20.2.16

തണലുകള്‍ തേങ്ങലായപ്പോള്‍


വിണ്ടു കീറിയ കെട്ടിടങ്ങളും പൊന്തക്കാടുകളും വീഴാറായ മരങ്ങളുമെല്ലാമുളള ഒരു കലാലയം. ദിവസവും ലക്ഷക്കണക്കിനു രൂപ ലഭിക്കുന്ന കേരളത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നിന്റെ അധീനതയിലുളള വളപ്പ്‌. ഇല്ലായ്‌മകളറിയിക്കാതെ സൗഹൃദത്തണലിനും കരുതലിനും മുമ്പില്‍ വിദ്യാര്‍ഥികള്‍ക്ക്‌ പരാതി പറയാനറിയാതെയായി. കൂലിപ്പണിയെടുത്തും ട്യൂഷന്‍ പഠിപ്പിച്ചും ഫീസടയ്‌ക്കാന്‍ പാടുപെടുന്ന കുട്ടികള്‍. നാട്ടിന്‍പുറത്തിന്റെ നേരും നന്‍മയും വഴിഞ്ഞൊഴുകിയ കോവിലന്റെ തട്ടകത്തില്‍ കേമത്തം പറയാന്‍ യാതൊന്നുമില്ലാത്ത സാധാരണ കലാലയം.

എപ്പോഴും ജീവന്‍ തുടിക്കുന്ന ശ്രീകൃഷ്‌ണയുടെ പോര്‍ട്ടിക്കോ... മുദ്രാവാക്യങ്ങള്‍ക്കും പൊട്ടിച്ചിരികള്‍ക്കും പരിഭവങ്ങള്‍ക്കും സാക്ഷിയായി പുഞ്ചിരിച്ചു നില്‍ക്കുന്ന ഗുരുവായൂരപ്പന്റെ ചിത്രം. പലരും ആ ഫോട്ടോയ്‌ക്കു മുമ്പില്‍ കൈക്കൂപ്പിയാണ്‌ കലാലയത്തിലേക്കു പ്രവേശിക്കുക. ആ വരാന്തയാണ്‌ വ്യാഴാഴ്‌ച ജീവനറ്റ ശരീരത്തെ ഏറ്റുവാങ്ങിയത്‌. താങ്ങും തണലുമായി നിന്ന മരങ്ങളിലൊന്ന്‌ നിശബ്ദമായി നിലംപതിക്കുമ്പോള്‍ അറിഞ്ഞു കാണില്ല, താന്‍ വെയിലേല്‍ക്കാതെ സൂക്ഷിച്ച കുറച്ചു കുഞ്ഞുങ്ങള്‍ അതിനു താഴേ ഉല്ലസിച്ചിരിക്കുന്നുണ്ടെന്ന്‌. പത്രങ്ങളില്‍ ചിത്രം കണ്ടപ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞു. എട്ടുവര്‍ഷം മുമ്പ്‌ വിട പറഞ്ഞ കോളേജിലെ സംഭവമാണെങ്കിലും ഒരു സഹോദരിക്ക്‌ അപകടം പറ്റിയ പോലെ മനസ്സു നൊന്തു.

ഇംഗ്ലീഷ്‌, മലയാളം ക്ലാസുകള്‍ക്കായി പോയിരുന്ന ഒന്നാം വര്‍ഷ സാമ്പത്തിക ശാസ്‌ത്ര ക്ലാസിലായിരുന്നു ആ വിദ്യാര്‍ഥിനി. ഡി സോണ്‍ എന്ന യൂണിവേഴ്‌സിറ്റിയുടെ ജില്ലാ വിഭാഗത്തിലുളള കലോത്സവം ആഘോഷിക്കാനായി കൂട്ടുകാരോടൊപ്പം എത്തിയതാകാം. രംഗബോധമോ ദയയോ ഇല്ലാത്ത കോമാളിയായി മരണം അവളെ തട്ടിയെടുത്തു. കൂടെയുളള ആറു പേര്‍ ആസ്‌പത്രിയിലായി. പത്രങ്ങളിലെല്ലാം വാവിട്ടുകരയുന്ന വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍, മൂകമായ വൈശാലിപ്പാറയുടെ വാര്‍ത്തകള്‍...

രാത്രി അനിയന്‍ രാകേഷിന്റെ സന്ദേശം. പരിക്കേറ്റ കുട്ടിയ്‌ക്ക്‌ രക്തം വേണമെന്ന്‌. ഫേസ്‌ബുക്കിലെ ഓണ്‍ലൈന്‍ കൂട്ടായ്‌മയായ ബ്ലഡ്‌ ഡോണേഴ്‌സ്‌ കേരളയുടെ ഭാരവാഹികളുടെ നമ്പറുകള്‍ അയച്ചു കൊടുത്തു. രാവിലെ സുഹൃത്ത്‌ ഇതേ സന്ദേശമയച്ചു. അതില്‍ കണ്ട നമ്പറുകളില്‍ വിളിച്ചു നോക്കി. ആദ്യത്തെ രണ്ടെണ്ണം ഓഫാണ്‌. മൂന്നാമത്തേതില്‍ വിളിച്ചപ്പോള്‍ ഫോണെടുത്തു. കോളേജ്‌ ചെയര്‍മാനാണ്‌. രക്തം കിട്ടിയെന്നു മറുപടി. കുട്ടി സുഖം പ്രാപിക്കുന്നു. പത്തു വര്‍ഷം മുമ്പ്‌ അവിടെ ഫസ്റ്റ്‌ ഇയറില്‍ പഠിച്ചിരുന്നെന്നു ഞാന്‍ പറഞ്ഞു. കുട്ടിയ്‌ക്ക്‌ പെട്ടന്നു സുഖമാകട്ടെ എന്നു ആശംസിച്ച്‌ ഞാന്‍ ഫോണ്‍ വെച്ചു.

ചെയര്‍മാനെന്നു കേട്ടപ്പോള്‍ പല മുഖങ്ങളും ഓര്‍മ്മ വന്നു. രാകേഷേട്ടന്റെ, അനൂപേട്ടന്റെ, ദീപ്‌തിയുടെ, ഗ്രീഷ്‌മയുടെ, ശ്രീജിതയുടെ, ശ്രീജ ചേച്ചിയുടെ സുര്‍ജിത്തേട്ടന്റെ, സനീഷേട്ടന്റെ, ഷെബീര്‍ക്കയുടെ ....ഇല്ല ശ്രീകൃഷ്‌ണ, നിന്റെ നന്‍മകള്‍ വറ്റിയിട്ടില്ല. ബന്ധുക്കളേക്കാള്‍ സൂക്ഷമതയോടെ കൂടെ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ഇന്നും അവിടെയുണ്ട്‌. പോര്‍ട്ടിക്കോയിലെ ഭഗവാനോട്‌ അധികാരികള്‍ കണ്ണു തുറക്കണമെന്ന പ്രാര്‍ഥനയുമായി, തകര്‍ന്ന മനസ്സുകളെ കൈപിടിച്ചുയര്‍ത്താന്‍ മനസ്സു കൊണ്ട്‌ ഞാനും അവിടെയുണ്ട്‌. 

5 comments:

  1. ദുരന്തം വരുന്ന വഴികള്‍....
    ബാഷ്പാഞ്ജലി

    ReplyDelete
  2. അവിചാരിതമായ ദുരന്തങ്ങൾ

    ReplyDelete
  3. This comment has been removed by the author.

    ReplyDelete