന്ന് ആരോ പറയുന്ന പോലെ തോന്നി. തിരിച്ച് നടക്കുന്നതിനിടയില്‍ പിന്നിലേക്ക്‌ നോക്കിയപ്പോള്‍ ഇല്ലത്തിനു കൂട്ടായി എന്നും തണല്‍ വിരിച്ചിട്ടുള്ള ആല്‍മരത്തിനപ്പുറം മറ്റൊരു സുവര്‍ണ്ണഭാവിയെയും കിനാകണ്ട്‌ കഴിയുന്ന എന്റെ ഇല്ലം നിശബ്ദയായി ഉറങ്ങുന്ന കാഴ്ചയാണ് കണ്ടത്. വേണ്ട, ആ സ്വപ്നം അങ്ങനെ തന്നെ നില്‍ക്കട്ടെ. ഉണര്‍ത്തി വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാന്‍ പതുക്കെ എന്റെ യാത്ര തുടര്‍ന്നു...
(അവസാനത്തെ ചിത്രത്തിന് കടപ്പാട് എന്റെ സഹോദരന്‍ ശരത്തിനോട്. മലയാളത്തില്‍ ഒന്നും എഴുതാന്‍ കഴിയില്ലെന്ന് വിലപിച്ച എനിക്ക് ഇത് എഴുതാന്‍ സഹായിച്ചത് ഒരു സഹബ്ലോഗറുടെ വീടിനെ കുറിച്ചുള്ള സ്മരണകള്‍ വായിച്ചിട്ടാണ്. നന്ദി അനാമിക.)

38 comments:

  1. പഴയ കാല ഓര്‍മ്മകള്‍ എന്നും വളരെ മനോഹരം ആണ്....ഇനി പോകുമ്പോള്‍ ഈ ഇല്ലം ഉണ്ടാകുമോ എന്തോ? പുത്തന്‍ ബംഗ്ലാവുകള്‍ തേടിയുള്ള യാത്രയില്‍ പോളിച്ചടക്കപ്പെടുന്ന ചില നല്ല ഓര്‍മ്മകള്‍ മാത്രം ആകുന്നു ...

    ReplyDelete
    Replies
    1. താങ്കള്‍ പറഞ്ഞത് സത്യമാണ് ആചാര്യന്‍

      Delete
  2. ക്യാമറെയും കൊണ്ട് അവിടം വരേ പോയിട്ട് ആ ചിത്രങ്ങളെവിടെ?
    ആയിരം വരികളേക്കാള് പറയാനുണ്ടാവും ആ ഓരോ ചിത്രങ്ങൾക്കും.

    ReplyDelete
    Replies
    1. ഞാന്‍ അവിടെ ഇടയ്ക്കിടയ്ക്ക് പോകാറുണ്ട്. അതിലെ ചില ചിത്രങ്ങള്‍ ആണ് പോസ്റ്റില്‍ ഉള്ളത്.

      Delete
  3. ഓർമകൾ അങ്ങനെ മാറലയിലും കരിയിലും ഒക്കെ നമുക്ക് ഉണ്ട് പക്ഷെ വരും തലമുറക്ക് എന്തുണ്ട്,
    നല്ല എഴുത്ത്

    ReplyDelete
    Replies
    1. നന്ദി ഷാജു അത്താണിക്കല്‍. അവര്‍ക്കും അവരുടെതായ സ്വപ്‌നങ്ങള്‍ ഉണ്ടാകും എന്ന് നമുക്ക് പ്രത്യാശിക്കാം

      Delete
  4. ഷബാസ് അമന്റെ ഒരു ഗസല്‍ ഓര്‍മ്മയില്‍ വന്നു

    മടങ്ങിയെത്തുമ്പോള്‍ ..
    മറവി തന്‍ തീരത്താരോ കൊളുത്തി
    വച്ചോരീ മണ്‍ചെരാതുകള്‍
    വലിയൊരു വിങ്ങലോടെതിരേറ്റു പൂമുഖം
    അരിയ വിഷാദങ്ങള്‍ അലതല്ലിടെ മുന്‍പില്‍
    ഒരു ചിറ കെട്ടിയോ മൌനം..
    പടു ചെടികള്‍ക്കിടയില്‍
    നിന്നൊരു കാട്ട്ചെമ്പകം
    മധുര സൌഗന്ധികം ചൊരിഞ്ഞു..
    ഹൃദയത്തില്‍ ആ നല്ല കാലങ്ങള്‍ പിന്നെയും
    മുറിവേറ്റ മാനായ്‌ പിടഞ്ഞു.....

    ഓര്‍മ്മകളില്‍ നനവ്‌ വീഴ്ത്തിയ രചന

    ReplyDelete
    Replies
    1. നന്ദി നിസാരന്‍ ..

      Delete
  5. ഇല്ലം നല്ലവണ്ണം സൂഷിച്ചു ഒരു ഹേറിടെജ് ഹോട്ടല്‍ ആകൂ. ഇല്ലവും നില നില്‍ക്കും, കാശും കിട്ടും.
    നാട്ടിന്‍റെ നന്മകള്‍ വിറ്റ് കാശക്കുന്നോഡാ എന്ന് ചോദിച്ചു എന്നെ ക്രൂശിക്കല്ലേ.. ഇല്ലം നിലനില്‍ക്കാന്‍ ഒരു ഉപായം പറഞ്ഞു എന്നെ ഉള്ളോ.

    ReplyDelete
    Replies
    1. അങ്ങനെ ഹോട്ടല്‍ ആക്കി നശിപ്പിക്കുന്നതിലും ഭേദം മാറാല മൂടി കിടക്കുന്നതല്ലേ! എന്തായാലും അഭിപ്രായത്തിനു നന്ദി.

      Delete
    2. മുംബയിലെ താജ്‌ ഹോട്ടല്‍ ഒന്ന് സന്ദര്‍ശിച്ചു നോക്കൂ, എങ്ങിനെയാണ്‌ പഴമയെ സംരക്ഷിക്കുന്നത് എന്ന് കാണാം.

      Delete
    3. ധാരാളം കേട്ടിടുണ്ട് അതിനെ കുറിച്ച്....

      Delete
  6. സന്തോഷം രൂപ... ഇതുപോലെ ഒരു പോസ്റ്റ്‌ സമ്മാനിച്ചതിന്. പഴമയുടെ അവശിഷ്ടങ്ങള്‍ സംരക്ഷിക്കൂ കഴിയുമെങ്കില്‍ . വീടിനു വേണ്ടി ഒന്നും ചെയ്തില്ല എന്നൊരു വേദന പിന്നീട് ഉണ്ടാകരുത് . സ്വന്തം അനുഭവത്തില്‍ നിന്നുള്ളത് ആയതുകൊണ്ടാകും എഴുത്ത് നന്നായിടുണ്ട് .രൂപയുടെ ഏറ്റവും ഇഷ്ടമായ പോസ്റ്റ്‌ .

    ReplyDelete
  7. നല്ല പോസ്റ്റ്

    ഫോട്ടോയില്‍ കാണുന്ന ഇല്ലം സംരക്ഷിക്കുന്നതിന് വന്‍ചെലവ് വേണ്ടിവരുമല്ലോ.

    ReplyDelete
    Replies
    1. വരും...നല്ല ചെലവ്. നന്ദി അജിത്തെട്ടാ

      Delete
  8. ****നൊസ്ടാള്‍ജിയ*****

    കാത്തു സൂക്ഷിക്കൂ.....നഷ്ടപ്പെടുത്തരുത്....!!!!!!!!

    ReplyDelete
    Replies
    1. പരമാവധി ഞാന്‍ ശ്രമിക്കാം. നന്ദി ലിബിന്‍

      Delete
  9. ഇല്ലത്തിന്റെ ഏകാന്തതയ്ക്ക് ആരെയും കുറ്റപ്പെടുത്താനൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാവര്‍ക്കും അവരവരുടേതായ ലോകം, കുടുംബം, പ്രാരാബ്ദങ്ങള്‍... ഇടയ്ക്കെപ്പോഴോ ഞാന്‍ ആസ്വദിച്ച എന്റെ കുട്ടികാലത്തിനു നിറം പകര്‍ന്നത് ഈ ഇല്ലമാണ്, ഇവിടുത്തെ മനോഹരമായ നിമിഷങ്ങള്‍ ആണ്. ഞാനും എന്റെ മാതാപിതാക്കളും ഇവിടെ താമസിച്ചിട്ടിലെങ്കില്‍ കൂടെ ആഘോഷങ്ങള്‍ക്കും മറ്റും എല്ലാവരും ഒത്തു കൂടുന്ന ഒരു സ്ഥലമാണ്‌ ഈ വീട്.

    നല്ലതായിട്ടുണ്ട് ട്ടോ നിന്റെ സ്മരണകൾ. മറ്റാരുടേതിൽ നിന്ന് പ്രചോദനമുണ്ടായതായാലും നീ നിന്റെ ഇല്ലത്തെക്കുറിച്ചല്ലേ എഴുതീക്കുന്നത്. വളരെ ഗൃഹാതുരതയോടെ കാര്യങ്ങളെല്ലാം വിശദീകരിച്ചു. ഇഷ്ടമായി ട്ടോ. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി മണ്ടൂസന്‍

      Delete
  10. നാലുകെട്ടുകള്‍ അടുക്കി വെച്ച് നാല് നിലകളാക്കുന്ന കാലമാണ് ... ഓര്‍മ്മകളെങ്കിലും മരിക്കാതിരിക്കട്ടെ ...

    ReplyDelete
    Replies
    1. സത്യം...നന്ദി ഈ വാക്കുകള്‍ക്ക്

      Delete
  11. നമുക്കിതു കാണാനൊക്കെ ഭാഗ്യമുണ്ടായി. അടുത്ത തലമുറയ്ക്കോ

    ReplyDelete
  12. ഇത് വായിച്ചതിനുശേഷം പഴയകാല ഓര്‍മകളിലേയ്ക്ക് തിരിച്ചു പോവില്ല എന്ന് ശാഠൃം പിടിച്ചിരിയ്ക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല .. നന്നായിട്ടുണ്ട് .. ഇനിയും എഴുതൂ .. :)

    ReplyDelete
  13. നന്നായിട്ടുണ്ട്...... ഇനിയും എഴുതുക....

    ReplyDelete
    Replies
    1. ഈ ആശംസകള്‍ക്ക് നന്ദി...

      Delete
  14. Normally i dnt read blogs .. ingine facebookil link kandappol vayichathu aanu .. nannayittundu .. oru vattam koodi en ormakal meyunna thirumuttathethuvan moham enna pattau aanu enikku orma verunnathu ..

    ReplyDelete
  15. ഓര്‍മ്മകളുടെ ഇല്ലം കൊള്ളാലോ..

    ReplyDelete
    Replies
    1. നന്ദി കണ്ണൂരാന്‍

      Delete
  16. കഴിയുമെങ്കില്‍ കാത്തു സൂക്ഷിക്കുക....
    നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടാറില്ലല്ലോ രൂപാ

    ReplyDelete
    Replies
    1. നന്ദി മുബി. താങ്കള്‍ പറഞ്ഞത് വളരെ സത്യമാണ്

      Delete
  17. നല്ല വിവരണം. ഇല്ലത്തോ, പഴയ വലിയ തറവാട്‌ വീടുകളിലോ ഒന്നും തന്നെ താമസിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നാട്ടിന്‍പുറത്ത്‌ വളര്‍ന്ന എന്നെ പോലുള്ളവര്‍ക്കും ഇത്തരം വിവരണങ്ങള്‍ എന്നും ഗതകാലസ്മരണകള്‍ ഉളവാക്കുന്നത്‌ തന്നെയാണ്‌. കുറച്ച്‌ നേരത്തേക്കാണെങ്കിലും ഞങ്ങളും ആ ഇല്ലത്തെ ഒരു അംഗമായി മാറി, വേദനയോടെ നഷ്ടങ്ങളെ ഓര്‍ക്കുന്ന ഒരു അംഗം ! ഭാവുകങ്ങള്‍ നേരുന്നു !

    ReplyDelete
  18. ഒരു നാട്ടുമ്പുറത്ത്‌ ജീവിയ്ക്കുന്ന എനിയ്ക്ക്‌ തന്നെ വിഷമം തോന്നിപ്പോയി..

    ReplyDelete