4.11.14

ജാലകത്തിലൂടെ ഞാന്‍ കണ്ട രാത്രികള്‍


"പുലര്‍കാലങ്ങളില്‍ മനസ്സില്‍ വന്നുദിച്ച വരികള്‍ വീണ്ടുമോര്‍ത്തു നോക്കാന്‍ പോലും നേരമില്ലാതെ മൂര്‍ച്ച കൂടിയ കറിക്കത്തിയാല്‍ പച്ചക്കറികള്‍ അരിഞ്ഞു തളളുമ്പോള്‍... ഉളളുരുക്കങ്ങള്‍ കഞ്ഞിക്കലത്തില്‍ തിളച്ചു തൂവുമ്പോള്‍... സഞ്ചാരമോഹങ്ങള്‍ നിശ്ചയിക്കപ്പെട്ട ഇടങ്ങളിലേക്കു മാത്രമായി ഒടുങ്ങിത്തീരുമ്പോള്‍... പുറത്ത്‌ നിലാവാണോ മഴയാണോ എന്നു പോലുമറിയാനാവാതെ വീട്ടുപണികള്‍ക്കൊടുവില്‍ കണ്ണുകള്‍ കൂമ്പിയടയുമ്പോള്‍... എഴുതാന്‍ മോഹിച്ച കഥകളും പാട്ടുകളും മറ്റാരൊക്കെയോ പാടുന്നത്‌ കേള്‍ക്കുമ്പോള്‍...."

- കവിത.കെ.എസ്‌, 'ഇടങ്ങള്‍ ഉണ്ടാവുന്നത്‌' പെണ്‍രാത്രികള്‍, ഒലീവ്‌ പബ്ലിക്കേഷന്‍സ്‌, ഒക്ടോബര്‍ 2013



വാരാന്തപ്പതിപ്പിലെ പുസ്‌തകപരിചയവിഭാഗത്തിലേക്ക്‌ പുതുമണം വിട്ടു മാറാത്ത പുസ്‌തകങ്ങള്‍ സ്‌കാന്‍ ചെയ്യുകയായിരുന്ന അരുണേട്ടന്‍ എന്നെ അടുത്തേക്കു വിളിച്ചു. കൈയില്‍ ഈ പുസ്‌തകം വെച്ചു തന്നു. പെണ്‍രാത്രികള്‍! പിന്നിയിട്ട മുടിയില്‍ ഒരു ചുവന്ന റിബണ്‍ കെട്ടിയ മുഖചിത്രം. സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട സ്‌ത്രീകളുടെ രാത്രികാലാനുഭവങ്ങള്‍ വിവരിക്കുന്ന പുസ്‌തകം. സഹപ്രവര്‍ത്തകയായ സിസി ജേക്കബ്‌ രാത്രി കാഴ്‌ചകളെ കുറിച്ചുവെച്ചതാണ്‌ അരുണേട്ടന്‍ കാണിച്ചു തന്നത്‌. അന്നു വായിക്കാന്‍ സമയം കിട്ടിയില്ല.

പിന്നീട്‌ അടുത്തുളള ഒരു വായനശാലയില്‍ അംഗത്വമെടുത്തപ്പോള്‍ രണ്ടാമതെടുത്ത പുസ്‌തകം ഇതാണ്‌. 2013ല്‍ പുറത്തിറങ്ങിയെങ്കിലും കോഴിക്കോട്ടെ അതിപ്രശസ്‌തമായ ദേശപോഷിണി വായനശാലയില്‍ ഇതു വരെ 'പെണ്‍രാത്രികള്‍' എടുത്തു വായിക്കാന്‍ ആരും ധൈര്യപ്പെട്ടിട്ടില്ല എന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. പേരു കണ്ട്‌ വാങ്ങാന്‍ പലരും മടിക്കുന്നുവെന്നു സിസി പറഞ്ഞതോര്‍ത്തു.

ഏതു വാക്കിലും അശ്ലീലത മാത്രം തിരഞ്ഞു പിടിക്കാനുളള മലയാളിയുടെ കഴിവു തന്നെ ഈ പുസ്‌തകത്തിന്റെ പേരിനേയും ബാധിച്ചു. എന്നാല്‍ അങ്ങനെയൊരു അംശം പോലും അകത്തുളള താളുകളില്‍ ഇല്ലെന്നതു യാഥാര്‍ഥ്യം. പുറത്തിറങ്ങാന്‍ കഴിയാത്ത മണിക്കൂറുകളില്‍ അപൂര്‍വമായെങ്കിലും ലോകം കാണുന്നവരുടെ അനുഭവങ്ങള്‍, സ്വപ്‌നങ്ങള്‍, ആശകള്‍, സ്‌മരണകള്‍... എല്ലാം ഓരോ ഏടുകളായി അടുക്കിവെച്ചിരിക്കുന്നു.

എന്താണ്‌ രാത്രികളെക്കുറിച്ച്‌ എഴുതാനുളളത്‌ എന്നു പല ആണ്‍ സുഹൃത്തുക്കളും ചോദിച്ചു! രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പുറത്തിറങ്ങി നടക്കുന്ന ഒരു സമൂഹത്തിന്‌ ജനലിലൂടെയല്ലാതെ രാത്രിയുടെ സൗന്ദര്യം അസ്വദിക്കാന്‍ കഴിവില്ലാത്ത ഒരു വര്‍ഗത്തിന്റെ വിഷമം മനസ്സിലാകില്ല.





എനിക്കും രാത്രികള്‍ അത്ഭുതമാണ്‌. നിശബ്ദതയും നിലാവും ചന്ദ്രികയും അതു പകരുന്ന കുളിരും ഭീതിയും അന്നേരം മാത്രം ശബ്ദിക്കുന്ന ചീവിടുകളും ഓരിയിടുന്ന നായ്‌ക്കളും കുറുക്കന്‍മാരും രാവിനെ ചിലപ്പോള്‍ സുന്ദരവും ചിലനേരം ഭീകരവുമാക്കും. ഓരോ നാട്ടിലെ നിശകള്‍ക്കും ഓരോ ഭംഗിയാണ്‌. കടല്‍ക്കാറ്റേറ്റു മയങ്ങുകയും തീവണ്ടികളുടെ ചൂളംവിളിയില്‍ ഞെട്ടിയുണര്‍ന്ന്‌ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീഴുന്ന കോഴിക്കോടിന്റെ രാത്രി മുതല്‍ അങ്ങകലെ പച്ചപ്പു പുതച്ച്‌ ആലസ്യത്തോടെ രാത്രിയെ പുല്‍കുന്ന എന്റെ ഗ്രാമത്തിനു വരെ പല പല ചിത്രങ്ങളാണ്‌.

ബാല്യത്തിലെ രാത്രികള്‍ പുല്ലാനിക്കാടെന്നു വിളിപ്പേരുളള മുത്തശ്ശിയുടെ ഗൃഹത്തിലാണ്‌. കൊയ്‌ത്തു കഴിഞ്ഞ കറ്റകള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന നിലാവിന്റെ മനോഹാരിത ഒരു ചിത്രകാരനും തനിമയോടെ വരയ്‌ക്കാന്‍ കഴിയില്ല. തെളിഞ്ഞു കാണാത്ത ദൂരദര്‍ശനും കാറ്റടിച്ചാല്‍ തിരിയുന്ന ടിവിയുടെ ആന്റിനയും സീറോ വാട്ടിന്റെ ബള്‍ബും വോള്‍ട്ടേജില്ലായ്‌മയും സൂര്യാസ്‌തമയം കഴിയുമ്പോഴേക്കും ഉറങ്ങാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. അമ്മയുടെ ചൂടു പറ്റി ഉറങ്ങുമ്പോള്‍ ദൂരെ വയലില്‍ ആദിവാസികളുടെ പാട്ടു കേള്‍ക്കാം. ഒരു ദിവസത്തെ അധ്വാനം കഴിഞ്ഞ്‌ അല്‍പം മദ്യവും സേവിച്ച്‌ ആണും പെണ്ണും തീയ്‌ക്കു ചുറ്റും പാട്ടു പാടി നൃത്തം വെയ്‌ക്കുന്നു. അവരുടെ പബ്ബും പാര്‍ട്ടിയുമെല്ലാം അതു തന്നെ. ചോദിക്കാന്‍ സദാചാര പോലീസൊന്നും എത്താറില്ല.

പിന്നീട്‌ നിലമ്പൂരിലെ ഒരു കോവിലകത്തു ഞങ്ങള്‍ താമസിച്ചു. വേട്ടേക്കൊരുമകന്‍ ക്ഷേത്രത്തിലെ കളം പാട്ടും കതിനവെടിയുടെ ശബ്ദവും വര്‍ഷത്തിലൊരാഴ്‌ച നാടിനെ ബഹളമയമാക്കും. പിന്നീട്‌ ശാന്തത. ഒരു ദിവസം തൊട്ടടുത്ത വീട്ടിലെ ഗൃഹനാഥന്‍ മതിലിനടുത്ത്‌ വന്ന്‌ അച്ഛനെ അലറി വിളിച്ചു. ആ വീടിനകത്ത്‌ ചില പൊട്ടിത്തെറികളൊക്കെ കേട്ടു. കുട്ടികളായ എന്നെയും അനിയനെയും അമ്മ പെട്ടന്ന്‌ ഉറക്കി. പിന്നീടാണ്‌ മനസ്സിലായത്‌ അവിടുത്തെ ഗൃഹനാഥ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു ആത്മഹത്യ ചെയ്‌തുവെന്ന്‌. ജയ്‌ ഹനുമാനും നമശ്ശിവായ സീരിയലുമെല്ലാം ദൂരദര്‍ശനില്‍ വന്നപ്പോള്‍ രാത്രിക്കു ദൈര്‍ഘ്യം കൂടി. കേബിള്‍ വന്നതോടെ പാതിരാത്രികളും ഉറങ്ങാതായി.

ചാലിയാറിന്റെയും തേക്കിന്റെയും നാടിനോടു വിട പറഞ്ഞ്‌ ഒരു രാത്രി വീണ്ടും വണ്ടൂരെത്തി. പുല്ലാനിക്കാടിനടുത്ത്‌ മരക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരു വീട്‌. അടുത്ത്‌ തന്നെ നാലുകെട്ടും പത്തായപ്പുരയുമുളള തറവാട്‌. ഇല്ലത്ത്‌ അധികം ഞാന്‍ താമസിച്ചിട്ടില്ല. അപൂര്‍വമായി തിരുവാതിര രാവുകളില്‍ പാതിരാപ്പൂ ചൂടി കഴിഞ്ഞ്‌ 'ശേഷം കളി നാളെയാവട്ടെ' എന്നു പാടി കൈകൊട്ടിക്കളിയും (തിരുവാതിരക്കളി) കളിച്ചതിനു ശേഷം ഉറങ്ങാന്‍ കിടക്കാറുണ്ട്‌. ധനുമാസത്തിലെ തിരുവാതിരയ്‌ക്കു പിറ്റേന്നു മുത്തശ്ശന്റെയും അതിനടുത്ത ദിവസം മുത്തശ്ശന്റെ അനുജന്റെയും ശ്രാദ്ധമായതിനാല്‍ ആ ദിനങ്ങള്‍ കുടുംബസംഗമത്തിന്റെ നാളുകളാണ്‌. എല്ലാവരും ഇന്ന്‌ ഓരോ വഴിക്കായി. മുത്തശ്ശന്‍മാരുടെ മക്കളൊഴികെ ബാക്കിയെല്ലാവരും അപൂര്‍വമായി മാത്രമേ ഇപ്പോള്‍ വരാറുളളു.

ഇല്ലത്തെ രാത്രികളില്‍ ഏറ്റവും മനോഹരം കളംപ്പാട്ടിന്റെ ദിനങ്ങളാണ്‌. പഞ്ചവര്‍ണ്ണനിര്‍മിതമായ വേട്ടേക്കരന്റെ കളം ഒടുവില്‍ കലിതുളളി വെളിച്ചപ്പാട്‌ മായ്‌ക്കുന്നതോടെ കഴിയും. മൂന്നു ദിവസമുളള പാട്ടില്‍ യഥാക്രമം അയ്യപ്പന്‍, വേട്ടേക്കരന്‍, ഭഗവതി എന്നിവര്‍ക്കു വേണ്ടിയാണ്‌ നടക്കുക. ഇല്ലത്തെ പൂമുഖത്ത്‌ തായമ്പക കൊട്ടി കയറുമ്പോള്‍ ചീവിടുകളുടെയും തവളകളുടെയും ശബ്ദമല്ലാതെ മറ്റൊന്നുമില്ലാതെ മൂകമായിരിക്കുന്ന നാടിനെ ചെണ്ടയുടെ മേളത്താല്‍ ഉന്മത്തമാക്കും. ബലിഷ്‌ഠമായ കൈകളും ഉറച്ച ശരീരവുമുളള വേട്ടേക്കരന്റെ രൂപം നോക്കി നിന്നിട്ടുണ്ട്‌. ഇന്നും പരിപൂര്‍ണ്ണനായ പുരുഷരൂപം എന്നു പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത്‌ ഇരുട്ടില്‍ നിലവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഛായക്കൂട്ടുകളാല്‍ കൂറുപ്പ്‌ വരച്ച വേട്ടേക്കരന്റെ രൂപമാണ്‌.

കഥകളില്‍ കുടുംബാംഗങ്ങളെ രക്ഷിക്കുന്ന പരദേവത. രാത്രി ഇറങ്ങി നടക്കുന്ന വേട്ടേക്കരനും നരസിംഹമൂര്‍ത്തിയും ബ്രഹ്മരക്ഷസും മറ്റു പല ദൈവങ്ങളും... ഉറക്കം വരാത്ത രാത്രികള്‍ക്ക്‌ പേടിയുടെ മേമ്പൊടി ചേര്‍ക്കാന്‍ നേരിട്ടു കണ്ടെന്നൊക്കെയുളള ധാരാളം ഉദാഹരണങ്ങള്‍ നിരത്തി പലരും. വിശ്വസിക്കാനോ തളളിക്കളയാനോ തയാറാകാതെ ആ കഥകളൊക്കെ താലോലിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

പിന്നെയുളള രാത്രി ഓര്‍മ്മകള്‍ ചാന്ദ്‌നിയിലേതാണ്‌. അമ്മയുടെ വീടാണ്‌. കണ്ണൂരിലെ കൂത്തുപറമ്പില്‍. വല്യച്ഛനു രാത്രിയോടുളള ഇഷ്ടം കൊണ്ടാണോ വീടിന്‌ ആ പേരിട്ടതെന്നു മുത്തശ്ശനോട്‌ ഞാന്‍ ചോദിക്കാന്‍ മറന്നു പോയ ഒരു സംശയമാണ്‌. ഉത്തരം കിട്ടാന്‍ ഇനി യാതൊരു വഴിയുമില്ല. ആറു വര്‍ഷം മുന്‍പ്‌ ഒരു രാത്രിയില്‍ അദ്ദേഹം ലോകത്തോട്‌ വിട പറഞ്ഞു.

ചാന്ദ്‌നിയില്‍ രാത്രികളിലും വാഹനങ്ങളുടെ ശബ്ദമുണ്ടായിരുന്നു. ഗേറ്റിനു പുറത്ത്‌ മെയിന്‍ റോഡാണ്‌. രാത്രിയിരുന്ന്‌ ക്രിക്കറ്റും ഫുട്‌ബോളും കാസറ്റിട്ടു സിനിമ കാണലുമൊക്കെയാണ്‌ അവിടുത്തെ പ്രധാന പരിപാടികള്‍. എല്ലാവരും ഒന്നിച്ചിരുന്ന്‌ ഉറക്കെ സംസാരിച്ച്‌ പൊട്ടിച്ചിരിച്ച്‌ ഉറങ്ങാന്‍ കിടക്കും. കാലം നീങ്ങിയപ്പോള്‍ നിലാവില്‍ മുങ്ങിയ ചാന്ദ്‌നിയും ഓര്‍മ്മയായി.

നാടും നഗരവും വളര്‍ന്നു, ഞാനും. കുഞ്ഞായിരുന്നപ്പോള്‍ തുളളിച്ചാടിയ പോലെ കഴിയാതായി. രാത്രികളില്‍ പ്രേതങ്ങളേയും ഇരുട്ടിനെയുമല്ല, സ്‌ത്രീകള്‍ മനുഷ്യരെയാണ്‌ പേടിക്കേണ്ടതെന്നു പലരും പറഞ്ഞു പേടിപ്പിച്ചു തുടങ്ങി.


(കഥ നീണ്ടു പോയി. ഇനി 
അടുത്ത ഭാഗത്തില്‍ പറയാം. 
 അഭിപ്രായം രേഖപ്പെടുത്തി 
കാത്തിരിക്കുമല്ലോ)


4.10.14

എന്റെ വല്യച്ഛന്‍, നിങ്ങളുടെ അഡ്വ. എം.സി.വി.ഭട്ടതിരിപ്പാട്



'ഇവറ്റകള്‍ക്കൊക്കെ വീട്ടിലിരുന്നാല്‍ പോരേ. മനുഷ്യനെ മിനക്കെടുത്താന്‍.' മുന്‍പില്‍ ചാടിയ വയോധികനെ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ഇട്ടുകൊണ്ട് ടാക്‌സി ഡ്രൈവര്‍ ആക്രോശിച്ചു. പിന്‍സീറ്റിലിരിക്കുന്ന എഴുപതുകാരന്‍ ഇതു കേട്ടു ഞെട്ടി. താനും ഈ 'വീട്ടിലിരിക്കേണ്ട' ഗണത്തില്‍പ്പെടുമെന്ന യാഥാര്‍ഥ്യം ആ മനുഷ്യനെ വിഷമിപ്പിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ശബ്ദിക്കാന്‍ ആരുമില്ലെന്ന ചിന്ത അദ്ദേഹത്തെ അലട്ടി.

താമസിയാതെ ഒരു കൊച്ചു സംഘടന പിറന്നു, അദ്ദേഹത്തിന്റെ നാടായ കൂത്തുപറമ്പില്‍. തന്റെ വിയര്‍പ്പും പണവും കൊണ്ട് അതിനെ വളര്‍ത്തി. ഇന്ന് അത് വലിയ ഒരു കൂട്ടായ്മയാണ്- കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം. കേരളത്തിലെ വയോജനങ്ങളുടെ ഏറ്റവും വലിയ അംഗീകൃത കൂട്ടായ്മ.

അടിത്തറയിട്ട് സംഘടനയുടെ വളര്‍ച്ചയും കണ്ട് സന്തോഷത്തോടെ അദ്ദേഹം ഏഴു വര്‍ഷം മുന്‍പ് മരിച്ചു. എന്റെ വല്യച്ഛന്‍, അഡ്വ. എം.സി.വി.ഭട്ടതിരിപ്പാട്. അമ്മയുടെ അച്ഛനായതു മുത്തശ്ശനെന്നാണു വിളിക്കേണ്ടിയിരുന്നത്. പക്ഷെ തനിക്കു പ്രായമായതായി അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

അധികം സംസാരിക്കുന്ന പ്രകൃതിയല്ല. കേള്‍വിക്കുറവും കാഴ്ചക്കുറവും അലട്ടിയിരുന്നു. പങ്കെടുത്ത പരിപാടികളില്‍ തന്നെ പ്രസംഗത്തിനായി അധ്യക്ഷന്‍ ക്ഷണിക്കുന്നത് കേള്‍ക്കാതെ വേദിയില്‍ ചിരിച്ചുകൊണ്ടിരിക്കുമെന്നൊക്കെ തമാശാരൂപത്തില്‍ പറയും. എല്ലാം സരസമായി എടുക്കാനുളള അപാരമായ കഴിവ് അദ്ദേഹം മക്കള്‍ക്കടക്കം പകര്‍ന്നു നല്‍കി.

പക്ഷെ മുതിര്‍ന്ന പൗരന്‍മാരുടെ അവകാശത്തിനായി പോരാടി. പലപ്പോഴും പത്രങ്ങളിലെ മുഖപ്രസംഗപേജില്‍ എഴുതി. മരിച്ചപ്പോള്‍ മിക്ക മാധ്യമങ്ങളും പ്രാധാന്യത്തോടെ വാര്‍ത്ത കൊടുത്തു. മന്ത്രിമാര്‍ അനുശോചനമറിയിച്ചു വീട്ടിലേക്കു വിളിച്ചു.

അന്നാണ് വല്യച്ഛന്റെ മഹത്വം ഞാനും മറ്റു കുടുംബാംഗങ്ങളും മനസ്സിലാക്കിയത്. ഞങ്ങള്‍ക്കാര്‍ക്കും വേണ്ടി അദ്ദേഹം ഒരു ശുപാര്‍ശയ്ക്കും പോകാന്‍ തയ്യാറായില്ല. അദ്ദേഹം മരിച്ചതിനു ശേഷവും ആ പേരുപയോഗിച്ച് ഞാന്‍ എവിടെയും മുതലെടുത്തില്ല. അങ്ങനെ ചെയ്യാത്തത് മണ്ടത്തരമാണെന്നു പലരും ഉപദേശിച്ചിട്ടു പോലും!

എന്റെ നാവില്‍ ഹരിശ്രീ കുറിച്ചത് വല്യച്ഛനാണ്. അക്ഷരങ്ങളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചതും അദ്ദേഹം തന്നെ. ഒരിക്കല്‍ ഏതാനും വരി കവിതയെഴുതിയത് കാണിച്ചു കൊടുത്തപ്പോള്‍ തിരുത്തി വയോജനങ്ങളുടെ മാസികയില്‍ കൊടുത്തു. എന്റെ പേരില്‍ അച്ചടിച്ചു വന്ന ആദ്യ സൃഷ്ടി. അടുത്ത ദിവസം തന്നെ കവിതാ വൃത്തങ്ങളെയും അലങ്കാരങ്ങളേയും കുറിച്ച് ഒരു പുസ്തകം വാങ്ങി തന്നു. അതു വായിച്ചു മനസ്സിലാക്കാനുളള കഷ്ടപ്പാടുകൊണ്ട് ഞാന്‍ കവിതയെഴുത്ത് നിര്‍ത്തിയതു ബാക്കി കഥ.

അവസാനനാളുകളില്‍ അദ്ദേഹത്തിനുണ്ടായ ഏക വിഷമം ഭാര്യയേക്കുറിച്ചായിരുന്നു. അല്‍ഷൈമേഴ്‌സിന്റെ പിടിയില്‍ ഓര്‍മ്മയ്ക്കും മറവിക്കുമിടയിലുളള മുത്തശ്ശിയുടെ ജീവിതം അദ്ദേഹത്തിന്റെ കണ്ണു നിറച്ചു. വല്യച്ഛന്റെ അന്ത്യം പോലും മുത്തശ്ശി അറിഞ്ഞില്ല, മനസ്സിലാക്കിയില്ല. സ്‌നേഹം മാത്രം പങ്കുവെച്ച ഈ ദമ്പതികള്‍ ഒരു വര്‍ഷത്തിനിടെ മരിച്ചു.

എപ്പോഴും തിരക്കിട്ട് ഓടുന്ന വല്യച്ഛനെയാണ് ഞാന്‍ ചെറുപ്പത്തില്‍ കണ്ടത്. ഞാന്‍ കൗമാരത്തിലെത്തിയപ്പോള്‍ അദ്ദേഹം സാംസ്‌കാരികപ്രവര്‍ത്തകന്റെ വേഷത്തിലായിരുന്നു.

ഇനിയുമേറെ ചെയ്യാന്‍ ബാക്കി വെച്ച് വയോധികര്‍ക്കായി ഒരു സംഘടനയും നിര്‍മ്മിച്ചാണ് അദ്ദേഹം മരിച്ചത്. രാജ്യത്തെ നിയമമനുസരിച്ച് വ്യക്തികള്‍ മുതിര്‍ന്നവരായി കണക്കാക്കാന്‍ 18 വയസ്സു വേണം. അതേ രീതി സംഘടനയ്ക്കുമെടുത്താല്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം ഇന്നു മുതിര്‍ന്നു. 18 വര്‍ഷമായി വയോധികര്‍ക്ക് താങ്ങും തണലുമായി കഴിഞ്ഞു.

ഒക്ടോബര്‍ ഒന്ന് ലോക വയോജനദിനമാണ്. ഓരോ വൃദ്ധരിലും ഞാന്‍ കാണുന്നത് എന്റെ വല്യച്ഛനെയാണ്. മുപ്പതുകളിലെത്തുമ്പോഴേക്കും വയസ്സായി എന്നു വിലപിക്കുന്നവരോട് ഞാന്‍ പറയാറുണ്ട് 85ാം വയസ്സില്‍ മരിക്കുമ്പോഴും മനസ്സില്‍ ചെറുപ്പക്കാരനായി മരിച്ച എന്റെ വല്യച്ഛനെക്കുറിച്ച്...


16.9.14

മായാത്ത പുഞ്ചിരി

(നട്ടു നനച്ചു വളര്‍ത്തി കൊണ്ടു വന്ന ഒരു ചെടിയെ സ്വയം നശിപ്പിക്കുകയാണ്‌ കുറച്ചു നാളായി ഞാന്‍ ചെയ്യുന്നത്‌. ഇംഗ്ലീഷ്‌, മലയാളം ബ്ലോഗുകള്‍ മാസങ്ങളായി എഴുതിയിട്ട്‌. ആദ്യമൊക്കെ മനപ്പൂര്‍വം മുടിയട്ടെയെന്നു കരുതിയെങ്കിലും പിന്നീട്‌ സമയക്കുറവ്‌ കാരണമായി. പത്രത്തിലേക്കുളള എഴുത്തായി ചുരുങ്ങി.

എങ്കിലും മനസ്സു വല്ലാതെ പിടയുമ്പോള്‍ വന്നു ആശ്ലേഷിക്കാന്‍ ഈ ഇടം മാത്രമേ എനിക്കുളളൂ. വാക്കുകളും ചിന്തകളും എന്നില്‍ നിന്നും പകര്‍ത്തി ആശ്വാസം നല്‍കുന്ന എന്റെ സ്വന്തം ലോകം.)

പ്രതീക്ഷിച്ചതായിരുന്നു ആ മരണം. പരിചയപ്പെട്ടതിനു വര്‍ഷങ്ങളുടെ കണക്കോ സംസാരിച്ചതിനു മണിക്കൂറുകളുടെ എണ്ണമോ പറയാന്‍ എനിക്കില്ല. പക്ഷെ അനൂപേട്ടന്‍ മനസ്സില്‍ വല്ലാതെ സ്‌പര്‍ശിച്ച ഒരു വ്യക്തിത്വമായിരുന്നു.

പത്രത്തിലെ ജോലിക്കിടയില്‍ ഞാന്‍ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന ചിത്രഭൂമിയിലേക്കും എഴുതാറുണ്ട്‌ വല്ലപ്പോഴും. കുറിച്ചു കൊടുക്കുന്നത്‌ ശുദ്ധമണ്ടത്തരങ്ങളാണെങ്കില്‍ പോലും ആ കൈകളിലൂടെ ശുദ്ധീകരിക്കപ്പെട്ടാല്‍ അവ മനോഹരങ്ങളാകുന്നു. എന്തെഴുതിയാലും "അയച്ചോളു... നമുക്ക്‌ കൊടുക്കാം" എന്നു മാത്രമേ പറയാറുളളൂ. ആരെയും നിരാശരാക്കാറില്ല. ഒരു വര്‍ഷത്തിനിടയില്‍ ഞാന്‍ ആകെ ആ മനുഷ്യനെ രണ്ടോ മൂന്നോ തവണയേ കണ്ടിട്ടുളളൂ. ഫോണില്‍ സംസാരിച്ചതും വിരലില്‍ എണ്ണാവുന്നതു മാത്രം.
അസുഖബാധിതനായി ആസ്‌പത്രികിടക്കയില്‍ കിടന്നപ്പോഴും തനിക്ക്‌ ഒരു കുഴപ്പവുമില്ലെന്നു മെസ്സേജ്‌ അയച്ചിരുന്നു. ഞാന്‍ ഇതുവരെ കണ്ടിട്ടു പോലുമില്ലാത്ത അനൂപേട്ടന്റെ മകള്‍ ഇതളുമായും വാട്‌സ്‌പ്പില്‍ സംവദിച്ചു. പിന്നീട്‌ ആരോഗ്യസ്ഥിതി മോശമായെന്നു പലരും പറഞ്ഞപ്പോഴും അനൂപേട്ടന്‍ സുഖപ്പെട്ട്‌ തിരിച്ചു വരുമെന്നും ബാക്കി ഉളളവര്‍ ചുമ്മാ പറയുന്നതാണെന്നു സ്ഥിരം പുഞ്ചിരിയോടെ പറയുമെന്നും ഞാന്‍ വിശ്വസിച്ചു.
വെന്‍ഡിലേറ്ററിലായതും അതു മാറ്റാന്‍ പോവുകയാണെന്നും മരണവാര്‍ത്ത തിങ്കളാഴ്‌ച പ്രതീക്ഷിക്കാമെന്നും ഒരു സഹപ്രവര്‍ത്തക പറഞ്ഞപ്പോഴും അദ്ദേഹം രക്ഷപ്പെടുമെന്നു തന്നെ ഞാന്‍ കരുതി.
ഇന്നലെ ഉച്ചയോടെ മരണവാര്‍ത്തയെത്തി. 12 മണിക്ക്‌ ഭൗതികശരീരം മാതൃഭൂമിയുടെ പ്രസ്സിനു മുന്‍പില്‍ പൊതുദര്‍ശനത്തിനു വെയ്‌ക്കുമെന്ന്‌ അറിഞ്ഞു.
സ്ഥിരം കാണുന്ന പൊട്ടിക്കരച്ചിലുകളോ കണ്ണീരോ അവിടെ കണ്ടില്ല. ചിലര്‍ മാത്രം വിതുമ്പി നിന്നു. കലങ്ങിയ കണ്ണുകളിലൂടെ ലെന്‍സില്‍ തങ്ങളുടെ സഹപ്രവര്‍ത്തകന്റെ മൃതദേഹം നോക്കി ചിത്രങ്ങളെടുക്കുന്ന ക്യാമറാമാന്‍മാര്‍, മൗനത്തിലൂടെ അനുശോചനമറിയിക്കുന്നവര്‍, റീത്തുകള്‍, കറുത്തകൊടികള്‍, അനൂപേട്ടന്റെ ചിരിക്കുന്ന ചിത്രവുമായുളള റീത്തുകള്‍... ആംബുലന്‍സ്‌ യാത്രയ്‌ക്കൊരുങ്ങി, ജനിച്ച മണ്ണില്‍ എരിഞ്ഞടങ്ങാന്‍ ജീവനകന്ന ആ പ്രതിഭയുടെ ശരീരവുമായി!
പതുക്കെ എല്ലാവരും പിരിഞ്ഞു. ഹ്രസ്വമായ അനുശോചനയോഗങ്ങള്‍. വൈകുന്നേരത്തോടെ സജീവമായ പത്രമോഫീസ്‌. അവിടെ മരണത്തെക്കുറിച്ചു സംസാരിക്കാന്‍ ആര്‍ക്കും നേരമില്ല. ആകെ ഒന്നാം പേജില്‍ ആ മരണവാര്‍ത്ത വെയ്‌ക്കാന്‍ മറക്കരുതെന്നു മാത്രം ഓര്‍മ്മപ്പെടുത്തല്‍.
മംഗള്‍യാനും തിരഞ്ഞെടുപ്പും ഷ്വാസ്‌നെഗറിന്റെ ഇന്ത്യാ സന്ദര്‍ശനവും വായിക്കാനായി പത്രം വാങ്ങുന്ന വായനക്കാരനു ഞങ്ങളുടെ സഹപ്രവര്‍ത്തകന്റെ മരണം വലിയ സംഭവമല്ല. ഞങ്ങള്‍ ദുഖമാചരിക്കാനിരുന്നാല്‍ വായനക്കാരന്‍ സഹകരിക്കുമോ! ഉണ്ടെന്നു തോന്നുന്നില്ല. അപ്പോള്‍ വേദനകള്‍ കടിച്ചമര്‍ത്തി പുഞ്ചിരിയോടെ എഴുതുകയോ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നതാണ്‌ മാധ്യമപ്രവര്‍ത്തകരുടെ കര്‍ത്തവ്യം.

അനൂപേട്ടന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ 
സമര്‍പ്പിക്കട്ടെ ഈ വാക്കുകള്‍!