31.12.14

ജാലകത്തിലൂടെ ഞാന്‍ കണ്ട രാത്രികള്‍- 3

ഒന്നിന്റെയും രണ്ടാം ഭാഗത്തിന്റെയും തുടര്‍ച്ച

പഠിപ്പു കഴിഞ്ഞു. ജോലിക്കായുളള തിരച്ചില്‍. രാത്രികള്‍ കമ്പ്യൂട്ടറിനു മുമ്പിലായി. ആര്‍ക്കെങ്കിലും ആളെ വേണോ എന്ന അന്വേഷണം. ഒടുവില്‍ കോഴിക്കോട്‌ കിട്ടി. കമ്പനികളുടെ ഉത്‌പന്നങ്ങളെക്കുറിച്ച്‌ എഴുതി കൊടുക്കലാണ്‌ പണി. രാവിലെ തുടങ്ങി സന്ധ്യ വരെ നീളുന്ന പണി. കോഴിക്കോട്‌ സ്‌ത്രീകളുടെ രാത്രിക്കു നീളം കൂടുതലുണ്ട്‌. എന്റെ ഗ്രാമത്തില്‍ ആറു മണിക്കു വീട്ടില്‍ കയറണമെങ്കില്‍ ഇവിടെ അന്തിയാകുന്നത്‌ ഒമ്പതു മണിക്കു ശേഷമാണ്‌. സഹപ്രവര്‍ത്തകരെല്ലാം സമപ്രായക്കാരായതു കൊണ്ട്‌ ഏതാണ്ട്‌ ഒരു കോളേജ്‌ ജീവിതം പോലെയാണ്‌.

ആ കാലത്താണു കോഴിക്കോടന്‍ രാത്രികളെന്നു എഴുത്തുകാരെഴുതിയ പ്രതിഭാസം ഞാന്‍ അടുത്തറിയുന്നത്‌. ചെറിയ വെളിച്ചത്തില്‍ തിളങ്ങുന്ന മാനാഞ്ചിറയിലെ വെളളവും, പകലു മുഴുവന്‍ പുല്‍കിയിട്ടും മതിയാകാത്ത കടലും കരയും, മുഹമ്മദ്‌ റാഫിയുടെ പാട്ടുകള്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ പാടുന്ന ഗായകരും, തട്ടുകടയിലെ ദോശയും, പിന്നീടു വന്ന മാളുകളിലെ വായ്‌നോക്കികളും, പുസ്‌തകത്തെ സ്‌നേഹിച്ചു അടയ്‌ക്കുന്നതു വരെ വായനശാലകളില്‍ അടയിരിക്കുന്ന ബുദ്ധിജീവികളും, ഇടുങ്ങിയ തെരുവിനുളളിലെ വിശാലമായ ലോകവുമായി ആളുകളെ കാത്തിരിക്കുന്ന മിഠായിത്തെരുവും, മധുരപാനീയങ്ങളുടെ കലവറയായ കലന്തന്‍ കൂള്‍ബാറും പുതുമയുളള കാഴ്‌ചകളായി. സസ്യബുക്കായതു കൊണ്ട്‌ രുചിക്കാന്‍ താത്‌പര്യമില്ലെങ്കിലും കോഴിക്കോടിന്റെ മറ്റു ചില കാഴ്‌ചകളായി കല്ലുമ്മക്കായ സ്‌പെഷലുകളും റഹ്മത്തിലെ ബിരിയാണിയും പാരഗണിലെ ഇറച്ചിക്കറികളും സുഹൃത്തുക്കള്‍ രാത്രിയിരുന്നു തട്ടുന്നതു കണ്ടിട്ടുണ്ട്‌.




കാലിനു പരിക്കേറ്റു ജോലിയുപേക്ഷിച്ചു വീണ്ടും നാട്ടിലേക്കു മടങ്ങി. രണ്ടു വര്‍ഷത്തോളം അതേയിരിപ്പ്‌. അന്നത്തെ രാത്രികളെയാണ്‌ ഞാന്‍ ഏറ്റവുമധികം വെറുത്തത്‌. ലോകത്തെ കാഴ്‌ചകള്‍ കാണാനും ആളുകളോട്‌ സംസാരിക്കാനും ലാപ്പ്‌ടോപ്പ്‌ ആയി കൂട്ട്‌. സോഷ്യല്‍ മീഡിയ, വ്യക്തമായി പറഞ്ഞാല്‍ ബ്ലോഗും ഫേസ്‌ബുക്കും ഇല്ലെങ്കില്‍ ഞാന്‍ ഒരു ഭ്രാന്തിയായേനെ. അവിടെ എന്നെ സാന്ത്വനിപ്പിക്കാന്‍ ഫേസ്‌ബുക്ക്‌ കൂട്ടായ്‌മകളുണ്ടായിരുന്നു. മലബാറീസ്‌ എന്ന ഗ്രൂപ്പിന്റെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തി. ഒരു രാത്രിയില്‍ ആ കൂട്ടായ്‌മയില്‍ ഒരു ലക്ഷം അംഗങ്ങളായി. ആ നിമിഷം മറക്കാന്‍ കഴിയില്ലായിരുന്നു. അതു പോലെ മറ്റൊന്നാണ്‌ മലയാളം ബ്ലോഗേഴ്‌സ്‌. എന്നെക്കാള്‍ അവശരായ പലരും അവിടെ മികച്ച എഴുത്തുകാരായി അവര്‍ ഭാവനയില്‍ കണ്ട ലോകത്തെക്കുറിച്ചെഴുതി കഴിയുന്നുവെന്നതു എന്നെ അത്ഭുതപ്പെടുത്തി. അല്‍പം ആരോഗ്യമൊക്കെ വന്നപ്പോള്‍ തുഞ്ചന്‍പറമ്പില്‍ ഇവര്‍ നടത്തിയ സംഗമത്തില്‍ പങ്കുകൊളളാനും പലരെയും പരിചയപ്പെടാനും സാധിച്ചു.

ഒരു കാലത്തു ഞാന്‍ സൗഹൃദങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യുമായിരുന്നു. അതു കൊണ്ടു തന്നെ ഓരോന്നു തകരുന്നതും മനസ്സിനെ വേദനിപ്പിച്ചു. എന്റെ ലോകമായിരുന്ന പലരും ഈ കാലഘട്ടത്തില്‍ എന്നില്‍ നിന്നും അകന്നു പോയി. ഫോണ്‍ എടുക്കില്ലെന്നുറപ്പായാല്‍ എസ്‌.എം.എസ്‌ അയച്ച്‌ വീണ്ടും കൂട്ടാവണമെന്നു കെഞ്ചിയിട്ടുണ്ട്‌. ഇതെല്ലാം രാത്രിയിലാണ്‌. കരയുന്നതു ആരും കാണുകയോ വിതുമ്പുന്നതു കേള്‍ക്കുകയോ ഇല്ലെന്ന ഉറപ്പാണ്‌ ഇരുട്ടില്‍ ആശയവിനിമയം നടത്താന്‍ പ്രേരിപ്പിച്ചത്‌. വളരെ ക്രൂരമായി പ്രതികരിച്ചപ്പോഴും ശുഭപ്രതീക്ഷ കൈവിട്ടില്ല. പക്ഷെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എന്റെ മനസ്സു ഏറ്റവും നന്നായി വായിച്ചറിഞ്ഞ ഒരു ഏട്ടനും സുഹൃത്തും തളളിപ്പറഞ്ഞപ്പോള്‍ പല രാത്രികളിലും ജീവന്‍ വെടിഞ്ഞാലോ എന്നു പോലും ആലോചിച്ചിട്ടുണ്ട്‌. ഒരുപാടു പേരുടെ നടുവില്‍ ഏകയായി കഴിയേണ്ട അവസ്ഥ ഒറ്റയ്‌ക്കു കഴിയുന്നതിനേക്കാള്‍ ഭീകരമാണ്‌. മുഖത്തു അതിന്റെ നേരിയ അടയാളങ്ങള്‍ പോലും ബാക്കി വെക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഇന്നു ഈ പോസ്‌റ്റ്‌ വായിക്കുമ്പോഴാകും ഏറ്റവുമടുത്ത ബന്ധുക്കള്‍ പോലും എന്റെ ഭൂതകാലമറിയുന്നത്‌. ഇപ്പോള്‍ ഞാന്‍ മാറി. ഒരു സുഹൃത്തു പോയാല്‍ മറ്റൊന്ന്‌... എന്നിരുന്നാലും ഇടയ്‌ക്ക്‌ ആ പഴയതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു നീറ്റല്‍.

ആരോഗ്യം ശരിയായപ്പോള്‍ ജോലിക്കു ശ്രമിച്ചു തുടങ്ങി. ഒരു ബന്ധുവിനായി വീട്ടിലിരുന്ന്‌ എഴുതികൊടുക്കാറുണ്ടായിരുന്നു അന്നും. വീട്ടില്‍ വിവാഹത്തിനായുളള നിര്‍ബന്ധവും തൊഴിലില്ലാത്തതിന്റെ മാനസികവിഷമവും എന്നെ തളര്‍ത്തി. പരീക്ഷകളെഴുതി മടുത്തു. ഇരക്കാത്ത ചാനലുകളോ പത്രങ്ങളോയില്ല. അവസാനം മാതൃഭൂമിയില്‍ നിന്നും വിളി വന്നു. വീണ്ടും കോഴിക്കോടേക്ക്‌. ഡസ്‌കിലാണ്‌ ഇപ്പോള്‍. വരുന്ന വാര്‍ത്തകള്‍ ശരിയാക്കി പേജില്‍ വെയ്‌ക്കുന്നതാണു പണി. രാത്രിയാണ്‌ ജോലി സമയം. സന്ധ്യയ്‌ക്കു പോയാല്‍ 12 മണിക്കു മടക്കം. പുറത്തു മഴയാണോ മഞ്ഞാണോ ഒന്നും അറിയാറില്ല. ഇതിനിടയില്‍ കല്യാണം. പുതിയ വേരുകള്‍ ഭാരതപ്പുഴയുടെ നാടായ പട്ടാമ്പിയില്‍. എന്നെ ഞാനായി അംഗീകരിച്ച വീട്ടുകാര്‍. വിവാഹത്തിനു മുന്‍പ്‌ ഞാന്‍ ആരായിരുന്നുവോ അതു തന്നെയാണ്‌ ഇപ്പോഴും.

മാതൃഭൂമി കോഴിക്കോട്‌ ഹെഡ്‌ഓഫീസിലെ എഡിറ്റോറിയലിലെ ഏറ്റവും പ്രായം കുറഞ്ഞ ആളായതു കൊണ്ട്‌ എല്ലാവരുടെയും അനിയത്തിയായി കഴിയുന്നു. ഒരിക്കലും ജോലിയില്‍ മടുപ്പു തോന്നിയിട്ടില്ല. വൈകീട്ട്‌ ബ്ലോക്കിനിടയിലൂടെ പോയാലും രാത്രി വിജനമായ തെരുവുകളിലൂടെ കമ്പനി കാറില്‍ മടക്കം. ഇപ്പോള്‍ രാത്രികള്‍ എനിക്കു അന്യമല്ല. ഒറ്റയ്‌ക്കിറങ്ങി നടക്കുന്നത്‌ സ്വപ്‌നമായാല്‍ പോലും കാറിന്റെ ഒരു ചില്ലിനപ്പുറം എനിക്കു കാണാം രാവിന്റെ മനോഹാരിത, വിജനത, ചിലപ്പോഴെങ്കിലും ഭീകരത. മഞ്ഞും മഴയും ഭൂമിയിലലിഞ്ഞു ഓരോ രാത്രിയും പുലരുന്നു.

ഒരു രാത്രി കഴിഞ്ഞാല്‍ പുതുവത്സരം... ചിങ്ങം ഒന്നും മേടം ഒന്നുമെല്ലാം പുതിയതെന്നു പറയുന്നു. ഭേദം ഓരോ രാത്രിയും പുതുയുഗത്തിലേക്കു നയിക്കുന്നെന്നു വിശ്വസിക്കലാണ്‌. എല്ലാവരെയും പോലെ ഞാനും പറയാം പുതുവര്‍ഷപുലരി ആശംസകള്‍!

(അവസാനിച്ചു.. ബ്ലോഗില്‍ അമ്പതു പോസ്‌റ്റും തികച്ചു...!)