24.9.12

വല്യുമ്മ എന്ന വീട്ടുകാരി


കുറച്ചു ദിവസമായി പറയാതെ ബാക്കി വച്ചതൊന്നും മനസ്സിലേക്ക് ഓടി എത്തുന്നില്ല. ഈ ബ്ലോഗില്‍ അനാവശ്യമായി ഒന്നും കുത്തി നിറക്കില്ല എന്ന് ആദ്യമേ തീരുമാനിച്ചത് കൊണ്ട് പേരിനു മാത്രമായി ഒന്നും കുറിച്ചിടാന്‍ ഞാന്‍ ഉദേശിക്കുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്നലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകാന്‍ ഇടയായത്. അവിടെ കണ്ട ഒരു കാഴ്ച മനസ്സിന് വളരെ സന്തോഷം തോന്നിക്കുന്നതായിരുന്നു. കിടപ്പിലായ അവളുടെ അമ്മൂമ്മയെ വളരെ സ്നേഹത്തോടെ ശുശ്രുഷിക്കുന്നതു കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞു.

നിങ്ങള്‍ കരുതുന്നുണ്ടാകും ഇന്ന് കേരളത്തില്‍ ഒരുപാടു വൃദ്ധര്‍ ഉണ്ട്, അവരില്‍ ഭൂരിപക്ഷം പേരെയും വീട്ടുകാര്‍ നോക്കുന്നുണ്ട്. അത് കൊണ്ട് തന്നെ എന്താണ് ഇത് ഇത്ര വലിയ സംഭവം ആയി എഴുതി പിടിപ്പിക്കേണ്ടത് എന്നെല്ലാം സ്വാഭാവികമായി തോന്നിയേക്കാം. എന്റെ മുത്തശ്ശന്‍ കേരള സീനിയര്‍ സിറ്റിസന്‍സ് ഫോറം എന്ന ഒരു സംഘടന ഉണ്ടാക്കിയത് കൊണ്ടും അതിന്റെ ആസ്ഥാന മേധാവി ആയി മരിക്കുവോളം പ്രവര്‍ത്തിച്ചത് കൊണ്ടും വൃദ്ധരുടെ പ്രശ്നങ്ങള്‍ കുറച്ചൊക്കെ ഞാന്‍ മനസ്സിലാക്കി.

സാധാരണ കിടപ്പിലായ വൃദ്ധരുടെ സ്ഥാനം വീട്ടില്‍ ആരും പോകാത്ത ഒരു മുറിയിലാകും. അവിടെ അവരുടെ മരുന്നുകളുടെയും മലമൂത്രവിസര്‍ജ്ജനങ്ങളുടെയും രൂക്ഷ ഗന്ധമായിരിക്കും.ആരും അവിടേക്ക് കയറി ചെല്ലാന്‍ ഒന്ന് അറയ്ക്കും. പിന്നെ മുഖത്ത് ഒരു കൃത്രിമ വിഷമഭാവം വരുത്തി വിരുന്നുകാര്‍ അവിടെ കയറി അവരെ കണ്ടു എന്ന് വരുത്തി ഇറങ്ങും. എന്നാല്‍ ഈ സുഹൃത്തിന്റെ വീട്ടില്‍ അവരുടെ അമ്മൂമ്മ എല്ലാവരും പെരുമാറുന്ന ഹാളില്‍ തന്നെയാണ് കിടക്കുന്നത്.

വീട്ടുകാര്‍ അമ്മൂമ്മയുടെ അടുത്തിരുന്നു ഭക്ഷണം കഴിക്കുകയും ടിവി കാണുകയും സംസാരിക്കുകയും ചെയ്യുന്നു. ഓര്‍മ്മകള്‍ മരവിച്ച ഒരു സ്ഥിതിയില്‍ എന്തൊക്കെയോ വിളിച്ചു പറയുന്ന ആ "വല്യുമ്മ"യുടെ വാക്കുകള്‍ക്ക് വീട്ടുകാര്‍ സ്നേഹത്തോടെ മറുപടി പറയുന്നു.ഇത്രയും വൃത്തിയില്‍ കിടക്കുന്ന ഒരു വൃദ്ധയെ ഞാന്‍ കണ്ടിട്ടില്ല. തീര്‍ച്ചയായും ആ വീട്ടുകാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. വയസ്സായാല്‍ ഒരു മൂലയ്ക്കിടെണ്ടവരല്ല, എന്നും വീട്ടിലെ ഒരു അംഗം തന്നെയാണ് അവര്‍ എന്ന വലിയ സന്ദേശമാണ് ആ ഗൃഹത്തില്‍ പോയ ഓരോരുത്തരുടെ മനസ്സിലും എത്തുന്നത്.

യാത്ര പറഞ്ഞിറങ്ങുമ്പോഴും ആ വീട്ടുകാരുടെ ഹൃദയം നിറഞ്ഞ സ്നേഹസല്‍ക്കരത്തെക്കാള്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ചത് അവരുടെ അമ്മൂമ്മയോടുള്ള സ്നേഹമാണ്. ഇത്രയ്ക്കധികം സ്നേഹലാളനകള്‍ ഏറ്റുവാങ്ങുന്ന ആ വല്യുമ്മ തീര്‍ച്ചയായും ഭാഗ്യവതി തന്നെ!

27 comments:

 1. ഓര്‍മ്മകള്‍ മരവിച്ച ഒരു സ്ഥിതിയില്‍ എന്തൊക്കെയോ വിളിച്ചു പറയുന്ന ആ "വല്യുമ്മ"യുടെ വാക്കുകള്‍ക്ക് വീട്ടുകാര്‍ സ്നേഹത്തോടെ മറുപടി പറയുന്നു. ഇത്രയും വൃത്തിയില്‍ കിടക്കുന്ന ഒരു വൃദ്ധയെ ഞാന്‍ കണ്ടിട്ടില്ല. തീര്‍ച്ചയായും ആ വീട്ടുകാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. വയസ്സായാല്‍ ഒരു മൂലയ്ക്കിടെണ്ടവരല്ല, എന്നും വീട്ടിലെ ഒരു അംഗം തന്നെയാണ് അവര്‍ എന്ന വലിയ സന്ദേശമാണ് ആ ഗൃഹത്തില്‍ പോയ ഓരോരുത്തരുടെ മനസ്സിലും എത്തുന്നത്

  യാത്ര പറഞ്ഞിറങ്ങുമ്പോഴും ആ വീട്ടുകാരുടെ ഹൃദയം നിറഞ്ഞ സ്നേഹസല്‍ക്കരത്തെക്കാള്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ചത് അവരുടെ അമ്മൂമ്മയോടുള്ള സ്നേഹമാണ്. ഇത്രയ്ക്കധികം സ്നേഹലാളനകള്‍ ഏറ്റുവാങ്ങുന്ന ആ വല്യുമ്മ തീര്‍ച്ചയായും ഭാഗ്യവതി തന്നെ!
  അങ്ങിനെ ഉള്ള മക്കളെ കിട്ടാന്‍ മാത്രം ആ വല്ലിമ്മ നന്മ ഉള്ളവരായിരിക്കാം ..എന്നാലും ഈ എഴുത്തിന് ആശംസകള്‍ നേരുന്നു..

  ReplyDelete
  Replies
  1. ഈ വാക്കുകള്‍ക്ക് നന്ദി ഷാഹിദ

   Delete
 2. നിങ്ങള്‍ കാരുണ്യത്തിന്റെ ചിറകുകള്‍ അവര്‍ക്ക് വിരിച്ച് കൊടുക്കുക!!

  ReplyDelete
  Replies
  1. തീര്‍ച്ചയായും..!
   നന്ദി പടന്നക്കാരൻ

   Delete
 3. കാലയവനികയിലേക്ക് മറഞ്ഞുപോവുന്ന കാഴ്ചകള്‍ ,ഈ എഴുത്തു ഒരോര്‍മപ്പെടുത്തലാണ്.

  ReplyDelete
 4. മാതാപിതാക്കളെ മറന്നു പോകുന്ന ഇക്കാലത്ത്, ഇത്രയും സ്നേഹം കിട്ടുന്ന വല്യുമ്മ തീര്‍ച്ചയായും ഭാഗ്യവതി തന്നെയാണ്. ആശംസകള്‍ വല്ല്യുംമാക്കും പിന്നെ ഇങ്ങക്കും.

  ReplyDelete
  Replies
  1. താങ്കള്‍ പറഞ്ഞത് സത്യമാണ്, ആ വല്യുമ്മ ഭാഗ്യവതി തന്നെയാണ്.

   Delete
 5. ഇതൊക്കെ വായിക്കുന്നത് തന്നെ സന്തോഷമാണ്.
  സ്നേഹവും നന്മയും നിലനില്‍ക്കട്ടെ

  ReplyDelete
  Replies
  1. സ്നേഹമാണഖിലസാരമൂഴിയില്‍ ...നന്ദി മന്‍സൂര്‍

   Delete
 6. ഇതു പോലെയുളള കാര്യങ്ങള്‍ കേള്‍ക്കാന്‍ തന്നെ നല്ല രസം... അപ്പോള്‍ നേരിട്ട് കാണുമ്പോളും, അനുഭവിക്കുമ്പോളുമോ..

  ReplyDelete
  Replies
  1. തീര്‍ച്ചയായും അതിമനോഹരം തന്നെ ആണ്

   Delete
 7. ഈ ദിവസം മനസ്സിനെ പ്രകാശിതമാക്കുന്ന ഒരു ചെറുകുറിപ്പ്

  സന്തോഷമായി

  ReplyDelete
  Replies
  1. നന്ദി അജിത്തേട്ടാ

   Delete
 8. നല്ല നന്മയുള്ള കുറിപ്പ്. വയസ്സായവരെ സ്നേഹിക്കാന്‍ കഴിയാത്ത അത്രയും നമ്മുടെയെല്ലാം മനസ്സുകള്‍ ഇടുങ്ങിപ്പോകുമ്പോള്‍ ഇത്തരം കാഴ്ചകള്‍ ഒരു ആശ്വാസം തന്നെയാണ്

  ReplyDelete
  Replies
  1. എല്ലാവരും ഇടുങ്ങിയ മനസ്സുള്ളവരല്ല, ഇന്നും ലോകത്ത് നന്മയുള്ള ഒരു സമൂഹം ഉണ്ട് എന്നത് തന്നെ ഒരു ആശ്വാസമാണ് നിസാര്‍.

   Delete
 9. ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയാതെ ബാക്കി വെക്കരുത് ട്ടോ.. എല്ലാരും അറിയേം കേള്‍ക്കേം ഒക്കെ ചെയ്യണം ഇതൊക്കെ..

  ReplyDelete
  Replies
  1. ഒരിക്കലുമില്ല സംഗീത്.താങ്കളുടെ ഈ പ്രോത്സാഹനത്തിനു നന്ദി.

   Delete
 10. ഇത്തരം കുടുംബങ്ങങ്ങൾ കുറഞ്ഞു വരികയാണ് എന്നുള്ളത് പരമസത്യം

  ReplyDelete
  Replies
  1. എന്റെ ഈ വാക്കുകളിലൂടെ കുറച്ചു പേരെങ്കിലും നന്മയുടെ വഴിയെ പോയാല്‍ ഞാന്‍ ധന്യയായ്‌!

   Delete
 11. വല്യുമ്മാക്കും മക്കള്‍ക്കും നല്ലത് വരട്ടെ

  ReplyDelete
 12. വിശാലമായ മനസ്സിന്റെ ഉടമകൾക്കെ വൃദ്ധരെ സ്നേഹിക്കാൻ കഴിയൂ, അവർക്കു വേണ്ടത് കാരുണ്യത്തൊടെയുള്ള ഒരു നോട്ടമാണൂ., ഇന്നിന്റെ തലമുറ കാണാതെ പോകുന്ന യാഥാർത്ഥ്യം..

  ReplyDelete
  Replies
  1. താങ്കള്‍ പറഞ്ഞത് സത്യമാണ് നവാസ്. ഒരിക്കല്‍ താനും വയസ്സാവും എന്നാ യാഥാര്‍ത്ഥ്യം ഓര്‍ക്കാതെയാണ് ഇന്നത്തെ തലമുറ പെരുമാറുന്നത്.

   Delete
 13. ആ ഉമ്മയെ പോന്നു പോലെ നോക്കിയാ അവര്‍ടെ മക്കള്‍ക്കും ഇതേ സ്നേഹം കിട്ടും ഉറപ്പാണ്‌ ...
  മതാപ്പിതാക്കളെ നാം എങ്ങനെ നോക്കിയോ അതെ പോലെ തിരിച്ചും കിട്ടുക് തീര്‍ച്ച ...അത് കൊണ്ട് നാം നമ്മുടെ മാതാപിതാക്കളെ നന്നായി പരിപാലിക്കണം ഇരു ലോകത്തില്‍ നിന്നും നന്മ കിട്ടും അള്ളാഹു അനുഗ്രഹികട്ടെ അവരെയും നമ്മെയും ...........

  ReplyDelete