4.10.14

എന്റെ വല്യച്ഛന്‍, നിങ്ങളുടെ അഡ്വ. എം.സി.വി.ഭട്ടതിരിപ്പാട്



'ഇവറ്റകള്‍ക്കൊക്കെ വീട്ടിലിരുന്നാല്‍ പോരേ. മനുഷ്യനെ മിനക്കെടുത്താന്‍.' മുന്‍പില്‍ ചാടിയ വയോധികനെ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ഇട്ടുകൊണ്ട് ടാക്‌സി ഡ്രൈവര്‍ ആക്രോശിച്ചു. പിന്‍സീറ്റിലിരിക്കുന്ന എഴുപതുകാരന്‍ ഇതു കേട്ടു ഞെട്ടി. താനും ഈ 'വീട്ടിലിരിക്കേണ്ട' ഗണത്തില്‍പ്പെടുമെന്ന യാഥാര്‍ഥ്യം ആ മനുഷ്യനെ വിഷമിപ്പിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ശബ്ദിക്കാന്‍ ആരുമില്ലെന്ന ചിന്ത അദ്ദേഹത്തെ അലട്ടി.

താമസിയാതെ ഒരു കൊച്ചു സംഘടന പിറന്നു, അദ്ദേഹത്തിന്റെ നാടായ കൂത്തുപറമ്പില്‍. തന്റെ വിയര്‍പ്പും പണവും കൊണ്ട് അതിനെ വളര്‍ത്തി. ഇന്ന് അത് വലിയ ഒരു കൂട്ടായ്മയാണ്- കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം. കേരളത്തിലെ വയോജനങ്ങളുടെ ഏറ്റവും വലിയ അംഗീകൃത കൂട്ടായ്മ.

അടിത്തറയിട്ട് സംഘടനയുടെ വളര്‍ച്ചയും കണ്ട് സന്തോഷത്തോടെ അദ്ദേഹം ഏഴു വര്‍ഷം മുന്‍പ് മരിച്ചു. എന്റെ വല്യച്ഛന്‍, അഡ്വ. എം.സി.വി.ഭട്ടതിരിപ്പാട്. അമ്മയുടെ അച്ഛനായതു മുത്തശ്ശനെന്നാണു വിളിക്കേണ്ടിയിരുന്നത്. പക്ഷെ തനിക്കു പ്രായമായതായി അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

അധികം സംസാരിക്കുന്ന പ്രകൃതിയല്ല. കേള്‍വിക്കുറവും കാഴ്ചക്കുറവും അലട്ടിയിരുന്നു. പങ്കെടുത്ത പരിപാടികളില്‍ തന്നെ പ്രസംഗത്തിനായി അധ്യക്ഷന്‍ ക്ഷണിക്കുന്നത് കേള്‍ക്കാതെ വേദിയില്‍ ചിരിച്ചുകൊണ്ടിരിക്കുമെന്നൊക്കെ തമാശാരൂപത്തില്‍ പറയും. എല്ലാം സരസമായി എടുക്കാനുളള അപാരമായ കഴിവ് അദ്ദേഹം മക്കള്‍ക്കടക്കം പകര്‍ന്നു നല്‍കി.

പക്ഷെ മുതിര്‍ന്ന പൗരന്‍മാരുടെ അവകാശത്തിനായി പോരാടി. പലപ്പോഴും പത്രങ്ങളിലെ മുഖപ്രസംഗപേജില്‍ എഴുതി. മരിച്ചപ്പോള്‍ മിക്ക മാധ്യമങ്ങളും പ്രാധാന്യത്തോടെ വാര്‍ത്ത കൊടുത്തു. മന്ത്രിമാര്‍ അനുശോചനമറിയിച്ചു വീട്ടിലേക്കു വിളിച്ചു.

അന്നാണ് വല്യച്ഛന്റെ മഹത്വം ഞാനും മറ്റു കുടുംബാംഗങ്ങളും മനസ്സിലാക്കിയത്. ഞങ്ങള്‍ക്കാര്‍ക്കും വേണ്ടി അദ്ദേഹം ഒരു ശുപാര്‍ശയ്ക്കും പോകാന്‍ തയ്യാറായില്ല. അദ്ദേഹം മരിച്ചതിനു ശേഷവും ആ പേരുപയോഗിച്ച് ഞാന്‍ എവിടെയും മുതലെടുത്തില്ല. അങ്ങനെ ചെയ്യാത്തത് മണ്ടത്തരമാണെന്നു പലരും ഉപദേശിച്ചിട്ടു പോലും!

എന്റെ നാവില്‍ ഹരിശ്രീ കുറിച്ചത് വല്യച്ഛനാണ്. അക്ഷരങ്ങളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചതും അദ്ദേഹം തന്നെ. ഒരിക്കല്‍ ഏതാനും വരി കവിതയെഴുതിയത് കാണിച്ചു കൊടുത്തപ്പോള്‍ തിരുത്തി വയോജനങ്ങളുടെ മാസികയില്‍ കൊടുത്തു. എന്റെ പേരില്‍ അച്ചടിച്ചു വന്ന ആദ്യ സൃഷ്ടി. അടുത്ത ദിവസം തന്നെ കവിതാ വൃത്തങ്ങളെയും അലങ്കാരങ്ങളേയും കുറിച്ച് ഒരു പുസ്തകം വാങ്ങി തന്നു. അതു വായിച്ചു മനസ്സിലാക്കാനുളള കഷ്ടപ്പാടുകൊണ്ട് ഞാന്‍ കവിതയെഴുത്ത് നിര്‍ത്തിയതു ബാക്കി കഥ.

അവസാനനാളുകളില്‍ അദ്ദേഹത്തിനുണ്ടായ ഏക വിഷമം ഭാര്യയേക്കുറിച്ചായിരുന്നു. അല്‍ഷൈമേഴ്‌സിന്റെ പിടിയില്‍ ഓര്‍മ്മയ്ക്കും മറവിക്കുമിടയിലുളള മുത്തശ്ശിയുടെ ജീവിതം അദ്ദേഹത്തിന്റെ കണ്ണു നിറച്ചു. വല്യച്ഛന്റെ അന്ത്യം പോലും മുത്തശ്ശി അറിഞ്ഞില്ല, മനസ്സിലാക്കിയില്ല. സ്‌നേഹം മാത്രം പങ്കുവെച്ച ഈ ദമ്പതികള്‍ ഒരു വര്‍ഷത്തിനിടെ മരിച്ചു.

എപ്പോഴും തിരക്കിട്ട് ഓടുന്ന വല്യച്ഛനെയാണ് ഞാന്‍ ചെറുപ്പത്തില്‍ കണ്ടത്. ഞാന്‍ കൗമാരത്തിലെത്തിയപ്പോള്‍ അദ്ദേഹം സാംസ്‌കാരികപ്രവര്‍ത്തകന്റെ വേഷത്തിലായിരുന്നു.

ഇനിയുമേറെ ചെയ്യാന്‍ ബാക്കി വെച്ച് വയോധികര്‍ക്കായി ഒരു സംഘടനയും നിര്‍മ്മിച്ചാണ് അദ്ദേഹം മരിച്ചത്. രാജ്യത്തെ നിയമമനുസരിച്ച് വ്യക്തികള്‍ മുതിര്‍ന്നവരായി കണക്കാക്കാന്‍ 18 വയസ്സു വേണം. അതേ രീതി സംഘടനയ്ക്കുമെടുത്താല്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം ഇന്നു മുതിര്‍ന്നു. 18 വര്‍ഷമായി വയോധികര്‍ക്ക് താങ്ങും തണലുമായി കഴിഞ്ഞു.

ഒക്ടോബര്‍ ഒന്ന് ലോക വയോജനദിനമാണ്. ഓരോ വൃദ്ധരിലും ഞാന്‍ കാണുന്നത് എന്റെ വല്യച്ഛനെയാണ്. മുപ്പതുകളിലെത്തുമ്പോഴേക്കും വയസ്സായി എന്നു വിലപിക്കുന്നവരോട് ഞാന്‍ പറയാറുണ്ട് 85ാം വയസ്സില്‍ മരിക്കുമ്പോഴും മനസ്സില്‍ ചെറുപ്പക്കാരനായി മരിച്ച എന്റെ വല്യച്ഛനെക്കുറിച്ച്...


23 comments:

  1. നല്ല ഓര്‍മ്മകള്‍..

    ReplyDelete
    Replies
    1. നന്ദി, ഈ പ്രോത്സാഹനത്തിന്

      Delete
  2. Nalla ezhuthu.. nalla ormmakal.. nalla Valyachan..!

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി

      Delete
  3. തന്റേതായ ഇടം സമൂഹത്തില്‍ സ്ഥാപിച്ച ഒരാള്‍, വല്യച്ഛന്‍

    ReplyDelete
    Replies
    1. സത്യം...നന്ദി അജിത്തെട്ടാ

      Delete
  4. അടയാളപ്പെടുത്തിയ ജീവിതം, വലിയച്ഛൻ... !

    ഓർമ്മക്കുറിപ്പ്‌ നന്നായി ...

    ReplyDelete
    Replies
    1. നന്ദി കൂട്ടുകാരി

      Delete
  5. തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച വല്യച്ഛന്‍ സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
    Replies
    1. സ്നേഹത്തിനു നന്ദി

      Delete
  6. മറക്കാത്ത ഓര്‍മ്മകള്‍ ലോകത്തില്‍ കോറിയിട്ട വെക്തിത്വം..rr

    ReplyDelete
  7. കഴിഞ്ഞ ദിവസം അറുപതു കഴിഞ്ഞവരുടെ ഒരു കൂട്ടത്തിൽ അൽപനേരം ചിലവഴിക്കാൻ കഴിഞ്ഞിരുന്നു .അവിടുന്ന് അവരും പറഞ്ഞതും ഇത് തന്നെ മക്കളൊക്കെ പറയുന്നു "അടങ്ങി വീട്ടിൽ കുത്തിയിരുന്ന് കൂടെ ന്നു "പക്ഷെ വല്യച്ചനെ പോലെ അവരും ഒരു വീടുണ്ടാക്കി "പകൽ വീട് .."രണ്ടാഴ്ചയിലൊരിക്കൽ കൂട്ട് കൂടുന്ന കൂട് ..സ്നേഹം വിളമ്പുന്ന ഇടം ..
    അടുത്ത തവണ ഞാൻ അവിടെ സന്ദർശിക്കുമ്പോൾ വല്യച്ചനെ അവര്ക്ക് പരിചയപ്പെടുത്തി കൊടുക്കും ഒപ്പം സംഘടനയെയും ..സന്തോഷം

    ReplyDelete
    Replies
    1. തീർച്ചയായും... അറിഞ്ഞതിൽ സന്തോഷം സുഹൃത്തേ

      Delete
  8. ജീവിതം കൊണ്ട് മാതൃക കാട്ടി തന്നു വല്യച്ഛന്‍...

    ReplyDelete
  9. നല്ല കുറിപ്പ് .ആശംസകള്‍ !

    ReplyDelete
    Replies
    1. സ്നേഹത്തിനു നന്ദി കൂട്ടുകാരി

      Delete
  10. നല്ല ഓർമ്മക്കുറിപ്പ്.

    ReplyDelete
  11. ഓര്‍മ്മകളിലും പ്രകാശം നന്മയുടെ പരത്തുന്നവര്‍
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഈ വാക്കുകള്‍ക്ക്‌

      Delete
  12. ഒരു നല്ല അനുസ്മരണ കുറിപ്പ്. ജനന മരണ തീയ്യതികളടക്കം അദ്ദേഹത്തിന്റെ ജീവിതമുഹൂർത്തങ്ങൾ കൂടി ചേർത്ത് ഇത് വിപുലീകരിക്കാവുന്നതാണ്. ഒരു ജീവചരിത്രമാക്കാവുന്നതാണ്.
    അഭിനന്ദനങ്ങൾ.

    ReplyDelete