30.6.14

ഒരു നവമാധ്യമപ്രവര്‍ത്തകയുടെ കുറിപ്പുകള്‍



ഇന്നാണ്‌ പോലും സോഷ്യല്‍ മീഡിയാ ഡേ അഥവാ നവമാധ്യമദിനം. എല്ലാത്തിനും ഒരു ദിവസം കൊടുക്കുന്നതു പോലെ ഇതിനും കിട്ടി. കള്ളും കഞ്ചാവും പുകവലിയുമൊക്കെയുളള പോലെയാണ്‌ നവമാധ്യമമെന്നാണ്‌ ശാസ്‌ത്രവും ബുദ്ധിജീവികളും പറയുന്നത്‌. എന്നാല്‍ ഇവന്‍മാരുടെയൊക്കെ വിശേഷങ്ങള്‍ കൊട്ടിഘോഷിക്കാന്‍ ആദ്യം ആശ്രയിക്കുന്നതും ഇതിനെത്തന്നെയാണ്‌.
അത്യാവശ്യം ഈ ദുശ്ശീലം കിട്ടിയ കുരുത്തംകെട്ട ഒരു പെണ്ണാണ്‌ ഞാനും. എസ്‌എംഎസ്‌ ആയിരുന്നു തുടക്കം. പിന്നെ ഓര്‍ക്കുട്ട്‌, ഗൂഗിള്‍ ബസ്സ്‌, ഫേസ്‌ബുക്ക്‌, ബ്ലോഗ്‌, പ്ലസ്‌, വാട്‌സ്‌ആപ്പ്‌, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ ഇങ്ങനെ ആ നിര നീണ്ടു പോകും. ബ്ലോഗിലെ രൂപ്‌സും ഫേസ്‌ബുക്കിലെ രൂപ കരുമാരപ്പറ്റയും ട്വിറ്ററിലെ രൂപകുട്ടിയുമൊക്കെയായി ജീവിതം. ബ്ലോഗ്‌ എന്റെ ലോകവും ഫേസ്‌ബുക്ക്‌ വീടും ട്വിറ്റര്‍ ഓഫീസുമായി. സുഹൃത്തുക്കളുമായി ഗൂഗിള്‍ ചാറ്റില്‍ കത്തിയടിക്കാറുമുണ്ട്‌.
ഈ അസുഖം എപ്പോള്‍ തുടങ്ങിയെന്നു ചോദിച്ചാല്‍ ഒന്നാലോചിക്കേണ്ടി വരും. പക്ഷെ എനിക്ക്‌ ഡിഗ്രി കഴിഞ്ഞാണ്‌ ഒരു ഇമെയില്‍ വിലാസം ഉണ്ടാക്കിയത്‌ എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ! സത്യമാണ്‌. ഞാന്‍ ഇന്റര്‍നെറ്റ്‌ എന്താണെന്നു പഠിക്കുന്നത്‌ ബിരുദമെടുത്തതിനു ശേഷമാണ്‌. പിന്നീട്‌ ഒരു യാത്രക്കാരിയായി ഞാന്‍ ഇ-ലോകത്തു അലഞ്ഞു നടന്നു. പലതും പഠിച്ചു, ലഭിച്ചു! ഒളിപ്പിക്കേണ്ടതും പുറത്തു പറയേണ്ടതും വേര്‍തിരിക്കാന്‍ മനസ്സിലായി. അകറ്റുവാനും അടുപ്പിക്കുവാനും പഠിച്ചു.
തൊട്ടാവാടിയും നിശ്ശബ്ദയുമായ എന്നെ നവമാധ്യമം വായാടിയാക്കി. കൂട്ടായ്‌മകളെ നയിക്കാന്‍ സഹായിച്ചു. കൊഴിഞ്ഞു പോകുന്ന ബന്ധങ്ങളുടെ മുറിവുകള്‍ പുതിയവ ഉണക്കി. ലോകം കൂടുതല്‍ വിശാലമായി. നാലുകെട്ടിലെ നടുത്തളത്തില്‍ മാത്രമൊതുങ്ങിയിരുന്ന ഒരു പിടി സ്വപ്‌നങ്ങള്‍ ഞാനറിയാത്ത്‌ ആരോടൊക്കെയോ പങ്കു വെച്ചു.
കൂടുമ്പോള്‍ ഇമ്പമേറുന്ന കുടുംബത്തില്‍ അല്ലെങ്കില്‍ തറവാട്ടില്‍ എത്തിയാല്‍ ഞാന്‍ ജീവിക്കുന്നത്‌ യഥാര്‍ഥലോകത്താണ്‌. അവിടെ എനിക്കായി പച്ച വിരിച്ച ഒരു ഗ്രാമവും ലാളിക്കാന്‍ മത്സരിക്കുന്ന ഒരു വലിയ കുടുംബവുമുണ്ട്‌. അതുകൊണ്ടു തന്നെ മഴയെയും വെയിലിനെയും കുറിച്ചെഴുതുമ്പോള്‍ ഇവരും അതില്‍ ഉള്‍പ്പെടുന്നു.
തൊഴില്‍രഹിതയായി വീട്ടിലിരുന്നപ്പോള്‍ ആശ്വാസമായത്‌ സോഷ്യല്‍ മീഡിയയാണ്‌. ഇല്ലെങ്കില്‍ ഭ്രാന്തിയായി പോയേനെ ഞാന്‍! ഇന്നു പഴയ പോലെ നവമാധ്യമജീവി അല്ലെങ്കിലും എന്റെ ശേഷിപ്പുകള്‍ പല സൈറ്റുകളിലുമും കാണാം. ഇടയ്‌ക്കൊന്നു പൊടിതട്ടിയെടുക്കും, ഞാനും ഈ പുതുലോകത്തു ജീവിക്കുന്നുണ്ടെന്ന്‌ അറിയിക്കാന്‍!

17 comments:

  1. സോഷ്യൽ മീഡിയ ഭ്രാന്തി ആക്കാത്തത് ഭാഗ്യം!

    ReplyDelete
  2. beautiful! valare nannayirikkunnu chechi :)

    ReplyDelete
    Replies
    1. നന്ദി കൂട്ടുകാരി

      Delete
  3. എഴുത്ത് വളരെ ഇഷ്ട്ടമായി. തൊഴില്‍ രഹിതയായി വീട്ടിലിരുന്നാല്‍ ഭ്രാന്തിയാകുമെന്നുള്ളത് ഒരു പുതിയ കണ്ടെത്തല്‍ തന്നെ.....!

    ReplyDelete
  4. ഇപ്പോള്‍ എല്ലാം തൊഴിലാണ്.

    ReplyDelete
  5. ആശംസകള്‍
    വല്ലപ്പോഴും വരിക!

    ReplyDelete
    Replies
    1. നന്ദി അജിത്തെട്ടാ

      Delete
  6. ഒരുപാട് കറങ്ങി നടക്കണ്ട, മാടംപള്ളിയിലെ യക്ഷി ഇവിടൊക്കെ തന്നെയുണ്ട്‌....

    ReplyDelete
  7. ഒന്നൊന്നായി വായിച്ചുതുടങ്ങി... എന്റെ അഭിനന്ദനങ്ങള്‍....

    ReplyDelete
  8. നല്ലെഴുത്ത് , തുറന്നെഴുത്ത്,
    അഭിനന്ദനങ്ങള്‍

    ReplyDelete
  9. എഴുത്ത് തുടരു, ഭ്രാന്തിയാക്കാതെ പിടിച്ചു നിര്‍ത്തിയ ഇടങ്ങളിലെല്ലാം നല്ലതു പങ്കു വെക്കു, അതു മറ്റാര്‍ക്കോ പിടിച്ചു നില്‍ക്കാനുള്ള കാരണമായി തീരട്ടെ

    ReplyDelete
  10. എല്ലാം നല്ലതിനെന്നല്ലേ... എഴുത്ത് തുടരുക!

    ReplyDelete