13.11.12

ചാന്ദനി - ഒരു സ്വപ്നം

കൂത്തുപറമ്പ്-തലശ്ശേരി റോഡിലുള്ള ഫത്തിമാസ് എന്ന വീടിനു സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അതിനു പറയാന്‍ ഒരുപാടു കഥകള്‍ ഉണ്ടാകും. സ്നേഹസമ്പന്നരായ ഒരു ദമ്പതികള്‍ അവരുടെ സ്വപ്നസൗധം പടുത്തുയര്‍ത്തിയതിന്റെയും ചിരിച്ചുല്ലസിച്ച്‌ എല്ലാ വിഷമങ്ങളും മറന്നു ജീവിച്ചതിന്റെയും ഒടുവില്‍ പല ചോദ്യങ്ങള്‍ക്കുത്തരം കിട്ടാതെ ആ വീടിന്‍റെ താക്കോല്‍ മറ്റൊരു ഉടമസ്ഥനെ ഏല്‍പ്പിച്ചതും അടക്കം ഒരുപാട് അദ്ധ്യായങ്ങള്‍ ആ വീടിനുള്ളില്‍ ഉറങ്ങി കിടക്കുന്നു.

ഫത്തിമാസ് എന്ന പേര് സ്വീകരിക്കുന്നതിനു മുന്‍പ് ആ ഗൃഹം ചാന്ദനി ആയിരുന്നു. എന്‍റെ മുത്തശ്ശന്‍ സ്വരുക്കൂട്ടി വച്ച സമ്പാദ്യത്തിന്‍റെ ഫലമായി ആ ഗൃഹം നിര്‍മിച്ചു. നിലാവില്‍ കുളിച്ചു നില്‍ക്കുന്ന വീടിന്‍റെ ഭംഗിയില്‍ ഞങ്ങള്‍ വല്യച്ഛന്‍ എന്ന് വിളിക്കുന്ന മുത്തശ്ശന്‍ മയങ്ങി പോയത് കൊണ്ടാണ് വീടിനു ചാന്ദനി എന്ന പേരിട്ടതെന്ന് അമ്മ പറയാറുണ്ട് ഞാന്‍ ജനിച്ചതും ഒഴിവു കാലം ചിലവിട്ടതും എല്ലാം ആ വീട്ടിലാണ്‌.
ചാന്ദനിയുടെ ഏറ്റവും വലിയ പ്രത്യേകത എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ അവിടെ ജാതിമത വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല. വല്യച്ഛന്റെയും അമ്മാവന്മാരുടെയും സുഹൃത്തുക്കളും മറ്റു ബന്ധുക്കളും സ്വഗൃഹം പോലെ ചാന്ദനിയില്‍ ജീവിച്ചു. സാമൂഹ്യപ്രവര്‍ത്തകന്‍ ആയ വല്യച്ഛനും, അദ്ദേഹത്തിന് താങ്ങും തണലുമായി എന്നുമൊരു പുഞ്ചിരിയോടെ മുത്തശ്ശിയും ആ ഗൃഹത്തെ സമ്പന്നമാക്കി. ഗ്രാമത്തില്‍ നിന്ന് പോയ എനിക്ക് അന്ന് അവിടം ഒരു അത്ഭുതം ആയിരുന്നു. ഇന്നത്തെ പോലെ എന്റെ നാട്ടില്‍ റോഡിലൂടെ അധികം വണ്ടികള്‍ ഓടാറില്ല. അത് കൊണ്ട് തന്നെ ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്ന അവിടുത്തെ റോഡിലേക്ക് ഞാന്‍ നോക്കി നില്‍ക്കാറുണ്ട്. ബസ്സിന്‍റെ പേര് വായിക്കുന്നതും എണ്ണം എടുക്കുന്നതും എന്‍റെയും അനിയത്തി ജ്യോതിയുടെയും പ്രധാനവിനോദം ആയിരുന്നു.

സാധാരണ ഇല്ലങ്ങളിലെ പോലെ ഏക്കറുകണക്കിന് ഭൂമി ഒന്നും അവിടെ ഇല്ലെങ്കിലും ഉള്ള സ്ഥലത്ത് എല്ലാവിധ ഫലവൃക്ഷങ്ങളും ഉണ്ടായിരുന്നു. പ്ലാവ്,മാവ്, സപ്പോട്ട, ബദാം തുടങ്ങി നാരങ്ങ മരം വരെ അവിടെ തഴച്ചു വളര്‍ന്നു. ആ ദമ്പതികളുടെ മക്കളുടെ ബാല്യവും വിവാഹവും കൊച്ചുമക്കളുടെ ജനനവും എല്ലാം ആ ഗൃഹത്തിലുള്ളപ്പോഴായിരുന്നു. എല്ലാം മംഗളകരമായി നടത്തിയ ശേഷം ആ ഗൃഹം മറ്റൊരാളെ ഏല്‍പ്പിച്ചു വല്യച്ഛനും കുടുംബവും മറ്റൊരു നാട്ടില്‍ ഒരു കൊച്ചു വീട് വാങ്ങി. പുതിയ വീട്ടില്‍ ഏതാനും വര്‍ഷം താമസിച്ചു ആ വൃദ്ധദമ്പതികള്‍ ഈ ലോകത്തോട്‌ വിട പറഞ്ഞു.


വല്യച്ഛനും മുത്തശ്ശിയും

എന്നെ ഒരുപാടു സ്വപ്നം കാണാന്‍ പഠിപ്പിച്ച വീടായിരുന്നു ചാന്ദനി. എന്നെ അക്ഷരലോകത്തേക്ക് വല്യച്ഛന്‍ കൈ പിടിച്ചു കയറ്റിയത് ഈ വീട്ടില്‍ വച്ചാണ്. ഞാന്‍ എഴുതുന്ന ഓരോ വാക്കുകള്‍ക്കും ഒരുപാടു അര്‍ത്ഥങ്ങളും ശക്തിയും ഉണ്ടെന്നു വല്യച്ഛന്‍ എന്നെ പഠിപ്പിച്ചത് ഇവിടുന്നാണ്‌. സ്ത്രീയുടെ നിഷ്കളങ്കമായ സ്നേഹം എന്തെന്ന് പഠിപ്പിച്ച മുത്തശ്ശി ജീവിച്ചത് ആ വീട്ടിലായിരുന്നു. ഭക്ഷണത്തിന് കൈപുണ്യത്തിന്റെ ലഹരി ചേര്‍ത്ത് വിളമ്പാന്‍ മുത്തശ്ശിയും അമ്മായിയും മത്സരിച്ചത് ഇവിടെ വച്ചായിരുന്നു. ഉറക്കെ ചിരിക്കണമെന്ന് എന്നെ പഠിപ്പിച്ച അമ്മാവന്‍മാരുടെ ചിരികള്‍ ആ വീടിനെ ഉത്സവലഹരിയിലാക്കി. വീട് എങ്ങനെ വൃത്തിയാക്കി വയ്ക്കാം എന്ന് ഞാന്‍ മനസിലാക്കിയത് ഇവിടെ എന്റെ ചെറിയ അമ്മായിയില്‍ നിന്നായിരുന്നു. സൗഹൃദവും ജാടയും എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ചു തന്നത് ഇവിടുത്തെ എന്‍റെ സഹോദരങ്ങള്‍ ആണ്.

ഒടുവില്‍ മനുഷ്യനെക്കാള്‍ നാം പരിസരത്തെ സ്നേഹിക്കുന്ന അവസ്ഥ വരുമെന്ന് ബോധ്യപ്പെടുത്തിയത് ചാന്ദനിയില്‍ നിന്ന് പടി ഇറങ്ങിയപ്പോഴാണ്. വീമ്പുപറയാന്‍ ഒരു രാജകൊട്ടാരത്തിന്റെ പ്രൗഡിയൊന്നും ആ വീടിനില്ലായിരുന്നു. ഒരു സാധാരണ കുടുംബം താമസിക്കുന്ന ഒരു കൊച്ചുവീട്. പക്ഷെ അതിനപ്പുറം കുടുംബം എന്ന വാക്കിന്റെ ശരിയായ പ്രയോഗമായ കൂടുമ്പോള്‍ ഇമ്പമുള്ള ഒരു അന്തരീക്ഷം അവിടെ ഉണ്ടായിരുന്നു.

ഇന്ന് ചാന്ദനി കെട്ടിലും മട്ടിലും പേരിലും ആകെ മാറിയിരിക്കുന്നു. ഈ മാറ്റം നടന്നിട്ട് ഒരുപാട് വര്‍ഷങ്ങള്‍ ആയെന്നു തോന്നുന്നു. പക്ഷെ ഞാനിതു ഇന്നലെ നടന്ന പോലെയേ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുള്ളൂ. ചാന്ദനിക്കും അങ്ങനെ തന്നെ ആണെന്ന് തോന്നുന്നു. വീടിനു ആത്മാവ് ഉണ്ടോ? ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്ക് താല്പര്യം. മുത്തശ്ശനെയും മുത്തശ്ശിയെയും ഓര്‍ക്കുന്ന പോലെ ആ വീടിനെയും എന്റെ ഒരു വഴികാട്ടിയായി ഞാന്‍ എന്നും നന്ദിയോടെ സ്മരിക്കും.

മനസ്സില്‍ മറക്കാന്‍ കഴിയാത്തതൊക്കെ  സ്വപ്‌നങ്ങള്‍ ആയി വരും. തീര്‍ച്ചയായും ചാന്ദനി അവിടെ താമസിച്ച ഓരോ കുടുംബാംഗങ്ങളുടെയും നിശാസ്വപ്നത്തില്‍ കടന്നു വരാറുണ്ട്. ഇന്നത്തെ രാത്രിയില്‍ ഉറപ്പായും ഞാന്‍ ചാന്ദനിയില്‍ ആകും. അതുകൊണ്ട് തന്നെ മനോഹരമായ ആ സ്വപ്നം പ്രതീക്ഷിച്ചു ഞാന്‍ ഉറങ്ങാന്‍ കിടക്കട്ടെ!

32 comments:

 1. രൂപ വളരെ നൊസ്റ്റാൾജിക്കായി. വീടിന് ആത്മാവില്ല നമുക്കുള്ള ആത്മാവാണ് ഇങ്ങനെയെല്ലാം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്... നാം ഉപയോഗിച്ച വസ്തുക്കളോട് നാം ചിലവഴിച്ച നാടിനോടെല്ലാം ഒരു അടുപ്പം തോന്നുക സ്വാഭാവികം...

  ReplyDelete
  Replies
  1. ചില ഓര്‍മ്മകള്‍ നമ്മളെ വല്ലാതെ നോസ്റ്റാള്‍ജിക്ക് ആക്കും മൊഹി

   Delete
 2. വീടിനു ആത്മാവ് നമ്മോടൊപ്പം ജനിക്കുന്നു മരിക്കുന്നു., കുറിപ്പ് നന്നായി

  ReplyDelete
  Replies
  1. സത്യം സുമേഷ്

   Delete
 3. വീടിന്റെ ആത്മാവ് നമ്മുടെ മനസ്സിലാണ്

  നല്ല ഓര്‍മ്മക്കുറിപ്പ്

  ReplyDelete
  Replies
  1. നന്ദി അജിത്തെട്ടാ

   Delete
 4. വീടിനു ആത്മാവുണ്ടോ? ഉണ്ടല്ലോ..... വീട്ടുകാരുടെ ആത്മാവാണ് വീടിന്‍റെ ആത്മാവെന്നു മാത്രം...!

  ഓര്‍മ്മക്കുറിപ്പ്‌ നന്നായിരുന്നു

  ReplyDelete
  Replies
  1. അങ്ങനെയും പറയാം. നന്ദി

   Delete
 5. വളരെ നല്ല ഒരു ഓര്‍മ്മക്കുറിപ്പ്... ;)

  ReplyDelete
  Replies
  1. നന്ദി മനോജ്‌

   Delete
 6. ഓർമകളിലേക്ക് ഇറങ്ങി ചെന്നാൽ കാലുകൾ ഇടറാറുണ്ട് ചിലപ്പോൾ ........
  ഓർമകൾ എന്നും ഉണ്ടാവട്ടെ ,
  ആശംസകൾ

  ReplyDelete
  Replies
  1. ഓര്‍മ്മകള്‍ ആണ് എന്റെ വാക്കുകളുടെ ശക്തി. പിന്നെ താങ്കളെ പോലെയുള്ള വായനക്കാരുടെ പ്രോത്സാഹനവും.

   Delete
 7. വീടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ നന്നായിട്ടുണ്ട് രൂപാ...

  ReplyDelete
 8. ഏതൊരു കാര്യവുമായി നമുക്ക് താതാത്മ്യം പ്രാപിക്കാന്‍ സാധിച്ചാല്‍ അതിനു ജീവന്‍ വരും ..എന്നതില്‍ സംശയമില്ല .ഇവിടെ സംഭവിക്കുന്നതും അതുതന്നെയാണ് എന്ന് തോന്നുന്നു .ഓര്‍മ്മകളാണല്ലോ ഗൃഹാതുരത്വം ....വളരെ നന്നായി ....സന്തോഷം

  ReplyDelete
  Replies
  1. ഈ വാക്കുകള്‍ക്ക് നന്ദി

   Delete
 9. എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു വീട്. ഉപ്പൂപയും അഞ്ചു അമ്മാവന്‍മാരും അമ്മായിമാരും കുറെ കുട്ടികളും ഒക്കെയായി, മുറ്റത്ത്‌ നെല്ലിക്ക മരവും നിറയെ മാമ്പഴവും കമുകിന്‍ തോട്ടവും കപ്പ തോട്ടവും ഒക്കെ ആയിട്ട്. ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉപ്പൂപ അവിടം വിറ്റ് ദൂരെ ഒരു ചെറിയ വീട്ടില്‍ താമസം ആക്കി. അമ്മാവന്‍ മാരൊക്കെ വേറെ വേറെ വീടെടുത്തു. അതോടെ ഞങ്ങള്‍ കുട്ടികളുടെ ജോളി നഷ്ടപ്പെട്ടുപോയി

  ആ മധുര സ്മരണകളിലേക്ക് കൂട്ടികൊണ്ട് പോയതിനു നന്ദി രൂപ്സ്‌

  ReplyDelete
  Replies
  1. ഇത് എന്റെ മാത്രം അനുഭവം അല്ല എന്നറിഞ്ഞതില്‍ ആശ്ചര്യം തോന്നുന്നു. എന്തായാലും ഈ വാക്കുകള്‍ക്കു ഒരായിരം നന്ദി

   Delete
 10. ഏതൊരാളുടെയും സ്വപ്ന സാക്ഷല്‍ക്കാരമാവും ഒരു വീട്..അതും ആയുസ്സില്‍ ഒന്ന് മാത്രം ( ബഹുഭൂരിപക്ഷം പേര്‍ക്കും ) സാധിക്കുന്നതും..അവിടുന്ന് പടിയിറങ്ങേണ്ടി വരുക എന്നത് വേദനാ ജനകമാണ് ..അത് ഏതു കാരണം കൊണ്ടാണെങ്കിലും...

  നല്ല പോസ്റ്റ്‌..അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. നന്ദി വില്ലേജ്മാന്‍

   Delete
 11. കൊള്ളാലോ രൂപ...ഓര്‍മ്മകള്‍കെന്തു സുഗന്ധം ... :)

  ReplyDelete
  Replies
  1. നന്ദി അനാമിക

   Delete
 12. Replies
  1. ഈ വാക്കുകള്‍ക്കു നന്ദി

   Delete
 13. രൂപ്സ്, ഈ വല്യച്ചന്‍ എന്നാല്‍ മുത്തശ്ശനാനോ?
  നല്ല കുറിപ്പ് !

  ReplyDelete
  Replies
  1. മുത്തശ്ശന്‍ ആണ്. നന്ദി പ്രവീണ്‍

   Delete
 14. Replies
  1. നന്ദി റോസാപൂക്കള്‍

   Delete
 15. ജനിച്ചുവളര്‍ന്ന വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍..നന്നായിരിക്കുന്നു..

  ReplyDelete
  Replies
  1. നന്ദി ശ്രീക്കുട്ടന്‍

   Delete
 16. 99 ആകുമ്പോള്‍ പറയണം എന്ന് പറഞ്ഞതാ കേട്ടില്ല. ഹും ക്ഷമിച്ചിരിക്കുന്നു.ഏതായാലും 101 എന്ന നമ്പറില്‍ വിദേശി നിങ്ങളോടൊപ്പം . [ഒന്നും ബാക്കി വെക്കുന്നില്ല പറയാനുള്ളത് ഉള്ളത് എനിക്ക് ഉടനെ പറയണം ബാക്കിവെക്കുന്ന ശീലം വിദേശിക്കില്ല].

  ReplyDelete
  Replies
  1. എല്ലാം വളരെ പെട്ടന്നായിരുന്നു. എന്തായാലും സ്വാഗതം എന്‍റെ ലോകത്തേക്ക്

   Delete