20.7.15

അപരിചിതം ഈ സൗഹൃദം

'എന്തൂന്നാ ഈ കുത്തിക്കുറിയ്ക്കുന്നേ'... തൃശ്ശൂര്‍ ഭാഷയിലുളള വാക്കുകള്‍ കേട്ടപ്പോള്‍ അറിയാതെ തിരിഞ്ഞു നോക്കി. ഇല്ല, എല്ലാം എന്റെ തോന്നല്‍ മാത്രം. തിമിര്‍ത്തു പെയ്യുന്ന മഴയ്ക്കു അങ്ങനെയൊരു അസുഖമുണ്ട്. പണ്ട് എന്റെ ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു, 'മഴയും മഞ്ഞും ആരെയും ഭ്രാന്തരാക്കും.'

പാടവും തോടും വെളളം നിറഞ്ഞ് ഒന്നായി കിടക്കുന്ന ഒരു ദിനത്തിലാണ് വളരെ സ്‌നേഹത്തോടെ കാത്തുസൂക്ഷിച്ചൊരു സൗഹൃദം തകര്‍ന്നത്. സ്ഥാനം കൊണ്ട് ഏട്ടനാണെങ്കിലും (ഇംഗ്ലീഷില്‍ കസിന്‍ എന്നു വായിക്കാം) ബാല്യത്തില്‍ എന്റെ മനസ്സ് ഏറ്റവുമടുത്തു വായിച്ച കൂട്ടുകാരനാണ്. പേരു ചോദിക്കരുത്.

പുസ്തകങ്ങളുമായി കൂട്ടുകൂടിയ എന്നെ സമപ്രായക്കാരായ കുട്ടികള്‍ ഒഴിവാക്കി. നിശ്ശബ്ദമായൊരു ബാല്യമായിരുന്നു എന്റെത്. പിന്നീട് പുസ്തകങ്ങളെയും അക്ഷരങ്ങളെയും ഒഴിവാക്കി ശബ്ദങ്ങളില്‍ അലിഞ്ഞു ചേരേണ്ടി വന്നു കൂട്ടു കിട്ടാന്‍. എല്ലാവരില്‍ നിന്നും അകന്നിരിക്കുന്ന എന്റെ അടുത്തു വന്നു സംസാരിക്കാനും മനസ്സു തുറക്കാനും ഏട്ടനെ ഉണ്ടായിരുന്നുളളൂ. വേനലവധിക്കു കൂട്ടുകുടുംബവും പിന്നീട് അണുകുടുംബവുമായുളള ജീവിതമായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. വയലിലും തൊടിയിലും നടന്നും  ക്രിക്കറ്റു കളിച്ചും ചക്കയും മാങ്ങയും തിന്നും അവധി ഞങ്ങള്‍ ആഘോഷമാക്കി.

കൗമാരകാലത്ത് ഋതുമതിയായി തറവാട്ടിലെ നാലുകെട്ടിന്റെ അറയില്‍ വിശേഷാവസരങ്ങളില്‍ ആരും കാണാതെ ഒളിച്ചിരിക്കേണ്ടി വരുമ്പോള്‍ മനസ്സു തേങ്ങാറുണ്ട്. പുറത്തെ ആരവങ്ങളില്‍ ചെവിയോര്‍ത്തു ഞാന്‍ സ്വയം അവിടുത്തെ ആഘോഷങ്ങള്‍ക്കു മനസ്സില്‍ ഛായം പൂശും. ആ സമയത്ത് കൂട്ടായി ഏട്ടന്‍ വരാറുണ്ട്. തൊടാതെ അകലത്തിരുന്നു പുറത്തു നടക്കുന്ന സംഭവങ്ങള്‍ വിവരിക്കും. ഇരുളു നിറഞ്ഞ അറയ്ക്കപ്പുറമുളള ആ ലോകം ഞാന്‍ ഏട്ടനിലൂടെ കാണും.

ആ കൂട്ട് എങ്ങനെ തകര്‍ന്നുവെന്ന് എനിക്കിപ്പോഴും അറിയില്ല. പല തവണ ഞാന്‍ ശ്രമിച്ചെങ്കിലും ഏട്ടന്‍ ഫോണെടുക്കാറില്ല. എങ്കിലും നമ്പര്‍ ഡിലീറ്റ് ചെയ്യാനൊന്നും ഞാന്‍ മെനക്കെട്ടില്ല. എന്നെങ്കിലും വിളിച്ചാലോ! എന്നെ വേദനപ്പിക്കുന്ന ഈ സംഭവത്തെക്കുറിച്ചു ഓര്‍ക്കുന്നതു പോലും എന്റെ കൂടപ്പിറപ്പിന് ഇഷ്ടമല്ല. ഞാന്‍ എഴുതിയതു കണ്ടാല്‍ എന്നെ വിളിച്ചു അനിയന്‍ ചീത്ത വിളിക്കുമെന്നും ഉറപ്പാണ്.

എങ്കിലും മനസ്സ് വല്ലാതെ നോവും. ഒരിക്കല്‍ എന്റെ ചിന്തകള്‍ വായിച്ചറിഞ്ഞിരുന്ന ഏട്ടന്റെ  നോട്ടങ്ങളില്‍ ഇന്നു നിസ്സംഗത മാത്രമേ നിഴലിക്കുന്നുളളൂ. ഒരിക്കല്‍ ഒന്നിച്ച് ഓടിക്കളിച്ചിരുന്ന തറവാട്ടുമുറ്റത്ത് ഇപ്പോള്‍ അപരിചിതരെപ്പോലെ ഞങ്ങള്‍ അവധിക്കു ഒത്തുകൂടുന്നു. നാലുകെട്ടിലെ മഴ മാത്രം ഞങ്ങള്‍ക്കിടയില്‍ വല്ലപ്പോഴും ശബ്ദിക്കും.