24.8.12

എങ്ങനെയുണ്ട് എന്‍റെ പൂക്കളം?


സാധാരണ രാവിലെ അമ്മ വിളിച്ചാല്‍ എണീക്കാതെ തിരിഞ്ഞു കിടക്കുകയാണ് എന്‍റെ പതിവ്. രാവിലെ നേരത്തെ എണീക്കുന്ന ശീലം ഈയിടെയായി മറന്നു തുടങ്ങിയതായിരുന്നു. എന്നാല്‍ അത്തം മുതല്‍ ഞാന്‍ നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ നേരത്തെ ഉണരാന്‍ തുടങ്ങിയിരിക്കുന്നു. എനിക്ക് അലാറം എന്നാ വസ്തുവിനെക്കള്‍ എന്നും ഇഷ്ടം അമ്മ വന്നു വിളിക്കുന്നതാണ്. ഞാന്‍ എപ്പോഴും അമ്മയോട് പറയാറുമുണ്ട് അമ്മയാണ് എന്‍റെ അലാറം എന്ന്.

അപ്പോള്‍ പറഞ്ഞു വന്നത് അത്തം മുതല്‍ നല്ല കുട്ടി ആയ കഥ. പണ്ട് സ്കൂളില്‍ ഓണത്തെ കുറിച്ച് ഗണ്ഡിക എഴുതാറുള്ള പോലെ അത്തം മുതല്‍ പത്തു ദിവസം പൂക്കളം മുറ്റത്ത്‌ ഇടണം. ഇത്തവണ രണ്ടു നാള്‍ ഒരുമിച്ചു വരുന്നത് കൊണ്ട് ഒന്‍പതു ദിവസം കഴിഞ്ഞാല്‍ ഓണം ആകും എന്നൊക്കെ പത്രത്തില്‍ കണ്ടു. പിന്നെയും ഞാന്‍ വിഷയത്തില്‍ നിന്ന് മാറി പോകുന്നു.

പഴയ കാല ഓര്‍മകളുടെ ചുവടു പിടിച്ചു ഞാന്‍ ഇന്നും പൂക്കളം ഇടുന്നു. നിങ്ങള്‍ ചിന്തിച്ചേക്കാം എല്ലാരും പൂക്കളം ഇടുന്നുണ്ടല്ലോ അതിലെന്താ ഇത്ര നൊസ്റ്റാള്‍ജിയ എന്ന്! എന്‍റെ പൂക്കളവും നിങ്ങളില്‍ പലരുടെ പൂക്കളവും ചിലപ്പോള്‍ ഈ ഒരു കാര്യത്തില്‍ വ്യത്യസ്തമായിരിക്കും. എന്‍റെതു നാട്ടുപൂക്കള്‍ കൊണ്ടുണ്ടാക്കുന്ന പൂക്കളം ആണ്. മാര്‍ക്കറ്റില്‍ നിന്നും നിറയെ പൂ കിട്ടാത്തത് കൊണ്ടൊന്നുമല്ല ഞാന്‍ നാടനെ ആശ്രയിച്ചത്... ഒരിക്കലും വാങ്ങിയ പൂക്കള്‍ കൊണ്ട് തീര്‍ത്ത പുഷ്പകളത്തിന്റെ ഭംഗി തൊടിയിലെതിനു ഇല്ലെന്നും അറിയാം. അതിനൊരു കാരണം ഉണ്ട്. എന്തെന്നല്ലേ? പറയാം.

രാവിലെ എഴുന്നേറ്റിട്ട് പ്രഭാതകര്‍മങ്ങള്‍ക്ക് ശേഷം ഉമ്മറം അടിച്ചു വൃത്തിയാക്കി ഞാന്‍ മുറ്റത്തേക്ക് ഇറങ്ങും. വീട്ടിലെ പൂക്കള്‍ തികയാതെ വരുമ്പോള്‍ തറവാട്ടിലേക്ക് പോകും. തൃക്കാക്കരപ്പനെ വയ്ക്കുന്നതിനാല്‍ അവിടെ വലിയ പൂക്കളം ഇടാറില്ല. എന്ന് പറഞ്ഞാല്‍ അവിടുത്തെ പൂക്കളും എനിക്ക് പറിച്ചെടുക്കാം. ഓണപ്പൂവും ചെമ്പരത്തിയും ഹനുമാന്‍ കിരീടവും മന്താരപൂവും നന്ത്യാര്‍വട്ടവും പിന്നെ പേരറിയാത്ത ഒരുപാട് പൂക്കളുമായി ഞാന്‍ മടങ്ങും. ഇടയ്ക്കു എന്നെ നുള്ളി നോവിക്കുന്ന തൊട്ടാവാടി ചെടിയുടെ കുഞ്ഞു പൂക്കളെയും ഞാന്‍ വെറുതെ വിടാറില്ല.

എല്ലാം കൂടെ ഒരു കവറില്‍ ആക്കി വീട്ടിലേക്കു തിരിച്ചു വീട്ടില്‍ കയറുമ്പോഴാണ് ഓര്‍ക്കുന്നത് "അയ്യോ! മുക്കുറ്റി ഇല്ലാതെ എങ്ങനെ പൂവിടും?"... മുക്കുറ്റി പൂക്കളത്തിലെ അവിഭാജ്യ ഘടകം ആണ്. കാട്ടു പൊന്തയ്കിടയില്‍ മുക്കുറ്റിക്കായി തിരയുമ്പോള്‍ അച്ഛന്‍ പറയും, "ആ കാട്ടില്‍ക്കൊന്നും പോവണ്ട"! ചെവി കേള്‍ക്കാത്തവളെ പോലെ ഞാന്‍ ഭാവിക്കും. ഒടുക്കം ആ ചെടി കയ്യില്‍ കിട്ടിയാല്‍ ഏതോ യുദ്ധം ജയിച്ച പോലെ വിജയശ്രീലാളിതയായി ഞാന്‍ മടങ്ങും. അങ്ങനെ പൂക്കളം ഒരുക്കി കഴിയുമ്പോഴേക്കും പത്തു മണി ആകും.

വീട്ടില്‍ വരുന്നവരോടൊക്കെ ചോദിക്കും, "എങ്ങനെ ഉണ്ട് ഞാന്‍ പൂവിട്ടത്?"... എന്നെ വിഷമിപ്പിക്കാതിരിക്കാനോ അതോ എന്റെ പൂക്കളം യാദൃശ്ചികമായി മനോഹരമായി പോയത് കൊണ്ടോ അവരൊക്കെ പറയും, "ഉഷാറായി"! ആര് എന്ത് പറഞ്ഞാലും എനിക്ക് അത് മനോഹരം തന്നെ ആണ്.ആരും സഹായത്തിനില്ലാതെ എന്റെ സ്വന്തം അധ്വാനത്തിന്റെ പ്രതീകമായി ആ പൂക്കളം പിറ്റേന്ന് രാവിലെ വരെ നില്‍ക്കും.

(എന്‍റെ പൂക്കളം )
കഷ്ടപ്പെട്ട് പറിച്ചതായത് കൊണ്ട് ഒരു പൂവ് പോയിട്ട് ഒരു ഇതള്‍ പോലും ഞാന്‍ കളയാറില്ല. ഓണം അടുക്കുമ്പോള്‍ പൂക്കളം വലുതാക്കണം. അതിനു എന്റെ മുറ്റത്തെയും തൊടിയിലെയും പുഷ്പങ്ങള്‍ തികയണം എന്നില്ല. ചന്തയില്‍ പോയി പൂ വങ്ങേണ്ടി വരും. അന്ന് ഈ നാടന്‍ പൂക്കള്‍ എന്നോട് ചോദിച്ചേക്കാം 'എന്താ ഞങ്ങളെ മടുത്തോ എന്ന്'...

'ഞാനും പരിഷ്കാരി ആയി' എന്ന് അവയോടു പറയുമ്പോഴും അടുത്ത ഓണത്തിന് ഞാന്‍ നിങ്ങളുടെ അടുത്ത് വീണ്ടും ഓടിയെത്തും എന്ന് മനസ്സ് മന്ത്രിക്കുന്നുണ്ടാകും.

59 comments:

 1. അയ്യടാ മോളെ
  ടൈറ്റിലിന്റെ ഉത്തരം പറയണമെങ്കില്‍
  പൂക്കളത്തിന്റെ ഫോട്ടോ ഇടണം
  [അല്ലെങ്കില്‍ ഇത് വെറും പുളു എന്ന് ഞാന്‍ കരുതും]

  ReplyDelete
  Replies
  1. തെളിവ് ഹാജരാക്കിയിട്ടുണ്ട്

   Delete
  2. കൊള്ളാം
   ഉഷാറായിട്ടുണ്ട് കേട്ടോ
   നാളെ ഒരു ലൈന്‍ കൂടി കൂടും അല്ലേ
   അങ്ങനെയല്ലേ പതിവ്...?

   Delete
  3. അങ്ങനെ ഒക്കെയാണ് വേണ്ടത്. പക്ഷെ അത്രയ്ക്കൊന്നും ഞാന്‍ നോക്കാറില്ല

   Delete
 2. "ഇടയ്ക്കു എന്നെ നുള്ളി നോവിക്കുന്ന തൊട്ടാവാടി ചെടിയുടെ കുഞ്ഞു പൂക്കളെയും ഞാന്‍ വെറുതെ വിടാറില്ല" ഈ വരി എനിക്ക് ഒരുപ്പാട് ഇഷ്ടാമായി........ നന്നായി ഈ പൂക്കളം....

  ReplyDelete
  Replies
  1. നന്ദി വിഗ്നേഷ് നായര്‍

   Delete
 3. ഓര്‍മ്മകളുടെ ഈ പൂക്കളം ഇഷ്ടായി.

  ReplyDelete
  Replies
  1. രൂപയുടെ ഭാഷാശൈലി ലളിതമാണ്.എന്നാല്‍ കൂടുതല്‍ പ്രത്യേകതകള്‍ ഒന്നുമില്ല. എങ്കിലും തുറന്ന എഴുത്ത് .പൂക്കളത്തെക്കുറിച്ചുള്ള കുറിപ്പ് ഇഷ്ടമായി. അതിനേക്കാള്‍ ആ നാടന്‍ പൂക്കളാല്‍ ഒരുക്കിയ പൂക്കളം ആണ് കൂടുതല്‍ ഇഷ്ടമായത്.

   Delete
  2. നന്ദി സമീരനും വീ ബീക്കും

   Delete
 4. ഇഷ്ടായിട്ടോ ഈ പൂക്കളം...
  ഓണാശംസകള്‍

  ReplyDelete
  Replies
  1. ഈ വാക്കുകള്‍ക്കു നന്ദി

   Delete
 5. Replies
  1. സന്തോഷമായി നാച്ചി

   Delete
 6. വിഷമിപ്പിക്കുന്നില്ല ...പൂക്കളം നന്നായി. :)
  കുറിപ്പും .

  ReplyDelete
 7. നാട്ടു പൂക്കളുടെ നറുമണമുള്ള പൂക്കളങ്ങള്‍ ഓര്‍മ്മകള്‍ മാത്രമാകുമ്പോഴും
  സ്മ്രുതിയിലുണ്ട് പാട വരമ്പിലൂടെ ഓടിനടന്നു ആര്‍ത്തു പാടിയ ഒരു പൂപ്പൊലിപ്പാട്ട്‌ ..
  എഴുത്ത് നന്നായി.... ആശംസകളോടെ... :)

  ReplyDelete
 8. പൂക്കളം നന്നായി. ഓണാശംസകള്‍

  ReplyDelete
  Replies
  1. നന്ദി. ഓണാശംസകള്‍ താങ്കള്‍ക്കും കുടുംബത്തിനും...

   Delete
 9. പൂക്കളം തരക്കേടില്ല . ആശംസകള്‍ .

  ReplyDelete
 10. പൂക്കൾ വിടരട്ടെ സന്തോഷവും

  ReplyDelete
  Replies
  1. പൂക്കള്‍ എന്നും മനസ്സിന് സന്തോഷം നല്‍കുന്നു

   Delete
 11. പൂവേ പൊലി പൂവേ പൊലി ,ആശംസകള്‍

  ReplyDelete
  Replies
  1. കുമ്മാട്ടിക്കും ഓണാശംസകള്‍

   Delete
 12. നാടന്‍ പൂക്കളം കൊള്ളാലോ....കുഞ്ഞുനാളില്‍ ഞാനും ഇട്ടിരുന്നു ഇതുപോലുള്ള പൂക്കളങ്ങള്‍ ..അന്നൊന്നും ആരും തന്നെ പൂവാങ്ങി പൂക്കളം ഇടില്ല ..ഇന്നു ഒക്കെ ഇന്‍സ്റ്റന്റ് ആയി...സുന്ദരമായ നാടന്‍ പൂക്കളങ്ങള്‍ ഇനി സ്മരണകളില്‍ മാത്രം...കുറിപ്പും ഫോട്ടോയും ഇഷ്ടമായി രൂപാ....ഓണാശംസകള്‍...

  ReplyDelete
  Replies
  1. നന്ദി അനാമിക...തിരിച്ചും ഓണാശംസകള്‍

   Delete
 13. പൂക്കളം മനോഹരമായിട്ടുണ്ട്.

  ReplyDelete
 14. ഇതു കണ്ടപ്പോള്‍ കുട്ടിക്കാലത്ത് ഞാനും, ചേച്ചിയും കൂടി തിരുവോണത്തിന് പൂക്കളം ഇടാന്‍ പറമ്പില്‍ നടന്ന് തുമ്പയും, മുക്കുറ്റിയും, തൊട്ടാവാടി പൂവും ഒക്കെ പറിക്കുന്നത് ഓര്‍മ്മ വന്നു..

  കഴിഞ്ഞ വര്‍ഷം മസ്കറ്റിലെ എന്‍റെ ഫ്ലാറ്റിലും എന്‍റെ തോട്ടത്തിലെ പൂ കൊണ്ട് മാത്രം പൂവിട്ടൂട്ടോ.....

  ReplyDelete
  Replies
  1. വളരെ നല്ല കാര്യം സുനി...ഈ വര്‍ഷവും പൂക്കളം ഇടു!

   Delete
 15. പൂക്കളം ഉഷാറായി കേട്ടോ, ഇവിടെ ഗബോനില്‍ പൂക്കള്‍ ഒരുപാടുണ്ട്, പക്ഷെ പൂക്കളം ഇടാന്‍ പറ്റും എന്ന് തോന്നുന്നില്ല. പൂക്കളം നനായിരിക്കുന്നു.

  ReplyDelete
  Replies
  1. പൂക്കളം ഇട്ടില്ലെങ്കിലും ഇടാന്‍ ഒരു മനസ്സ് ഉണ്ടായാല്‍ മതി...

   Delete
 16. കേൾക്കാൻ ഇമ്പമുള്ളതോ മനസ്സിനെ വല്ലാതാകർഷിക്കുന്നതോ അല്ല,പക്ഷെ സത്യസന്ധമായ എഴുത്ത്. ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി മണ്ടൂസന്‍

   Delete
 17. ഉഷാറായിണ്ണു

  ReplyDelete
 18. പൂക്കളം കൊള്ളാട്ടോ.... ഹാപ്പി ഓണം.

  ReplyDelete
  Replies
  1. നന്ദി .... ഹാപ്പി ഓണം

   Delete
 19. കൊള്ളാം നല്ല തുടക്കം....തിരയുടെ ഓണാശംസകള്‍

  ReplyDelete
  Replies
  1. നന്ദി. തിരിച്ചും ഓണാശംസകള്‍

   Delete
 20. വായിച്ചു. ഇഷ്ടപ്പെട്ടു. കൂടുതല്‍ ആധികാരികമായി പറയാന്‍ ഞാന്‍ അത്രക്ക് വല്യ എഴുതുകാരനൊന്നുമല്ല, അതുകൊണ്ട് ഇത്രമാത്രം.

  ReplyDelete
  Replies
  1. നന്ദി വസീം... എഴുത്തുകാരനെ നല്ലവനെന്നോ മോശക്കാരന്‍ എന്നോ സമൂഹമാണ്‌ തീരുമാനികേണ്ട്ത്, അല്ലാതെ താങ്കള്‍ സ്വയം അല്ല!!!

   Delete
 21. പണ്ടൊക്കെ മുറ്റത്തെ മണ്ണ്‍ അടിച്ചൊതുക്കി അതില്‍ ചാണകം മെഴുകി ആയിരുന്നു പൂക്കളം ഇട്ടിരുന്നത്.

  ഇന്നോ, മാര്‍ബിളിലും ടൈല്‍സിലും ഒക്കെ ചാണകം പോയിട്ട് ഒരിറ്റു വെള്ളം പോലും തളിക്കാതെ പൂക്കള്‍ സൂപ്പര്‍ ഗ്ലൂ വെച്ച് ഒട്ടിച്ചു ആണ് പൂക്കളം ഇടുന്നത്.

  കാലം പോയ പോക്കേയ്!

  ഓണാശംസകള്‍ :-)

  ReplyDelete
  Replies
  1. ചാണകം തൊടാന്‍ എനിക്കും മടിയാണ്...
   ഓണാശംസകള്‍ !!!

   Delete
 22. എന്നേ വീണ്ടും വരുത്തിച്ചു അല്ലെ രൂപ ,,,,,,ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ഉണ്ട് വായിക്കണേ

  ReplyDelete
  Replies
  1. ഹാ ഹാ ഹാ! വായിക്കാം

   Delete
 23. തൊടിയില്‍ പൂവട്ടിയുമായി തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും തേടിനടന്ന പഴയകാലം ഓര്‍മ്മിപ്പിച്ചു ഈ വരികള്‍.... കണ്ണില്‍കുത്തുന്ന നിറങ്ങളുള്ള ഫഌറസന്റ് പൂവുകള്‍ ഒഴിവാക്കണം എന്ന് എപ്പോഴും വിചാരിക്കാറുള്ളതാണ്. പക്ഷേ നടക്കേണ്ടേ.. ? കാണാന്‍ അല്പം ഭംഗി കുറവാണെങ്കിലും നാടന്‍ തന്നെ നല്ലത്...

  ReplyDelete
 24. ഇത്തവണ ഇച്ചിരി സങ്കടം ആയിരുന്നു വീട്ടുവളപ്പില്‍നിന്ന് ഒരു പൂവ് പോലും കിട്ടിയില്ല, ആമ്പല്‍ പോലും വിരിഞ്ഞില്ല,ഒരുപാട് വള്ളിച്ചെടികള്‍ ഉണ്ടാരുന്നു,എല്ലാത്തിനും പിണക്കമായ പോലെ.ഇത് വായിച്ചപ്പോ അടുത്ത തവണയെങ്കിലും ഇതുപോലൊരു പൂക്കളം ഒരുക്കാന്‍ പറ്റണെ എന്ന് ആശിക്കുന്നു
  പൂക്കളം കൊള്ളാം

  ReplyDelete
  Replies
  1. നന്ദി ഉണ്ണി... തീര്‍ച്ചയായും താങ്കള്‍ക്ക് അടുത്ത തവണ മനോഹരമായ ഒരു നാടന്‍ പൂക്കളം ഇടാന്‍ കഴിയട്ടെ

   Delete
 25. നന്നായിരിക്കുന്നു.... സ്വന്തം മുറ്റത്ത്‌ നിന്ന് സ്വയം പറിച്ച പൂക്കള്‍ കൊണ്ട് പൂക്കളം ഒരുക്കിയ ഒരു ചെറിയ കുട്ടിയുടെ ആത്മസംതൃപ്തി ഈ വാക്കുകളിലാകെ നിറഞ്ഞു നില്‍ക്കുന്നു....
  ഒരിക്കലും തിരിച്ചു വരാതെ എന്നില്‍ നിന്നും അകന്നു പോയ നല്ല നാളുകളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് ഒരായിരം നന്ദി.....

  ReplyDelete
  Replies
  1. ബാല്യം ഒരിക്കലും അകന്നു പോയിട്ടില്ല അഖില്‍, നമ്മുടെ ഓരോരുത്തരുടെ ഉള്ളിലും ഒരു കുട്ടി ഉണ്ട്.

   Delete
 26. Replies
  1. നന്ദി ജോസെലെറ്റ്‌ എം ജോസഫ്‌

   Delete
 27. ഏതു ആഘോഷവും അതിന്‍റെ ഗ്രാമീണ പശ്ചാത്തലത്തില്‍ ആഘോഷിക്കപ്പെടുമ്പോള്‍ മാത്രം ആണ് അതിന്‍റെ തനത് ആസ്വാദനം ആഹ്ലാദം ഒക്കെ സാദ്യ മാവുന്നത് തൊടിയിലെ പൂച്ചെടി പൂവും മുറ്റത്തെ ഉണ്ടാതെച്ചിയും ചവിട്ടു വഴിയിലെ തൊട്ടാവാടിയും ചെമ്പരത്തിയും കാട്ടിലെ മുക്കുറ്റിയും കാക്ക പൂവും പാല പൂവും മത്തന്‍ പൂവും കോളാമ്പി പൂവും എല്ലാം ഉണ്ടാവണം പൂക്കളത്തില്‍ അപ്പോള്‍ ആണ് അതിന്‍റെ യഥാര്‍ത്ഥ രസം

  ReplyDelete
  Replies
  1. ഗ്രാമത്തിലെ നന്മകള്‍ പോലെ തന്നെയാണ് താങ്കളുടെ ഈ വാക്കുകളും. നന്ദി കൊമ്പന്‍

   Delete
 28. Thakarthu..Kalakki

  Ennal markaetil ninne poo vangathe pookalam idan sramikkunavarokke 'ila kalam' konde thripthi pedunna kazchayane kanunathe..:(

  ReplyDelete
  Replies
  1. നന്ദി അശ്വതി ചേച്ചി

   Delete