11.10.19

മുംബൈ യാത്ര - 2

ഉറക്കംവിട്ട് എഴുന്നേല്‍ക്കുമ്പോഴേക്കും ഉച്ചയോടടുത്തിരുന്നു. എന്റെ മകന്‍ ഉണ്ണികുട്ടന് ചെറിയ രീതിയില്‍ പനി തുടങ്ങിയത് ഞങ്ങളെ ആശങ്കയിലാഴ്ത്തി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നു. മകന്റെ അസുഖം കാഴ്ചകള്‍ കാണാനുളള ആവേശത്തെ തണുപ്പിച്ചു. വെയിലാറിയപ്പോഴേക്കും ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. ഓട്ടോയില്‍ മലയാളി ഡോക്ടറുടെ ക്ലിനിക്കിലെത്തി. അവിടെ ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് 19 രൂപയാണ്. രണ്ടു സിറപ്പ് എഴുതി തന്നു.

ഡോക്ടറെ കണ്ട് പുറത്തിറങ്ങിയപ്പോള്‍ തൊട്ടടുത്ത് ഒരു കഫെ. മനുഷ്യന്‍മാര്‍ക്കല്ല, വളര്‍ത്തുമൃഗങ്ങള്‍ക്കായി. ഓരോ ദിവസത്തെയും സ്‌പെഷല്‍ ഭക്ഷണവും പുറത്തൊരു ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. മൃഗങ്ങളുടെ മേക്കപ്പ്, ഇവന്റ് മാനേജ്‌മെന്റ്, പരിപാലനവസ്തുക്കള്‍ തുടങ്ങിയ പലവക സംഭവങ്ങള്‍ ഈ കഫെയിലുണ്ട്. കടയുടെ മുന്നില്‍ ഒരു കറുത്ത പുളളികളുളള വെളുത്ത പട്ടികുട്ടി കിടപ്പുണ്ട്. ഉണ്ണികുട്ടന് മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പ് തേടി ഞങ്ങള്‍ നടന്നു. ഒടുവില്‍ കേരളത്തിലെ സ്റ്റേഷനറി കട ഓര്‍മപ്പെടുത്തുന്ന ഒരു മെഡിക്കല്‍ ഷോപ്പില്‍നിന്ന് സംഭവം കിട്ടി.


(വളർത്തു മൃഗങ്ങള്‍ക്കായുളള കഫേ)

അടുത്ത് നല്ല വടാ പാവ് കിട്ടുമെന്ന് ഏടത്തിയുടെ മകന്‍ അപ്പു പറഞ്ഞു. കുറച്ചു ദൂരം നടന്നതും ഒരു തട്ടുകടയുടെ മുമ്പില്‍ ആള്‍ക്കൂട്ടം. അതാണ് അപ്പു പറഞ്ഞ സ്ഥലം. അഞ്ചെണ്ണത്തിന് 75 രൂപ. ആ കടയില്‍ വടാ പാവ് മാത്രമേ കിട്ടുളളൂ. ഓരോ ദിവസവും കടയുടമ വീട്ടില്‍ നിന്ന് അഞ്ഞൂറോളം വട പാവ് കൊണ്ടു വരും. തീരുന്നതോടെ കടയടച്ചു പോകും. ഏതാണ്ട് ഒമ്പതുമണി വരെയാണ് അയാളുടെ കച്ചവടം. മലബാറില്‍ വൈകുന്നേരം കഴിക്കുന്ന ചെറുപലഹാരങ്ങളെ എണ്ണക്കടിയെന്നു പറയും. അതുപോലെ മുംബൈയിലെ എണ്ണക്കടിയാണിത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി തളര്‍ന്നവശരായവര്‍ ഈ കടയ്ക്കു മുമ്പില്‍നിന്ന് ചൂടുളള ഒന്നോ രണ്ടോ വടാ പാവ് അകത്താക്കും. ഇതിന്റെ പടം വാട്‌സാപ്പ് സ്റ്റാറ്റസാക്കിയപ്പോള്‍ ഭര്‍ത്താവിന്റെ കസിന്റെ മകള്‍ പ്രിയങ്ക മെസേജ് അയച്ചു ദാദറിനടുത്ത് കീര്‍ത്തി കോളേജിനടുത്തും നല്ല വടാ പാവ് കിട്ടുമെന്ന്. ഡോംബിവ്‌ലിയില്‍ താമസിക്കുന്ന അവള്‍ നാട്ടിലാണെന്നതിനാല്‍ കാണാന്‍ കഴിയാത്തതിന്റെ വിഷമവും പങ്കുവെച്ചു. തിരിച്ച് റീനേടത്തിയുടെ ഫ്‌ളാറ്റിലെത്തി. ചെറിയൊരു ചുറ്റികറങ്ങല്‍ കൊണ്ട് ഉണ്ണികുട്ടന്‍ ഉഷാറായി.

(വടാ പാവ്. പ്രിയങ്ക അയച്ചുതന്ന ചിത്രം)

മുംബൈയുടെ രാത്രി ജീവിതം കാറില്‍ കാണാന്‍ തീരുമാനിച്ചു. കാഴ്ച കാണല്‍, ഭക്ഷണം, ഷോപ്പിങ്... ഇത്രയുമാണ് മുംബൈയില്‍ കാണണമെന്ന് ഞാന്‍ ആഗ്രഹം പറഞ്ഞത്. ആദ്യം പോയത് മറൈന്‍ ഡ്രൈവിലാണ്. പത്തുമണിയായിട്ടും അവിടെ കടല്‍ഭിത്തികളില്‍ ഇണക്കുരുവികളെപ്പോല്‍ യുവതീയുവാക്കളുണ്ടായിരുന്നു. അതിനടുത്താണ് ചൗപ്പാട്ടി ബീച്ച്. സ്ട്രീറ്റ് ഫുഡിനു പേരുകേട്ടയിടം. ഒരുപാട് കുഞ്ഞുകുഞ്ഞു ഭക്ഷണശാലകള്‍. അവിടെയെല്ലാം ഒരേ വിഭവങ്ങള്‍. വരുന്നവരെ വിളിച്ചിരുത്താന്‍ ഓരോ കടയ്ക്കുമുമ്പിലും ആളുകളുണ്ട്. ഏതാണ്ട് പിടിവലി കൂടുന്ന പോലെയാണ് അവര്‍. ഞങ്ങള്‍ ഒരു മേശയ്ക്കുചുറ്റുമിരുന്നു. പാവ് ബാജി, ബേല്‍പൂരി, റഗ്ഡാ പാട്ടിസ് എന്നിവ സ്വാദുനോക്കി.


(പാവ് ബാജി)




(ബേൽ പൂരി)


(റഗ്ഡാ പാട്ടിസ്)


 പിന്നീട് ചൗപ്പാട്ടി ബീച്ചില്‍ ചെറിയൊരു നടത്തം. പുല്‍പ്പായ വാടകയ്ക്ക് കൊടുക്കുന്ന ഒരുപാട് കച്ചവടക്കാരുണ്ടവിടെ. 20 രൂപ കൊടുത്തു അൽപനേരത്തേക്ക് വാങ്ങാനും നിരവധി ആളുകളുണ്ട്. പായ വിരിച്ച് കുടുംബക്കാരും സുഹൃത്തുക്കളും ഇരുന്ന് ആടിയും പാടിയും രാവുകളെ ആഘോഷമാക്കും. റീനേടത്തിയുടെ ഭര്‍ത്താവ് ശ്രീധരേട്ടന്‍ പറഞ്ഞപോലെ, 'ഒഴിഞ്ഞ സ്ഥലങ്ങളില്‍, ഉളള സ്‌പേസില്‍ അവര്‍ വിശ്രമിക്കുന്നു; ആനന്ദം കണ്ടെത്തുന്നു'. മാലിന്യകൂമ്പാരമായിരുന്നു ആ ബീച്ച്. കാപ്പാടും പോണ്ടിച്ചേരിയും കണ്ട് അങ്ങോട്ട് പോകുന്നവര്‍ക്ക്  (വിദേശത്തുളളവരുടെ കാര്യം പറയുകയേ വേണ്ട) നിരാശയാകും ഫലം. ഇപ്പോള്‍ വൃത്തിയാക്കിയതാണെത്രേ. അപ്പോള്‍ പഴയ കോലമെന്താകും!



എന്തായാലും അവിടുത്തെ പൊടി ഉണ്ണികുട്ടന്റെ ചുമ കൂട്ടി. അവന്റെ അവശത കണ്ടപ്പോള്‍ കാറില്‍ തിരിച്ചുപോകാന്‍ തീരുമാനിച്ചു. വഴിയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ, ഹോട്ടല്‍ താജ് മഹല്‍, ആനി ബസന്റ് ഹാള്‍, സി.എസ്.ടി. റെയില്‍വേ സ്റ്റേഷന്‍, മുംബൈ പോസ്റ്റ് ഓഫീസ്, പ്രിന്‍സ് ഓഫ് വെയ്ല്‍സ് മ്യൂസിയം, ആര്‍ട്ട് ഗാലറി, ഹൈക്കോടതി തുടങ്ങിയവയെല്ലാം കാറിലിരുന്ന് കണ്ടു. മകന്റെ അസുഖത്തില്‍ ആധി പിടിച്ചിരിക്കുന്ന അമ്മയുടെ മനസ്സും കാഴ്ചകള്‍ കാണാന്‍ വെമ്പുന്ന യാത്രക്കാരിയുടെ കൊതിയും ഒരേ നിമിഷം ഞാനനുഭവിച്ചു. അടുത്ത ദിനം ഉണ്ണികുട്ടനു സുഖമാകുമെന്ന പ്രതീക്ഷയില്‍ ഉറങ്ങാന്‍ കിടന്നപ്പോഴും പുറത്ത് റോഡില്‍ വാഹനങ്ങളൊഴുകി കൊണ്ടേയിരുന്നു.


ആദ്യ ഭാഗം വായിക്കാം 


5 comments:

  1. നന്നായി. തുടരുമല്ലോ!
    പത്തുനാല്പതു വർഷങ്ങൾക്കുമുൻപ് ഞാൻ ഗൾഫിലായിരുന്നപ്പോൾ Bombay യിൽനിന്നായിരുന്നു വിമാനയാത്ര.ചില യാത്രയിൽ ഒന്നുരണ്ടുനാൾ തങ്ങേണ്ടിവരും...........
    ആശംസകൾ

    ReplyDelete
    Replies
    1. തുടരും... പ്രോത്സാഹനത്തിന് നന്ദി...

      Delete
  2. മുംബൈയിൽ അല്ലെങ്കിലും ഇതിൽ ഈ കാണുന്ന ഐറ്റംസ് ഒക്കെ ഒരുകാലത്ത് ഇവിടെ ബാംഗ്ളൂരിലെ ഓഫീസിൽവെച്ചു സ്ഥിരം അടിച്ചുവിടാറുള്ളതാണ്..... അക്കാലം ഓർമ്മിപ്പിച്ചു :-)

    ReplyDelete
    Replies
    1. മറ്റൊരു ഭക്ഷണപ്രിയനെ കണ്ടതിൽ സന്തോഷം. ഇതൊക്കെ കഴിക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് എഴുതിക്കൂടെ?

      Delete
  3. പലയിടത്തും കറങ്ങിയിട്ടുണ്ടെങ്കിലും മുംബൈ കേട്ടുകേൾവിമാത്രം...വിവരണം നന്നായി. ആശംസകൾ

    ReplyDelete