26.11.19

മുംബൈ യാത്ര - 6


(മുംബാ ദേവി)

മുംബാ ദേവീക്ഷേത്രത്തിൽ ദർശനത്തിനായുള്ള ക്യുവിൽ പലതരം ആളുകളെ കണ്ടു. മഹാരാഷ്ട്രയുടെ തനത് ശൈലിയിൽ കളർഫുൾ വേഷവും വളയും മാലയും ധരിച്ചവർ. ഒക്കത്ത് ചെറിയ കുട്ടികളുമായി എത്തിയവർ. നവരാത്രികാലമായതിനാൽ നല്ല തിരക്കാണെങ്കിലും വരി വേഗം നീങ്ങുന്നുണ്ട്. ഒടുവിൽ ഞാനും ദേവിയുടെ മുമ്പിലെത്തി. വെള്ളി കിരീടമണിഞ്ഞ സ്വർണ മാലയും മൂക്കുത്തിയും ധരിച്ചു പുഷ്‌പാലംകൃതയായ മുംബ ആയി (അമ്മ). ഭൂമിദേവിയെന്ന സങ്കല്പമുള്ളതിനാൽ വായ ഇല്ല. ഹനുമാന്റെയും ഗണപതിയുടെയും അന്നപൂർണാദേവിയുടെയും പ്രതിഷ്ഠകളുണ്ട്. തൊഴുതിറങ്ങുമ്പോൾ ഒരു സന്യാസി തീർത്ഥം തന്നു. കയ്യിൽ വാങ്ങി സേവിക്കുമ്പോൾ അയാൾ പറഞ്ഞു, 'നല്ലതേ വരൂ'... ഇനി ചോദിക്കുക ദക്ഷിണയാകുമെന്ന് അറിഞ്ഞുകൊണ്ട് ഞാൻ പതുക്കെ  'ശരി രാജാവേ' എന്ന മട്ടിൽ ഒരു പുഞ്ചിരി പാസാക്കി മുങ്ങി. കുടിവെള്ളം കൊടുക്കുന്ന ഇടമുണ്ട് അമ്പലത്തിൽ. ചെറിയ സ്ഥലമായതിനാൽ വിശ്രമിക്കാനൊന്നും ഇടമില്ല.


(കൊളാബാ കോസ്‌വേ)

പതുക്കെ സാവേരി മർക്കറ്റിലൂടെ നടന്നു. സ്വർണ കച്ചവടത്തിനാണ് ഈ തെരുവ് പ്രസിദ്ധം. ഞങ്ങളുടെ ലക്ഷ്യം കോളാബ കോസ് വേ ആണ്. അവിടെ ഓരോ ഗള്ളിയും ഓരോ ഉത്പന്നങ്ങൾക്കാണ് പ്രസിദ്ധം. തുണി, അത്തർ, ചെരിപ്പ്, ബാഗ്, ഫാൻസി ആഭരണങ്ങൾ, ഈത്തപ്പഴം പോലത്തെ ഡ്രൈ ഫ്രുട്സ്... അവിടെ ഇല്ലാത്തതായി ഒന്നുമില്ല. ഞങ്ങൾക്കും, നാട്ടിലുള്ളവർക്കും ചിലതൊക്കെ വാങ്ങി.


അപ്പോഴാണ് അപ്പുവിന്റെ (അരവിന്ദ്) കാൾ. അച്ഛന്റെ അനിയന്റെ മകനാണ്. ബോംബെ ഷർട്ട്സ് എന്ന ഓൺലൈൻ വ്യാപാര കമ്പനിയുടെ സോഫ്റ്റ്‌വെയർ മേഖലയിലാണ് ജോലി. ഇന്ന് കാണാമെന്ന് പറഞ്ഞിരുന്നു. സി എസ് ടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോഴേക്കും അങ്ങോട്ടെത്താം എന്ന് വാക്ക് കൊടുത്തു.

മുംബൈയിലെ മാതൃഭൂമി ഓഫീസ് അവിടെ അടുത്താണ്. അഞ്ചാറു കൊല്ലമായി അവരോട് ഫോണിൽ സംസാരിക്കാറുണ്ടെങ്കിലും നേരിട്ട് കണ്ടിട്ടില്ല പലരെയും. വഴിയിൽ വെച്ച് അപ്പുവിനെയും കൂട്ടി ഓഫീസിൽ എത്തി. കുറച്ച് നേരം വൈകി. എല്ലാവരും പോയി കഴിഞ്ഞു. ആകെ ഒരു മാത്യു ചേട്ടൻ മാത്രമുണ്ട് അവിടെ. സീനിയർ റിപ്പോർട്ടർ ആണ്. ബോംബെക്കാരായ ശ്രീധരേട്ടനും അപ്പുവും മാത്യു ചേട്ടനോട് സംസാരിച്ചു. ഞാനും ഭർത്താവും കേൾവിക്കാരായി. കഷ്ടി അരമണിക്കൂർ അവിടെ വർത്തമാനം പറഞ്ഞു. Miles to go എന്നുള്ളത് കൊണ്ട് യാത്ര പറഞ്ഞിറങ്ങി.

വിശപ്പ് തുടങ്ങി. മഴയും പൊടിയുന്നുണ്ട്. ജോലി കിട്ടിയ വകയിൽ അപ്പു ചെലവ് ചെയ്യാമെന്ന് പറഞ്ഞു. ആദ്യം കയറിയ ഹോട്ടൽ സിസ്ലേഴ്‌സ് (sizzlers) മാത്രമുള്ളതാണ്. മഴ കനത്തു. അപ്പുവിന്റെ കയ്യിൽ മാത്രമാണ് കുടയുള്ളത്. പുറത്തിറങ്ങിയപ്പോൾ ഒരു മലയാളി ഹോട്ടൽ കണ്ടു. ഓരോരുത്തരെയായി അവൻ ഹോട്ടലിൽ എത്തിച്ചു. പതിവ് നാനും പനീറും ഗോബിയും കഴിച്ചു.

ഭക്ഷണം കഴിഞ്ഞപ്പോഴേക്കും മഴ ശമിച്ചു. ഗേറ്റ് വേ ഓഫ് ഇന്ത്യ കാണാൻ തീരുമാനിച്ചു. രാത്രിയായതിനാൽ അകത്തേക്ക് പ്രവേശനമില്ല. എന്നാലും അതിനു സമീപം കടൽക്കാറ്റേറ്റ് ഇരുന്നു. സൂര്യപ്രകാശം ഇല്ലാത്തതിനാൽ ക്യാമറയിൽ ഗേറ്റ് വേ വൃത്തിയായി പതിഞ്ഞില്ല. അതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. ഞങ്ങൾക്ക് അഭിമുഖമായി താജ് ഗ്രൂപ്പിന്റെ താജ് മഹൽ. മുംബൈ ഭീകരാക്രമണത്തിൽ തരിച്ചു പോയ സ്ഥാപനം. ശ്രീധരേട്ടൻ അവിടെയാണ് ജോലി എടുക്കുന്നത്. അവിടെ വലിയ ഒരു പോസ്റ്റിലാണെങ്കിലും അദ്ദേഹത്തിന് തൃശ്ശൂർ പെരുമ്പിളിശ്ശേരിയിലെ ഒരു സാദാ ഗ്രാമീണനായി അറിയപ്പെടാനാണ് ആഗ്രഹം.


(താജ് മഹൽ)
26/11 എന്നറിയപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ അദ്ദേഹത്തിന് പരിചയമുള്ള സഹപ്രവർത്തകരുമുണ്ട്. സംഭവം നടക്കുമ്പോൾ ശ്രീ ഏട്ടൻ ബാംഗ്ലൂർ താജിലാണ്. അന്നത്തെയും പിന്നീടുണ്ടായ അനുഭവങ്ങളും ചോദിച്ചപ്പോൾ അദ്ദേഹം വാചാലനായി. വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന താജിനോട് വിട പറഞ്ഞു ഉറങ്ങാത്ത നഗരത്തിലൂടെ ഞങ്ങൾ നടന്നു.

മുംബൈയിൽ പോയാൽ സബ്അർബൻ ട്രെയിനിൽ കയറാതെ പൂർണമാവില്ലെത്രെ. ഒരു ഡബിൾ ഡെക്കർ ബസിൽ കയറണമെന്ന ആഗ്രഹവും ബാക്കിയുണ്ട്. ആകെ ബാക്കിയുള്ളത് ഇനി ഒരു പകലാണ്.


(യാദൃശ്ചികമായാണെങ്കിലും ഇതു പോസ്റ്റ് ചെയ്യുന്നത് മറ്റൊരു നവംബർ 26നാണ്)

മുൻ ഭാഗങ്ങൾ വായിക്കാം


11.11.19

മുംബൈ യാത്ര - 5

ചെമ്പൂരിലെ ഫ്‌ളാറ്റിലെത്തി ഒരു കപ്പ് ചായ കുടിച്ചപ്പോൾ വീണ്ടും ഉഷാറായി. ചൂടുചായ പതിയെ കുടിച്ച് ഫിലിം സിറ്റി തന്ന നിരാശ മറക്കാൻ ശ്രമിച്ചു. അടുത്ത യാത്ര പവായിലേക്കാണ്. ഭർത്താവിന്റെ കസിൻ സിന്ധുവേടത്തി പവായിയിലെ ഹീരാനന്ദാനി ഗാർഡൻസ് എന്ന സ്ഥലത്താണ് താമസം. അവരുടെ ഭർത്താവ് ബിജുവേട്ടൻ (ജയശങ്കർ) ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലാണ്. ഹീരാനന്ദാനി ഗാർഡൻസ് എന്നത് ഒരു ടൗൺഷിപ്പാണ്. നിർമിച്ചത് ഹീരനന്ദാനി ഗ്രൂപ്പ്. ബോംബെ കോർപ്പറേഷനു കീഴിലാണെങ്കിലും ഈ പ്രദേശത്തിന്റെ ശുചീകരണമടക്കമുളളതിന്റെ മേൽനോട്ടം ഹീരാനന്ദാനി ഗ്രൂപ്പിനാണ്. 250 ഏക്കറാണ് വിസ്തീർണം. ഷോപ്പിങ് മാളുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, സിനിമാ സ്റ്റുഡിയോ, ഫ്‌ളാറ്റുകൾ തുടങ്ങി മെട്രോ ജീവിതത്തിന്റെ എല്ലാ ചേരുവകളും ഇവിടെയുണ്ട്. ഭക്ഷണപ്രിയരുടെ കേന്ദ്രമാണ് ഇവിടം. രാവും പകലും തീറ്റ ആഘോഷമാക്കുന്നവർ. പ്രശസ്തമായ പല ആഗോള ഭക്ഷണ ശൃംഖലകളുടെ ഔട്ട്‌ലറ്റുകൾ മുതൽ തട്ടുകടകളിൽ വരെ വൻതിരക്കാണ്.

സിന്ധുവേടത്തിയുടെ ഫ്‌ളാറ്റിലെത്തിയപ്പോഴേക്കും ബക്കർവാഡി പോലുളള മറാത്തി സ്‌നാക്‌സ് ഞങ്ങൾക്കായി കരുതിവെച്ചിരുന്നു. സിന്ധുവേടത്തിക്ക് മൂന്നുമക്കളാണ്, രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും. അവരെ കണ്ടപ്പോൾ തന്നെ ഉണ്ണികുട്ടൻ ഫുൾ ഹാപ്പിയായി.

ഡാൻഡിയക്കു പാസ് കിട്ടിയെന്ന് നേരത്തെ ഏടത്തി പറഞ്ഞിരുന്നു. പക്ഷെ കറങ്ങിതിരിഞ്ഞ് ഞങ്ങൾ എത്തിയപ്പോഴേക്കും ഡാൻഡിയയുടെ നേരം കഴിഞ്ഞു. കൂടാതെ റോഡ് ബ്ലോക്കിൽ നിൽക്കുമ്പോൾ ചെറിയൊരു ഡാൻഡിയ കാണുകയും ചെയ്തു. എന്നാൽ പിന്നെ ഭക്ഷണങ്ങൾ പരീക്ഷിക്കാമെന്നായി. ചീപ്പ് ആൻഡ് ബെസ്റ്റ് എന്ന കടയിലാണ് ആദ്യം പോയത്. എല്ലാ മറാത്തി ഭക്ഷണങ്ങളും രുചിക്കാൻ അവസരം തരാമെന്നാണ് ബിജുവേട്ടന്റെ വാഗ്ദാനം. ചീസ് ദാഹി പപ്ഡി ചാട്ട്, ദാഹി പപ്ഡി ചാട്ട്, ദാഹി റഗഡാ ചാട്ട് എന്നീ വിഭവങ്ങളാണ് ആദ്യം കഴിച്ചത്. അതിൽ എനിക്കേറെ ഇഷ്ടപ്പെട്ടത് ചീസ് ദാഹി പപ്ഡി ചാട്ടാണ്.


ചീസ് ദാഹി പപ്ഡി ചാട്ട്



ദാഹി പപ്ഡി ചാട്ട്



ദാഹി റഗഡാ ചാട്ട് 

പിന്നീടാണ് ഏറെ പ്രശസ്തമായ പാനിപുരി കൈയിൽ കിട്ടിയത്. ആറെണ്ണമാണ് ഒരു സെറ്റ്. നമ്മൾ ഒന്നുവായിൽ വെക്കുമ്പൊഴേക്കും അടുത്തത് കടക്കാരൻ കൈയിൽ വെച്ചുതരും. അതിനെപ്പറ്റി ഒരു ട്രോൾ തന്നെയുണ്ട്, 'You don't know real stress until you have a panipuri in your mouth, a panipuri in your bowl and the panipuriwala is standing infront of you with another ready panipuri'. പിന്നെയും കുറെ തരം ഭക്ഷണങ്ങളുടെ പേരുകൾ അവിടെയെഴുതി വെച്ചിട്ടുണ്ട്. സ്വാദു നോക്കാൻ വയറിൽ സ്ഥലമില്ലാത്തതിനാൽ തീറ്റ നിർത്തി.



പാനിപുരി 

അതു കഴിഞ്ഞ് നാച്വറൽസ് ഐസ്‌ക്രീം കടയിൽ കയറി സീതപ്പഴത്തിന്റെ സ്വാദുളള ഐസ്‌ക്രീമിന്റെ രുചിയുമറിഞ്ഞു. സമീപത്ത് രണ്ടിടങ്ങളിൽ ബംഗാളികളുടെ നവരാത്രി പൂജയുണ്ടെന്നറിഞ്ഞ് അതും സന്ദർശിക്കാമെന്ന് തീരുമാനിച്ചു. ആദ്യമൊക്കെ ഒരു പൂജയെ നടത്തിയിരുന്നുളളൂ. പവായിലുളള ബംഗാളികൾ പിന്നീട് പിരിഞ്ഞു രണ്ടു വിഭാഗങ്ങളായി ആഘോഷിക്കുകയാണ്. പൂജാ പന്തലിൽ മഹിഷാസുരമർദിനിയായ ദേവിയുടെ വലിയ പ്രതിമ സ്ഥാപിച്ചിട്ടുണ്ട് രണ്ടിടങ്ങളിലും.



നവരാത്രിപൂജാ പന്തല്‍

ബംഗാളി ഭക്ഷണസ്റ്റാളുകളുമുണ്ട്. വയറുനിറഞ്ഞതിനാൽ രസഗുള മാത്രമേ പരീക്ഷിച്ചുളളൂ. അതിമധുരം. ഉണ്ണികുട്ടനുമേറെ ഇഷ്ടപ്പെട്ടു. ബംഗാളികളുടെ പ്രധാന ഭക്ഷണം മീനാണ്. സസ്യാഹാരിയായതിനാൽ മത്സ്യവിഭവങ്ങൾ രുചിക്കാനോ എഴുതാനോ ഞാനാളല്ല.




രസഗുള


വഴിയിൽ മിർച്ചി ആൻഡ് മൈം എന്നൊരു ഹോട്ടൽ കാണിച്ചു തന്നു സിന്ധുവേടത്തി. അവിടുത്തെ പ്രത്യേകതയെന്തെന്നു വെച്ചാൽ വൈയിറ്റർമാരെല്ലാം സംസാരശേഷിയില്ലാത്തവരാണ്. ഭക്ഷണത്തിനായി ഓർഡർ ആംഗ്യത്തിലൂടെ കൊടുക്കണം. ഓരോ വിഭവത്തിനും കാണിക്കേണ്ട ആംഗ്യവിക്ഷേപങ്ങൾ മെനു കാർഡിലുണ്ടെത്രേ. അടുത്ത തവണ മുംബൈയിലെത്തുമ്പോൾ ഈ ഹോട്ടൽ സന്ദർശിക്കണം. ഇപ്പോൾ സമയത്തിന്റെ കുറവുണ്ട്.


 മിർച്ചി ആൻഡ് മൈം ഹോട്ടൽ 

ഇന്നത്തെ അലച്ചിൽ അവസാനിപ്പിച്ച് കിടക്കയിൽ ഉറക്കത്തിലേക്ക് വഴുതി വീണു. ചെറിയൊരു തണുപ്പും കൂടിയായപ്പോൾ രാവിലെയായിട്ടേ അറിഞ്ഞുളളൂ. കൂട്ടത്തിൽ പറയാൻ മറന്നു, മുംബൈയുടെ ട്രേഡ് മാർക്കാണ് ടൈംസ് ഓഫ് ഇന്ത്യ പത്രം. മിക്ക ഫ്‌ളാറ്റുകളിലും ഈ പത്രമാണ് വരുത്തുക. മുപ്പതു പേജിനടുത്തുണ്ടാവും സപ്ലിമെന്റുകളടക്കം. എരിവും പുളിയും ചേർത്ത ബോളിവുഡ് ഗോസിപ്പുകൾ മുതൽ ശാസ്ത്ര, സാമ്പത്തിക വാർത്തകൾ വരെയുണ്ട്. കേരളത്തിൽ അതേ പത്രത്തിന് ഇത്രയധികം പേജില്ല. അവിടെയെത്തിയതിനുശേഷം ഞാനും ബോംബെ ടൈംസ് വായിച്ചു. എങ്കിലും പല കടകളിലും റോഡരികിലെ വിൽപ്പനക്കാരുടെയടുത്തും മാതൃഭൂമിയും മനോരമയും കണ്ടു. മലയാളം പത്രം മാത്രമല്ല, രാജ്യത്തെ മിക്ക ഭാഷകളിലുളളവയും ഇവിടങ്ങളിലെല്ലാം വിൽപനയ്ക്ക് വെച്ചിട്ടുണ്ട്.

ഒരു മസാലചായയും നുണഞ്ഞ് ടൈംസ് കൈയിലെടുത്ത് പേജുകളിലൂടെ കണ്ണോടിക്കുമ്പോഴാണ് മഴ പെയ്തത്. മുംബൈയിലെ മഴയെക്കുറിച്ചും വെളളപ്പൊക്കത്തെക്കുറിച്ചും അതുണ്ടാക്കിയ കെടുതികളെക്കുറിച്ചും മുൻപുളള ആഴ്ചകളിൽ വാർത്തകൾ കൈകാര്യം ചെയ്യുകയും മാതൃഭൂമി മുംബൈ എഡിഷനായി പേജുണ്ടാക്കുകയും ചെയ്തിരുന്നു. അന്നൊന്നും കരുതിയില്ല മഹാനഗരത്തിലെ മഴ നേരിൽ കാണാനാകുമെന്ന്. ആറാം നിലയിലിരുന്ന് മാനത്തുരുണ്ടു കൂടിയ കാർമേഘങ്ങളിൽനിന്ന് താഴേക്ക് പതിക്കുന്ന മഴ നോക്കിയിരിക്കാനുമുണ്ട് ഒരു രസം. നാലാം ദിവസം ഉച്ചഭക്ഷണത്തിനായി മുളുണ്ടിലെ ഒരു ബന്ധുവീട്ടിൽനിന്ന് ക്ഷണമുണ്ട്. ശാന്തമായൊരിടത്താണ് അവരുടെ ഫ്‌ളാറ്റ്. പുറത്തെ ബഹളമൊന്നുമറിയില്ല. അവിടുത്തെ ഗൃഹനാഥൻ കൃഷ്‌ണേട്ടൻ ആർട്ട് ഓഫ് ലിവിങ്ങിന്റെ പ്രചാരകനാണ്. മാനസികവും ശാരീരികവുമായ പ്രയാസങ്ങളുളളവർക്ക് അദ്ദേഹത്തിന്റെ പ്രാർഥനയിലൂടെയും അനുഗ്രഹത്തിലൂടെയും സൗഖ്യം നേടിയിട്ടുണ്ടെന്ന്  ബന്ധുക്കൾ പറയുന്നു. വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് കുറേ സമയം സംസാരിച്ചിരുന്ന് തിരിച്ച് ചെമ്പൂരിലെത്തി.

അടുത്ത ലക്ഷ്യം മുംബാ ദേവി ക്ഷേത്രമാണ്. നാട്ടിലെ മുഴുവൻ അമ്പലങ്ങളും സന്ദർശിച്ചേ അടങ്ങൂവെന്ന വാശിയൊന്നുമില്ലെങ്കിലും ഈ അമ്പലം കാണണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. വിമാനടിക്കറ്റെടുത്തപ്പോഴേ ഞാൻ പറഞ്ഞ കാര്യമാണത്. മുംബൈ നഗരത്തിന്  ആ പേര് വന്നത് മുംബ ആയിയുടെ  (അമ്മ) നാടായതിനാലാണ്. ഞാനും ഭർത്താവും ശ്രീധരേട്ടനും കൂടെയാണ് പോയത്. ഉബർ ടാക്‌സിയിൽതന്നെ. ശ്രീധരേട്ടൻ മുംബൈയിലെത്തിയിട്ട് 22 കൊല്ലമായെങ്കിലും ഇതുവരെ ആ ക്ഷേത്രത്തിൽ ദർശനം നടത്തിയില്ലെത്രെ.

പോകുന്ന വഴിയിൽ മസ്ജിദ് എന്നൊരു റെയിൽവെ സ്‌റ്റേഷനുണ്ട്. 'ചുറ്റും വലിയ തിരക്കാണ്. മുസ്ലിം സമൂഹം തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. കച്ചവടവും അവർ തന്നെ. വെളളിയാഴ്ചയായതിനാൽ പതിവിലേറെ തിരക്കുണ്ടാകും. റംസാൻ നോമ്പുകാലത്തൊന്നും ഇങ്ങോട്ടേക്ക് ഓട്ടം വിളിച്ചാൽ പറ്റില്ല എന്നു തീർത്തു പറയും. ജനസമുദ്രത്തിൽ വണ്ടി കുടുങ്ങി പോകും' - പറയുന്നത് മുസ്ലിം ഉബർ ഡ്രൈവർ. അദ്ദേഹത്തിന്റെ വണ്ടിയിൽ ഒരു ഗണപതിയുടെ പ്രതിമയും അതിനുചുറ്റി ജപമാലയായ തസ്ബീഹ് യുമുണ്ട്. ഇതെന്താ സംഭവമെന്ന് ചോദിച്ചപ്പോൾ മുതലാളി ഹിന്ദുവാണെന്നും എല്ലാമൊന്നുതന്നെയാണെന്നും സിഗ്നൽ ലൈറ്റ് തെളിയുന്നത് കാത്തുനിൽക്കവെ ആ മനുഷ്യൻ താടി തടവി കൊണ്ടുപറഞ്ഞു.

ദക്ഷിണ മുംബൈയിലെ ഭുലേശ്വറിലാണ് ഈ ക്ഷേത്രം. മുംബൈ എന്ന ഗ്രാമം പട്ടണമായും പിന്നീട് ഇപ്പോഴത്തെ അവസ്ഥയിലെത്തിയതും ഈ രക്ഷാദേവതയുടെ അനുഗ്രഹത്താലാണെന്നാണ് വിശ്വാസം. 'ബോംബേയിലെ സപ്തദ്വീപുകളിലെ ആദിമനിവാസികളായിരുന്ന അഗ്രി, കോളി എന്ന ജനവിഭാഗങ്ങളുടെ ആരാധനാമൂർത്തിയായിരുന്നു മുംബാദേവി. 15-ാം നൂറ്റാണ്ടു മുതൽക്കേ മുംബാദേവി എന്ന മൂർത്തി ആരാധിക്കപ്പെട്ടിരുന്നുവെങ്കിലും 1675ൽ മുംബാ എന്നുപേരുള്ള ഒരു സ്ത്രീയാണ് ഈ ക്ഷേത്രം നിർമിച്ചതെന്ന് പറയപ്പെടുന്നു. ഇവിടെ നിലനിന്നിരുന്ന സെന്റ് ജോർജ് കോട്ടയുടെ വടക്കുഭാഗത്തുള്ള കോട്ടമതിലിനോട് ചേർന്നായിരുന്നു ഈ ക്ഷേത്രത്തിന്റെ സ്ഥാനം. 1739നും 1770നുമിടക്ക് ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് ഭുലേശ്വർ ഭാഗത്ത് പുനർനിർമിക്കപ്പെടുകയായിരുന്നു.' എന്നാണ് വിക്കിപീഡിയയിൽ ക്ഷേത്ര ചരിത്രത്തെക്കുറിച്ചു പറയുന്നത്.


മുംബാ ദേവീക്ഷേത്രത്തിന്റെ പ്രവേശനകവാടം


കാർ അരിച്ചരിച്ച് അമ്പലത്തിനു കുറച്ചു ദൂരത്തായെത്തി. ഇനി നിങ്ങൾ നടന്നു പോയ്‌ക്കോളില്ലേയെന്ന് ഡ്രൈവർ ദയനീയമായി ചോദിച്ചു. കാറിൽ നിന്നിറങ്ങി ഏകദേശം അരകിലോമീറ്റർ നടന്നു. നവരാത്രിയായതിനാൽ വൻതിരക്കാണ്. നവരാത്രിക്ക് ഓരോ ദിനവും ഓരോ നിറമുളള വസ്ത്രം ധരിക്കണമെന്നാണ് ശാസ്ത്രം. ഓറഞ്ച്, വെള്ള, ചുവപ്പ്, നീല, മഞ്ഞ, പച്ച, തവിട്ട്, പർപ്പിൾ, പീക്കോക്ക് പച്ച എന്നിങ്ങനെയാണ് യഥാക്രമം ധരിക്കേണ്ടത്. മറാത്തികൾ അതെല്ലാം വിശ്വാസപൂർവം ചെയ്യുന്നവരാണ്.

അമ്പലത്തിനുപുറത്തും അകത്തും നല്ല തിരക്കാണ്. പൂജാ സാധനങ്ങൾ വിൽക്കുന്ന വലിയ കടകളും തെരുവോര കച്ചവടക്കാരുമുണ്ട്. മുല്ല, താമര, ഓറഞ്ച് നിറത്തിലുളള മല്ലിക എന്നിവയാണ് പ്രധാന പൂജാ പുഷ്പങ്ങൾ. പൂജയ്ക്കായി മധുരപലഹാരങ്ങളടങ്ങിയ കിറ്റും വാങ്ങാം. പ്രവേശന കവാടത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക പരിശോധനയുണ്ട്. വലിയ ക്യൂവാണ്. എങ്കിലും ആളുകൾ വേഗം വേഗം നീങ്ങുന്നുണ്ട്.


മുൻ ഭാഗങ്ങൾ വായിക്കാം

4.11.19

മുംബൈ യാത്ര - 4

തലേന്നുളള അലച്ചില്‍ കാരണം ഞാനും അസുഖം മാറിയ ഉണ്ണികുട്ടനും ബോധം കെട്ടുറങ്ങി. പതിവുപോലെ ഭജനയാണ് ഉണര്‍ത്തിയത്. പാറക്കല്ലിലുരയ്ക്കുന്ന പോലെയുളള ശബ്ദമുളളയാള്‍ പാടി കൊണ്ടേയിരുന്നു. ഇതുകേട്ടപ്പോള്‍ എനിക്ക് ഡിഗ്രി കാലമാണ് ഓര്‍മ വന്നത്. അരിയന്നൂരിലെ ശ്രീകൃഷ്ണ കോളേജിലാണ് ബിരുദം ചെയ്തത്. അതിനടുത്തുളള കൂനംമൂച്ചിയെന്ന ഗ്രാമത്തിലാണ് താമസം. അവിടെ ഒരു ദേവീക്ഷേത്രമുണ്ട്. സന്ധ്യക്കു ഭജനയുണ്ട്. അതു പാടുന്ന സ്ത്രീയുടെ ശബ്ദം അത്ര സുഖകരമല്ല. അവര്‍ സംഗീതാധ്യാപികയാണെന്നതാണ് മറ്റൊരു തമാശ.

രാവിലെ ഫിലിംസിറ്റിയില്‍ പോകാമെന്നായിരുന്നു പ്ലാന്‍. എഴുന്നേറ്റു റെഡിയായപ്പോഴേക്കും ഏകദേശം പതിനൊന്നുമണിയായി. ഉബര്‍ ടാക്‌സി പിടിച്ച് ഞാനും ഭര്‍ത്താവും ശ്രീധരേട്ടനും ഫിലിം സിറ്റിയിലേക്ക് തിരിച്ചു. ഗൊരേഗാവ് എന്ന സ്ഥലത്താണിത്. ഇവിടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ മികച്ചതാണ്. വളരെ തുച്ഛമായ തുകയില്‍ യാത്ര ചെയ്യാമെന്നതാണ് പ്രധാന ഗുണം. കൂടാതെ ലോക്കല്‍ ടാക്‌സിയായ 'കാലി-പീലി' (കറുപ്പും മഞ്ഞയും പെയിന്റടിച്ച കാറുകള്‍) കാറുകളും ധാരാളമായുണ്ട്. രണ്ടു ദിവസമായി കണ്ടു ശീലിച്ചതുപോലെ തന്നെ ഫിലിം സിറ്റിയിലേക്കു പോകുന്ന വഴികള്‍ക്കിരുവശവും ഫ്‌ളാറ്റ് സമുച്ചയങ്ങളാണ്.

(ഫിലിംസിറ്റിയിലേക്കുളള പ്രവേശനകവാടം)

ഒന്നരയോടെ ഫിലിം സിറ്റിയിലെത്തി. നാലു സമയങ്ങളിലായാണ് പ്രവേശനം. അവരുടെ തന്നെ ബസ്സുകളുണ്ട്. ഞങ്ങളെത്തിയതിന് ശേഷം അടുത്ത ട്രിപ്പ് രണ്ടരയ്ക്കാണ്. വിശപ്പ് കലശലായതിനാല്‍ ഭക്ഷണം തേടി നടന്നു. വഴി നിറയെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളുണ്ട്. ലോറികള്‍ റോഡരികില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍മാര്‍ വിശ്രമിക്കുന്നു. ഇതും ആ മഹാനഗരത്തില്‍ തന്നെയാണോയെന്ന് സംശയം തോന്നും. കഷ്ടി അര കിലോമീറ്റര്‍ കഴിഞ്ഞാണ് ഒരു ഹോട്ടല്‍ കണ്ടത്. ചെറിയൊരു ഹോട്ടലാണ്. രണ്ടു നിലകളുണ്ട്. താഴത്തെ നിലയില്‍ 'ഫയര്‍ മെയിന്റനന്‍സി'നായി അടച്ചിരിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ പടികള്‍ കയറി മുകള്‍നിലയിലെത്തി. താഴത്തെ ലുക്കേ അല്ല മുകളില്‍. ഏ.സി.യൊക്കെയുണ്ട്. നാനും പനീറും ഷെസ്വാന്‍ ഫ്രൈഡ് റൈസും ഓഡര്‍ ചെയ്തു. 2.30ന് ബസ് പുറപ്പെടുമെന്നതുകൊണ്ടും കുറച്ചുദൂരം തിരിച്ചുനടക്കാനുളളതിനാലും വേഗത്തില്‍ ഭക്ഷണം കഴിച്ചവസാനിപ്പിച്ചു. കൈ കഴുകാനായി ഒരു ചെറിയ പാത്രത്തില്‍ നാരങ്ങ കഷ്ണമിട്ടു വെള്ളം കൊണ്ടുവന്നു. ഇതും എനിക്ക് പുതുമ തന്നെ.

ഫിലിം സിറ്റിയ്ക്കടുത്ത് തന്നെയാണ് റിസര്‍വ് ബാങ്കിനു കീഴിലുളള ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് റിസര്‍ച്ച് എന്ന സ്ഥാപനം. 14 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കാമ്പസില്‍ എം.എസ്.സി ഇക്കണോമിക്‌സ്, എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളാണുളളത്. പുറമെനിന്ന് കാണാന്‍ നല്ല ഭംഗിയുണ്ട്. അധികം നിരീക്ഷിക്കാന്‍ സമയമില്ല. ബസ് അവിടെ നില്‍പ്പുണ്ട്.

പ്രവേശന ഫീസ് 650 രൂപയാണ്. വിദേശികള്‍ക്ക് കൂടും. ബസ്സിനു പുറത്ത് സിനിമകളുടെ പോസ്റ്ററുകള്‍ പോലെ നിറയെ ചിത്രങ്ങളുണ്ട്. ഷോലെ മുതല്‍ പുതിയ പടങ്ങള്‍ വരെ. ബന്ദിപ്പൂര്‍ കാടുകളില്‍ സവാരി നടത്തുന്ന വാഹനം പോലെയുണ്ട് അകം. എ.സിയൊക്കെയാണ്. ജനലില്ല, പകരം വലിയ ഗ്ലാസാണ്. 1998ല്‍ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി കണ്ടതിന്റെ മധുരമുളള ഓര്‍മയുമായാണ് ബസ്സില്‍ കയറിയത്. രണ്ടര മണിക്കൂര്‍ ബസ് യാത്ര. എല്ലാ സീറ്റിലും യാത്രക്കാരുണ്ട്. ഒരു പാക്കറ്റ് ചിപ്‌സും ഒരു കുഞ്ഞുകുപ്പി വെളളവും യാത്രക്കാര്‍ക്ക് തരും. ഒരു ഗൈഡുണ്ട്. ഹിന്ദിയിലാണ് സംസാരം. വിദേശികള്‍ക്കൊക്കെ എങ്ങനെ മനസിലാകുമെന്തോ...


(അകത്തേക്കു പോകാനുളള ബസ്)

ആദ്യം തന്നെ മൈതാനം ചൂണ്ടി അയാള്‍ പറഞ്ഞു, ആ കാണുന്ന സ്ഥലത്താണ് ഷാരൂഖ് നായകനായി അഭിനയിച്ച 'ജോഷ്' ചിത്രീകരിച്ചത്. കാടുപിടിച്ചു കിടക്കുന്ന ആ സ്ഥലത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഷാരൂഖും ഐശ്വര്യയും തകര്‍ത്തഭിനയിച്ചത് മനസ്സിലോര്‍ക്കണം. അതു കഴിഞ്ഞ് കോടതി. മുന്‍ഭാഗം കോടതിയും മറുഭാഗം ക്രിസ്തീയ ദേവാലയവുമാണ്. പിന്നെയും കാടും മൈതാനങ്ങളും കാണിച്ച് അയാള്‍ പറഞ്ഞുകൊണ്ടെയിരിക്കും. ഒരു കെട്ടിടം കാണിച്ചു പറഞ്ഞു അതിനുളളില്‍ റെയില്‍വെ സ്റ്റേഷനും വിമാനത്താവളവും ചിത്രീകരിക്കാന്‍ സൗകര്യമുണ്ടെന്ന്. വഴിനീളെ ഏതൊക്കെയോ മറാത്തി, ഹിന്ദി, ബംഗാളി സീരിയലുകള്‍ ഷൂട്ട് ചെയ്യുന്നുണ്ട്. ഗൈഡ് അഭിനേതാക്കളോട് ഹായ് പറയാന്‍ പറയും. പുതുമുഖ താരങ്ങള്‍ തിരിച്ചും കൈ വീശും. ചില്ലിനപ്പുറം കൗതുകത്തോടെ നോക്കുന്ന ജീവികളെ ചേര്‍ത്ത് ഒരു നടന്‍ സെല്‍ഫിയെടുത്തു. പിന്നെയും ബസ് നീങ്ങി. ഒരു ബില്‍ഡിങ്ങിനു പുറത്ത് വലിയ ബോര്‍ഡ് വെച്ചിരിക്കുന്നു, അകത്ത് ഷൂട്ട് നടക്കുന്നത് കോന്‍ ബനേഗ ക്രോര്‍പതി. പുറത്ത് ബച്ചന്റെ കാരവാന്‍ കിടക്കുന്നു. അപ്പോഴും നമ്മള്‍ ഭാവനയില്‍ കാണണം ഘനഗംഭീര ശബ്ദത്തിലുളള ആ ഡയലോഗ്, 'നമശ്കാര്‍, മേം അമിതാബ് ബച്ചന്‍ ബോല്‍ രഹാ ഹും...'

(ബിഗ് ബോസ് ലൊക്കേഷൻ)

വീണ്ടും യാത്ര. സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് റിയാലിറ്റി ഷോ ചിത്രീകരണം നടക്കുന്നു. അതും അടച്ചിട്ട കെട്ടിടത്തില്‍. പുറത്ത് വലിയ പോസ്റ്ററുകള്‍ കണ്ട് ആശ്വസിക്കാം. അവാര്‍ഡ് നിശകള്‍ സംഘടിപ്പിക്കുന്ന ബില്‍ഡിങ്ങും പുറമേ നിന്ന് കണ്ടു. കുളു, മണാലി, കശ്മീര്‍ എന്നിവ ഷൂട്ട് ചെയ്യുന്ന പുല്‍മേടുണ്ട്. പുകയടിച്ചാണത്രേ മഞ്ഞ് വരുത്തുന്നത്. വീടുകളുമുണ്ട്. അതിലെ മുറികളും അടുക്കളയും ചിത്രീകരിക്കുന്നത് വേറൊരു കെട്ടിടത്തിലാണ്. മിക്ക ഹിന്ദി സിനിമകളിലുളള അമ്പലങ്ങളുടെ സീനുകളും ചിത്രീകരിക്കുന്ന ഒരു 'മന്ദിര്‍' ഉണ്ട്. മൂര്‍ത്തികള്‍ മാത്രമേ മാറൂവെന്ന് ഗൈഡ്. രാവിലെ കൃഷ്ണനാണെങ്കില്‍ ഉച്ചയ്ക്ക് അവിടെ ദേവിയുടെ വിഗ്രഹമാകും. ബില്‍ഡിങ് മാത്രം സ്ഥിരം. അവിടെയിറങ്ങി ഫോട്ടോയെടുക്കാം. ബോളിവുഡ് സിനിമകളിലെ അപകടരംഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാലവും കണ്ടു. ഇങ്ങനെ എണ്ണിപ്പറയാനുളള കുറച്ചു കാഴ്ചകള്‍ മാത്രമാണ് അവിടെയുളളത്. രണ്ടര മണിക്കൂറാകും മുമ്പേ ബസ് തിരിച്ച് പ്രവേശന കവാടത്തിലെത്തി.

(ഫിലിംസിറ്റിയിലെ മന്ദിർ)

ഇറങ്ങി ഉബര്‍ കാറിനു കാത്തുനില്‍ക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു ഹിമേഷ് രേശമ്മിയയുടെ പാട്ട് റെക്കോഡിങ് ലൈവ് കാണിച്ചുതരാം, 600 രൂപ കൊടുത്താല്‍ മതിയെന്ന്. നഹി ഭയ്യാ... ഇപ്പോള്‍ കണ്ടതു തന്നെ ധാരാളം. ഇനിയൊന്നും വേണ്ട... ഫിലിം സിറ്റി സമ്മാനിച്ച കടുത്ത നിരാശയുമായി കാറില്‍ കയറി തിരിച്ച് ചെമ്പൂരിലേക്ക്.


മുൻ ഭാഗങ്ങൾ വായിക്കാം