19.10.19

മുംബൈ യാത്ര - 3


(മുംബൈ തെരുവിലെ കാഴ്ച)

'ജയദേവ്... ജയദേവ്', കർണ്ണകഠോരമായ ശബ്ദത്തിൽ ആരോ താഴെയുളള 'ഗളളി'യിൽ ഭജന പാടുന്നതുകേട്ടാണ് ഉണർന്നത്. തലേദിവസം രാത്രി ചുമച്ചും കരഞ്ഞും ഏറെ കഴിഞ്ഞാണ് ഉണ്ണികുട്ടൻ ഉറങ്ങിയത്. അതുകൊണ്ട് സൂര്യനുദിച്ചത് ഞാനറിഞ്ഞില്ല. ആ ഭജനയെന്ന ഭീകരശബ്ദം കേട്ടാണ് രാവിലെയായി എന്ന തിരിച്ചറിവുണ്ടായത്. താഴെയെന്താ സംഭവമെന്ന് റീനേടത്തിയോട് ചോദിച്ചപ്പോൾ പറഞ്ഞു, 'ഏതു ആഘോഷത്തിനും ഭജന തുടങ്ങുക ജയദേവ് എന്നു പാടിയാണ്. ദേവിയുമായി ബന്ധപ്പെട്ടാണെങ്കിൽ ജയദേവിയെന്നാകും.'

രണ്ടാം ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകത പതിനഞ്ചു വർഷത്തിനുശേഷം എന്റെ ഒരു സുഹൃത്തിനെ കാണാൻ പോകുന്നുവെന്നതാണ്. യദുവെന്നാണ് പേര്. സ്‌കൂളിൽ എന്റെ നാടായ നിലമ്പൂരിൽ ഞങ്ങളൊന്നിച്ചു പത്താം ക്ലാസ് വരെ പഠിച്ചതാണ്. അവന് ഒരു ഇരട്ട സഹോദരനുണ്ട്, വിധു. അവനങ്ങ് ഖത്തറിലാണ്. യദു നവിമുംബൈയിലെ കാമോത്തെയിലാണ് താമസം. എന്റെ വിവാഹം കഴിഞ്ഞ് ആറു വർഷമായി. എല്ലാ വർഷവും മുംബൈ യാത്ര സ്വപ്നം കാണുമ്പോൾ ഇവനും വിധുവിനും മെസേജ് അയയ്ക്കാറുണ്ട്, വരാൻ പ്ലാനുണ്ടെന്നു പറഞ്ഞ്. പക്ഷെ അതൊരു പകൽകിനാവായി ആറുവർഷം കൊണ്ടുനടന്നു. ഇത്തവണയും മെസേജ് അയച്ചപ്പോൾ മറുപടി വന്നതിങ്ങനെ, 'മുംബൈക്കു വരാൻ പ്ലാനുണ്ട്. എന്നാ വരാൻ പറ്റുകയെന്നറിയില്ല എന്നു പറയാനല്ലേ ഉദ്ദേശം?'... അല്ല, ടിക്കറ്റ് ബുക്ക് ചെയ്തുവെന്നു പറഞ്ഞപ്പോൾ അവൻ ചെമ്പൂരിലേക്ക് വന്നു കാണാമെന്നു പറഞ്ഞു.

ഒക്ടോബർ രണ്ട് അവധി ദിവസമായതിനാൽ അവനും ഭാര്യയ്ക്കും വരാൻ പ്രയാസമില്ലെന്നും അറിയിച്ചു. ഭാര്യ സ്‌നേഹ ചെമ്പൂരിലെ കോളേജിൽ അധ്യാപികയാണ്. യദുവും സ്‌നേഹയും മകൾ സായുവും വന്നു. ഉണ്ണികുട്ടന് ഒരു ചോക്ലേറ്റും കൈയിൽ പിടിച്ചാണ് സായുവിന്റെ വരവ്. അവൻ അസുഖമായി കിടപ്പാണെന്നു കേട്ടപ്പോൾ അവളുടെ മുഖം വാടി. എന്നാലും കൊണ്ടുവന്ന സാധനം അവനു കൊടുത്തു. ഞാനും യദുവും സ്‌നേഹയും റീനേടത്തിയും ബാക്കിയുളളവരും രണ്ടുമണിക്കൂറോളം കത്തിവെച്ചു. ഇറങ്ങുമ്പോൾ സെൽഫിയെടുക്കാൻ യദുവും ഞാനും ക്യാമറയിൽ നോക്കിയപ്പോഴാണ് വർഷങ്ങളുടെ മാറ്റം മനസിലായത്. അവന്റെ മുടി ഏതാണ്ട് പൂർണമായും കൊഴിഞ്ഞിരിക്കുന്നു. ഞാനും തടി കൂടി. എന്നാലും കുറച്ചുനിമിഷം സ്‌കൂളിലെ പഴയ എട്ടാം ക്ലാസിലെത്തിയപ്പോലെ... പല സ്ഥലങ്ങളിൽ കയറാനുളളതിനാൽ യദു യാത്ര പറഞ്ഞിറങ്ങി. കൂട്ടത്തിൽ ഉണ്ണികുട്ടന് ഒരു സ്‌നേഹസമ്മാനവും.



(യദുവിനൊപ്പം ഒരു സെൽഫി)

ഞങ്ങളും അടുത്ത സ്ഥലത്തേക്ക് പോകാനൊരുങ്ങി. അതൊരു കുടുംബയോഗമാണ്. ബാബാ അറ്റോമിക് റിസേർച്ച് സെന്റർ അഥവാ ബി.എ.ആർ.സി.യിലാണ് പരിപാടി. തിരക്കുപിടിച്ച മഹാനഗരത്തിൽ ശാന്തമായൊരിടം, അതാണ് ബി.എ.ആർ.സി. അവിടുത്തെ ജീവനക്കാർക്കെല്ലാം ക്വാർട്ടേഴ്‌സുണ്ട്. അതിലൊരു കുഞ്ഞു ക്വാർട്ടേഴ്‌സിലാണ് അമ്പതോളം ആളുകൾ ഒത്തുകൂടിയത്. മാങ്കുളം വിഷ്ണുവേട്ടനും സുഷമേടത്തിയുമായിരുന്നു ആതിഥേയർ. ഗൃഹനാഥൻ റിട്ടയറായതിന്റെ പാർട്ടിയാണ്. ഫ്രൈഡ് റൈസ്, ജീരാ റൈസ്, ദാൽ, പനീർ കുറുമ, വെജ് മസാലക്കറി, ബൂന്ദി റായ്ത്ത, ഗുലാബ് ജാം, ഐസ്‌ക്രീം, അച്ചാർ, വെജിറ്റബിൾ സാലഡ് എന്നിവയായിരുന്നു മേശമേൽ നിരത്തിവെച്ചത്. സ്റ്റാർട്ടേഴ്‌സായി ചെന്നു കയറുമ്പോൾ ട്രോപ്പിക്കാന ജ്യൂസും ബാജിയയും കോളിഫ്‌ളവർ ഫ്രൈയും. തയാറാക്കിയതും വിളമ്പി കൊടുക്കുന്നതും മറാഠ സ്വദേശികൾ തന്നെ. ഉണ്ണികുട്ടനെ റീനേടത്തിയുടെ മകൻ അപ്പുവിന്റെയടുത്ത് ഏൽപിച്ചു വന്നതിനാൽ വേഗം തന്നെ വന്നവരെയെല്ലാം കണ്ട് ഭക്ഷണവും കഴിച്ചിറങ്ങി. അച്ഛന്റെ ചിറ്റമ്മ ഇന്ദിരയും കുടുംബവും അവിടെയുണ്ടായിരുന്നു. മകൾ ശ്രുതി എന്നെ നേരത്തെ തന്നെ അവരുടെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചതുമാണ്. തൊട്ടടുത്ത ബ്ലോക്കിലാണത്രെ താമസം. പിന്നൊരിക്കൽ വരാമെന്നു പറഞ്ഞിറങ്ങി. തിരിച്ച് ഫ്‌ളാറ്റിലെത്തിയപ്പോൾ കണ്ടത് ഉത്സാഹവാനായ ഉണ്ണികുട്ടനെയാണ്. പനിക്കുളള മരുന്ന് ഫലിച്ചു. അപ്പുവിന്റെ കൂടെ സൊഹൈൽ എന്ന കൂട്ടുകാരനും ഞങ്ങളുടെ മറ്റൊരു ബന്ധുവായ വേറൊരു അപ്പുവും (അരുൺ വാസുദേവ്)  അവിടെയുണ്ടായിരുന്നു. ഇവരെല്ലാം ഇതേ അപ്പാർട്ട്‌മെന്റിലാണ് താമസം. ഉണ്ണികുട്ടൻ അവരുടെ കൂടെ ഡാൻസൊക്കെ കളിച്ച് ഹാപ്പിയായി ഇരിപ്പാണ്. അതിനേക്കാൾ സമാധാനമായി എനിക്കും വീട്ടുകാർക്കും.

വൈകീട്ട് ഷോപ്പിങ്ങിനും ഭക്ഷണം കഴിക്കാനും പുറത്തുപോകാമെന്നു തീരുമാനിച്ചു. ഉണ്ണികുട്ടനെ അടുത്ത ദിവസം മുതൽ പുറത്തു കൊണ്ടുപോയാൽ മതിയെന്നു അമ്മ പറഞ്ഞു. അമ്മ അവനെ നോക്കാമെന്നും ഞങ്ങളോട് പൊയ്‌കോളാനും പറഞ്ഞു. അങ്ങനെ ഞാനും ശബരിയും റീനേടത്തിയും ശ്രീധരേട്ടനും കൂടെ ചെമ്പൂർ റെയിൽവെ സ്റ്റേഷനടുത്ത് ഷോപ്പിങ്ങിനിറങ്ങി. ഇടുങ്ങിയ നടവഴികൾക്കിടയിൽ തിങ്ങിനിറഞ്ഞ കടകളിൽ പല തരത്തിലും വർണങ്ങളിലുമുളള ഫാൻസി ആഭരണങ്ങൾ, ചെരിപ്പുകൾ, വസ്ത്രങ്ങൾ, ബാഗുകൾ. ഒരു ചായക്കടയ്ക്കു മുമ്പിൽ ഒരു ചായക്കാരന്റെ വലിയ പ്രതിമ. വലിയ ക്യൂ. അമൃത് എന്നാണ് ചായയുടെ പേര്. മുംബൈയിൽ നിരവധി ഔട്ട്‌ലെറ്റുകളിൽ ചായ വിതരണം ചെയ്യുന്നുണ്ട്. അഞ്ചുരൂപയാണ് വില. ഞങ്ങളും വാങ്ങി. ചെറിയൊരു മസാല സ്വാദുണ്ടെങ്കിലും സംഗതി കിടിലൻ. ചായ കുടിച്ചതോടെ നടപ്പിന്റെ ക്ഷീണം പോയി എല്ലാവരും ഉഷാറായി.



(ചായക്കടയുടെ മുമ്പിലെ പ്രതിമ)

ഒരു കടയിൽ നിറയെ സെക്കൻഡ് ഹാൻഡ് ബുക്കുകൾ. പകുതി വിലയിൽ വാങ്ങാം. ഏതു കാലത്തായാലും തിരിച്ചുകൊടുത്താൽ ഏതാണ്ട് വാങ്ങിയ വില തന്നെ കിട്ടും. ഇരുണ്ട വെളിച്ചത്തിൽ പുസ്തകം വിൽക്കുന്ന കടക്കാരൻ നീട്ടി വിളിച്ചു, 'അരേ ബേട്ടി... ഏക് പുസ്തക് ലേ ലോ...' സച്ചിന്റെയും കരൺ ജോഹറുമെല്ലാം വിരാജിച്ചു നടക്കുന്ന നാട്ടിൽ അവരുടെ ആത്മകഥ വാങ്ങണമെന്ന് കരുതിയെങ്കിലും ഇഷ്ടപ്പെട്ട പുസ്തകങ്ങളെല്ലാം കേടുപാടു പറ്റിയവയാണ്. പുതിയതായാലും വായിച്ചതായാലും പോറലേറ്റ പുസ്തകങ്ങൾ ഷെൽഫിൽ സൂക്ഷിക്കാൻ താത്പര്യമില്ല.


(പുസ്തകകട)



(ദബേലി)



(സേവ് പുരി)



(മോമോസ്)

തിരക്കും കച്ചവടവും കാഴ്ചകളും കണ്ടാസ്വദിക്കുന്നതിനിടെ വിശപ്പിന്റെ വിളി വന്നു. സേവ് പുരി, ദബേലി, മൊമോസ് തുടങ്ങിയ പ്ലേറ്റുകളിൽ മുന്നിലെത്തി. ഏറെ കാലത്തിനുശേഷം ഒരു മിറിൻഡയും കുടിച്ചു. കുറച്ചുനേരം സംസാരിച്ചിരുന്ന് ചൂടോടെ മഹാരാഷ്ട്രയുടെ തനതുരുചികളാസ്വദിച്ച് വീണ്ടും നടപ്പു തുടർന്നു.



മുൻഭാഗങ്ങൾ വായിക്കാൻ താഴെയുളള
ലിങ്ക് ക്ലിക്ക് ചെയ്യുക:

14 comments:

  1. ഞാൻ ഇതും ചൂടാറാതെ വായിച്ചു :-) മുംബൈ വിശേഷങ്ങൾ തുടരട്ടെ!

    ReplyDelete
    Replies
    1. നന്ദി ഈ വാക്കുകൾക്കു

      Delete
  2. പോറലേറ്റ പുസ്തത്തിനുള്ളിൽ ഇരട്ടവാലൻ കാണും ഭജനക്കേട്ടുണർന്നദിനം ഉഷാറായല്ലോ!
    ആശംസകൾ

    ReplyDelete
    Replies
    1. സത്യം... നല്ല ദിനം തന്നെ

      Delete
  3. നന്നായി എഴുതി
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി അനിലേട്ടാ

      Delete
  4. Replies
    1. സ്നേഹത്തിനു നന്ദി... അടുത്ത ഭാഗം ഇറങ്ങി

      Delete
  5. നല്ല വിവരണം. സത്യം പറഞ്ഞാൽ ഇത് വായിച്ചപ്പോൾ ആണ് ഞാൻ ഇത് വരെ മുംബൈ പോയിട്ടില്ല എന്ന് ഓർത്തത്. പോകണം ഒരു ദിവസം. അതിനു ഒരു inspiration ആയി എഴുത്ത്. ആശംസകൾ 😍

    ReplyDelete
    Replies
    1. ആഹാ... സന്തോഷമായി ഗോപി ഏട്ടാ

      Delete
  6. എനിക്കെന്തോ...ഡയറി ക്കുറിപ്പിനപ്പുറം ഒരു ഫീൽ കിട്ടിയില്ല.എന്റെ മാത്രം തോന്നലാവാം കേട്ടോ

    ReplyDelete
    Replies
    1. ആ ഗ്രേഡിൽ എഴുതിയതാണ്... യാത്രാവിവരണത്തിൽ പിച്ചവെച്ച് തുടങ്ങുന്നേയുള്ളൂ

      Delete
  7. പറയാൻ മറന്നു...ഫോട്ടോസ് ഇഷ്ടമായി

    ReplyDelete
  8. കൊള്ളാം...ഈ വിവരണത്തിലൂടെ മുംബൈ കാണുന്നു ഞാനും.... കൂടെയുള്ളതുപോലൊരു feel..

    ReplyDelete