
ഇന്നാണ്
പോലും സോഷ്യല്‍ മീഡിയാ ഡേ അഥവാ നവമാധ്യമദിനം. എല്ലാത്തിനും ഒരു ദിവസം കൊടുക്കുന്നതു
പോലെ ഇതിനും കിട്ടി. കള്ളും കഞ്ചാവും പുകവലിയുമൊക്കെയുളള പോലെയാണ്
നവമാധ്യമമെന്നാണ് ശാസ്‌ത്രവും ബുദ്ധിജീവികളും പറയുന്നത്. എന്നാല്‍
ഇവന്‍മാരുടെയൊക്കെ വിശേഷങ്ങള്‍ കൊട്ടിഘോഷിക്കാന്‍ ആദ്യം ആശ്രയിക്കുന്നതും
ഇതിനെത്തന്നെയാണ്.
അത്യാവശ്യം ഈ ദുശ്ശീലം കിട്ടിയ കുരുത്തംകെട്ട ഒരു പെണ്ണാണ്
ഞാനും. എസ്‌എംഎസ് ആയിരുന്നു തുടക്കം. പിന്നെ ഓര്‍ക്കുട്ട്, ഗൂഗിള്‍ ബസ്സ്,
ഫേസ്‌ബുക്ക്, ബ്ലോഗ്, പ്ലസ്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍
ഇങ്ങനെ ആ നിര നീണ്ടു പോകും. ബ്ലോഗിലെ രൂപ്‌സും ഫേസ്‌ബുക്കിലെ രൂപ കരുമാരപ്പറ്റയും
ട്വിറ്ററിലെ രൂപകുട്ടിയുമൊക്കെയായി ജീവിതം. ബ്ലോഗ് എന്റെ ലോകവും ഫേസ്‌ബുക്ക്
വീടും ട്വിറ്റര്‍ ഓഫീസുമായി. സുഹൃത്തുക്കളുമായി ഗൂഗിള്‍ ചാറ്റില്‍
കത്തിയടിക്കാറുമുണ്ട്.
ഈ അസുഖം എപ്പോള്‍ തുടങ്ങിയെന്നു ചോദിച്ചാല്‍
ഒന്നാലോചിക്കേണ്ടി വരും. പക്ഷെ എനിക്ക് ഡിഗ്രി കഴിഞ്ഞാണ് ഒരു ഇമെയില്‍ വിലാസം
ഉണ്ടാക്കിയത് എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ! സത്യമാണ്. ഞാന്‍
ഇന്റര്‍നെറ്റ് എന്താണെന്നു പഠിക്കുന്നത് ബിരുദമെടുത്തതിനു ശേഷമാണ്. പിന്നീട്
ഒരു യാത്രക്കാരിയായി ഞാന്‍ ഇ-ലോകത്തു അലഞ്ഞു നടന്നു. പലതും പഠിച്ചു, ലഭിച്ചു!
ഒളിപ്പിക്കേണ്ടതും പുറത്തു പറയേണ്ടതും വേര്‍തിരിക്കാന്‍ മനസ്സിലായി. അകറ്റുവാനും
അടുപ്പിക്കുവാനും പഠിച്ചു.
തൊട്ടാവാടിയും നിശ്ശബ്ദയുമായ എന്നെ നവമാധ്യമം
വായാടിയാക്കി. കൂട്ടായ്‌മകളെ നയിക്കാന്‍ സഹായിച്ചു. കൊഴിഞ്ഞു പോകുന്ന ബന്ധങ്ങളുടെ
മുറിവുകള്‍ പുതിയവ ഉണക്കി. ലോകം കൂടുതല്‍ വിശാലമായി. നാലുകെട്ടിലെ നടുത്തളത്തില്‍
മാത്രമൊതുങ്ങിയിരുന്ന ഒരു പിടി സ്വപ്‌നങ്ങള്‍ ഞാനറിയാത്ത് ആരോടൊക്കെയോ പങ്കു
വെച്ചു.
കൂടുമ്പോള്‍ ഇമ്പമേറുന്ന കുടുംബത്തില്‍ അല്ലെങ്കില്‍ തറവാട്ടില്‍
എത്തിയാല്‍ ഞാന്‍ ജീവിക്കുന്നത് യഥാര്‍ഥലോകത്താണ്. അവിടെ എനിക്കായി പച്ച വിരിച്ച
ഒരു ഗ്രാമവും ലാളിക്കാന്‍ മത്സരിക്കുന്ന ഒരു വലിയ കുടുംബവുമുണ്ട്. അതുകൊണ്ടു തന്നെ
മഴയെയും വെയിലിനെയും കുറിച്ചെഴുതുമ്പോള്‍ ഇവരും അതില്‍
ഉള്‍പ്പെടുന്നു.
തൊഴില്‍രഹിതയായി വീട്ടിലിരുന്നപ്പോള്‍ ആശ്വാസമായത് സോഷ്യല്‍
മീഡിയയാണ്. ഇല്ലെങ്കില്‍ ഭ്രാന്തിയായി പോയേനെ ഞാന്‍! ഇന്നു പഴയ പോലെ നവമാധ്യമജീവി
അല്ലെങ്കിലും എന്റെ ശേഷിപ്പുകള്‍ പല സൈറ്റുകളിലുമും കാണാം. ഇടയ്‌ക്കൊന്നു
പൊടിതട്ടിയെടുക്കും, ഞാനും ഈ പുതുലോകത്തു ജീവിക്കുന്നുണ്ടെന്ന്
അറിയിക്കാന്‍!
പാതിയടഞ്ഞ കണ്ണുകളെന്നോട് പറയുന്നു,
ഒന്നു ഉറങ്ങിക്കൂടേ! ഇല്ല, എനിക്കു സാധിക്കുന്നില്ല. പുറത്തു ഇരുളുന്ന ആകാശം
ഭയപ്പെടുത്തുന്നതിനു പകരമെന്നെ മത്തു പിടിപ്പിക്കുന്നു. എഴുതി തുടങ്ങിയ വിഷയവും
അവസാനിപ്പിക്കുന്നതും രണ്ടു വ്യത്യസ്‌തമായ തലങ്ങളിലുളളതാകുമെന്നു പൂര്‍ണ്ണ
ബോധ്യമുളളതുകൊണ്ട് മഴയെക്കുറിച്ചുളള പുസ്‌തകമെടുത്തു വായിക്കാന്‍ തീരുമാനിച്ചു.
ബാല്‍ക്കണിയില്‍ കസേരയിട്ടിരുന്നെങ്കിലും പച്ച പുറംചട്ടയുളള പുസ്‌തകം തുറക്കാന്‍
തോന്നിയില്ല. മനസ്സ് എഴുതണമെന്ന ഒറ്റ വാശിയിലാണ്. ചിലപ്പോള്‍ എന്തെങ്കിലും
കുറിക്കാന്‍ ഇരുന്നാല്‍ പോലും ചിന്തകള്‍ വാക്കുകളാക്കാന്‍ കഷ്ടപ്പെടാറുണ്ട്.
ഇന്നലെ ഉച്ചയ്‌ക്കു തുടങ്ങിയ മഴയാണ്. ഗ്രാമങ്ങളിലെ മഴയ്‌ക്കൊരു പ്രത്യേക
ഭംഗിയാണ്. കോഴിക്കോടു നഗരത്തില്‍ ആ മനോഹാരിത പ്രതീക്ഷിക്കുന്നതു തന്നെ വ്യര്‍ത്ഥം.
ഫ്‌ളാറ്റിലെ ഒന്നാം നിലയിലിരുന്നു മഴയോടു കിന്നാരം പറയുമ്പോള്‍ ആകാശത്തേക്കു മാത്രം
നോക്കും. ഭൂമിയില്‍ കറുത്ത മണ്ണു കലക്കി ഒഴുകുന്ന മഴയേക്കാളിഷ്ടം മാനത്തു നിന്നു
താഴേക്കു പതിക്കുന്നതു കാണാനാണ്. തെങ്ങിന്റെ ഓലകളെ തഴുകിയും മാവിന്റെ ഇലകളെ
ചുംബിച്ചും കാറ്റിനോടു കിന്നാരം പറഞ്ഞും ഭൂമിയിലേക്കു കുതിക്കുന്ന മഴത്തുള്ളികളുടെ
വികൃതികള്‍ ആര്‍ക്കാണു കണ്ടു മതിവരിക!
ചിലപ്പോഴെങ്കിലും വര്‍ഷം എന്നെ
കരയിച്ചിട്ടുണ്ട്. നഷ്ടങ്ങളും ഓര്‍മ്മകളും പെയ്‌തിറക്കി മഴ മനസ്സില്‍ വിതുമ്പലും
സമ്മാനിക്കാറുണ്ട്. ഇരുണ്ട മഴക്കാലത്തേക്കാള്‍ വരണ്ട വേനലാണ് ഭേദമെന്നു
തോന്നിപ്പോയ നിമിഷങ്ങളുമുണ്ട്. ചുറ്റിലുമുളള ഇരുട്ട് കൂടി. എങ്കിലും ഫാനോ ലൈറ്റോ
ഇടാന്‍ തോന്നുന്നില്ല. മഴയുടെ ഭംഗി നശിപ്പിക്കണ്ട. ലോകാവസാനം ഇങ്ങനെയാണെന്നൊക്കെ
മതഗ്രന്ഥങ്ങളിലുണ്ടത്രെ.
മഴപ്പാറ്റയുടെ ജന്‍മം കിട്ടാന്‍ കൊതി. പുതുമണ്ണിന്റെ
ഗന്ധത്തില്‍ പിറന്ന് നനഞ്ഞ ഭൂമിയില്‍ പാറിപ്പറന്ന് അതേ സ്ഥലത്തു മരിച്ചു
വീഴുന്നവര്‍. ഏതാനും മണിക്കൂറുകള്‍ മാത്രമുളള ജീവിതം. മോഹങ്ങളോ ഭംഗങ്ങളോ ജനിക്കാനോ
നശിക്കാനോ സമയമില്ല. ഉളളപ്പോള്‍ പറന്നുല്ലസിച്ച് തീരുന്നു.
മഴ ഇനിയും
കനക്കുമെന്നാണ് പ്രവചനം. കഷ്ടങ്ങളും നഷ്ടങ്ങളും മാധ്യമങ്ങള്‍ കണക്കെടുക്കുന്നു.
പക്ഷെ എന്നെപ്പോലെ ചില വിചിത്രജീവികള്‍ ഈ പേമാരി തീരരുതെന്ന് ആശിക്കുന്നു.
അവസാനിക്കട്ടെ എല്ലാം ഈ മഴത്തുളളിക്കിലുക്കത്തില്‍!

മെയ് എനിക്കു ഏറ്റവും
പ്രിയപ്പെട്ട മാസമാണ്. മെയ് ഫ്‌ളവര്‍ ഉണ്ടാകുന്നതും എന്റെ മാതാപിതാക്കളുടെ വിവാഹം
കഴിഞ്ഞതും ഞാനും അനിയനും ഈ ഭൂമിയിലേക്കു വന്നതും ഈ മാസമാണ്. കഴിഞ്ഞ വര്‍ഷം മെയ്
എനിക്കു സമ്മാനിച്ചത് സ്വപ്‌നതുല്യമായ ഒരു ജോലിയാണ്.
മറ്റേതൊരു
തൊഴില്‍രഹിതരേയും പോലെ ഞാനും അലഞ്ഞു നടന്നു... മുട്ടാത്ത വാതിലുകളോ എഴുതാത്ത
പരീക്ഷകളോ ഇല്ല. കുട്ടികളെ പഠിപ്പിച്ചു വെടക്കാക്കരുതെന്നു കരുതി അധ്യാപനത്തില്‍
ഒരു കൈ നോക്കിയില്ല. യഥാര്‍ഥ പത്രത്തിന്റെ ശക്തി അറിയിക്കുന്ന മാതൃഭൂമിയുടെ
പരീക്ഷയും മുഖാമുഖവും കഴിഞ്ഞു യാതൊരു പ്രതീക്ഷയുമില്ലാതെ ഇരിക്കുകയായിരുന്നു.
വ്യത്യസ്‌തതയും അതിലുപരി എനിക്കേറെ പ്രിയപ്പെട്ടതുമായ പേരിനുടമയായ ഉത്തര നവീന്‍
എന്നെ വിളിച്ച് മാതൃഭൂമി കുടുംബത്തിലേക്കു സ്വാഗതമെന്നു പറഞ്ഞപ്പോള്‍ വളരെയേറെ
സന്തോഷം തോന്നി.
ഞാന്‍ മലയാളഭാഷ ആദ്യമായി വായിച്ചു തുടങ്ങിയ പത്രം, മുത്തശ്ശന്‍
എഡിറ്റോറിയല്‍ പേജിലടക്കം എഴുതിയ പ്രസിദ്ധീകരണം... പേടി തോന്നി ഓഫീസിനു
മുന്‍പിലെത്തിയപ്പോള്‍! മലയാളി മങ്ക എന്ന കവി ഭാവന അന്വര്‍ത്ഥമാക്കുന്ന ഒരു മുഖം
എന്നെ സ്വാഗതം ചെയ്‌തു, സരസ്വതിയെന്നു പേര്.
വലിയങ്ങാടിയിലെ വലിയ
മാര്‍ക്കറ്റുകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാതൃഭൂമി ഹെഡ് ഓഫീസില്‍
നിന്നു ഞങ്ങളെ കൊണ്ടു പോയത് പ്രസിന്റെ കെട്ടിടത്തിലേക്കാണ്. പത്രമൊഴികെയുളള
പ്രസിദ്ധീകരണങ്ങളും ചാനലും പ്രസും പ്രവര്‍ത്തിക്കുന്നത് അവിടെയാണ്. സ്വീകരിച്ചത്
ന്യൂസ് പ്രിന്റുകളുടെ ഭ്രമിപ്പിക്കുന്ന മണവും ഓരോ നിമിഷവും ചലിക്കുന്ന
യന്ത്രങ്ങളുടെ ശബ്ദവും പുറത്തേക്കു നോക്കിയാല്‍ അനന്തമായി കിടക്കുന്ന കടലിന്റെ
കാഴ്‌ചയുമാണ്.
ഒരു ഹാളില്‍ മൂന്നാഴ്‌ച ക്ലാസ്. അതിനിടയ്‌ക്കു ലഭിച്ച ചില
ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍- ആമി അശ്വതി, രേഖ നമ്പ്യാര്‍, സൗമ്യ, ശിവദേവ്, റീഷ്‌മ
ദാമോദര്‍, രശ്‌മി രഘുനാഥ്, ലിസി, സൂര്യ സുരേഷ്, ജിനോ, രാഖി, സുനില്‍,
ജസ്‌റ്റിന്‍. പലരും മറ്റു പല വഴിക്കു തിരിഞ്ഞെങ്കിലും സൗഹൃദം നിലനില്‍ക്കുന്നു.
മനസ്സു തുറന്നു ചിരിച്ചു കളിച്ചു കലാലയജീവിതത്തെപ്പോലെ ആഘോഷിച്ചു.
അതു കഴിഞ്ഞ്
ജോലിയിലേക്ക്. മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്ന ഒരു സംഭവമുണ്ട്. ഡസ്‌കില്‍
(എഡിറ്റിംഗ് സെക്ഷന്‍) പോസ്‌റ്റിങ്ങ് കിട്ടി അധികം കഴിയാതെ ഒരു മഴ പെയ്യുന്ന
വൈകുന്നേരം ഒരു ചെറിയ മനുഷ്യന്‍ കടന്നു വന്നു അടുത്തിരിക്കുന്ന സഹപ്രവര്‍ത്തകനോട്
സംസാരിച്ചു തിരിച്ചു പോയി. നനഞ്ഞു കുളിച്ചു വന്ന ആ വ്യക്തി വാര്‍ത്ത കൊടുക്കാന്‍
വന്ന ആരെങ്കിലുമാണെന്നു ധരിച്ച് ഞാന്‍ ജോലി തുടര്‍ന്നു. അപ്പോള്‍ എന്റെ
സഹപ്രവര്‍ത്തകന്‍ ചോദിച്ചു: "അയാളെ അറിയില്ലേ, ആര്‍ട്ടിസ്‌റ്റ് മദനന്‍." ഈശ്വരാ!
ഒരുപാടു കേട്ടിട്ടുണ്ട് ആ മഹാനെക്കുറിച്ച്... വര്‍ണ്ണങ്ങള്‍ കൊണ്ട് കവിത
രചിക്കുന്ന മഹാചിത്രകാരന്‍, എന്തൊരു എളിമ... അങ്ങനെ ഒരുപാടു മുഖങ്ങള്‍-
ഗോപികൃഷ്‌ണന്‍, രജീന്ദ്രകുമാര്‍, ഫോട്ടോഗ്രാഫര്‍ മധുരാജ്, നിരൂപകന്‍ പി. കെ.
രാജശേഖരന്‍, എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍, ഷാജികുമാര്‍, ഡോ. കെ ശ്രീകുമാര്‍.
ലിസ്‌റ്റ് നീണ്ടു പോകും.
രാത്രി പകലാക്കിയുളള ജോലിയും ഒടുവില്‍ പേജ് അയച്ച്
മേശക്കു ചുറ്റുമിരുന്ന് അര്‍ധരാത്രിയുളള ചായകുടിയും കമ്പനിയുടെ കാറില്‍
മടങ്ങുമ്പോള്‍ പുറത്തു കാണുന്ന അശരണരുടെ ഭീകരമായ നിശാജീവിതവും ആദ്യമായി പേര്
അച്ചടിച്ചു വന്ന സന്തോഷവും ഓഫീസിലെ ഏറ്റവും ഇളയ ആള്‍ എന്ന നിലയില്‍ കിട്ടുന്ന
ലാളനയും... കുറെ എഴുതണമെന്നു കരുതിയതാണ്! പക്ഷെ വാക്കുകള്‍ മുറിയുന്നു. നന്ദി
മാതൃഭൂമിക്കും എന്നെ പ്രോത്സാഹിപ്പിച്ചവര്‍ക്കും.