2.9.15

അഭിമുഖത്തിനിടയില്‍...



ചിലപ്പോള്‍ അങ്ങനെയാണ്‌, എഴുതിയില്ലെങ്കില്‍ ഒരു വല്ലായ്‌മ. എന്റെ ഈ ഇടത്തില്‍ എനിക്കു തോന്നുന്നതൊക്കെ കുത്തിക്കുറിച്ചു കൊണ്ടിരിക്കണം. ചെറുകാവ്‌ എന്നു പഴയ ഉടമസ്ഥര്‍ പേരിട്ട എന്റെ വീട്ടിലിരിക്കുന്ന സുഖശീതളിമയില്‍ പ്രവഹിച്ച വാക്കുകളുടെ സുഗന്ധമോ സൗന്ദര്യമോ എന്റെ ഭാവനയ്‌ക്കു പിന്നീട്‌ വന്നിട്ടില്ല. വിവാഹം കഴിഞ്ഞാല്‍ ലോകം ചുരുങ്ങുമെന്നു വിശ്വസിച്ചിരുന്നില്ല, രണ്ടു വര്‍ഷം മുമ്പ്‌ വരെ. ആഴ്‌ചയില്‍ ഒരു വാര്‍ത്തയെങ്കിലും എഴുതിയിരുന്ന ഞാന്‍ മാസത്തിലൊന്നു പോലും എഴുതാതെയായി. ദോശമാവ്‌ പരത്തി വട്ടത്തിലാക്കാനും പൊട്ടാതെ കിണ്ണത്തിലെത്തിക്കാനും അരി വാങ്ങാനും പച്ചക്കറിയുടെ വിലയോര്‍ത്ത്‌ ദീര്‍ഘനിശ്വാസം വലിക്കാനും മുഷിഞ്ഞ വസ്‌ത്രങ്ങള്‍ അലക്കിയുണക്കി മടക്കി വയ്‌ക്കാനുമുളള ഓട്ടത്തിനിടയില്‍ ഉച്ചയ്‌ക്ക്‌ ഒരു മണിക്കൂറെങ്കിലും ഉറങ്ങാന്‍ കിട്ടിയാല്‍ ഭാഗ്യം. ഫോണിലെ അലാറത്തിന്റെ നിലവിളി കേട്ട്‌ ഞെട്ടിയുണരുമ്പോഴും ഉറക്കത്തില്‍ സുഖനിദ്രയുടെ സ്വപ്‌നത്തിന്റെ ദൃശ്യങ്ങള്‍ ഓര്‍ത്തെടുക്കാനുളള ശ്രമമാകും. പിന്നീട്‌ ഓഫീസിലേക്കുളള പരക്കം പാച്ചില്‍. അവിടെ വാര്‍ത്തകളുടെ ഇടയില്‍. രാത്രി ഒഴിഞ്ഞ നഗരവീഥിയിലൂടെ കാറില്‍ ഫ്‌ളാറ്റിലേക്ക്‌. അടുത്ത ദിവസത്തേയ്‌ക്കുളള ഭക്ഷണമെന്തൊക്കെയെന്നു കണക്കു കൂട്ടി കിടക്കയിലേക്ക്‌. മൊബൈലില്‍ വന്ന സന്ദേശങ്ങള്‍ വായിച്ച്‌ ആവശ്യമെങ്കില്‍ മറുപടിയും നല്‍കി നിദ്രയേ പുല്‍കുമ്പോള്‍ ബ്രാഹ്മമുഹൂര്‍ത്തമായി കാണും. നാലോ അഞ്ചോ മണിക്കൂറുകളുടെ ഇടവേള. പിന്നീട്‌ വീണ്ടും യാന്ത്രികതയിലേക്ക്‌.

ഈ തിരക്കുകള്‍ക്കിടയിലും ഞാന്‍ എന്നോടു തന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്‌, മാധ്യമപ്രവര്‍ത്തകയാണെന്ന സത്യം. ചുറ്റും നടക്കുന്നത്‌ പോലും കണ്ണോടിക്കാന്‍ കഴിയാതെയുളള ഓട്ടത്തിനിടയില്‍ കിട്ടിയ ഒരു അഭിമുഖം. സിനിമാ സപ്ലിമെന്റിനായി എഴുതാനിരിക്കുന്നു. പുതിയ താരോദയം. ഒരു ചെറു മോശമായ വാക്കു പോലും ആ ചെറുപ്പക്കാരന്റെ ഭാവി കളഞ്ഞേക്കും. ബാല്‍ക്കണിയിലിരുന്ന്‌ എങ്ങനെ തുടങ്ങണമെന്ന്‌ ആലോചിച്ചപ്പോള്‍ മുമ്പില്‍ ഗ്യാസ്‌ സിലിണ്ടര്‍. കഴിഞ്ഞ ആഴ്‌ച തീര്‍ന്നതാണ്‌. ബുക്ക്‌ ചെയ്യാന്‍ ഇനിയും സമയം കിട്ടിയിട്ടില്ല. നിലത്തെ പായകള്‍ കഴുകാനിടണം. നിലം തുടയ്‌ക്കുന്ന തുണി വൃത്തിയാക്കാന്‍ വൈകി. അരി അടുപ്പത്തു തിളച്ചു മറിഞ്ഞോ! ഇല്ല, എഴുതാന്‍ സമയമായിട്ടില്ല. പണിയൊക്കെ തീര്‍ത്തിട്ടിരിക്കാം.

കിടപ്പുമുറി അടുക്കിപ്പെറുക്കിവെച്ച്‌ കസേര വലിച്ചിട്ട്‌ ലാപ്പ്‌ ടോപ്പ്‌ തുറന്നു. പുറത്തു കാട്‌ വെട്ടുന്ന ശബ്ദം. പണ്ട്‌ നിലമ്പൂരിലെ വീട്ടിലൊരു കൃഷ്‌ണന്‍ വരാറുണ്ട്‌. യാതൊരു ഒച്ചയുമില്ലാതെ പണിയെടുക്കും. നിലത്ത്‌ പുല്ലു മുളയ്‌ക്കാറേ ഇല്ലെന്ന മട്ടില്‍ വെടിപ്പാക്കും. വെട്ടിയവയൊക്കെ കുട്ടയിലാക്കി തെങ്ങിന്റെ ചുവട്ടില്‍ കൊണ്ടിടും. മണ്ണിന്റെ മണം മൂക്കിലേക്ക്‌ അടിച്ചു കയറും. ഇവിടെ ആ സുഗന്ധമുണ്ടോ! ഞാന്‍ മൂക്കു വിടര്‍ത്തി നോക്കി. ചെറുതായിട്ടുണ്ട്‌. പക്ഷെ അതിനേക്കാളേറെയുളളത്‌ യന്ത്രത്തില്‍ നിന്നും വരുന്ന ഡീസലിന്റെ ഗന്ധമാണ്‌. അഭിമുഖം എങ്ങനെ തുടങ്ങണം. ആരംഭമാണ്‌ ഓരോ വാര്‍ത്തയിലേക്കും ആളുകളെ ആകര്‍ഷിക്കുന്നത്‌. കുത്തിക്കുറിച്ചു മായ്‌ച്ചും കുറെ നേരമിരുന്നു. പിന്നെ എന്തെങ്കിലുമാകട്ടെയെന്നു കരുതി എഴുതി തുടങ്ങി. കൂട്ടിനു സോപാനസംഗീതവും കഥകളിപദവും ലാപ്‌ടോപ്പില്‍ വച്ചു. താഴെ കാട്ടു വെട്ടാന്‍ വന്നയാള്‍ വെളളത്തിന്റെ പൈപ്പ്‌ മുറിച്ചിരിക്കുന്നു. ഒന്നാം നിലയിലുളള താത്തമാര്‍ അയാളുമായി അങ്കം വെട്ടുകയാണ്‌. തല പുറത്തേയ്‌ക്കിട്ട എന്നോടും അവര്‍ പരാതി പറയുന്നു. കേള്‍ക്കാന്‍ നേരമില്ല, അല്‍പം വെളളം പിടിച്ചു വെയ്‌ക്കണം. ഞാനും സ്വാര്‍ഥയാവുകയാണ്‌.

എങ്ങനെയൊക്കെയോ എഴുതിത്തീര്‍ത്തു. ഒരു പിടി ചോറു വാരി കഴിച്ചു. എല്ലാം ഒതുക്കി വെച്ചപ്പോഴാണ്‌ വായനശാലയില്‍ നിന്നെടുത്ത പുസ്‌തകം കണ്ണില്‍പ്പെട്ടത്‌. മടക്കി കൊടുക്കണം. ആകെ ആഴ്‌ചയിലൊരിക്കലേ കയറൂ. ലൈബ്രറിയിലേക്കു കയറിയപ്പോള്‍ കുറേയായല്ലോ കണ്ടിട്ട്‌ എന്നു അവിടെയിരിക്കുന്ന ചേച്ചിയുടെ കമന്റ്‌. ലോകപ്രശസ്‌ത ചെറുകഥകളെന്നൊരു കനമുളള ഇംഗ്ലീഷ്‌ പുസ്‌തകമെടുത്ത്‌ ബാഗിലിട്ട്‌ ബസ്സില്‍ കയറി.

മാനാഞ്ചിറയിറങ്ങി റോഡു മുറിച്ചു കടക്കാന്‍ നോക്കുമ്പോള്‍ 'കുട്ടി'പോലീസ്‌ തടുത്തു. ഒരു നിമിഷം കാക്കൂ എന്ന സ്‌നേഹപൂര്‍ണ്ണമായ ഉപദേശം. വണ്ടികളെ തടുത്ത്‌ വഴികാണിച്ചു തന്നു. ചിറയുടെ ഓരത്തു കൂടെ നടക്കുമ്പോള്‍ ഒരു കാമുകന്‍ വേലിക്കിടയിലൂടെ നടപ്പാതയിലേക്കു കടന്നു തന്റെ കാമുകിയേയും വിളിക്കുന്നു. പര്‍ദ്ദയണിഞ്ഞ അവള്‍ നാണത്തോടെയും വിഷമത്തോടെയും കഴിയില്ലെന്നു പറയുന്നു. ഒരു വേലിക്കപ്പുറവുമിപ്പുറവും അവര്‍ കൈകോര്‍ത്തു നടന്നു.

മിഠായിത്തെരുവിലെ കലന്തന്‍സ്‌ കൂള്‍ബാറിലേക്ക്‌ ഷൈയ്‌ക്കു കുടിക്കാന്‍ ക്ഷണിക്കുന്ന ജീവനക്കാരന്‍. തെരുവില്‍ പുസ്‌തകം വില്‍ക്കുന്നയാളുടെ പരിചയഭാവം, വിദേശമദ്യക്കടയ്‌ക്കു മുന്നിലെ തിരക്ക്‌... ഓഫീസിലെത്തി ഹാജര്‍ വെച്ചു. എഴുതിയ അഭിമുഖത്തില്‍ കുറച്ചു തിരുത്തലുകള്‍ വരുത്തി അയച്ചു കൊടുത്തു. വാര്‍ത്തകളുടെ ലോകത്തേയ്‌ക്ക്‌, പോള്‍ മുത്തൂറ്റും എസ്‌ കത്തിയും! 

20.7.15

അപരിചിതം ഈ സൗഹൃദം

'എന്തൂന്നാ ഈ കുത്തിക്കുറിയ്ക്കുന്നേ'... തൃശ്ശൂര്‍ ഭാഷയിലുളള വാക്കുകള്‍ കേട്ടപ്പോള്‍ അറിയാതെ തിരിഞ്ഞു നോക്കി. ഇല്ല, എല്ലാം എന്റെ തോന്നല്‍ മാത്രം. തിമിര്‍ത്തു പെയ്യുന്ന മഴയ്ക്കു അങ്ങനെയൊരു അസുഖമുണ്ട്. പണ്ട് എന്റെ ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു, 'മഴയും മഞ്ഞും ആരെയും ഭ്രാന്തരാക്കും.'

പാടവും തോടും വെളളം നിറഞ്ഞ് ഒന്നായി കിടക്കുന്ന ഒരു ദിനത്തിലാണ് വളരെ സ്‌നേഹത്തോടെ കാത്തുസൂക്ഷിച്ചൊരു സൗഹൃദം തകര്‍ന്നത്. സ്ഥാനം കൊണ്ട് ഏട്ടനാണെങ്കിലും (ഇംഗ്ലീഷില്‍ കസിന്‍ എന്നു വായിക്കാം) ബാല്യത്തില്‍ എന്റെ മനസ്സ് ഏറ്റവുമടുത്തു വായിച്ച കൂട്ടുകാരനാണ്. പേരു ചോദിക്കരുത്.

പുസ്തകങ്ങളുമായി കൂട്ടുകൂടിയ എന്നെ സമപ്രായക്കാരായ കുട്ടികള്‍ ഒഴിവാക്കി. നിശ്ശബ്ദമായൊരു ബാല്യമായിരുന്നു എന്റെത്. പിന്നീട് പുസ്തകങ്ങളെയും അക്ഷരങ്ങളെയും ഒഴിവാക്കി ശബ്ദങ്ങളില്‍ അലിഞ്ഞു ചേരേണ്ടി വന്നു കൂട്ടു കിട്ടാന്‍. എല്ലാവരില്‍ നിന്നും അകന്നിരിക്കുന്ന എന്റെ അടുത്തു വന്നു സംസാരിക്കാനും മനസ്സു തുറക്കാനും ഏട്ടനെ ഉണ്ടായിരുന്നുളളൂ. വേനലവധിക്കു കൂട്ടുകുടുംബവും പിന്നീട് അണുകുടുംബവുമായുളള ജീവിതമായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. വയലിലും തൊടിയിലും നടന്നും  ക്രിക്കറ്റു കളിച്ചും ചക്കയും മാങ്ങയും തിന്നും അവധി ഞങ്ങള്‍ ആഘോഷമാക്കി.

കൗമാരകാലത്ത് ഋതുമതിയായി തറവാട്ടിലെ നാലുകെട്ടിന്റെ അറയില്‍ വിശേഷാവസരങ്ങളില്‍ ആരും കാണാതെ ഒളിച്ചിരിക്കേണ്ടി വരുമ്പോള്‍ മനസ്സു തേങ്ങാറുണ്ട്. പുറത്തെ ആരവങ്ങളില്‍ ചെവിയോര്‍ത്തു ഞാന്‍ സ്വയം അവിടുത്തെ ആഘോഷങ്ങള്‍ക്കു മനസ്സില്‍ ഛായം പൂശും. ആ സമയത്ത് കൂട്ടായി ഏട്ടന്‍ വരാറുണ്ട്. തൊടാതെ അകലത്തിരുന്നു പുറത്തു നടക്കുന്ന സംഭവങ്ങള്‍ വിവരിക്കും. ഇരുളു നിറഞ്ഞ അറയ്ക്കപ്പുറമുളള ആ ലോകം ഞാന്‍ ഏട്ടനിലൂടെ കാണും.

ആ കൂട്ട് എങ്ങനെ തകര്‍ന്നുവെന്ന് എനിക്കിപ്പോഴും അറിയില്ല. പല തവണ ഞാന്‍ ശ്രമിച്ചെങ്കിലും ഏട്ടന്‍ ഫോണെടുക്കാറില്ല. എങ്കിലും നമ്പര്‍ ഡിലീറ്റ് ചെയ്യാനൊന്നും ഞാന്‍ മെനക്കെട്ടില്ല. എന്നെങ്കിലും വിളിച്ചാലോ! എന്നെ വേദനപ്പിക്കുന്ന ഈ സംഭവത്തെക്കുറിച്ചു ഓര്‍ക്കുന്നതു പോലും എന്റെ കൂടപ്പിറപ്പിന് ഇഷ്ടമല്ല. ഞാന്‍ എഴുതിയതു കണ്ടാല്‍ എന്നെ വിളിച്ചു അനിയന്‍ ചീത്ത വിളിക്കുമെന്നും ഉറപ്പാണ്.

എങ്കിലും മനസ്സ് വല്ലാതെ നോവും. ഒരിക്കല്‍ എന്റെ ചിന്തകള്‍ വായിച്ചറിഞ്ഞിരുന്ന ഏട്ടന്റെ  നോട്ടങ്ങളില്‍ ഇന്നു നിസ്സംഗത മാത്രമേ നിഴലിക്കുന്നുളളൂ. ഒരിക്കല്‍ ഒന്നിച്ച് ഓടിക്കളിച്ചിരുന്ന തറവാട്ടുമുറ്റത്ത് ഇപ്പോള്‍ അപരിചിതരെപ്പോലെ ഞങ്ങള്‍ അവധിക്കു ഒത്തുകൂടുന്നു. നാലുകെട്ടിലെ മഴ മാത്രം ഞങ്ങള്‍ക്കിടയില്‍ വല്ലപ്പോഴും ശബ്ദിക്കും.

15.6.15

ഇപ്രാവശ്യവും രക്ഷയില്ല



ഈ ചേര്‍ച്ചകള്‍ക്കുളള അടിസ്ഥാനമെന്ത്? പറഞ്ഞു വരുമ്പോള്‍ ഇരട്ടകളോ നേര്‍ സഹോദരങ്ങളോ അല്ല. ഏടത്തിയെന്നു ഞാന്‍ ആദ്യം വിളിച്ച വ്യക്തി, ആറു മാസത്തെ മൂപ്പ് വില വെക്കേണ്ടെങ്കില്‍ പോലും. സഹോദരന്‍മാരുടെ മക്കളാണെങ്കിലും ഒരേ ദിനത്തില്‍ മണിക്കൂറുകളുടെയോ നിമിഷങ്ങളുടെയോ വ്യത്യാസത്തില്‍ ഒരേ അമ്മയ്ക്കു ജനിച്ച വ്യക്തികളേക്കാള്‍ ഒരു പോലെ ഞങ്ങളെ തറവാടിലെ അംഗങ്ങള്‍ കണ്ടു.

പുളളികളും നിറങ്ങളും ഒരു പോലെ നോക്കി പുത്തനുടുപ്പുകള്‍ വിശേഷാവസരങ്ങള്‍ക്കായി ഞങ്ങള്‍ക്കു വേണ്ടി വാങ്ങി വെച്ചു. ഒന്നിച്ചു കൈ പിടിച്ചു നടക്കാന്‍ പഠിച്ചു. അല്ല, ആദ്യം നടന്നു തുടങ്ങിയ അളകേടത്തി എനിക്കു വഴികാട്ടിയായി. വീഴാതെ പിടിച്ചു നിര്‍ത്തി.

നിഗൂഡമായ മനസ്സുളള ഒരു വ്യക്തിത്വമാണ് ഏടത്തിയുടേതെന്നു പലപ്പോഴും തോന്നാറുണ്ട്. പക്ഷെ ഒരുമ നിറങ്ങളില്‍ ഞങ്ങളെ പിടിച്ചു നിര്‍ത്തി. വെവ്വേറെ വീടുകളില്‍ നിന്നും ചടങ്ങുകള്‍ക്കെത്തി അവിടെ വെച്ചു കണ്ടു മുട്ടുമ്പോഴും വസ്ത്രങ്ങളിലെ നിറങ്ങളുടെ സാദൃശ്യം ഞങ്ങളെ വിസ്മയപ്പെടുത്തി.

പറഞ്ഞാല്‍ ഫലം പോകുമെന്ന കേട്ടുകേള്‍വിയനുസരിച്ച് പലരോടും ഞങ്ങള്‍ ഈ നിറങ്ങളിലെ ഒരുമയെക്കുറിച്ചു പറഞ്ഞു. ഒരു ഫലിതമെന്നോണം അവര്‍ ഇതിനെ ചിരിച്ചു തളളി, അല്ല ഇന്നും ആ പതിവ് തുടര്‍ന്നു.

ഇന്ന് അളകേടത്തിയുടെ മുത്തശ്ശന്റെ നവതിയാഘോഷത്തിനു കോഴിക്കോട് തളിയിലെ പത്മശ്രീ ഓഡിറ്റോറിയത്തിലെത്തിയ ഞാന്‍ ആളുകള്‍ക്കിടയില്‍ ആ മുഖം എവിടെയെന്നു നോക്കി. ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം കാണുന്നതിന്റെ ആകാംക്ഷയ്ക്കപ്പുറം ഞാന്‍ ഏടത്തിയെ തിരഞ്ഞത് വേഷമെന്തെന്നറിയാനായിരുന്നു.

ഏടത്തിയെ അന്വേഷിച്ചു തിരക്കിനിടയില്‍ പച്ച സാരിയില്‍ നടന്ന എനിക്കു കണ്ടു പിടിക്കാന്‍ അധികം കഷ്ടപ്പെടേണ്ടി വന്നില്ല. പച്ച ദാവണിയുടുത്ത് ഹാളിനകത്ത് ആരോടോ സംസാരിച്ചു നില്‍ക്കുന്നു. പരസ്പരം ചിരിച്ചു കൊണ്ട് പറഞ്ഞു, 'ഇപ്രാവശ്യവും രക്ഷയില്ല.'