4.10.14

എന്റെ വല്യച്ഛന്‍, നിങ്ങളുടെ അഡ്വ. എം.സി.വി.ഭട്ടതിരിപ്പാട്



'ഇവറ്റകള്‍ക്കൊക്കെ വീട്ടിലിരുന്നാല്‍ പോരേ. മനുഷ്യനെ മിനക്കെടുത്താന്‍.' മുന്‍പില്‍ ചാടിയ വയോധികനെ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ഇട്ടുകൊണ്ട് ടാക്‌സി ഡ്രൈവര്‍ ആക്രോശിച്ചു. പിന്‍സീറ്റിലിരിക്കുന്ന എഴുപതുകാരന്‍ ഇതു കേട്ടു ഞെട്ടി. താനും ഈ 'വീട്ടിലിരിക്കേണ്ട' ഗണത്തില്‍പ്പെടുമെന്ന യാഥാര്‍ഥ്യം ആ മനുഷ്യനെ വിഷമിപ്പിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ശബ്ദിക്കാന്‍ ആരുമില്ലെന്ന ചിന്ത അദ്ദേഹത്തെ അലട്ടി.

താമസിയാതെ ഒരു കൊച്ചു സംഘടന പിറന്നു, അദ്ദേഹത്തിന്റെ നാടായ കൂത്തുപറമ്പില്‍. തന്റെ വിയര്‍പ്പും പണവും കൊണ്ട് അതിനെ വളര്‍ത്തി. ഇന്ന് അത് വലിയ ഒരു കൂട്ടായ്മയാണ്- കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം. കേരളത്തിലെ വയോജനങ്ങളുടെ ഏറ്റവും വലിയ അംഗീകൃത കൂട്ടായ്മ.

അടിത്തറയിട്ട് സംഘടനയുടെ വളര്‍ച്ചയും കണ്ട് സന്തോഷത്തോടെ അദ്ദേഹം ഏഴു വര്‍ഷം മുന്‍പ് മരിച്ചു. എന്റെ വല്യച്ഛന്‍, അഡ്വ. എം.സി.വി.ഭട്ടതിരിപ്പാട്. അമ്മയുടെ അച്ഛനായതു മുത്തശ്ശനെന്നാണു വിളിക്കേണ്ടിയിരുന്നത്. പക്ഷെ തനിക്കു പ്രായമായതായി അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

അധികം സംസാരിക്കുന്ന പ്രകൃതിയല്ല. കേള്‍വിക്കുറവും കാഴ്ചക്കുറവും അലട്ടിയിരുന്നു. പങ്കെടുത്ത പരിപാടികളില്‍ തന്നെ പ്രസംഗത്തിനായി അധ്യക്ഷന്‍ ക്ഷണിക്കുന്നത് കേള്‍ക്കാതെ വേദിയില്‍ ചിരിച്ചുകൊണ്ടിരിക്കുമെന്നൊക്കെ തമാശാരൂപത്തില്‍ പറയും. എല്ലാം സരസമായി എടുക്കാനുളള അപാരമായ കഴിവ് അദ്ദേഹം മക്കള്‍ക്കടക്കം പകര്‍ന്നു നല്‍കി.

പക്ഷെ മുതിര്‍ന്ന പൗരന്‍മാരുടെ അവകാശത്തിനായി പോരാടി. പലപ്പോഴും പത്രങ്ങളിലെ മുഖപ്രസംഗപേജില്‍ എഴുതി. മരിച്ചപ്പോള്‍ മിക്ക മാധ്യമങ്ങളും പ്രാധാന്യത്തോടെ വാര്‍ത്ത കൊടുത്തു. മന്ത്രിമാര്‍ അനുശോചനമറിയിച്ചു വീട്ടിലേക്കു വിളിച്ചു.

അന്നാണ് വല്യച്ഛന്റെ മഹത്വം ഞാനും മറ്റു കുടുംബാംഗങ്ങളും മനസ്സിലാക്കിയത്. ഞങ്ങള്‍ക്കാര്‍ക്കും വേണ്ടി അദ്ദേഹം ഒരു ശുപാര്‍ശയ്ക്കും പോകാന്‍ തയ്യാറായില്ല. അദ്ദേഹം മരിച്ചതിനു ശേഷവും ആ പേരുപയോഗിച്ച് ഞാന്‍ എവിടെയും മുതലെടുത്തില്ല. അങ്ങനെ ചെയ്യാത്തത് മണ്ടത്തരമാണെന്നു പലരും ഉപദേശിച്ചിട്ടു പോലും!

എന്റെ നാവില്‍ ഹരിശ്രീ കുറിച്ചത് വല്യച്ഛനാണ്. അക്ഷരങ്ങളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചതും അദ്ദേഹം തന്നെ. ഒരിക്കല്‍ ഏതാനും വരി കവിതയെഴുതിയത് കാണിച്ചു കൊടുത്തപ്പോള്‍ തിരുത്തി വയോജനങ്ങളുടെ മാസികയില്‍ കൊടുത്തു. എന്റെ പേരില്‍ അച്ചടിച്ചു വന്ന ആദ്യ സൃഷ്ടി. അടുത്ത ദിവസം തന്നെ കവിതാ വൃത്തങ്ങളെയും അലങ്കാരങ്ങളേയും കുറിച്ച് ഒരു പുസ്തകം വാങ്ങി തന്നു. അതു വായിച്ചു മനസ്സിലാക്കാനുളള കഷ്ടപ്പാടുകൊണ്ട് ഞാന്‍ കവിതയെഴുത്ത് നിര്‍ത്തിയതു ബാക്കി കഥ.

അവസാനനാളുകളില്‍ അദ്ദേഹത്തിനുണ്ടായ ഏക വിഷമം ഭാര്യയേക്കുറിച്ചായിരുന്നു. അല്‍ഷൈമേഴ്‌സിന്റെ പിടിയില്‍ ഓര്‍മ്മയ്ക്കും മറവിക്കുമിടയിലുളള മുത്തശ്ശിയുടെ ജീവിതം അദ്ദേഹത്തിന്റെ കണ്ണു നിറച്ചു. വല്യച്ഛന്റെ അന്ത്യം പോലും മുത്തശ്ശി അറിഞ്ഞില്ല, മനസ്സിലാക്കിയില്ല. സ്‌നേഹം മാത്രം പങ്കുവെച്ച ഈ ദമ്പതികള്‍ ഒരു വര്‍ഷത്തിനിടെ മരിച്ചു.

എപ്പോഴും തിരക്കിട്ട് ഓടുന്ന വല്യച്ഛനെയാണ് ഞാന്‍ ചെറുപ്പത്തില്‍ കണ്ടത്. ഞാന്‍ കൗമാരത്തിലെത്തിയപ്പോള്‍ അദ്ദേഹം സാംസ്‌കാരികപ്രവര്‍ത്തകന്റെ വേഷത്തിലായിരുന്നു.

ഇനിയുമേറെ ചെയ്യാന്‍ ബാക്കി വെച്ച് വയോധികര്‍ക്കായി ഒരു സംഘടനയും നിര്‍മ്മിച്ചാണ് അദ്ദേഹം മരിച്ചത്. രാജ്യത്തെ നിയമമനുസരിച്ച് വ്യക്തികള്‍ മുതിര്‍ന്നവരായി കണക്കാക്കാന്‍ 18 വയസ്സു വേണം. അതേ രീതി സംഘടനയ്ക്കുമെടുത്താല്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം ഇന്നു മുതിര്‍ന്നു. 18 വര്‍ഷമായി വയോധികര്‍ക്ക് താങ്ങും തണലുമായി കഴിഞ്ഞു.

ഒക്ടോബര്‍ ഒന്ന് ലോക വയോജനദിനമാണ്. ഓരോ വൃദ്ധരിലും ഞാന്‍ കാണുന്നത് എന്റെ വല്യച്ഛനെയാണ്. മുപ്പതുകളിലെത്തുമ്പോഴേക്കും വയസ്സായി എന്നു വിലപിക്കുന്നവരോട് ഞാന്‍ പറയാറുണ്ട് 85ാം വയസ്സില്‍ മരിക്കുമ്പോഴും മനസ്സില്‍ ചെറുപ്പക്കാരനായി മരിച്ച എന്റെ വല്യച്ഛനെക്കുറിച്ച്...


16.9.14

മായാത്ത പുഞ്ചിരി

(നട്ടു നനച്ചു വളര്‍ത്തി കൊണ്ടു വന്ന ഒരു ചെടിയെ സ്വയം നശിപ്പിക്കുകയാണ്‌ കുറച്ചു നാളായി ഞാന്‍ ചെയ്യുന്നത്‌. ഇംഗ്ലീഷ്‌, മലയാളം ബ്ലോഗുകള്‍ മാസങ്ങളായി എഴുതിയിട്ട്‌. ആദ്യമൊക്കെ മനപ്പൂര്‍വം മുടിയട്ടെയെന്നു കരുതിയെങ്കിലും പിന്നീട്‌ സമയക്കുറവ്‌ കാരണമായി. പത്രത്തിലേക്കുളള എഴുത്തായി ചുരുങ്ങി.

എങ്കിലും മനസ്സു വല്ലാതെ പിടയുമ്പോള്‍ വന്നു ആശ്ലേഷിക്കാന്‍ ഈ ഇടം മാത്രമേ എനിക്കുളളൂ. വാക്കുകളും ചിന്തകളും എന്നില്‍ നിന്നും പകര്‍ത്തി ആശ്വാസം നല്‍കുന്ന എന്റെ സ്വന്തം ലോകം.)

പ്രതീക്ഷിച്ചതായിരുന്നു ആ മരണം. പരിചയപ്പെട്ടതിനു വര്‍ഷങ്ങളുടെ കണക്കോ സംസാരിച്ചതിനു മണിക്കൂറുകളുടെ എണ്ണമോ പറയാന്‍ എനിക്കില്ല. പക്ഷെ അനൂപേട്ടന്‍ മനസ്സില്‍ വല്ലാതെ സ്‌പര്‍ശിച്ച ഒരു വ്യക്തിത്വമായിരുന്നു.

പത്രത്തിലെ ജോലിക്കിടയില്‍ ഞാന്‍ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന ചിത്രഭൂമിയിലേക്കും എഴുതാറുണ്ട്‌ വല്ലപ്പോഴും. കുറിച്ചു കൊടുക്കുന്നത്‌ ശുദ്ധമണ്ടത്തരങ്ങളാണെങ്കില്‍ പോലും ആ കൈകളിലൂടെ ശുദ്ധീകരിക്കപ്പെട്ടാല്‍ അവ മനോഹരങ്ങളാകുന്നു. എന്തെഴുതിയാലും "അയച്ചോളു... നമുക്ക്‌ കൊടുക്കാം" എന്നു മാത്രമേ പറയാറുളളൂ. ആരെയും നിരാശരാക്കാറില്ല. ഒരു വര്‍ഷത്തിനിടയില്‍ ഞാന്‍ ആകെ ആ മനുഷ്യനെ രണ്ടോ മൂന്നോ തവണയേ കണ്ടിട്ടുളളൂ. ഫോണില്‍ സംസാരിച്ചതും വിരലില്‍ എണ്ണാവുന്നതു മാത്രം.
അസുഖബാധിതനായി ആസ്‌പത്രികിടക്കയില്‍ കിടന്നപ്പോഴും തനിക്ക്‌ ഒരു കുഴപ്പവുമില്ലെന്നു മെസ്സേജ്‌ അയച്ചിരുന്നു. ഞാന്‍ ഇതുവരെ കണ്ടിട്ടു പോലുമില്ലാത്ത അനൂപേട്ടന്റെ മകള്‍ ഇതളുമായും വാട്‌സ്‌പ്പില്‍ സംവദിച്ചു. പിന്നീട്‌ ആരോഗ്യസ്ഥിതി മോശമായെന്നു പലരും പറഞ്ഞപ്പോഴും അനൂപേട്ടന്‍ സുഖപ്പെട്ട്‌ തിരിച്ചു വരുമെന്നും ബാക്കി ഉളളവര്‍ ചുമ്മാ പറയുന്നതാണെന്നു സ്ഥിരം പുഞ്ചിരിയോടെ പറയുമെന്നും ഞാന്‍ വിശ്വസിച്ചു.
വെന്‍ഡിലേറ്ററിലായതും അതു മാറ്റാന്‍ പോവുകയാണെന്നും മരണവാര്‍ത്ത തിങ്കളാഴ്‌ച പ്രതീക്ഷിക്കാമെന്നും ഒരു സഹപ്രവര്‍ത്തക പറഞ്ഞപ്പോഴും അദ്ദേഹം രക്ഷപ്പെടുമെന്നു തന്നെ ഞാന്‍ കരുതി.
ഇന്നലെ ഉച്ചയോടെ മരണവാര്‍ത്തയെത്തി. 12 മണിക്ക്‌ ഭൗതികശരീരം മാതൃഭൂമിയുടെ പ്രസ്സിനു മുന്‍പില്‍ പൊതുദര്‍ശനത്തിനു വെയ്‌ക്കുമെന്ന്‌ അറിഞ്ഞു.
സ്ഥിരം കാണുന്ന പൊട്ടിക്കരച്ചിലുകളോ കണ്ണീരോ അവിടെ കണ്ടില്ല. ചിലര്‍ മാത്രം വിതുമ്പി നിന്നു. കലങ്ങിയ കണ്ണുകളിലൂടെ ലെന്‍സില്‍ തങ്ങളുടെ സഹപ്രവര്‍ത്തകന്റെ മൃതദേഹം നോക്കി ചിത്രങ്ങളെടുക്കുന്ന ക്യാമറാമാന്‍മാര്‍, മൗനത്തിലൂടെ അനുശോചനമറിയിക്കുന്നവര്‍, റീത്തുകള്‍, കറുത്തകൊടികള്‍, അനൂപേട്ടന്റെ ചിരിക്കുന്ന ചിത്രവുമായുളള റീത്തുകള്‍... ആംബുലന്‍സ്‌ യാത്രയ്‌ക്കൊരുങ്ങി, ജനിച്ച മണ്ണില്‍ എരിഞ്ഞടങ്ങാന്‍ ജീവനകന്ന ആ പ്രതിഭയുടെ ശരീരവുമായി!
പതുക്കെ എല്ലാവരും പിരിഞ്ഞു. ഹ്രസ്വമായ അനുശോചനയോഗങ്ങള്‍. വൈകുന്നേരത്തോടെ സജീവമായ പത്രമോഫീസ്‌. അവിടെ മരണത്തെക്കുറിച്ചു സംസാരിക്കാന്‍ ആര്‍ക്കും നേരമില്ല. ആകെ ഒന്നാം പേജില്‍ ആ മരണവാര്‍ത്ത വെയ്‌ക്കാന്‍ മറക്കരുതെന്നു മാത്രം ഓര്‍മ്മപ്പെടുത്തല്‍.
മംഗള്‍യാനും തിരഞ്ഞെടുപ്പും ഷ്വാസ്‌നെഗറിന്റെ ഇന്ത്യാ സന്ദര്‍ശനവും വായിക്കാനായി പത്രം വാങ്ങുന്ന വായനക്കാരനു ഞങ്ങളുടെ സഹപ്രവര്‍ത്തകന്റെ മരണം വലിയ സംഭവമല്ല. ഞങ്ങള്‍ ദുഖമാചരിക്കാനിരുന്നാല്‍ വായനക്കാരന്‍ സഹകരിക്കുമോ! ഉണ്ടെന്നു തോന്നുന്നില്ല. അപ്പോള്‍ വേദനകള്‍ കടിച്ചമര്‍ത്തി പുഞ്ചിരിയോടെ എഴുതുകയോ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നതാണ്‌ മാധ്യമപ്രവര്‍ത്തകരുടെ കര്‍ത്തവ്യം.

അനൂപേട്ടന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ 
സമര്‍പ്പിക്കട്ടെ ഈ വാക്കുകള്‍!

30.7.14

മാധ്യമപ്രവര്‍ത്തനം സ്‌ത്രീകള്‍ക്കായി- രണ്ടു പുസ്‌തകവിചാരങ്ങള്‍


ലോകം സ്‌ത്രീകളെ മാധ്യമപ്രവര്‍ത്തകരായി അംഗീകരിക്കാന്‍ തുടങ്ങുന്നത്‌ ഏതാനും പതിറ്റാണ്ടുകള്‍ മുന്‍പു മാത്രമാണ്‌. പത്രത്തിലാണ്‌ ജോലിയെടുക്കുന്നതെന്ന്‌ കേള്‍ക്കുമ്പോള്‍ ആശ്ചര്യഭാവത്തില്‍ വിശ്വാസം വരാതെ നോക്കുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്‌. സുരക്ഷയിലായ്‌മ, കൃത്യതയില്ലാത്ത ജോലി സമയം, കുടുംബാംഗങ്ങളോടൊപ്പം സമയം പങ്കിടല്‍ കുറവ്‌ തുടങ്ങിയ പലവിധ 'ആരോപണ'ങ്ങളാണ്‌ മാധ്യമപ്രവര്‍ത്തനത്തെ പണ്ടു മുതലേ സ്‌ത്രീകള്‍ക്കു പറ്റിയ ജോലിയല്ല എന്നു സമൂഹത്തെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്‌.

ഒഴിവു സമയങ്ങളിലെ ചര്‍ച്ചകള്‍ക്കിടയില്‍ സഹപ്രവര്‍ത്തകര്‍ തങ്ങളുടെ വിഷമങ്ങള്‍ പങ്കുവെക്കാറുണ്ട്‌. കുടുംബത്തിലെ ചടങ്ങുകള്‍ക്ക്‌ എത്തിയില്ലെങ്കില്‍ അഹങ്കാരിയെന്ന പേരു കിട്ടും. എത്ര മികച്ച പാചകക്കാരിയായാലും മാധ്യമപ്രവര്‍ത്തക അടുക്കളയില്‍ കയറില്ലെന്നാണ്‌ മിക്കവരുടെയും വിശ്വാസം. നവമാധ്യമങ്ങളിലൂടെ സംവദിച്ച്‌ വാര്‍ത്ത സ്രോതസ്സുകളെ കണ്ടെത്തുമ്പോഴും കിട്ടുന്ന കമന്റ്‌ മുഴുവന്‍ സമയവും വെറുതെ മൊബൈലില്‍ കുത്തിക്കൊണ്ടിരിക്കുന്നുവെന്നാണ്‌. ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും കൂടെ സമയം പങ്കിടാനും ഭക്ഷണമുണ്ടാക്കി കൊടുക്കാനും 24 മണിക്കൂര്‍ തികയുന്നില്ല എന്നു ഏതൊരു സാധാരണ സ്‌ത്രീയേയും പോലെ അവരും പരാതിപ്പെടുന്നു.


സ്‌ത്രീ മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുളള രണ്ടു പുസ്‌തകങ്ങള്‍ അടുത്ത ദിവസങ്ങളിലായി വായിച്ചു തീര്‍ക്കാനിടയായി. മൊബൈലും ഇന്റര്‍നെറ്റുമില്ലാത്ത ഒരു കാലത്തുളള വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഓര്‍മ്മകളുടെ ശേഖരമാണ്‌ 'അനുഭവസഞ്ചാരങ്ങള്‍'. കേരളപ്രസ്‌ അക്കാദമി പുറത്തിറക്കിയ ഈ പുസ്‌തകത്തില്‍ കണ്ടത്‌ ഇന്ത്യയില്‍ സ്‌ത്രീകള്‍ അനുഭവിച്ച യാതനകളുടെ നേര്‍സാക്ഷ്യമാണ്‌. മിക്ക വനിതാ പത്രപ്രവര്‍ത്തകരും അവരുടെ കാലത്തെ സ്‌ത്രീകളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. 


പുരുഷന്‍മാര്‍ മാത്രമുളള ഒരു ലോകത്തേക്ക്‌ കടന്നു വരേണ്ടി വന്നതിന്റെ പ്രശ്‌നങ്ങള്‍ എഴുതാന്‍ അവര്‍ മടിച്ചില്ല. ഡസ്‌കിലെ (എഡിറ്റിങ്‌ റൂം) അറയ്‌ക്കുന്ന കമന്റുകളും വൃത്തിഹീനമായ ടോയ്‌ലറ്റുകളുമാണ്‌ അവരെ വരവേറ്റത്‌. "തരംതാഴ്‌ന്ന തമാശകള്‍, മോശം ഭാഷ, സിഗരറ്റു പുകകൊണ്ടു നിറഞ്ഞ മുറികള്‍, ഒഴിഞ്ഞ ചായക്കോപ്പകള്‍, ടൈപ്പ്‌ റൈറ്ററിന്റെ കടകടാ ശബ്ദം... ഗൗരവമുളളവയെന്ന്‌ അവര്‍ കരുതുന്ന വിഷയങ്ങളില്‍ തലയിടാന്‍ പുരുഷപത്രപ്രവര്‍ത്തകര്‍ സ്‌ത്രീകളെ അനുവദിച്ചിരുന്നില്ല. ഫാഷന്‍ ഷോയും ഫ്‌ളവര്‍ ഷോയും റിപ്പോര്‍ട്ട്‌ ചെയ്യാനാണ്‌ എന്നെപ്പോലെയുളളവരെ നിയോഗിക്കപ്പെട്ടത്‌: തീന്‍മേശയില്‍ നിന്ന്‌ എറിഞ്ഞു കിട്ടുന്ന അപ്പക്കഷ്‌ണങ്ങള്‍ പോലെ."- പ്രമുഖ മാധ്യമപ്രവര്‍ത്തക ഉഷാറായുടെ വാക്കുകള്‍.


വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ചമേലി ദേവി പുരസ്‌കാരം നേടിയ 2012 വരെയുളള ഏതാനും ജേതാക്കളുടെ അനുഭവങ്ങളാണ്‌ പുസ്‌തകത്തിലുളളത്‌.
മലയാളത്തിലേക്കു മൊഴിമാറ്റിയതും പത്രപ്രവര്‍ത്തകര്‍ തന്നെ. അതു കൊണ്ടു തന്നെ വാക്കുകളിലെ തീക്ഷണതയും അനുഭവങ്ങളുടെ തന്‍മയത്വവും ചോര്‍ന്നു പോയില്ല. മാധ്യമപ്രവര്‍ത്തകര്‍ മാത്രം ഉപയോഗിക്കുന്ന ചില വാക്കുകള്‍ പുസ്‌തകത്തിലുണ്ട്‌. അവ മറ്റുളളവര്‍ക്ക്‌ ചിലപ്പോള്‍ മനസിലാകണമെന്നില്ല. എങ്കിലും അവ വളരെ കുറവവാണ്‌. 150 രൂപയാണ്‌ വില.


ഇതിന്റെ നേര്‍ വിപരീതമാണ്‌ രണ്ടാമത്തെ പുസ്‌തകം- കണ്‍ഫഷന്‍സ്‌ ഓഫ്‌ എ പേജ്‌ 3 റിപ്പോര്‍ട്ടര്‍. മേഘ മല്‍ഹോത്രയുടെ ഈ ബുക്കില്‍ കണ്ടത്‌. മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും വൃത്തിഹീനമായ വശമാണ്‌. മെട്രോയിലെ പാപ്പരാസി ജേര്‍ണലിസത്തിന്റെ മാലിന്യമാണ്‌ ഇവിടെ എഴുതി നിറച്ചത്‌. പ്രമോഷനായി ബോസി
നു വഴങ്ങി കൊടുക്കുന്ന പേജ്‌ 3 റിപ്പോര്‍ട്ടറായ നായിക. ഒടുവില്‍ താന്‍ വെറുമൊരു വെപ്പാട്ടിയാണെന്നു തിരിച്ചറിയുന്നു. വായിച്ചു തീര്‍ന്നപ്പോള്‍ 'ഹോ കഴിഞ്ഞു കിട്ടി' എന്നു തോന്നി. കഥാപാത്രങ്ങള്‍ സാങ്കല്‍പികമാണെന്നു തുടക്കത്തില്‍ പറയുന്നതാണ്‌ ഒരു ആശ്വാസം.

രണ്ടും രണ്ടു ലോകം. ഏതു വഴി വേണമെന്നു തിരഞ്ഞെടുക്കുന്നത്‌ വ്യക്തികളാണ്‌. തൊഴിലിനെ പഴിക്കുന്നത്‌ ശരിയല്ല. മറ്റേതൊരു ജോലിയേയും പോലെ ഇതും പരിപാവനമാണ്‌,  വിശ്വാസമുളളവര്‍ക്ക്‌!