9.10.19

മുംബൈ യാത്ര - 1



(ചിത്രം: റീനേടത്തിയുടെ ഫ്ലാറ്റിലെ ജനലിലൂടെയുളള കാഴ്ച)

ആ യാത്ര ഒരു കടം വീട്ടലായിരുന്നു. എന്റെ വിവാഹം കഴിഞ്ഞ് ആറു വർഷമായിട്ടും ഭർതൃസഹോദരിയെ സന്ദർശിക്കാൻ സമയം കിട്ടിയിട്ടില്ലെന്ന സ്‌നേഹപൂർണമായ പരിഭവം അവസാനിപ്പിക്കാനുളള ഒരു കൊച്ചു അവധിക്കാലം. എന്റെയും മകന്റെയും കന്നി വിമാനയാത്ര. ടിക്കറ്റ് നിരക്കും യാത്രാ സമയവും കുറവുളള വിമാനത്താവളത്തിനായുളള തിരച്ചിലാണ് കണ്ണൂരിൽ അവസാനിച്ചത്. സെപ്റ്റംബർ മുപ്പതിന് പെരുമഴ പെയ്യുന്നൊരു രാത്രിയിലാണ് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. കാറിൽ ഞാനും മകനും ഭർത്താവും അദ്ദേഹത്തിന്റെ അമ്മയും. എന്റെ അമ്മയുടെ നാടാണ് കണ്ണൂരെങ്കിലും പലപ്പോഴും എനിക്ക് വഴി തെറ്റും. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ മട്ടന്നൂരിൽ അമ്മയുടെ കസിന്റെ വീട്ടിലെത്തി. അവരുടെ ഡ്രൈവർ ഞങ്ങളെ എയർപോട്ടിലെത്തിച്ചു. ഒക്ടോബർ ഒന്നിന് പുലർച്ചെ മൂന്നിനാണ് വിമാനം പുറപ്പെടുക. ആദ്യം വിമാനത്താവളത്തിലേക്കുളള ചെക്കിങും പിന്നെ ടിക്കറ്റ് വാങ്ങലും ശാരീരിക പരിശോധനകളും മറ്റു നടപടി ക്രമങ്ങളും പൂർത്തിയാക്കി. ഗവിയിലേക്കുളള കെ.എസ്.ആർ.ടി.സി. ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെപ്പോലെ വല്ലപ്പോഴും വരുന്ന വിമാനങ്ങൾക്കായി ഉണരുകയും പിന്നീട് ആളനക്കമില്ലാതാകുകയും ചെയ്യുന്ന എയർപോട്ടാണ് കണ്ണൂരിലേത്.

പേടിപ്പിക്കും ടേക്ക് ഓഫും ലാൻഡിങ്ങുമെന്ന് പല വഴിക്ക് കേട്ടെങ്കിലും സംഭവം എന്നെ പരിഭ്രമിപ്പിച്ചില്ല. ഇരുട്ടായതിനാൽ സൈഡ് സീറ്റ് കിട്ടിയിട്ടും കാര്യമുണ്ടായില്ല. മുംബൈ സി.എസ്.ടി വിമാനത്താവളത്തിൽ ഏടത്തിയുടെ മകൻ അപ്പു കാറുമായി വന്നു. പത്രത്തിൽ മുംബൈ വാർത്തകൾ കൈകാര്യം ചെയ്തതിനാൽ അവിടുത്തെ പ്രാദേശിക പേരുകളും സവിശേഷതകളും കുറേയൊക്കെ സുപരിചിതമായിരുന്നു. അതെല്ലാം നേരിട്ടു കാണുന്നതിന്റെ ഉത്സാഹം എന്റെ മുഖത്ത് പ്രകടമായിരുന്നു.

വിമാനത്താവളത്തിൽനിന്ന് പുറത്തു കടന്നത് ഏകദേശം അഞ്ചരയ്ക്കാണ്. ചെമ്പൂരിലുളള ഏടത്തിയുടെ ഫ്‌ളാറ്റിലേക്ക് ഏകദേശം പത്തു കിലോമീറ്ററിനടുത്തുണ്ട്. അവിടെയെത്തി ആറാം നിലയിലിറങ്ങിയപ്പോൾ ജനാലയിലൂടെ സൂര്യരശ്മികൾ ഞങ്ങൾക്ക് സ്വാഗതമോതി. യാത്രാക്ഷീണവും ഉറക്കവും തളർത്തിയ ഞങ്ങൾ ഉറങ്ങി ഉച്ചയ്ക്കുശേഷം കാഴ്ചകൾ കാണാൻ തീരുമാനിച്ചു.


തുടരും...

15.9.19

ഓർമയോണം...




ഓരോ പെൺകുട്ടിയും വിവാഹം കഴിഞ്ഞു ഇറങ്ങിപ്പോകുമ്പോൾ ആത്മാവിന്റെ ഒരു അംശം അവളെ അവളാക്കിയ ലോകത്തു വെച്ചു പോകുന്നു. ഓണവും വിഷുവും ആ സ്വത്വത്തിന്റെ ഓർമകളിലേക്കുള്ള മടക്കയാത്രയാകുന്നു. അമ്മയായാലും മുത്തശ്ശിയായാലും ഈ കൊതിക്കു അവസാനമില്ല. സദ്യ വിളമ്പിയ ഇലയ്ക്കു മുമ്പിലിരുന്ന് അച്ഛനുമമ്മയ്ക്കുമൊപ്പം കഴിക്കുന്നതായി സങ്കൽപ്പിക്കും. ആഘോഷസമയത്ത് കൂട്ടുകുടുംബമായി മാറുന്ന വീടുകളിൽ നിന്നും പോയ സ്ത്രീകളുടെ കഥ പറയുകയും വേണ്ട...


അവസാനം പറഞ്ഞ ഗണത്തിലാണ് ഞാനുള്ളത്. ഓണത്തെക്കുറിച്ചു ഓർക്കുമ്പോൾ മുത്തശ്ശി താമസിക്കുന്ന പുല്ലാനിക്കാട് എന്ന വീടാണ് ആദ്യം ഓർമ വരിക. ചെമ്പിൽ പുഴുങ്ങിയ പഴത്തിന്റെയും നാലായി നുറുക്കിയ വറുത്തുപ്പേരിയുടെയും വാട്ടിയ നാക്കിലയുടെയും വാസനയാണ് ഓണത്തിന്. "ഓണമാണ്. കൈയും കഴുത്തും ഇങ്ങനെ ഒഴിഞ്ഞു കിടക്കരുത് കുട്ട്യോളെ" സ്വർണം ധരിക്കാൻ ഇഷ്ടമില്ലാത്ത എന്നെയും അപ്ഫന്റെ മകൾ അളക ഏടത്തിയേയും മുത്തശ്ശി ശാസിക്കും. എന്നിട്ടും ഞങ്ങൾ നന്നായിട്ടൊന്നുമില്ലാട്ടോ. 'ഓണായിട്ട് മുഷിഞ്ഞ മുണ്ടാണോ ഉടുത്തത്', 'തലമുടിയൊക്കെ പാറിപ്പറന്നു, ഇത്തിരി എണ്ണ തേച്ചു വൃത്തിയിലൊക്കെ നടന്നൂടെ'... അങ്ങനെ നീളും എന്റെ അനിയന്മാരോടുള്ള മുത്തശ്ശിയുടെ സ്നേഹപ്രകടനം.


വേലായുധൻ ഉണ്ടാക്കിയ തൃക്കാക്കരപ്പനുണ്ടാവും മുറ്റത്ത്. മണ്ണ് കുഴച്ചു കൃത്യമായ ആകൃതിയിൽ നിർമിച്ചെടുക്കാൻ അസാമാന്യ കൈവഴക്കമാണ് മൂപ്പർക്ക്. ചാണകം മെഴുകിയ മുറ്റത്ത് പീഠത്തിന്മേലും നിലത്തുമായി നിരവധി 'തൃക്കാരപ്പൻ'മാർ ഉണ്ടാവും. അരിപ്പൊടി കൊണ്ട് നിലം 'അണിയും'. അലങ്കാരത്തിന് ഇത്തിരി പൂക്കളും. പൂവിളിക്കണമെന്ന് അച്ഛന്റെ നേരെ താഴെയുള്ള അനിയൻ, വല്ല്യപ്ഫൻ പറയും. ശബ്ദം പോരെന്ന് പറഞ്ഞു ഉറക്കെ വിളിച്ചു കാണിക്കും അപ്ഫൻ. ഓണവില്ലു ആദ്യമായി പരിചയപ്പെടുത്തിയതും എനിക്ക് മീട്ടി തന്നതും ഇദ്ദേഹമാണ്.
രാവിലെ എഴുന്നേറ്റ് കുളത്തിൽ കുളിച്ചു അമ്പലത്തിലും തറവാട്ടിലും തൊഴും. ഇല്ലത്തെ മുത്തശ്ശി (അച്ഛന്റെ ചെറിയമ്മ) തൃക്കാരപ്പനെ അലങ്കരിച്ച കൂട്ടത്തിൽ 'തിരുവോണം സുഖം' എന്ന് അരിപ്പൊടിയിൽ എഴുതി വെക്കും. പൂമുഖത്തും 'നാന്റുള്ളിലും' (നാലുകെട്ടിൽ) തൃക്കാരപ്പനെ വെക്കും. ഇല്ലത്ത് പഴുത്ത പഴത്തിന്റെ ഗന്ധമാണ് നമ്മളെ വരവേൽക്കുക. വേഗം വേട്ടക്കരനെ തൊഴുത് പുല്ലാനിക്കാട്ടിലേക്ക്. ദിവസവും ദോശ നിർബന്ധമുള്ള ഞങ്ങൾ കുട്ടികൾക്ക് ഓണക്കാലത്തെ പഴം, പപ്പടം, വറുത്തുപ്പേരി അടങ്ങിയ പ്രാതൽ കഴിക്കാൻ ഇത്തിരി നീരസമൊക്കെ ഉണ്ട്. പക്ഷേ വേറെ വഴിയില്ല.


സിഗ്നൽ കിട്ടാത്ത ആന്റിന ഞങ്ങളുടെ ബാല്യകാലത്തെ ടിവിയുടെ മുമ്പിൽ തളച്ചിട്ടില്ല. ഉച്ചക്ക് വടക്കിനിയിൽ നിലത്തിരുന്നു ഊണ്. വിറകടുപ്പിൽ ചീനച്ചട്ടിയിൽ ഉണ്ടാക്കുന്ന നേന്ത്രക്കായയും ചേനയും ഉപ്പേരി (മെഴുക്കുപുരട്ടി) ഇരുമ്പിന്റെ വലിയ കരണ്ടിയിലേക്കെടുത്ത് വിളമ്പും. കൽച്ചട്ടിയിലെ കാളനും ഓലനും സാമ്പാറും എരിശ്ശേരിയും... ഭരണിയിലിട്ട കടുമാങ്ങയും പല സ്വാദ് നാവിലെത്തുന്ന മുളകാപച്ചടിയും (പുളിയിഞ്ചി)... പപ്പടവും കായ വറുത്തതും. തൈര് കടഞ്ഞെടുത്ത വെണ്ണയുരുക്കിയ നെയ്യ്. അവസാനം അമ്പലത്തിലെ എമ്പ്രാന്തിരി ഭഗവാനുണ്ടാക്കി നേദിച്ച പാൽപായസവും. ഇലയിൽ ഓരോ വിഭവത്തിനും ഓരോ സ്ഥാനമുണ്ട്. അവ കടുകിട തെറ്റിയാൽ മുത്തശ്ശിയും ബാക്കിയുള്ളവരും ചീത്ത പറയും. അതുകൊണ്ട് തന്നെ ഇന്നും ആ സ്ഥാനങ്ങൾ കാണാപ്പാഠം ആണ്.


പിന്നീട് ഞങ്ങൾ പുല്ലാനിക്കാടിനു അടുത്ത് ഒരു വീടുണ്ടാക്കി. അതിനുമുമ്പുള്ളവർ വിളിച്ച ചെറുകാവ് എന്നുതന്നെ വിളിച്ചു. അവിടെ തൃക്കാരപ്പന് പകരം പൂക്കളം ഇട്ടു. മുക്കുറ്റിയും തുമ്പയും ചെമ്പരത്തിയും ഓണപ്പൂവും പൂക്കളത്തിന് വർണം പകർന്നു. തികയാതെ വരുമ്പോൾ അങ്ങാടിയിൽ പോയി അന്യനാടുകളിൽ നിന്നെത്തിയ പൂക്കൾ കവറുകളിൽ വാങ്ങും. അളകേടത്തി, ഞാൻ, അമ്മിണി, അന്തി, കുട്ടൻ, അപ്പു, ആര്യക്കുട്ടി, അനിയൻകുട്ടൻ എന്നിവരാണ് പൂക്കളമൊരുക്കുക. ഇതിൽ അവസാനത്തെ മൂന്നുപേർ ഒഴികെ ബാക്കിയെല്ലാവരും വിവാഹിതരായി. കുട്ടന്റെ വധുവായി ശ്രീലക്ഷ്മിയെത്തി. ഞാനടക്കം നാലുപേർ കല്യാണം കഴിഞ്ഞു ഭർതൃഗൃഹത്തിൽ. വേലായുധൻ മരിച്ചു. മുത്തശ്ശിമാർക്ക് വയസ്സായി. അച്ഛന്റെ അമ്മ മുറിയുടെ പുറത്തിറങ്ങാറില്ല. അച്ഛന്റെ ചെറിയമ്മയ്ക്കും പ്രായത്തിന്റേതായ അവശതകളുണ്ട്. പുല്ലാനിക്കാട് പുതുക്കി പണിയുകയാണ്. തറവാട് പൂജാദികാര്യങ്ങൾക്കു മാത്രമേ തുറക്കാറുള്ളൂ. 

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓണം കോഴിക്കോട്ടെ ഫ്ലാറ്റിലാണ്. ഇത്തവണ താഴത്തെ നിലയിലായതിനാൽ മുറ്റത്തു നിൽക്കുന്ന വാഴയിൽ നിന്ന് ഇല അരിഞ്ഞു സദ്യ വിളമ്പി. വൈകീട്ട് കൃഷ്ണക്ഷേത്രത്തിൽ തൊഴുതു. ഒടുവിൽ രാത്രി പെയ്ത മഴയിൽ ഞാൻ ഓർമകളെ അലിയിച്ചു പിന്തിരിയാതെ യാഥാർഥ്യത്തിന്റെ ലോകത്തേക്ക് നടന്നുനീങ്ങി...!


ചിത്രം: തറവാട്ടിലേക്കുള്ള വഴി; ഞാനെടുത്ത പടം

27.2.19

പകലിന്റെ ചൂടിലേക്ക്



മനസ്സു പിടയുമ്പോഴാണ് എഴുതാന്‍ തോന്നുക. പ്രിയമുളളവരാരും വായിക്കില്ലെന്ന് നൂറുശതമാനം അറിയുമെങ്കിലും അക്ഷരങ്ങളോടു നര്‍മസംഭാഷണം നടത്തിയാല്‍ വലിയൊരാശ്വാസമാണ്. കാലവും ദേശവും മാറിമാറി ഒടുവില്‍ ഇവിടെ പുലമ്പിയിരുന്ന് ഒന്നിനും കൊളളില്ലെന്ന് ഹൃദയം മന്ത്രിക്കുമ്പോള്‍ വാക്കുകളില്‍ അഭയം തേടും.

സൂര്യന്റെ ചൂടിനെ ഭയപ്പെട്ട് ഇരുട്ടിലോടിയൊളിക്കാന്‍ വെമ്പും. അവിടെ എനിക്കായി പുഞ്ചിരി തൂകി നക്ഷത്രങ്ങളും ചന്ദ്രനും കാത്തിരിക്കും. പകലിന്റെ രൗദ്രത മറന്ന് സ്വസ്ഥമായുറങ്ങണമെന്ന് രാവിന്റെ ഇളംതണുപ്പ് എന്നോട് മന്ത്രിക്കും.


തേങ്ങലുകള്‍ക്കിടയില്‍ വിങ്ങലായും വേദനയായും എന്നെ മുറിവേല്‍പ്പിക്കുന്ന മുളളുകള്‍ എനിക്കായി ശയ്യ ഒരുക്കുന്നുവെന്നറിഞ്ഞുതന്നെ നിദ്രയെ പുല്‍കാന്‍ ഞാനൊരുങ്ങും. ഭ്രാന്തിയുടെ ജല്പനങ്ങളായി മറ്റുളളവര്‍ പരിഹസിക്കുമ്പോള്‍ എന്റെ ശരികള്‍ കാണുന്ന നിഴല്‍ പോലും പകലെന്നെ തനിച്ചാക്കി മറയും. സ്വപ്നത്തില്‍ എനിക്കൊപ്പം നടക്കാന്‍ നിഴലുണ്ട്. ഇടയ്ക്ക് ഞെട്ടിയുണരുമ്പോള്‍ സൂര്യരശ്മികള്‍ എന്റെ കണ്ണുകളിലേക്ക് തറച്ചുകയറും.
അതേ, യാഥാര്‍ഥ്യവും നിഴലും തമ്മിലുളള അകലം അളക്കാവുന്നതിലും കൂടുതലാണ്. ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് അറിഞ്ഞുതന്നെ ഞാന്‍ വീണ്ടും പകലിന്റെ ചൂടിലേക്ക് കുട ചൂടാതെ ഇറങ്ങണം...