4.11.19

മുംബൈ യാത്ര - 4

തലേന്നുളള അലച്ചില്‍ കാരണം ഞാനും അസുഖം മാറിയ ഉണ്ണികുട്ടനും ബോധം കെട്ടുറങ്ങി. പതിവുപോലെ ഭജനയാണ് ഉണര്‍ത്തിയത്. പാറക്കല്ലിലുരയ്ക്കുന്ന പോലെയുളള ശബ്ദമുളളയാള്‍ പാടി കൊണ്ടേയിരുന്നു. ഇതുകേട്ടപ്പോള്‍ എനിക്ക് ഡിഗ്രി കാലമാണ് ഓര്‍മ വന്നത്. അരിയന്നൂരിലെ ശ്രീകൃഷ്ണ കോളേജിലാണ് ബിരുദം ചെയ്തത്. അതിനടുത്തുളള കൂനംമൂച്ചിയെന്ന ഗ്രാമത്തിലാണ് താമസം. അവിടെ ഒരു ദേവീക്ഷേത്രമുണ്ട്. സന്ധ്യക്കു ഭജനയുണ്ട്. അതു പാടുന്ന സ്ത്രീയുടെ ശബ്ദം അത്ര സുഖകരമല്ല. അവര്‍ സംഗീതാധ്യാപികയാണെന്നതാണ് മറ്റൊരു തമാശ.

രാവിലെ ഫിലിംസിറ്റിയില്‍ പോകാമെന്നായിരുന്നു പ്ലാന്‍. എഴുന്നേറ്റു റെഡിയായപ്പോഴേക്കും ഏകദേശം പതിനൊന്നുമണിയായി. ഉബര്‍ ടാക്‌സി പിടിച്ച് ഞാനും ഭര്‍ത്താവും ശ്രീധരേട്ടനും ഫിലിം സിറ്റിയിലേക്ക് തിരിച്ചു. ഗൊരേഗാവ് എന്ന സ്ഥലത്താണിത്. ഇവിടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ മികച്ചതാണ്. വളരെ തുച്ഛമായ തുകയില്‍ യാത്ര ചെയ്യാമെന്നതാണ് പ്രധാന ഗുണം. കൂടാതെ ലോക്കല്‍ ടാക്‌സിയായ 'കാലി-പീലി' (കറുപ്പും മഞ്ഞയും പെയിന്റടിച്ച കാറുകള്‍) കാറുകളും ധാരാളമായുണ്ട്. രണ്ടു ദിവസമായി കണ്ടു ശീലിച്ചതുപോലെ തന്നെ ഫിലിം സിറ്റിയിലേക്കു പോകുന്ന വഴികള്‍ക്കിരുവശവും ഫ്‌ളാറ്റ് സമുച്ചയങ്ങളാണ്.

(ഫിലിംസിറ്റിയിലേക്കുളള പ്രവേശനകവാടം)

ഒന്നരയോടെ ഫിലിം സിറ്റിയിലെത്തി. നാലു സമയങ്ങളിലായാണ് പ്രവേശനം. അവരുടെ തന്നെ ബസ്സുകളുണ്ട്. ഞങ്ങളെത്തിയതിന് ശേഷം അടുത്ത ട്രിപ്പ് രണ്ടരയ്ക്കാണ്. വിശപ്പ് കലശലായതിനാല്‍ ഭക്ഷണം തേടി നടന്നു. വഴി നിറയെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളുണ്ട്. ലോറികള്‍ റോഡരികില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍മാര്‍ വിശ്രമിക്കുന്നു. ഇതും ആ മഹാനഗരത്തില്‍ തന്നെയാണോയെന്ന് സംശയം തോന്നും. കഷ്ടി അര കിലോമീറ്റര്‍ കഴിഞ്ഞാണ് ഒരു ഹോട്ടല്‍ കണ്ടത്. ചെറിയൊരു ഹോട്ടലാണ്. രണ്ടു നിലകളുണ്ട്. താഴത്തെ നിലയില്‍ 'ഫയര്‍ മെയിന്റനന്‍സി'നായി അടച്ചിരിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ പടികള്‍ കയറി മുകള്‍നിലയിലെത്തി. താഴത്തെ ലുക്കേ അല്ല മുകളില്‍. ഏ.സി.യൊക്കെയുണ്ട്. നാനും പനീറും ഷെസ്വാന്‍ ഫ്രൈഡ് റൈസും ഓഡര്‍ ചെയ്തു. 2.30ന് ബസ് പുറപ്പെടുമെന്നതുകൊണ്ടും കുറച്ചുദൂരം തിരിച്ചുനടക്കാനുളളതിനാലും വേഗത്തില്‍ ഭക്ഷണം കഴിച്ചവസാനിപ്പിച്ചു. കൈ കഴുകാനായി ഒരു ചെറിയ പാത്രത്തില്‍ നാരങ്ങ കഷ്ണമിട്ടു വെള്ളം കൊണ്ടുവന്നു. ഇതും എനിക്ക് പുതുമ തന്നെ.

ഫിലിം സിറ്റിയ്ക്കടുത്ത് തന്നെയാണ് റിസര്‍വ് ബാങ്കിനു കീഴിലുളള ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് റിസര്‍ച്ച് എന്ന സ്ഥാപനം. 14 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കാമ്പസില്‍ എം.എസ്.സി ഇക്കണോമിക്‌സ്, എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളാണുളളത്. പുറമെനിന്ന് കാണാന്‍ നല്ല ഭംഗിയുണ്ട്. അധികം നിരീക്ഷിക്കാന്‍ സമയമില്ല. ബസ് അവിടെ നില്‍പ്പുണ്ട്.

പ്രവേശന ഫീസ് 650 രൂപയാണ്. വിദേശികള്‍ക്ക് കൂടും. ബസ്സിനു പുറത്ത് സിനിമകളുടെ പോസ്റ്ററുകള്‍ പോലെ നിറയെ ചിത്രങ്ങളുണ്ട്. ഷോലെ മുതല്‍ പുതിയ പടങ്ങള്‍ വരെ. ബന്ദിപ്പൂര്‍ കാടുകളില്‍ സവാരി നടത്തുന്ന വാഹനം പോലെയുണ്ട് അകം. എ.സിയൊക്കെയാണ്. ജനലില്ല, പകരം വലിയ ഗ്ലാസാണ്. 1998ല്‍ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി കണ്ടതിന്റെ മധുരമുളള ഓര്‍മയുമായാണ് ബസ്സില്‍ കയറിയത്. രണ്ടര മണിക്കൂര്‍ ബസ് യാത്ര. എല്ലാ സീറ്റിലും യാത്രക്കാരുണ്ട്. ഒരു പാക്കറ്റ് ചിപ്‌സും ഒരു കുഞ്ഞുകുപ്പി വെളളവും യാത്രക്കാര്‍ക്ക് തരും. ഒരു ഗൈഡുണ്ട്. ഹിന്ദിയിലാണ് സംസാരം. വിദേശികള്‍ക്കൊക്കെ എങ്ങനെ മനസിലാകുമെന്തോ...


(അകത്തേക്കു പോകാനുളള ബസ്)

ആദ്യം തന്നെ മൈതാനം ചൂണ്ടി അയാള്‍ പറഞ്ഞു, ആ കാണുന്ന സ്ഥലത്താണ് ഷാരൂഖ് നായകനായി അഭിനയിച്ച 'ജോഷ്' ചിത്രീകരിച്ചത്. കാടുപിടിച്ചു കിടക്കുന്ന ആ സ്ഥലത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഷാരൂഖും ഐശ്വര്യയും തകര്‍ത്തഭിനയിച്ചത് മനസ്സിലോര്‍ക്കണം. അതു കഴിഞ്ഞ് കോടതി. മുന്‍ഭാഗം കോടതിയും മറുഭാഗം ക്രിസ്തീയ ദേവാലയവുമാണ്. പിന്നെയും കാടും മൈതാനങ്ങളും കാണിച്ച് അയാള്‍ പറഞ്ഞുകൊണ്ടെയിരിക്കും. ഒരു കെട്ടിടം കാണിച്ചു പറഞ്ഞു അതിനുളളില്‍ റെയില്‍വെ സ്റ്റേഷനും വിമാനത്താവളവും ചിത്രീകരിക്കാന്‍ സൗകര്യമുണ്ടെന്ന്. വഴിനീളെ ഏതൊക്കെയോ മറാത്തി, ഹിന്ദി, ബംഗാളി സീരിയലുകള്‍ ഷൂട്ട് ചെയ്യുന്നുണ്ട്. ഗൈഡ് അഭിനേതാക്കളോട് ഹായ് പറയാന്‍ പറയും. പുതുമുഖ താരങ്ങള്‍ തിരിച്ചും കൈ വീശും. ചില്ലിനപ്പുറം കൗതുകത്തോടെ നോക്കുന്ന ജീവികളെ ചേര്‍ത്ത് ഒരു നടന്‍ സെല്‍ഫിയെടുത്തു. പിന്നെയും ബസ് നീങ്ങി. ഒരു ബില്‍ഡിങ്ങിനു പുറത്ത് വലിയ ബോര്‍ഡ് വെച്ചിരിക്കുന്നു, അകത്ത് ഷൂട്ട് നടക്കുന്നത് കോന്‍ ബനേഗ ക്രോര്‍പതി. പുറത്ത് ബച്ചന്റെ കാരവാന്‍ കിടക്കുന്നു. അപ്പോഴും നമ്മള്‍ ഭാവനയില്‍ കാണണം ഘനഗംഭീര ശബ്ദത്തിലുളള ആ ഡയലോഗ്, 'നമശ്കാര്‍, മേം അമിതാബ് ബച്ചന്‍ ബോല്‍ രഹാ ഹും...'

(ബിഗ് ബോസ് ലൊക്കേഷൻ)

വീണ്ടും യാത്ര. സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് റിയാലിറ്റി ഷോ ചിത്രീകരണം നടക്കുന്നു. അതും അടച്ചിട്ട കെട്ടിടത്തില്‍. പുറത്ത് വലിയ പോസ്റ്ററുകള്‍ കണ്ട് ആശ്വസിക്കാം. അവാര്‍ഡ് നിശകള്‍ സംഘടിപ്പിക്കുന്ന ബില്‍ഡിങ്ങും പുറമേ നിന്ന് കണ്ടു. കുളു, മണാലി, കശ്മീര്‍ എന്നിവ ഷൂട്ട് ചെയ്യുന്ന പുല്‍മേടുണ്ട്. പുകയടിച്ചാണത്രേ മഞ്ഞ് വരുത്തുന്നത്. വീടുകളുമുണ്ട്. അതിലെ മുറികളും അടുക്കളയും ചിത്രീകരിക്കുന്നത് വേറൊരു കെട്ടിടത്തിലാണ്. മിക്ക ഹിന്ദി സിനിമകളിലുളള അമ്പലങ്ങളുടെ സീനുകളും ചിത്രീകരിക്കുന്ന ഒരു 'മന്ദിര്‍' ഉണ്ട്. മൂര്‍ത്തികള്‍ മാത്രമേ മാറൂവെന്ന് ഗൈഡ്. രാവിലെ കൃഷ്ണനാണെങ്കില്‍ ഉച്ചയ്ക്ക് അവിടെ ദേവിയുടെ വിഗ്രഹമാകും. ബില്‍ഡിങ് മാത്രം സ്ഥിരം. അവിടെയിറങ്ങി ഫോട്ടോയെടുക്കാം. ബോളിവുഡ് സിനിമകളിലെ അപകടരംഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാലവും കണ്ടു. ഇങ്ങനെ എണ്ണിപ്പറയാനുളള കുറച്ചു കാഴ്ചകള്‍ മാത്രമാണ് അവിടെയുളളത്. രണ്ടര മണിക്കൂറാകും മുമ്പേ ബസ് തിരിച്ച് പ്രവേശന കവാടത്തിലെത്തി.

(ഫിലിംസിറ്റിയിലെ മന്ദിർ)

ഇറങ്ങി ഉബര്‍ കാറിനു കാത്തുനില്‍ക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു ഹിമേഷ് രേശമ്മിയയുടെ പാട്ട് റെക്കോഡിങ് ലൈവ് കാണിച്ചുതരാം, 600 രൂപ കൊടുത്താല്‍ മതിയെന്ന്. നഹി ഭയ്യാ... ഇപ്പോള്‍ കണ്ടതു തന്നെ ധാരാളം. ഇനിയൊന്നും വേണ്ട... ഫിലിം സിറ്റി സമ്മാനിച്ച കടുത്ത നിരാശയുമായി കാറില്‍ കയറി തിരിച്ച് ചെമ്പൂരിലേക്ക്.


മുൻ ഭാഗങ്ങൾ വായിക്കാം

13 comments:

  1. ഇത്  വല്ലാത്ത ചതിയായി പോയല്ലോ രൂപാ... :( മുൻഭാഗങ്ങൾ വായിച്ചില്ല. വായിക്കാം 

    ReplyDelete
    Replies
    1. അതേ... ചതിയിൽ പെട്ടു

      Delete
  2. ഈ ഫിലിം സിറ്റി കണ്ടിട്ടില്ല. പക്ഷെ റാമോജി കണ്ടപ്പോൾ നല്ല ഇഷ്ടമായി... കാശുപോയാലും ആഗ്രഹം നടന്നു എന്ന് സമാധാനിക്കുക ;-)

    ReplyDelete
    Replies
    1. അങ്ങനെ ആശ്വസിക്കുകയാണ് ഇപ്പോൾ

      Delete
  3. ഹഹഹ
    മരംപോലായിപ്പോയല്ലേ
    ചിലതങ്ങനെയാണ്
    പ്രതീക്ഷകളെക്കാൾ ഭംഗി കാണില്ല

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. പോസ്റ്റിൻ്റെ നീളം കുറഞ്ഞുപ്പോകുന്നല്ലോ!ഉള്ളത് നന്നായിട്ടുണ്ട്.
    ഏൻ്റെ രണ്ടാമത്തെ മകൻ്റെ വിവാഹം കഴിഞ്ഞ അവസരത്തിൽ 1910ൽ ഞങ്ങൾ ഹൈദ്രാബാദിലെ റാമോജി ഫിലിംസിറ്റി കാണാൻപ്പോയി.അന്ന് നവവധൂവരന്മാരെ ചിത്രത്തിൽ അഭിനയിപ്പിച്ചത് ഓർക്കുന്നു.അതിൻ്റ് കാസറ്റും തന്നിരുന്നു.അന്നതൊരൽഭുതമായിരുന്നു......
    ആശംസകൾ

    ReplyDelete
    Replies
    1. ആണോ... 1910 ആണോ 2010 ആണോ ചേട്ടൻ ഉദ്ദേശിച്ചത്?

      Delete
  6. നല്ല ഒഴുക്കുള്ള എഴുത്ത്.... ആശംസകൾ

    ReplyDelete
  7. കൊള്ളാം. മുംബൈ യാത്രാവിവരണം നന്നാകുന്നുണ്ട്. അതിഭാവുകത്വം കലർത്താത്തത് നന്നായി.

    ReplyDelete