23.2.15

മിലിയും ഞാനും തമ്മില്‍



പൊതുവെ നിരൂപണങ്ങള്‍ വായിച്ചും അഭിപ്രായമാരാഞ്ഞുമാണ് ഞാന്‍ സിനിമയ്ക്കു പോകാറുളളത്. പക്ഷെ മിലി കണ്ടത് യാതൊരു മുന്‍ധാരണകളുമില്ലാതെയാണ്. സഹപ്രവര്‍ത്തക അടുത്ത ദിവസം ഈ ചിത്രത്തിനു പോവുകയല്ലെയെന്നു ക്ഷണിച്ചപ്പോള്‍ ആവട്ടെയെന്നു കരുതി. അവര്‍ക്കും ഈ സിനിമയേക്കുറിച്ചു വലിയ ധാരണകളൊന്നുമില്ലായിരുന്നു. ഈയിടയ്ക്കിറങ്ങിയവയില്‍ ഭേദപ്പെട്ടതെന്നു മാത്രമാണ് ഞങ്ങള്‍ക്കിരുവര്‍ക്കും കിട്ടിയ വിവരം.

സിനിമയില്‍ പക്ഷെ ഞാന്‍ കണ്ടത് എന്നെ തന്നെയായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഒരു വലിയ കൂട്ടുകുടുംബത്തിന്റെയും (ഒന്നിച്ചല്ല താമസമെങ്കിലും) ലാളനകള്‍ മാത്രം ഏറ്റു വാങ്ങാന്‍ ഭാഗ്യം ലഭിച്ച ഒരു ജന്മം. ഇടയ്ക്കു പതറി പോകുമ്പോള്‍ കൈത്താങ്ങായി അച്ഛനോ ചെറിയച്ഛന്‍മാരോ അമ്മാവന്‍മാരോ അതുമല്ലെങ്കില്‍ സഹോദരങ്ങളോ ഉണ്ടാകും. ഇവരുടെ പങ്കാളികളും അങ്ങനെ തന്നെ. ചിലപ്പോള്‍ ഓര്‍ക്കാറുണ്ട്, എനിക്കു ഒറ്റയ്ക്കു നില്‍ക്കാന്‍ കെല്‍പില്ലാതാക്കിയതും ഇവരാണെന്ന്. ഒരു കുറ്റപ്പെടുത്തലായല്ല. സ്‌നേഹകൂടുതലും ബന്ധനങ്ങളാകുന്ന നിമിഷങ്ങളുണ്ട്. ഒരിക്കലും പൊട്ടിച്ചെറിയാന്‍ കഴിയാത്ത വിധം ചുറ്റിവരിഞ്ഞ് അതങ്ങനെ കിടക്കും. വിവാഹശേഷം ഭര്‍തൃവീട്ടുകാരും സ്‌നേഹിക്കാന്‍ മത്സരിക്കുന്നു. അവരുടെയെല്ലാം ഇടയില്‍ നിന്നും എന്നെ ഞാനാക്കി മാറ്റി നിര്‍ത്തുന്നത് പലപ്പോഴും അടുത്ത സുഹൃത്തുക്കളാണ്.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഒരു സുഹൃത്തിന്റെ വിവാഹവേദിയില്‍ വച്ച് എന്നെ സ്‌കൂളില്‍ തുടക്കം മുതല്‍ അവസാനം വരെ വഴികാട്ടിയായ അധ്യാപിക പറഞ്ഞു, 'സ്‌കൂളില്‍ വച്ചു പോയ ബാച്ചുകളില്‍ എനിക്കേറ്റവും അഭിമാനം തോന്നിയത് നിന്നെക്കുറിച്ചാണ്.'

അവര്‍ എന്തു കൊണ്ട് അങ്ങനെ പറഞ്ഞുവെന്നു ഇപ്പോഴും എനിക്കു മനസ്സിലാകുന്നില്ല. ഞാന്‍ ഒരു വിധത്തിലുളള മഹത് പ്രവര്‍ത്തികളും ചെയ്തിട്ടില്ല. ക്ലാസില്‍ അന്തര്‍മുഖയായിരുന്നു. അധികം സംസാരിക്കില്ല. ആണ്‍കുട്ടികളോടു മിണ്ടാന്‍ ചമ്മലായിരുന്നു. പരീക്ഷകളിലൊക്കെ ജയിക്കാനുളള മാര്‍ക്കു മാത്രം വാങ്ങി. വിനോദയാത്രകളിലോ കലാപരിപാടികളിലോ കായികമേളകളിലോ എന്റെ സാന്നിധ്യമുണ്ടാകാറില്ല. ഒരു പുസ്തകവുമായി ഒതുങ്ങി കഴിഞ്ഞു.

കാലം എന്നെ മാറ്റി. ഞാന്‍ സംസാരിച്ചു തുടങ്ങി. ആളുകളെ പ്രശംസിക്കാനും പുകഴ്ത്താനും പഠിച്ചു. വായന ഏതാനും വര്‍ഷം ഉപേക്ഷിച്ചു. ഒരുപാടു സുഹൃത്തുക്കളെ ലഭിച്ചു. ഇന്റര്‍നെറ്റു ലോകത്തു സജീവമായി. എങ്കിലും ഇതിലൊന്നും യാതൊരു കേമത്തവും എനിക്കു കാണാന്‍ കഴിയുന്നില്ല.

മിലിയേ പോലെ ഞാനും സ്‌നേഹത്തിനു കൊതിക്കുന്നവളാണ്. സ്വപ്‌നം കണ്ടു നടക്കുന്നവളാണ്. കുടുംബത്തിന്റെ തണലും വായനയുടെ സ്പന്ദനവും ഇഷ്ടപ്പെടുന്നവളാണ്. ആ സിനിമയിലില്ലാത്ത ഒരേയൊരു കാര്യം എഴുത്താണ്. ഇവിടെയിങ്ങനെ കുറിച്ചിടുന്നത് എനിക്കൊരു ആശ്വാസമാണ്, എന്റെ വാക്കുകള്‍ക്ക് മഹത്വത്തിന്റെ ഒരംശം പോലുമില്ലെന്നു സ്വയം മനസ്സിലാക്കുമ്പോഴും!

3.2.15

ഇടയ്‌ക്കൊന്നു കരഞ്ഞൂടേ



മേഘാവൃതമായ ആകാശം മഴയ്‌ക്കു ശേഷം പ്രസന്നയായി കാണപ്പെടുന്നതു പോലെ ഒരുപാടു കരയുന്നത്‌ സുഖമാണ്‌. നേത്രങ്ങളില്‍ നിന്നു വെളളം ഉത്ഭവിക്കാനേ പ്രയാസമുളളൂ. അതു കഴിഞ്ഞാല്‍ പുറത്തേയ്‌ക്കെറിയപ്പെടുമ്പോള്‍ ശരീരം ഭീകരമായി പ്രതികരിക്കും. ചിലപ്പോള്‍ നമുക്കു തന്നെ നിയന്ത്രിക്കാനാവാതെ മറ്റവസരങ്ങളില്‍ ശാന്തമായി. ഈ അനിശ്ചിതാവസ്ഥ തന്നെയാണ്‌ കരച്ചിലിലെ മനോഹാരിത. ജനിക്കുമ്പോള്‍ കരഞ്ഞു കൊണ്ടും മരിക്കുമ്പോള്‍ മറ്റുളളവരെ കരയിപ്പിച്ചു കൊണ്ടും മനുഷ്യന്‍ ജന്‍മം തീര്‍ക്കുന്നു. എങ്കിലും എല്ലാവര്‍ക്കും ഈ വികാരത്തെ വെറുപ്പാണ്‌.

കണ്ണുനീരാല്‍ പ്രളയം തീര്‍ത്താല്‍ അതു കഴിഞ്ഞു കിട്ടുന്ന ശാന്തത വേറൊന്നിനും നല്‍കാനാകില്ല. അക്ഷികളുടെ കുളിര്‍മയ്‌ക്കൊപ്പം വ്യക്തമായ ആശയങ്ങളും തീരുമാനങ്ങളും കൈകൊളളാന്‍ ഇതു പ്രേരിപ്പിക്കുന്നു. കരയുന്നതിനിടയില്‍ വരുന്ന ചിന്തകള്‍ അപകടമാണ്‌. യാതൊരു കാരണവശാലും അവയുടെ പുറകെ പോകരുത്‌. ഭാവി ക്രിയാത്മകമാക്കാന്‍ ഇടയ്‌ക്കൊരു കരച്ചില്‍ നല്ലതാണ്‌. ബാത്ത്‌ റൂമിലോ തലയണയില്‍ മുഖം അമര്‍ത്തിയോ ശാന്തമായി കരയാം. അല്ലെങ്കില്‍ പൊട്ടി കരയാം. ആശ്വാസം തീര്‍ച്ച. ആനന്ദകണ്ണുനീരു കാണാന്‍ സുഖമാണ്‌. പക്ഷെ അതു രണ്ടു മൂന്നു കണ്ണീര്‍ത്തുളളിയില്‍ തീരും.