30.7.14

മാധ്യമപ്രവര്‍ത്തനം സ്‌ത്രീകള്‍ക്കായി- രണ്ടു പുസ്‌തകവിചാരങ്ങള്‍


ലോകം സ്‌ത്രീകളെ മാധ്യമപ്രവര്‍ത്തകരായി അംഗീകരിക്കാന്‍ തുടങ്ങുന്നത്‌ ഏതാനും പതിറ്റാണ്ടുകള്‍ മുന്‍പു മാത്രമാണ്‌. പത്രത്തിലാണ്‌ ജോലിയെടുക്കുന്നതെന്ന്‌ കേള്‍ക്കുമ്പോള്‍ ആശ്ചര്യഭാവത്തില്‍ വിശ്വാസം വരാതെ നോക്കുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്‌. സുരക്ഷയിലായ്‌മ, കൃത്യതയില്ലാത്ത ജോലി സമയം, കുടുംബാംഗങ്ങളോടൊപ്പം സമയം പങ്കിടല്‍ കുറവ്‌ തുടങ്ങിയ പലവിധ 'ആരോപണ'ങ്ങളാണ്‌ മാധ്യമപ്രവര്‍ത്തനത്തെ പണ്ടു മുതലേ സ്‌ത്രീകള്‍ക്കു പറ്റിയ ജോലിയല്ല എന്നു സമൂഹത്തെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്‌.

ഒഴിവു സമയങ്ങളിലെ ചര്‍ച്ചകള്‍ക്കിടയില്‍ സഹപ്രവര്‍ത്തകര്‍ തങ്ങളുടെ വിഷമങ്ങള്‍ പങ്കുവെക്കാറുണ്ട്‌. കുടുംബത്തിലെ ചടങ്ങുകള്‍ക്ക്‌ എത്തിയില്ലെങ്കില്‍ അഹങ്കാരിയെന്ന പേരു കിട്ടും. എത്ര മികച്ച പാചകക്കാരിയായാലും മാധ്യമപ്രവര്‍ത്തക അടുക്കളയില്‍ കയറില്ലെന്നാണ്‌ മിക്കവരുടെയും വിശ്വാസം. നവമാധ്യമങ്ങളിലൂടെ സംവദിച്ച്‌ വാര്‍ത്ത സ്രോതസ്സുകളെ കണ്ടെത്തുമ്പോഴും കിട്ടുന്ന കമന്റ്‌ മുഴുവന്‍ സമയവും വെറുതെ മൊബൈലില്‍ കുത്തിക്കൊണ്ടിരിക്കുന്നുവെന്നാണ്‌. ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും കൂടെ സമയം പങ്കിടാനും ഭക്ഷണമുണ്ടാക്കി കൊടുക്കാനും 24 മണിക്കൂര്‍ തികയുന്നില്ല എന്നു ഏതൊരു സാധാരണ സ്‌ത്രീയേയും പോലെ അവരും പരാതിപ്പെടുന്നു.


സ്‌ത്രീ മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുളള രണ്ടു പുസ്‌തകങ്ങള്‍ അടുത്ത ദിവസങ്ങളിലായി വായിച്ചു തീര്‍ക്കാനിടയായി. മൊബൈലും ഇന്റര്‍നെറ്റുമില്ലാത്ത ഒരു കാലത്തുളള വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഓര്‍മ്മകളുടെ ശേഖരമാണ്‌ 'അനുഭവസഞ്ചാരങ്ങള്‍'. കേരളപ്രസ്‌ അക്കാദമി പുറത്തിറക്കിയ ഈ പുസ്‌തകത്തില്‍ കണ്ടത്‌ ഇന്ത്യയില്‍ സ്‌ത്രീകള്‍ അനുഭവിച്ച യാതനകളുടെ നേര്‍സാക്ഷ്യമാണ്‌. മിക്ക വനിതാ പത്രപ്രവര്‍ത്തകരും അവരുടെ കാലത്തെ സ്‌ത്രീകളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. 


പുരുഷന്‍മാര്‍ മാത്രമുളള ഒരു ലോകത്തേക്ക്‌ കടന്നു വരേണ്ടി വന്നതിന്റെ പ്രശ്‌നങ്ങള്‍ എഴുതാന്‍ അവര്‍ മടിച്ചില്ല. ഡസ്‌കിലെ (എഡിറ്റിങ്‌ റൂം) അറയ്‌ക്കുന്ന കമന്റുകളും വൃത്തിഹീനമായ ടോയ്‌ലറ്റുകളുമാണ്‌ അവരെ വരവേറ്റത്‌. "തരംതാഴ്‌ന്ന തമാശകള്‍, മോശം ഭാഷ, സിഗരറ്റു പുകകൊണ്ടു നിറഞ്ഞ മുറികള്‍, ഒഴിഞ്ഞ ചായക്കോപ്പകള്‍, ടൈപ്പ്‌ റൈറ്ററിന്റെ കടകടാ ശബ്ദം... ഗൗരവമുളളവയെന്ന്‌ അവര്‍ കരുതുന്ന വിഷയങ്ങളില്‍ തലയിടാന്‍ പുരുഷപത്രപ്രവര്‍ത്തകര്‍ സ്‌ത്രീകളെ അനുവദിച്ചിരുന്നില്ല. ഫാഷന്‍ ഷോയും ഫ്‌ളവര്‍ ഷോയും റിപ്പോര്‍ട്ട്‌ ചെയ്യാനാണ്‌ എന്നെപ്പോലെയുളളവരെ നിയോഗിക്കപ്പെട്ടത്‌: തീന്‍മേശയില്‍ നിന്ന്‌ എറിഞ്ഞു കിട്ടുന്ന അപ്പക്കഷ്‌ണങ്ങള്‍ പോലെ."- പ്രമുഖ മാധ്യമപ്രവര്‍ത്തക ഉഷാറായുടെ വാക്കുകള്‍.


വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ചമേലി ദേവി പുരസ്‌കാരം നേടിയ 2012 വരെയുളള ഏതാനും ജേതാക്കളുടെ അനുഭവങ്ങളാണ്‌ പുസ്‌തകത്തിലുളളത്‌.
മലയാളത്തിലേക്കു മൊഴിമാറ്റിയതും പത്രപ്രവര്‍ത്തകര്‍ തന്നെ. അതു കൊണ്ടു തന്നെ വാക്കുകളിലെ തീക്ഷണതയും അനുഭവങ്ങളുടെ തന്‍മയത്വവും ചോര്‍ന്നു പോയില്ല. മാധ്യമപ്രവര്‍ത്തകര്‍ മാത്രം ഉപയോഗിക്കുന്ന ചില വാക്കുകള്‍ പുസ്‌തകത്തിലുണ്ട്‌. അവ മറ്റുളളവര്‍ക്ക്‌ ചിലപ്പോള്‍ മനസിലാകണമെന്നില്ല. എങ്കിലും അവ വളരെ കുറവവാണ്‌. 150 രൂപയാണ്‌ വില.


ഇതിന്റെ നേര്‍ വിപരീതമാണ്‌ രണ്ടാമത്തെ പുസ്‌തകം- കണ്‍ഫഷന്‍സ്‌ ഓഫ്‌ എ പേജ്‌ 3 റിപ്പോര്‍ട്ടര്‍. മേഘ മല്‍ഹോത്രയുടെ ഈ ബുക്കില്‍ കണ്ടത്‌. മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും വൃത്തിഹീനമായ വശമാണ്‌. മെട്രോയിലെ പാപ്പരാസി ജേര്‍ണലിസത്തിന്റെ മാലിന്യമാണ്‌ ഇവിടെ എഴുതി നിറച്ചത്‌. പ്രമോഷനായി ബോസി
നു വഴങ്ങി കൊടുക്കുന്ന പേജ്‌ 3 റിപ്പോര്‍ട്ടറായ നായിക. ഒടുവില്‍ താന്‍ വെറുമൊരു വെപ്പാട്ടിയാണെന്നു തിരിച്ചറിയുന്നു. വായിച്ചു തീര്‍ന്നപ്പോള്‍ 'ഹോ കഴിഞ്ഞു കിട്ടി' എന്നു തോന്നി. കഥാപാത്രങ്ങള്‍ സാങ്കല്‍പികമാണെന്നു തുടക്കത്തില്‍ പറയുന്നതാണ്‌ ഒരു ആശ്വാസം.

രണ്ടും രണ്ടു ലോകം. ഏതു വഴി വേണമെന്നു തിരഞ്ഞെടുക്കുന്നത്‌ വ്യക്തികളാണ്‌. തൊഴിലിനെ പഴിക്കുന്നത്‌ ശരിയല്ല. മറ്റേതൊരു ജോലിയേയും പോലെ ഇതും പരിപാവനമാണ്‌,  വിശ്വാസമുളളവര്‍ക്ക്‌!

15.7.14

മിഠായിത്തെരുവിലെ പരസ്യകല


---------------------------------
കോഴിക്കോട്‌ വന്നാല്‍ എന്തൊക്കെ ചെയ്യണമെന്നു ചോദിച്ചാല്‍ ഒരു വലിയ ലിസ്‌റ്റ്‌ തന്നെ കിട്ടും. അതില്‍ തീര്‍ച്ചയായുമുള്‍പ്പെടുന്ന രണ്ടു കാര്യങ്ങളാണ്‌, ഹല്‍വ തിന്നണം സണ്‍ഡെ മാര്‍ക്കറ്റില്‍ പോകണം.

മുകളില്‍ പറഞ്ഞ രണ്ടുമുളളത്‌ മിഠായിത്തെരുവിലാണ്‌. എസ്‌. എം. സ്‌ട്രീറ്റ്‌ എന്നതു 'കോയിക്കോട്ടുക്കാരുടെ മുട്ടായിത്തെരുവിന്റെ' പുതുനാമം. മിഠായിത്തെരുവിലെ ഞായറാഴ്‌ചകള്‍ക്ക്‌ ഉത്സവത്തിന്റെ പ്രതീതിയാണ്‌. ഗുണമേന്‍മയുളള വസ്‌തുക്കള്‍ ചെറിയ വിലയില്‍ തെരുവില്‍ നിന്നു വാങ്ങാമെന്നതാണ്‌ ഈ മേളയുടെ പ്രത്യേകത. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തുടങ്ങിയതാണെങ്കിലും എല്ലാ ഞായറാഴ്‌ചയും ഇവിടം ജനനിബിഡമാണ്‌.

---------------------------------

ദേ വന്നു ദാ പോയി... ഞായറാഴ്‌ച മിഠായിത്തെരുവിലൂടെ നടക്കുമ്പോള്‍ ഇങ്ങനെ ഒരു ശബ്ദം കേട്ടാല്‍ സുരേഷ്‌ ഗോപിയെവിടെയെന്നു തിരഞ്ഞാല്‍ നിരാശയായിരിക്കും ഫലം. ഇതൊക്കെ ആളുകളെ ആകര്‍ഷിക്കാനുളള ഇവിടുത്തെ കച്ചവടക്കാരുടെ വഴികള്‍ മാത്രം.

നിരത്തില്‍ വില്‍പ്പന നടത്തുന്നവരെ സഹായിക്കാന്‍ പരസ്യ ഏജന്‍സികളോ മാര്‍ക്കറ്റിംഗ്‌ എക്‌സിക്യൂട്ടിവോ ഇല്ല. തൊണ്ട പൊട്ടുമാറുച്ചത്തില്‍ തങ്ങള്‍ വില്‍ക്കുന്ന വസ്‌തുക്കളെക്കുറിച്ച്‌ വായില്‍ തോന്നുന്ന വാക്കുകളാല്‍ ഇവര്‍ വര്‍ണ്ണിക്കുന്നു. പലപ്പോഴും പ്രൊഫഷനല്‍ പരസ്യ സ്ഥാപനങ്ങളേക്കാള്‍ മികച്ച രീതിയില്‍ ഉപപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇവര്‍ക്കു കഴിയുന്നു. തിരക്കിനിടയിലും ഓരോരുത്തരോടും കുശലാന്വേഷണം നടത്താന്‍ ഇവര്‍ മറക്കാറില്ല.

എസ്‌. എം. സ്‌ട്രീറ്റില്‍ സണ്‍ഡെ മാര്‍ക്കറ്റിലെത്തുന്ന കച്ചവടക്കാരില്‍ മിക്കവരും ആഴ്‌ചയിലെ ബാക്കി 6 ദിവസവും മറ്റു ജോലികളിലേര്‍പ്പെടുന്നവരാണ്‌. ഇവരെ സഹായിക്കാന്‍ മക്കളും ബന്ധുക്കളുമുണ്ടാകും. തുണിത്തരങ്ങള്‍ മുതല്‍ ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ വരെ വാരാന്ത്യത്തില്‍ ഈ നിരത്തുകളില്‍ സ്ഥാനം പിടിക്കും. എല്ലാം കഴിയുമ്പോള്‍ വില്‍പ്പനക്കാര്‍ക്ക്‌ 1000 മുതല്‍ 3000 രുപ വരെ ലാഭം കിട്ടും.

എല്ലാ തരക്കാരും ഞായറാഴ്‌ച മിഠായിത്തെരുവിലെത്തി സാധനങ്ങള്‍ വാങ്ങും. മറ്റു ജില്ലകളില്‍ നിന്നു ആഡംബരക്കാറുകളില്‍ വരെ ഇവിടെ എത്താറുണ്ട്‌. ബ്രാന്റഡ്‌ ഉത്‌പന്നങ്ങള്‍ മാത്രം വാങ്ങുന്ന സംസ്‌കാരമുളള ഒരു തലമുറ മിഠായിത്തെരുവിലെ സാധനങ്ങളിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നുണ്ടെങ്കില്‍ കച്ചവടക്കാരുടെ മാര്‍ക്കറ്റിംഗിന്റെ വിജയമാണ്‌.

"വാങ്ങിയതിനെന്തെങ്കിലും പ്രശ്‌നമുണ്ടങ്കില്‍ ഇങ്ങള്‌ അടുത്ത ആഴ്‌ച കൊണ്ടു വന്നോളീന്‍, ഇമ്പള്‌ ഇബടെ തന്നെയുണ്ടാവും." വില്‍പ്പന തന്ത്രത്തിനപ്പുറം ഇതൊരു കോഴിക്കോട്ടുകാരന്റെ ഉറപ്പാണ്‌.



30.6.14

ഒരു നവമാധ്യമപ്രവര്‍ത്തകയുടെ കുറിപ്പുകള്‍



ഇന്നാണ്‌ പോലും സോഷ്യല്‍ മീഡിയാ ഡേ അഥവാ നവമാധ്യമദിനം. എല്ലാത്തിനും ഒരു ദിവസം കൊടുക്കുന്നതു പോലെ ഇതിനും കിട്ടി. കള്ളും കഞ്ചാവും പുകവലിയുമൊക്കെയുളള പോലെയാണ്‌ നവമാധ്യമമെന്നാണ്‌ ശാസ്‌ത്രവും ബുദ്ധിജീവികളും പറയുന്നത്‌. എന്നാല്‍ ഇവന്‍മാരുടെയൊക്കെ വിശേഷങ്ങള്‍ കൊട്ടിഘോഷിക്കാന്‍ ആദ്യം ആശ്രയിക്കുന്നതും ഇതിനെത്തന്നെയാണ്‌.
അത്യാവശ്യം ഈ ദുശ്ശീലം കിട്ടിയ കുരുത്തംകെട്ട ഒരു പെണ്ണാണ്‌ ഞാനും. എസ്‌എംഎസ്‌ ആയിരുന്നു തുടക്കം. പിന്നെ ഓര്‍ക്കുട്ട്‌, ഗൂഗിള്‍ ബസ്സ്‌, ഫേസ്‌ബുക്ക്‌, ബ്ലോഗ്‌, പ്ലസ്‌, വാട്‌സ്‌ആപ്പ്‌, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ ഇങ്ങനെ ആ നിര നീണ്ടു പോകും. ബ്ലോഗിലെ രൂപ്‌സും ഫേസ്‌ബുക്കിലെ രൂപ കരുമാരപ്പറ്റയും ട്വിറ്ററിലെ രൂപകുട്ടിയുമൊക്കെയായി ജീവിതം. ബ്ലോഗ്‌ എന്റെ ലോകവും ഫേസ്‌ബുക്ക്‌ വീടും ട്വിറ്റര്‍ ഓഫീസുമായി. സുഹൃത്തുക്കളുമായി ഗൂഗിള്‍ ചാറ്റില്‍ കത്തിയടിക്കാറുമുണ്ട്‌.
ഈ അസുഖം എപ്പോള്‍ തുടങ്ങിയെന്നു ചോദിച്ചാല്‍ ഒന്നാലോചിക്കേണ്ടി വരും. പക്ഷെ എനിക്ക്‌ ഡിഗ്രി കഴിഞ്ഞാണ്‌ ഒരു ഇമെയില്‍ വിലാസം ഉണ്ടാക്കിയത്‌ എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ! സത്യമാണ്‌. ഞാന്‍ ഇന്റര്‍നെറ്റ്‌ എന്താണെന്നു പഠിക്കുന്നത്‌ ബിരുദമെടുത്തതിനു ശേഷമാണ്‌. പിന്നീട്‌ ഒരു യാത്രക്കാരിയായി ഞാന്‍ ഇ-ലോകത്തു അലഞ്ഞു നടന്നു. പലതും പഠിച്ചു, ലഭിച്ചു! ഒളിപ്പിക്കേണ്ടതും പുറത്തു പറയേണ്ടതും വേര്‍തിരിക്കാന്‍ മനസ്സിലായി. അകറ്റുവാനും അടുപ്പിക്കുവാനും പഠിച്ചു.
തൊട്ടാവാടിയും നിശ്ശബ്ദയുമായ എന്നെ നവമാധ്യമം വായാടിയാക്കി. കൂട്ടായ്‌മകളെ നയിക്കാന്‍ സഹായിച്ചു. കൊഴിഞ്ഞു പോകുന്ന ബന്ധങ്ങളുടെ മുറിവുകള്‍ പുതിയവ ഉണക്കി. ലോകം കൂടുതല്‍ വിശാലമായി. നാലുകെട്ടിലെ നടുത്തളത്തില്‍ മാത്രമൊതുങ്ങിയിരുന്ന ഒരു പിടി സ്വപ്‌നങ്ങള്‍ ഞാനറിയാത്ത്‌ ആരോടൊക്കെയോ പങ്കു വെച്ചു.
കൂടുമ്പോള്‍ ഇമ്പമേറുന്ന കുടുംബത്തില്‍ അല്ലെങ്കില്‍ തറവാട്ടില്‍ എത്തിയാല്‍ ഞാന്‍ ജീവിക്കുന്നത്‌ യഥാര്‍ഥലോകത്താണ്‌. അവിടെ എനിക്കായി പച്ച വിരിച്ച ഒരു ഗ്രാമവും ലാളിക്കാന്‍ മത്സരിക്കുന്ന ഒരു വലിയ കുടുംബവുമുണ്ട്‌. അതുകൊണ്ടു തന്നെ മഴയെയും വെയിലിനെയും കുറിച്ചെഴുതുമ്പോള്‍ ഇവരും അതില്‍ ഉള്‍പ്പെടുന്നു.
തൊഴില്‍രഹിതയായി വീട്ടിലിരുന്നപ്പോള്‍ ആശ്വാസമായത്‌ സോഷ്യല്‍ മീഡിയയാണ്‌. ഇല്ലെങ്കില്‍ ഭ്രാന്തിയായി പോയേനെ ഞാന്‍! ഇന്നു പഴയ പോലെ നവമാധ്യമജീവി അല്ലെങ്കിലും എന്റെ ശേഷിപ്പുകള്‍ പല സൈറ്റുകളിലുമും കാണാം. ഇടയ്‌ക്കൊന്നു പൊടിതട്ടിയെടുക്കും, ഞാനും ഈ പുതുലോകത്തു ജീവിക്കുന്നുണ്ടെന്ന്‌ അറിയിക്കാന്‍!